Image

അണ്ണന്റെ അനിയനായി. (സോമരാജന്‍ പണിക്കര്‍)

Published on 29 January, 2014
അണ്ണന്റെ അനിയനായി. (സോമരാജന്‍ പണിക്കര്‍)
അമ്മക്ക്‌ അഞ്ചു ആണ്മക്കള്‍ ആയിരുന്നു , ദൗര്‍ഭാഗ്യവശാല്‍ രണ്ടുപേര്‍ വളരെ ചെറുപ്പത്തിലെ മരിച്ചു പോയി . അവശേഷിച്ച മൂന്നു മക്കളാണ്‌ അമ്മക്ക്‌ ഞങ്ങള്‍. വിജയരാജന്‍, സോമരാജന്‍, ജ്യോതിരാജന്‍ എന്ന്‌ അമ്മ തന്നെ പേരിട്ട ഞങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അമ്മ നന്നായി പാടുപെട്ടു . അമ്മക്ക്‌ ജനിച്ച ആദ്യകുട്ടിക്കു ജയരാജന്‍ എന്നായിരുന്നു പേരിട്ടത്‌ . അമ്മയുടെ നിറവും മണവും ഗുണവും ഉള്ള ആ കുഞ്ഞിനെ നോക്കാന്‍ ഒരു സ്‌ത്രീയെ ഏര്‍പ്പാടാക്കി അമ്മ ജോലിക്ക്‌ പോകുകയാണ്‌ പതിവ്‌ . അന്ന്‌ ചങ്ങനാശ്ശേരി അമ്മയുടെ തറവാടായ `കൊണ്ടയില്‍` ആയിരുന്നു താമസം . അരീക്കരയില്‍ നിന്നും അമ്മയെയും കുഞ്ഞിനേയും നോക്കാന്‍ കൊണ്ടുവന്ന ഈ സ്‌ത്രീ അമ്മ സ്‌കൂളില്‍ പോയ സമയം കടല വറുത്തു കുറെ സ്വയം കഴിക്കുകയും കുറച്ചു ചെറിയ കുഞ്ഞിനും കൊടുത്തു പോലും . കുഞ്ഞിനു ദഹനക്കേട്‌ ഉണ്ടാവുകയും അമ്മ സ്‌കൂളില്‍ നിന്നും പാഞ്ഞെത്തിയപ്പൊഴെക്കും മരണം സംഭവിച്ചു കഴിയുകയും ചെയ്‌തു . അമ്മയും അച്ഛനും ഈ കുഞ്ഞിനെ കഥ പറഞ്ഞു ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചേട്ടനെ ഞാന്‍ എത്രയോ തവണ സങ്കല്‌പ്പിച്ചു നോക്കിയിട്ടുണ്ട്‌ . മരണമടഞ്ഞ മറ്റൊരു കുഞ്ഞു എനിക്ക്‌ ഇളയതായിരുന്നു . ജനിച്ചു ഏതാനം മാസങ്ങളെ ഈ കുഞ്ഞു ജീവിച്ചിരുന്നുള്ളൂ .

എന്റെ ചേട്ടന്‍ വിജയരാജന്‍ ജനിച്ചതും ചങ്ങനാശ്ശേരിയില്‍ ആണ്‌ , എന്നാല്‍ അമ്മക്ക്‌ കൊട്ടാരക്കരയിലേക്ക്‌ സ്ഥലം മാറ്റം കിട്ടിയതോടെ കൈക്കുഞ്ഞായ വിജയനോടൊപ്പം അമ്മ കൊട്ടാരക്കര ഗണപതി അമ്പലത്തിനു വളരെ അടുത്ത്‌ ഒരു വീട്‌ വാടകയ്‌ക്ക്‌ എടുത്തു താമസം മാറിയത്‌ . ഇവിടെ വെച്ചാണ്‌ ഞാന്‍ ജനിക്കുന്നത്‌ . അമ്മയുടെ കഷ്ടപ്പാടുകളും സങ്കടങ്ങളും ഞാന്‍ ജനിച്ചതോടെ പാരമ്യത്തിലായി എന്ന്‌ തന്നെ പറയാം . രണ്ടു കുരുന്നുകള്‍ , അവരെ നോക്കാന്‍ ആളില്ല , അച്ഛന്‍ പട്ടാളത്തില്‍ , ഭരിച്ച ജോലി , പാചകമോ വീട്ടുജോലികളോ ഒന്നും വശമില്ലത്തതിനാല്‍ അമ്മ കണ്ണീരും കൈയ്യുമായി കുറെനാള്‍ കൊട്ടാരക്കര വാടക വീട്ടില്‍ തള്ളിനീക്കി . ഒടുവില്‍ അച്ഛന്റെ സ്വന്തം സ്ഥലമായ അരീക്കര എത്താന്‍ അമ്മക്ക്‌ അടുത്തുള്ള മുളക്കുഴ സ്‌കൂളിലേക്ക്‌ മാറ്റം വാങ്ങി . ആദ്യം കൂടെനില്‍ക്കുന്നതില്‍ എന്നൊരു വീട്ടില്‍ വാടകയ്‌ക്ക്‌ താമസമായിരുന്നു . ഇവിടെവെച്ചാണ്‌ എന്റെ ഇളയ അനുജന്‍ മരിച്ചതും കൊച്ചനിയന്‍ ജ്യോതിരാജന്‍ ജനിച്ചതും . വിജയരാജന്‍ അമ്മയെപ്പോലെ നന്നായി വെളുത്ത , സ്വര്‌ണ നിറമുള്ള രോമങ്ങള്‍ ഉള്ള ഒരു കുട്ടിയായിരുന്നു . അമ്മയെ പറിച്ച്‌ വെച്ചതുപോലെ എന്നാണ്‌ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞിട്ട്‌ പോകുന്നത്‌ . അത്‌ കേള്‍ക്കുമ്പോള്‍ അമ്മക്ക്‌ വലിയ അഭിമാനവും . അത്‌ മാത്രമോ കറുത്തവനും വിരൂപനും ആയ ഞാന്‍ അമ്മയെപ്പോലെ ആകാതെപൊയതിനു ഓരോ കാരണങ്ങള്‍ അമ്മ തന്നെ കണ്ടുപിടിക്കുമായിരുന്നു .

അമ്മയുടെ ഈ താരതമ്യം അക്കാലത്ത്‌ എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അണ്ണനെ എല്ലാവരും സ്‌നേഹിക്കുകയും എന്നെ എല്ലാവരും അവഗണിക്കുന്നു എന്നുമായിരുന്നു എന്റെ എപ്പോഴുമുള്ള പരാതി . അണ്ണനും ഞാനും തമ്മില്‍ നിറം കൊണ്ട്‌ മാത്രമല്ല വ്യത്യസ്ഥത . പഠനത്തിലും പെരുമാറ്റത്തിലും വൃത്തിയിലും ശുദ്ധിയിലും എല്ലാം അണ്ണന്‍ എന്നെക്കാള്‍ വളരെ മുന്‌പിലായിരുന്നു . എപ്പോഴും വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കും . രണ്ടോ മൂന്നോ നേരം കുളിക്കും , കുളി കഴിഞ്ഞാല്‍ ഉടന്‍ വേഷം മാറണം. ഉടുപ്പില്‍ കറയോ അഴുക്കോ ഒട്ടും ഉണ്ടാവാന്‍ പാടില്ല . ഉടുപ്പും നിക്കറും മാറി അമ്മ തളരും . എന്നാലും അമ്മയെപ്പോലെ വലിയ വൃത്തിയുള്ള വിജയന്‍റെ കാര്യം ഒന്നോ രണ്ടോ തവണ എന്നോട്‌ പറഞ്ഞു ചെവിക്കു പിടിച്ചു തിരുമി ` കുളിക്കുകയും ഇല്ല , നനക്കുകയും ഇല്ല , ഇങ്ങനെ ഒരു അസത്ത്‌ ചെറുക്കന്‍ ! ` എന്ന്‌ വഴക്ക്‌ പറയാന്‍ അമ്മ മറക്കുകയും ഇല്ല . ഞാന്‍ ആണെങ്കില്‍ അടി ഇരന്നു വാങ്ങുന്ന പ്രകൃതവും . അമ്മക്ക്‌ ഇഷ്ടമുള്ള ഒരു കാര്യവും എന്റെ മനസ്സില്‌ വരികയില്ല . ദിവസം മുഴുവന്‍ പറമ്പിലും കുളത്തിലും പാടത്തും ആയി അമ്മക്ക്‌ ഇഷ്ടമില്ലാത്ത കുട്ടികളുമായി കൂട്ട്‌ കൂടി കളിച്ചു നടക്കും . ഉടുപ്പ്‌ ഇടുന്ന പതിവേ ഇല്ല . ഉള്ള ഉടുപ്പുകളും നിക്കറും മുഴുവന്‍ കറയോ ബട്ടണ്‍ ഇല്ലത്തവയൊ ആയിരിക്കും . എവിടെ കൊണ്ടുപോയാലും അമ്മ അണ്ണനെ മാത്രമേ കൊണ്ടുപോവുകയുള്ളൂ,. കറ ഇല്ലാത്തതോ വൃത്തി ഉള്ളതോ ആയ ഒരു ഉടുപ്പ്‌ തപ്പി അമ്മ മടുക്കും . സ്‌കൂള്‍ എത്തിയപ്പോള്‍ എന്നെ പേര്‌ കൊണ്ടു അദ്ധ്യാപകര്‍ അറിയുനത്‌ `വിജയന്‍റെ അനിയന്‍ ` എന്നായിരുന്നു .

അത്രയ്‌ക്ക്‌ ഒരു മാതൃകാ വിദ്യാര്‍ഥി ആയിരുന്നു , ക്ലാസ്സില്‍ അണ്ണന്‍ ആയിരുന്നു മിക്കപ്പോഴും ഒന്നാമന്‍ . വളരെ ചുരുക്കമായേ അത്‌ രണ്ടാമതായുള്ളൂ. അണ്ണന്‌ പ്രായത്തില്‍ കവിഞ്ഞ പക്വതയും മാന്യതയും അറിവും വായനയും ഒക്കെ ഉണ്ടായിരുന്നതിനാല്‍ അമ്മയ്‌ക്കും അച്ഛനും ഏതുകാര്യത്തിലും അവസാന വാക്ക്‌ അണ്ണന്‍ പറയുന്നത്‌ ആയിരിക്കും . എനിക്ക്‌ ഉടുപ്പിനു തുണി എടുക്കുന്നതോ ഗൈഡ്‌ വാങ്ങിക്കുന്നതൊ പെന്‍സില്‍ വാങ്ങുന്നതൊ എല്ലാം അണ്ണന്റെ അഭിപ്രായം അനുസരിച്ച്‌ ആയിരിക്കും . അത്‌ കാരണം ` എനിക്ക്‌ വേണ്ട ` എന്ന്‌ പറഞ്ഞു കിട്ടുന്ന സാധനങ്ങള്‍ വലിച്ചെറിയാനും അതിന്റെ പേരില്‌ എന്നും അടി കിട്ടാനും ആണ്‌ എനിക്ക്‌ വിധി . എനിക്ക്‌ വേണ്ട സാധനങ്ങള്‍ ഞാന്‍ തന്നെ തിരഞ്ഞെടുക്കുന്ന അവകാശം സ്ഥാപിച്ചു കിട്ടാന്‍ വലിയ സായുധ സമരങ്ങള്‍ വരെ നടത്തേണ്ടി വന്നു . അണ്ണന്‍ എന്റെ ജീവിതത്തിലെ വില്ലന്‍ ആയി പിന്നെയും എത്രയോ നാള്‍ വിലസി . അമ്മക്ക്‌ അണ്ണന്‍ വെറും ഒരു മൂത്ത മകന്‍ മാത്രം ആയിരുന്നില്ല . അമ്മയുടെ പ്രാര്‍ഥനയും പ്രതീക്ഷയും ആയി വളര്‌ന്ന ഒരു മകനായിരുന്നു . അമ്മയുടെ മനസ്സു വായിക്കാന്‍ , അമ്മയുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു ആശ്വസിപ്പിക്കാനും പ്രവര്‌ത്തിക്കാനും കഴിവും മനസ്സും ഉള്ള ഒരു മകന്‍ . അമ്മയുടെ ധനികരായ ബന്ധുക്കളുടെ മുന്‍പില്‍ ഒക്കെ തലയുയര്‍ത്തി നില്‌ക്കാന്‍ കഴിയുന്നത്‌ വിജയന്‍റെ അറിവും അഴകും കഴിവും ഒക്കെ എടുത്തു പറഞ്ഞാണ്‌ . വിവാഹങ്ങള്‍ക്കും ഒക്കെ അണ്ണനെ നല്ല വേഷം അണിയിച്ചു കൊണ്ടുപോകുമ്പോള്‍ കണ്ണീരോടെ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. ` നീ അവനെപ്പോലെ മിടുക്കനായി പഠിച്ചു കാണിക്കൂ , അപ്പോള്‍ നിന്നെയും കൊണ്ടുപോകാം ` അമ്മ പറയുന്ന നല്ല കാര്യങ്ങള്‍ ഒന്നും ബുദ്ധി വികസിക്കാത്ത എന്റെ തലയില്‍ കയറിയില്ല എന്ന്‌ മാത്രമല്ല അഭിമാനിയായ ഈ അമ്മയെയും അണ്ണനെയും എങ്ങിനെ നാണം കെടുത്താം എന്ന്‌ ആലോചിച്ചു കൂടുതല്‍ തല്ലു വാങ്ങുമായിരുന്നു .

അണ്ണന്റെ വൃത്തിയുള്ള ഉടുപ്പില്‍ മഷി കുടഞ്ഞും ചെളി പുരട്ടിയും ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി . അണ്ണന്‍ മുതിര്‍ന്ന കുട്ടി ആയതോടെ അമ്മക്ക്‌ വലിയൊരു ആശ്വാസവും കൈത്താങ്ങും ആയിരുന്നു . അണ്ണന്‌ അറിയാത്തതോ ചെയ്യത്തതൊ ആയ ഒരു ജോലിയും വീട്ടില്‍ ഇല്ല . പശുവിനെ കുളിപ്പിക്കുക , പാല്‍ കറക്കുക , ചാണകം വാരുക , അരി ഇടയുക , ആട്ടുകല്ലില്‍ അരി ആട്ടുക, മീന്‍ വെട്ടുക , മുറ്റം തൂക്കുക , എന്ന്‌ വേണ്ട അമ്മക്ക്‌ സഹായം ആയി എന്ത്‌ ചെയ്യാനും അണ്ണന്‍ എപ്പോഴും ഒരുക്കമായിരുന്നു . വീട്ടു ജോലികള്‍ ആണോ പെണ്ണോ എന്ന്‌ വ്യത്യാസം ഇല്ലാതെ ചെയ്യാം എന്ന ആശയം മറ്റു കുട്ടികളുടെ മനസ്സില്‌ എത്തിയത്‌ തന്നെ അണ്ണന്റെ ജോലികള്‍ ചെയ്യാനുള്ള ഈ മനോഭാവം ആണ്‌ . പഠനത്തില്‍ സമര്‍ത്ഥനായ വിജയരാജനെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും സ്വപ്‌നം. അതിനുള്ള കഴിവും യോഗ്യതയും ഒക്കെ അണ്ണന്‌ വേണ്ടുവോളം ഉണ്ടായിരുന്നു താനും . പത്താം ക്ലാസ്സില്‍ ഉയര്‌ന്ന മാര്‌ക്ക്‌ കിട്ടി സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തു ആ വഴിക്ക്‌ നീങ്ങുകയും ചെയ്‌തു . അണ്ണന്‌ ഗൈഡ്‌ വാങ്ങാനും നല്ല ഉടുപ്പും നിക്കറും ഒക്കെ കൊടുക്കാനും അവധിക്കാലത്ത്‌ തങ്കശേരി മാമന്റെ വീട്ടില്‍ അയച്ചു ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ അമ്മ ബുദ്ധി മുട്ടിയതും ഒക്കെ എങ്ങിനെയും മിടുക്കനായ മകനെ ഒരു ഡോക്ടര്‍ ആക്കാന്‍ ആയിരുന്നു . അമ്മക്ക്‌ കഷ്ടിച്ച്‌ പരീക്ഷകള്‍ പാസ്സായി രക്ഷപെട്ടിരുന്ന എന്നെപ്പറ്റി അങ്ങിനെ ഒരു ദുരാഗ്രഹമെ ഉണ്ടായിരുന്നില്ല .

അമ്മയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട്‌ അണ്ണന്‌ എം ബീ ബീ എസ്‌ നു അഡ്‌മിഷന്‍ ഒരു മാര്‌ക്കിനു നഷ്ടപ്പെട്ടു . അന്ന്‌ പുതിയതായി തുടങ്ങിയ ബീ ഫാം കോഴ്‌സ്‌ നു പ്രവേശനം കിട്ടുകയും ലഭിച്ചു . ഒരുപാട്‌ മനസ്സിലാ മനസ്സോടെയാണ്‌ അമ്മയും അണ്ണനും ഒടുവില്‍ കിട്ടിയ കോഴ്‌സ്‌ നു ചേരാന്‍ നിശ്ചയിച്ചത്‌ . അച്ഛന്‍ തുടങ്ങി വെച്ച വീട്‌ പണി കാരണം അന്നത്തെ സാമ്പത്തിക നില വളരെ പരുങ്ങലില്‍ ആയിരുന്നു . അണ്ണന്‍ പാസായി ജോലി കിട്ടിയാല്‍ എങ്ങിനെയും കുറെ മാറ്റം ഉണ്ടാകും എന്ന്‌ അവര്‌ക്ക്‌ ബോദ്ധ്യപ്പെടുകയും ചെയ്‌തു . ആദ്യമായി അണ്ണന്‍ വീട്‌ വിട്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ഹോസ്റ്റല്‍ ലേക്ക്‌ താമസം മാറിയത്‌ അമ്മയെ വല്ലാതെ ഒറ്റക്കാക്കി . എല്ലാ ആഴ്‌ചയും അമ്മ ഒരു ഇന്‍ലാന്‍ഡ്‌ നിറയെ എഴുതി അയക്കും . അവിടുത്തെ വേഷം , ഭക്ഷണം , യാത്ര , പഠനം , സുഹൃത്തുക്കള്‍ , അദ്ധ്യാപകര്‍ , നഗര കാഴ്‌ചകള്‍ ഒക്കെ അണ്ണന്‍ എഴുതിയത്‌ അമ്മ ഉറക്കെ വായിച്ചു കേള്‍പ്പിക്കും. അണ്ണന്‍ പഠിക്കുന്ന പാഠപുസ്‌തകങ്ങള്‍ പോലും അമ്മക്ക്‌ അറിയാമായിരുന്നു . മകന്‌ വലിയ ജോലി കിട്ടുന്നതും മറ്റുള്ള ചില ബന്ധുക്കളുടെ മുന്‍പില്‍ അഭിമാനത്തോടെ മകനെപ്പറ്റി വിവരിക്കാനും ആ അമ്മ വെമ്പല്‍ കൊണ്ടു. വീട്ടില്‍ വരുന്ന ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും ഒക്കെ അമ്മ അണ്ണനെ പ്പറ്റിയും കിട്ടാവുന്ന ജോലിയെ പറ്റിയും വരാന്‍ സാദ്ധ്യത ഉള്ള വിവാഹ ആലോചന കളെപ്പറ്റി യും ഒക്കെ വാ തോരാതെ സംസാരിക്കും .

` വിജയന്‌ ഒരു ഡോക്ടര്‍ പെണ്ണ്‌ തന്നെ വേണം തങ്കമ്മേ, അപ്പൊ തങ്കമ്മയുടെ വിഷമം മുഴുവന്‍ മാറും ` ` ഓ അങ്ങിനെ കൊമ്പത്തെ ആലോചന ഒന്നും വേണ്ട , നമ്മുക്ക്‌ പറ്റിയ എന്നെ നോക്കുന്ന ഒരു പെണ്ണ്‌ മതി ` ബി ഫാം പരീക്ഷയില്‍ റാങ്കോടെ പാസായ അണ്ണന്‍ അമ്മയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. കിട്ടാവുന്ന ജോലികളും മുംബൈ യാത്രയും ശമ്പളവും ഒക്കെ അമ്മയും അച്ഛനും അണ്ണനും വീട്ടില്‍ വന്ന ബന്ധുക്കളും ഒക്കെ ചര്‌ച്ച ചെയ്യുന്നതും അവരുടെ ` അനിയന്‍ എന്നാ ഇതുപോലെ ഒന്ന്‌ പഠിച്ചു കാണിക്കുന്നത്‌ ? ` എന്ന പരിഹാസം നിറഞ്ഞ ചോദ്യവും അതിനു അമ്മയും അച്ഛനും നല്‌കുന്ന പൊട്ടിച്ചിരികളും ഒക്കെ ഇന്നും ഓര്‌മ വരുന്നു . മുംബയിലെ പ്രശസ്‌തമായ ബൂട്ട്‌സ്‌ ഫര്‍മസ്യൂട്ടിക്കല്‍സ്‌ എന്നൊരു കമ്പനിയില്‍ ആയിരുന്നു അണ്ണന്റെ ആദ്യ ജോലി . അണ്ണന്‍ നാട്‌ വിട്ടതോടെ വീട്ടു ജോലികളും അടുക്കളയും ഒക്കെ എന്റെ മേല്‍നോട്ടത്തില്‍ ആയി . അണ്ണന്‍ അയക്കുന്ന ചെറിയ തുകകളും വലിയ എഴുത്തുകളും അമ്മയെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്‌ . പ്രതീക്ഷകള്‍ക്കു ചിറകു പിടിപ്പിച്ചു അണ്ണന്‍ മുംബൈ വിട്ടു സൗദി മിനിസ്‌ട്രി ഓഫ്‌ ഹെല്‍ത്ത്‌ ഇല്‍ ജോലിക്ക്‌ സെലെക്ഷന്‍ കിട്ടി . അമ്മ വലിയ വഴിപാടുകള്‍ നേര്‍ന്നു കിട്ടിയ പ്രസാദം എന്‍റെ നെറ്റിയില്‍ തൊടുവിച്ചു . ` വിജയന്‌ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നു , അവനെ പറ്റി എനിക്കുള്ള പ്രതീക്ഷ ഒക്കെ നേടി , ഇനി നീയാണ്‌ , നിനക്ക്‌ അവനെപ്പോലെ പഠിക്കാന്‍ കഴിഞ്ഞില്ല , പക്ഷെ ഗുരുത്വവും ഭാഗ്യവും ഉണ്ടെങ്കില്‍ നീയും രക്ഷപെടും , അങ്ങിനെ ഒരു പ്രാര്‍ത്ഥന യെ ഉള്ളൂ , അത്‌ നീയായി നശിപ്പിക്കരുത്‌ `സൗദിയില്‍ നിന്നും വരുന്ന കത്തുകള്‍ അമ്മക്ക്‌ എത്ര വായിച്ചാലും മതി ആവില്ല . സ്‌കൂളില്‍ നിന്നും വന്നാല്‍ ഉടന്‍ ` വിജയന്‍റെ കത്ത്‌ വല്ലതും വന്നോ ` എന്ന ചോദ്യം ചോദിച്ചിട്ടേ അകത്തേക്ക്‌ കടക്കൂ . ഒരമ്മക്ക്‌ മകനും മകന്‌ അമ്മയും എത്ര പ്രീയപ്പെട്ടതാണ്‌ എന്ന്‌ ആ കത്തുകള്‍ വായിക്കുമ്പോള്‍ അറിയാം . അരീക്കരെ വീട്ടിലെ എല്ലാ പുരോഗതിയും അണ്ണന്റെ പണം കൊണ്ടു ഉണ്ടായതാണ്‌ . ടീ വീ വാങ്ങിയതും അച്ഛന്‌ സ്‌കൂട്ടെര്‍ വാങ്ങിയതും ഗ്യാസ്‌ അടുപ്പ്‌ വാങ്ങിയതും പിന്നീട്‌ കാര്‍ വാങ്ങിയതും ഒക്കെ അണ്ണന്‍ ആണ്‌ . ഞാന്‍ മുംബയ്‌ക്ക്‌ കടന്നതും എഞ്ചിനീയര്‍ ആയതും ഒക്കെ അണ്ണന്റെ മനസ്സും പണവും കൊണ്ടാണ്‌ . ആദ്യ അവധിക്കു അണ്ണന്‍ വന്നത്‌ മുംബൈ വഴിയാണ്‌ .

ഗള്‍ഫ്‌ ന്റെ മണം, ജീന്‍സ്‌, ടീ ഷര്‍ട്ട്‌ , വലിയ ബാഗുകള്‍ ഒക്കെ ആയി എയര്‍പോര്‍ട്ട്‌ നു പുറത്തേക്ക്‌ വന്ന അണ്ണനെ ഞാന്‍ ആരാധനയോടെ നോക്കി നിന്നു. ഈ വലിയ മനസ്സിന്റെ ഉടമയും സ്വന്തം ജ്യേഷ്ടനെയും ആണല്ലോ ഈശ്വരാ ഷര്‍ട്ട്‌ ഇല്‍ മഷി കുടഞ്ഞും കറ പറ്റിച്ചും പാഠം പഠിപ്പിച്ചത്‌ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ജ്യാള്യത തോന്നി . അമ്മ പ്രാര്‍ത്ഥിച്ചതോന്നും വെറുതെ ആയില്ലല്ലോ . അരീക്കര അണ്ണന്‍ വന്ന സമയം പല ആലോചന കളുമായി വീട്ടില്‍ പലരും വരികയും ചെയ്‌തു . അണ്ണന്‍ അടുത്തതവണ ആകട്ടെ എന്ന്‌ പറഞ്ഞു മിക്കതും ഒഴിവാക്കുകയും ചെയ്‌തു . അടുത്ത അവധിക്കും ഏറെക്കുറെ ഇങ്ങെനെതന്നെ അവധി കടന്നുപോയി . മുംബൈയില്‍ കോളേജു വിട്ടു ഹോസ്റ്റല്‍ ഇല്‍ വന്ന എനിക്ക്‌ അമ്മയുടെ കത്ത്‌ പൊട്ടിച്ചു വായിച്ചു . മിക്ക കത്തുകളിലും ` അനിയനു ` എന്നെഴുതുന്ന അമ്മ അത്തവണ ` പ്രീയപ്പെട്ട അനിയനു ` എന്ന്‌ എഴുതിയത്‌ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു . ` പ്രീയപ്പെട്ട അനിയനു , കണ്ണീരോടെ ആണ്‌ ഈ കത്തെഴുതുന്നത്‌ .

സൗദിയില്‍ നിന്നും വിജയന്റെ സഹപ്രവര്‍ത്തകരായ കുറെ മലയാളി നേഴ്‌സ്‌ മാര്‍ ചേര്‍ന്ന്‌ എനിക്ക്‌ ഒരു കത്തെഴുതിയിരിക്കുന്നു . അവന്‍ കൂടെ ജോലി ചെയ്യുന്ന ഒരു കത്തോലിക്ക മതവിശ്വാസി ആയ ഫിലിപ്പീന്‌സ്‌ കാരി നേഴ്‌സ്‌ നെ വിവാഹം ചെയ്യ്‌തു എന്ന്‌ അറിയിച്ചു ആയിരുന്നു . മൂത്തമകനായ അവനെ ഞാന്‍ നിലത്തു വെക്കാതെയും തലയില്‍ വെക്കാതെയും വളര്‌ത്തി വലുതാക്കിയതാണ്‌. അവനു എങ്ങിനെ ഇത്‌ ചെയ്യാന്‍ തോന്നി? . എന്‍റെ ബലമായ സംശയം ഭക്ഷണപ്രിയനായ അവനെ ഭക്ഷണത്തില്‍ കൈവിഷം കൊടുത്തു വശീകരിച്ചതാണ്‌ എന്നാണ്‌ . നീ എത്രയും പെട്ടന്ന്‌ അവനെ ബന്ധപ്പെട്ടു അവനെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണം. അവനും അവളും കൂടി വന്നാല്‍ അവനു എന്‍റെ ശവശരീരം കണ്ടിട്ട്‌ മടങ്ങാം ..... ഞാന്‍ കത്ത്‌ വായിച്ചു കരയണോ ചിരിക്കണോ എന്ന്‌ അറിയാതെ കുറെ നേരം ഇരുന്നു . സത്യത്തില്‍ ജാതിയും മതവും ഒന്നും നോക്കാതെ കല്യാണം കഴിക്കണം എന്ന്‌ ആഗ്രഹിച്ചത്‌ ഞാനായിരുന്നു . അത്‌ അവിടെയും ഇവിടെയും ഒക്കെ എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌ . കഷ്ടകാലത്തിന്‌ ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക്‌ പ്രണയം തോന്നുന്ന ഒരു വ്യക്തിത്വം എനിക്ക്‌ ഇല്ലാതെ പോയി . അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ ആ വാര്‌ത്ത കാട്ടു തീ പോലെ പടര്‌ന്നു . അമ്മ ആളുകളെ അഭിമുഖീകരിക്കാന്‍ ആവാതെ കട്ടിലില്‍ കമഴ്‌ന്നു കിടന്നു കരഞ്ഞു. പല ബന്ധുക്കള്‌ക്കും പരിഹാസം . കേട്ടവര്‍ കേട്ടവര്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവരവരുടെ കഥകള്‍ മെനഞ്ഞു . ` അനിയാ ... വിജയന്‍ ഒരു പാലസ്‌തീനിക്കാരിയെ കല്യാണം കഴിച്ചെന്നു കേട്ടു,... അതെന്താ ഈ നാട്ടിലെങ്ങും പെണ്ണിനെ കിട്ടില്ലായിരുന്നോ ? ` ` അനിയന്‍ ഇത്‌ ചെയ്‌തിരുന്നെകില്‍ ഞങ്ങള്‍ സഹിക്കുമായിരുന്നു , വിജയന്‍ ഇത്‌ ചെയ്‌തല്ലോ ഭഗവതീ ...` ` അനിയനാണോ ഒരു ഫോറിന്‍ പെണ്ണിനെ കെട്ടിയത്‌ ? ` എന്തിനു പറയുന്നു , എനിക്ക്‌ വഴി നടക്കാന്‍ പോലും പ്രയാസമായിരുന്നു . ചോദ്യങ്ങള്‌ക്ക്‌ മറുപടി പറഞ്ഞു മടുത്തു.

ഞാന്‍ അണ്ണനെ ഇതിനിടെ പല തവണ വിളിച്ചു . സംഗതി സത്യമാണ്‌ . അണ്ണനും ഫിലിപ്പീന്‌സ്‌ കാരി ഇമെല്‌ടാ വിര്‍ഗോനിയയും ആയി സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം വിവാഹം കഴിച്ചു . അണ്ണനെ നാട്ടില്‍ കൊണ്ടുവരുന്നതല്ല, അമ്മയെ എങ്ങിനെ സമാധാനിപ്പിക്കും എന്നതായിരുന്നു എന്‍റെ വെല്ലുവിളി . പുരോഗമന ആശയക്കാരനായ അച്ഛന്‌ ` അതിനെന്താ പ്രശ്‌നം ` എന്ന നിലപാട്‌ അമ്മയെ കൂടുതല്‍ സങ്കടത്തില്‍ ആക്കി . അമ്മ വീട്‌ വിട്ടു പുറത്തേക്ക്‌ ഇറങ്ങാതെ ആയി . വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു . അണ്ണന്‌ ഒരു കുഞ്ഞായി . `രാജീവ്‌ വിര്‍ഗോനിയ പണിക്കര്‍` എന്ന്‌ പാസ്‌പോര്‌ട്ട്‌ ഇല്‍ പേരുള്ള അവന്റെ ഫോട്ടോ കണ്ടു അമ്മയുടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി . ` വിജയന്റെ മകനെ എന്നാ അവന്‍ എന്നെ കൊണ്ടു കാണിക്കുക ?, എന്നാലും വിജയന്‍ ഇങ്ങനെ ചെയ്‌തല്ലോ , അവനെ ഞാന്‍ മറന്നു , എന്നാലും അവന്റെ മകനെ എനിക്ക്‌ മറക്കാന്‍ ആവുമോ ? രാജീവ്‌ അമ്മയുടെ കണ്ണും കരളും കവര്‌ന്ന ഒരു അത്ഭുത ബാലനായി . അവനെ കാണാതിരിക്കാന്‍ അമ്മക്ക്‌ വയ്യാതെ ആയി . അവന്റെ ജാതകം എഴുത്തും വഴിപാടു കഴിക്കലും ചരട്‌ ജപിച്ചു വാങ്ങലും ആയി അമ്മ അടുത്ത അവധി വരെ കഴിച്ചു കൂട്ടി . അരീക്കര പോലെ ഒരു കുഗ്രാമത്തിലെക്കു അണ്ണനും വിദേശിയായ ഭാര്യയും അവരുടെ ഓമന മകന്‍ രാജീവും വന്ന ദിവസം സിനിമാ ഷൂട്ടിംഗ്‌ നടക്കുന്നത്‌ പോലെ ആയിരുന്നു വീട്‌ . കേട്ടറിഞ്ഞു കേട്ടറിഞ്ഞു ആളുകള്‌ വന്നു . അമ്മയുടെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ അമ്മ കൂട്ടാക്കിയില്ല .

കാറില്‍ നിന്നും രാജീവിനെ കൈയ്യിലെടുത്തു അമ്മയുടെ മുന്നിലെത്തിയ അണ്ണനെ നോക്കി അമ്മ വിങ്ങിപ്പൊട്ടി . പക്ഷെ പുഞ്ചിരിക്കുന്ന രാജീവിനെ മുഖം കണ്ടപ്പോള്‍ അമ്മക്ക്‌ കൈ നീട്ടാതിരിക്കന്‍ കഴിഞ്ഞില്ല . അമ്മ അവനെ തെരുതെരെ ഉമ്മ വെച്ചു . ഇമെല്‌ട ആണെങ്കില്‍ ഒരു തനി മലയാളിയേപ്പോലെ ചോറും സാമ്പാറും അവിയലും ചീര തോരനും ഒക്കെ ഉണ്ടാക്കി അമ്മയെ അത്ഭുതപ്പെടുത്തി . മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ പ്രിയ താരങ്ങള്‍ . രാജീവ്‌ അരീക്കര വീട്‌ വീണ്ടും വീടാക്കി മാറ്റി . അവന്റെ കുസൃതികളും ചിരിയും കണ്ണീരും ആ വീട്ടില്‍ പത്തിരുപതു വര്‌ഷം പിന്നെയും നീണ്ടു . അമ്മക്ക്‌ ഏറ്റവും പ്രീയപ്പെട്ട , അമ്മയോടൊപ്പം മുതിര്‍ന്ന കുട്ടിയായിട്ടും ഉറങ്ങുന്ന , അവന്‍ ഉറങ്ങുന്നതുവരെ ഉറങ്ങാതിരിക്കുന്ന അമ്മൂമ്മയോടൊപ്പം അവന്‍ വളര്‌ന്നു വലുതായി . രാജീവ്‌ ഇന്ന്‌ മനിലയില്‍ ഹോട്ടല്‍ മാനെജ്‌മെന്റ്‌ പൂര്‌തിയാക്കാന്‍ ഒരുങ്ങുന്നു . അവന്‍ അവന്റെ അച്ഛനെപ്പോലെ പാചകത്തെയും കൂട്ടുകാരെയും ഇഷ്ടപ്പെടുന്നു . കഴിഞ്ഞ ആഴ്‌ച മുഴുവന്‍ ഞാന്‍ അരീക്കരയില്‍ ആയിരുന്നു . പ്രമേഹവും മറവി രോഗവും കൊണ്ടു കഷ്ടപ്പെടുന്ന അമ്മ ചിലപ്പോള്‍ വിജയനാണ്‌ എന്ന്‌ വിചാരിച്ചു അനിയനോടും അനിയനാണ്‌ എന്ന്‌ വിചാരിച്ചു വിജയനോടും സംസാരിക്കും .

പഴയ കാര്യങ്ങള്‍ നല്ല ഓര്‍മയാണ്‌ . എന്നാല്‍ അല്‌പ്പം മുന്‍പ്‌ നടന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ഓര്‌മിചെടുക്കാന്‍ കഴിയില്ല . അമ്മയെ സ്ഥിരമായി ചികിത്സിക്കുന്ന സെഞ്ച്വറി ആശുപത്രിയിലെ ഡോ അലക്‌സാണ്ടര്‍ കോശിയെ കാണിക്കാന്‍ ഞാന്‍ കൊണ്ടുപോയി . ` അമ്മ വളരെ സന്തോഷത്തിലാണല്ലോ , ഷുഗര്‍ ഒക്കെ വളരെ കുറവാണല്ലോ ` ` ഒക്കെ വിജയന്‍ വന്നപ്പോള്‍ ശരിയായി ` ` പൊട്ടു തൊട്ടു നല്ല സുന്ദരി ആയി ഇരിക്കുന്നു , ആരാ ഇതൊക്കെ ഇട്ടു തന്നത്‌ ?' ` വിജയന്‍ , അവനല്ലാതെ ആരാ ഇതൊക്കെ ചെയ്യാന്‍ ? ` ` ഇത്‌ രണ്ടാമത്തെ മകനല്ലേ ?` `അല്ല , വിജയനാ , അവനാണ്‌ മൂത്തത്‌ , അവന്‍ ഞാന്‍ പറഞ്ഞിട്ട്‌ വന്നതാണ്‌ , അവനു മാത്രമേ എന്‍റെ എല്ലാ കാര്യങ്ങളും അറിയൂ ` അമ്മയുടെ കൈ പിടിച്ചു , ഡോക്ടറുടെ മുറി വിട്ടു പുറത്തിറങ്ങുമ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞത്‌ അമ്മ ഞാന്‍ അനിയനാണ്‌ എന്ന്‌ മനസ്സിലാക്കത്തതിനല്ല , അമ്മയെ അറിയാവുന്ന അണ്ണന്റെ അനിയനായി ജനിക്കാന്‍ കഴിഞ്ഞതിനാണ്‌ . ഓരോ അമ്മയ്‌ക്കും വേണ്ടത്‌ അങ്ങിനെ ഒരു മകനാണ്‌ , ഓരോ അനിയനും വേണ്ടത്‌ അങ്ങിനെ ഒരു അണ്ണന്‍ ആണ്‌ .
അണ്ണന്റെ അനിയനായി. (സോമരാജന്‍ പണിക്കര്‍)
അണ്ണന്റെ അനിയനായി. (സോമരാജന്‍ പണിക്കര്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക