MediaAppUSA

അമ്മച്ചിയുടെ വിസ്മയ ലോകം- കെ.എ. ബീന

കെ.എ. ബീന Published on 09 December, 2013
അമ്മച്ചിയുടെ വിസ്മയ ലോകം- കെ.എ. ബീന
 ''ബീന എന്തു പറയുന്നു നമുക്ക് ബറോഡയ്ക്ക് പോകണ്ടേ.ചിത്രം വരക്കാന്‍ പഠിയ്ക്കണ്ടേ''.
തൊണ്ണൂറുകളിലേക്ക് കാലൂന്നി നിന്നിരുന്ന  കാലത്ത് കൂത്താട്ടുകുളംകാരിയായ അമ്മച്ചി ബറോഡയിലെ കോളേജ് ഓഫ് ഫൈനാര്‍ട്ട്‌സില്‍  പോയി ചിത്രകല അഭ്യസിക്കുന്നതിനെ കുറിച്ചാണ് എന്നെ ഉത്‌ബോധിപ്പിച്ചിരുന്നത്.്.
അമ്മച്ചിയ്ക്കും എനിക്കും അന്ന് ഒരേ സ്വപ്നമായിരുന്നു..
വരയ്ക്കാന്‍ പഠിയ്ക്കണം..നിറങ്ങളുടെ ലോകത്ത് കഴിയണം.നിറയെ നിറയെ വരയ്ക്കണം..ഞങ്ങള്‍ കാന്‍വാസുകളും പെയിന്റ് ട്യൂബുകളും ബ്രഷുകളുമായി നിറങ്ങളില്‍ മുങ്ങി മുങ്ങി കഴിഞ്ഞ കാലം..വാക്കുകളുടെ നിറക്കൂട്ടില്‍ ഞാന്‍ വരകളെ മറന്നു..അമ്മച്ചി ഓര്‍മ്മകളുടെ തീരത്ത് നിന്ന് തന്നെ തോണി തുഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്..എന്നാലും നിറങ്ങളെ മറക്കുന്നില്ല.
അമ്മച്ചിയ്ക്ക് ചേരുന്ന നിറം ചുവപ്പാണ്.  കൂത്താട്ടുകുളം മേരി - കേരളം ആ പേര് സൂക്ഷിക്കുന്നത് ചുവപ്പു  നിറത്തിന്റെ പശ്ചാത്തലത്തില്‍ ആണല്ലോ.
വര്‍ണ്ണങ്ങളുടെയും വരകളുടെയും ലോകത്തില്‍ മുഴുകി, ജീവിതസായന്തനത്തെ അതിമനോഹരമായ ഒരു വര്‍ണ ചിത്രമാക്കുന്ന തിരക്കില്‍പ്പെട്ടിരിക്കുന്ന അമ്മച്ചി  അതിനുമുമ്പ്  എന്ത് ചെയ്യുകയായിരുന്നു എന്നത് സ്വാഭാവിക ചോദ്യം.  പക്ഷേ അമ്മച്ചിയെ അടുത്തറിഞ്ഞാല്‍ ചോദ്യം ''എന്തൊക്കെ ചെയ്തിട്ടില്ല'' എന്നായി മാറും ..
കൂത്താട്ടുകുളം മേരിയുടെ ജീവിതത്തിന്റെ കാന്‍വാസില്‍ തുടക്കം മുതല്‍ ഒരു വിപ്ലവകാരിയുടെ ചിത്രങ്ങളാണ് വരയ്‌പ്പെട്ടിരിക്കുന്നത്.  തീരെ ചെറുപ്പത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറായി മദ്രാസില്‍ ജോലിയെടുക്കാന്‍ പോയ അമ്മച്ചിയ്ക്ക്  കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആദര്‍ശ ആശയങ്ങളുടെ തള്ളിച്ചയില്‍ ജോലി ഉപേക്ഷിക്കാന്‍ ഒരു വൈമനസ്യവും തോന്നിയില്ല.  കൂത്താട്ടുകുളത്തെത്തി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത അമ്മച്ചിയുടെ പിന്നീടുള്ള ജീവിതം കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളാണല്ലോ.
  ''അത് രണദിവെയുടെ കാലമായിരുന്നല്ലോ.  എന്റെ സ്വപ്നം സോഷ്യലിസമായിരുന്നു.  അതിനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതില്‍ വല്ലാത്ത സംതൃപ്തി യായിരുന്നു.  പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം.ഒളിവിലായിരുന്നു സംഘടനാ പ്രവര്‍ത്തനം''  സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്ക് സാര്‍ഥകതയേകാനുള്ള മോഹം, ഒളിവ് ജീവിതത്തിന്റെ സുരക്ഷിതത്വമില്ലായ്മയിലും കഠിനാധ്വാനം ചെയ്യാന്‍ പ്രേരണയും കരുത്തും നല്‍കിയതായി അമ്മച്ചി പറയുന്നു.  സ്വപ്നങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച നാളുകള്‍.
''പക്ഷേ, ഞങ്ങള്‍ ഒറ്റിക്കൊടുക്കപ്പെട്ടു, പോലീസ്, അറസ്റ്റ്, പീഡനകാലം, എന്നെ ജയിലിലേക്ക് കൊണ്ടുപോയപ്പോള്‍ പോലീസുകാര്‍ എന്റെ നീണ്ട മുടി രണ്ടായിപ്പകുത്ത് പോലീസ് വാനിന്റെ മുകളിലെ കമ്പിയില്‍ കെട്ടിയിട്ടു.  കൈകളില്‍ വിലങ്ങും.  ഉരുട്ടല്‍, കാല്‍വണ്ണകളില്‍ റൂള്‍ത്തടി വെച്ച് കയറിനിന്ന് ഉരുട്ടുന്ന ട്രെയിനോടിക്കല്‍, കവിട്ടയടി..... ഓ ഇതൊക്കെ കഴിഞ്ഞകാലത്തിലെ കഥകള്‍, ഒരുപാട് തവണ പറഞ്ഞു കഴിഞ്ഞു.... പാനൂര്‍ സബ്ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമൊക്കെ കിടന്ന് പുറത്ത് വന്ന് ആദിവാസികളുടെ ചികിത്സ  ചെയ്താണ് ആരോഗ്യം വീണ്ടെടുത്തത്.  ഇന്നും കാലില്‍ നീരും വേദനയും ബാക്കിയുണ്ട്.''
 അത് പറയുമ്പോഴും അമ്മച്ചി ചിരിക്കാറാണ് പതിവ്..   ജീവിതത്തിന് നേരെ അമ്മച്ചി എപ്പോഴും ചിരിച്ചിട്ടേയുള്ളു. ധീരത നിറഞ്ഞ ചിരി.
വിപ്ലവത്തിന്റെ തീജ്ജ്വാലകള്‍ക്കിടയില്‍ മനസ്സില്‍ പ്രണയത്തിന്റെ കനല്‍ തെളിഞ്ഞ കഥ പറയുമ്പോഴും അമ്മച്ചി  നിഷ്‌കളങ്കമായി ചിരിക്കും.
''ഞാന്‍ ബാബുവിനെ (സി.എസ്. ജോര്‍ജ്ജ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഒളിവിലെ പേര് അതായിരുന്നു.  ഒളിവ് ജീവിതം കഴിഞ്ഞ് ഭര്‍ത്താവായപ്പോഴും അമ്മച്ചി ആ പേര് തന്നെ വിളിച്ചു) ആദ്യം കാണുന്നത് ഒളിവിലാണ്.  ഒരു വള്ളിക്കുടിലില്‍ ബീഡിയും തീപ്പെട്ടിയും പുസ്തകങ്ങളും എഴുത്തുസാധനങ്ങളുമൊക്കെയായിരിക്കുന്ന വിപ്ലവകാരി.  വിപ്ലവകാരികളോട് പെണ്‍കുട്ടികള്‍ക്ക് ആരാധന തോന്നുന്നത് സ്വാഭാവികമാണല്ലോ.  എങ്കിലും ആദ്യം പ്രണയമൊന്നും ഉണ്ടായിരുന്നില്ല.  ബാബു വിവാഹം കഴിക്കാമോ എന്ന് മൂന്നാംവട്ടവും ചോദിച്ചപ്പോഴാണ് ഞാന്‍ സമ്മതിച്ചത്.  വിവാഹവും ഓര്‍ക്കാന്‍ രസം.  ഒരു ചടങ്ങുമില്ലായിരുന്നു.  കൂത്താട്ടുകുളത്തെ വീട്ടില്‍ അച്ഛനുമമ്മയും വന്നു.  ഞങ്ങള്‍ ഒളിവില്‍ നിന്ന് അവിടെയെത്തി.  അമ്മയുടെ അപ്പന്‍ രണ്ടുപേരുടെയും കൈകള്‍ കൂട്ടിപ്പിടിപ്പിച്ചു.  കഴിഞ്ഞു കല്യാണം.  ഞങ്ങള്‍ ഒളിവിലേക്ക് മടങ്ങി.  മോതിരം ഉണ്ടാക്കാനോ സാരി വാങ്ങാനോ ഒന്നും അന്ന് പറ്റില്ല.  പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയല്ലേ...''
പാര്‍ട്ടിയുടെ നിരോധനം നീക്കിയപ്പോള്‍ അമ്മച്ചി ജയില്‍ വിമോചിതയായി.  രാഷ്ട്രീയ ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും തിരക്കുകളായി പിന്നീട്.  നേരത്തേ ടി.ടി.സി പാസ്സായിരുന്നതിനാല്‍ സ്‌കൂള്‍ ടീച്ചറായി ജോലി കിട്ടി.  മലബാറിലേക്ക് താമസം മാറ്റി.  നാലു പെണ്‍കുട്ടികള്‍, അവരുടെ പഠനം, ഉദേ്യാഗം, ഒപ്പം പാര്‍ട്ടിപ്രവര്‍ത്തനവും.  ''മക്കളെ നന്നായി പഠിപ്പിക്കണമെന്ന് എനിക്ക് നിര്‍ബ്ബന്ധമായിരുന്നു.  അത് സാധിച്ചു.''
സി.എസ്. ജോര്‍ജ്ജിന്റെ മരണത്തോടെ അമ്മച്ചി  ഏകാന്തതയുടെ ലോകത്തെത്തി.
''മക്കളും പേരക്കുട്ടികളുമൊക്കെയുണ്ട്.  എങ്കിലും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്നൊരു തോന്നല്‍ ആയിരുന്നു എപ്പോഴും.... വയസ്സൊക്കെ ആയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി യാത്രകള്‍ ചെയ്യാനുള്ള ആരോഗ്യം കുറഞ്ഞുവന്നു.  പലതും ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു.  പുസ്തകശാല, ലൈബ്രറി, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ - പല പ്രോജക്റ്റുകളും തയ്യാറാക്കി നോക്കി.  ശരിയായില്ല.  പിന്നെ ഞാന്‍ മകളോടൊപ്പം താമസിക്കുന്ന വെള്ളൂരില്‍ കുട്ടികള്‍ക്കായി ശാസ്ത്രീയസംഗീത ക്ലാസ്സ് തുടങ്ങി.  ഒരു ഗാനമേള ട്രൂപ്പും.   ആ നാട്ടിലെ പാടാനിഷ്ടമുള്ളവര്‍ക്കൊക്കെ കൂടിയിരുന്ന് പാടാന്‍ ഒരു പാട്ട് സംഘവുമുണ്ടാക്കി.  പാട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു... എന്നിട്ടും സമയം ബാക്കി.  അപ്പോള്‍ തോന്നി  വല്ലതും പഠിക്കാമെന്ന്.  ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)യുടെ ക്രിയേറ്റീവ് റൈറ്റിങ് ഇന്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നു.  എറണാകുളത്ത് കൃത്യമായി അസൈന്റമെന്റ്‌സ് കൊണ്ടുകൊടുക്കാന്‍ ആളില്ലാത്തതിനാല്‍ അതും മുടങ്ങി.  എഴുത്തിന്റെ മേഖലയിലും ശ്രമിച്ചു.  പത്രക്കാര്‍ ഇടണ്ടേ.  അതും നിന്നുപോയി...''
85 -ാം വയസ്സില്‍ ഇതൊക്കെ ചെയ്യാന്‍ അമ്മച്ചിയ്ക്കല്ലാതെ ആര്‍ക്കു കഴിയും?
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സജീവത നിലനിര്‍ത്തണമെന്ന്, ക്രിയാത്മകതയാണ് ഓക്‌സിജനെന്ന് വിശ്വസിക്കുന്ന അമ്മച്ചി നിറങ്ങളുടെ ലോകത്തേക്കുള്ള വഴി തുറന്നതിനെക്കുറിച്ച്  പറയുന്നു.
''പെട്ടെന്നൊരു ദിവസം രാവിലെ എനിക്കു തോന്നി ചിത്രം വരയ്ക്കണമെന്ന്.  അന്ന് ഞാന്‍ തിരുവനന്തപുരത്ത് ബിനോയ്‌യുടെ വീട്ടിലാണ്.  (ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല. സി. ജോര്‍ജ്ജ് അമ്മച്ചിയുടെ രണ്ടാമത്തെ മകളാണ്).  വരയ്ക്കണമെന്ന ആശ കൂടിക്കൂടി വന്നു... വൈകുന്നേരമായപ്പോള്‍ ഞാന്‍ പോയി വരയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങി.  ഓയില്‍ പെയിന്റിങ്ങിനും ഗ്ലാസ് പെയിന്റിങ്ങിനും വാട്ടര്‍ കളറിങ്ങിനുമുള്ള സാധനങ്ങളാണ് വാങ്ങിയത്.  ചിത്രങ്ങള്‍ വരച്ചു തുടങ്ങിയപ്പോള്‍ ഓയില്‍ പെയിന്റ് ഇഷ്ടമായില്ല.  കൈയിലൊക്കെ എണ്ണ പുരളും.  ഗ്ലാസ് പെയിന്റിങ്ങും സുഖമായി തോന്നിയില്ല.  വാട്ടര്‍ കളറാണ് പിടിച്ചത്.''
അമ്മച്ചി  പെയിന്റിങ്ങിലേക്ക് തലകുത്തി വീഴുകയായിരുന്നു.  പ്രകൃതിദൃശ്യങ്ങള്‍, മരങ്ങള്‍, പൂക്കള്‍, പൂമ്പാറ്റകള്‍,..നിറങ്ങള്‍ ചിത്രങ്ങളായി ഉയിര്‍കൊണ്ടു.
ചിത്രംവരയുടെ ഭൂതകാലം അമ്മാവന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടതാണ്. അമ്മച്ചിയുടെ  അമ്മാവന്‍ വെറുമൊരു സാധാരണക്കാരനായിരുന്നില്ല.  കേരളം കണ്ട ഏറ്റവും വലിയ ധിഷണശാലികളിലൊരാളായ സി.ജെ. തോമസ്.  അമ്മയുടെ അനിയന്‍.  അമ്മയുടെ സഹോദരിയാണ് പ്രശസ്ത കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം.  കുട്ടിക്കാലത്ത് അമ്മാവന്‍ പെയിന്റ് ചെയ്യുന്നത് കണ്ട്
ആസ്വദിച്ചിട്ടുണ്ട് എന്ന് അമ്മച്ചി പറയാറുണ്ട്...  അമ്മാവന്‍ ഒരുപാട് കാര്യങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ടല്ലോ.  ചിത്രരചനയില്‍, എഴുത്തില്‍, പത്രപ്രവര്‍ത്തനത്തില്‍.  ഡി.സി. കിഴക്കേമുറിയുമൊക്കെയായി  ചേര്‍ന്ന് കോട്ടയത്ത് സാഹിത്യസമിതി പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തിയിരുന്നു.  അന്ന് അമ്മാവന്‍ സ്ഥിരമായി പുസ്തകങ്ങളുടെ 'പുറംചട്ട ഡിസൈന്‍' ചെയ്യുമായിരുന്നു. 
  വരച്ചു തുടങ്ങിയപ്പോള്‍ അമ്മച്ചിയെ എല്ലാവരും പ്രോത്സാഹിപ്പിച്ചു.  മരുമകന്‍ ബാബുപോളും സുഹൃത്ത് അബ്ദുള്‍ കലാമും ചിത്രരചനയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെ  നല്‍കി. 
കിട്ടുന്ന പ്രോത്സാഹനത്തെക്കുറിച്ച്  അമ്മച്ചി സന്തോഷത്തോടെ പറയുന്നു..
''ബിനോയ് നല്ല പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടുത്തരും.  മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ബ്രഷും വരയ്ക്കുന്ന സ്റ്റാന്‍ഡുമൊക്കെ ധാരാളമായി വാങ്ങിത്തരും.  ഞാന്‍ വരച്ചുകൊണ്ടിരിക്കും.  വയസ്സായതിനാല്‍ കുറച്ചുനേരം വരയ്ക്കുമ്പോള്‍ കൈ കഴയ്ക്കും, കഴുത്തുവേദന വരും.  എന്നാലും ഞാന്‍ വരയ്ക്കും.  ചിത്രരചന മൂന്നു സന്ദര്‍ഭങ്ങളില്‍ സന്തോഷം തരും, ഒന്നാമതായി വരയ്ക്കാനുള്ള പടം തിരഞ്ഞെടുക്കുമ്പോള്‍, പിന്നീടത് വരയ്ക്കുമ്പോള്‍, അവസാനമായി ആനന്ദമുണ്ടാകുന്നത് ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞ് മാറിനിന്ന് നോക്കുമ്പോഴാണ്.  ചിത്രരചന ജീവിതത്തിന് നല്‍കിയ സജീവത, ആരോഗ്യപരമായും ഗുണകരമാണ്.  ഷുഗറും പ്രഷറും കൊളസ്‌ട്രോളുമൊന്നും എന്നെ  സന്ദര്‍ശിച്ചിട്ടില്ല.  എപ്പോഴും തിരക്കിലായതിനാല്‍ രോഗചിന്തകള്‍ക്കിടം കിട്ടുന്നില്ലെന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം.പിന്നെ ഞാന്‍ ദിവസവും രാവിലെയും വൈകിട്ടും ഏഴെട്ട് കശുവണ്ടിപ്പരിപ്പ് തിന്നും.'' 
ഈയടുത്ത കാലം വരെയും അമ്മച്ചി യാത്രകള്‍ മുടക്കിയിരുന്നില്ല.
''കുറച്ചു കാലം മുമ്പ് റെയില്‍വേക്കാരുടെ 'ഭാരത് ദര്‍ശന്‍' പരിപാടിയില്‍ ഞാന്‍ പോയിരുന്നു.  ഒരുപാട് സ്ഥലങ്ങളില്‍ പോയി.  15 ദിവസത്തോളം ട്രെയിനില്‍ കിടന്നുറങ്ങിയും കാഴ്ചകള്‍ കണ്ടും ഒരു യാത്ര.  90 -ാം വയസ്സില്‍ അഖിലേന്ത്യാ യാത്രയ്‌ക്കൊരുങ്ങുന്നതു കണ്ട് മകള്‍ ഷൈല കൂട്ടിന് ഒരാളെ വിട്ടു തന്നു.  ട്രെയിനില്‍ ഞാന്‍ എല്ലാവരുമായും കമ്പനിയായിരുന്നു.  ചീട്ടുകളിയും പാട്ടുപാടലും.  അടിപൊളിതന്നെയായിരുന്നു യാത്ര: പിന്നെ പോയ സ്ഥലങ്ങളില്‍ നിന്നൊക്കെ ധാരാളം ചിത്രങ്ങള്‍ വാങ്ങി.  അതൊക്കെ പെയിന്റിങ്ങുകള്‍ ആക്കി മാറ്റി'' 
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്രയോ കാലമായി മുടങ്ങാതെ പങ്കെടുക്കുന്ന ഡെലിഗേറ്റ് ആണ്. അമ്മച്ചി..
''സിനിമ എനിക്ക് ഒത്തിരി ഇഷ്ടമാണ് - അടൂരിന്റെ സിനിമകള്‍ പ്രതേ്യകിച്ചും.  'നാലു പെണ്ണുങ്ങള്‍' എന്ത് നല്ലതാണ്.  അതുപോലെ ഇഷ്ടപ്പെട്ടു ശ്യാമപ്രസാദിന്റെ 'ഒരേ കടലും'.  സ്ത്രീയുടെ മനസ്സ് അറിഞ്ഞ സിനിമയാണത്.    പക്ഷേ, അടിപിടി, വയലന്‍സ് സിനിമകള്‍ കാണാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.''
അമ്മച്ചി  ജീവിക്കുകയാണ്  എന്നും.., ജീവിതരതിയില്‍ സ്വന്തം കഴിവുകളെ ലയിപ്പിച്ച് ജീവിതത്തെ അറിയുകയാണ്... ജീവിതത്തിന്റെ കാന്‍വാസില്‍ ഒരായിരം വര്‍ണങ്ങള്‍ ചാലിച്ചു കൊണ്ടേയിരിക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക