എന്റെ എം.എ (ഇംഗ്ലീഷ് സാഹിത്യം) ആദ്യ വര്‍ഷ പരീക്ഷയുടെ ഫലം പുറത്തു വന്നു. വിജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ നമ്പര്‍ കണ്ടപ്പോള്‍ ചിരിവന്നു, കരച്ചിലും .. നന്ദിയും സ്‌നേഹവും കൊണ്ട് ഹൃദയം നിറഞ്ഞു. സൗഹൃദങ്ങളുടെ ശക്തി ഒരിക്കല്‍കൂടി തിരിച്ചറിഞ്ഞു.
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എഴുതി നിര്‍ത്തിയതാണ് പരീക്ഷകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് (ഇംഗ്ലീഷ് സാഹിത്യം) കഴിഞ്ഞ് കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ എം.ജെ. (മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം) കോഴ്‌സിന് ചേര്‍ന്നപ്പോള്‍ അടച്ചുപൂട്ടിവച്ചൊരു മോഹമുണ്ട് - എം.എ.ഇംഗ്ലീഷ് പഠിക്കണം.
ജേര്‍ണലിസം കഴിഞ്ഞ് നേരെ പത്രപ്രവര്‍ത്തന ജോലിയിലേക്ക്.. പിന്നെ ഔദ്യോഗികം, കുടുംബം ജീവിതം തിരക്കുകളുടേതു മാത്രമായിരുന്ന ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍.
അപ്പു (മകന്‍) ഡിഗ്രി പഠനം കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍ അടച്ചുപൂട്ടി വച്ചിരുന്ന എന്റെ ആഗ്രഹം പൊന്തിവന്നു - ഞാനവനോട് ചോദിച്ചു.
''നിനക്ക് എം.എ ഇംഗ്ലീഷ് ചെയ്തുകൂടേ?''
അവന്‍ അമ്പിനും വില്ലിനും അടുത്തില്ല;
''എനിക്ക് സിനിമ പഠിച്ചാല്‍ മതി. മറ്റൊന്നും ഇപ്പോള്‍ പറ്റില്ല''
അവന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ എംഎസിക്ക് ചേരാന്‍ ചെന്നൈയ്ക്ക് വണ്ടി കയറുമ്പോള്‍ എന്റെ വീടൊഴിയുന്നത് (കൂടൊഴിയുന്നത്) ഞാന്‍ അറിഞ്ഞു. ഒറ്റക്കുട്ടിയുടെ അമ്മമാര്‍ അനുഭവിക്കുന്ന ഏകാന്തതയിലേക്കും വൈകാരിക വിക്ഷോഭങ്ങളിലേക്കും മാനസിക സംഘര്‍ഷങ്ങളിലേക്കുമൊക്കെ കൂപ്പുകുത്താനുള്ള അവസരങ്ങള്‍ എന്നെയും തേടിവരുമെന്ന് ഉറപ്പായ ഏതോ നിമിഷത്തിലാണ് ഞാനത് തീരുമാനിച്ചത്.
''അവനോടൊപ്പം ഞാനും പോസ്റ്റ്ഗ്രാജ്വേഷന്‍ വിദ്യാര്‍ത്ഥിയാകുക; എം.എ (ഇംഗ്ലീഷ്) ചെയ്യുക.''
ഏതു ചിന്തയും പങ്കുവയ്ക്കുന്ന സുഹൃത്തുക്കളുടെ ഫോണുകളിലേക്ക് വിവരം പാഞ്ഞു.
''വീണ്ടും വിദ്യാര്‍ത്ഥിയാകുക'' എല്ലാവര്‍ക്കും ത്രില്‍ ആയി. കാര്യവട്ടത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസ്റ്റന്റ് എഡ്യുക്കേഷനിലെ എം.എ ക്ലാസില്‍ ചേരാമെന്ന ബിന്ദു പപ്പന്റെ (കൊടുങ്ങല്ലൂരിലെ എം.ഇ.എസ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ബിന്ദു.) നിര്‍ദ്ദേശം സ്വീകരിച്ചു. ബിന്ദു കാര്യവട്ടത്ത് നിന്ന് എം.എയുടെ ഫോമുകള്‍ വാങ്ങിക്കൊണ്ട് വന്നു. അപേക്ഷയ്‌ക്കൊപ്പം കൊടുക്കാനുള്ളത് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ടിസിയും. കാല്‍ നൂറ്റാണ്ടിനിടയില്‍ നടന്ന എണ്ണമില്ലാത്ത വീട് മാറ്റങ്ങള്‍ക്കിടയില്‍ അവയൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുതുതായി കിട്ടാന്‍ പഴയ കോളേജില്‍ പോയി ഫയലുകള്‍ തപ്പിയെടുത്ത് ചില പേപ്പറുകള്‍ നോട്ടറിയെകൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. ഇത്തരം നൂലാമാലകളിലൂടെ കടന്നുപോകാന്‍ മടിയുള്ള എന്റെ സ്വഭാവം അറിയുന്ന കൂട്ടുകാരി സുമി വിമന്‍സ് കോളേജിലും നോട്ടറിയുടെ ഓഫീസിലും യൂണിവേഴ്‌സിറ്റി ഓഫീസിലുമൊക്കെ കയറിയിറങ്ങി, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് റെഡിയാക്കി. അടുത്ത കടമ്പ കാര്യവട്ടത്തെ ജേര്‍ണലിസം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് ടി.സി വാങ്ങണം. അവിടെ വരെ കൊണ്ടു പോകാന്‍ കാറുമായി നിതുനയെത്തി (നിതുന നെവില്‍ പ്രശസ്തയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംവിധായികയുമാണ്. എന്റെ ''പുണ്യവാളന്‍'' എന്ന കഥയെ ആസ്പദമാക്കി ''അി ൗിൗൗെമഹ റമ്യ'' എന്ന ചിത്രമാണ് നിതുന ആദ്യമെടുത്തത്. നിരവധി അവാര്‍ഡുകള്‍ ആദ്യ ചിത്രത്തിന് ലഭിച്ചു. രണ്ടാമത് ചെയ്ത ''മീല്‍സ് റെഡി'' ക്ക് അവാര്‍ഡ് പെരുമഴയാണ് - യൂടൂബിലൂടെ നിരവധി ലക്ഷം പേര്‍ ഈ ചിത്രം കണ്ടു കഴിഞ്ഞു.)
ടിസി വാങ്ങി മടങ്ങിയെത്തി അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഒരു പ്രശ്‌നം. ബിന്ദു രണ്ട് ഫോമുകള്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. ഒരെണ്ണം എന്തു ചെയ്യും?
''നിതുന ബി.എ യ്ക്ക് എന്താ പഠിച്ചത്?''
''ഇംഗ്ലീഷ്''
''എം.എ ചെയ്‌തോ?''
''ഇല്ല''
''എന്നാല്‍ ഈ ഫോം പൂരിപ്പിയ്ക്ക്. നമുക്കൊരുമിച്ച് എം.എ പഠിക്കാം''. കുറച്ച് മടിച്ച് നിന്ന്, സന്ദേഹങ്ങള്‍ക്കൊടുവില്‍ നിതുനയും ചേര്‍ന്നു.
ഫീസടയ്ക്കാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു, വര്‍ഷങ്ങള്‍ പായുകയാണ്. പിന്നിലേക്ക്. ഏതു ജന്മത്തിലാണ് ഞാനിതുപോലെ ക്യൂവില്‍ നിന്ന് പരീക്ഷാ ഫീസടച്ചത്? മുന്നിലും പിന്നിലും നില്‍ക്കുന്നവരെ നോക്കി. അപ്പുവിന്റെ പ്രായമുള്ള കുട്ടികള്‍.
അവിടെ തുടങ്ങുകയായിരുന്നു പുതിയ അദ്ധ്യായം. സൗഹൃദങ്ങളുടെ മറ്റൊരു പെരുമഴക്കാലം. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലാണ് ക്ലാസുകള്‍. വീണ്ടും ക്ലാസ് മുറി, അദ്ധ്യാപകര്‍, അറ്റന്റന്‍സ്, സഹപാഠികള്‍ - ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഊണ്, അദ്ധ്യാപകരോട് സംശയം ചോദിക്കല്‍, അവരോട് തര്‍ക്കിക്കല്‍, ക്ലാസ്സ് കട്ട് ചെയ്യല്‍, ക്ലാസ്സ്‌മേറ്റ്‌സുമായി കറങ്ങല്‍, ബഹളം വയ്ക്കല്‍ - എനിക്കിതൊക്കെ രണ്ടാമത് സ്വന്തമായപ്പോള്‍ സഹപാഠികള്‍ മകന്റെ പ്രായക്കാരായിരുന്നു എന്നു മാത്രം. ഞാന്‍ ആ രണ്ടാം വിദ്യാര്‍ത്ഥി ജന്മം പരമാവധി ആസ്വദിക്കുകയായിരുന്നു. ജീവിതം യൗവ്വനഭംഗികളോടെ മടങ്ങി എത്തുകയായിരുന്നു, പുതിയ ചിന്തകളുടെ, പുതിയ മനോഭാവങ്ങളുടെ, നിലപാടുകളുടെ എല്ലാത്തിലുമുപരി പുതിയ ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യം എന്നില്‍ നിന്ന് നീണ്ട് നീണ്ട വര്‍ഷങ്ങളുടെ കട്ടിപിടിച്ചു കിടന്നിരുന്ന വിരസതയെ എടുത്തു മാറ്റുകയായിരുന്നു. വീണ്ടും ഞാനെന്റെ യൗവ്വനത്തിലേക്ക് മടങ്ങി. എന്റെ സഹപാഠികള്‍ എന്നെ അവര്‍ക്കൊപ്പമോ അതിലും കുറച്ചോ മാത്രം പ്രായമുള്ള ഒരാളായി മാത്രം കരുതി തമാശകള്‍ പറഞ്ഞ് അധികാരഭാവത്തോടെ മാത്രം പെരുമാറി. അവര്‍ക്ക് ഞാനൊരിക്കലും ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്നില്ല, ഒപ്പം പഠിക്കുന്ന, ഒരുപാട് അടിച്ചു പൊളിക്കാനും ആനന്ദിക്കാനും കഴിയുന്ന ഒരു സഹപാഠി മാത്രമായിരുന്നു, ഏറ്റവും ആനന്ദത്തോടെ, ഉന്മേഷത്തോടെ ഞാനവരുടെ കൂട്ടുകാരിയായി. എന്റെ മൊബൈല്‍ ഇന്‍ബോക്‌സില്‍ കോളേജ് പിള്ളേര്‍ അന്യോന്യം അയക്കുന്ന ഫോര്‍വേഡ് മെസേജുകള്‍ വന്നു നിറയുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ വല്ലാതെയായി. ടിന്റുമോനും, പൃഥ്വിരാജപ്പനും മറ്റ് തമാശകളും പതുക്കെ പതുക്കെ ഞാനും ആസ്വദിച്ചു തുടങ്ങി. എന്റെ ജീവിതം പെട്ടെന്ന് നിറങ്ങള്‍ കൊണ്ട് നിറഞ്ഞു. ഞാന്‍ തന്നെ അറിയാതെ ഞാനൊരു കോളേജ് കുട്ടിയായി.
സഹപാഠികള്‍ എന്റെ തിരക്കുകളറിഞ്ഞ് എനിക്ക് വേണ്ടതൊക്കെ ചെയ്തു തന്നു. പരീക്ഷാ ഫീസടയ്ക്കാന്‍, അസൈന്‍മെന്റുകള്‍ കൊടുക്കാന്‍, പഠിക്കാനുള്ള പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നെടുക്കാന്‍, നോട്ടുകള്‍ ഫോട്ടോസ്റ്റാറ്റെടുക്കാന്‍ എന്തിനും ഏതിനും പണ്ട് കോളേജില്‍ പഠിച്ചപ്പൊഴെന്നപോലെ തുണയായി സഹപാഠികള്‍. അവര്‍ വിളിച്ച് അന്വേഷിക്കും. ''പഠിക്കുന്നുണ്ടോ?'' ഭ്രാന്തുപിടിക്കുന്ന ഔദ്യോഗികത്തിരക്കുകള്‍ കഴിഞ്ഞ് രാവേറെ ചെല്ലുവോളം ഇരുന്ന് പഠിച്ചു കൊണ്ടേയിരുന്നു, അവരെ പേടിച്ച്. പരീക്ഷയടുത്തു. ഞാന്‍ കാര്യമായി പഠിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായിക്കാണണം - കമ്പയിന്‍ഡ് സ്റ്റഡിക്കായി അവര്‍ എന്റെ വീട്ടില്‍ വരാന്‍ തുടങ്ങി. വീട്ടില്‍ മറ്റുള്ളവര്‍ ഉള്ളപ്പോള്‍ ടെറസ്സിലും, അല്ലാത്തപ്പോള്‍ വീടിനുള്ളിലുമായി പഠനം. അടുക്കളയില്‍ ഞാന്‍ പാചകത്തിരക്കുകളില്‍ പെടുമ്പോള്‍ ദിവ്യയും നിതുനയും എന്റൊപ്പം വന്ന് നിന്ന് ചോദ്യോത്തരങ്ങള്‍ വായിച്ചു തന്നുകൊണ്ടേയിരുന്നു. വീട്ടുജോലികള്‍ പങ്കിട്ട് പലപ്പോഴും അവരെനിക്ക് പഠിക്കാന്‍ സമയമൊരുക്കി. പലരും ഭക്ഷണം എനിക്ക് കൂടി കൊണ്ടുവരാന്‍ തുടങ്ങി. നാട്ടുമ്പുറത്ത് നിന്ന് വരുന്നവര്‍ ഇലച്ചോറു പൊതികള്‍ കൊണ്ടു വരുമ്പോള്‍ ഗൃഹാതുരത്വത്തോടെ വട്ടമിട്ടിരുന്ന് ഞങ്ങള്‍ കഴിച്ചു. കോളേജ് ജീവിതത്തിന്റെ ചൈതന്യമൊക്കെ വീണ്ടും അനുഭവിച്ച ദിവസങ്ങള്‍. അപ്പുവില്ലാത്ത ശൂന്യതയിലേക്ക് അവന്റെ പ്രായക്കാര്‍ നിറച്ച സജീവത. അവിടേക്ക് കൃഷ്ണയും വന്നു ചേര്‍ന്നു. അപ്പുവിനൊപ്പം പ്രായമുള്ള കൃഷ്ണ കാര്യവട്ടത്ത് പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥിയാണ്. അവളെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നും, എന്റെ കാര്യങ്ങള്‍ അന്വേഷിച്ചും പലപ്പോഴും അമ്മയായി. പഠിക്കാത്തപ്പോള്‍ ചീത്ത പറഞ്ഞ് മുതിര്‍ന്ന ചേച്ചിയായി. അര്‍ദ്ധരാത്രി വരെ എന്റൊപ്പം ഇരുന്ന് പഠിച്ച കാര്യങ്ങള്‍ ആവര്‍ത്തിപ്പിച്ച് എന്റെ അദ്ധ്യാപികയായി. പിന്നെ സ്‌നേഹം കൊണ്ട് എന്നെ നിറച്ച് എന്റെ മകളുമായി.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ദൂരദര്‍ശനില്‍ നിന്ന് ലീവ് അനുവദിച്ചു. പിന്നീടുള്ള മൂന്നാഴ്ചക്കാലം പരീക്ഷാക്കാലം, പഠനകാലം, ഉത്സവകാലം.
കാര്യവട്ടത്തേക്കുള്ള ബസ് ശ്രീകാര്യത്ത് ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങുമ്പോള്‍ നിതുന പരീക്ഷാ ഹാളില്‍ നിന്ന് ഭ്രാന്ത് പിടിച്ചതുപോലെ വിളിച്ചുകൊണ്ടേയിരുന്നു.
ഞാനവളെ ആശ്വസിപ്പിച്ചു.
“''ഞാനീ പരീക്ഷ എഴുതിയില്ലേലും കുഴപ്പമൊന്നുമില്ലല്ലോ. അല്പം വൈകിയാല്‍ തന്നെ എന്താ?''
നിതുനയ്ക്ക് അതൊന്നും സ്വീകാര്യമല്ലായിരുന്നു.
''എത്രയും പെട്ടെന്ന് വരൂ, പരീക്ഷ ഇപ്പോള്‍ തുടങ്ങും.''
ആദ്യ പരീക്ഷ ദിവസം ഞാനൊന്നമ്പരന്നു. ''ഈ പ്രായത്തില്‍ 3 മണിക്കൂര്‍ കുത്തിയിരുന്ന് ഞാനെഴുതുമോ?, പഠിച്ചത് വല്ലതും ഓര്‍ക്കുമോ?''
സഹപാഠികള്‍ കണ്ണുരുട്ടി.
''മിണ്ടിപ്പോകരുത്. ആരു പറഞ്ഞു വയസ്സായെന്ന്. ഞങ്ങളെക്കാള്‍ ചെറുപ്പമാണെന്ന് ഞങ്ങള്‍ക്കറിയാം. മര്യാദയ്ക്ക് മുഴുവന്‍ സമയവും ഇരുന്ന് പരീക്ഷ എഴുതിക്കോളൂ''
അവര്‍ തന്ന ധൈര്യത്തില്‍ ഞാനെഴുതി.
എട്ടു പേപ്പറുകള്‍ എഴുതിക്കഴിഞ്ഞ് പരീക്ഷ തീര്‍ന്ന ദിവസം ഞങ്ങള്‍ അടിച്ച്‌പൊളിച്ച് ആഹ്ലാദിച്ചു. നിതുനയുടെ കാറില്‍ ഉത്സവമേളം.
ഇതിനിടെ എന്തൊക്കെ സംഭവങ്ങള്‍. പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പായിരുന്നു ജസ്‌നയുടെ കല്യാണം. കല്യാണം കഴിഞ്ഞാല്‍ 'പഠിക്കാന്‍ വിടില്ല' എന്ന് പേടിച്ച് അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും അവളെ ആശ്വസിപ്പിച്ചു, പ്രാര്‍ത്ഥിച്ചു. എന്നിട്ട് കല്യാണം കഴിഞ്ഞവള്‍ വന്നപ്പോള്‍ ആശ്വസിച്ചു- അവളുടെ പുയ്യാപ്ല പര്‍ദ്ദ ഊരിപ്പിച്ച് ഭംഗിയുള്ള ചുരീദാറൊക്കെ ഇടീച്ച് പഠിക്കാന്‍ പുസ്തകങ്ങളൊക്കെ വാങ്ങിക്കൊടുത്ത് ഓരോ ദിവസവും 'കമ്പയിന്‍ഡ് സ്റ്റഡി'ക്ക് അവളെ കൊണ്ടാക്കി. ജസ്‌നയുടെ അന്നത്തെ ചിരി - സ്വന്തം വ്യക്തിത്വം തിരിച്ചെടുത്ത ആശ്വാസത്തിന്റെ ചിരിയായിരുന്നു അത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗീതയുടെ കല്യാണവും, അജിതയുടെ പ്രസവവും പഠിത്തത്തിരക്കിനിടയില്‍ തന്നെയായിരുന്നു. ദിവ്യയുടെ പ്രണയ സംഘര്‍ഷങ്ങള്‍ പഠിത്തത്തിന് വിഘാതമാവുന്നു എന്ന് കണ്ടപ്പോള്‍ ഞാനവളുടെ മൊബൈല്‍ പിടിച്ചു വാങ്ങി ഒളിപ്പിച്ച് വച്ചു.
അങ്ങനെയൊക്കെ എഴുതിയ പരീക്ഷയുടെ ഫലമാണ് വന്നിരിക്കുന്നത്. ഇന്നലെ എന്റെ ഫോണിന് വിശ്രമമുണ്ടായില്ല, ഓരോരുത്തരായി വിളിച്ച് പരീക്ഷഫല വിവരങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു, രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പഠിക്കാനുള്ളതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ഞാന്‍ ഓര്‍ക്കുകയായിരുന്നു, എനിക്ക് ഇവര്‍ കൂട്ടുകാര്‍ മാത്രമല്ല, സ്വന്തം മക്കളും കൂടിയാണല്ലോ എന്ന്. സ്‌നേഹം കുടുംബ ബന്ധങ്ങളില്‍ മാത്രമൊതുക്കേണ്ടതല്ല എന്ന സത്യം പണ്ടേ മനസ്സിലായിട്ടുള്ളതാണ്. കൊടുത്താലും കൊടുത്താലും ഉറവ വറ്റാത്ത അക്ഷയഘനിയാണ് ഓരോ മനുഷ്യന്റെ ഉള്ളിലുമുള്ള സ്‌നേഹമെന്നും.
മക്കള്‍ ദൂരെ പോകുമ്പോള്‍ അടുത്തെത്തുന്ന ഓരോരുത്തരിലും നിന്ന് സ്‌നേഹം സ്വീകരിക്കാനും, കൊടുക്കാനും കഴിയുമെങ്കില്‍ ജീവിതം നിരാശയിലും വിരസതയിലുമൊന്നും വീണ് നരച്ച് പോകില്ലെന്നും തോന്നി.
’’