MediaAppUSA

മഴ കനക്കുന്നു -9 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 19 November, 2013
മഴ കനക്കുന്നു -9 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
26.  കൈലാസം

ഒന്ന്
ആ രക്തച്ചൊരിച്ചിലിനുശേഷം
കുന്നും കുഴിയുമായിക്കിടന്ന പ്രദേശത്തിന്റെ
ശുഷ്‌ക്കമായ വെണ്മ
ജീവചൈതന്യത്തിന്റെ ഒരു വിറ കുത്തിവെയ്ക്കുന്നു.
എനിക്ക്
അവനവനെപ്പറ്റി നല്‍കാവുന്ന വിവരണങ്ങളൊന്നുമില്ല.
നാഡീവ്യൂഹത്തിന്റെ അറ്റത്തുളവാകുന്ന
തരിപ്പാണ് നേട്ടം.
കൈലാസത്തിലേയ്ക്കുള്ള പുറപ്പാട്-
മരനിരകള്‍ക്ക് മുകളിലൂടെ യാനം
പൂര്‍വമഹിമാവികാരം ഉണര്‍ത്തുന്നു
കാളിനദിയുടെ ഉത്ഭവം കുറിക്കുന്ന ഊറ്റിന്റെ
ആവാഹനത്തിന് അറ്റമില്ല.
ഒരു ചെറിയ പ്രയത്‌നം
മനസ്സിന്റെയും ശരീരത്തിന്റെയും
അപ്പുറത്തെത്താന്‍ നമ്മെ സഹായിക്കും.
ഹൃദയം ശരീരത്തില്‍ നിന്ന് പുറത്തുകടക്കാന്‍
വെമ്പുന്നു,
തുടങ്ങുക മാത്രം ചെയ്ത
ഒരു യാത്രയുടെ അംഗീകാരത്തോടെ.

രണ്ട്
പഴയ സഞ്ചാരകൃതികളിലെ
എല്ലാ ഹംസങ്ങള്‍ക്കും പകരമായി
ചുവന്ന കൊക്കുള്ള കറുത്ത പക്ഷികള്‍
വന്നെത്തിയിരിക്കുന്നു.
മാനസസരോവറിലെ ജലാശയങ്ങളില്‍
സ്വയം സമര്‍പ്പിതനായിക്കാണുന്ന
ഏകാകിയായ സ്വര്‍ണ്ണമത്സ്യം
സ്വര്‍ഗത്തിന്റെ സമ്മാനമായിരുന്നു.
ഡോര്‍ജിയുടെ ആവരണത്തില്‍ നിന്ന്
ഉപ്പും ചൂടും നേടാന്‍
ബ്രഹ്മാവിന്റെ മനസ്സില്‍ മാത്രം
ഉത്തരം തോന്നുന്ന പ്രാര്‍ത്ഥനകള്‍ക്കായി
മിന്നല്‍പിണരുകളെ കാത്തുസൂക്ഷിച്ചുകൊണ്ട്

മൂന്ന്
കൈലാസം
സ്ഫടികത്തിന്റെ തിളക്കമുള്ള
നിഗൂഢതകള്‍ ഞങ്ങളില്‍നിന്ന് ഒളിച്ചുപിടിച്ചു-
ഫോട്ടോകളില്‍
മികച്ച ദര്‍ശനം പ്രതീക്ഷിച്ചാണ്
ഞങ്ങള്‍ വന്നത് എന്ന് തിരിച്ചറിയാതെ.
ഇത്തരം നിമിഷങ്ങളില്‍
അസ്തിത്വമാണെല്ലാം.
ഗൗരികുണ്ഡിലേയ്ക്ക്
ഉറ്റുനോക്കിക്കൊണ്ട് ഞാന്‍ നിന്ന
അല എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്;
അതിന്റെ നിശ്ചലമായ ഹരിതാഭയിലും
വക്രപഥങ്ങളിലും
ഉജ്വലവര്‍ണങ്ങളുടെ ആവിര്‍ഭാവങ്ങളിലും
ആര്‍ത്തിപൂണ്ട് ഞാന്‍ നിന്ന നില്‍പും.

നാല്
അവിടെ കുന്നുകള്‍ക്കുമേല്‍ കുന്നുകള്‍
റാണിമാരുടെ അധികാരമണ്ഡലങ്ങളില്‍
നമ്മെ സ്വര്‍ലോകത്തോളം കൊണ്ടുചെല്ലുന്ന
ആകാശപാസം
യുഗങ്ങള്‍ക്കുമുമ്പേ ആരോ അറുത്തുകളഞ്ഞു.
ഇന്ന് കയറുമ്പോള്‍
നമ്മളൊരു കാല്‍പാട് കണ്ടെത്തുന്നു.
അത് പത്മസംഭവന്റേതാണുപോല്‍!
 ഈ പൊടി നിറഞ്ഞ പാതയിലല്ല.
ആ പാറപ്പുറത്തുതന്നെ.
താഴെയുള്ള രാക്ഷസ്തലിനെയും
നോക്കി അത് നില്‍ക്കുന്നു-
ഉവര്‍പുളിയുടെയും പ്രായശ്ചിത്തത്തിന്റെയും
കനം പേറിക്കൊണ്ട്
അവിടത്തെ ജലാശയങ്ങള്‍.
അഞ്ച്
ഇറക്കത്തിലെവിടെയോ
മണ്ടികളുടെ പാളയങ്ങളിലെ
തമ്പുകള്‍.
കണ്ണില്‍നിന്നും കരളില്‍നിന്നും അകന്ന്
ആത്മനാശം അനുഭവിച്ചവ.
ഇത് കച്ചവടത്തിന് പറ്റിയ നേരമല്ല.
നമ്മുടെ നേരെ നീളുന്ന കൈ
പിച്ചക്കാരന്റേതല്ല,
ഒരു ഗുഹയിലെ ചെറിയ ഗോംപയുടെ
സൂക്ഷിപ്പുകാരന്റേത്.
മഞ്ഞ കുന്തിരിക്കത്തിനു ചുറ്റും
പറക്കുന്ന ഈ ശലഭങ്ങള്‍-
നിലനില്‍ക്കുന്ന ഒരു വിശ്വാസത്തിന്റെ
സന്തതിപരമ്പരകള്‍.
ഈ താഴ്ഭാഗങ്ങളില്‍ അവ ഒതുക്കപ്പെട്ടിരിക്കുന്നു.

*കൈലാസപര്‍വതവും മാനസസോരവര്‍ തടാകവും തിബത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ്.
* ഗൗരികുണ്ഡ് കൈലാസത്തിലേയ്ക്ക് കയറുന്ന വഴിയിലെ ചെറിയ ജലാശയമാണ്. ശിവപത്‌നി ഇവിടെ കുളിച്ചു എന്ന് ഐതിഹ്യം.
* ബുദ്ധവചനങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി തിബത്തിലേക്കു പോയ ഇന്ത്യന്‍ സന്യാസിയാണ് പത്മസംഭവന്‍.
* മാനസസരോവറിന് സമീപമുള്ള ഒരു തടാകമാണ് രാക്ഷസ് അല്ലെങ്കില് രാകസ്തല്
* തിബത്തിലെ ബൗദ്ധവിഹാരമാണ് ഗോംപ.

27. സാങ്‌പോയിലെ ബോട്ടുകള്‍

അതെ,
പിന്നാമ്പുറത്ത് ഭാണ്ഡങ്ങളുമായി എത്തിയ
സാഹസികരായ അന്വേഷകരെ
ചെറിയ ബോട്ടുകള്‍ താങ്ങാത്തതിനാല്‍
നമ്മള്‍ സാങ്‌പോയില്‍ യന്ത്രബോട്ടുകള്‍ പിടിച്ചു.
നദിക്കു കുറുകെ
വളരെ അകലെയല്ലാതെ
വാനരദൈവവും രാക്ഷസിയും.
അവന്‍ ധാര്‍മ്മികനും ഉദാരനും.
അവള്‍ ദുര്‍വൃത്തി പെരുത്തവള്‍.
അവരുടെ ജീവന്‍
സെഡാങ്ങില്‍
എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചിരുന്നു.
അവരുടെ രൂപം മാറിയ മക്കള്‍
മറ്റു കളിസ്ഥലങ്ങളിലേയ്ക്ക് ചേക്കേറി.
എന്റെ ബോട്ടുകാരന്‍-
തോലുപോലെ ചുളുങ്ങിയ
ആ മുഖം പുഞ്ചിരിയിലേയ്ക്ക് പൊടിയുന്നു-
നിര്‍ബന്ധിച്ചു:
ഞങ്ങള്‍ അയാളുടെ
നുരപ്പിച്ച പാനീയം പങ്കു പറ്റണം.
പിന്നെ
അയാള്‍ക്ക് തന്റെ ബുദ്ധചിത്രങ്ങളുടെ
പത്രാസ് കാണിക്കണം.
അയാള്‍ക്കറിയാം,
എവിടെയാണ് ആഴക്കുറവ്
എവിടെയാണ് കയം….
അതില്‍ നിന്നുയരുന്ന പ്രതിധ്വനികള്‍,
കോര്‍ട്ടനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനെപ്പറ്റിയും.
കോര്‍ട്ടനുകള്‍ ഈ കളിസ്ഥലത്ത്
നിര്‍മ്മലമായി സങ്കല്പിക്കപ്പെട്ടിട്ടുള്ളവയാണ്.
മുകള്‍ത്തട്ടിന് സ്വര്‍ണച്ചായം തേച്ച
സമ്യേയിലേക്കുള്ള ബസ്സ്
ഞങ്ങള്‍ പോകുന്ന വഴിയില്‍ കാണായി.
അരുളപ്പാടിനുള്ള ശേഷി നഷ്ടമായിക്കഴിഞ്ഞ
പുതുമ പൂശിയ
പുരാതനക്ഷേത്രങ്ങള്‍.
പുരാതനതേജസ്സുമായി
ഇത് ചേരുന്നില്ലെന്ന് അറിവ് പറയും.
ഈ ആനകള്‍ മാര്‍ബിളില്‍ തീര്‍ത്തവയാണ്.
വാതില്‍ കാവല്‍ക്കാര്‍
സ്മരണകളില്‍ പിന്നോക്കം പോവുന്നു.
വാനരന്മാരെയും രാക്ഷസികളെയും
വീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ നില്‍ക്കുകയാണ്-
നിശ്ശബ്ദമായ നദിയില്‍
ബോട്ടുകാരന്റെ നുരഞ്ഞുയരുന്ന പ്രാര്‍ത്ഥന.
സാങ്‌പോ- ബ്രഹ്മപുത്രാ നദിക്ക് തിബത്തില്‍ പറയുന്ന പേര്.
സെഡാങ്-ദക്ഷിണതിബത്തിലെ നഗരം
കോര്‍ട്ടെന്‍- തിബത്തിലെ ചെറിയ പുണ്യശില്‍പങ്ങള്‍
സാമ്യേ- തിബത്തിലെ വിഹാരവും ക്ഷേത്രവും.

28. താഴ് വരയില്‍ നിന്നുള്ള നാടോടിക്കഥകള്‍

തീജ്വാലയുടെ തൊപ്പിയുമായി
സൂര്യന്‍ വന്നെത്തി.
തന്റെ ഉഷ്ണത്താല്‍
കുട്ടികളെ കൊന്നു.
ഉഗ്രകോപത്തിലും സങ്കടത്തിലും
ശകാരം പുലമ്പിക്കൊണ്ടിരുന്ന
അവരുടെ അച്ഛന്‍
തുറന്ന വായയുമായി ഇരുന്നു.
ക്ഷണനേരത്തേയ്ക്ക്
സൂര്യനെ അയാള്‍ക്ക് തടവുകാരനാക്കാന്‍ പറ്റി.
ഫലം- അവര്‍ പറയുന്നു-
ഇരുട്ടായിരുന്നു.
ചൂടും വെളിച്ചവും ഇല്ലാതെ
നമ്മള്‍ മരിച്ചുതീരും
- അവര്‍ പറഞ്ഞു
നമ്മള്‍ സൂര്യനെ കണ്ടെത്തണം
- അവര്‍ പറഞ്ഞു
അവര്‍ അവനെ
പച്ചിലയില്‍ കണ്ടെത്തി.
പക്ഷേ, ഒളിച്ചിരിപ്പാണ്.
അവരുടെ നേരെ നോക്കിയില്ല
അവന്റെ വ്യവസ്ഥ കഠിനം,
വില വളരെ കൂടുതല്‍.
ഞാന്‍ മറ്റൊരു കുഞ്ഞിനെ തിന്നു'
- അവന്‍ അവരോടു പറഞ്ഞു.
നമ്മള്‍ ഒരു വഴി കണ്ടെത്തണം.
ഈ മെരുങ്ങാത്ത വന്യമൃഗത്തെ തിന്നുകൊള്ളട്ടെ.
എങ്കിലും
കാടിന് അതിന്റെ  ചതികളുണ്ട്.
സൂര്യന്റെ ചെവികളുള്ള
വവ്വാല്‍ താപേങ്ങ്
ആ വഞ്ചന നിശ്ചയിക്കാന്‍ ആളായി.
അങ്ങനെ
അബൂ ടുണീസിന്റെ മകന്‍ മരിക്കണം
എന്നു തീരുമാനമായി.
നമ്മളെല്ലാം ജീവിച്ചിരിക്കുമെങ്കില്‍
അതിലെന്താണിത്ര ചേതം?
മനുഷ്യര്‍ എക്കാലവും ജീവിച്ചിരിക്കുന്നില്ല.
ഇപ്പോള്‍, നിത്യവും ഉദയമുഹൂര്‍ത്തത്തില്‍
ഞങ്ങള്‍ ആര്‍ത്തിക്കാരനായ സൂര്യനെ ഊട്ടും.
ഒരിക്കലും ഒരിടത്തും
അവനെ നിര്‍ത്താറില്ല;
ഞങ്ങളുടെ വായില്‍ കടന്നാല്‍പോലും.
അവന്‍ പോട്ടെ
എന്നവര്‍ പറയും;
എന്നിട്ട്, ആകാശത്തേയ്ക്ക്
അമ്പുകള്‍ എയ്തുവിടും.
താജിന്‍ എന്നു പേരായി ഇന്ത്യയുടെ വടക്കുകിഴക്ക് ദേശത്ത് വസിക്കുന്ന ഒരു ഗോത്രത്തിന്റെ പഴമയില്‍നിന്ന്.

(തുടരും.)


മഴ കനക്കുന്നു -9 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)മഴ കനക്കുന്നു -9 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക