ലോകപ്പെരുവഴിയില്‍ കണ്ടുമുട്ടിയ യാത്രക്കാര്‍
ഭൂതകാലത്തിന്റെ പത്മതീര്‍ത്ഥക്കരയിലിരുന്ന് ഗതകാലസംഭവങ്ങള്‍ അയവിറക്കുമ്പോള്‍ എന്റെ സ്മരണയില്‍ പല മുഖങ്ങളും തെളിഞ്ഞുവരുന്നു. മിഴിവാര്‍ന്ന ചിത്രങ്ങളൊടൊപ്പം നിറംമങ്ങിയവയും ഉണ്ട്. നിശ്ശബ്ദം കണ്ണീര്‍ വാര്‍ക്കേണ്ട സംഭവങ്ങളും ഏറെ. ഒരു നേരിയ കാറ്റടിച്ചാല്‍പോലും ഹൃദയതന്ത്രികളില്‍നിന്ന് രക്തം ഇറ്റുവീഴുന്നു.
ഈ വാങ്മയചിത്രങ്ങള്‍ പൂര്‍ണമല്ല. എന്റെ ജീവിതപ്പാതയില്‍ ഇരുള്‍നിറഞ്ഞവേളകളില്‍ സഹായയും സ്വാന്ത്വനവുമായി അണഞ്ഞവരും കുറെയേറെപ്പേരുണ്ട്. അവരും വൈകാതെ നിങ്ങളുടെ മുമ്പിലെത്തും; കാക്കുവിന്‍!
ഓര്‍മയില്‍ വാടാമലരായി ഡോ.പോള്‍സണ്‍
ഞാന്‍ ആദ്യമായി ഡോ. പോള്‍സനെ കാണുന്നത് ഇവിടുത്തെ ഒരു സാഹിത്യസമ്മേളനത്തില്‍ വച്ചാണ്. അധികം ഉയരമില്ലാത്ത, അധികം നിറമില്ലാത്ത ഒരാള്‍. നിറം ഇരുണ്ടതെങ്കിലും മനസ്സിന്റെ നൈര്‍മല്യം മുഖലക്ഷണമറിയാവുന്ന ഞാന്‍ വായിച്ചെടുത്തു; പ്രത്യേകിച്ച്, പ്രകാശം പരത്തുന്ന ആ മന്ദഹാസത്തില്‍നിന്നും; ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു.
വീണ്ടും സര്‍ഗ്ഗവേദി, വിചാരവേദി തുടങ്ങിയ വേദികളില്‍വച്ച് ആ പരിചയം കുറെക്കൂടി ദൃഢമായി. അദ്ദേഹം കയ്യൊപ്പുവച്ച തന്റെ മൂന്നു പുസ്തകങ്ങളും എനിക്കുതന്നു. അതില്‍ അമേരിക്ക-ഒരത്ഭുതലോകം എന്താണെന്ന അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ചൂടും വേവുമുള്ള ജീവല്‍ഭാഷയിലുള്ള വിവരണം- അത് ഒരിക്കല്‍ക്കൂടി വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. സൂസന്‍ കോന്‍ എന്ന നോവല്‍ ഒരു സംഭവത്തിന്റെ ഭാവനാത്മകമായ വികാസമാണ് അമേരിക്കന്‍ പുകിലുകളാകട്ടെ. പല കാരണങ്ങളാല്‍ പലപ്പോഴും പുറമെ ദൃശ്യമാകാറില്ലെങ്കിലും(അതെന്റെ നിറത്തിന്റെ അനുഗ്രഹം അഥവാ ഭാഗ്യം) സംഘര്‍ഷത്താല്‍ എന്‍രെ നരമ്പുകള്‍ മുറുകുമ്പോള്‍ അതിനൊരയവു വരുത്താനുള്ള കൈകണ്ട ഔഷധമായി എനിക്കനുഭവപ്പെടാറുണ്ട്. ഇവിടുത്തെ വിചിത്രമായ കാര്യങ്ങളൊക്കെ വാര്‍ത്തയാകുന്നതിന്റെ കട്ടിംഗ്‌സ് ശേഖരിച്ച് ഉചിതമായ തലക്കെട്ടു നല്‍കി പുസ്തകരൂപത്തില്‍ വായനക്കാരുടെ കയ്യിലെത്തിക്കുക സ്വന്തമായി ഒരു പുസ്തകമെഴുതുന്നതിലും ശ്രമകരമാണ്. നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്നാണ് ഗ്രന്ഥകര്‍ത്താവ് സംവദിക്കുന്നതെന്നുള്ളതാണ് അദ്ദേഹത്തിന്റെ കൃതികളുടെ ഏറ്റവും വലിയ സവിശേഷത. അശൃത്രിമമായ ആ ഭാഷാശൈലിയാണ് ഡോ.പോള്‍സന്റെ കൃതികലെ ഏറെ ആകര്‍ഷകമാകുന്നത്.
ഒരു കൃതി വായിക്കുമ്പോള്‍ കൃതികാരന്റെ വ്യക്തിത്വത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിയുക സ്വാഭാവികം. പലപ്പോഴായി പലരില്‍ നിന്നും പലതും ഞാന് ഗ്രഹിച്ചു. ഇവിടുത്തെ ആദ്യകാല കുടിയേറ്റ മലയാളികള്‍ക്കെല്ലാം ഡോ.പോള്‍സണ്‍ സുപരിചിതനാണ്. ആദരവോടെയാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ചു പറയാറ്.
എന്നോട് ഒന്നുരണ്ടുതവണ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ഹിന്ദി വിവര്‍ത്തനത്തിന്റെ കാര്യം പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു മാഷ് അക്കാര്യം ഏറ്റു; നല്ലയൊരു തുകയും അഡ്വാന്‍സായി വാങ്ങിച്ചു. അത്രതന്നെ; പിന്നെ കക്ഷിയെ നാട്ടില്‍ പലപ്പോഴും ചെല്ലുമ്പോള്‍ നേരില്‍ കണ്ടു വിവരം തിരക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഞാനും ചെറുതായി ഒന്നു ശ്രമിച്ചു. റിട്ടയര്‍മെന്റിനുശേഷം ടിയാന്‍ ക്വോട്ടേഴ്‌സ് ഒഴിഞ്ഞുകൊടുത്തു. എനിക്കും തുടരന്വേഷണത്തിനു സാവകാശം കിട്ടാതെയുള്ള പോക്കും വരവുമായി. ഇന്നിപ്പോള്‍ അതൊരു കുറ്റബോധത്തോടെ ഓര്‍മ്മിക്കുന്നു. ഒരു മീറ്റിംഗില്‍വച്ച് ഒരു സംസ്‌കൃത വ്യാകരണപ്പുസ്തകം തന്നിട്ടുപറഞ്ഞു 'ഇതു ടീച്ചറിന് ഉപയോഗപ്പെടും. ഇതു ഞാന്‍ ലൈബ്രറിയില്‍നിന്നു മോഷ്ടിച്ചതാണെന്നു കരുതരുത്. ത്രോണ്‍ ഔട്ട് വിഭാഗത്തില്‍നിന്ന് വിലകൊടുത്തു വാങ്ങിയതാണ്' അതൊരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നു.
ഇവിടെയായിരുന്നപ്പോള്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ സുഖവിവരങ്ങള്‍ തിരക്കുമായിരുന്നു. ഒരിക്കല്‍ സുഖമില്ലാത്ത ഭാര്യ, ആനി നാട്ടിലാണെന്നും, ഒരു ഓപ്പറേഷനെതുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലായതിനാലാണ് മീറ്റിംഗിനൊന്നും കാണാത്തതെന്നും പറഞ്ഞു, പിന്നീടു വിളിച്ചപ്പോള്‍ അദ്ദേഹം നാട്ടിലാണെന്ന് മകനില്‍നിന്നും അറിഞ്ഞു, ഇപ്പോള്‍ മരണവൃത്താന്തവും. നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണു മരണം സംഭവിച്ചതെന്നാണു കേട്ടത്. ഒരു ഗ്രാമപ്രദേശത്തുനിന്ന് ഇവിടുത്തെപ്പോലെ മിന്നല്‍ വേഗത്തില്‍ ആശുപത്രിയിലെത്തുകവയ്യല്ലൊ. കിടന്നുകഷ്ടപ്പെടാതെ കടന്നു പോയത് 'അനായാസേന മരണം' എന്ന ഭാഗ്യം അനേകം കഷ്ടനഷ്ടങ്ങള്‍ക്കും ദൗര്‍ഭാഗ്യങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിനു കൈവന്നു. ദുഃഖത്തിന്റെ ചൂളയില്‍ സ്ഫുടംചെയ്ത ഒരാത്മാവ് നിത്യശാന്തിയില്‍ വിലയം പ്രാപിച്ചു.
ഇത്തരുണത്തില്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തിലുപരി ഡോ.പോള്‍സനെപ്പോലെ നന്മനിറഞ്ഞ വലിയ മനുഷ്യരുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന വിധിവിപര്യയങ്ങളെക്കുറിച്ച് എന്റെയീ ഏകാന്തവേളകളില്‍ ഞാനോര്‍ക്കുകയാണ്. ദുഃഖാനുഭവങ്ങളില്ലാത്ത ജിവിതമില്ല. ഒളിഞ്ഞും തെളിഞ്ഞും നിര്‍ഭാഗ്യങ്ങള്‍ നമ്മെത്തേടി വരുന്നു. അവരില്‍ ചിലര്‍ സഹനദാസരും/ ദാസികളുമാണ്; വിവേകികളും അവയൊക്കെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ചുവച്ച് മറ്റുള്ളവരുടെ കഷ്ടതകളില്‍ പങ്കുചേരും; എപ്പോഴും പ്രസന്നവദനരായിരിക്കുകയും ചെയ്യുന്നു. നാം സാധാരണക്കാര്‍ നമ്മുടെ കടുകുപ്രായമായ ദുഃഖത്തെ പര്‍വ്വതാകാരമായി സങ്കല്പിച്ച് ലോകത്തേക്കും വലിയ നിര്‍ഭാഗ്യര്‍ തങ്ങളാണെന്നു തിരിച്ചറിയിക്കുന്നു. കോലാഹലം സൃഷ്ടിക്കുന്നു…
മനസ്സില്‍ ദുഃഖത്തിന്റെ ജ്വാല ആളിക്കത്തുമ്പോഴും കാണികളെ കുടുകുടെ ചിരിപ്പിച്ച ചാര്‍ളിചാപ്ലിന്‍ എന്നും എന്റെ ആരാധനാപാത്രമാണ്. കനല്‍വഴികളിലുടെ നടന്ന എബ്രഹാംലിങ്കണ്‍; പക്ഷെ, ആ മുകം എന്നും ശോകമുദ്രിതമായിരുന്നു. അങ്ങനെ എത്രയെത്രപേര്‍!
ഡോ.പോള്‍സന്റെ ജീവിതവും വേര്‍പാടുകളുടെയും രോഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും കുടിയേറ്റസമയത്തനുഭവിച്ച അതിജീവന പ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ ആഘാതമേറെയാണ്. രോഗിണിയായ ഭാര്യയുടെ മരണം, പുത്രന്റെ അകാലവിയോഗം- എല്ലാ വ്യഥകളും ജീവിതസായാഹ്നത്തില്‍ സഹിക്കണ്ടിവന്നു; അപരിഹാര്യമായ നഷ്ടങ്ങള്‍.
ജീവിതസാഗരത്തിന്റെ തീരത്ത് അസ്തമയകാലത്ത് ഇണയില്ലാതെ, തുണയില്ലാതെ, വിധികാത്ത്, മൃതികാത്ത്, ഏകാകിയായി നിലകൊണ്ടപ്പോള്‍ ആ വലിയ മനുഷ്യന്റെ ഹൃദയത്തില്‍ അലയടിച്ച വിചാരവികാരങ്ങള്‍ക്കു രൂപംനല്‍കാന്‍ ആര്‍ക്കു കഴിയും? നിര്‍ദ്ദയ നിയതിയുടെ കഠിനമായ ചാട്ടവാറടികലേറ്റപ്പോഴും ദുഃഖത്തെ മുഖാമുഖം നോക്കിത്തോല്പിച്ച് തളരാതെ, തകരാതെ, അക്ഷോഭ്യനായി നിന്ന ആ സ്‌നേഹസമ്പന്നന്റെ ചേതനയറ്റ ശരീരം മകന്റെ വരവിനായി കാത്തുകിടക്കുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
ദൂരത്തിലെ അടുപ്പം കൈമുതലായെടുത്ത്- ജനമധ്യത്തിലോ മാധ്യമങ്ങളിലോ തന്റെ പേരു മുഴക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ലാത്ത- ആ വലിയ മനുഷ്യന്റെ സ്മരണയ്ക്കുമുമ്പില്‍ സ്‌നേഹാദരപൂര്‍വ്വം വാടാമലരുകള്‍ അര്‍പ്പിക്കുന്നു!