വായനശാലയ്‌ക്കുള്ളില്‍ ഒരു പാമ്പ്‌ (അഷ്‌ടമൂര്‍ത്തി)

Published on 06 December, 2013
വായനശാലയ്‌ക്കുള്ളില്‍ ഒരു പാമ്പ്‌ (അഷ്‌ടമൂര്‍ത്തി)
എച്ച്‌ എച്ച്‌ രവിവര്‍മ്മ വായനശാല ഊരകം സെന്ററിലാണെങ്കിലും കുറച്ച്‌ അകത്തേയ്‌ക്കു നീങ്ങിനില്‍ക്കുന്നതുകൊണ്ട്‌ വഴിയാത്രക്കാരുടെ കണ്ണില്‍പ്പെടില്ല. പോരാത്തതിന്‌ വായനശാല മറച്ചുകൊണ്ട്‌ മുന്നില്‍ വലിയൊരു കെട്ടിടവുമുണ്ട്‌. അതുകൊണ്ടു തന്നെ ഈ വായനശാലയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്‌ അധികമാരും അറിഞ്ഞിട്ടില്ലെന്നു തോന്നി.

കൊച്ചി രാജാവിന്റെ പേരിലാണ്‌ (ഹിസ്‌ ഹൈനസ്സ്‌ രവിവര്‍മ്മ) വായനശാല. ഒരുകാലത്ത്‌ ഊരകം പഞ്ചായത്ത്‌ ഉണ്ടായിരുന്നപ്പോള്‍ പഞ്ചായത്ത്‌ ആപ്പീസായിരുന്നുവത്രേ. പിന്നീട്‌ പോലീസ്‌ സ്റ്റേഷനായി. വായനശാലയ്‌ക്ക്‌ ഇന്നുള്ള രണ്ടു മുറികളില്‍ ഒന്ന്‌ലോക്കപ്പായിരുന്നു പോല്‍. ഇരുപത്തിനാലു സെന്റ്‌ സ്ഥലമുണ്ട്‌. കൊല്ലം തോറും 20,000 ഉറുപ്പിക ഗ്രാന്റ്‌ കിട്ടുന്നുണ്ട്‌. പതിനാറായിരത്തിലധികം പുസ്‌തകങ്ങളുണ്ട്‌. ആയിരത്തി
അറുന്നൂറ്‌ അംഗങ്ങളുടെ പേര്‌ രജിസ്റ്ററിലുണ്ടെങ്കിലും സജീവമായി ഇരുപതോളം പേര്‍ മാത്രം.

ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനമായിരുന്നു. വേദിയിലിരിയ്‌ക്കുമ്പോള്‍ പി. പി. രാമചന്ദ്രന്റെ `പൂത്ത മേശ തന്‍ കൊമ്പുകള്‍ ചായ്‌ച്ചു പൊട്ടിച്ച പുസ്‌തകത്തിന്‍ മണം' എന്ന ലേഖനമാണ്‌ ഓര്‍മ്മ വന്നത്‌. `ദരിദ്രയെങ്കിലും ഉള്ളതുകൊണ്ട ്‌ ഊട്ടുന്ന വാത്സല്യനിധിയായ ഒരമ്മയേപ്പോലെയായിരുന്നു ഞങ്ങളുടെ വായനശാല. ഭൗതികസൗകര്യങ്ങള്‍ നന്നേ കുറവ്‌. ശവപ്പെട്ടി കുത്തനെ നിര്‍ത്തിയതു പോലെ വലുപ്പക്രമമില്ലാത്ത ഏതാനും മരയലമാരികള്‍. പക്ഷേ അവയില്‍ ജീവനുള്ള പുസ്‌തകങ്ങള്‍ ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്ന്‌ കൈകളിലേയ്‌ക്ക്‌ എടുത്തു ചാടാന്‍ കുതറിനിന്നു.'' വട്ടംകുളം വായനശാലയേക്കുറിച്ചുള്ള വിവരണം ഏറെക്കുറെ ഊരകം വായനശാലയ്‌ക്കും യോജിയ്‌ക്കുമെന്നു തോന്നി.

അല്ലെങ്കില്‍ നാട്ടിന്‍പുറങ്ങളിലുള്ള വായനശാലകള്‍ക്കൊക്കെ ഒരേ രൂപമാണല്ലോ.രണ്ടോ മൂന്നോ സെന്റില്‍ ഒരു കെട്ടിടം. വായനശാലയുടെ പേരെഴുതിയ ബോര്‍ഡിനുകെട്ടിടത്തോളം തന്നെ പഴക്കം കാണും. കടന്നു ചെല്ലുന്ന മുറിയില്‍ പുസ്‌തകസൂക്ഷിപ്പുകാരന്‌ ഒരു ചെറിയ മേശ. മേശപ്പുറത്ത്‌ പുസ്‌തകങ്ങളുടെ വരവും പോക്കും രേഖപ്പെടുത്താന്‍ ഒരു രജിസ്റ്റര്‍. അകത്ത്‌ കുറച്ചു കൂടി വലിയ മേശയില്‍ പത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടപ്പുണ്ടാവും. പഴയ രണ്ടോ മൂന്നോ അലമാരികളില്‍ അടുക്കി വെച്ച പുസ്‌തകങ്ങള്‍. ചില വായനശാലകളില്‍ ഒരു കാരം ബോര്‍ഡും ഉണ്ടാവും. ചെസ്സ്‌ ടൂര്‍ണമെന്റും കാരം ടൂര്‍ണമെന്റും നടത്തുന്ന വായനശാലകളുമുണ്ട്‌.

സ്ഥിരമായി തുറക്കാത്ത വായനശാലകളാണ്‌ അധികവും. ആറാട്ടുപുഴയിലെ വായനശാലയുടെ സ്ഥിതിയും അതാണ്‌. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ്‌ വീണ്ടും തുറന്നു തുടങ്ങിയതാണ്‌. സ്ഥിരമായി ഒരു പുസ്‌തകസ്സൂക്ഷിപ്പുകാരനുമുണ്ടായി. എന്നിട്ടോ? രജിസ്റ്റര്‍നോക്കിയപ്പോള്‍ അതിലുള്ള പലേ പുസ്‌തകങ്ങളും കാണാനില്ല. വീണ്ടും അംഗങ്ങളെ ചേര്‍ക്കാനും വായനശാല സജീവമാക്കാനും ശ്രമമുണ്ടായെങ്കിലും അതൊന്നും നടന്നില്ല. പുസ്‌തകസ്സൂക്ഷിപ്പുകാരന്റെ അകാലമരണം കൂടി സംഭവിച്ചതോടെ വായനശാല വീണ്ടും അടച്ചിട്ടു. ഇപ്പോള്‍ അത്‌ തുറക്കാറില്ല. ആവശ്യക്കാരില്ലെങ്കില്‍പ്പിന്നെ തുറന്നു വെച്ചിട്ടെന്ത്‌? ഇത്തരം അടച്ചിട്ട വായനശാലകള്‍ കേരളത്തില്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലുമുണ്ടാവും. വായനശാലകള്‍ സിനിമാ ടാക്കീസുകളേപ്പോലെ കല്യാണ മണ്‌ഡപങ്ങളോ പീടികക്കൂട്ടങ്ങളോ ആയി മാറാതിരിയ്‌ക്കുന്നത്‌ അതിനുള്ള ഭൂമിവലിപ്പം ഇല്ലാത്തതുകൊണ്ടുമാത്രമാണ്‌.

സദസ്സിലിരിയ്‌ക്കുന്നവരെ ശരിയ്‌ക്കു കാണാനില്ല. അവരുടെ മേല്‍ ഇരുട്ടു വീണു കിടക്കുകയാണ്‌. മുന്‍വരിയിലിരിയ്‌ക്കുന്ന ചെറിയ കുട്ടികള്‍ പരസ്‌പരം എന്തൊക്കെയോ പറഞ്ഞ്‌ ബഹളം കൂട്ടുകയാണ്‌. സമ്മേളനം കഴിഞ്ഞാല്‍ നാടകമുണ്ട്‌. അതു കാണാനെത്തിയവരാണ്‌ കാണികളില്‍ അധികം പേരും എന്നു തീര്‍ച്ച.

എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനസമ്മേളനത്തിലും പങ്കെടുത്തിരുന്നു. അന്ന്‌ ഒരു കഥയാണ്‌ അവിടെ പറഞ്ഞത്‌. കുന്നംകുളത്തുള്ള നന്മ എന്ന സംഘടന സി. വി. ശ്രീരാമന്റെ പേരില്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ. `ഖസാക്കിന്റെ ഇതിഹാസത്തിനു മുകളില്‍ ഒരു പാമ്പ്‌' എന്നായിരുന്നു ആ കഥയുടെ പേര്‌. എഴുതിയത്‌ എം. എ. ബൈജു. മരിച്ചുപോയ അപ്പന്റെ പേരില്‍ മകന്‍ തോമസ്‌ നടത്തിക്കൊണ്ടുപോവുന്നതാണ്‌ കെ. പി. വര്‍ക്കി മെമ്മോറിയല്‍ വായനശാല. തോമസ്സിന്‌ ബിസിനസ്സാണ്‌. ജ്വല്ലറി, ചിട്ടി, തുണിക്കട, മൊബൈല്‍ ഷോപ്പ്‌. വായനശാലയില്‍നിന്ന്‌ ഒന്നും കിട്ടാനില്ല. അംഗങ്ങള്‍ കുറവ്‌. പുസ്‌തകങ്ങള്‍ പലതും എലി കരണ്ടുപോയിരിയ്‌ക്കുന്നു. ചട്ട കീറിയതും പുറങ്ങള്‍ ഇളകിയതുമായ പുസ്‌തകങ്ങള്‍ ഒരു മരയലമാരിയില്‍ റീബൈന്‍ഡിങ്ങിനായി വെച്ചിരിയ്‌ക്കുകയാണ്‌. ആ അലമാരിയില്‍ ഒരു പാമ്പ്‌ ഉണ്ടെന്ന്‌ പുസ്‌തകസ്സൂക്ഷിപ്പുകാരന്‍ ഡാവിഞ്ചിയ്‌ക്ക്‌ അറിയാമായിരുന്നു. പലപ്പോഴും പാമ്പിന്റെ സീല്‍ക്കാരം കേള്‍ക്കാമെ ങ്കിലും ഇതുവരെ അതിനെ കണ്ടെത്തിയിട്ടില്ല.

ഒരു ദിവസം തോമസ്‌ അവിടെ കയറി വന്നത്‌ വായനശാല അടച്ചുപൂട്ടുകയാണെ ന്ന്‌ ഡവിഞ്ചിയെ അറിയിയ്‌ക്കാനാണ്‌. കൂടെ ഒരു ബ്രോക്കറുമുണ്ടായിരുന്നു. ഡാവിഞ്ചിയ്‌ക്ക്‌ തോമസ്സിന്റെ തന്നെ മൊബൈല്‍ വേള്‍ഡില്‍ ജോലി ശരിയാക്കിയിട്ടുണ്ട്‌. പ്രശ്‌നം അതൊന്നുമല്ല. വായനശാല നിര്‍ത്തിയാല്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പ്രതിഷേധിയ്‌ക്കും. നാട്ടില്‍ ബഹളമാവും. ബ്രോക്കര്‍ ഉടനെത്തന്നെ അതിന്‌ ഒരുപായം കണ്ടെത്തുന്നു. രാത്രി ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടാക്കി വായനശാല കത്തിച്ചുകളയുക. അതു തരക്കേടില്ലെന്ന്‌ തോമസ്സിനും തോന്നി. എന്തായാലും കത്തിനശിയ്‌ക്കാനുള്ളതല്ലേ, ആവശ്യമുള്ള പുസ്‌തകങ്ങളെല്ലാം എടുത്തോളാന്‍ ഡാവിഞ്ചിയ്‌ക്ക്‌ അയാള്‍ അനുമതി കൊടുത്തു. ഡാവിഞ്ചി `ഖസാക്കിന്റെ ഇതിഹാസം' അടക്കം കുറേ പുസ്‌തകങ്ങള്‍ ഒരു സഞ്ചിയില്‍ നിറച്ച്‌ വീട്ടിലേയ്‌ക്കു പുറപ്പെടുന്നു.

