അദ്ധ്യയം-10
തണുപ്പ് തീവ്രമായതോടുകൂടി ആളുകള്‍ പാര്‍ക്ക് ഉപേക്ഷിച്ച് വീട്ടിലെ സുരക്ഷിതത്തില്‍ ഒളിച്ചു. അല്ലെങ്കിലിവിടം നിന്നു തിരിയാന്‍ സ്ഥലമില്ലാതെ ആളുകള്‍ നിറഞ്ഞിരിക്കും.
തണുത്ത കാറ്റടിച്ച് വരുന്നുണ്ടെങ്കിലും ഓക്കുമരത്തിന്റെ ചുവട്ടിലെ പുല്‍ത്തകിടിയില്‍ അങ്ങനെ കണ്ണുമടച്ച് കിടക്കുമ്പോള്‍ നാട്ടിലെ തന്റെ പുഴക്കരയിലെ വെളളാരം കല്ലുകള്‍ക്ക് മുകളില്‍ കിടക്കുന്നത് പോലെ ഒരു തോന്നല്‍.
ഉഷ്ണരാത്രികളില്‍ പുഴയ്ക്ക് അക്കരത്തെ കാട്ടില്‍ നിന്ന് അടിച്ച് വരുന്ന ഇളം കാറ്റില്‍ വെളളാരം കല്ലുകള്‍ക്ക് മുകളില്‍ അങ്ങനെ മയങ്ങിക്കിടക്കാന്‍ വല്ലാത്തൊരു സുഖമാണ്.
മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് ടോണി ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് എടുത്ത് നോക്കി.
“ഹലോ സോണിയ”
“യൂ ഓകെ?”
“ഫൈന്‍”
“നീയറിഞ്ഞോ നമ്മുടെ റോസ് മേരി ചേച്ചി ഹോസ്പിറ്റലിലാ”
അതിശയത്തോടെ ടോണി ചോദിച്ചു:
“ഹോസ്പിറ്റലിലോ? എന്തു പറ്റി”
“ഹസ്ബന്റ് മര്‍ദ്ദിച്ചിട്ട് ചേച്ചിയുടെ കയ്യൊടിഞ്ഞു. ചേച്ചി പോലീസില്‍ കംപ്ലേന്റ് കൊടുത്തിട്ട് ഹസ്ബന്റിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നത്തെ പ്രവാസി പത്രങ്ങളിലൊക്കെ വാര്‍ത്തയുണ്ട് ”
“സാധാരണ ഞാന്‍ രാവിലെ പത്രം നോക്കുന്നതാ. പക്ഷേ, ഇന്ന് ഞാന്‍ നോക്കിയില്ല. ഏത് ഹോസ്പിറ്റലിലാ ഉളളത്? ക്രോയ്‌ഡോണിലാണോ?”
“അതേ”
എങ്കില്‍ ഞാനിപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോകുവാ നിന്നെ ഞാന്‍ പിന്നെ വിളിക്കാം.
“ഓകെ”
ടോണി റിസപ്ഷനില്‍ അന്വേഷിച്ച് വാര്‍ഡ് കണ്ടു പിടിച്ചു. റോസ്‌മേരിയുടെ അരികില്‍ എത്തിയപ്പോള്‍ അവള്‍ ചെറിയ മയക്കത്തിലായിരുന്നു. അവളുടെ രണ്ട് കുട്ടികളും ബെഡ്ഡിനോട് ചേര്‍ന്ന് ബെഞ്ചില്‍ നിര്‍വികാരരായി ഇരിക്കുന്നത് കണ്ടപ്പോള്‍ ടോണിക്ക് ദുഃഖം തോന്നി.
ടോണി ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ചോക്ലേറ്റ് എടുത്ത് നീട്ടിയപ്പോള്‍ അലീന മോള്‍ എടുക്കാന്‍ മടിച്ചു. പിന്നെ ആല്‍വിന്‍ മേടിക്കുന്നത് കണ്ടപ്പോള്‍ അവള്‍ കൊഞ്ചി ചിരിച്ചുകൊണ്ട് കൈ നീട്ടി മേടിച്ചു.
ആല്‍വിന്‍ ചോക്ലേറ്റ് കടിച്ച് കൊണ്ട് പറഞ്ഞു:
“മമ്മി ഓപ്പറേഷന്‍ കഴിഞ്ഞ് ഇപ്പോള്‍ ഇങ്ങോട്ട് വന്നതേയുളളൂ”
മക്കടെ കൂടെ ആരാ ഉളളത്?
“ഡെയ്‌സി ചേച്ചി ഉണ്ട്. ചേച്ചി ഡോക്ടറെ കാണാന്‍ പോയതാ ഇപ്പോള്‍ വരും
അങ്കിള്‍ എന്നാല്‍ കുറച്ച് കഴിഞ്ഞ് മമ്മി ഉണരുമ്പോഴേക്കും വരാം”
ആല്‍വിന്‍ ശരിയെന്ന് തലയാട്ടി.
ടോണി തിരിച്ച് വന്നപ്പോഴേക്കും റോസ് മേരി എണീറ്റിരുന്ന് കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“ടോണി നേരത്തെ വന്നായിരുന്നുവെന്ന് ആല്‍വിന്‍ കുട്ടന്‍ പറഞ്ഞു.”
“അപ്പോള്‍ ചേച്ചി മയക്കത്തിലായതുകൊണ്ട് വിളിക്കണ്ടാന്ന് വെച്ചു.”
ടോണി ഒന്നു നിറുത്തിയിട്ട് ചോദിച്ചു:
“കൈയുടെ എവിടെയാ പൊട്ടിയത് ”
കുഴയുടെ എല്ലാ പൊട്ടിയത് അതുകൊണ്ട് ഓപ്പറേഷന്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
അല്‍പ നേരത്തെ മൗനത്തിനുശേഷം ടോണി ചോദിച്ചു:
“എന്താ ചേച്ചി ശരിക്കും സംഭവിച്ചത്.”
“ഞാന്‍ ഡ്യൂട്ടികഴിഞ്ഞ് പിളേളരേം കൂട്ടി വരുമ്പോള്‍ ജോസ് ഇവിടെ ടൗണില്‍ പിഴച്ച് നടക്കുന്ന ഒരു പോളീഷുകാരിയുടെ കാറില്‍ വീടിന് മുമ്പില്‍ വന്ന് ഇറങ്ങുന്നത് കണ്ടു. എന്തിനാ അതുപോലുളള സ്ത്രീയുടെ കൂടെ നടക്കുന്നതെന്ന് ചോദിച്ചതിന് പുറത്തു പോയി മദ്യപിച്ച് വന്ന് രാത്രിയില്‍ എന്നെ തല്ലുകയായിരുന്നു. തടസ്സം പിടിക്കാന്‍ വന്ന ആല്‍വിന്‍ കുട്ടനെ തളളിയിട്ട് കയ്യില്‍ കിട്ടിയ പട്ടിക കഷ്ണം കൊണ്ട് എന്റെ കൈയ്ക്കിട്ട് അടിച്ചു.”
അവള്‍ വികാരധീനയായി പറഞ്ഞ് നിറുത്തിയപ്പോള്‍ ടോണി പറഞ്ഞു:
“ചേച്ചി ഇതിനി അങ്ങനെ വിട്ട് കൊടുക്കേണ്ട ആവശ്യമില്ല. ഇതുപോലുളള ആളുടെയൊപ്പം കഴിയുന്നതിലും ഭേദം ചേച്ചി ഒറ്റയ്ക്ക് കഴിയുന്നതാണ്. ഇനി ആരൊക്കെ വക്കാലത്തുമായി വന്നാലും ചേച്ചി ഈ കേസ് പിന്‍വലിക്കരുത്. അയാള്‍ ജയിലില്‍ കിടന്ന് ഒരു പാഠം പഠിക്കട്ടെ.”
“ഇനി ഞാന്‍ എന്തൊക്കെ പ്രശ്‌നം വന്നാലും അയാളുടെ കൂടെ താമസിക്കുന്ന പ്രശ്‌നമില്ല. എന്റെ കൈതല്ലിയൊടിച്ചതിന് അയാള്‍ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യണം.”
അവള്‍ ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ട് തുടര്‍ന്നു:
“ഇവിടുന്ന് ഡിസ്ചാര്‍ജായ പാടെ ഞാന്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യും.”
“അത് തന്നെയാ ചെയ്യേണ്ടത്.”
അപ്പോള്‍ അവിടേക്ക് ഡയ്‌സിയും റഫീക്കും വന്നു.
റഫീക്ക് അടുത്തു വന്നപ്പോള്‍ ടോണി ചോദിച്ചു:
റഫീക്ക് നാട്ടീന്ന് എപ്പോഴാ വന്നത്?
“ഞാന്‍ വന്നിട്ട് മൂന്ന് ദിവസമായി.”
“ടോണിയെ ഇപ്പം ഡ്യൂട്ടിക്ക് കാണാറെയില്ലല്ലോ.”
“അവന്റെ തോളില്‍ തട്ടികൊണ്ട് ഡയ്‌സി ചോദിച്ചു.”
“എങ്ങനെയാ കാണുക മാനേജ്‌മെന്റ് എന്റെ ഡ്യൂട്ടി പതിനഞ്ച് മണിക്കൂറായി കുറച്ചില്ലേ. അവിടുന്ന് കിട്ടുന്ന ശമ്പളം റെന്റ് കൊടുക്കാന്‍ മാത്രമേ തികയൂ. വെറൊരു ജോലി കൂടെയില്ലാതെ ഇനി രക്ഷയില്ല. ഞാന്‍ കുറേ സ്ഥലത്ത് അന്വേഷിച്ചു. പക്ഷേ, ഈ വിസ വച്ച് ആരും ജോലി തരില്ല”
“ടോണി ഞാന്‍ ഒന്ന് രണ്ട് സ്ഥലത്ത് അന്വേഷിച്ച് നോക്കട്ടെ. വല്ല ചാന്‍സും ഉണ്ടെങ്കില്‍ പറയാം.”
“താങ്ക് യൂ റഫീക്ക് ”
റഫീക്ക് അലീനമോളെ കയ്യില്‍ വാരിയെടുത്ത് ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ചോക്ലേറ്റ് എടുത്ത് നീട്ടിയപ്പോള്‍ അവള്‍ വേണ്ടാന്ന് തലയാട്ടി. അപ്പോള്‍ റോസ്‌മേരി പറഞ്ഞു:
“മേടിച്ചോ മോളെ അങ്കിളല്ലേ.”
അനുവാദം കിട്ടിയതും ചോക്ലേറ്റ് മേടിച്ച് അവള്‍ വായിലിട്ട് ചവച്ചു.
“മിടുക്കി”
അവളുടെ ചുവന്ന് തുടുത്ത കവിളില്‍ മെല്ലെ പിച്ചിക്കൊണ്ട് റഫീക്ക് പറഞ്ഞു.
പ്രവാസി ഓണ്‍ലൈന്‍ പത്രത്തില്‍ റോസ് മേരിയെക്കുറിച്ചുളള വാര്‍ത്ത വായിച്ചു കൊണ്ട് ടോണി ബെഡില്‍ കിടന്നു.
റോസ് മേരിയെ കൊണ്ട് പരാതി പിന്‍ വലിപ്പിച്ച് ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പത്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചത്രേ. ചിലപ്പോള്‍ അവരുടെ കൈയ്യില്‍ നിന്ന് വലിയ സംഭാവനയും കൈപ്പറ്റിയിട്ടുണ്ടാകാം. അത് കൊണ്ടായിരിക്കാം ഇന്നലെ റോസ് മേരിക്ക് വേണ്ടി കണ്ണീരൊഴുക്കിയ പത്രം ഇന്ന് ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ എങ്ങനെ ആയിരിക്കണം എന്നൊക്കെയുളള കാഴ്ചപ്പാടുകള്‍ നിരത്തുന്നത്.
പത്രങ്ങളുടെ ഈ മോറല്‍ പോലീസിങ്ങ് കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. രണ്ട് ദിവസം മുമ്പ് വരെ സെലിബ്രിറ്റികളുടെ അവിഹിത ബന്ധങ്ങളുടെ നിറം പിടിപ്പിക്കുന്ന കഥകള്‍ക്ക് പിന്നാലെ പാഞ്ഞ പത്രങ്ങള്‍ക്ക് ഇന്ന് ഏതായാലും പുതിയ ഇരയെ കിട്ടിയതിന്റെ ആഘോഷമാണ്. വാര്‍ത്തകകള്‍ വില്‍ക്കപ്പെടുകയും വാര്‍ത്തകള്‍ ആഘോഷമാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ ഇങ്ങനെയാണ്.
ടോണി വാര്‍ത്ത വായിച്ച് മുഴുവിക്കാതെ അമര്‍ഷത്തോടെ ലാപ്‌ടോപ്പ് അടച്ച് വച്ച് വേഗം ഹോസ്പിറ്റലിലേക്ക് പോകാന്‍ ഒരുങ്ങി. അസ്സോസിയേഷന്‍കാരുടെ വക്കാലത്ത് കേട്ടുകൊണ്ടാണ് ടോണി വാര്‍ഡിലെത്തിയത്.
“ഇല്ല ഞാന്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഇത്രയും നാള്‍ ചെയ്ത ക്രൂരതകള്‍ക്ക് അയാള്‍ ജയിലില്‍ കിടന്ന് അനുഭവിക്കട്ടെ. കല്യാണം കഴിഞ്ഞന്നുമുതല്‍ ഞാനീ മര്‍ദ്ദനം സഹിക്കുന്നതാ. ഈ വിവാഹം എന്നു പറയുന്നത് ഭാര്യയെ മര്‍ദ്ദിക്കാനുളള ലൈസ്ന്‍സല്ല”
“എന്നാലും അയാള്‍ നിന്റെ ഹസ്ബന്റ് അല്ലേ. ഒരുതവണകൂടി ക്ഷമിച്ചൂടെ”
അസ്സോസിയേഷന്‍കാരില്‍ ഒരാള്‍ പറയുന്നത് കേട്ട് ദേഷ്യപ്പെട്ട് കൊണ്ട് റോസ് മേരി പറഞ്ഞു:
“ഇങ്ങനെ ഞാന്‍ എത്ര തവണ ക്ഷമിച്ചിരിക്കുന്നു. ഒന്നു ക്ഷമിക്കുമ്പോള്‍ മുമ്പത്തെക്കാള്‍ മോശമാകുകയല്ലാതെ വേറേ ഒരു മാറ്റവും സംഭവിക്കുന്നില്ല. അയാള്‍ ജയിലില്‍ കിടന്ന് ഒരു പാഠം പഠിക്കട്ടെ. എന്നാലെ ഇനി വേറൊരു പെണ്ണിനും ഇതുപോലൊരു അനുഭവം ഉണ്ടാകാതിരിക്കുകയുളളൂ”
“അത് വേണോ റോസ് മേരി”
അസ്സോസിയേഷന്‍കാര്‍ വിടാന്‍ ഭാവം ഇല്ലെന്നു കണ്ടപ്പോള്‍ ടോണി ദേഷ്യത്തോടെ ഇടപെട്ട് കൊണ്ട് പറഞ്ഞു:
“നിങ്ങളൊന്ന് നിര്‍ത്തി പൊയ്‌ക്കെ. ഇവരെ ഇതു പോലെ തല്ലി അവശയാക്കിയ ആളോട് ക്ഷമിക്കണം എന്നു പറയാന്‍ കുറേ അസ്സോസിയേഷന്‍കാര്‍ ഇറങ്ങിയിരിക്കുന്നു. ഇനി ഇവിടെ നിന്ന് ഇത് പറഞ്ഞാല്‍ എന്റെ വായിലിരിക്കുന്ന തെറി നിങ്ങള്‍ കേള്‍ക്കും”
ടോണിയുടെ പുരുഷമായ വാക്കുകള്‍ കേട്ട് അവര്‍ നിരാശയോടെ ഇറങ്ങി പോയപ്പോള്‍ റോസ് മേരി പറഞ്ഞു:
“ടോണി നീ അത്ര കയര്‍ക്കണ്ടായിരുന്നു”
“അല്ല പിന്നെ ചേച്ചിടെ ഈ അവസ്ഥ കണ്ടിട്ട് അവര്‍ക്കെങ്ങനെ അയാള്‍ക്ക് വേണ്ടി വക്കാലത്ത് പറയാന്‍ തോന്നി”
റോസ് മേരി അല്‍പ്പ നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു:
“നാട്ടില്‍ അപ്പച്ചനോടും അമ്മച്ചിയോടും ആദ്യം ഇത് പറയണ്ടാന്ന് വിചാരിച്ചതാ പിന്നെ പറഞ്ഞില്ലെങ്കില്‍ എങ്ങനാന്ന് വിചാരിച്ച് പറഞ്ഞു. എല്ലാം കേട്ടിട്ട് അപ്പച്ചനും അമ്മച്ചിയും കുറേ സമയം കരഞ്ഞു. അപ്പച്ചന്‍ പറഞ്ഞത് ഇനി ഒരു കാരണവശാലും ജോസിന്റെയൊപ്പം താമസിക്കുകയും വേണ്ട, കേസും പിന്‍വലിക്കരുതെന്നാണ്. എപ്പോഴും ക്ഷമിക്കാന്‍ പറയുന്ന അപ്പച്ചന്റെ ഈ മനം മാറ്റം എന്നെ അതിശയപ്പെടുത്തി. ഞാന്‍ അനുഭവിക്കുന്ന വേദനയുടെ ആഴം അപ്പച്ചനിപ്പോള്‍ മനസ്സിനായി തുടങ്ങിട്ടുണ്ടാവും”
അവള്‍ നിറഞ്ഞ് വന്ന കണ്ണുനീര്‍ തുടച്ചിട്ട് പറഞ്ഞു:
“ഇനി കുറച്ച് നാളത്തേക്ക് എല്ലാ കാര്യങ്ങളും ഇടത് കൈകൊണ്ട് ശീലിക്കണം”
അപ്പോള്‍ അവിടേക്ക് ഡെയ്‌സി കടന്ന് വന്നപ്പോള്‍ റോസ് മേരി ചോദിച്ചു:
“ഡെയ്‌സി എന്തിയെ പിളളാര് ”
“ആല്‍ബനും അലീനയും റഫീക്കിന്റെയൊപ്പം കളിച്ചുകൊണ്ട് റിസപ്ഷന് മുന്നില്‍ നില്‍പ്പുണ്ട്. ഏതായാലും രണ്ട് പേര്‍ക്കും റഫീക്കിനെ വല്ല്യ കാര്യമാണ് ”
അത് കേട്ട് റോസ് മേരി പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കിയിട്ട് പിന്നെ കൂടുതലായിട്ട് എന്തെങ്കിലും അഭിപ്രായം അവള്‍ പറയുന്നതിനു മുമ്പ് ചോദിച്ചു:
“ഡിസ്ചാര്‍ജിന്റെ കാര്യങ്ങളൊക്കെ ശരിയായോ”
“യെസ്, ഉടനെ തന്നെ നമുക്ക് പോകാം”