Image

ചില ചമ്മന്തി അനുഭവങ്ങള്‍ : ഗൃഹാതുരമായ ഒരോര്‍മ്മ- (ശ്രീ പാര്‍വതി)

ശ്രീ പാര്‍വതി Published on 27 December, 2013
 ചില ചമ്മന്തി അനുഭവങ്ങള്‍ : ഗൃഹാതുരമായ ഒരോര്‍മ്മ- (ശ്രീ പാര്‍വതി)
ഒരു ഭക്ഷണം തന്നെ വ്യത്യസ്ത രുചി ആയിരിക്കുന്നത് വ്യത്യസ്ത കൈകള്‍ കൊണ്ട് ഉണ്ടാക്കുമ്പോള്‍ മാത്രമല്ല, ഓരോ നാടിന്റെ, വീടിന്റെ, സാധനങ്ങളുടെ മനസ്സിന്റെ ഒക്കെ പ്രത്യേകതകള്‍ അവിടെ അനുഭവപ്പെടും. ഒരു ചമ്മന്തിക്കഥ പറയാം.

ചമ്മന്തി എന്നത് വളരെ അസാധാരണമായ എന്നാല്‍ അസാധാരണത്വമുള്ള ഒരു ഭക്ഷണം എന്ന നിലയില്‍ പേരുകേട്ടതാണ്. നല്ല അമ്മിക്കല്ലില്‍ അരച്ച ചമ്മന്തി കൂട്ടി ചോറുണ്ണുന്ന കഥ പറഞ്ഞ് വെള്ളമൂറുന്ന പലരേയും സൈബര്‍ ലോക്കത്ത് കണ്ടിട്ടുണ്ട്. അല്ലെങ്കിലും നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകന്നു പോകുമ്പോഴാണല്ലോ പണ്ട് ഒപ്പമുണ്ടായിരുന്ന പലതിനോടും ഇഷ്ടം കൂടുന്നത്. അതിന്, ഗൃഹാതുരത എന്നൊരു ഓമനപ്പേരും നമ്മള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അതുകൊണ്ടാവാം ആ വാക്ക് കേള്‍ക്കുമ്പോഴേ പലര്‍ക്കും രോമാഞ്ചമുണ്ടാകും.

 ഒരു ചമ്മന്തിക്കഥ എല്ലാവര്‍ക്കും പറയാനുണ്ടാകും. കുട്ടിക്കാലത്ത് സ്‌കൂളിലിരിക്കുമ്പോള്‍ ഉച്ചയാകാനുള്ള അതിതീവ്രമായ ഉത്കണ്ഠയാണ്. കാരണം ഉച്ചയ്ക്ക് തിരക്കിനിടയില്‍ കൈകഴുകിയെന്നു വരുത്തി ഭക്ഷണം കഴിക്കാനുള്ള മത്സരം നടത്തുമ്പോള്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയിട്ടുള്ളത് വിവിധ ഭക്ഷണ പൊതികള്‍ തുറക്കുമ്പോള്‍ വ്യാപിക്കുന്ന ഒരു ഗന്ധം. പൊതിഞ്ഞിരിക്കുന്ന പേപ്പര്‍ തുറന്ന് തീയില്‍ വാട്ടിയ വാഴയില തുറക്കുമ്പോള്‍ അറിയാതെ കണ്ണും മൂക്കും മനസ്സും തുറന്നു വരും. തോരനും, മെഴുക്കുപുരട്ട്യും ചമ്മന്തിയും ചോറും. ഏത് അവസ്ഥയിലാണെങ്കിലും ചമ്മന്തി പ്രധാനമാണ്, അതും ചോറ്, ഇലയില്‍ പൊതിയുമ്പോള്‍ . ചൂട് ചോറും ഇലയും കൂടി ചേര്‍ന്നപ്പോഴുണ്ടായ ഗന്ധത്തിനു പുറമേയാണ്, ചമ്മന്തിയുടെ സുഖമുള്ള വാസനയും. രസമുകുളങ്ങള്‍ ഉത്സവമാണ്, പിന്നെ.

