-->

America

കരകാണാക്കടല്‍- 8 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി

Published

on

8. പറുദീസയിലേക്ക് ഒരെത്തിനോട്ടം

ഏതവനാടാ ആണുങ്ങളില്ലാത്ത തക്കത്തിനു രാത്രി സമയത്തു പെണ്ണുങ്ങളു മാത്രമുള്ള വീട്ടില്‍ കേറിയിരിക്കുന്നത്? ഉച്ചത്തില്‍ വിളിച്ചുചോദിച്ചുംകൊണ്ടാണു തോമ്മാ വീട്ടിലേക്കു കയറിച്ചെന്നത്. പാവം കറിയാ പെട്ടെന്നു ഞെട്ടിയെണീറ്റുപോയി. അവന്റെ മുഖം വിളറി. അവന്റെയുള്ളില്‍ കുറ്റബോധമുണ്ടുതാനും വിളിച്ചിട്ടാണു വന്നതെങ്കിലും.
“അപ്പാ, നമ്മുടെ കറിയാച്ചേട്ടനാ.” മേരി പറഞ്ഞു. അവള്‍ക്കു ഭയം തോന്നി. കാരണം, അപ്പന്‍ ഭയങ്കരനാണ്. മേലുംകീഴും ഇടവും വലവും വരുംവരായ്കയും ഒന്നും നോക്കാതെ എടുത്തു ചാടുന്ന പ്രകൃതക്കാരനാണ്.
“എന്നാലതു പറേണ്ടേ” തോമ്മാ ശാന്തനായി. വാസ്തവത്തില്‍ അതു കറിയാ ആണെന്ന് അറിഞ്ഞുംകൊണ്ടുതന്നെയായിരുന്നു അയാള്‍ പറഞ്ഞതും.
“ഇതിയാന്‍ എവ്ടാരുന്നു ഇത്രേംനേരം?” തറതി ചോദിച്ചു. “പൂളക്കള്ളും കുടിച്ചിട്ടുണ്ടെന്നാ തോന്നുന്നത്.”
“കുടിച്ചെങ്കില്‍ നിന്റെ തന്തേടെ വകയൊന്നും അല്ലെന്നു വിചാരിച്ചോ.” തോമ്മാ കയര്‍ത്തു.
“എന്റെ കര്‍ത്താവേ, ഒന്നു ചുമ്മാതിരിക്കമ്മേ.” കറിയാ ഇരിക്കെ അപ്പനും അമ്മയും തമ്മില്‍ അങ്ങനെ ശണ്ഠയുണ്ടാക്കുന്നത് എന്തൊരു മാനക്കേടാണ്!
“തോമ്മാച്ചേട്ടാ ഞാന്‍ പോണു”. കറിയ പരിഭവപൂര്‍വ്വം പറഞ്ഞു. ചുറ്റുപാട് ആകെപ്പാട് അത്ര പന്തിയല്ലെന്ന് അവനു ബോധ്യമായി. ഇടയ്ക്കിടയ്ക്കു കടക്കണ്ണുകൊണ്ടു മേരിയുടെ അസാധാരണമായി മാദകസൗന്ദര്യം നുകര്‍ന്നുകൊണ്ട് പറുദീസായിലെന്നപോലെ അങ്ങനെയിരിക്കുകയായിരുന്നു ആ പ്രേമയാചകന്‍.
“ഇരിക്കൂ കറിയാച്ചാ, ഇതിയാനിങ്ങനെയൊക്കെപ്പറേം.” തറതി നിര്‍ബന്ധിച്ചു. “പെണ്ണേ മേരി, അപ്പനും കറിയാച്ചനും ചോറുകൊട്, അമ്മിണിയെവിട്ടു കറിയാച്ചനെ ഇങ്ങോട്ടു വിളിപ്പിച്ചതാ.” ഒടുവില്‍ പറഞ്ഞ വാചകം തോമ്മായെ നോക്കിക്കൊണ്ടാണ് അവള്‍ പറഞ്ഞത്. മേരി രണ്ടു പാത്രത്തില്‍ ചോറും കറികളും വിളമ്പി. “ഇതാണോ പൂത്തേടത്തുകാരുടെ മരിയാദ? എത്ര നേരമായി മീന്‍കറീംവച്ചു കാത്തിരിക്കുന്നു!”
“ഞാന്‍ പോവാ ചേടത്തീ.” കറിയായ്ക്കു സ്വല്പം ധൈര്യമുണ്ടായി. “എന്നെ വിളിച്ചുവരുത്തിയേച്ച് ഇങ്ങനെ?...”
 “നീ ഇവിടിരിക്കെടാ മോനേ.”  തോമ്മാ അവനെ പിടിച്ചു പായില്‍ ഇരുത്തി. “എടാ കറിയാച്ചാ, തോമ്മാ നല്ലവനാ, എന്നാല്‍ ചീത്തയാ… മനസ്സിലായോ?”
ആ 'മോനെ' എന്ന വിളി കറിയായ്ക്കു സുഖിച്ചു.
“എനിക്കറിയാം തോമ്മാച്ചാ. കറിയാ സമ്മതിച്ചു. പക്ഷേങ്കി, ഞാന്‍ ഹോട്ടലില്‍നിന്നു ചോറുണ്ടതായിരുന്നു.”
“ആ വറുത്ത മീന്‍ തിന്ന്.” തറതി നിര്‍ബന്ധിച്ചു. “ഇതിയാന്‍ ഇന്നു തളന്തന്‍ പീലിപ്പായിയുടെ വലേം എടുത്തു വീശാന്‍ പോയിട്ടു കിട്ടിയ മീന്‍ എല്ലാവര്‍ക്കും വീതിച്ചു. അപ്പോ അതിന്റെ ഓഹരി നിനിക്കും തരണ്ടെ?”
“തീര്‍ച്ചയായും.” കറിയാ പറഞ്ഞു. ഭീതിയുടെ അന്തരീക്ഷം നീങ്ങിയിരുന്നു.
“എന്നാല്‍ മേരി പറഞ്ഞപ്പഴാ നിന്റെ കാര്യം ഞങ്ങളോര്‍ത്തത്.” അവര്‍ അടുക്കളയിലേക്കു കയറിക്കൊണ്ടു പറഞ്ഞു.
“ഓ, ഈ അമ്മച്ചിക്ക് എന്തോന്നാ?” മേരി വാതിക്കല്‍ നിന്നുകൊണ്ടു പരിഭവം നടിച്ചു.
“ഓഹോ! എന്നാല്‍ ഞാനിതു മുഴുവനും തിന്നുതരാമല്ലോ.” കറിയ ആഹ്ലാദപൂര്‍വ്വം പറഞ്ഞു. മേരിയാണ് അവന്റെ കാര്യം ഓര്‍മ്മിപ്പിച്ചതെന്ന്. അതായതു മേരി അവനെപ്പറ്റി ചിന്തിക്കുന്നു എന്ന്. എന്നുവച്ചാല്‍ അവന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന്. അവന്‍ മേരിയെ ഗൂഢമായി ഒന്നു നോക്കി. അവളുടെ അഴക് അവനെ ലഹരിപിടിപ്പിക്കുന്നതുപോലെ തോന്നി.
 “എന്നാല്‍ നീയങ്ങനെ  മുഴുവനും തിന്നണ്ടാ.”  തോമ്മാ രണ്ടു കഷ്ണം വറുത്ത കരിമീന്‍തുണ്ടം എടുത്തുകൊണ്ട് അന്നത്തള്ള കിടക്കുന്ന കട്ടിലിങ്കലേക്കു ചെന്നു.
“അമ്മച്ച്യോ… എണീക്കമ്മേ.” അവന്‍ തള്ളയെ താങ്ങി എണീല്പിച്ചു.
“അമ്മച്ചിക്കു മീന്‍ കൊടുത്തതാ.” തറതി ഓര്‍മ്മിപ്പിച്ചു.
“നീ പോടീ…. തിന്നമ്മേ… ഇതാരു പിടിച്ച മീനാണെന്ന് അമ്മച്ചിക്കറിയാമോ?”  ഒരു മീന്തുണ്ടം നുള്ളി ആ കിളവിയുടെ പല്ലില്ലാത്ത വായില്‍ വച്ചുകൊടുത്തുകൊണ്ടു തോമ്മാ ചോദിച്ചു.
 “എന്റെ മോന്‍” കിഴവി മീന്‍തിന്നുകൊണ്ടു അഭിമാനപൂര്‍വ്വം പറഞ്ഞു. അതുകണ്ടപ്പോള്‍ തറതിക്ക് അസൂയ തോന്നിപ്പോയി.
“ഇതിയാന്‍ കള്ളുകുടിച്ചോണ്ടു വന്നാല്‍പ്പിന്നെ ഇതാ പരുവം.”  അവര്‍ പറഞ്ഞു.
“അമ്മിണീ, വാ മോളെ” തോമ്മാ വിളിച്ചു. അവള്‍  ഓടിയെത്തി. അവളെപ്പിടിച്ച് അയാള്‍ മടിയില്‍ ഇരുത്തി നെറ്റിയില്‍ ചുംബിച്ചു. ബാക്കി മീന്‍കഷ്ണം അവള്‍ക്കു കൊടുത്തു.
“എനിക്കൊരു പാവാട മേടിച്ചുതരാമെന്നു പറഞ്ഞിട്ട് എന്താപ്പാ മേടിച്ചു തരാത്തത്?”  അമ്മിണി ബോധിപ്പിച്ചു. വാസ്തവത്തില്‍ അവളുടെ പാവാട കീറിയതായിരുന്നു.
“എന്റെ മോക്ക് ഞാന്‍ മേടിച്ചുതരാമല്ലോ.” തോമ്മാ ഏറ്റു.
ഈ ലാക്കിന് കറിയാ കുറേക്കൂടി ധൈര്യമായി മേരിയെ അര്‍ത്ഥഗര്‍ഭമായി നോക്കി. പുഞ്ചിരിക്കുകയും ഒരു കണ്ണ് ഇറുക്കിക്കാണിക്കുകയും ചെയ്തു. അതു തറതി കണ്ടു. തോമ്മാ കാണാഞ്ഞതു ഭാഗ്യമായി!  കറിയാ വാസ്തവത്തില്‍ തീക്കട്ടയില്‍ ഉറമ്പരിക്കുകയായിരുന്നു. തോമ്മായും കുടുംബവും വെറും അലവലാതികളും കുത്തഴിഞ്ഞവരും ആണെന്നും സുന്ദരിയായ മേരി നിഷ്പ്രയാസം തന്റെ വലയില്‍ വീഴുമെന്നുമാണ് അവന്‍ സങ്കല്പിക്കുന്നതെങ്കില്‍ അവന്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. പൂത്തേടത്തു തോമ്മായെ കറിയാ ശരിക്കും മനസ്സിലാക്കുന്നില്ലെങ്കില്‍ അത് അവന് ആപത്തായിരിക്കും.
“മോളെ, മേരി ആ കുടത്തില്‍ വെള്ളമൊണ്ടോന്നു നോക്ക്.”  തറതി പറഞ്ഞു. ആ രംഗത്തുനിന്നു മേരിയെ അകറ്റാനാണ് അവരങ്ങനെ പറഞ്ഞത്.
“കറിയാച്ചന്‍ മീന്‍ തിന്ന്. എങ്ങോട്ടാ ഈ നോക്കുന്നത്?”  തറതി അവനു ചെറുതായൊരു താക്കീതു നല്‍കി.
“എനിക്കു മതി.” അവന്‍ എണീറ്റു. “ശകലം വെള്ളം കിട്ടിയിരുന്നെങ്കില്‍…”
“മേരിപ്പെണ്ണേ”! തറതി ഓര്‍മ്മിപ്പിച്ചു.
മേരി പര്യമ്പ്രത്തുനിന്നു കൊച്ചുകുടത്തില്‍ വെള്ളം എടുത്തുകൊണ്ടു വന്നു മുന്‍വശത്തെ മുറ്റത്തെത്തി. “ഇന്നാ വെള്ളം.” അവള്‍ ഇരുട്ടത്തുനിന്നുകൊണ്ടു പറഞ്ഞു.
ആകാശത്തില്‍ ചന്ദ്രനില്ലായിരുന്നു. ഭൂമിക്കു വെളിച്ചം നല്‍കാന്‍ നക്ഷത്രങ്ങള്‍ക്കു കഴിഞ്ഞുമില്ല.
കറിയാ ആ കൊച്ചു മണ്‍കുടം അവളുടെ കൈയില്‍നിന്നു വാങ്ങി. വാങ്ങുന്ന വഴി  അവളുടെ വിരലില്‍ അവന്‍ അവന്റെ വിരല്‍ ഒന്നമര്‍ത്തുകയുണ്ടായി. അവള്‍ കൈ പെട്ടെന്ന് പിന്‍വലിച്ചുകളഞ്ഞു. “മേരി!” അവന്‍ മന്ത്രിച്ചു. പക്ഷെ, അവള്‍ പര്യമ്പ്രത്തേക്ക് ഓടികളഞഞു. അവളൊന്നും പറഞ്ഞില്ല, പറഞ്ഞിരുന്നെങ്കില്‍ അവിടെ കൊലപാതകം നടക്കുമായിരുന്നേനെ. തനിക്കു രണ്ടു സില്‍ക്കുസാരികളും ബ്ലൗസ്സുകളും സമ്മാനിച്ച ആ മനുഷ്യനെ അപമാനിക്കാന്‍ പാടില്ലല്ലോ. അതുകൊണ്ട് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷേ, അവന്റെ പ്രവൃത്തി അവള്‍ക്കു തീരെ രസിച്ചില്ല എന്നതു സത്യമാണ്.
ഇരുട്ടത്ത് അവള്‍ക്കു നില്‍പുണ്ടെന്നു കരുതി കറിയാ ഒന്നു രണ്ടടി മുന്നോട്ടു നീങ്ങിയതാണ്. കൈസര്‍ എന്ന പട്ടി അവന്റെ നേരേ മുറുമ്മിത്തുടങ്ങിയപ്പോള്‍ അവന്‍ പിന്‍വാങ്ങി. ആ പട്ടിയോട് അവനുണ്ടായ ദേഷ്യം!
എന്നിരിക്കിലും അവന്റെ ഹൃദയത്തിലെ ആശ തളിരിടുകയായിരുന്നു. അവളുടെ മൗനത്തെ അവന്‍ സമ്മതമായിട്ടാണ് വ്യാഖ്യാനിച്ചത്.
ആ സുന്ദരിപ്പെണ്ണ് ക്രമേണ ക്രമേണ തനിക്കു വശംവദയാകുമെന്നുതന്നെ അവന്‍ വിശ്വസിക്കുന്നു. അവളെ വിവാഹം കഴിച്ചില്ലെങ്കിലും തന്റെ ഇംഗിതത്തിന് അവള്‍ വഴിപ്പെട്ടാല്‍ തി എന്നേ അവന് ആഗ്രഹമുള്ളൂ. ഭാര്യ മരിച്ചിട്ടും അവന്‍ സ്ഥലം വിട്ടുപോകാതിരിക്കുന്നതിന്റെ രഹസ്യവും അതുതന്നെ. പൊന്നിലും പണത്തിലും വീണുപോകാത്ത പെണ്ണുങ്ങളില്ല ഈ ലോകത്തില്‍ എന്നാണ് അവന്റെ തത്ത്വശാസ്ത്രം. അവന്റെ കൈയില്‍ പണമുണ്ട്, അവള്‍ പെണ്ണാണ്.
“ഉം. ആയിക്കോടാ കറിയാ. നിന്റെ നല്ലകാലം.”  വഴിയേ ഒരാള്‍ പറഞ്ഞുകൊണ്ടുപോയി. സ്വരംകൊണ്ട് അതു റൗഡി കുഞ്ഞമ്മു ആണെന്നു കറിയായ്ക്കു മനസ്സിലായി.
“അതാരാടാ!”  തോമ്മാ മുറ്റത്തേക്കു ചാടി.
“ആരാണ്ടു  കള്ളുകുടിയന്മാരാ. നിങ്ങളിങ്ങു പോരിന്‍.” തറതി തന്റെ മാപ്പിളയുടെ കൈയ്ക്കു കയറിപ്പിടിച്ചു.
“കറിയാച്ചന്‍ കറിയാച്ചന്റെ വീട്ടിപ്പോ. നേരം ഒത്തിരി ഇരുട്ടി.”  അവര്‍ കറിയായ്ക്ക് ഒരു മുന്നറിയിപ്പുകൂടെ നല്കി.
കറിയാ പിന്നീട് അവിടെ തങ്ങിയില്ല.
വടക്കേ മുറിയില്‍ മാപ്പിളയും പെമ്പിളയും തനിച്ചാകുകയും വിളക്കൂതുകയും ചെയ്തപ്പോള്‍ തറതി പയ്യെ ഇങ്ങനെ ചോദിച്ചു: “ആരാ ഇന്നു സല്‍ക്കരിച്ചത്?”
“ആരാണേലെന്താ?” തോമ്മാ പറഞ്ഞു.
“പെണ്ണിനെ വല്ലടത്തും കെട്ടിച്ചുകഴിഞ്ഞിട്ടേ ഇനി കുടിക്കത്തൊള്ളെന്ന് എന്നോടു നിങ്ങള്‍ ആണയിട്ടു പറഞ്ഞതല്ലേ?”
“ചെലപ്പം കുടിച്ചെന്നിരിക്കും, പെണ്ണിനെ ഞാന്‍ കെട്ടിക്കുകയും ചെയ്യും.” അയാള്‍ ധൈര്യമായിപ്പറഞ്ഞു. കുറേ മുമ്പു തന്നെ സല്‍ക്കരിച്ച സുന്ദരിയായ ആ വിധവയുടെ രൂപം അയാളുടെ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നുണ്ടായിരുന്നു.
പക്ഷേ, എന്തുകൊണ്ടെന്നറിഞ്ഞില്ലാ തറതിക്ക് ആ രാത്രിയില്‍ പതിവില്ലാത്തവിധം ഭര്‍ത്താവിനോടു വളരെ സ്‌നേഹമാണു തോന്നിയത്. എല്ലാ പരിഭവങ്ങളും അവള്‍ വിസ്മരിച്ചു. എല്ലാ ദുരിതങ്ങളും കഷ്ടതകളും അകറ്റാന്‍ സ്‌നേഹത്തിനു ശക്തിയുണ്ടല്ലോ. അതേ സമയം ഒരു വേശ്യാസ്ത്രീയെയാണ് തോമ്മാ തന്റെ മനസ്സില്‍ ധ്യാനിക്കുന്നതെന്നു പാവം തറതിയുണ്ടോ അറിയുന്നു.?
പിറ്റേന്നു രാവിലെ ഒരു ബഹളം തെക്കുവശത്ത്. ഒറ്റക്കണ്ണന്‍ നാരായണപ്പണിക്കന്റെ കിണറ്റിനു ചുറ്റും ആളുകൂടിയിരിക്കുന്നു. എല്ലാവരും കീഴോപോട്ടുതന്നെ നോക്കിനില്‍ക്കുന്നു. ആരെങ്കിലും കിണറ്റില്‍ വീണോ?
തോമ്മാ ഓടിച്ചെന്നു.
കിണറ്റിന്റെ അടിയിലത്തെ അരിഞ്ഞാണത്തില്‍  ഒരു മൂര്‍ഖന്‍ പാമ്പ് വളഞ്ഞുകൂടിയിരിക്കുന്നു. എന്താണു മാര്‍ഗ്ഗം? പാമ്പിനെ എങ്ങനെ അവിടെനിന്ന് ഇറക്കിവിടും പലരും തല പുകഞ്ഞാലോചിച്ചു. തല്ലിക്കൊല്ലുകയേ വേണ്ടൂ. കുഞ്ഞന്‍പറയന്‍ ഒരു വലിയ മുളകൊണ്ടുവന്നു അതിനെ കുത്തി. പാമ്പ് ചീറ്റിക്കൊണ്ട് കിണറ്റിലേക്കു ചാടി. അതു വെള്ളത്തില്‍ കിടന്നു വട്ടം ചുറ്റുകയാണ്. കുഞ്ഞന്‍ പറയന്‍ ഒരു വെട്ടു കല്ലെടുത്ത് ഒരേറുകൊടുത്തു. കിണറിന്റെ അരിഞ്ഞാണം ഇടിഞ്ഞതു മിച്ചം. പാമ്പ് തെന്നിമാറി. അപ്പോഴേക്കും കുഞ്ഞപ്പന്‍നായര്‍, കടുക്കാമറിയ മുതലായ അയല്‍ക്കാര്‍ ആണ്‍പെണ്ണടക്കം കിണറിനുചുറ്റും കൂടിക്കഴിഞ്ഞു.
“ഞാനിറങ്ങാം, ഒരു നല്ല വടി താ.” തോമ്മാ കിണറ്റിലേക്ക് ഇറങ്ങുകയായി.
“അപ്പാ വേണ്ടാ, വേണ്ടാ.” മേരി തടയാന്‍ ശ്രമിച്ചു.
“എന്റെ പൊന്നുമനുഷ്യനേ നിങ്ങളിങ്ങു കേറിപ്പോരൂ.” തറതി നിലവിളിച്ചു: “പാമ്പ് ചാടി കൊത്തിയേക്കും.”
അമ്മിണി നിലവിളിച്ചു.
“തോമ്മാച്ചാ, അതപകടമാ. എറങ്ങണ്ടാ.” കടുക്കാമറിയയ്ക്കു ഭയം തോന്നി.
“നിങ്ങളു പോയിന്‍.” തോമ്മാ ഉറക്കെപ്പറഞ്ഞു. ആ ശബ്ദം കിണറ്റില്‍ മാറ്റൊലികൊണ്ടു. കുഞ്ഞന്‍പറയന്‍ കൊണ്ടുവന്ന വടി കൊള്ളുകയില്ല. ചീമക്കൊന്നയുടെ കമ്പ്. ഒടുവില്‍ പണ്ടന്‍ കറിയാ നീളമുള്ള ഒരു വലിയ  ചൂരല്‍വടി കൊണ്ടുവന്നു കൊടുത്തു. എന്നിട്ട് അവന്‍ മേരി നില്‍ക്കുന്ന ഭാഗത്തു ചെന്നുനിന്നു കീഴ്‌പോട്ടു നോക്കി. മേരി മറുവശത്തേക്കു മാറിക്കളഞ്ഞു.
പാമ്പു ചീറ്റിക്കൊണ്ടു മേലോട്ടൊന്നു ചാടി. കരയ്ക്കു നിന്നവര്‍ അന്തംവിട്ടു നിലവിളിച്ചുപോയി. എങ്കിലും ആറാമത്തെ അടിക്ക് ഉഗ്രനായ ആ മൂര്‍ഖന്‍പാമ്പു ചത്തുവീണു. കയറില്‍ കെട്ടിയിറക്കിയ വള്ളിക്കൊട്ടയില്‍ തോമ്മാ ആ പാമ്പിനെ തോണ്ടിയിട്ടു. കരയ്ക്കിട്ടപ്പോഴും അതിന്റെ വാലിന് അനക്കമുണ്ടായിരുന്നു. കൊല്ലത്തി താടകഗൗരി ഒരു ഇരുമ്പുകമ്പികൊണ്ടുവന്ന് അടിച്ച് അതിന്റെ ജീവനേയും നശിപ്പിച്ചു.
തോമ്മാ ആ പാമ്പിന്റെ ശവം തോണ്ടി പുറകിലത്തെ റബ്ബര്‍ത്തോട്ടത്തിലേക്ക് ആഞ്ഞെറിഞ്ഞു. നിമിഷത്തിനുള്ളില്‍ ഒരു രാമന്‍ പരുന്തുവന്ന് അതിനെ റാഞ്ചിക്കൊണ്ട് ആകാശത്തിലൂടെ കിഴക്കോട്ടു കൊണ്ടുപോയി. വലിയവീട്ടുകാരുടെ ബംഗ്ലാവിനുനേരെ.
“വാ തോമ്മാച്ചാ, കാപ്പി കുടിച്ചിട്ടു പോകാം.” ഗൗരി ക്ഷണിച്ചു.
“വേണ്ട ഗൗരി.” തോമ്മാ പറഞ്ഞു.
തോമ്മായെ ഗൗരി കാപ്പികുടിക്കാന്‍ ക്ഷണിച്ചതു കടുക്കാമറിയയ്ക്കു തീരെ രസിച്ചില്ല. കാരണം, ഗൗരിയുടെ സ്വഭാവം മറിയയ്ക്കറിയാം. ആണുങ്ങളെ വശീകരിക്കാന്‍ അവളുടെ പക്കല്‍ എന്തോ മന്ത്രമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. തോമ്മാ തന്റെ സ്വന്തമാണെന്നു മറിയ വിശ്വസിക്കുന്നു.
“ഗൗരി, എന്റെ ചിട്ടിപ്പണം ഇന്നു തരണം.” മറിയ മറ്റുവിധത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചു. വാസ്തവത്തില്‍ ചിട്ടിപ്പണം ചോദിക്കണമെന്ന് അവള്‍ ഉദ്ദേശിച്ചിരുന്നതേയില്ല.
“കാശൊന്നും കെടപ്പില്ല മറിയാമ്മേ. രണ്ടു ദിവസം കഴിയട്ടെ.” ഗൗരി പറഞ്ഞു.
“നെനക്കാന്നോടീ കാശിനു പഞ്ഞം?”  മറിയ സ്വല്പം അര്‍ത്ഥംവച്ചു പറഞ്ഞു.
“എനിക്ക് അങ്ങോട്ടും വല്ലോം ഒക്കെ പറയാന്‍ കാണും. കേട്ടോ മറിയാമ്മേ.” ഗൗരി ചൊടിച്ചു. “മനുഷ്യേരു നില്‍ക്കുന്നല്ലോ.”
“ഓ, മനുഷ്യേരെ ഇത്ര പേടിയൊള്ള പെണ്ണുംപിള്ള! എന്റെ പണം ഇന്നു തരണം.”
“എന്റെ കൈയില്‍ ഒണ്ടാകുമ്പം തരും, അല്ലേല്‍ നിങ്ങളുകൊണ്ടു കേസുകൊടുക്ക്.” ഗൗരി വഴങ്ങുന്നമട്ടില്ല. “നിങ്ങള്‍ക്ക് ആണുങ്ങളൊക്കെ സ്വാധീനമൊണ്ടല്ലോ!”
“ഫ! എന്തോന്നാടി തേവിടിശ്ശീ നീ പറഞ്ഞത്…” ഗൗരിയെ തല്ലാനാണു മറിയ മുന്നോട്ടു ചീറിയത്. പക്ഷേ, മേരിയും തറതിയും പണ്ടാരത്തിപ്പാറുവുംകൂടെ മറിയയെ പിടിച്ചുംകൊണ്ടു പോന്നു.
ആണുങ്ങളാരും ആ സംഘട്ടനത്തില്‍ ഇടപെട്ടില്ല. കാരണം പുറമ്പോക്കു കോളനിയില്‍ പെണ്‍വഴക്ക് ഒരു നിത്യസംഭവമാണ്.
ഒറ്റക്കണ്ണന്‍ നാരായണന്‍പോലും മൗനം ഭജിച്ചതേയുള്ളൂ.
കിണറു തേകാതെ കൊല്ലന്റെ കിണറ്റില്‍നിന്നു വെള്ളം കോരാന്‍ നിവൃത്തിയില്ലാതെവന്നു. കറിയാ ഉള്‍പ്പെടെയുള്ള പുരുഷന്മാര്‍ അവരവരുടെ തൊഴിലുകള്‍ക്കായി പോയിക്കഴിഞ്ഞപ്പോള്‍ പെണ്ണുങ്ങളെല്ലാം മണ്‍കുടങ്ങള്‍ എളിയിലും, പാളയും കയറും കൈയിലും ഏന്തിക്കൊണ്ടു വലിയവീട്ടിലെ പൊതുക്കിണറിലേക്ക് ഒരു ജാഥയായി നീങ്ങി, താടക ഗൗരി ഉള്‍പ്പെടെ. മേരിയും ഉണ്ടായിരുന്നു.
കിണറ്റിന്‍കര വൃത്തിക്കേടാക്കരുതെന്ന് ആ പെണ്‍പടയ്ക്കു കുഞ്ഞേലിയാമ്മ ഉഗ്രമായ  അന്ത്യശാസനം നല്‍കി.
മേരി ആ പറമ്പില്‍ കാലുകുത്തിയിട്ടും വെള്ളം കോരീട്ടും സുന്ദരനായ ജോയിയെ കണ്ടിട്ടും ഒത്തിരിനാളായി. അപ്പനെ പേടിച്ചാണ് അവള്‍ അങ്ങോട്ടു പോകാത്തത്. പോകാന്‍  അവള്‍ക്ക് എന്തുമാത്രം ആഗ്രഹമുണ്ടായിരുന്നെന്നോ? 'മേരീ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന വാചകം ആ കിണറ്റിനു ചുറ്റും പൂമ്പാറ്റയെക്കൂട്ടു പറക്കുന്നതുപോലെ അവള്‍ക്കു തോന്നി. അവനെ ഒന്നുകൂടെ, തനിച്ച്, കാണാന്‍ അവളുടെ അന്തരാത്മാവ് കൊതിക്കുന്നുണ്ട്.
കൈയില്‍ പുസ്തകവുമായി ആ മനോഹരന്‍, കാപ്പിച്ചെടികളുടെ ഇടയില്‍ക്കൂടി നടക്കുന്നതു മേരി കണ്ടു- ഒരു ഗന്ധര്‍വ്വരാജകുമാരനെക്കൂട്ട്. അകലെനിന്ന് അവന്‍ അവളെ നോക്കി ഗൂഢമായി ചിരിക്കുന്നതും കണ്ടു. അവളുടെ ചങ്കിടിച്ചു.
കിണറിനടുത്ത് കല്യാണികളവാണിയും കടുക്കാമറിയച്ചേടത്തിയും ഉണ്ട്. അവരുടെ സാന്നിധ്യത്തില്‍ അവനെ ശരിക്കൊന്നും നോക്കാന്‍ പോലും അവള്‍ ധൈര്യപ്പെട്ടില്ല.
'എന്താ മേരിയമ്മേ കഴുത്തേല്‍ മാലേം ഒന്നും ഇല്ലാത്തത്?' ഇരുപത്തിരണ്ടുകാരിയായ കല്യാണി മേരിയുടെ വക്ഷസ്സില്‍ തലോടിക്കൊണ്ടു ചോദിച്ചു. ആ തലോടല്‍ മേരിക്ക് ഇഷ്ടമായില്ല.
“മാലയില്ല.” കല്യാണിയുടെ കൈയ് തട്ടിമാറ്റിക്കൊണ്ട് തണുത്തസ്വരത്തില്‍ മേരി മറുപടി പറഞ്ഞു.
കല്യാണികളവാണി പോയിക്കഴിഞ്ഞു കടുക്കാമറിയ മേരിയോടു സ്വകാര്യമായി പറഞ്ഞു. “നീ ആ കളവാണിയോടു കൂട്ടുകൂടുകയോ വര്‍ത്തമാനം പറയുകയോ പോലും ചെയ്യരുത്. അത്രയ്ക്കു ചീത്തയാണ് പെണ്ണ്.”
“ഞാനെങ്ങും മിണ്ടത്തില്ല ചേടിത്തീ?”
ആ നീയോന്നും അറിയണ്ട. വാ.”
ഏതായാലും ബുദ്ധിമതിയായ മറിയ ആ വിഷയം കൂടുതല്‍ വിശദീകരിക്കുവാന്‍ നിന്നില്ല.
ഉച്ചതിരിഞ്ഞ് മേരി മണ്‍കുടവും ഏന്തി വീണ്ടും വലിയവീട്ടിലെ കിണറ്റിന്‍കരയിലേക്കുപോയി. അവിടെ വേറെ പെണ്ണുങ്ങളില്ലായിരുന്നു. അവളുടെ കണ്ണുകള്‍ ആ കാപ്പിത്തോട്ടത്തില്‍ ജോയിയെ അന്വേഷിച്ചു. വെള്ളം കോരിക്കഴിഞ്ഞപ്പോള്‍ അവന്‍ അകലെനിന്നുവരുന്നത് കണ്ടു. എങ്കിലും കണ്ടതായി ഭാവിച്ചില്ല.
തോളത്തു തടവയ്ക്കാനും വെള്ളം തുളുമ്പാതിരക്കുന്നതിനു മണ്‍കുടത്തിലിടാനും മേരി വട്ടയിലകള്‍ പറിക്കാന്‍ ചെന്നപ്പോള്‍ അവന്‍ അടുത്തെത്തി. അവളറിഞ്ഞു. അറിഞ്ഞതായി ഭാവിച്ചില്ല.
“മേരി നിന്നെ കാണാന്‍ ഞാന്‍ എത്രനാള്‍ കാത്തിരുന്നു!” അവന്‍ തൊട്ടു പുറകില്‍നിന്നു മന്ത്രിച്ചു. അവള്‍ മറുപടി പറഞ്ഞില്ല, പുറകോട്ടു തിരിഞ്ഞു നോക്കിയതുമില്ല. അവള്‍ വട്ടയിലകള്‍ പറിക്കുകയായിരുന്നു, കുനിഞ്ഞുനിന്ന്.
“എന്നോടു നിനക്കിഷ്ടമാണോ മേരി?” അവന്‍ ചോദിച്ചു. മറുപടിക്കു വേണ്ടി അവന്‍ കാത്തുനിന്നില്ല. അവന്‍ അവളുടെ മുഖം പയ്യെ തിരിച്ചു പെട്ടെന്ന് അവളുടെ അധരങ്ങളില്‍ ആര്‍ത്തിയോടെ ഗാഢമായി ചുംബിച്ചു. മിന്നല്‍പോലെ ആയിരുന്നു. അവള്‍ ഞെട്ടി കിണറ്റുംകരയിലേക്ക് ഓടിക്കളഞ്ഞു. അവളുടെ ശരീരമെല്ലാം വിറയ്ക്കുന്നതുപോലെ തോന്നി. കണ്ണില്‍ ഇരുട്ടുകേറുന്നതുപോലെയും. ഹൃദയം ശക്തിയായി തുടിക്കുന്നു. ആരെങ്കിലും കണ്ടോ? ചുറ്റും നോക്കി. ആരെയും കണ്ടില്ല. കാപ്പിച്ചെടികള്‍ തലകുലുക്കിക്കൊണ്ടുനിന്ന് ഊറിച്ചിരിക്കുകയാവും.
ആരെ നോക്കുവാ മേരിമ്മോ? പണ്ടാരത്തി പാറു കിണറ്റും കരയിലേക്കു വന്നതു മേരി അറിഞ്ഞില്ലായിരുന്നു.  ദൈവമേ! ആ സ്ത്രീ കണ്ടോ?
“ഞാന്‍… ഞാന്‍… അപ്പനിവിടെങ്ങാനൊണ്ടോന്നു നോക്കുകാരുന്നു.” മേരി ഉദ്വേഗത്തോടെ പറഞ്ഞു. കച്ചിപ്പുരയുടെ അടുത്തുള്ള കൊച്ചു കെട്ടിടത്തിലേക്ക് ഒന്നും അറിയാത്ത ഭാവത്തില്‍ ജോയി നടന്നുപോകുന്നത് അവള്‍ കണ്ടു.
“തോമ്മാച്ചനങ്ങു വടക്കേപ്പറമ്പിലല്ലേ മേരിമ്മേ  കെളയ്ക്കുന്നത്.” വെള്ളം കോരിക്കൊണ്ടു പാറു പറഞ്ഞു: എന്താ മേരിമ്മേടെ മൊകത്തിത്ര വെപ്രാളം?”
“ഓ, ഒന്നുമില്ല പാറു…” മേരി പെട്ടന്നു കുടവും പാളയും കയറും എടുത്തുകൊണ്ടു വേഗം നടന്നു. പുറകോട്ടു തിരഞ്ഞുനോക്കിയില്ല.
ആ പണ്ടാരത്തി അതുകണ്ടോ? അവരത് അമ്മയോടു പറഞ്ഞെങ്കില്‍! എന്തായിരിക്കും അവളുടെ സ്ഥിതി? ഇത്രയുംനാളായിട്ടും അവളെപ്പറ്റി ഒരു കുറ്റവും പറയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അവളതിന് ഇടം നല്കിയിട്ടുമില്ല. ജീവിതത്തില്‍ ആദ്യമായിട്ടാണ് അവളൊരു തെറ്റുചെയ്തത്. അതു വാസ്തവത്തില്‍ അവള്‍ ചെയ്ത തെറ്റായിരുന്നോ? ജോയി അല്ലേ തെറ്റുചെയ്തത്? പക്ഷേ, അവന്‍ ചെയ്തത് തെറ്റാണെന്ന് അവള്‍ക്കു തോന്നിയില്ല…. അതാണ് അവള്‍ ചെയ്ത തെറ്റ്. നാട്ടുകാര്‍ അറിഞ്ഞാല്‍? ഇല്ലാത്ത കുറ്റങ്ങള്‍ മെനഞ്ഞുണ്ടാക്കി കുത്തിപ്പൊക്കി കോലില്‍കെട്ടി വീശുവാന്‍ വിരുതും കെട്ടിയിരിക്കുന്ന നാണംകെട്ട പരിഷകളാണു കോളനിക്കാര്‍. അവളിനി എങ്ങനെ മനുഷ്യരുടെ മുഖത്തുനോക്കും. ദൈവമേ! അപ്പനറിഞ്ഞാല്‍ അവളെ കൊല്ലും. കൊല്ലുമെന്നത് തീര്‍ച്ചയാണ്. വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ് അപ്പന്‍.
ദേഹം ആസകലം വിറയ്ക്കുന്നതുപോലെ മേരിക്കു തോന്നി.
ദൂരെനിന്നു ജോയി വരുന്നതുകണ്ടപ്പോഴേ മാറിക്കളയേണ്ടതായിരുന്നു. പുറകില്‍ കാലൊച്ചകേട്ടപ്പോഴെങ്കിലും അകന്നു മാറിപ്പോകേണ്ടതായിരുന്നു. ഇനി അക്കാര്യം ചിന്തിച്ചിട്ടെന്തു ഫലം എന്തോ ഒരു മന്ത്രവാദംപോലെ ആയിരുന്നു. ക്ഷണികമായ ഒരു തേന്‍കിനാവായിരുന്നു. പറുദീസയിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു. വിലക്കപ്പെട്ട കനിയുടെ  ഒരു തൊട്ടുനോക്കലായിരുന്നു. അജ്ഞാതമായ ആനന്ദത്തിന്റെ രുചിനോക്കലായിരുന്നു.
പക്ഷേ, ആ പറുദീസയുടെ കവാടത്തിങ്കല്‍നിന്ന് അവള്‍ പുറം തള്ളപ്പെടുകയില്ല എന്ന് ആര്‍ക്കറിയാം? ഭയങ്കരങ്ങളായ കൊടുങ്കാറ്റുകള്‍ അവളെ കാത്തുനില്‍ക്കുന്നുണ്ടാവും. എല്ലാ അപ്പന്മാരെയും പോലെയല്ല അവളുടെ അപ്പന്‍. സ്‌നേഹത്തിന്റെ അവതാരമൂര്‍ത്തിയാണ്. അവള്‍ക്കുവേണ്ടി, അവളുടെ നല്ല ഭാവിക്കുവേണ്ടി, എല്ലുനുറുങ്ങെ പണിയെടുക്കുന്ന ത്യാഗോദാരനാണ്. പക്ഷേ, അവളിലെ നിസ്സാരമായ ഒരു കുറ്റംപോലും അദ്ദേഹം പൊറുക്കുകയില്ല. ഒരിക്കല്‍ നാലഞ്ചുവര്‍ഷം മുമ്പ്, അങ്ങു പട്ടണത്തില്‍, അവള്‍ ഒരു കൂട്ടുകാരി സമ്മാനിച്ച ഏതോ ഒരു ചായക്കൂട്ടുകൊണ്ട് കാലിന്റെ നഖങ്ങള്‍ ചെമപ്പിച്ചതിന് അവളുടെ അപ്പന്‍ അവളെ അടിച്ച അടിയുടെ പാട് ഇന്നു അവളുടെ ഇടത്തെ കാലില്‍ കാണ്മാനുണ്ട്.
അദ്ദേഹം ഈ വിവരം അറിഞ്ഞാല്‍?
തിരിയെച്ചെന്നു പാറുവിനോട് അപേക്ഷിച്ചാലോ? ഒരു പക്ഷേ, അങ്ങനെ അവള്‍ അപേക്ഷിച്ചു എന്നുകൂടെ കൊട്ടിഘോഷിച്ചെങ്കിലോ?
പാറു ആ വിവരം പരസ്യമാക്കുന്നതിനുമുമ്പുതന്നെ അമ്മയോടും, അപ്പനോടും നേരിട്ടു വിവരം പറഞ്ഞാലോ? അവള്‍ വട്ടയില പറിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ വലിയ വീട്ടിലെ ജോയി വന്ന് അവളെ പിടിച്ചെന്ന്. രക്ഷപ്പെടാന്‍ അതൊരു പോംവഴിയാണ്. പക്ഷേ, അതിന്റെ മറുവശം. അപ്പന്‍ നേരേ വലിയ വീട്ടിലേക്കോടും. ജോയിയെ തല്ലിയെന്നിരിക്കും. അപ്പനെ പിന്താങ്ങാന്‍, വലിയവീട്ടുകാരോട് എതിരുനില്‍ക്കാന്‍, ആ നാട്ടില്‍ ആരു ഉണ്ടാവുകയില്ലെന്നു തീര്‍ച്ചയാണ്. അഥവാ ആരെങ്കിലും ഉണ്ടായാല്‍ത്തന്നെ വലിയവീട്ടുകാരുടെ പണക്കൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും മുമ്പില്‍ നീതികള്‍ അനീതികളാവും, സത്യം നിസ്സാഹയമാകും. അപ്പനെ പൊലീസുകാര്‍ പിടിച്ചുകൊണ്ടു പോയി ജയിലിലടക്കും. ചട്ടമ്പികളുടെയും തെമ്മാടികളുടെയും ആ കൂട്ടില്‍ അവള്‍ ആലംബഹീനയാകും. അപ്പന്റെ തൊഴില്‍ നഷ്ടപ്പെടും. അവിടെ ജീവിക്കാന്‍ നിവൃത്തിയില്ലെന്നുവരും. അപ്പനെ അവര്‍ ജയിലില്‍ അടച്ചില്ലെങ്കില്‍ത്തന്നെ റൗഡികളെക്കൊണ്ട് അടിപ്പിച്ച് അവശനാക്കും.
എന്നുതന്നെയല്ല, ജോയിയെ പിന്നീട് അവളൊരിക്കലും കാണുകയില്ല. അവളുടെ ഹൃദയം ആ മനോഹരനെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. അവന്റെ സ്‌നേഹം ഒരു നിധിപോലെ അവള്‍ ഗൂഢമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്.
പിന്നെങ്ങനെ ഈ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടും? അപ്പന്‍ അടിച്ചു പുറത്താക്കിയാല്‍ ജോയി വന്ന് അവളെ രക്ഷിക്കുമോ? എങ്ങനെ നിശ്ചയിക്കാം.  'മേരീ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞ വാചകത്തിന് എന്തുമാത്രം ഈടുണ്ടെന്ന് അവളറിഞ്ഞിട്ടില്ല. ഒരുപക്ഷേ, തമാശയായി പറഞ്ഞതായിരിക്കുമോ? തമാശയായിരുന്നില്ല എന്ന് അനുഭവത്തില്‍നിന്നു ബോദ്ധ്യമായി. എങ്കിലും അവന്റെ ഹൃദയം എന്തെന്നു ശരിക്കറിയാതെ ആ വാക്കുകളെമാത്രം ആശ്രയിക്കാന്‍ തരമില്ല.
ഒരുപക്ഷേ, അവള്‍ ഭയപ്പെടുന്നതുപോലെ അപ്പന്‍ അവളെ കൊല്ലുകയോ, അടിച്ചു പുറത്താക്കുകയോ ചെയ്യുന്നില്ലെങ്കില്‍ത്തന്നെയും അവളെങ്ങനെ മേലില്‍ മനുഷ്യരുടെ മുഖത്തുനോക്കും? തനിക്കുവേണ്ടി കല്യാണം പറയുന്ന പട്ടാളക്കാരന്‍ മാത്തുക്കുട്ടി ഈ വിവരം അറിയും. കല്യാണം നടക്കുകയില്ല. അവള്‍ ചീത്തയാണെന്നറിഞ്ഞാല്‍ ഒരു  കല്യാണക്കാരും വരികയില്ല. യൂക്കാലിപ്‌സ്‌കച്ചവടക്കാരന്‍ കറിയാപോലും അവളെ വെറുക്കും. അവളെ ആരും കല്യാണം കഴിച്ചുകൊണ്ടുപോകുകയില്ല.
“ഹോ ഈ കെട്ടാമറിയ പോയിട്ടും കാണുന്നുമില്ലല്ലോ.” പര്യത്തു മേരി വെള്ളംകൊണ്ടുവന്നുവച്ചപ്പോള്‍ അകത്തുനിന്ന് അമ്മ പറഞ്ഞ ആ വാക്കുകളാണു മേരി കേട്ടത്.
ഇത്ര പിടീന്നു വിവരം വീട്ടിലറിഞ്ഞോ?
“എന്താമ്മേ?” ഭയത്തോടും വിറയലോടുംകൂടിയാണു വടക്കേപ്രത്തെ കൊച്ചുവാതിലില്‍ക്കൂടി അവള്‍ അകത്തേക്കു കയറിയത്. കരിമങ്കും നെല്ലും കല്ലും പൊടിയും കലര്‍ന്നതും നാറ്റമുള്ളതുമായ റേഷനരി മുറത്തിലിട്ടു വിരകിക്കൊണ്ടിരിക്കുകയാണു തറതി. കറുത്ത വാവായതുകൊണ്ട് അവര്‍ക്ക് വലിവിന്റെയും വായുമുട്ടലിന്റെയും ശല്യം തുടങ്ങീട്ടുണ്ട്.
“നീ എവിടാരുന്നെടീ ഇത്രേം നേരം?” മേരിയുടെ മുഖത്തേക്കു നോക്കാതെതന്നെ അവര്‍ ചോദിച്ചു.
“അവിടെ… ഒത്തിരിപ്പേര്… വെള്ളം കോരാനുണ്ടായിരുന്നമ്മേ.” മേരി ഒരു കള്ളം  പറഞ്ഞു. ദൈവമേ ആ കള്ളത്തിന്റെ പരമ്പര  എവിടെച്ചെന്നു നില്‍ക്കും?
“അടുപ്പീ തീകത്തിക്കു പെണ്ണേ, അതിയാനിപ്പം വരും.” അമ്മിണിയും തറതിയുടെ കൂടെ റബ്ബര്‍തോട്ടത്തില്‍നിന്നു പെറുക്കിയെടുത്ത കരിയിലകളും ചുള്ളികളും അടുക്കളക്കോണില്‍ ശേഖരിക്കപ്പെട്ടിണ്ടായിരുന്നു.
“നിന്റെ ഒരു വെള്ളംകോരി!” തറതി മുറത്തിലെ അരിയില്‍നിന്നും നെല്ലു പെറുക്കിയെടുത്തുകൊണ്ട് തന്നെത്താനെന്നപോലെ പറഞ്ഞു. മേരി ഒന്നും മിണ്ടാതെ അടുപ്പില്‍ തീ ഊതിക്കത്തിച്ചുകൊണ്ടിരുന്നു. അമ്മയ്‌ക്കെന്തോ ഊഹം കിട്ടി എന്ന് അവള്‍ ഭയപ്പെടുന്നു.
“കെട്ടിക്കാറായ പെണ്ണിനെ നീയല്ലാണ്ടു വല്ലവീട്ടിലും വെള്ളംകോരാന്‍ വിടുമോടീ?” അങ്ങേ മുറിയിലെ കട്ടിലില്‍ ഇരുന്നുംകൊണ്ട് അന്നത്തള്ളയും കുറ്റപ്പെടുത്തുന്നു. വല്യമ്മച്ചിയും എന്തൊക്കെയോ അറിഞ്ഞിരിക്കുന്നു.
“പെണ്ണിന്റെ പ്രായം വല്ലാത്തതാ, ഞാമ്പറഞ്ഞേക്കാം.”
“അവടെ അപ്പനിങ്ങു വരട്ടെ, പൂത്തേടത്തെ  പൊണ്ണക്കാര്യേം പറഞ്ഞോണ്ട്.” തറതി പിറുപിറുത്തു.
അപ്പന്‍ വന്നെത്തുന്ന ആ ഗംഭീരമൂഹൂര്‍ത്തം എപ്പോഴായിരിക്കും? വിധി നിര്‍ണ്ണായകമായ ആ മുഹൂര്‍ത്തം.
പണ്ടാരത്തിപാറു രണ്ടാംപ്രാവശ്യം വെള്ളം കോരിക്കൊണ്ടു വരുന്നവഴി അക്കച്ചേടത്തിയോട് എന്തോ സ്വകാര്യം പറയുന്നതു മേരി കണ്ടു. ആ സ്ത്രീ നാടൊട്ടുക്ക് ആ വാര്‍ത്ത നാറ്റിക്കുകയായിരിക്കും.
പള്ളിക്കൂടം പിരിഞ്ഞു. കുട്ടികള്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ടു പോകുന്നു. വഴിയാത്രക്കാര്‍ എന്താണു പറഞ്ഞുംകൊണ്ടു പോകുന്നത്? ഒന്നു കേള്‍ക്കാന്‍ വയ്യ.
അപ്പുറത്തു കൊല്ലന്റങ്ങത്തെ കിണര്‍ തേകുന്ന ബഹളം. തേക്കുകാര്‍ എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. അവളുടെ കാര്യമായിരിക്കും.
പണ്ടാരത്തിപാറു എന്തെങ്കിലും അമ്മയോടു പറഞ്ഞോ? അല്ലെങ്കില്‍ ആരെങ്കിലും അവളെപ്പറ്റി പറഞ്ഞോ? ചോദിക്കാന്‍ ഒന്നുരണ്ടു പ്രാവശ്യം അവള്‍ നാക്കുവളച്ചതാണ്. എങ്കിലും ചോദിക്കാന്‍ ഒരു പേടി.
പാറുവിനോടുതന്നെ ഒന്നു ചോദിച്ചുനോക്കാം. എല്ലായിടത്തും പരസ്യമാക്കാന്‍ നേരമായിട്ടില്ല. ഒന്നോരണ്ടോ നുണച്ചികളോടു മാത്രമേ പറഞ്ഞുകാണുകയുള്ളൂ. ഇനി പറയാതിരിക്കണം. പറഞ്ഞിട്ടുള്ളതു കൂട്ടിച്ചോദ്യത്തിനുവന്നാല്‍ മറിച്ചു പറയിക്കണം. അവരുടെ കാലുപിടിച്ചപേക്ഷിക്കാം. ഒക്കെയായാലും പാറുവും ഒരു സ്ത്രീയല്ലേ!
എല്ലാം അപ്പന്‍ വരുന്നതിനുമുമ്പു വേണംതാനും.
നേരം എരിഞ്ഞടങ്ങിയില്ല. പടിഞ്ഞാറുവശത്തെ റബ്ബര്‍ത്തോട്ടത്തിന്റെ പടിഞ്ഞാറേ മുകളില്‍ സൂര്യന്‍ നില്‍ക്കുന്നത് മരച്ചില്ലകളുടെ ഇടയില്‍ക്കൂടെ കുറേശ്ശേ കാണാം. മേഘങ്ങള്‍ക്ക് ചെമപ്പും മഞ്ഞയും നിറങ്ങള്‍ ഉണ്ടായിത്തുടങ്ങിയിട്ടില്ല. ഒരു തെക്കു പടിഞ്ഞാറന്‍ കാറ്റു റബ്ബര്‍മരങ്ങളെ മൃദുവായി തലോടിക്കൊണ്ടിരിക്കുന്നു. നിഴലുകള്‍ കിഴക്കോട്ടു നീണ്ടുനീണ്ടു വലിയവീട്ടിലെ പുരയിടത്തിന്റെ കയ്യാലത്തിട്ടയില്‍ ഇഴഞ്ഞുകയറിയിരിക്കുന്നു.
“അമ്മച്ചീ ഞാന്‍ ശകലം പപ്പടം മേടിച്ചോണ്ടുവരട്ടെ?” അവള്‍ സൂത്രത്തില്‍ അമ്മയോടു ചോദിച്ചു.
“ ആര്‍ക്കാടീ പപ്പടത്തിനിത്ര വ്യാക്കൂണ്?”  തറതി
“വല്യമ്മച്ചിക്ക്.” മേരി ഒരു കള്ളംകൂടെ പറഞ്ഞു: “എന്റെ കൈയില്‍ നാലയുണ്ടമ്മേ… ഞാനിപ്പം മേടിച്ചോണ്ടു വരാം.”
ഇത് അവളുടെ ജീവന്മരണപ്രശ്‌നമാണ്! അതുകൊണ്ട് അനുവാദത്തിനു വേണ്ടി കാത്തുനില്‍ക്കാതെ അവള്‍ വഴിയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പക്ഷേ, യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയാച്ചന്റെ വീടിനുമുമ്പില്‍ അവള്‍ എത്തുന്നതിനുമുമ്പെ അമ്മിണിയും കൂടെ എത്തി. കൈസറും.
“നീ എന്തിനാടീ വരുന്നെ?” മേരി ചോദിച്ചു.
“അമ്മച്ചി പറഞ്ഞു ഞാനുംകൂടെ ചേച്ചീടെകൂടെ പൊക്കോളാന്‍.” അമ്മിണി പറഞ്ഞു. അതൊരു കുഴഞ്ഞ പ്രശ്‌നമായി. അമ്മിണി കൂടെ നില്‍ക്കെ പാറുവിനോടെങ്ങനെയാണു രഹസ്യം പറയുന്നത്? വയസ്സു പതിനൊന്നേയുള്ളെങ്കിലും ലോകകാര്യങ്ങള്‍ ചിലതെല്ലാം അമ്മിണിക്കും അറിയാം.
“മോളു വരണ്ട, പൊയ്‌ക്കോ. ചേച്ചീ ഇപ്പം വരാം.”
“ഞാനും കൂടെവരും.”
“എന്താ ചേടത്തീയും അനിയത്തിയുംകൂടെ വഴക്ക്?” കറിയാച്ചന്‍ അവന്റെ വീടിന്റെ മുറ്റത്തു പ്രത്യക്ഷനായി.
“ഒന്നുമില്ല ചേട്ടാ.” മേരി പറഞ്ഞു.
“എവിടെപ്പോണു മേരി?” കറിയാ ചോദിച്ചു.
“ശകലം പപ്പടം മേടിക്കാന്‍,” മേരി പറഞ്ഞു. എന്നിട്ട് അമ്മിണിയോടായി അവള്‍ തുടര്‍ന്നു: “മോക്കു ഞാന്‍ മിഠായി മേടിച്ചുതരാം പൊയ്‌ക്കോ.”
“അമ്മിണി ഇങ്ങുവന്നേയ്” കറിയാ ക്ഷണിച്ചു. ചേട്ടന്‍ മിഠായി തരാമല്ലോ, വാ.”
“ചെല്ലു മോളെ, നീ മുഴുവനും തിന്നേക്കരുതു കേട്ടോ?” മേരി പറഞ്ഞു.
അമ്മിണി കറിയായുടെ വീട്ടിലേക്കു കയറിയ തക്കത്തിനു മേരി വേഗം നടന്നു. കെസര്‍ അമ്മിണിയെയാണു പിന്തുടര്‍ന്നത്. ആ പട്ടിയുമായി ലോഹ്യത്തിലാകേണ്ട ആവശ്യം കറിയായ്ക്കുണ്ടായിരുന്നുതാനും.
സ്വര്‍ഗ്ഗത്തിലെ സകല പുണ്യവാളന്മാരോടും പുണ്യവതികളോടും പ്രാര്‍ത്ഥിച്ചുകൊണ്ടാണു പാറുവിന്റെ കുടിലിലേക്കു മേരി കയറിച്ചന്നത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

അലക്‌സാണ്ടർ ജോസഫ് അന്തരിച്ചു

ഇന്ത്യൻ വൈറസ് എന്ന വിശേഷണം; അമേരിക്കയിൽ നാം പേടിക്കേണ്ടതുണ്ടോ?

അന്ധർ ബധിരർ മൂകർ: ഒരു ജനതയെ തുറുങ്കിലടയ്ക്കുമ്പോൾ (കബനി ആർ)

ഇന്ത്യക്കാർക്കു   പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ലഭിക്കാൻ   വിഎഫ്എസ് ഗ്ലോബലിലൂടെ അപേക്ഷിക്കണം 

കല മുന്‍ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അന്തരിച്ചു

ജോസ് വട്ടത്തില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ഏഷ്യന്‍, അമേരിക്കന്‍ സ്റ്റഡീസിന് പരിഗണന ലഭിച്ചേക്കും- (ഏബ്രഹാം തോമസ്)

സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

അമേരിക്കയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മലയാളി ജെയിംസ് വര്‍ഗീസ്

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മുതല്‍ മാസ്‌ക് ഉപയോഗത്തിന് സിഡിസി നിയന്ത്രണങ്ങള്‍ മതിയെന്ന് ഗവര്‍ണര്‍

മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു

ജോ ബൈഡനും, കമലാ ഹാരിസും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു.

റെജി പൂവത്തൂര്‍ അന്തരിച്ചു

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

രഹസ്യ റിക്കോർഡിങ് കുറ്റമാക്കണം; മന്ത്രി മുടി വെട്ടണം; അറബി-ഇസ്രായേൽ പ്രശ്‍നം (അമേരിക്കൻ തരികിട-159, മെയ് 17)

ഇസ്രായേൽ -പലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ രക്ഷാസമിതി യോഗം; സൗമ്യയെ അനുസ്മരിച്ചു    

കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത് 

ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -3)  

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

ബിജു മാത്യു കോപ്പേല്‍ സിറ്റി കൌണ്‍സില്‍ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു:

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

View More