Image

പുസ്തകം: മായാപുരത്തിലെ മായക്കാഴ്ച്ചകള്‍ (ശ്രീപാര്‍വതി)

Published on 21 October, 2013
പുസ്തകം: മായാപുരത്തിലെ മായക്കാഴ്ച്ചകള്‍ (ശ്രീപാര്‍വതി)
പി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ എഴുത്ത്‌ശൈലി അദ്ദേഹത്തെ വായിച്ചു തുടങ്ങിയപ്പോള്‍ ഒട്ടും പരിചിതമായിരുന്നില്ല. വായനയിലെ എന്റെ കുറവുകളെ ഞാനംഗീകരിക്കുന്നു. എങ്കിലും ഒരു പുസ്തകത്തിന്റെ വായനയിലേയ്ക്കു കടക്കുമ്പോള്‍ ആദ്യമുണ്ടായിരുന്ന അമ്പരപ്പ് വിട്ടൊഴിയുകയും അവിടെ ഒരു സമരസാവസ്ഥ കൈവരികയും ചെയ്യുന്നത് ഒരു ആനന്ദമാണ്. അതേ അവസ്ഥയില്‍ എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്ര' വായിക്കപ്പെട്ടപ്പോള്‍ ആ ആനന്ദം ഞാനറിഞ്ഞതാണ്. അതേ അത്യാനന്ദം തരാന്‍ കഴിവുള്ള പുസ്തകങ്ങള്‍ മാത്രമേ എനിക്കു വായിക്കാനുമാകൂ. മാജിക്കല്‍ റിയലിസത്തിന്റെ ആഴങ്ങളേയ്ക്ക് വായനകകരനെ വലിച്ചെറിഞ്ഞ 'പാണ്ടവപുരത്തിലൂടെ അത് മെല്ലെ നടന്നു നീങ്ങുകയാണ്. ഇന്നിപ്പോള്‍ പി സുരേന്ദ്രന്റെ 'മായാപുരാണം' എന്ന നോവല്‍ വായിച്ചു നിര്‍ത്തുമ്പോള്‍ അതേ മാജിക്കല്‍ റിയലിസത്തില്‍ ഞാന്‍ വീണ്ടും തട്ടി വീഴുന്നു. മനപ്പൂര്‍വ്വം ഇതൊക്കെ തേടി വരുന്ന പോലെ.

ഒരു മാന്ത്രിക ലോകമാണ്, മായാപുരം. സ്‌നേഹലത എന്ന പെണ്‍കുട്ടിയുടെ വിഹ്വലതകളില്‍ ഒരശ്വാസവാക്കു കൊണ്ട് അവളെ ആശ്വസിപ്പിക്കാനാവുന്നതിലുമധികം മായാപുരം അവളെ ശാന്തയാക്കി. ഒരു തരം രൂപാന്തരണത്തില്‍ സ്‌നേഹലത ഏര്‍പ്പെടുമ്പോള്‍ മായാപുരം എന്ന മാജിക്കല്‍ റിയല്‍ ലോകം അവളിലേയ്ക്ക് ഇറങ്ങി ചെല്ലുന്നുണ്ട്.

സോഷ്യലിസം ഏതൊരു തിളയ്ക്കുന്ന യൌവ്വന മനസ്സിനെ എന്ന പോലെ സ്‌നേഹലതയിലും എന്നോ വേരൂന്നിയിരുന്നു. അതുകൊണ്ടാകണം അവള്‍ക്ക് വേശ്യാത്തെരുവിലും ചന്തക്കുട്ടികള്‍ക്കിടയിലും അവള്‍ സ്വയം തിരയനിറങ്ങിയത്. പക്ഷേ ഒരു പ്രത്യേക സമൂഹത്തിന്റെ ജീവിതലോകം എന്നത് സങ്കുചിതമായ ഒരു അവസ്ഥയാണെന്ന് ആ യാത്രയിലെങ്ങോ അവള്‍ തിരിച്ചറിയുന്നുണ്ട്. അതേ വഴിയില്‍ വച്ചു തന്നെ കണ്ടുമുട്ടുന്ന ശിവന്‍ അവളുടെ പുനര്‍ജ്ജന്‍മമായിരുന്നു. അലക്കിത്തേച്ച പരുത്തി സാരിയ്ക്കു പകരം ശിവന്റെ ബൈക്കിന്റെ വേഗതയ്‌ക്കൊപ്പം അവന്റെ മനസ്സിലേയ്ക്കും പിന്നീട് ശരീരത്തിലേയ്ക്കും പടര്‍ന്നു കയറുമ്പോള്‍ അവള്‍ മനസ്സിലാക്കി, കണ്ടു മടുത്ത ഫ്‌ലാറ്റിന്റെ നാലു ചുവരുകള്‍ പണ്ടു കണ്ട മനസ്സുകള്‍ പോലെ എത്ര ഇടുങ്ങിയതാണെന്ന്. വിശാലമായ ആകാശത്തിന്റെ കീഴില്‍ അവര്‍ ബന്ധനങ്ങളില്ലാതെ ബന്ധങ്ങളുണ്ടാക്കി.

ബന്ധങ്ങളുടെ ഇടയിലുള്ള ചില മുളകള്‍ക്ക് ഒരു ചെറു കാറ്റിനെ പ്രതിരോധിക്കാനായില്ലെന്നു വരാം. ആയുസ്സൊടുങ്ങാതെ അത് പിടഞ്ഞു തീര്‍ന്നെന്നും വരാം. വേഗതയുടെ തീവ്രതയില്‍ കടന്നു വരാനൊരുങ്ങിയ വളര്‍ച്ചയെ അതിന്റെ ആദ്യ മാസങ്ങളില്‍ തന്നെ സ്‌നേഹലതയും ശിവനും ആശുപത്രിയുടെ ഇരുണ്ട വന്യതയ്ക്കുള്ളില്‍ ഒഴുക്കി കളഞ്ഞു. അതോടെ സ്‌നേഹലതയെ അനിവാര്യമായ ഒരു ഒഴുക്ക് തളര്‍ത്തിക്കളഞ്ഞു. ശിവന്റെ ബൈക്കിന്റെ വേഗതയില്‍ അവളുടെ മനസ്സെത്താതെയായി. ശരീരം തളരാനും വിറയ്ക്കാനും തുടങ്ങി..
അവള്‍ സ്വയം ഒരു അമ്മയായി പരിണമിക്കുകയായിരുന്നു. അടുത്ത രൂപാനതരീകരണത്തിന്റെ നേരങ്ങളിലെപ്പൊഴോ അവളറിഞ്ഞു പിന്നെയും പൊട്ടി വിരിഞ്ഞ ജീവന്റെ മുളയെ കുറിച്ച്. നശിക്കപ്പെട്ടത്തിന്റെ ശാപമാകാം വളര്‍ച്ചയെത്താതെ പിന്നീടങ്ങോട്ട് സ്‌നേഹലത മാതൃത്വത്തെ ആശിച്ചു കൊണ്ടേയിരുന്നു. പിറവിയെടുക്കുന്നവ ഒരു ചോരക്കറയവശേഷിപ്പിച്ച് മാഞ്ഞുകൊണ്ടുമിരുന്നു.

മടുപ്പിന്റെ വല്ലാത്ത നേരത്താണ്, അവര്‍ ശിവനും സ്‌നേഹലതയും മായാപുരത്തിന്റെ നിഗൂഡതയിലേയ്ക്ക് കാലുകുത്തുന്നത്. ജീവിതത്തിലെ മറ്റൊരു രൂപാന്തരീകരണം. നിറയെ മരങ്ങളും പരുത്തിച്ചെടിയും വിളവുമുള്ള ഗ്രാമത്തില്‍ തങ്ങളാഗ്രഹിക്കുന്ന ജൈവവിത്ത് മുളയ്ക്കുമെന്ന് സ്‌നേഹലതയ്ക്കുള്ളിലിരുന്ന് ആരോ പറഞ്ഞു. അതു സത്യവുമായി. നശിക്കപ്പെട്ട സംസ്‌കാരത്തിന്റെ ഉറവിടങ്ങളില്‍ നിന്ന് പുതിയൊരു ആത്മാവിനേയും ഉദരത്തില്‍ പേറി അവള്‍ മായാപുരത്തുകാരിയായി. കളങ്കമില്ലാത്ത മായാപുരത്തുകാരെ നവീകരണത്തിന്റെ ആശയങ്ങളില്‍ വിട്ടു കൊടുക്കാതെ ഉദ്യോഗസ്ഥനായ ശിവന്‍ ജോലി വിട്ടൊഴിയുന്നിടത്ത് അവസാനിക്കുന്നു കമ്പോളവത്കരിക്കപ്പെട്ട ഒരു മനസ്സിന്റെ അന്ത്യം. അവര്‍ മായാപുരത്തുകാരായി മാറിയിക്കുന്ന നേരത്താണ്, അടുത്ത രൂപാന്തരീകരണം. പഴയ സോഷ്യലിസത്തിന്റെ മണിമുത്തുകള്‍ ഉള്ളിലെ ജൈവ വിത്തിനൊപ്പം വളര്‍ത്താന്‍ സ്‌നേഹലതയ്ക്ക് കഴിയും. സ്‌നേഹം മാത്രം നിറഞ്ഞ വിശാല ഹൃദയമുള്ള മായാപുരത്തുകാരുടെ ഭൈരവ മൂര്‍ത്തിയെ അവള്‍ ആവാഹിച്ചു കഴിഞ്ഞു. മായാപുരത്തിന്റെ എന്നത്തേയും സത്യമായ മായാമരം സ്‌നേഹലതയുടെ മുന്നില്‍ പന്തലിച്ചു നിന്നു. നിറയെ അവളുടെ ആഗ്രഹം പോലെ കുഞ്ഞുങ്ങള്‍ തൂങ്ങിയാടുന്ന ഒറ്റമരം.

മായാപുരാണം ഒരു സഞ്ചാരമാണ്. വ്യത്യസ്തമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരു പെണ്ണിന്റെ അവളുടെ പ്രിയപ്പെട്ടവന്റെ കഥയാണ്. സമകാലീനലോകത്തിന്റെ വേഗതയുടേയും കമ്പോളവത്കരണത്തിന്റേയും തീരങ്ങളിലൂടെ അവര്‍ ഒരിക്കല്‍ യാത്ര ചെയ്തിരുന്നു. പിന്നീടെപ്പോഴോ വൈകി കയറിയ ഒരു ബോദ്ധ്യം , ഒരു മടക്ക യാത്ര മായാപുരത്തിന്റെ കൃഷിയിടങ്ങളിലേയ്ക്ക് നിഷകളങ്കനായ മായാപുരത്തുകാരന്നായി ശിവന്‍ പരിണമിക്കുമ്പോള്‍ മാതൃത്വത്തിന്റെ തുടിപ്പിനെ ആ നിഷ്‌കളങ്കതയോട് ചേര്‍ത്തു വച്ച് സ്‌നേഹലത ആ മായാ ലോകത്തിന്റെ കുടുംബിനിയായി.
മാജിക്കല്‍ റിയലിസത്തിന്റെ അനുഭവതലത്തിലൂടെഉള്ള സഞ്ചാരത്തില്‍ സ്‌നേഹലതയും ശിവനും വായനക്കാരന്റെ ബോധ തലത്തിലല്ല, അതും കടന്ന് അതീന്ദ്രിയ തലത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നു. ചില ഓര്‍മ്മപ്പെടുത്തലുകളുമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക