Malabar Gold

അവസ്ഥാന്തരങ്ങള്‍(കവിത - ശ്രീകുമാര്‍ പുരുഷോത്തമന്‍)

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 28 January, 2014
 അവസ്ഥാന്തരങ്ങള്‍(കവിത - ശ്രീകുമാര്‍ പുരുഷോത്തമന്‍)


അവസ്ഥാന്തരങ്ങള്‍

രക്തം കിനിഞ്ഞൊരാ നാട്ടുവഴികളില്‍
സ്തബ്ധനായി ഞാന്‍ നിന്ന് തേങ്ങി
എന്‍പ്രിയ തോഴനും ബന്ധുവും കാന്തനും
വെട്ടേറ്റു വീണതീ മണ്ണില്‍

വടിവാള് വീശി കുസൃതി കാട്ടി
വെടിയേറ്റ് വീണവരെത്രെയെന്നോ  ?
അനുശോചനത്തിന്റെ ലാവാപ്രവാഹത്തില്‍
വാക്കുകള്‍ അന്തിച്ചു നിന്നു

അപദാനസൂക്തങ്ങളുച്ചത്തില്‍ ഘോഷിച്ചു
സ്മാരക സ്തൂപത്തിന്‍ മുന്നില്‍
സംസ്ഥാന നെതാക്കളെല്ലാരുമെത്തി
കണ്ണീരു വീഴ്ത്തി പിരിഞ്ഞു
 
പോരാളിയാണവന്‍   തേരാളിയാണവന്‍
നാടിന്റെ ഓമനപ്പുത്രന്‍
പാതയോരങ്ങളില്‍ പോസ്റ്റര്‍ പതിച്ചവര്‍
വീര ചരിതം പുകഴ്ത്തി

തോരണം കെട്ടി കൊടികള്‍ നാട്ടി
വാര്‍ഷികമാഘോഷമാക്കി  
ബക്കറ്റ്ഫണ്ട്  പിരിച്ചു രസിച്ചവര്‍
കീശ നിറച്ചു സുഖിച്ചു

ഉമിനീരു കിട്ടാതടുപ്പു പുകയാതെ
ഉറ്റവര്‍ പട്ടിണിയായി
കാലങ്ങള്‍ ചിത്രം മാറ്റി വരയ്ക്കുന്നു
കോലങ്ങളാടി  തിമര്‍ത്തു

ചൂടുവെള്ളത്തില്‍ കുളിച്ചു നിവര്‍ന്നപ്പൊഴെ
നേതാക്കളെല്ലാം മറന്നു
പ്രത്യയ ശാസ്ത്രങ്ങള്‍ പോയി തുലയട്ടെ
വോട്ടാണ് മുഖ്യം സുഹൃത്തേ
 
ശത്രുവും മിത്രവും തോളോട് ചേര്‍ന്നിതാ
പാതയോരത്തൊരു റൂട്ട്മാര്‍ച്ച് 
കാവിമണ്‍പുറ്റില്‍   ചെമ്മണ്ണു പാകി
വീഥികളൊക്കെയലങ്കരിച്ചു

തുടരാതിരിക്കട്ടെ പ്രതികാരദാഹങ്ങള്‍
ഉരുളാതിരിക്കട്ടെ തലകള്‍ വീണ്ടും
ഉയരട്ടെ മാനവ ചിന്താധരണികള്‍  
പുലരട്ടെ ശാന്തി , കറയറ്റ സ്‌നേഹം !!!

വിദ്യാധരൻ 2014-01-28 16:00:30
നാടിന്റെ ദുർഗതി ഓർത്തു കേഴും കവി 
എകട്ടെ ഞാനാദ്യം സലാം 
പുണ്യവാൻ തോമസ്സും ശങ്കരാച്യരരും 
വന്നുപോയരാ നാട്ടിൽ 
ശാന്തിമന്ത്രങ്ങളും പ്രത്യശാസ്ത്രങ്ങളും 
കേട്ടു വളർന്നോരാ നാട്ടിൽ 
സ്നേഹാദരങ്ങളാൽ സർവ്വമതസ്ഥരും 
ഒന്നായ് ക്കഴിഞ്ഞൊരാ നാട്ടിൽ 
വന്നുഭവിച്ചീയവസ്ഥാന്തരങ്ങളിൽ
ദുഖിതർ ഞങ്ങൾ ജനങ്ങൾ  
പണവും പ്രതാപവും ജീവിത മൂല്യമായി 
പിണമായി മാനുഷജന്മം 
പൊയ്മുഖ് ധാരികൾ നേതാക്കൾ ഗുണ്ടകൾ 
അവരുടെ വിളയാട്ടംനാട്ടിൽ
നാക്കെടുത്താൽ പച്ചകള്ളം പറയുവാൻ 
നാവിലവർക്കൊരു ഉളുക്കുമില്ല 
കൊള്ള കൊലച്ചതി തട്ടിപ്പ് വെട്ടിപ്പ് 
എങ്ങും അനീതിയിൻ നൃത്തം
കണ്ടാൽ ചിരിച്ചിട്ട് തോളത്തു കയ്യിടും 
പിന്നെ കഴുത്തങ്ങറക്കും 
സാരിചുറ്റിയൊരു കൊലുകണ്ടാൽ മതി 
പീഡനമങ്ങു തുടങ്ങും 
പീഡിപ്പിച്ചിട്ടവർ ഓടിഒളിക്കുന്നു 
അസംബ്ലിയിൽ  രാജ്യസഭയിൽ 
നാടാരും ജോസഫും കുരിയനും ആലിയും 
പീഡകൻ കുമാരൻ ഗണേഷും
കൂടാതെ ഇവർക്കൊക്കെ ചൂട് പകരുവാൻ 
സോളാർ സരിതയിൻ ഊർജ്ജം 
എഴുതുവാൻ ഇങ്ങനെ ഒട്ടേറെ ഉണ്ടെന്നാൽ 
എഴുതിയാൽ നമ്മളും നാറും 
നാറിയാലും വേണ്ടില്ല എഴുതുവിൻ കവികളെ 
ഉരിയെട്ടെ ഇവരുടെ തൊലികൾ 


Rajasree Pinto 2014-01-29 06:42:32
Great poem.After a long time I felt like reading something exceptional .As good as ulloor poems in a different new style.
Bindu Tiji 2014-01-29 10:06:28
മനസ്സ് വേദനിപ്പിക്കുന്ന കേരള രാഷ്ട്രീയ കൊലപാതകങ്ങളുടെ നല്ല ഒരു ചിത്രം വരച്ചു. മനസ്സിലാവാത്ത ആധുനിക കവിതകളില നിന്നും മാറി ഒരു നല്ല കവിത വായിച്ച സുഖം.Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക