മുള്ളുകള്‍ക്കുള്ളിലൂടെത്തി നോക്കവേ
കവിള്‍ നോവാര്‍ന്നു രക്തം കിനിയുന്നു
എങ്കിലുമെന്‍ ചുണ്ടിലിത്തിരിപുഞ്ചിരി
യിറ്റിക്കാന്‍ തെല്ലും മടിച്ചില്ല
ചെമ്പനീര്‍പൂ
പാഴ്‌ചെടികളെ ഗാഢം പുണര്‍ന്നി
ട്ടിരുട്ടിലിഴഞ്ഞു
നീങ്ങീടിലും തന്നരുമ
മക്കള്‍ക്കായ് കരുതിവെച്ചീടുന്നു
ധവള സുരഭില
സ്വപ്‌നങ്ങളരിമുല്ല
രാഗം വഴിയും മനോജ്ഞ വര്‍ണ്ണം തന്‍
നെഞ്ചിലൊളിപ്പിച്ചു
വിളറിചിരിച്ചിട്ടെ
ന്നെയെന്നില്‍ നിന്നൊളിക്കുവതെങ്ങിനെ
യെന്നു വിതുമ്പുന്ന
മൈലാഞ്ചിയും
ഏറെ പഴകി തളര്‍ന്നോരെന്‍
തറവാട്ടു
മുറ്റത്തുറങ്ങുന്നുണ്ടിപ്പോഴും പൂമണമായ്
പ്രണയമായ്
നിഗൂഢസ്വപ്‌നങ്ങളായ്
എന്നാത്മമുണര്‍ത്തുന്ന നീരവ ഗീതങ്ങള്‍
ഇന്നീ
തിരുമുറ്റം പകുത്തു
പങ്കിടാന്‍ വെമ്പുന്നു സോദരര്‍,
എന്നുള്ളമോ........പൊള്ളുന്ന സ്‌മൃതിയില്‍ ജ്വലിക്കുന്നു.
ബിന്ദു ടിജി