Image

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏഴ്) - ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 11 January, 2014
തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏഴ്) -  ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം 7
ചൂടിന്റെ കൂട് വിട്ട് ബ്ലാങ്കറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ടോണിക്ക് മടി തോന്നി. ഓഫ് ഡേ ആയതുകൊണ്ട് മനസ്സിന്റെ മടി ശരീരം ഏറ്റെടുത്തതുപോലെ. ബ്ലാങ്കറ്റിനിടയില്‍ കിടന്ന ലാപ്‌ടോപ്പിലൂടെ പലവട്ടം ലോകം ചുറ്റിയിട്ടും വീണ്ടും എന്തോ നോക്കാന്‍ മറന്നതുപോലെ അവന്‍ ഫെയ്‌സ്ബുക്കിലെ പോസ്റ്റുകളിലൂടെ ഒന്നുകൂടി പരതി തിരിച്ചു വന്നു സമയം നോക്കി. പതിനൊന്ന് മണി. ഇനി എണീക്കാം. ഉച്ചയ്ക്ക് മുമ്പ് ഹോസ്പിറ്റലില്‍ പോയി എമിലിയുടെ ഹൗസ് ഓണര്‍ പോളയെ കാണാനുളളതാണ്.

പോളയുടെ ചെയിന്‍ സ്‌മോക്കിങ്ങ് അവള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് താന്‍ പലവട്ടം അവളെ ഓര്‍മ്മപ്പെടുത്തിയതാണ്. എന്നിട്ടും അവളത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവസാനം ആ വലി അവളെ ക്യാന്‍സറില്‍ എത്തിച്ചു.

ടോണി ബ്ലാങ്കറ്റിനെ മടിയോടെ ബെഡില്‍ മൂലയില്‍ ഉപേക്ഷിച്ച് ടൗവലെടുത്ത് ഉടുത്ത് ഉറക്കത്തിന്റെ ആലസ്യത്തോടെ ബാത്ത്‌റൂമിലേക്ക് നടന്നു.

കണ്ണാടിയില്‍ നോക്കി മുടി ചീകിയൊതിക്കിയപ്പോഴാണ് ടോണി ശ്രദ്ധിച്ചത്. ഷേവ് ചെയ്യാന്‍ മറന്നു. ഇനി സാരമില്ല നാളെ രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനുമുമ്പ് ചെയ്യാം.

ടോണി ഫ്രണ്ടിലത്തെ ഡോറടയ്ക്കുമ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ട് മൊബൈല്‍ തപ്പി നോക്കി. ഭാഗ്യം മൊബൈല്‍ എടുത്തിട്ടുണ്ട്. തനിക്ക് ഈയിടെയായിട്ട് കുറച്ച് മറവി കൂടുതലാണ്. വയസ്സ് ഇരുപത്തെട്ടേ ആയിട്ടുളളൂ എന്നിട്ടും തിക്കെന്താണ് ചില കാര്യങ്ങളില്‍ ഇത്ര മറവി എന്നാലോചിച്ച് ടോണി ഫുട്പാത്തിലൂടെ നേരെ നടന്നു.

ഹോസ്പിറ്റലിലെ റിസപ്ഷനില്‍ പോളയെ അഡ്മിറ്റാക്കിയത് എവിടെയാണെന്ന് അന്വേഷിച്ചിട്ട് അവന്‍ നേരെ കാന്‍സര്‍ വാര്‍ഡിലേക്ക് നടന്നു. ക്യാന്‍സര്‍ വാര്‍ഡിലെ ഒരു ബെഡില്‍ ഓക്‌സിജന്‍ മാക്‌സ് ഘടിപ്പിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന പോളയെ കണ്ടപ്പോള്‍ ടോണിക്ക് സഹതാപം തോന്നി. പണ്ട് എമിലിയും താനും പോളയൊടൊത്ത് വൈന്‍ കുടിക്കുമ്പോള്‍ പൂസായിട്ട് വാ തോരാതെ സംസാരിക്കുകയും ഷൗട്ട് ചെയ്യുകയും ചെയ്യാറുളള പോളയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ടോണിക്ക് ആശ്ചര്യം തോന്നി. ഓക്‌സിജന്‍ മാസ്‌കില്‍ ബന്ധിക്കപ്പെട്ട് മരണത്തോട് മല്ലടിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നത് ആ പഴയ പോള തന്നെയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ടോണിയെ കണ്ടിട്ടെന്നപോലെ പോളയുടെ തളര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി ജീവന്‍ വച്ച് നിസ്സഹായയായി അവനെ നോക്കി. അവന്‍ അവളുടെ വിരലുകളില്‍ തലോടിയപ്പോള്‍ അവള്‍ അവനെ മുറുകെ പിടിച്ച് വേദനയോടെ ഞെരുങ്ങി.

“ഷീ ഈസ് ഇന്‍ സ്പിയര്‍ പെയ്ന്‍ ഡോക്ടര്‍ അഡൈസ്വസ്ഡ് ഫോര്‍ കെയര്‍ പാത്ത് വേ”
 അവളെ ശുശ്രൂഷിക്കുന്ന ഒരു നഴ്‌സ് ടോണിയുടെ അടുത്ത് വന്നു സ്വകാര്യമായി പറഞ്ഞു. കെയര്‍ പാത്ത് വേ അത് നല്ല കാര്യമാണ്. ഈ തീവ്രമായ വേദനയില്‍ നിന്ന് ഡോക്ടര്‍ അവള്‍ക്ക് വേദന രഹിതമായ ഒരു മരണം സമ്മാനിക്കാന്‍ കഴിയുകയാണെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്. മരണത്തിനു മുമ്പില്‍ തോല്‍ക്കാത്ത ഒരു വേദനയുമില്ലല്ലോ.

 ടോണി വാര്‍ഡില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുമ്പോള്‍ മുമ്പിലെ കോറിഡോറിലെ തൂണില്‍ ചാരി നില്‍ക്കുന്ന റഫീക്കിനെ കണ്ട് ടോണി അയാളുടെ അടുത്തേക്ക് ചെന്നു.

“ഹലോ റഫീക്ക് ”

തന്റെ പേര് വിളിക്കുന്നത് കേട്ട് റഫീക്ക് പെട്ടന്ന് ചിന്തയിലില്‍ നിന്ന് ഉണര്‍ന്ന് ചുറ്റും നോക്കി
“ഹായ് ടോണി”

“റഫീക്കെന്താ ഇവിടെ”

പെട്ടന്നുളള ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെ അല്‍പ്പ നേരം സംശയിച്ചു നിന്നിട്ട് റഫീക്ക് പറഞ്ഞു:

“എന്റെ വൈഫ് ഇവിടെയുണ്ട് ”

“ഇവിടെയോ”

“ഉം”

“എന്ത് പറ്റി”

റഫീക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ ടോണിക്ക് തോന്നി.

“ഷീ ഈസ് ഇന്‍ ട്രീറ്റ്‌മെന്റ് ഓഫ് സ്റ്റൊമക്ക് കാന്‍സര്‍”

“ശരിക്കും”

റഫീക്ക് നിറഞ്ഞ് വന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് അതെയെന്ന് തലയാട്ടി.

“ഇക്ക വാ ഡോക്ടര്‍ വിളിക്കുന്നു”

ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ മാസ്‌കും തലയില്‍ ഒരു നീലതൊപ്പിയുമായി റൂമിന്റെ ഗ്ലാസ് ഡോറിലൂടെ പാതി ശരീരം പുറത്തേക്ക് കാണിച്ച് വിളിച്ചു പറഞ്ഞു.

“ടോണി ഞാന്‍ പോകുവാ”

ടോണി  മറുപടിയൊന്നും പറയാതെ റഫീക്ക് പറഞ്ഞതൊന്നും ഉള്‍ക്കൊളളാന്‍ കഴിയാതെ ചലനമറ്റവനെപോലെ അവിടെതന്നെ നിന്നു. ട്രാം ഇറങ്ങി കെയര്‍ ഹോമിലേക്ക് ധൃതിയില്‍ നടക്കുന്ന റോസ് മേരിയെ ടോണി പുറകില്‍ നിന്നു വിളിച്ചു:

“റോസ് മേരി ചേച്ചി ഞാനും വരുന്നു”

റോസ് മേരി തിരിഞ്ഞു നോക്കിയപ്പോള്‍ ടോണി തൊട്ടുപുറകില്‍
“ദേ നിനക്കിന്ന് ഡ്യൂട്ടിയുണ്ടോ? ഞാന്‍ വിചാരിച്ചു നിനക്കിന്ന് ഓഫായിരിക്കുമെന്ന് ”

ടോണി മറുപടിയൊന്നും പറയാതെ നിശബ്ദനായി നടന്നു. അപ്പോള്‍ റോസ് മേരി തണുത്ത കാറ്റില്‍ വിറച്ചുകൊണ്ട് പറഞ്ഞു:

“ഡിസംബറിന്റെ വരവറിയിച്ച് ഇപ്പോള്‍ തന്നെ തണുപ്പ് തുടങ്ങിയല്ലേ”
“ഉം”
അല്‍പനേരത്തെ മൗനത്തിനുശേഷം ടോണി ചോദിച്ചു:

“റഫീക്കിന്റെ വൈഫിന് ക്യാന്‍സര്‍ ആണല്ലേ”

ആ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ അല്‍പ്പ നേരം സംശയിച്ചു നിന്നിട്ട് റോസ് മേരി പറഞ്ഞു:

“അതേ…ഇത് നീയെങ്ങനെ അിറഞ്ഞു”

“കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ വച്ച് റഫീക്കാണ് എന്നോട് പറഞ്ഞത് ”

“ഫാത്തിമയ്ക്ക് അവളുടെ അസുഖം മറ്റാരെയും അിറയിച്ച് സഹതാപം പറ്റുന്നത് ഇഷ്ടമില്ല. അതുകൊണ്ടാണ് റഫീക്ക് അധികമാരോടും പറയാതിരുന്നത്. അവളുടെ കണ്ടീഷന്‍ ഇപ്പോള്‍ കുറച്ച് സീരിയസ്സാണ്. ക്യാന്‍സര്‍ സെക്കന്റ് സ്റ്റേജില്‍ എത്തിയിട്ടാണ് അവരറിയുന്നത് തന്നെ. അതുകൊണ്ടിനി ഓപ്പറേഷന്‍ ചെയ്തിട്ടും കാര്യമില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് കീമോതെറാപ്പി മാത്രമാണ്. അതുകൊണ്ടിനി വല്ല്യ പ്രയോജനവുമില്ല”

റോസ് മേരി ദുഃഖത്തോടെ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ടോണി പറഞ്ഞു:
“വല്ലാത്തൊരു അവസ്ഥ തന്നെ”

“അവളെയെനിക്കിഷ്ടമാണ്. നല്ല കഴിവുളള പെണ്‍കുട്ടി. അവള്‍ ഇവിടെ സ്വന്തമായി ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഡ്രസ്സുകളൊക്കെ കാണാന്‍ എന്ത് ഭംഗിയാണ്. അവള്‍ക്കണേല്‍ പ്രായം ജസ്റ്റ് ഇരുപത്തിയെട്ടെ ആയിട്ടുളളൂ. എന്നിട്ടും…”

റോസ് മേരി പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുമ്പ് ടോണി പറഞ്ഞു:
“ജീവിതത്തിന്റെ കാര്യമൊക്കെ അത്രയേ ഉളളൂ. അടുത്ത നിമിഷം നമുക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല”

“അതെ”

കെയര്‍ ഹോമില്‍ എത്തിയപ്പോള്‍ പഞ്ച് മെഷീനില്‍ ക്ലോക്കിന്‍ ചെയ്തിട്ട് ടോണി പറഞ്ഞു.

“ചേച്ചി ഞാന്‍ റോബര്‍ട്ടിന് ഷവര്‍ കൊടുത്ത് റെഡിയാക്കി വീല്‍ ചെയറില്‍ ഇരുത്തിയിട്ട് നഴസിംഗ് സ്റ്റേഷനിലേക്ക് വന്നേക്കാം. ഇന്ന് പതിനൊന്ന് മണിക്ക് റോബര്‍ട്ടിന് ഹോസ്പിറ്റലില്‍ അപ്പോയിന്റ് മെന്റ് ഉളളതല്ലെ”

“ആ ശരിയാ”

റോബര്‍ട്ടിന്റെ ഉച്ചത്തിലുളള പുലഭ്യം വിളികേട്ടുകൊണ്ടാണ് ടോണി റൂമിലേക്ക് കയറി ചെന്നത്. മലവും മൂത്രവും കൊണ്ട് നിറഞ്ഞ ബ്ലാങ്കറ്റില്‍ പറ്റി പിടിച്ചു കിടക്കുന്ന റോബര്‍ട്ടിനെ കണ്ടപ്പോള്‍ ടോണിക്ക് സഹതാപം തോന്നി. എപ്പോഴും തെറി പറഞ്ഞ് ആളുകളെ അലോസരപ്പെടുത്തുന്ന റോബര്‍ട്ടിന്റെ ഈ കാഴ്ച ആരെയും സങ്കടപ്പെടുത്തും. പൂര്‍ണ്ണമായും ഓര്‍മ്മ നശിച്ച് ചലിക്കുന്ന ഒരു പാവമാത്രമാണ് ഇന്നയാളെങ്കിലും അയാളും തന്നെപ്പോലെ ഒരു മനുഷ്യനാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്ട്‌ലാന്റില്‍ നിന്ന് തൊഴില്‍ തേടി ചേക്കേറിയതാണ് അയാള്‍. നിരവധി കാമുകിമാരില്‍ അയാള്‍ക്ക് ആണും പെണ്ണുമായി നിരവധി കുട്ടികളുണ്ടെങ്കിലും അയാളെ തേടി ഇന്നുവരെ ആരും വന്നിട്ടില്ല.

റോബര്‍ട്ടിന് ഓര്‍മ്മ നശിക്കുന്നതിന് മുമ്പ് ഒരിക്കല്‍ തന്റെ മൂത്ത മകളെ ഒന്നു കാണണമെന്ന് പറഞ്ഞിട്ട് താന്‍ അയാളുടെ ഫയലില്‍ നിന്ന് മകളുടെ നമ്പര്‍ തപ്പിപിടിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ അവള്‍ വരാമെന്ന് പറഞ്ഞ് വെറുതെ റോബര്‍ട്ടിനെ പറ്റിച്ചു.

അതോര്‍ത്ത് അയാള്‍ കുറേ ദിവസം കരഞ്ഞിരുന്നു.

ടോണി ഗ്ലൗസിട്ട് റോബര്‍ട്ടിനെ ക്ലീന്‍ ചെയ്ത് ഷവര്‍ റൂമില്‍ കൊണ്ട് പോയി കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ആരോ ഡോറിന് മട്ടുന്നത് കേട്ട് ടോണി പറഞ്ഞു:

“സോറി റോബര്‍ട്ട് അയാം കമിങ്ങ് ”

ടോണി ഡോര്‍ തുറന്നപ്പോള്‍ റോസ് മേരി പറഞ്ഞു:

“ടോണി സാഡ് ന്യൂസ്. ഫാത്തിമ പാസ്ഡ് എവെ”

ആ വാര്‍ത്ത ഉള്‍ക്കൊളളാന്‍ കഴിയാതെ ടോണി ഡോര്‍ അടച്ച് റോബര്‍ട്ടിന്റെ ബെഡിലേക്കിരുന്നു.
റോബര്‍ട്ടിന്റെ തെറി വിളി കേട്ടുകൊണ്ടാണ് ടോണി ചിന്തയില്‍ നിന്നുണര്‍ന്നത്. നോക്കുമ്പോള്‍ റോബര്‍ട്ട് ശരീരം മുഴുവന്‍ നനഞ്ഞ് ഷവര്‍ റൂമിലിരുന്ന് വിറയ്ക്കുന്നു.

ടോണി വേഗം ടൗവ്വലെടുത്ത് അയാളുടെ അടുത്തേക്ക് ഓടി ശരീരത്തെ വെളളം ഒപ്പികൊണ്ട് പറഞ്ഞു.
“അയാം റിയലി സോറി റോബര്‍ട്ട് ”


തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏഴ്) -  ജിന്‍സന്‍ ഇരിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക