Malabar Gold

കവിതയും താളവും (ജേക്കബ്‌ തോമസ്‌)

Published on 06 November, 2013
കവിതയും താളവും (ജേക്കബ്‌ തോമസ്‌)
താളം മനുഷ്യനോടൊപ്പം എന്നുമുണ്ടായിരുന്നു, മനുഷ്യനു മുന്‍പേ ഉണ്ടായിരുന്നു. ആദിമ മനുഷ്യന്‍ തന്റെ ചുറ്റും കണ്ടത്‌ ജീവന്റെ റിതം അഥവാ താളമല്ലേ? സ്വന്തം ഹൃദയമിടിപ്പ്‌, ശ്വാസോച്ഛാസം, നടപ്പിന്റെയും ഓട്ടത്തിന്റെയും താളം, മനുഷ്യന്റെ ഓട്ടത്തിനേക്കാളും താളാത്മകമായ നാല്‍കാലികളുടെ കുളമ്പടിയുടെ താളം, കിളികളുടെ കളകൂജനത്തിന്റെ താളം, ഉപ്പന്‍ എന്ന പക്ഷിയുടെ `ചക്കക്കുപ്പുണ്ടോ, തെക്കോട്ടെപ്പപ്പോം' എന്ന ശബ്ദത്തിന്റെ താളം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഋതുക്കള്‍, എന്നുവേണ്ട സര്‍വവും താളമയം.

സംഗീതത്തിലെ സപ്‌തസ്വരങ്ങളും ഓക്ടേവും ചെവിയുടെ ആന്തരിക ഘടനയോട്‌ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ പറയുന്നതുപോലെ മനുഷ്യന്റെ താളബോധം തലച്ചോറിന്റെ ഘടനയോട്‌ ബന്ധപ്പെട്ടിരിക്കുന്നെന്ന്‌ അഭിപ്രായമുണ്ട്‌. അതുകൊണ്ടായിരിക്കണമല്ലോ വാമൊഴിയായി വിജ്ഞാനം പകര്‍ത്താനും തലമുറകളിലൂടെ തലച്ചോറില്‍ നിലനിര്‍ത്താനുമുള്ള ഉപാധി പദ്യമാണെന്ന്‌ എത്രയോ നൂറ്റാണ്ട്‌ മുന്‍പേ കണ്ടുപിടിച്ചത്‌. വേദങ്ങളും ഉപനിഷത്തുകളും ആയുര്‍വേദവും എന്നുവേണ്ട വിജ്ഞാനം രേഖീകരിച്ചതെല്ലാം പദ്യരൂപത്തിലായിരുന്നല്ലോ.

എന്റെ സുഹൃത്ത്‌ കവി ശ്രീധരനുണ്ണി ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. അദ്ദേഹത്തിന്‌ കോളേജില്‍ വച്ച്‌ മാതമാറ്റിക്‌സ്‌ ഫോര്‍മുലകള്‍ ഓര്‍ക്കുവാന്‍ വലിയ പ്രയാസമായിരുന്നു. അതുകൊണ്ട്‌ എ+ബി സ്‌ക്യെര്‍ഡ്‌ ന്റെ ഫോര്‍മുല ഓര്‍ക്കുവാന്‍ ഒരു ശ്ലോക്‌ം നിര്‍മ്മിച്ച കഥ. 'എ യോട്‌ ബി കൂട്ടി അതിനെത്തന്നെ ഗുണിക്കുകില്‍' എന്നോ മറ്റോ തുടങ്ങുന്ന ശ്ലോകം.

സംഗീതത്തിലും നൃത്തത്തിലും താളം ഒരു പ്രധാന ഘടകമാണ്‌. പ്രകൃതിയുടെ ഒരു പ്രത്യേകത താളാത്മകതയാണ്‌. ഒരു കൊച്ചു കുഞ്ഞ്‌ കരയുമ്പോള്‍ വാരിയെടുത്ത്‌ തോളില്‍ കിടത്തി താളത്തില്‍ കുഞ്ഞിന്റെ ചുമലില്‍ തട്ടിക്കൊടുക്കു. കുഞ്ഞിന്റെ കരച്ചില്‍ കുറുകി ഒരു പരിഭവമായി, പിന്നീട്‌ അതും അലിഞ്ഞ്‌ ഉറക്കമായി മാറുന്നതു കാണാം.

താളം ശാസ്‌ത്രവല്‍കരിച്ചപ്പോള്‍ എഴുത്തില്‍ വൃത്തവും സംഗീതത്തില്‍ താളക്രമങ്ങളും രൂപവല്‍കരിക്കപ്പെട്ടു. നാടോടിപ്പാട്ടുകള്‍, പുള്ളുവന്‍ പാട്ടുകള്‍, പാണന്‍ പാട്ടുകള്‍ മുതലായവയില്‍ വൃത്തമില്ല, പക്ഷെ താളമുണ്ട്‌, സാഹിത്യമുണ്ട്‌. വൃത്തം താളത്തിലെഴുതാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു.

താളം യൂണിവേഴ്‌സലാണെന്ന്‌ മുന്‍പ്‌ പറഞ്ഞതിന്റെ ഒരു ഉദാഹരണം പറയാം. ഇംഗ്ലീഷില്‍ ഏറ്റവും അറിയപ്പെടുന്ന `റ്റ്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന നേഴ്‌സറി റൈമും റോബര്‍ട്‌ ബ്ലേക്കിന്റെ `ടൈഗര്‍ ടൈഗര്‍ ബെറ്‌ണിങ്ങ്‌ ബ്രൈറ്റ്‌' എന്ന കവിതയും കേരളത്തിലെ `ഓരോ തുള്ളി ചോരക്കും പകരം ഞന്നള്‍ ചോദിക്കും' എന്ന മുദ്രാവാക്യവും എല്ലാം ഒരേ താളത്തിലാണ്‌.

വൃത്തത്തിന്റെ ഒരു ദോഷം ഉത്തമ കവിത എഴുതുവാന്‍ വിപുലമായ പദസമ്പത്തും ഭാഷാപ്രാവീണ്യവും വേണമെന്നുള്ളതാണ്‌. ഇല്ലെങ്കില്‍ വൃത്തമൊപ്പിക്കാന്‍ എഴുതുന്നത്‌ ചിലപ്പോല്‍ മുഴച്ചു നില്‍ക്കും. അതുകൊണ്ട്‌ ഉദാത്തമായ കവിതകള്‍ ചുരുക്കം കവികളില്‍ ഒതുങ്ങി നിന്നു. അവരുടെ കൃതികള്‍ ഇന്നും നിലനിക്കുന്നു.

പാശ്ചാത്യ സാഹിത്യത്തിന്റെ ചുവടുപിടിച്ച്‌ ആധുനികത മലയാളത്തില്‍ കൊടുംകാറ്റായി എത്തിയപ്പോള്‍ നിലവിലിരുന്ന സൌന്ദര്യശാസ്‌ത്രത്തെ തച്ചുടച്ച്‌ പുത്തന്‍ സ്വപ്‌നങ്ങളെയും ആശങ്കകളെയും കുറിച്ച്‌ വാചാലമായി. സച്ചിദാനന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ, കെ ജി ശങ്കരപ്പിള്ള, ഡി വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന തലമുറ താളാത്മകമായ ഗദ്യത്തിലൂടെ കാവ്യസംസ്‌കൃതി സൂക്ഷിക്കുന്നവരാണ്‌. ഇവരെല്ലാം ഉള്ളില്‍ കാല്‍പനികത സൂക്ഷിച്ച്‌ അകാല്‍പനികമായി എഴുതുന്നു. പാരമ്പര്യത്തിന്റെ ഊര്‍ജ പ്രവാഹ ബലത്തിലാണ്‌ ഇവര്‍ ആധിനികതയുടെ അടിക്കല്ല്‌ പാകിയത്‌. ഇവര്‍ വൃത്തത്തിന്റെ വേലികള്‍ തകര്‍ത്തു.

സച്ചിദാനന്ദന്റെ സത്യവാങ്‌മൂലം എന്ന കവിതയില്‍
തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോള്‍
ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു
എന്റെ വൃത്തം ഓടയില്‍ പെറ്റുവീണ കുഞ്ഞിന്റെ
നിലവിളിയുടെ വൃത്തമാണ്‌

എന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ടാകാം, പക്ഷെ, വൈലോപ്പിള്ളി മരിച്ചപ്പോള്‍ വൈലോപ്പിള്ളിയുടെ പ്രിയപ്പെട്ട വൃത്തത്തില്‍ സച്ചിദാനന്ദനെഴുതിയ `ഇവനെക്കൂടി' എന്ന വിലാപകാവ്യം കേകയില്‍ എഴുതപ്പെട്ട മികച്ച കവിതകളില്‍ ഒന്നാണ്‌. ഇവരുടെയൊക്കെ മിക്ക കവിതകളിലും നല്ല താളബോധം കാണാം. അയ്യപ്പന്‍ കവിതകളില്‍ ചിലപ്പോള്‍ അറിയാതെയാണ്‌ കേക കടന്നുവരുന്നത്‌.

വൃത്തത്തിന്റെ വേലി തകര്‍ന്നപ്പോള്‍ കവികളുടെ ഒരു ഇരച്ചുകയറ്റം തന്നെയുണ്ടായി. ഇന്ന്‌ കവിതയില്‍ പുതുകവികളുടെ പ്രളയമാണ്‌. `എനിക്ക്‌ പറയാനുള്ളതുകൊണ്ട്‌ ഞാന്‍ എഴുതുന്നു` എന്നായിരുന്നു പഴയ കവികളുടെ പ്രഖ്യാപനം. ``എനിക്ക്‌ കവിയാകണം, അതുകൊണ്ട്‌ ഞാന്‍ എഴുതുന്നു`` എന്നാണ്‌ പുതുകവികളുടെ വാദം. അവര്‍ക്ക്‌ ആശയങ്ങളുണ്ട്‌, കഷ്ടപ്പെട്ട്‌ പുതുലോകത്തുനിന്നും കണ്ടെടുത്ത ഇമേജസുണ്ട്‌, എന്തും പറയാനുള്ള തന്റേടമുണ്ട്‌, പക്ഷെ അവയില്‍ കവിത കുറവാണെന്നു മാത്രം. ആശയാധിഷ്‌ഠിതമായ വാചകക്കസര്‍ത്തുകളെക്കൊണ്ട്‌ സമ്പന്നമാവുകയാണ്‌ പുതുകവിത. ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ കൂടി പ്രസിധീകരണം എളുപ്പമാവുന്നു. ആര്‍ക്കും സ്വന്തം ഇലക്ട്രോണിക്‌ ബ്ലോഗുകള്‍ തുടങ്ങാം, എന്തും പ്രസിദ്ധീകരിക്കാം, തമ്മില്‍ പുറം ചൊറിഞ്ഞ്‌ എല്ലാവരും കവികളായി അവരോധിക്കപ്പെടുന്നു.

ഏതൊരു സാഹിത്യ സൃഷ്ടിയും വായനക്കാരണോട്‌ സംവേദിക്കുമ്പോളാണ്‌ ഉത്തമമാകുന്നത്‌. ആശയ സംവേദനത്തിനോടൊപ്പം മനുഷ്യനില്‍ അന്തര്‍ലീനമായ താളവുമായി സ്‌പന്ദിക്കുമ്പോഴാണ്‌ കവിത ഉദാത്തമാവുന്നത്‌, കവിത മനുഷ്യമനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌.

ആധുനികതയിലും പുതുകവിതകളിലും വൃത്തത്തിന്റെ വേലിക്കെട്ടില്‍ നില്‍ക്കാതെ താളത്തിനെ ഭംഗിയായി ഉപയോഗിക്കുന്ന ചില ഉദാഹരണങ്ങള്‍ പറയട്ടെ.

സഫലമീയാത്ര എന്ന കവിതയില്‍ എന്‍. എന്‍. കക്കാട്‌,
ആതിരവരുംനേരമൊരുമിച്ചുകൈകള്‍കോര്‍/ ത്തെതിരേല്‍!ക്കണം നമുക്കിക്കുറി!
എന്ന്‌ എതിരേല്‌പിന്റെ തായമ്പകത്താളത്തില്‍ പറയുന്നു,

ഇപ്പഴങ്കൂടൊരു ചുമയ്‌ക്കടിയിടറിവീഴാം/ വ്രണിതമാം കണ്‌ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്‌.

എന്നു പറയുംപ്പോള്‍ താളം മുറിഞ്ഞ്‌ ഒഴുക്കുനില്‍ക്കുന്നു. ദു:ഖവും സ്‌നേഹവും ഇടകലര്‍ന്ന വരികള്‍, വേര്‍തിരിക്കാനാവാത്തവിധം ഇണചേര്‍ന്ന്‌ പല താളത്തില്‍ ഒഴുകുകയാണ്‌.

വക്ത്രം എന്ന വൃത്തത്തെ താളപരമായ ഭാഷാസ്വാതന്ത്ര്യത്തോടെ പ്രയോജനപ്പെടുത്തുന്നതാണ്‌ അനിത തമ്പിയുടെ `വൃത്തി' എന്ന കവിത:

വിരല്‍ തട്ടി മറിഞ്ഞിട്ടും/ പരന്നൊഴുകാന്‍ വിടാതെ/ പഴന്തുണി നനച്ചാരോ/ തുടച്ചെടുക്കയാണെന്നെ.

അല്‌പസ്വല്‌പമാറ്റങ്ങളോടെ വൃത്തത്തിന്റെ താളം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

മോഹനകൃഷ്‌ണന്‍ കാലടിയുടെ പന്തു കായ്‌ക്കുന്ന മരം എന്ന കവിതയില്‍ പാനയുടെ താളമുണ്ട്‌.

കുന്നിടിച്ചുനിരത്തുന്ന യന്ത്രമേ,
മണ്ണു മാന്തിയൊഴിക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂവി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തു കായ്‌ക്കും മരമായ്‌ വളര്‍ത്തുവാന്‍.

കെ. ആര്‍. ടോണി, പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി തുടങ്ങിയവരുടെ ചില കവിതകള്‍ സംസ്‌കൃത വൃത്തങ്ങള്‍പോലും ഭദ്രമായും അയഞ്ഞും സന്ദര്‍ഭമനുസരിച്ച്‌ ഉപയോഗിക്കുന്നുണ്ട്‌ . പക്ഷെ താളബോധമുള്ള വായനക്കാര്‍ക്കേ അത്‌ തിരിച്ചറിയാനാവൂ.

അടുത്തകാലത്ത്‌ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു കവിതയാണ്‌ തോരാമഴ. വൈലോപ്പിള്ളിയുടെ മാമ്പഴം പോലെ മനോഹരമാണ്‌ റഫീക്‌ അഹമ്മദിന്റെ ഈ കവിത എന്ന്‌ പലരും അഭിപ്രായം പറയുകയുണ്ടായി. മഞ്ചരിയുടെ താളമാണ്‌ ഈ കവിതക്ക്‌. മാതൃഭൂമി, ഭാഷാപോഷിണി മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ താളമയമുള്ള കവിതകള്‍ കൂടുതല്‍ കണ്ടുവരുന്നത്‌ ആശക്ക്‌ വക നല്‍കുന്നു എന്ന്‌ പറയുന്നതില്‍ സന്തോഷമുണ്ട്‌.


ന്യൂയോര്‍ക്ക്‌ സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീ മധുസൂദനന്‍ നായര്‍ നടത്തിയ സാഹിത്യ ശില്‌പശാലയില്‍ അവതരിപ്പിച്ചത്‌.

കവിതയും താളവും (ജേക്കബ്‌ തോമസ്‌)
Dr.pramod irumbuzhi 2017-06-23 05:56:00
വളരെ ഉപകാരമായി
വിദ്യാധരൻ 2017-06-24 10:20:56
  ആധുനിക കവിതകൾ എന്റെ മനസ്സിൽ തങ്ങാറില്ല.  ഒരു പക്ഷെ ആശയം നല്ലതാണെങ്കിലും അത് ജീവിതത്തിലൊരിക്കെങ്കിലും എവിടെയെങ്കിലും പ്രയോഗിക്കാൻ വേണ്ടി ഉപയോഗിക്കാം എന്ന് വച്ചാൽ അത് മനസിലേക്ക് ഒരിക്കലും തെളിഞ്ഞു വരാറില്ല. എന്നാൽ താള വൃത്ത അലങ്കാരങ്ങൾകൊണ്ട് ഭൂഷിതമായ ഒരു കവിത അനായാസമായി മനസിലിലേക്ക് കടന്നു വരുന്നു.   
                രൂപം പ്രമാണിച്ച് സാഹിത്യത്തിന് പദ്യം എന്നും ഗദ്യം എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ട് .  അതിൽ പദ്യം വൃത്തനിബദ്ധമാണ് . പദ്യത്തിൽ അക്ഷരങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിക്ക് വൃത്തം എന്ന് പറയുന്നു വൃത്തനിബദ്ധമല്ലാത്തെതെല്ലാം പദ്യം എന്ന് പറയും ( ആധുനികത്തെ നപുംസക വൃത്തമെന്നു വേണെങ്കിൽ വിളിക്കാം ). അർദ്ധസമവൃത്തങ്ങൾ, മാത്രാ വൃത്തങ്ങൾ, ഭാഷാവൃത്തങ്ങൾ തുടങ്ങിയവ വൃത്തനിബിദ്ധമായ കവിതകൾ എഴുതാൻ താത്‌പര്യമുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്. 
                 ഉത്തമ കാവ്യങ്ങൾ വായിക്കുമ്പോൾ അവാച്യമായ ആഹ്ളാദം നമുക്ക് അനുഭവപ്പെടുന്നു. സഹൃദയന്റെ ഹൃദയത്തിന് ആഹ്ളാദം ജനിപ്പിക്കുന്നതിന് കാരണമായ കവിത ധർമമാണ് ചമത്കാരം . ഉത്തമ കാവ്യത്തിൽ നിന്നും ആഹ്ളാദം അനുഭവിക്കുന്നതിന് അനുകൂലമായ ബുദ്ധിയോടുകൂടിയവനാണ് സഹൃദയൻ. ആഹ്ളാദം രണ്ടു ഉപാധികളെ ആശ്രയിച്ചിരിക്കുന്നു .  
                  1      ആഹ്ളാദം ജനിപ്പിക്കാൻ കാവ്യത്തിനുള്ള കഴിവ് 
                  2      ആഹ്ളാദം അനുഭവിക്കാൻ അനുവാചകാനുള്ള കഴിവ് 

ആഹ്ളാദ കാരണമായ ചമത്ക്കാരം ജനിക്കുന്നത് കാവ്യത്തിലെ ശബ്ദാർത്ഥങ്ങളിൽ നിന്നാണ് . "ശാപദാര്ഥങ്ങളിൽ രണ്ടിലൊന്നിനെ ആശ്രയിച്ചിരിക്കുന്നതും വ്യംഗ്യഭിന്നവും ചമത്കാരകാരകവുമായ വസ്തുവാണ് അലങ്കാരം "
                ശബ്ദത്തോടും അർത്ഥത്തോടും അടിസ്ഥാനമാക്കി അലങ്കാരം രണ്ടുവിധം 
                   1     ശബ്ദഅലങ്കാരം 
                    2    അർത്ഥാലങ്കാരം 

കൂടുതൽ വിവരിക്കാതെ എല്ലാവർക്കും പരിചയമുള്ള ഒരലങ്കാരം ഇവിടെ കുറിക്കുന്നു. അതായത് ഉപമ. ഇതിനെ വ്യാകരണത്തിൽ സാമ്യോക്തിയലങ്കാരം എന്ന് വിളിക്കുന്നു .

"ഒന്നിനൊന്നോടു സാദൃശ്യം 
ചൊന്നാലുപമയാമത് "

'അഭിഷേകാർത്ഥമാം തീർത്ഥ-
ജലം പൊൻകലശങ്ങളിൽ 
നിരന്നു മിന്നി ചെന്തെങ്ങി-
ന്നിളനീർ നിരപോലവേ " 

വൃത്തതാള അലങ്കാരങ്ങൾ സ്‌മൃതിസഹായോപകരണങ്ങളാണ്.  അതുകൊണ്ട് കവികൾക്ക് തങ്ങളുടെ ആശയങ്ങളെ വളരെ വേഗത്തിൽ അനുവാചകനിലേക്ക് എത്തിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും അവസരം ഉണ്ടാക്കിക്കൊടുക്കുന്നു.  അതുവഴി അത് സാമൂഹ്യ പരിവർത്തനത്തിന് വഴിയൊരുക്കുന്നു. എന്നാൽ താളം തെറ്റി കവിതയെന്നു പറഞ്ഞു പടച്ചുവിടുന്ന കവിതകൾ പുതുമഴക്ക് പൊങ്ങുന്ന ഈയലുകളെപ്പോലെ അല്പം പൊങ്ങി താഴേക്ക് നിപതിക്കുന്നു.  

ലേഖന കർത്താവിന് ഇങ്ങനെയൊരു ലേഖനം തയ്യാറാക്കി അവതരിപ്പിച്ചതിന് ഹൃദയംഗമായ നന്ദി .

ഒരിക്കൽ കൂടി പലപ്രാവശ്യം ഇവിടെ എഴുതിയതെങ്കിലും വീണ്ടും ആവർത്തിക്കുന്നു 

'കോൽത്തേനോലേണമോരോ പദമതിനെ നറും-
             പാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചതിലുടനൊരല -
             ങ്കാരമുണ്ടായിവരേണം 
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി 
            തോന്നേണമെന്നിത്ര വന്നേ 
തീർത്തീടാവൂശിലോകം .....''

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക