Image

മഴ കനക്കുന്നു -6 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 29 October, 2013
മഴ കനക്കുന്നു -6 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
16. നിങ്ങള്‍ക്ക് ഒരാനയെ വേണം
പുഞ്ചിരിക്കുവാന്‍
നിങ്ങള്‍ക്ക് ഒരാനയെ വേണം
ഈ നിര്‍ദ്ദേശം
ഒരു ശോകരാജ്യത്തിനുള്ളത്.
അതിന്റെ
ഭാഗ്യരേഖകള്‍ മുറിഞ്ഞുപോയി.
അവ കളങ്കിതം.
ശോകത്തിന്റെ
അനേകം കാരണങ്ങള്‍
വിശകലനങ്ങളില്‍
വിനഷ്ടമായി.
ഈ നീണ്ടുപോകുന്ന വനഭൂമികളില്‍
ആനകളുടെ ദൂരക്കാഴ്ചപോലും പ്രയാസം.
അവ
ശബ്ദമുണ്ടാക്കാതെ,
ഉള്‍വലിഞ്ഞ്
നിരാശരായി
മലയിടുക്കുകളിലൂടെ നടക്കുകയാവാം.
പക്ഷേ,
മിന്നാമിനുങ്ങുകള്‍ എഴുന്നു നില്‍ക്കുന്ന,
ചീവീടുകളുടെ  ചിലയ്ക്കല്‍ നിറഞ്ഞ
പാതിരയുടെ പെരുമ്പറകള്‍
നിങ്ങളെ ക്ഷണിക്കുകയാണ്:
ക്ഷേത്രങ്ങളുടെയും
തൂങ്ങിക്കിടക്കുന്ന നെയ്വിളക്കുകളുടെയും
ശുദ്ധീകരണത്തില്‍
നിങ്ങളുടെ പുഞ്ചിരി പരിശോധിക്കാന്‍.
കാരണം,
ഇത് കൊമ്പനാനകളുടെ ഋതുവാണ്;
ശോകനിരാസത്തിന്റെയും.

17. രണ്ടു മുഖം
അയാളൊരു ചെറിയ മനുഷ്യനാണ്.
കഷണ്ടി  കേറിയിട്ടുണ്ട്.
ഒരയഞ്ഞ കുപ്പായവും
കറുത്ത പാന്റ്‌സും.
വേണ്ട മീന്‍
ഞാന്‍ തെരഞ്ഞെടുത്തിരുന്നു.
അയാള്‍ പക്ഷേ,
പുതുതായി വന്നെത്തിയവ നോക്കിയെടുത്തു-
ഐസിന്റെ പൊതിച്ചിലുമായി
കച്ചിലെ കടലിടുക്കില്‍ നിന്ന് അവയെത്തി.
പിന്നെയത് വെടിപ്പാക്കിത്തുടങ്ങി.
കത്തിയുടെ ചുറുചുറുക്ക് സൂക്ഷ്മം.
എവിടെ വീഴണം എന്നത്
കത്തിക്ക് കിറുകൃത്യം.
പിന്നെ ഐസിട്ട ഉറയില്‍
മനോഹരമായ നാടകൊണ്ട് കെട്ടിയപൊതി.
എന്റെ വീട്ടിലേയ്ക്കുള്ള കാര്‍യാത്രയ്ക്ക് പാകം.
കൈ രണ്ടും കഴുകി
ബലം കുറഞ്ഞ മേശയ്ക്ക് മുമ്പിലിരുന്ന്
ഉച്ചമയക്കത്തെ വകഞ്ഞുമാറ്റി ബില്ലെഴുത്ത്.
സഹപ്രവര്‍ത്തകര്‍ സമീപം കിടന്ന് ഉറങ്ങുകയാണ്.
മീന്‍ മുറിച്ച അത്രയും വെടിപ്പില്‍ ബില്ലെഴുത്ത്.
എനിക്ക് നിരൂപിക്കാം:
-അയാള്‍ അനുയോജ്യമായ
കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ആയിത്തീര്‍ന്നത്.
തവിട്ടു നിറമുള്ള സൂട്ട്
തോലിന്റെ മിനിത്ത ഷൂസ്
കൈത്തണ്ടയില്‍ വിലയേറിയ വാച്ച്
അലസഭാവത്തോടെ ഭാര്യ
ഭംഗിയുള്ള കാറ്
രണ്ടു മക്കള്‍
വയലിനും പിയാനോവും പഠിക്കുന്നു.
ഒരു പക്ഷേ,
സിനിമകളില്‍ കാണും വിധം
ഒന്നിടവിട്ട നാളുകളില്‍
അയാള്‍ ഇങ്ങനെയാവാം;
മറ്റു നാളുകളില്‍
അയാള്‍ ഇങ്ങനെയാവാം;
മറ്റു നാളുകളില്‍
അയാള്‍ ഇങ്ങനെയാവാം;
മറ്റു നാളുകളില്‍
അയാള്‍ ഇങ്ങനെയാവാം;
മറ്റു നാളുകളില്‍
മത്സ്യഗന്ധവും രക്തവും കുതിര്‍ന്നു കിടക്കുന്ന
ഈ അന്തരീക്ഷത്തിലേയ്ക്ക്
 തിരിയുന്നു-
അത് അയാളെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നുണ്ടാവാം.

18 കെ.ഡി.

തികഞ്ഞ നിശ്ചലത
സംരക്ഷത്തിന്റെ
ഒരു വലയം സൃഷ്ടിക്കുന്നു.
അയാളില്‍ നിന്ന്
പ്രകാശവര്‍ഷങ്ങള്‍ അകലെ
പ്രക്ഷുബ്ധതയ്ക്കകത്ത്
അയാളുടെ കണ്ണുകള്‍ക്ക് ചുറ്റും
കരിഞ്ചുവപ്പ് നിറം
മഷി പോലെ പടരുന്നു.
വേദയ്ക്ക് നാവ് പറിഞ്ഞുപോയതുപോലെ
അയാളുടെ വായ് നുരയ്ക്കുകയും
അയാള്‍ തുപ്പുകയും ചെയ്യുന്നു.
പിന്നെ,
മങ്ങിയ ചുവരിന്മേല്‍
അയാള്‍ കോറിയിട്ട
മൃഗങ്ങളുടെ അവയവങ്ങള്‍
അയാളുടെ സ്‌ക്കൂള്‍ കാലത്തുനിന്ന്
കറുത്തൊരു കുട
-അമ്മ ശ്രദ്ധാപൂര്‍വ്വം തുന്നിപ്പിടിപ്പിച്ച
കെ.ഡി.
എന്നീ അക്ഷരങ്ങള്‍
മങ്ങിത്തുടങ്ങിയിട്ടുണ്ട്.
അതവന്റെ ഇനീഷ്യല്‍ തന്നെയായിരുന്നു.
പക്ഷെ, തങ്ങള്‍ എന്താണ് ചെയ്യേണ്ടത്
എന്നറിയുമായിരുന്ന കുട്ടികളെല്ലാം ആര്‍ത്തു:
'കേഡി, കേഡി'
ആ വിളി അവന്റെ
ലോലചര്‍മ്മത്തില്‍ തേളിനെ പച്ച കുത്തി.
ചുവന്ന അതിരുകളുള്ള കണ്ണുകള്‍ വട്ടം ചുറ്റി
നഖങ്ങള്‍ പെരുപെരുത്തു
ഒരാളുടെ ശരീരത്തില്‍
ശിശുവിന്റെ മനസ് പ്രവര്‍ത്തിക്കും പോല്‍
സുദീര്‍ഘകാലത്തെ സ്മരണകളോടെ
അയാള്‍ക്ക് ശരിക്കും അയവിറക്കാന്‍ കഴിയും
'1964 ല്‍ നിന്ന്' എന്ന സിനിമ
താന്‍ എങ്ങനെ ആസ്വദിച്ചു എന്ന്-
അതിന് രണ്ട് ഇടവേളകളുണ്ടായിരുന്നു
അവസാനത്തെ ഉറുപ്പികയും കൊടുത്ത്
അയാള്‍ രണ്ട് റെയിന്‍ബോ ഐസ്‌ക്രീമുകള്‍ വാങ്ങി.

19. പൗരന്‍
ധരിച്ചിരുന്ന രോമക്കുപ്പായത്തില്‍
ഹൃദയത്തിനു തൊട്ടുമുകളില്‍ വരുന്ന ഭാഗത്ത്
ഓട്ടയുണ്ടാക്കിയത് അയാള്‍ തന്നെയാണ്.
ഏതു നേരത്തും വന്നെത്തിയേക്കാവുന്ന
മരണം.
അപ്പോള്‍ രോമക്കുപ്പായത്തിന് മേലെയുള്ള
അവസാനിക്കാത്ത തിരുമ്മല്‍
ഹൃദയമിടിപ്പ് നിലനിര്‍ത്തുമെന്ന്
പ്രത്യാശ.
മക്കള്‍
അയാളുടെ  അരക്കിറുക്കുകളെ
പലമട്ടിലാണ് പങ്കിട്ടുപോന്നത്-
ചില നേരങ്ങളില്‍ ഭ്രാന്തായും
ചില നേരങ്ങളില്‍ ധിക്കാരമായും
നാട്ടുനടപ്പ് ലംഘിച്ചുകൊണ്ട്
സ്വന്തം വീടിന് കല്ലെറിഞ്ഞ്
അവര്‍ കലാപങ്ങളില്‍ യുക്തിക്ക് അപ്പുറം ചെന്നു.
അവര്‍ക്ക്
അച്ഛന്റെ സ്വകാര്യങ്ങളെപ്പറ്റി അറിയാമായിരുന്നു.

മഴ കനക്കുന്നു -6 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
മഴ കനക്കുന്നു -6 (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക