എങ്ങനെയാണ്, നിന്നില്‍ നിന്ന് അക്ഷരങ്ങള്‍ ഒഴുകുന്നത്? ഒരു പുഴ പോലെ, ചിലപ്പോള്‍
നീയൊരു കടല്‍ പോലെയാണ്. ഉള്ളില്‍ ഒരായിരം തിരകളെ ചലിക്കാന്‍ വിട്ട് അവയെ വെറുതേ
നോക്കിയിരിക്കുന്ന കടല്‍മനസ്സ്. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയില്‍
നീയെന്തുമാത്രം മനോഹരിയായിരുന്നു? ഓര്‍മ്മയുണ്ടോ? കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ
ഒട്ടിയ കവിളില്‍, ആകൃതിയില്ലാത്ത പല്ലുകളില്‍ , തിളക്കമുള്ള കണ്ണുകളില്‍
എല്ലാറ്റിലും നീ മനോഹരിയായിരുന്നു. പത്താം ക്ലാസ്സ് പരീക്ഷയുടെ ചൂടില്‍ പോലും
കുട്ടിക്കവിതകളും പൈങ്കിളി കഥകളും എഴുതി നീ എനിക്ക് അയച്ചിരുന്നു. പലപ്പോഴും
നീയറിയാതെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നിന്നെ ഞാന്‍ നോക്കിയിരുന്നു. എത്ര മനോഹരമായി
നീ എഴുതുന്നു...
എത്ര നിഷ്‌കളങ്കമായി നീ ചിരിക്കുന്നു...
അലസമായി
ശ്രദ്ധമായി പലപ്പോഴും നീ നടന്നു. ഭംഗിയില്ലാത്ത ചെരുപ്പകളും എണ്ണയൊലിപ്പിച്ച്
ചുറ്റിപ്പിണഞ്ഞ മുടിയിഴയും രോമ്മങ്ങള്‍ കറുപ്പിച്ച കൈത്തണ്ടകളും ...
എങ്കിലും
ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടിരുന്നു.
നീയറിയാതെ നിന്നെ നോക്കി
നിന്നിരുന്നു...
എത്ര ഭ്രാന്തമായി നീയെന്നെ
സ്‌നേഹിക്കുന്നു...
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് നിന്റെ മിഴികള്‍ക്കു
മുന്നിലെത്താതിരിക്കാന്‍ എനിക്കാകുമായിരുന്നില്ല. ചുട്ടുപഴുക്കുന്ന ഏപ്രില്‍
മാസത്തില്‍ അന്നാദ്യമായി നീയെന്നെ കാണുമ്പോള്‍ ഇത്രനാള്‍ നീയറിയാതെ നിനെ
നോക്കിയിരുന്നതിന്‍റെ പരിഭവക്കെട്ടുകള്‍ അഴിച്ചിട്ടു. ഞാനതൊക്കെ വാരിയെടുത്ത്
നിനക്കൊരു ഉമ്മ തന്നു. നിനക്കേറ്റവും ഇഷ്ടമുള്ളതു പോലെ നെറുകയില്‍. ഞെട്ടടര്‍ന്നു
പൂവ് വീഴുന്നതു പോലെ നിന്നിലെ ഊര്‍ജ്ജം പെട്ടെന്ന് അടര്‍ന്നു പോകുന്നതും എന്നാല്‍
നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെയെത്തുമ്പോള്‍ ഉന്‍മാദത്തിന്‍റെ
മേലാപ്പുകളിലായിരുന്നുവെന്നതും ഞാനോര്‍ക്കുന്നു. പിന്നീടാണ്, നീയെന്നെ സ്‌നേഹിച്ചു
തുടങ്ങിയത്. രണ്ടു പ്രണയങ്ങള്‍ ഒന്നായൊഴുകുമ്പോള്‍ മാദ്ധ്യമങ്ങള്‍ ഒന്നായി
മാറുന്നു.
പലപ്പോഴും ലോകത്തെ മറന്ന്, കപടതകളെ കുറിച്ച് വേവലാതിപ്പെടാതെ
പഴയ നിഷ്‌കളങ്കതയോടു കൂടി അജ്ഞതയോടു കൂടി മാറിലേയ്‌ക്ക് ചാഞ്ഞു കിടക്കുമ്പോള്‍ ആ
പഴയ മുഖം നിനക്ക്...
ഞാനേറെ ഇഷ്ടപ്പെടുന്ന ആ മുഖം...
പ്രിയപ്പെട്ടവളേ
എന്നെ കാണികകതെ നീയെനിക്കയച്ച നിന്‍റെ പഴയ കത്തുകള്‍ എന്‍റെ ഹൃദയത്തിലിരുന്ന്
കുളിരുന്നു... അതേ തണുപ്പിലാണ്, നീ മൌനമായി പടരുന്നതും.