MediaAppUSA

ആരാണ്‌ നല്ല വൈദ്യുതി മന്ത്രി?- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 18 October, 2013
ആരാണ്‌ നല്ല വൈദ്യുതി മന്ത്രി?- ജോസ് കാടാപുറം
ഇന്ത്യ പ്രസ്സ്‌ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ ഉല്‍ഘാടകനായ മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബുപോള്‍ പറയുകയുണ്ടായി കേരളത്തിലെ ഏറ്റവും നല്ല വൈദ്യുതി മന്ത്രി പിണറായി വിജയനാണെന്ന്. ഈ കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയത്തില്‍ ചില വെളിപ്പെടുത്തലുകള്‍ ഈ പ്രസ്ഥാവനയ്ക്ക് പിന്തുണയേകി വന്നു. വെളിപ്പെടുത്തലുകള്‍ നടത്തിയത് യു.ഡി.എഫ് മന്ത്രി സഭയിലെ ശക്തനായ ചീഫ് വിപ്പ് പി.സി. ജോര്‍ജായിരുന്നു.

 മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയ്ക്ക് ഏറ്റവും നല്ല പിന്തുണ നല്‍കിയ ഘടകകക്ഷി നേതാവാണ് പിസി ജോര്‍ജ്. മന്ത്രിസഭയ്ക്ക് കിണറിന്റെ വക്കത്തിരുന്ന അവസ്ഥയില്‍ നിന്ന് കിണറിന് കുറുകെ ഒരു പാലം തീര്‍ത്തുകൊടുത്തത് പി.സി.ജോര്‍ജ് മാത്രമായിരുന്നു. തുടക്കത്തില്‍ മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസവും ജോര്‍ജിനെയായിരുന്നു. ഇങ്ങനെയുള്ള പിസിജോര്‍ജ്ജാണ് പറഞ്ഞത് പിണറായി വിജയനാണ് കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി എന്ന്. മാത്രമല്ല ഇപ്പോഴത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് രണ്ടര വര്‍ഷമായി ഒന്നും ചെയ്തിട്ടില്ലയെന്നും.

 വൈദ്യുതിയുടെ കാര്യം കേരളം കഴിവുള്ളവരെ ഏല്‍പ്പിക്കേണ്ടതാണെന്നതു   തര്‍ക്കമറ്റകാര്യമാണ്. നിര്‍ഭാഗ്യവശാല്‍ വൈദ്യുതി പോയിട്ട് ഏതെങ്കിലും വകുപ്പ് ഇപ്പോഴത്തെ മന്ത്രിസഭ കാര്യപ്രസക്തമായി കൈകാര്യം ചെയ്തതായി ആരും പറഞ്ഞിട്ടില്ല. ആ കാരണം കൊണ്ട് തന്നെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്, 100 രൂപ കിട്ടിയാല്‍ 80 രൂപയും സ്വന്തം പോക്കറ്റിലിടുന്നവരാണ്  കോണ്‍ഗ്രസ്‌കാരെന്ന് ചങ്കൂറ്റത്തോടെ കോണ്‍ഗ്രസ്സിന്റെ തറവാട്ടില്‍ ചെന്നിട്ട് പി.സി.ജോര്‍ജ് പറഞ്ഞു. പ്രതിരോധമന്ത്രി ഏ.കെ. ആന്റണി കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ വ്യവസായമന്ത്രി ഇളമരം കരീമിനെ പുകഴ്ത്തിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ എവിടെയായിരുന്നുയെന്നും ജോര്‍ജ്ജ് ചോദിച്ചു.

ജോര്‍ജ്ജ് പറഞ്ഞവ ..സോളാര്‍ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിക്ക് മാന്യമായ സ്ഥാനം നല്‍കി രാജിവെയ്ക്കാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെ ഉത്തരവാദിത്വം കാണിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഇക്കാര്യം പറഞ്ഞ് സോണിയാഗാന്ധിയ്ക്ക് കത്തും അയച്ചു, ഉമ്മന്‍ചാണ്ടിയോളം ഗ്രൂപ്പു കളി അസ്ഥിക്കു പിടിച്ച മറ്റൊരു നേതാവ് കേരളത്തിലില്ല, ഗണേശിനേ മന്ത്രിയാക്കിയാല്‍ അതിന്റെ വരും വരായ്കകള്‍ ഉമ്മന്‍ചാണ്ടി തന്നെ അനുഭവിയ്‌ക്കേണ്ടി വരും, ഏത് അണ്ടനും, അടകോടനും വരെ കിട്ടുന്ന സ്ഥാനമാണു കെ.പി.സി. എക്‌സിക്യൂട്ടീവ് അംഗത്വം,
കെ.ബി. ഗണേശ് കുമാര്‍ അപഥസഞ്ചാരി, ഗണേശിനെ മന്ത്രിയാക്കുന്നത് ധാര്‍മ്മികയ്ക്ക് നിരക്കുന്നതല്ല, സര്‍ക്കാര്‍ തിരുവഞ്ചൂരിന്റെ കുടുംബ സ്വത്തല്ല, ആന്റണി തിരിച്ചു വന്നാല്‍ ഇപ്പോഴത്തെ അഴിമിതി കച്ചവടം നടക്കില്ല.

ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ജോര്‍ജ് പറഞ്ഞു എനിക്കെതിരെ നടപടിയെത്താലും പറയാനുള്ള സത്യങ്ങള്‍ താന്‍ പറയുമെന്ന്. ഇതിനൊക്കെ കോണ്‍ഗ്രസ്സിന് മറുപടിയില്ല, മുഖ്യമന്ത്രിക്ക് ഒട്ടും മറുപടിയില്ല, അയോഗ്യര്‍ നയിക്കുന്ന മന്ത്രിസഭയാണ് ഉമ്മന്‍ചാണ്ടിയുടേത് എന്ന് ആവര്‍ത്തിക്കുന്ന ജോര്‍ജിനെ തുടരാന്‍ അനുവദിക്കുന്നത് എന്തുകൊണ്ട് എന്ന് സമാന്യം ജനം ചിന്തിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഇവിടെയാണ് മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിയുന്നത്. പാമോലിന്‍ കേസില്‍ കുടുക്കുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ച ജോര്‍ജിനെ ഉമ്മന്‍ ചാണ്ടി മറന്നിട്ടില്ല, ആ ജോര്‍ജാണ് അതേ ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി രാജിവെച്ച് അന്തസ്സ് കാണിക്കാന്‍ പറയുന്നത്. ജോര്‍ജ് ആപത്ത് കാലത്ത് ഉമ്മന്‍ചാണ്ടിയെ സഹായിച്ചു. ഇവിടെയാണ് സാമാന്യജനം ഒരു കാര്യം മനസ്സിലാക്കിയത്. അവിഹിതമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും അഴിമതി കാട്ടുന്നവര്‍ക്ക് ഉപജാപം തൊഴിലാക്കിയവര്‍ക്കും അന്തസ്സ് കെട്ട സകലര്‍ക്കും ഉള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ.

ചുരുക്കത്തില്‍ തെറ്റായ കാര്യങ്ങള്‍ക്ക് പരസഹായം കിട്ടും, ആ സഹായം പിന്നീട് നമ്മുക്ക് പാരയായി വരികയും ചെയ്യും. അപവാദം പ്രചരിപ്പിച്ച് നമ്മുക്ക് ആരേയും തകര്‍ക്കാം പക്ഷേ പിന്നീട് ഇതേ ആയുധം പ്രയോഗിച്ചവര്‍ക്കു നേരെ തിരിയും ഇതാണ് ഉമ്മന്‍ചാണ്ടിക്കുള്ള പാഠം. ടെന്നി ജോപ്പനും, സരിതാ നായരും, ബിജുരാധാകൃഷ്ണനും, സലീംരാജനും അവസാനം ഫിറോസ് എന്ന സ്വര്‍ണ്ണകള്ളകടത്തുകാരനും ഒക്കെ ഇതിനേക്കാള്‍ ശക്തമായി  ഉമ്മന്‍ചാണ്ടിയെ ആക്രമിക്കും, ഒരു പ്രതികരണവും അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല. കാരണം ഇവരുടെയൊക്കെ വേണ്ടാതിനങ്ങള്‍ക്ക് കൂട്ടുനിന്നതിന്റെ കറ  മായ്ച്ചുകളയാന്‍ കഴിയില്ല. വേണ്ടാതിനങ്ങള്‍ക്ക് കൂടെ നിവര്‍ത്തിയവരെ ഏക്കാലവും ഭയപ്പെടേണ്ടി വരും. ഈ പാഠമാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. 100ല്‍ 80 ഉം പോക്കറ്റിലിടുന്നവരില്‍ നിന്നും ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.


ആരാണ്‌ നല്ല വൈദ്യുതി മന്ത്രി?- ജോസ് കാടാപുറം
Jack Daniel 2013-10-18 15:15:41
The good Electricity minister is dead Electricity minister,  He has to prove that the electricity is working by getting electrocuted 
CHARUMMOOD JOSE 2013-10-19 06:28:38
none of them are good. Kerala has enough resources to feed all the needs of keralites and all the industries, but most of the electricity produced is wasted  through bad distribution system. government agencies and all the ministers are the big time electricity wasters. Need to piunish all of them.
PINARAY MADE MILLIONS IN LAVLIN DEAL
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക