അദ്ധ്യായം-11
മാര്‍ഗ്രറ്റിന്റെ ഭര്‍ത്താവ് തന്നെ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുളളൂ. താന്‍ ഇത്രയും വര്‍ഷമായിട്ട് ഇവിടെ ജോലിചെയ്തിട്ടും അയാള്‍ ഒരിക്കല്‍ പോലും മുടങ്ങാതെ ദിവസവും മൂന്ന് നേരം വന്ന് ഓര്‍മ്മ നശിച്ച ഭാര്യയുടെ അടുത്ത് അവരുടെ കൈയ്യില്‍ തലോടി കൊണ്ടിരിക്കുന്നത് കാണാം.
അയാള്‍ക്കറിയാം അവര്‍ക്ക് തന്നെ തിരിച്ചറിയാനുളള ഓര്‍മ്മ ശക്തി ഇല്ലെന്നും തന്റെ മുന്നില്‍ ഇരിക്കുന്നത് ജീവനുളള പാവമാത്രമാണെന്നും. എന്നിട്ടും ആ തീവ്രമായ സ്‌നേഹം കാണുമ്പോള്‍ അതിശയം തോന്നുന്നു.
“ടോണി ഇന്ന് ഞങ്ങളുടെ അമ്പതാം വിവാഹ വാര്‍ഷികമാണ്. ഇന്നെങ്കിലും അവളെന്റെ പേരൊന്ന് വിളിച്ചിരുന്നുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ച് പോകുന്നു”
അയാള്‍ വികാരധീരനായി മാര്‍ഗ്രറ്റിന്റെ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
ടോണി എന്ത് പറയണമെന്നറിയാതെ അയാളുടെ കണ്ണുകളില്‍ നോക്കി. ആ കണ്ണുകളില്‍ നിന്ന് അയാളുടെ മനസ്സിന്റെ ദാഹം അളക്കാം.
“പീറ്റര്‍ നിങ്ങളുടെ ഈ പരിശുദ്ധ സ്‌നേഹം കാണുമ്പോള്‍ എനിക്ക് നിങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. നിങ്ങളെപ്പോലെ തീവ്രമായ സ്‌നേഹം കാത്ത് സൂക്ഷിക്കുന്ന മറ്റൊരു ഭര്‍ത്താവിനേയും ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെയും കണ്ടിട്ടില്ല. മാര്‍ഗരറ്റ് നിങ്ങളെ തിരിച്ചറിയാതായിട്ട് എത്രയോ വര്‍ഷങ്ങളായി എന്നിട്ടും ദിവസവും മൂന്ന് നേരം നിങ്ങളുടെ ഈ വാര്‍ദ്ധക്യത്തിലും ഇങ്ങനെ വന്ന് സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക”
“മാര്‍ഗ്രരറ്റ്്‌ന് എന്നെ തിരിച്ചറിയാന്‍ കഴിയില്ലായിരിക്കും പക്ഷേ എനിക്ക് അവളെ അിറയാം. അവളെന്നെ ഒരു കാലത്ത് എത്രമാത്രം സ്‌നേഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഈ നിര്‍ജ്ജീവമായ അവളുടെ ഓര്‍മ്മകളിലും അവളെ സ്‌നേഹിക്കാന്‍ എനിക്കാ ഓര്‍മ്മകള്‍ മതി”
അയാള്‍ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ തൂവാലകൊണ്ട് തുടച്ചിട്ട് വിവാഹവാര്‍ഷികത്തിന്റെ കേക്ക് മാര്‍ഗ്രറ്റിന്റെ വായയില്‍ വച്ച് കൊടുത്തു അതിന്റെ മധുരം ഇഷ്ടപ്പെട്ടപോലെ അവള്‍ അത് വായിലിട്ട് നുണഞ്ഞു. തന്റെ പേര് ആരോ കോറിഡോറില്‍ നിന്ന് വിളിക്കുന്നത് കേട്ട് ടോണി പറഞ്ഞു:
“സീ യൂ ലേറ്റര്‍ പീറ്റര്‍”
“ഓകെ താങ്ക്‌സ്”
ടോണി കോറിഡോറിനേക്ക് ഇറങ്ങി നോക്കിയപ്പോള്‍ സോണിയയാണ്.
“എന്താ സോണിയ”
“ചെറിയൊരു പ്രശ്‌നമുണ്ട് ടോണി”
“എന്താ”
“നിനക്കെതിരെ മാനേജരുടെ അടുത്ത് ഒരു കംപ്ലെന്റ് പോയിട്ടുണ്ട്”
“എന്ത് കംപ്ലെയിന്റ് ?”
ടോണി നെഞ്ചിടിപ്പോടെ ചോദിച്ചു.
“കുറച്ച് മുമ്പ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഡേവിഡിന്റെ ശരീരത്ത് ബ്രൂയിഷ് കണ്ടെന്ന് പറഞ്ഞ് മാനേജരുടെ അടുത്ത് പോയി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ആരോ ഡേവിഡിനെ ഉപദ്രവിച്ചത് കൊണ്ടാണ് ആ പാട് വന്നതെന്നാണ് മാനേജര്‍ പറയുന്നത്. മാനേജരിപ്പോള്‍ നഴ്‌സിങ്ങ് സ്റ്റേഷനില്‍ നിന്ന് ആരാണിന്ന് ഡേവിഡിനെ കുളിപ്പിച്ചതെന്ന് അന്വേഷിച്ചു അപ്പോള്‍ നഴ്‌സിങ്ങ് ഇന്‍ ചാര്‍ജ് നിന്റെ പേര് പറഞ്ഞു”
“ഞാന്‍ രാവിലെ ഡേവിഡിനെ കുളിപ്പിച്ചപ്പോള്‍ ശരീരത്ത് ആ പാടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ കുറെ ദിവസം ഓഫായിരുന്നതുകൊണ്ട് ഞാന്‍ കരുതി ആ പാടുകള്‍ നേരത്തെ ഉളളതാണെന്നും നഴ്‌സുമാര്‍ക്ക് അതിനെകുറിച്ച് അിറയാമെന്നും അതുകൊണ്ട് ഞാന്‍ വിചാരിച്ചു ആ കാര്യം പിന്നീട് തിരക്ക് കഴിഞ്ഞിട്ട് നഴ്‌സുമാരോട് ചോദിക്കാമെന്ന്”
“പക്ഷെ നഴ്‌സുമാര്‍ ഇപ്പോള്‍ പറയുന്നത് ആ ബ്രൂയിഷ് രാവിലെ ഹാന്‍ഡ് ഓവറില്‍ ഇല്ലായിരുന്നുവെന്നാണ്. ഞാനിന്ന് താഴത്തെ ഫ്‌ളോറില്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് ഇതിനെക്കുറിച്ചൊന്നും അറിഞ്ഞതുമില്ല”
“അവര്‍ സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി പച്ചകളളം പറയുന്നതാ. നിനക്കറിയാലോ ഡേവിഡ് എപ്പോഴും എന്നെ ചീത്ത വിളിക്കുമെങ്കിലും എനിക്ക് അയാളെ എത്രമാത്രം ഇഷ്ടമാണെന്ന്. ഞാനയാളെ അങ്ങനെ ദ്രോഹിക്കാന്‍ മാത്രം ക്രൂരനല്ല. എനിക്കുറപ്പാണ് ഇത് നൈറ്റ് സ്റ്റാഫ് ആരോ ചെയ്തതാണ്”
“നിന്നെയിപ്പം മാനേജര്‍ അന്വേഷിക്കുന്നുണ്ട് നീ വേഗം താഴെ ഓഫീസിലേക്ക് ചെല്ല് ”
ടോണി കുറ്റവാളിയെപ്പോലെ മാനേജരുടെ ഓഫീസിന് മുന്നില്‍ അയാള്‍ വിളിക്കുന്നതും കാത്ത് നിന്നു.
“ടോണി കം ഇന്‍”
ടോണി കയറിചെന്നപ്പോള്‍ അയാള്‍ എഴുതികൊണ്ടിരുന്ന പേപ്പര്‍ കൈയ്യില്‍ എടുത്തിട്ട് പറഞ്ഞു:
“അയാം സോറി ടോണി യു ആര്‍ സസ്‌പെന്റഡ് ഫ്രം നൗ ഓണ്‍ സ്പീഷ്യസ് ഓവര്‍ ക്രോസിങ്ങ് ബ്രൂയിഷ് ഓണ്‍ ഡേവിഡ്. ഹിയര്‍ ഈസ് യുവര്‍ സസ്‌പെന്‍ഷന്‍ ലെഷര്‍”
“സര്‍ അയാം നോട്ട് ദ വണ്‍”
ടോണി തന്റെ ഭാഗം വ്യക്തമാക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞ് കൊണ്ട് പറഞ്ഞു:
“നോ മോര്‍ ഡിസ്‌ക്ഷന്‍ വില്‍ ഇന്‍വെസ്റ്റിഗേറ്റ് ഇറ്റ്. യു ക്യാന്‍ ഗോ നൗ”
ടോണി ദുഃഖത്തോടെ പുറത്തേക്ക് ഇറങ്ങി വന്നപ്പോള്‍ മുന്നില്‍ സോണിയ നില്ക്കുന്നത് കണ്ട് അവന്‍ അവളോട് യാചിച്ചു:
“സോണിയ പ്ലീസ് എനിക്ക് വേണ്ടി നീയിപ്പം മാനേജരോട് ഒന്നു പറയുമോ ഞാന്‍ പറഞ്ഞിട്ട് അയാള്‍ കേള്‍ക്കുന്നില്ല. അയാളെന്നെ സസ്‌പെന്‍ഡ് ചെയ്യ്തു”
“ടോണി അതു പിന്നെ….”
സോണിയ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടി.
“ഞാന്‍ ചോദിച്ചാല്‍ മാനേജര്‍ക്ക് പിന്നെ എന്നോട് ദേഷ്യമാകും. അതിലും നല്ലത് നമുക്ക് വേറെ നല്ല ആരെകൊണ്ടെങ്കിലും ചോദിപ്പിക്കുന്നതാണ.് അല്ലെങ്കില്‍ തന്നെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇടപെട്ട സ്ഥിതിക്ക് മാനേജര്‍ ആരു പറഞ്ഞാലും കേള്‍ക്കാന്‍ സാധ്യതയില്ല.”
ടോണി മറുപടിയൊന്നും പറയാതെ വികാരാധീനനായി ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി നേരെ നടന്നു.
നാളത്തെ വിചാരണയെയും വിധിയേയും കുറിച്ച് ഓര്‍ത്തപ്പോള്‍ ടോണിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളത്തെ വിധി തനിക്ക് പ്രതികൂലമായാല്‍ അവര്‍ തന്നെ പിരിച്ച് വിട്ട് ആ വിവരം സെയ്ഫ് ഗാഡിങ്ങില്‍ അറിയിക്കും. പിന്നെ തനിക്കൊരിക്കലും യുകെയില്‍ കെയര്‍ ജോലി ചെയ്യാന്‍ കഴിയില്ല.
ടോണി കുറേ സമയം ബെഡില്‍ തിരിഞ്ഞും മിറഞ്ഞും കിടന്നു. പക്ഷെ മനസ്സിലെ കാര്‍മേഘങ്ങള്‍ പെയ്ത് ഒഴിയാതെ ഇനിയും തനിക്ക് ഉറങ്ങാന്‍ കഴിയുമെന്ന് തോനുന്നില്ല.
ടോണി വാച്ചില്‍ സമയം നോക്കി. മൂന്ന് മണി. അവന്‍ എണീറ്റ് മേശപ്പുറത്തിരുന്ന ജെഗ്ഗില്‍ നിന്ന് കുറേ വെളളം കുടിച്ചിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ടാണെങ്കിലും നിലാവെളിച്ചം പോലെ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം നിറഞ്ഞ് നില്‍ക്കുന്നു.
പുഴയില്‍ ഒന്ന് മുങ്ങി കുളിച്ച് വെളളാരം കല്ലുകള്‍ മുകളില്‍ കാറ്റുകൊണ്ട് ഒരല്പം കിടക്കാന്‍ പറ്റിയിരുന്നങ്കില്‍ പ്രക്ഷുപ്തമായ മനസ്സ് ഒന്ന് ശാന്തമായെനേ.
ടോണി കൂറേ സമയം കൂടി ജനലിലൂടെ കണ്ണുംനട്ട് ഓരോന്ന് ആലോചിച്ച് കൂട്ടിയിട്ട് തിരിച്ച് ബെഡ്ഡിലേക്ക് വന്ന് ബ്ലാങ്കെറ്റെടുത്ത് പുതച്ച് ഉറങ്ങാന്‍ ശ്രമിച്ചു. ഇനിയെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ശരിയാവില്ല. നാളെ രാവിലെ എട്ട് മണിക്ക് കെയര്‍ ഹോമില്‍ ഹിയറിങ്ങിന് പോകാന്‍ ഉളളതാ.
പക്ഷേ വീണ്ടും അസ്വസ്ഥമാകുന്ന ചിന്തകള്‍. നാളെ റെന്റ് കൊടുക്കണ്ട ദിവസമാണ്. കൈയ്യില്‍ ഇപ്പോള്‍ ഏതാനും നാണയതുട്ടുകള്‍ മാത്രമേയുളളൂ. റോസ് മേരിയോടോ സോണിയായോടോ ചോദിക്കാമെന്ന് വിചാരിച്ചാല്‍ താന്‍ അവര്‍ക്ക് മുമ്പ് കടം മേടിച്ച പണം കൊടുക്കാന്‍ കിടക്കുകയാണ്. പിന്നെ അത്ര അടുപ്പം ഇല്ലാത്ത ആളുകളോട് കടം മേടിക്കാന്‍ തന്റെ അഭിമാനം. പിന്നെ മറ്റൊരു പ്രശ്‌നം അടുത്ത ആഴ്ച നാട്ടിലേക്ക് അയക്കാനുളള ലോണിന്റെ പലിശയാണ്. അതിന് ഇനിയും ദിവസങ്ങളുണ്ടെന്ന് സമാധാനിക്കാം. പക്ഷേ റെന്റ് സമയത്ത് കൊടുത്തിന്നെങ്കില്‍ അവര്‍ തന്നെ ഇവിടുന്ന് പുറത്താക്കും. തന്റെ നാട്ടുകാരായ മലയാളികള്‍ ആണെങ്കിലും കരുണയില്ലാത്തവരാണ്. ഉയര്‍ന്ന ശമ്പളം മേടിക്കുന്നവരും നാട്ടില്‍ ഏക്കറ് കണക്കിന് സ്ഥലവും ആള്‍ താമസമില്ലാത്ത കൊട്ടാരം പൊലത്തെ വീടും ഉളളവര്‍ ആണെങ്കിലും പണത്തിനോടുളള അഭിനിവേശത്തിന് ഒരു കുറവുമില്ല.
ഇനിയും തനിക്ക് ഉറങ്ങാന്‍ കഴിയില്ലെന്ന് തീര്‍ച്ചപ്പെടുത്തി ടോണി ജാക്കറ്റെടുത്തിട്ട് റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി ഇരുട്ട് വീണ വിജനമായ റോഡിലൂടെ പുറത്തേക്ക് നടന്നു. നല്ല തണുപ്പുണ്ടെങ്കിലും സാരമില്ല പാര്‍ക്കിലെ പുല്‍ തകിടില്‍ കുറച്ച് സമയം ഇരുന്ന് മനസ്സ് ശാന്തമാക്കിയിട്ട് വരാം. ഇനിയും റൂമിലിരുന്നാന്‍ തന്റെ മനസ്സ് കൂടുതല്‍ പ്രക്ഷുപ്തമാവുകയേയുളളൂ.
ടോണി ഇരുട്ട് വട്ടം പിടിച്ച പാര്‍ക്കിലെ ഓക്കു മരത്തിന്റെ ചുവട്ടിലെ പുല്‍ തകിടിയില്‍ ഇരുന്ന് പാര്‍ക്കിന് അങ്ങേ അറ്റത്തെ ഇരുട്ട് വിഴുങ്ങിയ മരങ്ങളെ നോക്കി. മരങ്ങളെ ഒറ്റ നോട്ടത്തില്‍ കണ്ടാന്‍ തോന്നും അവര്‍ ഇരുട്ടില്‍ നിഴലുകളായി ഒന്നു ചേര്‍ന്ന് പരസ്പരം സന്ദേഹങ്ങള്‍ പങ്ക് വയ്ക്കുകയാണെന്ന്.
ഒരു മണിക്കൂറോളം നീണ്ട് നിന്ന് ഹിയറിങ്ങ് കഴിഞ്ഞ് ടോണി റിസള്‍ട്ടിനായി റിസ്പ്ഷനില്‍ കാത്തുനിന്നു.
ഹൃദയത്തില്‍ രക്തസമ്മര്‍ദം പെരുമ്പറ കൊട്ടുന്നതിന്റെ വിറയല്‍ ഇരു കൈകളുടെയും അറ്റം വരെ നീളുന്നത് ടോണി അിറഞ്ഞു.
“ടോണി ഹിയര്‍ ഈസ് ദ റിസള്‍ട്ട് ഫോര്‍ ഹിയറിങ്ങ് ”
കമ്പനിയുടെ ലോയര്‍ വന്ന് ഒരു കവര്‍ നീട്ടി കൊണ്ട് പറഞ്ഞു.
ടോണി വേഗം കവറ് മേടിച്ച് പൊട്ടിച്ചപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി. പിന്നെ മനസ്സില്‍ ധൈര്യം സംഭരിച്ച് ഡോറിന് അപ്പുറത്ത് നിന്ന സോണിയായുടെയും ഡെയ്‌സിയുടെയും അടുത്ത് ചെന്ന് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു:
“സോറി ഐ കുടിന്റ് മെയ്ക്കിറ്റ്, അയാം ലീവിങ്ങ്”
അവര്‍ എന്ത് പറയണമെന്നറിയാതെ വിഷാദത്തോടെ അവനെ നോക്കി നിന്നു.
ടോണി സ്റ്റാഫ് റൂമില്‍ നിന്ന് തന്റെ സാധനങ്ങള്‍ മുഴുവന്‍ എടുക്കുമ്പോള്‍ തൊട്ടടുത്ത റൂമില്‍ ഡേവിഡിന്റെ ഉച്ചത്തിലുളള പുലഭ്യം കേട്ട് അവന്‍ അവിടേക്ക് എത്തി നോക്കി.
അയാള്‍ ടോണിയെ കണ്ട് എന്തോ ഒരുപാട് കാര്യങ്ങള്‍ പറയാനുളളതു പോലെ കൈ കാട്ടി വിളിച്ചു.
“സോറി ഡേവിഡ് എനിക്കിനി ആ ഈ റൂമില്‍ കയറാനുളള അനുവാദമില്ല. നമ്മളിനി ഒരിക്കലും കാണില്ല. ഗുഡ് ബൈ. ടേക്ക് കെയര്‍”
ഒരു നിമിഷത്തേക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയതുപോലെ ഡേവിഡിന്റെ മുഖം ചുവന്നു. കണ്ണുകള്‍ ഈറനണിഞ്ഞു.
“ബൈ”