-->

America

കരകാണാക്കടല്‍- 5 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി

Published

on

5.അങ്ങു ദൂരെനിന്ന് ഒരാള്‍ വരുന്നു

അങ്ങനെ ആരും പറഞ്ഞിട്ടില്ല ഇതിനു മുമ്പൊരിക്കലും. കണ്ണുവെട്ടിക്കലുകളും കൈക്രിയകളും പച്ചനോട്ടുകാണിക്കലുകളും അങ്ങു ടൗണില്‍വച്ച് അവള്‍ക്കു പരിചയമുണ്ട്. അവയുടെ പിന്നിലുള്ള അര്‍ത്ഥമെന്തെന്നു ഗ്രഹിക്കാനുള്ള ത്രാണിയും അവള്‍ക്കുണ്ട്. അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും അവള്‍ ഒരിക്കലും വഴിപ്പെടുകയില്ല. തീര്‍ച്ചയാണ്. എന്നാല്‍ അവളെ സ്‌നേഹിക്കുന്നു എന്ന് ഒരു ചെറുപ്പക്കാരനും ഇതേവരെ പറഞ്ഞിട്ടില്ല. അവള്‍ സുന്ദരിയാണെന്ന് അവള്‍ക്കു ബോദ്ധ്യമുണ്ട്. അല്ലെങ്കില്‍ ആണുങ്ങള്‍ ഇത്രകണ്ടു ബദ്ധപ്പെടുകയില്ല, അവളുടെ ഒരു പുഞ്ചിരിക്കുവേണ്ടി. എങ്കിലും അവള്‍ സുന്ദരിയാണെന്ന് അവളോട് ആദ്യമായി തമ്മില്‍ കാണുകയായിരുന്നു.
ഹൃദയത്തിനുള്ളില്‍ ഒരു കനകസ്വപ്നം കൂടുകെട്ടുന്നതുപോലെ തോന്നി. ലോകത്തില്‍ മറ്റൊരു അറിഞ്ഞിട്ടില്ല. അവള്‍  അവളുടെ സ്വന്തമാണ് ആ സ്വപ്നം. ആ സ്വപ്നം മറ്റാരും കാണുകയില്ല.
അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞത്? അവള്‍ക്കറിഞ്ഞു കൂടാ. ഒരു നിശ്ചയവുമില്ല. ഇനിയും തമ്മില്‍ കാണുമ്പോള്‍ ചോദിക്കണം. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് നാണം തോന്നി. സ്‌നേഹിക്കുന്നു എന്നു പറഞ്ഞത് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നല്ലേ? അതെങ്ങനെ സാദ്ധ്യമാകും? സാധിച്ചാല്‍ അതൊരു അത്ഭുതമായിരിക്കും. എങ്കിലും സര്‍വ്വശക്തനായ ദൈവം കണ്ണുതുറന്നാല്‍ സംഭവിക്കാന്‍ വയ്യാത്ത അത്ഭുതങ്ങളുണ്ടോ? ആ പാവപ്പെട്ട മണ്‍കുടിലിന്റെ കണ്ണുനീര്‍ത്തുള്ളികളുടെ ആഴം അവിടുന്നു കണ്ടിരിക്കാം. എന്തോ, ആര്‍ക്കറിയാം!
മധുരസ്വപ്നങ്ങളുടെ മായാമേഖലയില്‍നിന്ന് അവളുടെ ചിന്തകള്‍ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുടെ നടപ്പാതയില്‍ മടങ്ങിയെത്തി. വിശക്കുന്നു. പുറകുവശത്തെ തൂണില്‍ ബന്ധനസ്ഥനായിക്കിടക്കുന്ന കൈസര്‍ എന്ന പട്ടി ദയനീയമായി മോങ്ങുന്നു. വിശപ്പും ബന്ധനവും ഒരു ജീവിയും സഹിക്കയില്ലല്ലോ. കോഴികളും വള്ളിക്കുട്ടയിലെ തടങ്കല്‍പ്പാളയത്തില്‍ത്തന്നെ. ഉച്ചതിരിയുമ്പോഴാണ് അമ്മിണിക്കു സുഖക്കേട്. അവള്‍ കുത്തി കുത്തി ചുമയ്ക്കുന്നു.  തറതി കിഴി ചൂടാക്കി അവളുടെ നെഞ്ചും പുറവും തിരുമ്മുന്നു. ഇടയ്ക്കിടയ്ക്ക് ആമ്പ്രന്നോനെ പിരാകുന്നുമുണ്ട്. അവര്‍ക്ക് ലോകത്തോടു മുഴുവനും ശത്രുതയാണെന്നു തോന്നും വര്‍ത്തമാനം കേട്ടാല്‍, വല്യമ്മച്ചി ആ പഴഞ്ചന്‍ കയറ്റു കട്ടിലില്‍ ഇരുന്നു പിറുപിറുക്കുന്നു. അവര്‍ക്ക് കറുപ്പു കിട്ടാത്തതിലുള്ള ദേഷ്യത്തിനും കഠിനമായ വിശപ്പിനും പുറമേ നിരന്തരമായ മൂട്ടശല്യവും തോമ്മായ്ക്ക് എങ്ങും ജോലിയുമില്ല. കൈയില്‍ കാശില്ല, കഞ്ഞിക്കുള്ള വകയില്ല. ചുരുക്കത്തില്‍ ഒന്നുമില്ല. എല്ലാം ഇരുളടഞ്ഞിരിക്കുന്നു.
മേരി മുറ്റത്തു നില്‍ക്കുകയായിരുന്നു.
കുടനന്നാക്കുകാരന്‍ തളന്തന്‍പീലിപ്പായുടെ പെമ്പിള അക്കാമ്മച്ചേടത്തി ഒരങ്ങാടിവട്ടിയില്‍ കുറെ ഉണക്കക്കപ്പ കൊണ്ടുവന്നു മേരിയെ ഏല്‍പിച്ചിട്ടു പറഞ്ഞു: “എന്റെ കുഞ്ഞേ, ഇതു കുതുത്ത്  ആ വല്യമ്മത്തള്ളയ്ക്ക് കൊടുക്ക്. മഹാപാപമാണ് അവരെ ഇങ്ങനെ പട്ടിണിക്കിടുന്നത്.”
“എന്തോന്നാ അക്കാമച്ചി പറേന്നത്?” തറതി മുറ്റത്തേക്ക് ഇറങ്ങി വന്നു. അക്കാമച്ചി തിണ്ണേലോട്ട് ഇരുന്നാട്ടെ. ഇവിടാരും സൂപ്പും  മൊട്ടേം ഒന്നും കഴിച്ചോണ്ടല്ല കെടക്കുന്നത്.”
“എന്റേടീ, ഞാന്‍ മുമ്പെ ഇവിടെ വന്നപ്പം അവരു ചോദിച്ചിട്ടാ വെശക്കുന്നേനു വല്ലോം ഒണ്ടോന്ന്…” അക്കാമ്മച്ചേടത്തി പറഞ്ഞു: അതു വേയിച്ച് അവര്‍ക്കു രണ്ടു കഷ്ണം കൊടുക്കിന്‍ … ഇല്ലവല്ലായ്മ എല്ലാവര്‍ക്കും വരും തറതി.”
“എന്നാലും ഈ വല്യമ്മച്ചിക്ക് ഇത്ര നാണമില്ലാതായിപ്പോയല്ലോ!” മേരിയുടെ അഭിമാനം ജ്വലിച്ചു.
“എടീ കൊച്ചേ, വിശപ്പിന്റെ മുമ്പില്‍ മാനോം മാനക്കേടുമൊന്നുമില്ല നിനക്കറിയാവോ?” അക്കച്ചേടത്തി താത്ത്വീകരിച്ചു.
“ഓ, ഒരു മാനക്കാര്! ഫൂ! തറതിക്കു ദേഷ്യംവന്നു. അപ്പനും മോളും കൂടി പൂത്തേടത്തുകാരുടെ മാനോം പൊക്കിപ്പിടിച്ചുകൊണ്ടിരുന്നോ … ഈ കപ്പ കൊണ്ടുചെന്ന് അടുപ്പത്തിടടീ… നാഴി അരീം ഇട്ടുവെക്ക്…”
“വെള്ളം കോരാന്‍ പോണമ്മച്ചീ.” മേരി കപ്പവട്ടിയും കൈയിലേന്തി അകത്തേക്കു കയറിപ്പോയവഴി പറഞ്ഞു.
“വെള്ളം ഇപ്പം കോരണ്ട. അല്ലേല്‍ ഞാന്‍ ചെന്നു കോരിക്കോളം.” തറതി പറഞ്ഞു: “കേട്ടോ അക്കമ്മച്ചി, അവിടെങ്ങാന്‍ വല്ല ചെറുക്കന്മാരും ഒണ്ടോ ഇവക്കുവേണ്ടി ഒന്നാലോചിക്കാന്‍? പെണ്ണു പെര നറഞ്ഞു നിക്കുന്നതു കാണുമ്പം സത്യം പറയാമല്ലോ, വയറ്റില്‍ ഒരു കൊട്ടത്തീയാ.”
“ചെറുക്കനൊണ്ടോന്നു ചോദിച്ചാല്‍ ഒണ്ട്. എന്നാ ഒണ്ടു കൈയില്‍ സ്ത്രീതനം കൊടുക്കാന്‍?” അക്കച്ചേടത്തി എന്തോ മനപ്ലാന്‍ കണ്ടുകൊണ്ട് ചോദിച്ചു.
“ചെറുക്കന്‍ ഒത്തെണങ്ങിവരുവാണേല്‍ കാശും എങ്ങനേലും ഒണ്ടാ കൂവെന്നുവച്ചോ.”
“എന്നു പറഞ്ഞാലൊക്കുമോടീ തറതീ? ഇങ്ങോട്ടു നോക്ക്, നിന്റെ മോളെക്കണ്ടപ്പം തൊടങ്ങി എനിക്കൊരു വിചാരം, എന്റെ മത്തായിക്കുഞ്ഞിനെക്കൊണ്ട് അവളെ അങ്ങു കെട്ടിച്ചാലെന്താണ്…. പക്ഷേങ്കി; പണം കിട്ടണം, അതുവേറെ കാര്യം… രണ്ടായിരംവരെ അവനു പറഞ്ഞിരിക്യാ…”
“എന്റെ പൊന്നമ്മച്ചി, ഞങ്ങളെക്കൊണ്ട് അതിനു പാങ്ങില്ല. പറേമ്പം എല്ലാം പറേണവല്ലോ. ചുമ്മാ പൊണ്ണക്കാര്യം പറഞ്ഞോണ്ടിരുന്നാലൊക്കുവോ… വല്ല  പത്തോ അഞ്ഞൂറോ എങ്ങനേലും ഒണ്ടാക്കാമായിരിക്കും. അങ്ങേയറ്റം.”
“നടപ്പില്ല മോളെ. പിന്നെന്താണുവച്ചാല്‍ പെണ്‍കുട്ടിയെ എനിക്കു നന്നേ ബോധിച്ചു, കേട്ടോ… ഒരു കാര്യം ചെയ്യ്; ഒരു ആയിരം രൂഭാ ഒണ്ടാക്ക്… നമ്മക്കൊപ്പിക്കാം…”
“ഞാന്‍ അതിയാനോടു പറയാം.”
“എടീ അക്കേ!” അപ്പുറത്തെ കുടിലില്‍നിന്നു തളന്തന്‍ പീലിപ്പായി വിളിച്ചു.
“ഓ, അതിയാന്‍ തൊടങ്ങി… അപ്പൂപ്പന് അമ്മൂമ്മേ കാണുമ്പം ചിന്താന്തം എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ… കേട്ടോടീ തറതീ… ഞാനീപ്പറഞ്ഞത് ഇപ്പഴെങ്ങും പുറത്താക്കണ്ടാ… ഇവിടത്തെ അഴവാണിച്ചികളുടെ ചെവീല്‍ ഒരു സങ്കതി കിട്ടിയാമതി… നാറ്റിക്കും ഈ കരയൊക്കെ.”
“എടീ അക്കേ!” പിന്നേയും കുടിലില്‍നിന്നു വിളി.
“ഓ, വരുന്നു കെളവാ… അതിയാനിന്ന് മോന്‍ പത്തെഴുപത്തഞ്ചു രൂഭാ അയച്ചുകൊടുത്തേന്റെ മൂച്ചാ… കള്ളു കൊടുക്കാനാ ഈ വിളി വിളിക്കുന്നത്…”
“പീലിപ്പായി കുടിക്കുമോ?”
“ഇല്ല, ഇരുന്ന ഇരുപ്പില്‍ ഒരു കൊടം കുടിക്കും… അങ്ങനല്ലേടീ ഞങ്ങളു മുടിഞ്ഞത്? ഈ തെമ്മാടിക്കുഴീലൊന്നുംവന്നു കെടക്കേണ്ട വരല്ല ഞങ്ങള്‍ …. ദൈവംതമ്പുരാന്‍ ഒരു കാലു തളത്തിയിട്ടതുകൊണ്ട് അതിയാന്‍ ഇപ്പം കെട്ടുമുട്ടില്‍കിടക്കുന്നു… കെളവന്റെ മൂശപറഞ്ഞാല്‍ കൊറെ ഒത്തിരിയൊണ്ട്… ഞാന്‍ പറഞ്ഞു തറതി…”
“മത്തായിക്കുഞ്ഞിന് എന്നാ ശമ്പളമൊണ്ട് അക്കാമ്മച്ചി?”
“ചെലവും കഴിഞ്ഞു പത്തിരുന്നൂറു രൂഭാകിട്ടും എന്റെ കുഞ്ഞിന്… അവന്‍ സമ്പാദിക്ക്യാ… സ്വന്തമായിട്ടൊരു നുള്ളു ബൂമിയേലും വാങ്ങിക്കണമെന്നാ അവന്‍ പറേന്നത്. ഇവിടത്തെ കെടപ്പിനൊറപ്പോങ്ങോടീ… സര്‍ക്കാരുകാരു വന്നു പിടിച്ചെറക്കിവിടുമ്പം കൈയുംവീശി പൊക്കോണം, അത്രതന്നെ…”
“എന്റീശോയെ!... നമ്മളെ ഇവിടുന്ന് എറക്കിവിടുമോ അക്കാമ്മച്ചി?”
“പിന്നില്ല്യോ… രണ്ടുമൂന്നു പ്രാവശ്യം പോലീസും എട്ടും ഒക്കെ വന്നു പേരെഴുതിക്കൊണ്ടുപോയതാടീ… കേറ്റത്തിലെ ഇട്ടിയച്ചന്‍ എടപെട്ടിട്ടാ അവരു പോയത്… അങ്ങേരെ ദൈവംതമ്പുരാന്‍ അനുക്രേയിക്കട്ടെ…”
“എടീ അക്കേ, ഇങ്ങോട്ടു വരാനല്ലേ പറഞ്ഞത്?”  കിളവനു ശുണ്ഠി കൂടുന്നു.
“അക്കാമ്മച്ചി, മത്തായിക്കുഞ്ഞിനിപ്പം എവിടാ ജോലി?” അക്കച്ചേടത്തിയുടെ പുറകെ ചെന്നുകൊണ്ടു തറതി ചോദിച്ചു.
“അവനുദൂരെയെങ്ങാണ്ടാ… അവന്റെ… ബോട്ടോപ്പടം ഇവിടിരുപ്പുണ്ട്. കാണണേല്‍ വാടീ.” തറതിയെ അക്കച്ചേടത്തി ക്ഷണിച്ചു.
അകത്തുനിന്ന് ഒരു ഫ്രെയിമിട്ട പടം എടുത്തുകൊണ്ടുവന്ന് അവള്‍ തറതിക്കു കൊടുത്തു.
“ഞാനിതു പെണ്ണിനെ ഒന്നു കാണിക്കട്ടെ… അവള്‍ക്കിഷ്ടമായോന്ന്.”
“എന്റെ കുഞ്ഞായതുകൊണ്ടു പറേന്നതല്ല. അവനെ കണ്ടാല്‍ ആണിന് ആണു കൊതിക്കും. അത്ര യോക്യനാ…”
“ദൈവം തിരുമനസ്സായാല്‍ ഇതു നടക്കും. അക്കാമ്മച്ചീ.” തറതി പറഞ്ഞു. അവര്‍ക്ക് ആ ഫോട്ടോ ഇഷ്ടമായി. ചെറുക്കന്‍ സുന്ദരനായിരിക്കുന്നു. തറതിക്ക് അതൊരു നിധികിട്ടിയതുപോലെയായി. തോമ്മാ എത്രനാള്‍ എവിടെല്ലാം തെരക്കി മേരിക്ക് ഒരു ചെറുക്കനെ കണ്ടുപിടിക്കാന്‍. ഇപ്പോഴിതാ ദൈവംകൊണ്ടുവന്നു കൊടത്തതുപോലെയായി.
സ്ത്രീധനമോ? കടംമേടിച്ചോ തെണ്ടിയോ പട്ടിണി കെടന്നോ എങ്ങനെയെങ്കിലും കാശോണ്ടാക്കണം.
ദൈവമേ! അതു നടക്കണേ! പാവം തള്ള ആ ഫോട്ടോയും കൈയില്‍ പിടിച്ചുകൊണ്ടു മനംനൊന്തു പ്രാര്‍ത്ഥിച്ചു.
മേരിക്കും ആ ചെറുക്കന്റെ ഫോട്ടോ ഇഷ്ടമായി. പട്ടാളവേഷത്തില്‍ തൊപ്പിയും മീശയും ഒക്കെവച്ചു നില്‍ക്കുന്നു. മുഖത്ത് എന്തൊരു സൗന്ദര്യം! ആ ചിത്രം അവളുടെ ഹൃദയത്തില്‍ അവള്‍ പകര്‍ത്തി. ആ ഹൃദയത്തില്‍ പുഞ്ചിരിക്കുന്ന സുമുഖനായ ജോയിയുടെ ചിത്രവും ഉണ്ടായിരുന്നു. പക്ഷേ, അവള്‍ ഭൂമിയിലെ പുല്‍കൊടിയും അവന്‍ ആകാശത്തിലെ നക്ഷത്രവും അല്ലേ? നക്ഷത്രം ഭൂമിയിലേക്ക് ഇറങ്ങിവരുമോ? പുല്‍ക്കൊടി എന്തിന്മേല്‍ പിടിച്ച് ആകാശത്തില്‍ കരേറി നക്ഷത്രത്തിന്റെ അടുത്തെത്തും?
പക്ഷേ, ഈ പട്ടാളക്കാരന്‍, നാടിനെ രക്ഷിക്കാന്‍ ദൂരെദൂരെ പോയിരിക്കുന്ന ധീരന്‍. അവന്‍ വരും, അവളെ കാണും, അവനിഷ്ടപ്പെടും, അവന്‍ അവളുടെ കഴുത്തില്‍ മിന്നുകെട്ടും… എന്നിട്ടോ?
ആ ഫോട്ടോയിലെ മത്തായിക്കുഞ്ഞ് അവളെത്തന്നെ നോക്കുന്നതുപോലെ തോന്നി. കല്യാണം കഴിഞ്ഞ് അവളുടെ മണവാളന്‍ അവളെ അങ്ങു കൂട്ടിക്കൊണ്ടുപോകുമായിരിക്കും. എവിടെയാണോ ആവോ? അങ്ങു ദൂരെയുള്ള നാട്ടില്‍ അദ്ദേഹം ഒരു കൊച്ചുവീട്ടില്‍ അവളെ പാര്‍പ്പിക്കും. നേരം വെളുക്കുമ്പോള്‍ അദ്ദേഹം തോക്കുമായി യുദ്ധത്തിനു പോയിട്ടു വൈകുന്നേരം മടങ്ങിയെത്തും. അങ്ങനെ ആയിരിക്കുമോ? ആര്‍ക്കറിയാം.
കപ്പ വെന്തുവന്നപ്പോള്‍ നേരം സന്ധ്യയോടടുത്തു. തോമ്മാ ഇരുപത്തഞ്ച് ഇഷ്ടിക ഉണ്ടാക്കി.
ഒറ്റക്കണ്ണന്‍ കൊല്ലന്‍ നാരായണന് ആ ഇഷ്ടിക വേണംപോലും!
തോമ്മാച്ചന്‍ അതിന്റെ കാശങ്ങു പിടിച്ചോ.” നാരായണന്‍ പറഞ്ഞു: “തോമ്മാച്ചനു നാളെ പിന്നേം ഒണ്ടാക്കാമല്ലോ എന്റെ അടുക്കളേടെ പൊറകുവശം എത്ര നന്നാക്കിയാലും ഇടിഞ്ഞുപോകുവാ.”
“നിനക്കു വേണേല്‍ നീ എടുത്തോ നാരായണാ.” തോമ്മാ സമ്മതിച്ചു. കൈയോടെ കൊല്ലന്‍ നാരായണന്‍ മടിയില്‍നിന്നു രണ്ട് ഒറ്റ രൂപാ എടുത്തു തോമ്മായെ ഏല്പിച്ചു. വാസ്തവത്തില്‍ അതു നിധി കിട്ടയതുപോലെ ആയിരുന്നു. തന്റെ വീടിന്റെ അകം ചിക്കുപായ്തന്നെ കുറെനാളത്തേക്കു മുറിതിരിയട്ടെ. വേറെ ജോലിയൊന്നും ഇല്ലെങ്കില്‍ത്തന്നെയും മണ്ണുകുഴച്ച് ഇഷ്ടികക്കല്ലുണ്ടാക്കിയാലും ജീവിക്കാം എന്നൊരു പുതിയ അറിവു ലഭിച്ചു തോമ്മായ്ക്ക്. അപ്പോഴേക്കും താടകഗൗരിയും സ്ഥലത്തെത്തി. അടുക്കളയുടെ പുറകുവശം കെട്ടിയടക്കുന്നതില്‍ ഗൗരിക്ക് അത്ര നിര്‍ബന്ധമുള്ള കാര്യമല്ല.
“പണിക്കന്‍ കിണറ്റീന്നു ഞങ്ങളെക്കൊണ്ടുമാത്രം വെള്ളം കോരിക്യേലെന്നു നിര്‍ബന്ധമാണോ?” തോമ്മാ ചോദിച്ചു.
“എന്റെ തോമ്മാച്ചാ ഞങ്ങളൊന്നും പറഞ്ഞില്ല.” ഗൗരിയാണു മറുപടിപറഞ്ഞത്: “മേരിയമ്മ ആരാണ്ടോ ഏതാണ്ടോ പറേന്നകേട്ടു പെണങ്ങിപ്പോന്നതാ. ആറുപോലല്ലേ കെണറ്റില്‍ വെള്ളം കെടക്കുന്നത്. ഇഷ്ടംപോലെ കോരിക്കൊണ്ടുപോന്നോളീന്‍…”
“ഞങ്ങളു പൊറമ്പോക്കില്‍ താമസിക്കാന്‍ വന്നെന്നുവച്ചു തീരെ എമ്പോക്കികളൊന്നുമല്ല, കേട്ടോടീ പണിക്കത്ത്യേ?” തറതി കേറിപ്പറഞ്ഞു.
“ഈ പണിക്കത്തി മഹാ നെഷേദിയാ.” മേരിയും പിന്താങ്ങി. “ഞാനെങ്ങും അവരടങ്ങു വെള്ളംകോരാന്‍ പോവുകേല.”
“മേരിമ്മ വാ, ഞാന്‍ വെള്ളം കോരിത്തരാമല്ലോ.”  ഗൗരി പറഞ്ഞു: ഇവിടത്തെ ഓരോ അവളുമാര്‍ക്കൊക്കെ എന്നെ ചീത്തയാക്കിയാല്‍ കൊള്ളാമെന്നുണ്ട്… വല്ലോരും പറേന്ന കേട്ടൊന്നും മേരിയമ്മ വിശ്വസിക്കരുത്.”
പണിക്കനും പണിക്കത്തീംകൂടെ ആ ഇഷ്ടികകള്‍ ചുമന്നുകൊണ്ടുപോയി.
“എടാ ചെറുക്കാ നീയെന്തിനാടാ ഈ കട്ടിലേല്‍ ഒള്ള മൂട്ടേ എല്ലാം പിടിച്ചുകേറ്റി എന്നെ കൊല്ലിക്കുന്നത്?” അന്നത്തള്ള കട്ടിലില്‍ ഇരുന്നു കൊണ്ടു പരാതിപ്പെട്ടു.
“അമ്മച്ചിയുടെ ദേഹത്തു രക്തമില്ലല്ലോ.”  തോമ്മാ പറഞ്ഞു: പിന്നെ മൂട്ടകള്‍ എന്നാ എടുത്തിട്ടു കുടിക്കാനാ?”
“എടാ അനാദശാലേല്‍ കൊണ്ടാക്കിയേര്. ഞാന്‍ അവിടെക്കെടന്നു ചത്തോളം. മൂട്ടകടികൊള്ളാതെ.”
“മൂട്ടയൊക്കെ കൊല്ലാമമ്മേ.”
“ഇനി എന്നാടാ, ഞാന്‍ ചത്തുകഴിഞ്ഞോ? എനിക്ക് കറുപ്പു മേടിച്ചുതന്നല്ലോ.”
“തരാമമ്മേ കാശു കിട്ടട്ടെ.”
“കാശുകിട്ടി! ആ രണ്ടുരൂപ ഇങ്ങോട്ടു നോക്കട്ടെ.” തറതി ആ രൂപ തോമ്മായുടെ കൈയില്‍നിന്നു ബലാല്‍ക്കാരമായി വാങ്ങി.
“അപ്പാ എന്നെ പള്ളിക്കൂടത്തിലാക്കുകേലെ?”  അമ്മിണി സങ്കടം ബോധിപ്പിച്ചു.
മേരിക്ക് ഒത്തിരി കാര്യങ്ങള്‍ അറിയിക്കാനുണ്ടായിരുന്നു. അിറയിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് അവള്‍ക്കറിയാം. അതുകൊണ്ട് അവള്‍ മിണ്ടിയില്ല.
“എടാ ചെറുക്കാ, എന്നാ ശകലം പൊകലഞെട്ടേലും മേടിച്ചുതാടാ, കഴുവേറിപ്പോകാന്‍.” പിന്നെയും കിഴവി കട്ടിലിലിരുന്നു പിരാകുകയാണ്.
സന്ധ്യമയങ്ങിയ തോമ്മാ ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി. കോളനിയുടെ തെക്കേ അറ്റത്തൊരു ബഹളം. എന്തെന്നറിയാന്‍ തോമ്മാ അങ്ങോട്ടു ചെന്നു സംഗതി വഷളാണ്. റിക്ഷാക്കാരന്‍ രാമന്റെ മകളായ കല്യാണി കളവാണിയെ ഇക്കോച്ചന്‍ എന്ന ചട്ടമ്പി വഴിക്കുവച്ചു കയറിപ്പിടിച്ചു എന്ന്. റിക്ഷാക്കാരന്‍ രാമന്‍ ഇക്കോച്ചനെ തല്ലി. ഇക്കോച്ചന്‍  മൂക്കറ്റം കുടിച്ചിരുന്നു. അയാളുടെ തുണിയും ഷര്‍ട്ടും എല്ലാം കീറി നാനാവിധമായിരിക്കുന്നു. കണ്ടവര്‍ കണ്ടവര്‍ തല്ലുകയാണു ചെയ്തത്.
ഇന്നലെ തന്നെ അപമാനിച്ച ഇക്കോയോടു പ്രതികാരം ചെയ്യാന്‍ നല്ല അവസരമായിരുന്നു തോമ്മായ്ക്ക്. പക്ഷേ, അയാള്‍ ഇക്കോച്ചനെ താങ്ങിപ്പിടിച്ചെണീപ്പിച്ചു.
“നിനക്കിതു കിട്ടണ്ടതാടാ ഇക്കോ.”  തോമ്മാ അവന്റെ കൈയ്ക്കു പിടിച്ചുകൊണ്ടു നടന്നു. അവനെ അയാള്‍ അവന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയിട്ടു മടങ്ങിവന്നു.
അന്നു രാത്രി ആ കോളനിയില്‍ മറ്റൊരു ചെറിയ സംഭവമുണ്ടായി. യൂക്കാലിപ്‌സ് കച്ചവടക്കാരനായ പണ്ടന്‍ കറിയായുടെ പെമ്പിളയ്ക്ക് ശക്തിയായ വയറ്റിളക്കവും ഛര്‍ദ്ദിയും. കറിയാ അവിടില്ലായിരുന്നു. തോമ്മായും കുഞ്ഞപ്പന്‍നായരും പണ്ടാരത്തിപ്പാറുവുംകൂടെ ആ സ്ത്രീയെ താങ്ങിയെടുത്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ഏതാനും മണിക്കൂറിനുള്ളില്‍ ആ സ്ത്രീ ഇഹലോകവാസം വെടിഞ്ഞു. കോളറ ആയിരുന്നു.
അന്നു രാത്രിതന്നെ കോളനിവാസികളെല്ലാംതന്നെ മിഷ്യനാശുപത്രിയില്‍ചെന്നു കോളറായ്ക്കു കുത്തിവയ്പിച്ചു. അന്നത്തള്ള മാത്രം സമ്മതിച്ചില്ല. അവര്‍ക്ക് എങ്ങനെയെങ്കിലും ചാകണമെന്നേയുള്ളൂ. തോമ്മാ അവരെ കോരിയെടുത്തുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ ശ്രമിച്ചു. കിഴവി സമ്മതിച്ചില്ല.
യൂക്കോലിപ്‌സ് കച്ചവടക്കാരന്‍ കറിയാ പാതിരാത്രിയായപ്പോഴാണ് വന്നത്. അപ്പോഴേക്കും അവന്റെ രണ്ടു കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു കഴിഞ്ഞിരുന്നു.
ആ കുഞ്ഞിന്റെയും തള്ളയുടെയും മൃതദേഹങ്ങള്‍ വെളുപ്പിനുതന്നെ പള്ളിയില്‍ കൊണ്ടുപോയി കുഴിച്ചിട്ടു. ആ കൊച്ചുകുഞ്ഞിന്റെ വശപ്പെട്ടി ചുമന്നതു തോമ്മാ ആയിരുന്നു.
മരണങ്ങളും ജനനങ്ങളും  ആ കോളനിയില്‍ സാധാരണ സംഭവങ്ങളാണ്. എന്നിരിക്കലും പാവം കറിയ അവന്റെ കുടിലില്‍ ഇരുന്നു കന്നുപോലെ കരഞ്ഞു. അവന് ഇരുപത്തെട്ടുവയസ്സില്‍ കൂടുതലില്ല. അവന്റെ കൂട്ടരും ഉറ്റവരും ഒക്കെ ദൂരെയേതോ നാട്ടിലാണ്. വീട്ടുകാര്‍ക്ക് സമ്മതമില്ലാത്ത പ്രേമവിവാഹം ആയിരുന്നതുകൊണ്ടാണ് അവന്‍ നാടുംകൂടും  വിട്ട് ഇവിടെവന്നു താമസമുറപ്പിച്ചത്.
കോളനിനിവാസികള്‍ അവനെ ആവുന്നത്ര സമാധാനിപ്പിക്കാന് ശ്രമിച്ചു. മൂന്നരവയസ്സുണ്ട് ലൂസിക്ക്. ആ കൊച്ചുകുഞ്ഞിനെയും കൊണ്ട് അവനെന്തുചെയ്യും?
“നീ വിഷമിക്കണ്ടടാ കറിയാ, കുഞ്ഞിനെ ഞങ്ങള്‍ നോക്കിക്കൊള്ളാം.” തോമ്മാ പറഞ്ഞു: “ഞങ്ങള്‍ പാവങ്ങളാണെങ്കിലും ഒള്ളതിന്റെ ഓഹരി അതിനും ഞങ്ങള്‍ കൊടുത്തോളാം.”
“എനിക്കിനി ആരുമില്ലല്ലോ തോമ്മാച്ചേട്ടാ… എന്നെ ആരു നോക്കും?” കറിയാ വാസ്തവമായും കരയുകയാണ്.
“ദൈവം നോക്കുമെടാ. നീ ഇങ്ങനെ പെണ്ണുങ്ങളെപ്പോലെ കരയാതെ.”
മേരിയും അമ്മിണിയും വന്നു ലൂസിയെ കൂട്ടിക്കൊണ്ടുപോയി. അവര്‍ അവളെ കുളിപ്പിക്കുകയും പുതിയ ഉടുപ്പുകള്‍ ധരിപ്പിക്കുകയും കടുക്കാമറിയയുടെ കാപ്പിക്കടയില്‍നിന്നു പുട്ടും പഴവും കാപ്പിയും മേടിപ്പിച്ചുകൊടുക്കുകയും ചെയ്തു. ആശുപത്രി ജോലിക്കാരനായ റപ്പായി വന്നു കറിയായെ വിളിച്ചുകൊണ്ടുപോയി ഊണുകൊടുത്തു.
അന്നു വളരെ നേരം പുലര്‍ന്നാണ് തോമ്മാ കേറ്റത്തിലെ ബംഗ്ലാവില്‍ ജോലിയന്വേഷിച്ചു ചെന്നത്. മണി പതിനൊന്നായിക്കാണും.
“നീയൊക്കെ കള്ളക്കാളകളാടാ.”  കുഞ്ഞേലിയാമ്മ കുറ്റപ്പെടുത്തി. “ഉച്ചയായപ്പം ജോലിക്കു വന്നിരിക്കുകയാണ്.”
“ഒരു ശവമടക്കൊണ്ടായിരുന്നതാ കുഞ്ഞേലിയാമ്മേ.” തോമ്മാ പറഞ്ഞു.
“ഇന്നു വീട്ടില്‍ കഞ്ഞിക്ക് ഒരു വകയുമില്ല. അരപ്പണിയുടെ കൂലി തന്നാല്‍ മതി.”
“ഇവിടെ അങ്ങനെ അരപ്പണിയൊന്നും വേണ്ടാ”  കുഞ്ഞേലിയാമ്മ പറഞ്ഞു. താനൊരു കാര്യം ചെയ്യ്, കുറെ കപ്ലസങ്ങ ഉണ്ട്, പറിച്ചുകൊണ്ടുപോയി ചന്തയില്‍ പോയി വില്‍ക്ക്…. കിട്ടുന്ന വിലയില്‍ പകുതി താനെടുത്തോ കേട്ടോ…”
ഇരുനൂറോളം പഴുത്ത ചീമക്കപ്ലങ്ങാകള്‍ ഉണ്ടായിരുന്നു. അമ്പതെണ്ണം അവന്‍ പറിച്ച് ഒരു വലിയ വളളിക്കുട്ടയിലാക്കി പഞ്ചായത്തു ചന്തയില്‍കൊണ്ടുപോയി. രണ്ടു മണിക്കൂര്‍ക്കൊണ്ട് അവനതു വിറ്റു. പത്തുരൂപയോളം കിട്ടി. അതില്‍ ഒരു കാശുപോലും എടുക്കാതെ അവന്‍ അത് കുഞ്ഞേലിയാമ്മയെ ഏല്‍പിച്ചു. ആ നല്ല സ്ത്രീ അവന് അഞ്ചുരൂപാ കൊടുത്തു. “ഇവിടൊള്ളവന്മാരെല്ലാം കള്ളന്മാരാ എന്റെ തോമ്മാ.” അവര്‍ പറഞ്ഞു. “നൂറു കപ്ലങ്ങ അവന്മാരുകൊണ്ടുപോയാല്‍ എനിക്കു രണ്ടുരൂപാ കൊണ്ടുവന്നു തരികേലാ…”
“കള്ളത്തരം ചെയ്യാന്‍ ഞാന്‍ ഇതേവരെ പഠിച്ചിട്ടില്ല.” തോമ്മാ പറഞ്ഞു.
“നേരം ഉച്ചയായതേ ഉള്ളല്ലോ, താന്‍ ഇന്ന് ഇവിടെനിന്ന് ഉണ്ടിട്ടു പോയാല്‍ മതി. തനിക്കു വലിയ മരത്തേല്‍ കേറാനറിയാമോ?”
“കേറാമേ.”
“രണ്ടുമൂന്നു വന്‍തേനിന്റെ കൂടുണ്ടായിരുന്നു. അങ്ങു വടക്കേപ്പറമ്പില്‍, വല്യ പൊക്കമുള്ള മരമാ, കേറാമെങ്കില്‍ കേറി എടുക്ക്. ഇവിടെ രണ്ടുകുപ്പി തേന്‍ തന്നേച്ചാല്‍മതി. അഞ്ചെട്ടുകുപ്പി കാണും. കുപ്പിക്ക് ആറോ ഏഴോ രൂപാ വെലയുണ്ട്. ബാക്കി നീ എടുത്തോ, കേട്ടോ.”
നല്ല ഊണായിരുന്നു. താറാവിറച്ചിക്കറിയും, മീന്‍ വറുത്തതും കാച്ചിയ മോരും ഉണ്ടായിരുന്നു.
അയാള്‍ വടക്കേപ്പറമ്പിലെ പൊക്കമുള്ള മരത്തില്‍ കേറി തേന്‍കൂടുകള്‍ എടുത്തു വീട്ടില്‍ കൊണ്ടുവന്നു മെഴുകു പിഴിഞ്ഞെടുത്തു. ഒരു കലം നിറയെ ഉണ്ടായിരുന്നു. യൂക്കാലിപ്‌സ് കച്ചവടക്കാരന്‍ കറിയായുടെ വീട്ടില്‍നിന്നു പത്തുകാലിക്കുപ്പികള്‍ എടുത്തു. അവ നിറഞ്ഞിട്ടും പിന്നെയും മിച്ചമുണ്ടായിരുന്നു.
മൂന്നു കുപ്പി തേന്‍ അവന്‍ ബംഗ്ലാവില്‍ കൊണ്ടുചെന്നുകൊടുത്തു. മൂന്നു കുപ്പി ആശുപത്രിയിലെ ഡാക്ടര്‍ക്കു വിറ്റു. പതിനഞ്ചുരൂപാ കിട്ടി. ബാക്കിയുണ്ടായിരുന്നതു മുഴുവനും അവന്‍ കോളനിയിലെ എല്ലാ വീടുകളിലും നിരത്തി വീതിച്ചു. കിട്ടിയ രൂപ മുഴുവനും അവന്‍ തറതിയെ ഏല്പിച്ചു. തറതിയുടെ മുഖം പ്രസാദിച്ചു.
എന്നിട്ടു നേരം സന്ധ്യയായില്ല.
“മേരി, വെള്ളം കോരിക്കൊണ്ടുവാ…” തോമ്മാ പറഞ്ഞു: “മണ്ണു കൊഴയ്ക്കട്ടെ. ഒരു രണ്ടു രൂപായുടെ ജോലികൂടി ചെയ്യാം. വിളക്കു വയ്ക്കുന്നതിനുമുമ്പ്.”
മേരി കുടം എടുത്തുകൊണ്ടു മനസ്സില്ലാമനസ്സോടെയാണ് കൊല്ലന്റെ കിണറ്റുംകരയിലേക്കു പോയത്. അവളെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞ ജോയിയെ ഇനി എങ്ങനെയാണ് ഒന്നു കാണുക?
മേരി വെള്ളംകോരാന്‍ പോയപ്പോള്‍ തറതി പയ്യെ തോമ്മായുടെ അടുത്തെത്തി ചെവിയില്‍ ഒരു കൊച്ചുവര്‍ത്തമാനം പറഞ്ഞു: “ആ കറിയാ ചെറുപ്പമാണല്ലോ, അവന്റെ കൈയില്‍ ഒത്തിരി കാശൊണ്ടെന്നാ പറേന്നത്…”
“അതിന്?” തോമ്മാ പുരുഷമായി ചോദിച്ചു.
“ഓ, ഇതിയാനോടാരാ വര്‍ത്തമാനം പറേന്നത്.” തറതി മടങ്ങിപ്പൊയ്ക്കളഞ്ഞു.
മേരിയുടെ കാര്യത്തില്‍ ആ തള്ളയുടെ ഹൃദയത്തില്‍ പുതിയ ഒരാശ പൊട്ടിവിടരുകയായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ജെഫ്  ബെസോസിനെ ഭൂമിയിൽ തിരിച്ചു വരാൻ അനുവദിക്കെണ്ടന്ന് നിവേദനം!

View More