കോളേജില്‍ പഠിക്കുന്ന സമയത്താണ്, അമ്മയുടെ ചമ്മന്തിയുടെ വില മനസ്സിലാക്കിയത്. പൊതി തുറക്കുമ്പോഴേ ചമ്മന്തി അപ്രത്യക്ഷമായിട്ടുണ്ടാകും. അടുത്തിരിക്കുന്നവര്‍ കാക്കകളെ പോലെയാണ്, ചമ്മന്തിയുണ്ടോ എന്ന് ചരിഞ്ഞു നോക്കും, പിന്നെ ഒറ്റ കൊത്തിപ്പറക്കല്‍ .കോളേജ്  ജീവിതം അവസാനിച്ച് ജീവിതത്തിന്റെ വലിയൊരു മാറ്റമുണ്ടായ കാലത്തും ഇതിനു മാറ്റമുണ്ടായില്ല. ആകാശവാണി ഓഫീസിലെ ക്യാന്റീനിലെ തൈരു കൂട്ടി വീട്ടില്‍ നിന്ന് കൊണ്ടു പോകുന്ന ചോറു കഴിക്കുമ്പൊള്‍ ചമ്മന്തി അവകാശപ്പെടാന്‍ പലരുമുണ്ടായിരുന്നു. 'നിന്റെ ചമ്മന്തിക്കെന്താ ഇത്ര പ്രത്യേകത? ഇതിലെന്താ ചേര്‍ക്കുന്നത്?'
'അങ്ങനെ വിശേഷമായിട്ടൊന്നുമില്ല, തേങ്ങയും, മുളകുപൊടിയും , ഉള്ളിയും ഇഞ്ചിയും പുളിയും ഒക്കെ തന്നെ.
അല്ലാതെ എന്തു പരയാന്‍. എങ്കിലും ഇപ്പോള്‍ ആ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയം. ആ ചമ്മന്തി അമ്മ ഉണ്ടാക്കിയതായിരുന്നു. അമ്മയുടെ സ്‌നേഹത്തിന്റെ സ്വാദുള്ള ചമ്മന്തി

ഏതൊരു പെണ്‍കുട്ടിയും വിവാഹം കഴിയുമ്പോഴാണ്, ഭക്ഷണത്തിന്റെ സ്വാദ് തിരിച്ചറിയുക. പ്രവാസികളുടെ അനുഭവം പോലെ തന്നെ. ജനിച്ചു വളര്‍ന്ന ഇടങ്ങളിലെ സ്വാദിനെ ക്രമീകരിക്കാന്‍ ഒന്നിനെ കൊണ്ടും കഴിയില്ല. ഈയടുത്ത് ഒരു സുഹൃത്ത് പറഞ്ഞ വാചകം ഏറെ ഇഷ്ടമായി
'ഭര്‍ത്താവിന്റെ അമ്മയോട് ഒരിക്കലും മത്സരിക്കാറില്ല, പ്രത്യേകിച്ച് ഭക്ഷണത്തില്‍ , കാരണം ജനിച്ചപ്പോള്‍ മുതല്‍ അറിയുന്ന സ്വാദിനെ നമ്മള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും മാറ്റാനാകില്ല, അതിനെ മറികടക്കാനുമാകില്ല.' അതു സത്യമാണ്, ഓരോ പെണ്‍കുട്ടിയും വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേയ്ക്ക് ചേക്കേറുമ്പോള്‍ തന്നെ സ്വയം തിരിച്ചറിയുന്ന ഒന്നു കൂടിയാണത്.
ചമ്മന്തിയിലേയ്ക്കു തന്നെ വന്നാല്‍ മറ്റൊരു വീട്ടിലെത്തി വര്‍ഷങ്ങള്‍ ആയിട്ടും സ്വയം അരകല്ലില്‍ അരച്ചിട്ടും, കറിവേപ്പിലയൊക്കെ ചേര്‍ത്ത് സ്വാദ് കൂട്ടാന്‍ നോക്കിയിട്ടും, അമ്മയരച്ച ചമ്മന്തിയുടെ സ്വാദ് കിട്ടുന്നില്ല.

ഇതു തന്നെയല്ലേ ഒരു പ്രവാസിയുടെ അനുഭവവും?
നാട്ടിലേയ്ക്ക് എത്താനുള്ള വെമ്പല്‍ പ്രധാനമായും അമ്മയുടെ രുചി അറിയാന്‍ തന്നെ ആകും. പണ്ട് സ്‌കൂളില്‍ കൊണ്ടു പോയിരുന്ന അതേ രുചി, അതേ സുഖം. എത്ര കഴിഞ്ഞാലും അത് അങ്ങനെ പോകുമോ?
'കുഴപ്പമില്ല, സ്വാദുണ്ട്' എന്ന് പ്രിയപ്പെട്ടവന്‍ ആവര്‍ത്തിച്ച് പറഞ്ഞാല്‍ പോലും ഒരു അസംതൃപ്തി തോന്നുന്നത് കയ്യുടെ രുചി ആകുമോ? അതോ നാടിന്റെ, സാധനങ്ങളുടെ ഒക്കെ വ്യത്യാസമാകുമോ? എന്തായാലും അതില്‍ സ്‌നേഹത്തിന്റെ സ്വാദുണ്ടാകാം, പക്ഷേ അമ്മയുടേതല്ലല്ലോ... ജനിച്ചു വളര്‍ന്ന നാടിന്റെ സ്വാദല്ലല്ലോ...

 ചില ചമ്മന്തി അനുഭവങ്ങള്‍ : ഗൃഹാതുരമായ ഒരോര്‍മ്മ- (ശ്രീ പാര്‍വതി)
Join WhatsApp News
sunny dallas 2013-12-28 08:48:13
ചമന്തി അരക്കുന്നവർ ശ്രദ്ധിക്കുക . തേങ്ങ തിരുമ്മി ഫ്രീസറിൽ വയ്ക്കുക. വെള്ളം ചേർക്കാതെ ഫ്രോസേൻ തേങ്ങ ബ്ലെണ്ടരിൽ ഹൈ സ്പീഡിൽ അരക്കുക. ഈ പൊടി വെളിയിലെടുതത്തിനു ശേഷം മറ്റുള്ള ചേരുവകൾ അല്പം വെള്ളം ചേർത്ത് അരക്കുക. എല്ലാംകൂടി ഒരു പാത്രത്തിലാക്കി കൈകൊണ്ടു ഞെരുടി ഉരുട്ടി വയ്ക്കുക. ഇതാണ് അമ്മേടെ ചമ്മന്തി !
ചമ്മന്തി 2013-12-28 16:49:54
അന്തിക്കള്ളു കുടിച്ചു ഞാൻ ഉൻമ്മത്തനായതും 
ചന്തയിൽ വച്ച് ജനത്തെ ചീത്ത വിളിച്ചതും 
ചമ്മന്തിപോലവരെന്നെ തല്ലി ചതച്ചതും 
പിന്നീട് വൈദ്യരെ പോയി ഞാൻ കണ്ടതും 
കിഴികുത്തു തിരുമു കൊഴമ്പു കഷായവും 
ആഹാരക്രമങ്ങളിൽ പഥ്യവും കൂടാതെ 
കാലത്തേം വൈകിട്ടും കഞ്ഞിയും ചമ്മന്തീം.
ചമ്മന്തി കാര്യങ്ങൾ ചൊല്ലിയാൽ തീരില്ല 
കാന്താരിയും ചുമന്നുള്ളീം നന്നാ ചതച്ചിട്ട്
വെളിച്ചെണ്ണ ചെര്തിട്ടുള്ളോരാ ചമ്മന്തി!
ചുവന്നമുളക് ഞെരിടി വെളിച്ചെണ്ണ ചെർത്തതാം 
മറ്റൊരു ചമ്മന്തി
തേങ്ങയും മാങ്ങയും കൊണ്ടങ്ങു വേറൊരു ചമന്തി 
പുളികൊണ്ട് ചമ്മന്തി ഇഞ്ചിയാൽ ചമ്മന്തി 
ഉണക്ക മീനിന്റെ ചമ്മന്തി 
ചമ്മന്തി കൂട്ടിയെൻ രൂപവും ഭാവവും മാറി ഞാൻ 
ചമ്മന്തിയായി മാറി ഞാൻ വീട്ടിലും നാട്ടിലും പിന്നീട് vaayanakkaaran 2013-12-28 20:09:46
എന്താ മോനേ ചന്തു,നീ
ചന്തേൽ പോകാറായില്ലേ?
ചന്തേൽ പോയിട്ടിന്നു ഞാൻ
എന്തു കുന്തംവാങ്ങാനാ?
എടാ പൊട്ടാ ചന്തൂ നീ
ചന്തേൽ വേഗം പോയില്ലേൽ
ചമ്മന്തി അരക്കുവാൻ
പുളിയൻ നാടൻ മാങ്ങായും
തേങ്ങാമുറിയും കാന്താരീം
വാളൻ പുളിയും ഇഞ്ചിയും
വാങ്ങിക്കൊണ്ടുവന്നില്ലേൽ
അന്തിമോന്തി മയങ്ങി
തന്ത വന്നു കേറുമ്പോൾ
ചന്തിക്കിട്ടുകിട്ടുമേ!
വിദ്യാധരൻ 2013-12-29 14:44:41
മുഗ്ദമോഹിനിയാമവൾ 
അരകല്ലിൽ വച്ച് 
അമ്മിക്കടിയിലിട്ടിരുട്ടിയ 
നല്ല ചമ്മന്തി കൂട്ടി 
ഭക്ഷണം രുചിച്ചശിക്കുമ്പോൾ 
അംഗനയുടെ അംഗോപാംഗ 
ചലനം എന്റെ ദൃഷ്ടിപദത്തിലങ്ങനെ 
ഓർമയായി വന്നു 
നൃത്തമാടുന്നത് 
മറക്കാവതല്ലഹോ!
ചന്തമേറിയ കരങ്ങളാൽ തീർത്ത 
ചമ്മന്തിയിൻ ഗുണം 
ഹന്ത വർണ്ണിപ്പാനും  എളുതല്ല കൂട്ടരേ! 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക