Image

വീട്ടു ബജറ്റും വിദുരവാക്യവും (അഷ്‌ടമൂര്‍ത്തി)

Published on 04 February, 2014
വീട്ടു ബജറ്റും വിദുരവാക്യവും (അഷ്‌ടമൂര്‍ത്തി)
രാവിലെ പി. എം. ജി.യിലെ ലൂര്‍ദ്ദ്‌ പള്ളിയില്‍ കുര്‍ബ്ബാന, മോണ്‍സിഞ്ഞോര്‍ ജോണ്‍ വി. തടത്തിലിന്റെ അനുഗ്രഹം, തിരിച്ച്‌ വീട്ടിലെത്തി പ്രാതല്‍, മൂന്നാം നമ്പര്‍ സ്റ്റേറ്റ്‌ കാറില്‍ കയറി നിയമസഭയിലേയ്‌ക്ക്‌ യാത്ര, കയ്യില്‍ ബ്രീഫ്‌ കേസ്‌. കെ. എം. മാണി ബജറ്റ്‌ അവതരിപ്പിയ്‌ക്കാന്‍ വരുന്നതിന്റെ തത്സമയസംപ്രേഷണമാണ്‌ ചാനലുകളില്‍ നടന്നുകൊണ്ടിരിയ്‌ക്കുന്നത്‌. മന്ത്രി നിയമസഭാ ഹാളില്‍ പ്രവേശിച്ചുകഴിഞ്ഞു. സമയം ഒമ്പതരയോടടുക്കുന്നു. എന്തും സംഭവിയ്‌ക്കാം. കസേരക്കയ്യില്‍ മുറകെപ്പിടിച്ച്‌ ഞാന്‍ ടീവിയുടെ മുന്നില്‍ ശ്രദ്ധയോടെ ഇരുന്നു.

പതിവു പോലെ ഇക്കൊല്ലവും ബജറ്റ്‌ അവതരണത്തിനു മുമ്പു തന്നെ തുടങ്ങിയിരുന്നു ഊഹാപോഹങ്ങള്‍. ജനപ്രിയമാവും എന്ന്‌ ഒരു പക്ഷം. ആവില്ലെന്ന്‌ മറുപക്ഷം. ഇന്നലെ ധനമന്ത്രി ഒരു കടലാസ്സു കെട്ട്‌ മടിയില്‍ വെച്ച്‌ ഇരിയ്‌ക്കുന്ന ചിത്രം പത്രത്തില്‍ വന്നിരുന്നു. `അവസാനവട്ട മിനുക്കുപണിയില്‍' എന്ന്‌ അടിക്കുറിപ്പ്‌. എല്ലാം പതിവു പോലെ.

ഇനിയുള്ളതും പതിവുള്ളതു തന്നെ. ബജറ്റ്‌ അവതരിപ്പിച്ചു തീരുന്ന നിമിഷം തന്നെ വരും പ്രതികരണങ്ങള്‍. ലക്ഷ്യബോധമുള്ളതെന്ന്‌ ഭരണപക്ഷം, നിരാശാജനകമെന്ന്‌ പ്രതി പക്ഷം. ചര്‍ച്ചയും വിശകലനവും രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കും. ഒരു കാലത്ത്‌ കേന്ദ്ര ബജറ്റ്‌ വിശകലനം ചെയ്യാന്‍ നാനി പാല്‍ക്കിവാലയുണ്ടായിരുന്നു. അക്കാലത്ത്‌ ഇന്ത്യയില്‍ രണ്ടു ബജറ്റ്‌ പ്രസംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. ദില്ലിയില്‍ മന്ത്രിയുടെ ബജറ്റ്‌ പ്രസംഗവും ബോംബെയില്‍ പാല്‍ക്കിവാലയുടെ വിശകലനവും. മന്ത്രിയുടെപ്രസംഗത്തേക്കാളേറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നത്‌ പാല്‍ക്കിവാലയുടെ വിശകലനമായിരുന്നു. വെറുംകയ്യോടെ വേദിയില്‍ വന്ന്‌ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു നടത്തുന്ന അത്ഭുതപ്രകടനം. കേള്‍ക്കാന്‍ വരുന്നവരുടെ തിരക്കു കാരണം അവസാനം അത്‌ ബ്രബോണ്‍ സ്റ്റേഡിയത്തിലേയ്‌ക്കാക്കേണ്ടി വന്നു. നേരത്തെ ബുക്‌ ചെയ്‌തവര്‍ക്കേ പ്രവേശനമുള്ളൂ. പത്തിരുപതിനായിരം പേര്‍ കേള്‍ക്കാന്‍ വരും. അത്രത്തോളം വരില്ലെങ്കിലും കേരളത്തില്‍ ഇപ്പോള്‍ തോമസ്‌ ഐസക്‌ ഉണ്ട്‌. ബജറ്റിനേക്കാള്‍ രസം അദ്ദേഹത്തിന്റെ വിശകലനമാണ്‌. ഏതോ ഒരു കൊല്ലം കെ. എം. മാണി അവതരിപ്പിച്ച ബജറ്റ്‌ മിച്ചമോ കമ്മിയോ എന്ന വിവാദം മൂന്നു മാസത്തോളം നീണ്ടുനിന്നത്‌ ഓര്‍മ്മയുണ്ട്‌.

ബജറ്റ്‌ എന്നു വെച്ചാല്‍ കുറേ കണക്കുകള്‍ എന്നായിരുന്നു എന്റെ ധാരണ. പക്ഷേ ഈയിടെയായി ഇതിനൊരു മാറ്റം വന്നിട്ടുണ്ട്‌. കണക്കുകളുടെ അവസാനം മന്ത്രി എവിടെ നിന്നോ ചില കവിതകള്‍ തപ്പിയെടുത്ത്‌ ഉദ്ധരിയ്‌ക്കും. നെരൂദ, ടാഗോര്‍ എന്നിങ്ങനെ വലിയ വലിയ കവികളുടെ ഈരടികളാണ്‌ നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കുക. അതിന്റെ അര്‍ത്ഥമൊന്നും സാധാരണക്കാരായ നമുക്ക്‌ മുഴുവന്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. അത്രയ്‌ക്ക്‌ അര്‍ത്ഥതലങ്ങള്‍ അതിനുണ്ടാവാറുണ്ട്‌.

അല്ലെങ്കിലും നമുക്ക്‌ എന്തു ചുക്കാണ്‌ മനസ്സിലാവുക? വില കൂടും എന്നു മാത്രം അറിയാം. ബജറ്റ്‌ അവതരിപ്പിയ്‌ക്കുന്നതു തന്നെ വില കൂട്ടാനാണ്‌ എന്നാണ്‌ നമ്മുടെ ധാരണ. എന്നിട്ട്‌ അതിനേക്കുറിച്ച്‌ പരാതി പറഞ്ഞുകൊണ്ടു നടക്കും. ചിലതിന്‌ വില കുറയ്‌ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റുകളില്‍ കാണാറുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലും സാധനത്തിന്‌ വില കുറഞ്ഞതായി അനുഭവമില്ലത്രേ. അല്ലെങ്കിലും ബജറ്റിന്റെ ഫലഭാഗം പിന്നെ ആരെങ്കിലും ചികഞ്ഞു നോക്കാറുണ്ടോ? അതില്‍ പറഞ്ഞിരിയ്‌ക്കുന്ന ഏതെങ്കിലും പദ്ധതികള്‍ നടപ്പായിട്ടുണ്ടോ എന്ന്‌ ആരെങ്കിലും പിന്നീട്‌ അന്വേഷിയ്‌ക്കാറുണ്ടോ? അല്ലെങ്കില്‍ ആര്‍ക്കാണിതിനൊക്കെ നേരം? സ്വന്തം വീട്ടിലെ ബജറ്റ്‌ അവതരിപ്പിയ്‌ക്കലും പാസ്സാക്കിയെടുക്കലുമായി മന്ത്രിയേക്കാളും ബദ്ധപ്പാടിലാണല്ലോ നമ്മള്‍.

മന്ത്രിയ്‌ക്ക്‌ കൊല്ലത്തിലൊരിയ്‌ക്കല്‍ മതി. നമുക്കത്‌ മാസാമാസം വേണം. സാധാരണയായി മാസത്തിലെ ഒന്നും അഞ്ചും തീയതികള്‍ക്കിടയ്‌ക്കാണ്‌ അതു പതിവ്‌. ശമ്പളം വീണ്ടും വീണ്ടും എണ്ണി നോക്കി ഈ മാസവും കൂടുതലൊന്നുമില്ല എന്ന്‌ ഉറപ്പു വരുത്തുന്നു. പിടുത്തങ്ങള്‍ കിഴിച്ച്‌ ഇത്രയേ ബാക്കിയുള്ളു. ഈ മാസം പ്രത്യേക ചെലവുകള്‍ വല്ലതുമുണ്ടോ? അതിന്‌ എത്ര നീക്കി വെയ്‌ക്കണം? കഴിഞ്ഞ മാസത്തെ ഏതെങ്കിലും ഇനം ഈ മാസം ഒഴിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ വക മാറി ചെലവു ചെയ്യാന്‍ വകുപ്പുണ്ടോ? ഏതെങ്കിലും ഇനത്തിന്‌ കഴിഞ്ഞ മാസത്തേക്കാള്‍ വില കൂടിയിട്ടുണ്ടോ? എങ്കില്‍ആ ഇനം ഈ മാസം മുതല്‍ എത്രകണ്ട്‌ ഉപഭോഗം കുറയ്‌ക്കണം? വൈദ്യുതി-ടെലഫോണ്‍ ബില്ലുകള്‍ എത്ര? ഏതെങ്കിലും നികുതി ഈ മാസം അടയ്‌ക്കേണ്ടതുണ്ടോ? തല പുകച്ചുകൊണ്ടാണ്‌ ബജറ്റ്‌ അവതരിപ്പിയ്‌ക്കുക. നെരൂദയോ ടാഗോറോ സഹായിയ്‌ക്കാനുണ്ടാവാറില്ല.

പെര്‍കാപ്പിറ്റ ഇന്‍കം. ലോ ഓഫ്‌ ഡിമിനിഷിങ്ങ്‌ യൂട്ടിലിറ്റി. മാര്‍ജിനല്‍ റിട്ടേണ്‍സ്‌.കോമേഴ്‌സ്‌ പഠിയ്‌ക്കാന്‍ ചേര്‍ന്ന കാലത്ത്‌ ഒരാവേശം തോന്നി. പണം സമ്പാദിയ്‌ക്കുന്നത്‌ അച്ഛനാണെന്നതു ശരി. അച്ഛന്‍ കൃത്യമായി വരവു ചെലവു കണക്കുകള്‍ എഴുതുന്നുമുണ്ട്‌. പക്ഷേ ഒന്നിനും ശാസ്‌ത്രീയതയില്ല. ഒരു പ്ലാനിങ്ങ്‌ വേണ്ടേ? വരവിനൊത്താവണ്ടേ ചെലവ്‌? അനാവശ്യമായ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത്‌ അത്യാവശ്യമാണ്‌.
വരവുചെലവിന്‌ ഒരു പദ്ധതിയുണ്ടാവുന്നത്‌ നല്ലതാണ്‌. ഓരോ വീട്ടിലും ചെലവു കളുണ്ടാക്കുന്നത്‌ പെണ്ണുങ്ങളാണെന്ന്‌ കേട്ടിട്ടുണ്ട്‌. അമ്മ എന്തെല്ലാം വേണം എന്ന്‌ അച്ഛനോടു പറയുന്നു, അച്ഛന്‍ വാങ്ങിക്കൊണ്ടു വരുന്നു. അമ്മയ്‌ക്കുണ്ടോ ഇന്ത്യന്‍ പൗരന്റെ ആളോഹരി വരുമാനത്തേപ്പറ്റി വല്ല വിവരവും? അതുകൊണ്ടല്ലേ മാസം അവസാനിയ്‌ക്കാറാവുമ്പോള്‍ അച്ഛന്റെ മടിശ്ശീല കാലിയാവുന്നത്‌. ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ല. കുടുംബത്തിനും വേണം ബജറ്റ്‌.

ഉച്ചനേരം. പേനയും കടലാസ്സുമെടുത്ത്‌ അമ്മയുടെ അടുത്തു ചെന്നു. കൈത്തണ്ട തലയണയാക്കി പായില്‍ക്കിടന്ന്‌ അമ്മ മയക്കമായിരുന്നു. വിളിച്ചുണര്‍ത്തി: `അമ്മേ, നമ്മള്‍ ഒരു മാസം എത്ര കിലോ അരിയാണ്‌ ഉപയോഗിയ്‌ക്കുന്നത്‌? അതുപോലെ പഞ്ചസാര, കാപ്പിപ്പൊടി. പാല്‌ എത്ര നാഴി? ഇവയുടെയൊക്കെ കൃത്യമായ കണക്കു കിട്ടണം.' അമ്മയ്‌ക്ക്‌ ഒന്നും മനസ്സിലായില്ല. വിദ്യാഭ്യാസമില്ലാത്തതിന്റെ ദോഷം. കയ്യിലെ കടലാസ്സെടുത്തു കാട്ടി. ബജറ്റ്‌ അവതരിപ്പിയ്‌ക്കാന്‍ പോവുകയാണെന്നു പറഞ്ഞു. അമിതവ്യയം, ധൂര്‍ത്ത്‌ - എല്ലാം ഒഴിവാക്കണം. ഒന്നും ആവശ്യത്തില്‍ക്കൂടുതല്‍ വാങ്ങുകയോ
ഉപയോഗിയ്‌ക്കുകയോ അരുത്‌. മാസാവസാനം അച്ഛന്റെ ശമ്പളത്തില്‍ മിച്ചം ഉണ്ടാവണം. അത്‌ ബാങ്കില്‍ നിക്ഷേപിയ്‌ക്കണം. അങ്ങനെ മിച്ചം വെച്ച്‌ ഉണ്ടാക്കുന്ന തുക നമുക്ക്‌ വികസനപ്ര വര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിയ്‌ക്കാം. അല്ലെങ്കില്‍ എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ എടുക്കാം. ആര്‍ക്കുറപ്പിയ്‌ക്കാം നാളെ നമുക്കാര്‍ക്കെങ്കിലും എന്തെങ്കിലും ഗൗരവമുള്ള രോഗം വരില്ല എന്ന്‌?അമ്മ മയക്കത്തില്‍നിന്ന്‌ ശരിയ്‌ക്കുണര്‍ന്നിരുന്നില്ല. എന്നെ അപരിചിതഭാവത്തില്‍നോക്കി. `കാപ്പി നാലു മണിയ്‌ക്കല്ലേ വേണ്ടൂ. ഞാന്‍ കൊറച്ചു നേരം കൂടി കെടക്കട്ടെ.' അമ്മ നേരെ പായയിലേയ്‌ക്കു തന്നെ ചെരിഞ്ഞു. എന്റെ ആദ്യത്തെ ബജറ്റ്‌ അവതരണം അങ്ങനെ പാളിപ്പോയി.

പിന്നെയാണ്‌ നാടുവിടുന്നതും ചെറിയ ജോലിയൊക്കെ സമ്പാദിയ്‌ക്കുന്നതും. അക്കാലത്ത്‌ കുടുംബബജറ്റിനേപ്പറ്റിയൊന്നും ആലോചിയ്‌ക്കാന്‍ സമയം കിട്ടിയില്ല. ഒരുകൊല്ലം നാനി പാല്‍ക്കിവാലയുടെ ബജറ്റ്‌ പ്രസംഗം കേള്‍ക്കാന്‍ പോയതോടെ അധികമൊന്നും വിശകലനം ചെയ്യാതിരിയ്‌ക്കുകയാണ്‌ ഭേദം എന്നും തോന്നി. വീണ്ടും നാട്ടിലെത്തിയപ്പോഴേയ്‌ക്കും അച്ഛന്‍ ജോലിയില്‍നിന്ന്‌ വിരമിച്ചിരുന്നു.ചെറിയ പെന്‍ഷനുണ്ട്‌. അപ്പോഴും അച്ഛന്‍ കൃത്യമായി കണക്കെഴുതിയിരുന്നു. വീട്ടു ചെലവിനു പണം കണ്ടെത്തിയാല്‍ മാത്രം പോരാ. അത്യാവശ്യം പറമ്പുണ്ട്‌. കുറച്ചു കൃഷിയു ണ്ട്‌ കൂലിക്കാരുണ്ട്‌. വേനല്‍ക്കാലത്ത്‌ നനയ്‌ക്കണം. കുരുമുളക്‌ പൊട്ടിച്ച്‌ ഉണക്കി സൂക്ഷിയ്‌ക്കണം. നല്ല വിലയുള്ള സമയം നോക്കി വില്‍ക്കണം. തേങ്ങയിടീയ്‌ക്കണം. അടയ്‌ക്ക പറിയ്‌ക്കണം. മിഥുനം കര്‍ക്കടമായാല്‍ പറമ്പ്‌ കിളപ്പിയ്‌ക്കണം. വീട്ടുഭരണം തുടങ്ങിയിട്ട്‌ കാലം കുറച്ചായതുകൊണ്ട്‌ അച്ഛന്‌ എല്ലാം കാണാപ്പാഠമായിരുന്നു. ശമ്പളം അച്ഛനെ ഏല്‍പ്പിയ്‌ക്കുകയാണ്‌ ഏറ്റവും സൗകര്യം എന്ന്‌ എനിയ്‌ക്കു തോന്നി. വലിയ സംഖ്യയൊന്നുമല്ല. എന്നാലും കിട്ടുന്നതില്‍നിന്ന്‌ ബസ്സുകൂലിയ്‌ക്കു കുറച്ചു തുക മാറ്റി വെച്ച്‌ അച്ഛനു കൊടുക്കാം. അതിനു മുമ്പ്‌ വീട്ടിലേയ്‌ക്കുള്ള അത്യാവശ്യം പലചരക്കു സാധനങ്ങള്‍ വാങ്ങിവെയ്‌ക്കാം. പാലിന്റെ പണവും കൊടുക്കാം. ബാക്കിയൊക്കെ അച്ഛന്‍ തന്നെ നോക്കിക്കോട്ടെ.

ബജറ്റില്ലാത്തതിന്റെ ബുദ്ധിമുട്ട്‌ അപ്പോഴാണ്‌ മനസ്സിലായത്‌. മൂന്നാമത്തെ ആഴ്‌ചയായപ്പോഴേയ്‌ക്കും പേഴ്‌സ്‌ കാലിയായി. ബസ്സുകൂലിയ്‌ക്ക്‌ പണമില്ല. പരുങ്ങിപ്പരുങ്ങിഅച്ഛന്റെ അടുത്തെത്തി. അച്ഛന്‍ അലമാരി ചൂണ്ടിക്കാണിച്ചു. രണ്ടാമത്തെ കള്ളി, കറുത്ത ബാഗ്‌. അത്യാവശ്യത്തിനുള്ളത്‌ എടുത്തു. പിന്നെപ്പിന്നെ അത്‌ആവര്‍ത്തിച്ചു. എല്ലാമാസവും കമ്മി ബജറ്റ്‌.

പാലാണ്‌ എല്ലാ കണക്കും തെറ്റിയ്‌ക്കുന്നത്‌ എന്ന്‌ എനിയ്‌ക്കു തോന്നി. നമ്മള്‍എത്ര കാപ്പിയാണ്‌ കുടിയ്‌ക്കുന്നത്‌? ഇത്രയധികം വേണോ? പോരാത്തതിന്‌ മകള്‍ വളര്‍ന്നുവരുന്ന കാലമാണ്‌. എത്ര പാലു വാങ്ങിയിട്ടും മതിയാവുന്നില്ല. പാല്‍ക്കാരന്‍ മര്യാദക്കാരനായതുകൊണ്ട്‌ വലിയ കുഴപ്പമില്ലാതെ പോവുന്നു എന്നു മാത്രം.

അതിനിടയ്‌ക്കാണ്‌ പശു ചത്തുവെന്നു പറഞ്ഞ്‌ അയാള്‍ വരുന്നത്‌. ഇനി മുതല്‍പാല്‌ ഇല്ല. സാരമില്ല, താന്‍ തന്നെ വേറെ ഏര്‍പ്പാടു ചെയ്‌തിട്ടുണ്ട്‌. പക്ഷേ ഒരു ബുദ്ധിമുട്ടുണ്ട്‌. അവരുടെ വീട്ടില്‍ച്ചെന്നു വാങ്ങണം. അവിടെ വയസ്സായ രണ്ടു പെണ്ണുങ്ങളേയുള്ളു.മകന്‍ രവിയ്‌ക്ക്‌ അമ്പലത്തില്‍ പ്രവൃത്തിയുണ്ട്‌. പക്ഷേ കാര്യമില്ല. കുടിയുണ്ട്‌. അവന്റെ ശല്യം സഹിയ്‌ക്കവയ്യാതെ ഭാര്യ സ്വന്തം വീട്ടില്‍ച്ചെന്നു നില്‍ക്കുകയാണ്‌.

പാലു കൂടാതെ വയ്യ. രാവിലെ നേരത്തെ എഴുന്നേറ്റ്‌ മാരാത്തേയ്‌ക്ക്‌ നടക്കും.അമ്മാളു എന്ന എണ്‍പത്തഞ്ചുകാരി. മകള്‍ തങ്കം എന്ന അറുപത്തഞ്ചുകാരി. അമ്മയുംമകളും തമ്മില്‍ മത്സരമാണ്‌ വിശേഷങ്ങള്‍ പറയാന്‍. കമ്മി ബജറ്റിന്റെ കഥകളാണെങ്കിലുംപാല്‍ക്കിവാലയുടെ പ്രസംഗത്തേക്കാള്‍ രസമുണ്ട്‌. പിന്നെപ്പിന്നെ അത്‌ ദിനചര്യയുടെ ഭാഗമായി.

രണ്ടാം മാസത്തില്‍ പാലിന്റെ പണം കൊടുത്തപ്പോള്‍ കുറച്ചുകൂടി കിട്ടിയാല്‍നന്നായിരുന്നു എന്ന്‌ തങ്കം. കാലിത്തീറ്റയ്‌ക്കൊക്കെ എന്താ വില? രവി വരുത്തിവെച്ചകടം കുറേ വീട്ടാനുണ്ട്‌. അമ്മയ്‌ക്ക്‌ സുഖമില്ല. ആശുപത്രിയില്‍ കൊണ്ടുപോണം. ഒരുമാസത്തെ മുന്‍കൂര്‍ കൊടുത്തു. എന്നാലും സമാധാനിച്ചു. അടുത്ത മാസത്തെ ചെലവിന്‌ പാല്‍ ഒരു ഇനമാവില്ലല്ലോ.

രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ തങ്കം വീട്ടില്‍ വന്നു. കടം വീട്ടാന്‍ വെച്ച പണം രവി എടുത്തുകൊണ്ടുപോയി. കാലിത്തീറ്റ വാങ്ങിയിട്ടില്ല. പശുവിന്‌ കുത്തിവെയ്‌ക്കാറായി. അതുകൊണ്ട്‌ രണ്ടാം മാസത്തേയ്‌ക്കുള്ള പാലിന്റെ വില കണക്കാക്കി ഇപ്പോള്‍ത്തന്നെ തരണം. ഒരു നിവൃത്തിയുമില്ല. കുറച്ചുനേരം തങ്കത്തിനെ ഒഴിഞ്ഞുനടക്കാന്‍ നോക്കിയെങ്കിലും അവര്‍ ഞാന്‍ നില്‍ക്കുന്ന മുറിയിലേയ്‌ക്കൊക്കെ അന്വേഷിച്ചു വന്നു. `തനിയ്‌ക്കൊന്നും വീട്ടുചെലവു നടത്തി പരിചയമില്ല,' പണം ചോദിച്ചപ്പോള്‍ അച്ഛന്‍ ചിരിയ്‌ക്കുകയാണ്‌ ചെയ്‌തത്‌. `തരാത്ത പാലിന്‌ പണം ചോദിച്ചുവന്നാല്‍ അവരോട്‌ ഇല്ല എന്ന്‌ തറപ്പിച്ചു പറയാന്‍ പറ്റണം.' പാലിന്റെ കാര്യം അച്ഛന്‍ തന്നെ ഏറ്റെടുത്തു. വീട്ടു ബജറ്റ്‌ അവതരണം എത്ര ബുദ്ധിമുട്ടുള്ളതാണ്‌ എന്ന്‌ എനിയ്‌ക്കു ബോദ്ധ്യമായത്‌ അതോടെയാണ്‌. അപ്പോള്‍ ഒരു സംസ്ഥാനത്തിനു വേണ്ടിയുള്ള ബജറ്റവതരണമോ? ചാനലില്‍ ബജറ്റവതരണം മുറയ്‌ക്കു നടക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്കിടെ ഭരണപക്ഷത്തിന്റെ ഡെസ്‌കിലിടിയും പ്രതിപക്ഷത്തിന്റെ ഷെയിം ഷെയിം വിളികളും. ഗാലറിയിലേയ്‌ക്കും പോവുന്നുണ്ട്‌ ഇടയ്‌ക്കിടെ കാമറ. മന്ത്രിയുടെ 16
കുടുംബാംഗങ്ങള്‍ അവിടെ ഇരിയ്‌ക്കുന്നുണ്ടത്രേ. നിയമസഭയില്‍ മന്ത്രിയുടെ പ്രകടനം നേരിട്ടു കാണാന്‍ വന്നിരിയ്‌ക്കുകയാണ്‌.

വായന അവസാനിയ്‌ക്കുകയാണ്‌. ഇനിയാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇത്തവണ ആരാണ്‌? നെരൂദയോ ടാഗോറോ? കടമ്മനിട്ടയോ കാട്ടാക്കടയോ ആവില്ല. കേരളത്തിനു പുറത്തോ പറ്റുമെങ്കില്‍ ഇന്ത്യയ്‌ക്കു പുറത്തോ ഉള്ളവരാവണമെന്ന്‌ നിര്‍ബ്ബന്ധമുണ്ട്‌.വീര്‍പ്പടക്കിയിരിയ്‌ക്കേ മന്ത്രി തപ്പിത്തപ്പി ആലാപനം തുടങ്ങി: `ചക്ഷുഷാ മനസാവാചാ/കര്‍മ്മണാ ച ചതുര്‍വ്വിധം/പ്രസാദയതി യോ ലോകം/തം ലോകോനുപ്രസീദതി.'എന്താണിത്‌? സംസ്‌കൃതമാണല്ലോ. ഒന്നും മനസ്സിലായില്ല. വിദുരവാക്യമാണ്‌എന്ന്‌ ആരോ പറഞ്ഞു. വിദുരവാക്യമോ? വിദുരന്റെ കാലത്തും ഉണ്ടായിരുന്നുവോ ബജറ്റവതരണം?
വീട്ടു ബജറ്റും വിദുരവാക്യവും (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക