Image

ശബ്ദമില്ലാത്തൊരു വിളിയൊച്ച (കവിത: ഗീതാ രാജന്‍)

Published on 17 December, 2013
ശബ്ദമില്ലാത്തൊരു വിളിയൊച്ച (കവിത: ഗീതാ രാജന്‍)
കണ്ണില്‍ നിന്നും മറയുവോളം
എടുത്തു വച്ച കാഴ്‌ചകളൊക്കെയും
പുതിയൊരു കോലമായ്‌
വരച്ചിടുവാന്‍ തുടങ്ങുമ്പോള്‍
വിറയാര്‍ന്ന വിരലുകളില്‍
ചങ്ങലയായ്‌ ഉറച്ചു പോയ നീറ്റല്‍ !

പടിപ്പുര വാതില്‍ കരയുമ്പൊഴൊക്കെ
ഇറങ്ങിയോടിയ നോട്ടങ്ങള്‍!
കൂട്ടി വായിച്ചെടുക്കാന്‍ ശ്രമിക്കുന്നു
ഉടഞ്ഞുപ്പോയൊരു കണ്ണാടിയെ !!

ജനലിനരികില്‍ പതിഞ്ഞു മൂളും
കാറ്റില്‍ നീയലിഞ്ഞു ചേര്‍ന്നിട്ടും
എന്നിലേക്ക്‌ നിറഞ്ഞു പെയ്യുകയാണ്‌
ശരത്‌ക്കാല രാവിലെ മഴ പോലെ !!

ചുവര്‍ചിത്രങ്ങളില്‍ നിറഞ്ഞു ചിരിക്കും
നിന്റെ അധരങ്ങളില്‍ പൊഴിഞ്ഞു
വീഴാന്‍ കാത്തിരിക്കും വാക്കുകളൊക്കെ
മുഴങ്ങി കേള്‌ക്കുന്നു എനിക്ക്‌ മാത്രമെപ്പോഴും!!

കേള്‌ക്കാതെ കേള്‌ക്കുന്ന ശബ്ദങ്ങളൊക്കെ
എടുത്തു വക്കുമ്പോള്‍ ബാക്കി വക്കുന്നല്ലോ
`അച്ഛാ` എന്ന നിന്റെ വിളിയൊച്ച മാത്രം !!

(അകാലത്തില്‍ മകളെ നഷ്ടമായ ഒരു അച്ഛന്റെ ഓര്‍മ്മയില്‍)
ശബ്ദമില്ലാത്തൊരു വിളിയൊച്ച (കവിത: ഗീതാ രാജന്‍)
ശബ്ദമില്ലാത്തൊരു വിളിയൊച്ച (കവിത: ഗീതാ രാജന്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക