ഭര്‍ത്താവിന്റെ കാര്‍ ഡ്രൈവേ കയറി വരുന്നത് രാധികക്ക് ജനാലയിലൂടെ കാണാമായിരുന്നു
. ഗരാജ്‌ഡോര്‍ ഓപ്പണറിന്റെ മാന്ത്രികതയില്‍ തുറക്കുന്ന ഗരാജ്‌ഡോറിന്റെ ശബ്ദം.
നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ മുന്‍വാതില്‍തുറന്ന് അയാള്‍ അകത്തു കയറും.
ബ്രീഫ്‌കേസ് നിലത്ത് വെച്ച് ഷൂസ് ഊരിമാറ്റി ക്‌ളോസറ്റില്‍ ജാക്കറ്റ്
തൂക്കിയിടും. താമസിയാതെ അയാള്‍ അടുക്കളയില്‍ പ്രത്യക്ഷപ്പെടും. വര്‍ഷങ്ങളായി ഈ
നിമിഷങ്ങള്‍ക്ക് ഒരേ നിറമാണ്, പഴകി അവയുടെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.
മഞ്ഞുപോലെ ഉറഞ്ഞ്, മഞ്ഞുതുള്ളി പോലെ സുതാര്യവും....
അന്നത്തെ തപാലില്‍
വന്നതെല്ലാം അടുക്കള മേശപ്പുറത്തിരിക്കുന്നുണ്ടാവും. അവ കയ്യിലെടുത്ത് തിരിച്ചും
മറിച്ചും നോക്കി അയാള്‍ പിറുപിറുക്കും `ഇത്രയും ബില്ലുകളോ?' ആവശ്യമില്ലാത്ത
പരസ്യങ്ങള്‍ അയാള്‍ `റീസൈക്ലിങ്ങ് ബാസ്‌കറ്റിലേക്ക്' എറിയും. അയാള്‍ പത്തടികൂടെ
നടന്നാല്‍ സിങ്കില്‍ പാത്രം കഴുകുകയൊ സ്റ്റൗവില്‍ പാചകം ചെയ്‌തുകൊണ്ടിരിക്കയോ
ചെയ്യുന്ന രാധികയുടെ അടുത്തെത്താം. അയാള്‍ അവള്‍ക്കൊരു ചുംബനം നല്‍കും.
ചുംബനങ്ങള്‍ക്ക് പഴയ ഊഷ്‌മളത എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അയാളുടെ
മൂക്കിനും അധരങ്ങള്‍ക്കും വിന്ററിന്റെ തണുപ്പാണ്.
`പൂമുഖ വാതില്‍ക്കല്‍
സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഃഖത്തിന്‍ മുള്ളുകള്‍
പൂവിരല്‍ത്തുമ്പിനാല്‍ പുഷ്‌പങ്ങളാക്കുന്നു ഭാര്യ' ആലോചിച്ചപ്പോള്‍ അവള്‍ക്ക്
ചിരിപൊട്ടി, അവള്‍ പൂന്തിങ്കള്‍ അല്ലാത്തതുകൊണ്ടാവും.
`കുട്ടികള്‍ എവിടെ'
അവരുടെ മാളങ്ങളില്‍ ഇരിക്കുന്ന കുട്ടികളെ താഴെ കാണാതായപ്പോളുള്ള അയാളുടെ
ചോദ്യങ്ങളിലും ആവര്‍ത്തനവിരസത.
`അവരുടെ മുറികളില്‍, ഹോംവര്‍ക്ക്
ചെയ്യുന്നു.' പതിവുള്ള ഉത്തരം.
അയാള്‍ക്ക് വിശന്ന് പൊരിയുന്നുണ്ടാവും,
ചിലപ്പോള്‍ ലഞ്ച്‌കഴിക്കാന്‍ കൂടി സമയം കിട്ടിയെന്ന് വരില്ല ജോലിത്തിരക്ക് കാരണം.
അവള്‍ മേശപ്പുറത്ത് പ്‌ളേറ്റുകള്‍ നിരത്തി. കുട്ടികളെ ഊണിന് വിളിച്ചു.
ചെതുമ്പലില്ലാത്ത ഇഴജന്തുക്കളായി അവര്‍ മാളത്തില്‍ നിന്നിറങ്ങി.
`വീണ്ടും
ചിക്കന്‍ കറിയോ? ഇറ്റാലിയനോ ചൈനീസോ അമ്മക്ക് ഉണ്ടാക്കിക്കൂടെ' അവര്‍ വളിച്ച
മുഖത്തോടെ ചോദിച്ചു. അവരുടെ മുഖങ്ങളില്‍ പച്ച രാശി.
ഡാഡിക്കും മമ്മിക്കും
കൗമാരത്തിന്റെ ഭാഷയും രുചിയും മനസ്സിലാകില്ലെന്ന് വിശ്വസിക്കുന്ന
കുട്ടികള്‍!
`ചിക്കന്‍കറിക്ക് ഉപ്പില്ല'
ഭര്‍ത്താവ് ചിക്കന്‍
കറിയില്‍ ഉപ്പ് കുടഞ്ഞിട്ടു, അവിയല്‍ ധാരാളമായി ഭക്ഷിച്ചു. `അമ്മ
ഉണ്ടാക്കുന്നതുപോലെ നന്നായിട്ടുണ്ട്, അല്ലെങ്കില്‍ ഇത്തവണ അവിയല്‍
നന്നായിട്ടുണ്ട്' എന്ന് മറ്റോ ഉള്ള നല്ല വാക്കുകള്‍ക്കായി കാത്തിരുന്നു.
വാക്കുകളും എവിടെയൊക്കെയോ ഇരുന്ന് ക്‌ളാവ് പിടിക്കുന്നു.
മകന്‍
എഴുന്നേറ്റ് ബ്രെഡിന്റെ കൂട് തുറന്ന് `പീനട്ട്‌ബട്ട'റിന്റെ ജാറുമായി
വന്നിരുന്നു. . മകള്‍ ക്യാന്‍ തുറന്ന് `മാക്കറോണിയും ചീസും'
ചൂടാക്കി.
`കഴിഞ്ഞ സ്‌റ്റോമില്‍ ഒടിഞ്ഞ അയല്‍വക്കത്തുകാരുടെ മരം ഇന്ന്
അവര്‍ ആളെ വിളിച്ച് വെട്ടിച്ചു'
`ഇതൊക്കെ എന്നോട് പറയുന്നതെന്തിനാ',
അയാള്‍ നിര്‍വ്വികാരനായി പറഞ്ഞു.
തങ്ങള്‍ക്കിടയില്‍ മുത്തുകള്‍ പോലെ
കൊഴിഞ്ഞുവീഴുന്ന വാക്കുകള്‍ തീന്‍മേശയിലെ ഗ്‌ളാസില്‍ തട്ടി
ചിതറിപ്പോവുന്നു.
അവള്‍ക്ക് ഏറെയൊന്നും പറയാനില്ലായിരുന്നു. ഇരുപത്
വര്‍ഷത്തെ ദാമ്പത്യം വരുത്തിയ വിന. അവള്‍കുനിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചു. ചുറ്റും
ക്‌ളാവ് മണക്കുന്നു. അവളുടെ മൂക്ക് വിടര്‍ന്നു. പിച്ചള സാധനങ്ങള്‍ എന്തെങ്കിലും
അടുത്തുണ്ടോയെന്ന് ചുറ്റും നോക്കി. തറവാട്ടില്‍ നിന്ന് കൊണ്ടുവന്ന പഴയ
കിണ്ടിയില്‍ ക്‌ളാവിന്റെ കുത്തുകള്‍. `ബ്രാസൊ'യിട്ട് തുടക്കാറായിരിക്കുന്നു,
അവളോര്‍ത്തു.
`ഇന്നെങ്കി?!ൂം തുടയ്‌ക്കണം' അവള്‍ കിണ്ടിയിലേക്ക്
നോക്കി.
ഊണു കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ പ്‌ളേറ്റുകളോടൊപ്പം
കിണ്ടിയുമെടുത്ത് അടുക്കളയിലേക്ക് നടന്നു.
`എത്ര തേച്ചിട്ടും പോവാത്തൊരു
ക്‌ളാവ്' അവള്‍ അടുക്കള സിങ്കില്‍ വച്ച് ബ്രാസോയിട്ട് കിണ്ടി കഴുകുമ്പോള്‍
പിറുപിറുത്തു.
അത് പടരുകയാണ്, ഒന്നില്‍ നിന്നും
മറ്റൊന്നിലേക്ക്....വീണ്ടും
തിരികെ....വീട്ടിലാകെ...
reenimambalam@gmail.com
(കടപ്പാട്:
വാരാദ്യമാധ്യമം)