മൊബൈല്‍ കടയിലെ ജോലിക്കാരന്‍ പുസ്‌തകസ്സൂക്ഷിപ്പുകാരനേപ്പോലെയായാല്‍ പറ്റില്ല. ഡാവിഞ്ചി താടി വടിച്ചു. തലയിലെ വെളുത്ത രോമങ്ങള്‍ ഭാര്യ പിഴുതെടുത്തു. തലയില്‍ എണ്ണ തേച്ചുപിടിപ്പിച്ചു. മുഷിഞ്ഞ ജുബ്ബ മാറ്റി മധുവിധു കാലത്ത്‌ ഭാര്യ സമ്മാ നിച്ച പാന്റും ഷര്‍ട്ടും ധരിയ്‌ക്കുക കൂടി ചെയ്‌തതോടെ ഡാവിഞ്ചി ആളാകെ മാറി. കടയിലെത്തിയപ്പോള്‍ മൊബൈല്‍ വേള്‍ഡ്‌ തുറന്നിട്ടില്ല. തലേന്നു രാത്രി തോമസ്സ്‌ വായനശാലയില്‍ വെച്ച്‌ പാമ്പു കടിച്ചു മരിച്ചു എന്ന്‌ അടുത്ത കടയുടെ ഉടമസ്ഥന്‍ അറിയിയ്‌ക്കുന്നു. തിരിച്ച്‌ വായനശാലയിലെത്തിയ ഡാവിഞ്ചി കത്തിക്കരിയാത്ത വായനശാലയാണ്‌ കാണുന്നത്‌. വീട്ടിലെത്തിയപ്പോള്‍ അവിടെ വലിയ ഒരാള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിനു നടുവില്‍പാമ്പ്‌ ജോയി. അയാളുടെ മുന്നില്‍ പത്തിവിടര്‍ത്തി നിന്നാടുന്ന പാമ്പ്‌. പാമ്പിനെ പിടിയ്‌ക്കാന്‍ ജോയിയും ആള്‍ക്കൂട്ടവും ചാനലുകാരെ കാത്തുനില്‍ക്കുകയാണ്‌.ആള്‍പ്പെരുമാറ്റമില്ലാത്ത ഇടങ്ങളില്‍ പാമ്പുകള്‍ ഇഴഞ്ഞത്താറുണ്ട്‌. സത്യജിത്‌റായുടെ `പഥേര്‍ പാഞ്ചാലി'യില്‍ ദുര്‍ക്ഷയുടെ മരണത്തോടെ സര്‍വ്വജയ കുറേ ദിവസങ്ങളായി വീട്ടില്‍ ഒന്നും വെയ്‌ക്കാറില്ലെന്ന്‌ കാണിയ്‌ക്കുന്നത്‌ അടുപ്പില്‍നിന്ന്‌ ഇഴഞ്ഞുപോവുന്ന ഒരു പാമ്പിനെ കാണിച്ചുകൊണ്ടാണ്‌. കേരളത്തിലെ മിക്കവാറും എല്ലാ വായനശാലകളും ആളുകേറാത്ത ഇടങ്ങളായി മാറിയിരിയ്‌ക്കുകയാണ്‌ എന്ന്‌ പറയുകയല്ലേ എം. എ. ബൈജു ഈ കഥയിലൂടെ?

സമ്മേളനം തുടങ്ങി. 2038-ല്‍ ഈ വായനശാല നൂറാം വാര്‍ഷികമാഘോഷിയ്‌ക്കുമ്പോള്‍ ഞങ്ങള്‍ വേദിയിലുണ്ടാവാന്‍ സാദ്ധ്യതയില്ല എന്നു പറഞ്ഞുകൊണ്ടാണ്‌ തുടങ്ങിയത്‌.ജീവിച്ചിരിപ്പുണ്ടെങ്കില്‍ത്തന്നെ വേദിയിലെത്താനുള്ള ആരോഗ്യം ഉണ്ടാവാന്‍ വഴിയില്ല.അല്ലെങ്കില്‍ അന്ന്‌ ഈ വായനശാല തന്നെ ഉണ്ടാവുമെന്നതിന്‌ എന്താണുറപ്പ്‌?വായനശാലകള്‍ വിജനമാവാന്‍ എന്താണ്‌ കാരണം? ഇതുവരെ കാര്യമായി ആരുംഅന്വേഷിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. കൈനിറയെ ഗ്രാന്റ്‌ കൊടുത്തുകൊണ്ട്‌ നിലനിര്‍ത്താന്‍ കഴിയുന്നതാണോ വായനശാലകള്‍? പുസ്‌തകങ്ങള്‍ ഉണ്ടായിട്ടുമാത്രം കാര്യമില്ലല്ലോ. വായനക്കാര്‍ ഉണ്ടാവണ്ടേ? അവര്‍ എവിടെപ്പോയി?

വിരോധാഭാസം എന്നു തോന്നുമെങ്കിലും വിദ്യാഭ്യാസമാണ്‌ ഒരു കാരണമെന്നുതോന്നുന്നു. കേരളത്തിലെ വായനശാലകളിലെ പുസ്‌തകങ്ങളുടെ വായനക്കാരില്‍ വലിയൊരുഭാഗം വീട്ടമ്മമാരായിരുന്നു. അവര്‍ വായനശാലകളില്‍ എത്താറില്ലായിരിയ്‌ക്കാം.പക്ഷേ പല വരിക്കാരും പുസ്‌തകങ്ങള്‍ വീട്ടിലെത്തിച്ചിരുന്നത്‌ അവര്‍ക്കുവേണ്ടിയായിരുന്നു. വിദ്യാഭ്യാസം കിട്ടിയതോടെ അത്തരം വീട്ടമ്മമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.അവര്‍ക്ക്‌ വീട്ടിലിരിയ്‌ക്കാന്‍ നേരമില്ലാതായി. ചെറുപ്പക്കാരുടെ അസാന്നിദ്ധ്യം മറ്റൊരു കാരണമാണ്‌. പത്താം ക്ലാസ്സ്‌ ജയിച്ച്‌ ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും പഠിച്ചിരുന്ന ചെറുപ്പക്കാരുടെകുലം തന്നെ അറ്റു പോയല്ലോ. നാട്ടിന്‍പുറത്തെ വായനശാലകള്‍ സജീവമാക്കി നിലനിര്‍ത്തിയിരുന്നത്‌ മിക്കവാറും അവരായിരുന്നു. പഠിപ്പിന്റെ ഒരു ഘട്ടത്തിലും അത്തരം ഒരിടവേളഇന്നത്തെ ചെറുപ്പക്കാര്‍ക്കില്ലാതായിപ്പോയല്ലോ. പുസ്‌തകങ്ങള്‍ വാങ്ങാനുള്ള ശേഷികൈവന്നതോടെ വായനശാല പലര്‍ക്കും ആവശ്യമില്ലാതായതും ഒരു കാരണമാവാം.ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം എന്ന പഴകിയ പല്ലവിയും ബാക്കിയുണ്ട്‌.ഇന്നത്തെ എഴുത്തു തന്നെ ഭൂരിഭാഗവും നടക്കുന്നത്‌ സൈബര്‍ സ്‌പേസിലാണ്‌.എഴുത്തുകാരും പ്രസാധകരും പത്രാധിപരും ഒക്കെ ഒരാള്‍ മാത്രമാവുന്ന ഇമ്പ്രജാലമാണ്‌നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിയ്‌ക്കുന്നത്‌. അപ്പോള്‍ പുസ്‌തകങ്ങള്‍ തേടി ആരാണ്‌വായനശാലയിലേയ്‌ക്ക്‌ എത്താന്‍ പോവുന്നത്‌? ഇ-പുസ്‌തകങ്ങള്‍ പ്രചാരത്തില്‍ വന്നാല്‍വായന ഇന്നത്തേക്കാള്‍ എളുപ്പമായി നടക്കാനാണ്‌ സാദ്ധ്യത. വായനക്കാര്‍ക്ക്‌ ഇഷ്ടപ്പെട്ടപുസ്‌തകങ്ങള്‍ വീട്ടിലിരുന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാന്‍ സാധിയ്‌ക്കുമെങ്കില്‍പ്പിന്നെ എന്തിനാണ്‌ വായനശാലകള്‍?

ഇനി അഥവാ വായനശാലകള്‍ അന്നും ഉണ്ടാവുമെങ്കില്‍ത്തന്നെ അത്‌ ഇന്നത്തെരൂപത്തിലാവാന്‍ സാദ്ധ്യത കുറവാണ്‌. കഴിഞ്ഞ പത്തു വര്‍ഷത്തെ വേഗം വെച്ചു നോക്കിയാല്‍പുസ്‌തകങ്ങള്‍ അധികവും ഡിജിറ്റലായി മാറിയിരിയ്‌ക്കും. വീട്ടിലിരുന്ന്‌ വരിസംഖ്യപുതുക്കാം. അവധി കഴിഞ്ഞാല്‍ മാഞ്ഞുപോകത്തക്കവണ്ണം നിശ്ചിത വരിസംഖ്യയ്‌ക്ക്‌പുസ്‌തകങ്ങള്‍ ഉപകരണത്തിലേയ്‌ക്കു പകര്‍ത്തിക്കിട്ടും. അദൃശ്യമായ ആ വായനശാലഭൂമിയില്‍ത്തന്നെ ആയിക്കൊള്ളണമെന്നു പോലുമില്ല.

പക്ഷേ വായനശാലകളുടെ ധര്‍മ്മം വായന പരിപോഷിപ്പിയ്‌ക്കല്‍ മാത്രമാണോ?ഒരു കാലത്ത്‌ സമാനമനസ്‌കര്‍ക്കു കണ്ടുമുട്ടാനും സംവദിയ്‌ക്കാനും ഉള്ള ഇടങ്ങളായിരുന്നു അവ. നാട്ടിന്‍പുറങ്ങളിലെ കലാസമിതികള്‍ അവയെ ചുറ്റിപ്പറ്റിയായിരുന്നു. അവിടത്തെ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ നടന്നിരുന്നു. ഭൂമിയിലെ വായനശാലകളുടെ തിരോധാനം അത്തരം അവസരങ്ങളുടെ മേല്‍ അവസാനതിരശ്ശീലയുംവീഴ്‌ത്തുകയില്ലേ?

ചോദ്യങ്ങള്‍ പലതുമുണ്ട്‌. ഉത്തരങ്ങള്‍ ഒന്നും കൃത്യമല്ല. ഞാന്‍ സദസ്സിനെനോക്കി. ഇരുട്ടില്‍ അവരുടെ മുഖങ്ങള്‍ കാണാനായില്ല. മുന്നിലിരിയ്‌ക്കുന്ന കുട്ടികള്‍ അപ്പോഴും പരസ്‌പരം എന്തൊക്കെയോ പറഞ്ഞ്‌ ബഹളം കൂട്ടുന്നുണ്ടായിരുന്നു.
വായനശാലയ്‌ക്കുള്ളില്‍ ഒരു പാമ്പ്‌ (അഷ്‌ടമൂര്‍ത്തി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക