MediaAppUSA

കരകാണാക്കടല്‍- 9 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 14 March, 2014
കരകാണാക്കടല്‍- 9 (നോവല്‍: മുട്ടത്തുവര്‍ക്കി)
9. ഒത്തിരി വേദനകളും ഇത്തിരി സന്തോഷങ്ങളും

ഇടത്തുകാല്‍ മടക്കിയും വലത്തുകാല്‍ നീട്ടിയും ഇരുന്ന്, ഒരു ചതുരക്കുരമ്ടിപ്പുറത്തുവച്ച് ഒരു ചെറിയ ഉരുളന്‍ തടികൊണ്ട് ഉഴുന്നുപിട്ടിന്റെ കഷ്ണം പരത്തി പര്‍പ്പടം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു പണ്ടാരത്തിപ്പാറു. കരിക്കട്ടപോലുള്ള അവരുടെ രണ്ടു കുട്ടികള്‍ മുറത്തിരുന്നു മണ്ണുവാരിക്കളിക്കുന്നു. ജമ്പറിനെ തോല്‍പ്പിച്ചുകൊണ്ട് പാറുവിന്റെ തടിച്ചവയറ് രണ്ടുമൂന്നു ഒടിവുകളായി അങ്ങനെ മടിഞ്ഞു കിടക്കുന്നു. തടിച്ചതും വെളുത്തതുമായ ആ മുപ്പത്തഞ്ചുകാരിയെ കാണാന്‍ ഒരു വര്‍ക്കത്തുമില്ല. എങ്കിലും അവള്‍ക്കും ഒളികാമുകന്മാരുണ്ടെന്നാണു കേള്‍വി. അതൊന്നും അന്വേഷിക്കണ്ട ആവശ്യം മേരിക്കില്ല. ആ സ്ത്രീയുടെ കൈയില്‍ അവളുടെ ഭാവി നിന്നു വിറയ്ക്കുന്നു.
എന്താ മേരിമ്മേ? പപ്പടം പരത്തിക്കൊണ്ടുതന്നെ പാറു ചോദിച്ചു.
“രണ്ടണയ്ക്കു പപ്പടം താ.” മേരി പറഞ്ഞു. മുറ്റത്തു നിന്ന അവളെ വഴിയാത്രക്കാരായ രണ്ടു ചെറുപ്പക്കാര്‍ കൃത്തിച്ചുനോക്കുന്നതു കണ്ടപ്പോള്‍ അവളകത്തേക്കു കയറി. ആ മണ്‍കുടിലില്‍ വേറെ ആരും ഇല്ലായിരുന്നു. ചാണകവും കരിയുംകൊണ്ടു ചുവരുകളും തറകളും മെഴുകിയിരിക്കുന്നു. ചുവരില്‍ ശ്രീ സുബ്രമണ്യഭഗവാന്റെ ഒരു ചിത്രം കണ്ണാടിച്ചില്ലിട്ടു പ്രതിഷ്ഠിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ താഴത്തെ ഇറമ്പില്‍ ഒരു സാമ്പ്രാണിത്തിരിയുടെ കുറ്റികാണാം.
“എന്നാ പതിനഞ്ചുപൈസയ്ക്കാട്ടെ മേരിമ്മേ.” പപ്പടം എണ്ണിക്കൊണ്ടു  പാറു പറഞ്ഞു. “ഉഴുന്നിനാണെങ്കില്‍ തീപിടിച്ച വെലയാ.”
“എന്നാ തന്നേക്ക്.” മേരി പറഞ്ഞു. അവള്‍ പ്രതീക്ഷിച്ചിരുന്നു. പാറുതന്നെ ആ സംഭവത്തെപ്പറ്റി ഇങ്ങോട്ടു പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. പറയുന്ന ലക്ഷണം കാണുന്നില്ല. എങ്ങനെയാണ് അങ്ങോട്ടു ചോദിക്കുന്നത്?
“എങ്ങനെയാ പാറു ഈ പപ്പടം ഉണ്ടാക്കുന്നത്? എന്നെക്കൂടെ പഠിപ്പിക്കാമോ?” അവള്‍ മുഖവുരയിട്ടു.
“മേരിമ്മയ്ക്ക് ഇതിന്റെ ആവശ്യമൊന്നുമില്ലല്ലോ.”
“അതെന്താ പാറു അങ്ങനെ പറഞ്ഞത്?”
“ഇതു പാവപ്പെട്ടവര്‍ക്കു പറഞ്ഞിരിക്കുന്ന തൊഴിലാ കുഞ്ഞേ.”
“ഞങ്ങളും പാവപ്പെട്ടവരാ പാറു.”
“എന്നാലും മേരിമ്മേടെ കാര്യങ്ങള്‍ നോക്കാന്‍ ആളുണ്ടല്ലോ, എനിക്കാരിരിക്കുന്നു? ഇവിടത്തെ ഓരോ അവളുമാരൊക്കെ പറേം ഞാന്‍ ചീത്തയാണെന്ന്. എന്നാല്‍ ഞാനിന്നേവരേ, എന്റെ ആമ്പ്രന്നോന്റെയല്ലാതെ മറ്റൊരു പുരുഷന്റെ മൊകത്തുപോലും നോക്കീട്ടില്ല കേട്ടോ.”
പാറുവിന്റെ ആ സംസാരം തന്നെക്കൊള്ളിച്ചാണോ എന്നു മേരി ഭയപ്പെട്ടു. “ഇവിടത്തെ പെണ്ണുങ്ങളു ഭയങ്കരികള്‍തന്നെ.” മേരി പറഞ്ഞു: “ചുമ്മാ നുണയും ഏഷണിയും പറച്ചില്‍ത്തന്നെ തൊഴില്‍.”
“അയ്യോ അക്കാര്യം ഒന്നും പറേണ്ട.”  പുറമ്പോക്കു കോളനിക്കാരായ പെണ്ണുങ്ങളുടെ ചരിത്രങ്ങള്‍ ഓരോന്നായി പാറു പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞുകേള്‍പ്പിച്ചു. അവര്‍ ഒഴികെ അവിടത്തെ പെണ്ണുങ്ങളെല്ലാം ചീത്തയാണത്രേ!
“എന്നെപ്പറ്റിയും മനുഷ്യരു വേണ്ടാതീനങ്ങള്‍ പറയുന്നുണ്ടായിരിക്കും?” മേരി ചോദിച്ചു.
“ഒണ്ടോന്നോ? കൊള്ളാം!”
“എന്തോന്നാ പാറു എന്നെപ്പറ്റി പറയുന്നത്?”
“മേരിമ്മ അതൊന്നും കേള്‍ക്കാതിരിക്യാ നല്ലത്. നാക്കേലെ വെള്ളം വറ്റുന്നതുവരെ അവളുമാരു പറഞ്ഞോണ്ടുനടക്കട്ടെ. ആര്‍ക്കൊണ്ടു ചേതം?”
“എങ്കിലും കേക്കട്ടെ പാറു.” മേരി ബഞ്ചില്‍നിന്നെഴുന്നേറ്റു ജിജ്ഞാസയോടെ പാറുവിന്റെ അടുത്തു വന്നിരുന്നു.
“മേരിമ്മേം ആ ലൂക്കാലിക്കറിയാച്ചനുമായി…”
“കറിയാച്ചനുമായി?”
“പെടാകയിലാണെന്നും, കറിയാച്ചന്‍ നിങ്ങടെ വീട്ടിലാ പൊറുതീന്നും ഒക്കെ.”
“അത്രേം ഒള്ളോ? എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ല പാറൂ!”
 “ആ എന്തെങ്കിലുമാകട്ടെ, പക്ഷേങ്കി, കറിയാച്ചന്റെ കൈയില്‍ എമ്പടി പണമൊണ്ടെന്നാ മനുഷ്യേരു പറേണത്. കള്ളനോട്ടെടപാടൊണ്ടെന്നും കേള്‍ക്കുന്നു.”
“പണമൊണ്ടെങ്കില്‍ അയാടെ കൈയിലിരിക്കട്ടെ.”
“കറിയാച്ചനെന്നാ അത്ര പ്രായംവല്ലോം ഒണ്ടോ? കൂടിപ്പോയാല്‍ മുപ്പതു വയസ്സുകാണുവായിരിക്കും, കണ്ടാലും യോഗ്യനല്യോ, പിന്നെന്താ രണ്ടാംകെട്ടാണെന്നോ ഒള്ളൂ! ഓ, അതിനെന്താ, ഒന്നാംകെട്ടുകാരനായാല്‍ വല്ല പുണ്യോം ഒണ്ടോ? ഏതായാലും പട്ടാളക്കാരന്‍ കെട്ടിയിട്ടേച്ചു പോണതിലും നല്ലതാ എന്റെ നോട്ടത്തില്‍.”
പാറു പറഞ്ഞതില്‍ ഒരു പുതിയ സത്യമുണ്ട്. പട്ടാളക്കാരന്‍ മത്തായിക്കുവേണ്ടിയാണ് അവള്‍ക്ക് അവളുടെ അപ്പന്‍ കല്യാണമാലോചിക്കുന്നത്. അവന്‍ അവളുടെ കഴുത്തില്‍ മിന്നുകെട്ടിയിട്ടു തിരിച്ചുപോകും. ആണ്ടിലോരിക്കലെങ്ങാന്‍ വരും, പിന്നെയും പോകും, ദാമ്പത്യത്തിന്റെ സുഖം എന്തെന്ന് അറിയാന്‍ അവള്‍ക്കു സാധിക്കാതെ വരും. വല്ലവിധേനയും ആ കല്യാണാലോചന മാറിപ്പോയാല്‍ മതിയായിരുന്നു. പക്ഷേ, അപ്പന്‍ നിശ്ചയിച്#ുകഴിഞ്ഞാല്‍ അതിന് എതിരു പറയാന്‍ അവളെക്കൊണ്ടു സാധിക്കുകയില്ല. ആരെക്കൊണ്ടും സാധിക്കുകയില്ല.
“പാറു വലിയവീട്ടില്‍ പോകാറില്ലേ?”  വിഷയത്തിലേക്കു കുറെക്കൂടെ അടുത്തുംകൊണ്ട് അവള്‍ ചോദിച്ചു.
“അയ്യോ പിന്നെ, അവിടത്തെ കുഞ്ഞേലിയാമ്മയെപ്പോലെ ഇത്ര മനുഷ്യപ്പറ്റുള്ള ഒരു പെണ്ണുമ്പിള്ള ഈ നാട്ടിലില്ല, ആരെങ്കിലും ഒരന്തി മുട്ടുവായ്പയ്ക്കുചെന്നാല്‍ കുഞ്ഞേലിയാമ്മ വെറുംകൈയോടെ വിടത്തില്ല. എന്നാല്‍ വല്യ പണക്കാരിയാണെന്ന തണ്ടോ പവ്വറോ ഒന്നും കുഞ്ഞേലിയാമ്മയ്ക്കില്ല. എന്നാ അതുപോലതന്നെയാ ഇട്ടിച്ചന്‍ നാനാരും കേട്ടോ.”
“അവരുടെ മക്കളും നല്ലവരാണെന്നാ ആളുകള്‍ പറയുന്നത്, ഇല്ലേ പാറൂ?”
“തങ്കപ്പെട്ട കുഞ്ഞുങ്ങളല്യോ. മേരിയമ്മ അവരെ ആരേ അറിയത്തില്യോ?”
“സൂസമ്മേന്നും ജോയിച്ചനെന്നും ഒക്കെ പറഞ്ഞുകേട്ടിട്ടേയൊള്ളു പാറു.” മേരി പാറുവിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു. “നമ്മളു വെള്ളം കോരിക്കൊണ്ടുനിന്നപ്പം കൈയിലൊരു പുസ്തകവും പിടിച്ചോണ്ട് ആ കാപ്പിച്ചെടിയുടെ എടേല്‍ക്കൂടെ നടന്നു പോകുന്നതു കണ്ടില്യോ, ഒരു ചെറുപ്പക്കാരന്‍, അവനേതാ പാറു?”
“അയ്യോ! അതല്യോ വലിയവീട്ടിലെ ജോയിച്ചന്‍, ഏതാണ്ടു വല്യപരൂഷയ്ക്കു വായിക്കുവാ, കണ്ടാല്‍ നല്ല യോഗ്യന്‍, മേരിക്കു ചേരും, ആങ്ങളേം പെങ്ങളുംപോലിരിക്കും.” പാറു മേരിയെ നോക്കി ഒന്നു ചിരിച്ചു.
“ഓ പാറുവിന്റെ ഒരുവര്‍ത്തമാനം?” മേരി ദീര്‍ഘനിശ്വാസത്തോടെ എണീറ്റു. “ഞാന്‍ പോണു പാറു, ഇന്നാ കാശ്.” നാലണത്തുട്ട് അവള്‍ പാറുവിന്റെ മടിയിലേക്ക് ഇട്ടുകൊടുത്തു.
“ചില്ലറയില്ലല്ലോ മേരിമ്മേ.”
“പിന്നെത്തന്നാ മതി.” മേരി പപ്പടപ്പൊതിയുമായി മുറ്റത്തേക്കിറങ്ങി. അവളുടെ ഹൃദയം സ്വച്ഛമായി. അവളുടെ ഭീതി അടിസ്ഥാനരഹിതമായിരുന്നു എന്നു വ്യക്തിമായി. എങ്കിലും ഒന്നുകൂടി ചോദിച്ചുകളയാം, “പാറു എന്നെപ്പറ്റി ഇന്ന് എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞോന്ന്?”
“ഈശ്വരാ, ഞാന്‍ മനസാവാചാ അറിഞ്ഞിട്ടില്ല.” പാറു പറഞ്ഞു: “ഏതവളാ പറഞ്ഞത്? എനിക്കവളെ ഒന്നു കാണണമല്ലോ. ഞാന്‍ മേരിമ്മേപ്പറ്റി എന്നാ പറയാനാ? എന്നാ അങ്ങനെ ഏഷണീംകൊണ്ടൊന്നും നടക്കുന്നവളല്ല ഈ പാറു. ഞാന്‍ കടുക്കാമറിയേം താടകഗവുരീം ഒന്നും അല്ല. എന്തോന്നു പറഞ്ഞെന്നാ മേരിമ്മേ?”
“ഒന്നുമില്ല പാറു.”
മേരി പിന്നീട് അവിടെ നിന്നില്ല. അവള്‍ അറിയേണ്ടത് അറിഞ്ഞു. ഹോ! ആ കൊടുങ്കാറ്റു വരുകയില്ല. ആകാശം തെളിഞ്ഞു. അവളുടെ ഹൃദയം ശാന്തമായി. എല്ലാ ശങ്കകളും നീങ്ങി.
കറിയായും അമ്മിണിയും കൈസറും വഴിയിറമ്പില്‍ അവളെ കാത്തു നില്‍പ്പുണ്ടായിരുന്നു. അമ്മിണിയുടെ കൈനിറയെ നാരാങ്ങാ മിഠായി ഉണ്ടായിരുന്നു.
ഇന്നു പപ്പടമാണോ കറി? മീനില്ലേ?” കറിയാ നേരമ്പോക്കായി മേരിയോട് ചോദിച്ചു.
മേരി ഒന്നും  പറഞ്ഞില്ല. അവന്റെ നോട്ടം കണ്ടപ്പോല്‍ അവള്‍ക്കു നാണം തോന്നി. എന്നുതന്നയല്ല അപ്പുറത്തു കൊല്ലന്റെ പര്യത്തു കിണറുതേക്കുക്കാര്‍ നോക്കി നില്‍ക്കുകയും ചെയ്യുന്നു.
“അപ്പന്‍ മീമ്പിടിച്ചോണ്ടു വരുമ്പം ചേട്ടനുതരാം കേട്ടോ.” അമ്മിണി പറഞ്ഞു: “ചേച്ചിക്കിന്നാ മിഠായി.” അവള്‍ ഓടി മേരിയുടെ അടുത്തെത്തി. മേരി നടക്കുകയായിരുന്നു.
“മീന്‍ കൊണ്ടുവരുമ്പം എന്നെ വിളിക്കണം, കേട്ടോ അമ്മിണീ.” കറിയാ പുറകില്‍നിന്നും വിളിച്ചുപറഞ്ഞു
“ഹോ! ഈ ചേട്ടനോളം ഇത്ര മീന്‍ കൊതിയന്‍!” അമ്മിണി പറഞ്ഞു. വീട്ടില്‍ ചെന്നിട്ടാണ് അമ്മിണി മിഠായി പകുത്തത്. പകുതി അവളെടുത്തു പകുതികൊണ്ടു ബാക്കിയെല്ലാവര്‍ക്കുമായി അവള്‍തന്നെ വീതിച്ചു. നാലു മിഠായി അവള്‍ ഒരു കടലാസില്‍ പൊതിഞ്ഞുവച്ചു. “ഇതപ്പന്.” അവള്‍ പറഞ്ഞു.
“വല്ലോന്റേം സാധനങ്ങള് മേടിച്ചുതിന്നാന്‍ ഈ പെണ്ണിനിത്ര വിരുത്.” ഒരു മിഠായി നുണഞ്ഞുതിന്നുകൊണ്ടു തറതി കുറ്റപ്പെടുത്തി.
“പിന്നെന്തിനാ ചേച്ചി അയാടെ സാരീം ഒക്കെം മേടിച്ചത്.” അമ്മിണി ചോദിക്കുകയായി.
“വായില്‍ നാക്കടങ്ങിക്കെടക്കട്ടെ പെണ്ണെ.” മേരി ശാസിച്ചു. അയാളോട് ആ സാരി വാങ്ങിക്കണ്ടായിരുന്നു എന്നു മേരിക്കു തോന്നി. അതിന്റെ പേരില്‍ അയാള്‍ അവളെ ശല്യപ്പെടുത്താന്‍ വരുമോ  എന്നു സത്യമായും അവള്‍ക്കു ഭീതിയുണ്ട്. അമ്മയാണെങ്കില്‍ ആസ്ത്മായുടെ ശല്യംകൊണ്ട് തീരെ അവശയായിരിക്കുന്നു. എങ്കിലും അതൊന്നും വകവെയ്ക്കാതെയും ആരെയും അറിയിക്കാതെയും പാവം രാപ്പകല്‍ പണിയെടുക്കുന്നു. അടുപ്പില്‍ തീ കത്തിക്കുന്നതിനുള്ള വക അന്വേഷിക്കുക എന്തു ചില്ലറപ്പണിയൊന്നുമല്ല. അമ്മയ്‌ക്കെന്തെങ്കിലും സംഭവച്ചുപോയാല്‍ എന്തായിരിക്കും. അവളുടെ ഗതി?
അപ്പന്‍ അന്നു വൈകീട്ടു കയറിവന്നതു തീരെ അവശനായിട്ടായിരുന്നു. ഇന്നു ചുമടെടുപ്പായിരുന്നത്രേ. വലിയ വീട്ടുകാരുടെ കണ്ടത്തില്‍ ചിറകെട്ടാന്‍ കരിങ്കല്ലുകള്‍ ചുമക്കുകയായിരുന്നു പകലന്തിയോളം.
“മോാളെ, മേരീ, ഇന്നാ.” മടിയില്‍നിന്ന് മൂന്ന് ഒറ്റനോട്ടുകളും അഞ്ചുപത്തുപൈസാനാണയത്തുട്ടുകളും, അന്നത്തള്ളയ്ക്ക് മുറുക്കാനും അയാള്‍ അവളെ ഏല്‍പിച്ചു. “ഇന്നു ഞാന്‍ ഒരു കുപ്പി കള്ളുകുടിച്ചു മോളെ.”
“അപ്പനെന്താ ഇന്നു വല്ലാതിരിക്കുന്നത്?”
“ദേഹത്തിനെല്ലാം വലിയ നൊമ്പരം.”
 പിന്നൊന്നു ചോദിക്കാന്‍ അവള്‍ കാത്തുനിന്നില്ല. കഞ്ഞിക്കലം അടുപ്പത്തുനിന്നും മാറ്റിവച്ചിട്ട് അവള്‍ ചുറുക്കെ വലിയ കലത്തില്‍ വെള്ളം ഒഴിച്ച് അടുപ്പത്തുവച്ചു. വലിയവീട്ടിലെ പറമ്പില്‍ച്ചെന്ന് അവളും അമ്മിണിയുംകൂടെ വാളന്‍പുളിയുടെ ഇലകള്‍ ഒടിച്ചുകൊണ്ടുവന്നു. ആരോടും അനുവാദം ചോദിച്ചില്ല.
അക്കച്ചേടത്തിയോടു ശകലം കുഴമ്പു വായ്പ വാങ്ങി മേരിതന്നെ ആ കുഴമ്പു ചൂടാക്കി. തോമ്മായുടെ ദേഹത്തു പുരട്ടി. വലിവിന്റെ ഉപദ്രവം നിമിത്തം തറതിക്കു തീരെ വയ്യായിരുന്നു.
ചൂടുവെള്ളത്തില്‍ കുളിച്ചിട്ടും ദേഹത്തെ നൊമ്പരത്തിനും തളര്‍ച്ചയ്ക്കും പറയത്തക്ക ശമനമുണ്ടായില്ല. പിറ്റേന്നു രാവിലെ വേലയ്ക്കു പോകാന്‍ തുടങ്ങിയ തോമ്മായോടു തറതിയും മേരിയും അന്നത്തള്ളയും അഭ്യര്‍ത്ഥിച്ചു. പോകരുതെന്ന്.
“പണിയാവുന്നിടത്തോളം പണിയുക.” തോമ്മാ  പറഞ്ഞു. വീഴുമ്പം വീഴട്ടെ, വീഴുന്നിടത്തു വീഴട്ടെ.
“അങ്ങനെ വീഴാന്‍ ഒക്കുകേലെന്ന്.” തറതി വാദിച്ചു. “ഇന്ന് ഏതായാലും പോകണ്ടാ. അതുകൊണ്ടു ആരും ഈ വീട്ടില്‍ പട്ടിണികെടക്കാന്‍ പോകുന്നില്ല.”
“നീ പോടീ.” തോമ്മാ ഇറങ്ങിക്കഴിഞ്ഞു. “ദിവസി നാലഞ്ചു രൂപാ കിട്ടുന്നതു കളയാനൊക്കുമോ?”
തോമ്മാ പോയി.
“ദൈവമേ! അപ്പന്‍ ഒരു ദിവസമെങ്കിലും ഒന്നു വിശ്രമിക്കുന്നതു കണ്ടിരുന്നെങ്കില്‍!” തോമ്മാ പോയ വഴിയിലേക്കു നോക്കിനിന്നുകൊണ്ടു മേരി തന്നെത്താനെന്നപോലെ പറഞ്ഞു.
“നിന്റെ കഴുത്തേല്‍ ഒരു മിന്നു വീഴുന്നതുവരെ അതിയാന്‍ കുരിശു ചുമക്കണം.” തറതിയും ആരോടെന്നില്ലാതെ പറഞ്ഞു: “എന്നാല്‍ തീരുമോ? കുഴിമാടം വരെ ചൊമക്കണം മോളെ… കര്‍ത്താവേ! അതിയാനീ പാടുപെടുന്നത് ആരു ചെയ്ത പാപത്തിന്റെ പിറാച്ചിത്തമാണോ!...”
ഒടുവിലത്തെ ആ വാചകം കേട്ടപ്പോള്‍ മേരി ഒന്നു ഞെട്ടി. ഇന്നലെ ഉച്ചതിരിഞ്ഞ നേരത്തു വലിയവീട്ടിലെ പറമ്പിലെ കിണറിന്റെ അരികത്തുള്ള വട്ടച്ചെടിയുടെ മറയത്ത്… അവള്‍ ചെയ്തതു പാപമല്ലേ? അല്ലെങ്കില്‍ പാപത്തിന് അവള്‍ സമ്മതിക്കുകയെങ്കിലും വേദപാഠക്ലാസ്സില്‍ അവള്‍ പഠിച്ചിട്ടുള്ളതാണ്… ആ പാപത്തിന്റെ ഫലം ആയിരിക്കാം അപ്പന്‍ അനുഭവിക്കുന്നത്. “കരുണയുള്ളവനായ ദൈവമേ!” അവള്‍ മനംനൊന്തു മൂകമായി പ്രാര്‍ത്ഥിച്ചു. എന്റെ പാപം എന്നോടു പൊറുക്കണേ…  എന്റെ അപ്പന് ഒരാപത്തും വരുത്തരുതേ….”
കൊല്ലന്റെ കിണറുതേകിയെങ്കിലും ഒരു ദിവസംകൂടെ കഴിയാതെ അതില്‍ നിന്ന് വെള്ളം കോരിക്കുകയില്ലെന്ന്.
തറതിക്കു വലിവിന്റെ ശല്യം കൂടിവരുന്നു. അടുക്ക ജോലി ചെയ്യാന്‍ നിവൃത്തിയില്ലെന്നായി. മേരി കിഴി ചൂടാക്കി അമ്മയുടെ നെഞ്ചും പുറവും തിരുമ്മി.
അന്നത്തള്ള വടിയുംകുത്തി കട്ടിലില്‍നിന്നിറങ്ങി.
വള്ളിക്കുട്ടയുംകൊണ്ട് അവര്‍ അമ്മിണിയുടെ കൈയും പിടിച്ചു പടിഞ്ഞാറേ തോട്ടത്തില്‍ കരിയിലയും ചുള്ളിയും പെറുക്കാന്‍ പോയി.
“ഇതു മാറിക്കൊള്ളും മോളെ. നീ ചെന്നു വെള്ളം കോരിക്കൊണ്ടു വാ.”  തറതി നിര്‍ദ്ദേശിച്ചു.
മേരി വെള്ളംകോരാന്‍ ചെന്നു. പതിവുപോലെ ജോയി ആ ഭാഗത്തുണ്ടായിരുന്നു. അവന്‍ മന്ദസ്മിതം തൂകി. പക്ഷേ അവളില്‍ ഒരു പ്രതികരണവുമുണ്ടായില്ല. അപ്പനും അമ്മയും വേദനതിന്നുമ്പോള്‍ ഒരുത്തന്‍ വന്നിരിക്കുന്നു പ്രേമവുമായി, പുന്നാരിക്കാന്‍! അവള്‍ക്കവനോടു വാസ്തവത്തില്‍ പുച്ഛമാണു തോന്നിയത്. അവന്‍ അടുത്തു വരുംമുമ്പുതന്നെ അവള്‍ വെള്ളം കോരിക്കൊണ്ടു പൊയ്ക്കളഞ്ഞു.
പിന്നീട് അവള്‍ വെള്ളംകോരാന്‍ പോയതു കടുക്കാമറിയയെ കൂട്ടിക്കൊണ്ടായിരുന്നു. അവളുടെ അപ്പന് എന്തുസംഭവിച്ചു? മറ്റെല്ലാ ചിന്തകളും അവളില്‍നിന്ന് അകന്നിരിക്കണം. ഇന്നലത്തെ ദുഃഖവും ഭീതിയും ഒന്ന്, ഇന്നു വേറൊന്ന്, ഇതെന്നവസാനിക്കും?
ഉച്ചതിരിഞ്ഞ് അമ്മയുടെ അനുവാദത്തോടുകൂടിത്തന്നെ അവള്‍ കടുപ്പത്തില്‍ കാപ്പി അനത്തി ഒരു കൊച്ചു മണ്‍കുടത്തില്‍ ആക്കി അമ്മിണിയെയും വിളിച്ചുകൊണ്ടു വേഗം നടന്നു. തോമ്മാ ജോലി ചെയ്യുന്ന സ്ഥലത്തേക്ക്. കുഞ്ഞപ്പന്‍നായരാണു വഴിപറഞ്ഞുകൊടുത്തത്. വലിയ വീട്ടുകാരുടെ കിണറ്റിന്റെയതിലേ പറമ്പില്‍ക്കൂടെ കിഴക്കോട്ടു ചെന്നാല്‍ മുണ്ടകപ്പാടത്തിന്റെ വക്കത്തെത്തും. അവിടെനിന്നു നോക്കിയാല്‍ ചിറകെട്ടുന്ന സ്ഥലം കാണാം.
കാപ്പിച്ചെടികളുടെ ഇടയില്‍ക്കൂടി മേരിയും അമ്മിണിയും വേഗം നടന്നു. കച്ചിപ്പുരയുടെ അടുത്തുള്ള കൊച്ചു കെട്ടിടത്തിന്റെ മുറ്റത്തുകൂടിയാണ് അവര്‍ പോയത്. ജോയി ആ കെട്ടിടത്തിലുണ്ടായിരുന്നു.
“മേരീ!” അവന്‍ വിളിച്ചു.
മേരി തിരിഞ്ഞുനോക്കിയില്ല.
“ചേച്ചിയെ അയാളു വിളിക്കുന്നു.” അമ്മിണി ഓര്‍മ്മിപ്പിച്ചു.
“ആ, വിളിക്കട്ടെ, നീ വേഗം വാ.”
“എന്തിനാ ചേച്ചിയെ അയാളുവിളിക്കുന്നത്?”
“ഇതിലേ വഴിനടക്കരുതെന്നു പറയാനായിരിക്കും. നീ വേഗം വാ.”
മുണ്ടകപ്പാടത്തിന്റെ തിട്ടയില്‍നിന്നു നോക്കിയപ്പോള്‍ അവള്‍ ചിറകണ്ടു. കണ്ടത്തിന്റെ വരമ്പില്‍ക്കൂടി അവര്‍വേഗം നടന്നു. തോമ്മാ കല്ലുചുമക്കുന്നതു കണ്ടു- കനത്ത പാറക്കല്ലുകള്‍.
“അപ്പാ!” മേരി അയാളുടെ അടുത്തെത്തി.
“നിങ്ങളെന്തിനാ പിള്ളേരെ വന്നത്? നിന്റെ അമ്മയ്‌ക്കെങ്ങനെയിരിക്കുന്നു?” അദ്ദേഹം കല്ലു താഴേക്കിട്ടിട്ടു ചോദിച്ചു. വിയര്‍പ്പുതുള്ളികള്‍ ഉണങ്ങി അദ്ദേഹത്തിന്റെ ദേഹത്ത് അങ്ങിങ്ങായി ഉപ്പുപൊടിഞ്ഞിരിക്കുന്നു.
“എങ്ങിനിരിക്കുന്നപ്പാ ദേഹനൊമ്പരം?” മേരി കാപ്പിക്കുടം അപ്പന്റെ കൈയില്‍ കൊടുത്തുംകൊണ്ടു ചോദിച്ചു.
“ഇപ്പം നൊമ്പരം സാരമില്ല.”
“അപ്പന്‍ ചുമ്മാ പറേവാ.”
“അല്ലെടീ പെണ്ണേ, നിങ്ങളു പൊയ്‌ക്കോ, ഞാന്‍ ചോദിച്ചതിനു നീ ഉത്തരം പറഞ്ഞില്ലല്ലോ. നിന്റെ അമ്മയ്‌ക്കെങ്ങനെയിരിക്കുന്നെന്ന്?”
“അമ്മയ്ക്കു പതിവുപോലെ!” മേരി പറഞ്ഞു.
“അമ്മച്ചി കെടക്ക്വാപ്പാ” അമ്മിണി പൂരിപ്പിച്ചു.
തോമ്മാ അല്പനേരം ചിന്തിച്ചുനിന്നു. ജോലിനിര്‍ത്തിയിട്ടു മരുന്നു വാങ്ങാന്‍ പോണോ. അതോ ജോലി തുടരണോ എന്നതായിരുന്നു ചിന്ത.
“ഉം.” അയാള്‍ ഒടുവില്‍ മൂളി: “മക്കളു പെയ്‌ക്കോ.” അയാള്‍ വീണ്ടും ജോലി തുടര്‍ന്നു.
പത്തിരുപതുപേര്‍ ജോലിചെയ്യുന്നുണ്ട്. കല്‍പ്പണിക്കാര്‍ ഉള്‍പ്പടെ. പെണ്ണുങ്ങളുമുണ്ട്. എന്തുകൊണ്ട് അവള്‍ക്കും കൂടെ ആ പെണ്ണുങ്ങളെപ്പോലെ ജോലിചെയ്തുകൂടാ? പക്ഷേ, അങ്ങനെയൊന്നു മിണ്ടിപ്പോയാല്‍ കൊന്നുകളയും തോമ്മാ. തറതി ഒരിക്കല്‍ ഒന്നു സൂചിപ്പിച്ചതാണ്. “പൂത്തേടത്തു കുടുംബത്തിലെ പെണ്ണുങ്ങള്‍ എങ്ങും ജോലിക്കുപോയിട്ടില്ല. പോകുമേകില്ല, പട്ടിണി കിടന്നു ചത്താലും.” എന്നായിരുന്നു അഭിമാനിയായ തോമ്മായുടെ മറുപടി. പക്ഷേ, അതു വെറും മിഥ്യാഭിമാനമാണ്. ആണായാലും പെണ്ണായാലും ജോലി ചെയ്യണം. അതാണു മാനം. ഈ തത്ത്വങ്ങളൊന്നും പൂത്തേടത്തു തൊമ്മായില്‍ ഏശുകയില്ലെന്നു മാത്രം.
അവള്‍ ഒരാണായിരുന്നെങ്കില്‍, വേലയെടുത്ത് അപ്പനെയും അമ്മയെയും സംരക്ഷിച്ചേനെ. അവള്‍ക്കൊരാങ്ങളയുണ്ടായിരുന്നു…. പോകട്ടെ, വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്തിന് അയവിറക്കുന്നു!
ദൈവം അവളുടെ പ്രാര്‍ത്ഥന കൈക്കൊണ്ടു. അപ്പനു പറയത്തക്ക അസുഖം ഒന്നും തോന്നിക്കുന്നില്ല. അമ്മയുടെ അസുഖംകൂടെ മാറിക്കിട്ടിയാല്‍ മതിയായിരുന്നു.
വലിയവീട്ടിലെ പറമ്പില്‍ കയറാതെ തൊണ്ടില്‍ക്കൂടിയാണു മേരിയും അമ്മിണിയും മടങ്ങിപ്പോയത്.
വിളിച്ചിട്ടു വിളികേള്‍ക്കാത്തതിലും തിരിഞ്ഞുനോക്കാത്തതിലും ജോയിക്ക് അവളോടു പരിഭവം തോന്നുമോ എന്തോ? ഓ, തോന്നുന്നെങ്കില്‍ തോന്നട്ടെ.
അവളെ അവന്‍ സ്‌നേഹിക്കുന്നുണ്ടെന്നു പറയുന്നു. അവളുടെ ജീവന്റെ ജീവനായ അപ്പന്‍ അവള്‍ക്കുവേണ്ടി എല്ലുനുറുങ്ങെ പണിയെടുക്കുന്നുണ്ടല്ലോ. അവരുടെ കഷ്ടതകളില്‍ അവനു മനസ്സലിവു തോന്നാത്തതെന്ത്? ഇനി എന്നെങ്കിലും കാണാന്‍ സാധിക്കുന്നെന്ന് അവനോട് ധൈര്യമായി ചോദിക്കണം. എല്ലാം ചോദിക്കണം. അവളെ അവന്‍ സ്‌നേഹിക്കുന്നു എന്നു പറഞ്ഞതിന്റെ പൊരുള്‍ എന്തെന്നും അവള്‍ക്കൊന്നറിയണം.
അവള്‍ പൂത്തേടത്തു തോമ്മായുടെ മകളാണ്. മാനമുള്ള അപ്പന്റെ മകളാണ്.
എന്തൊക്കെപ്പറഞ്ഞിരുന്നാലും യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയാതന്നെ നല്ലവന്‍. സാക്ഷാല്‍ സ്‌നേഹമുള്ളവന്‍, ആരും ആങ്ങോട്ടാവശ്യപ്പെടാതെതന്നെ അയാള്‍ വിവരമറിഞ്ഞു വന്നു. അയാള്‍ പോയി അമ്മയ്ക്കു മരുന്നു വാങ്ങിക്കൊണ്ടുവന്നു, ആ മരുന്നു കുടിച്ചപ്പോള്‍ അവര്‍ക്ക് അല്പം ആശ്വാസമുണ്ടായി. ചൂടുവെള്ളത്തില്‍ കലക്കി കുളിക്കുന്നതിന് അയാള്‍ ഒന്നാംതരം ഒരു കുപ്പി തൈലം അപ്പനു കൊണ്ടുവന്നു കൊടുത്തു. ആ തൈലം ഫലപ്രദമായിരുന്നു. മേരിയുടെ കലങ്ങിയ മനസ്സുവീണ്ടും തെളിഞ്ഞു.
ജീവിതശകടം വീണ്ടും നിരപ്പായ പാതയിലൂടെ നീങ്ങിത്തുടങ്ങി. കൊല്ലന്റെ കിണറ്റില്‍ പഴയപടി വെള്ളമുണ്ടായി.
ദിവസങ്ങള്‍ ശാന്തമായി നീങ്ങി. തറതിയുടെ സമ്പാദ്യം, കടുക്കാമറിയ കൊടുത്ത ചിട്ടിപ്പണം ഉള്‍പ്പെടെ നൂറ്റിപ്പത്തു രൂപയോളം ആയിരുന്നു.
“പവന് എന്നാ വിലയൊണ്ടു കറിയാച്ചാ?” ഒരു ദിവസം അതിരുവേലിക്കല്‍നിന്നു തറതി കറിയാച്ചനോടു ചോദിച്ചു. കറിയാ അവന്റെ വീടിന്റെ മുറ്റത്തുനില്‍ക്കുകയായിരുന്നു.
“എന്തിനാമ്മേ പവന്‍?” അവന്‍ അന്വേഷിച്ചു.
“പെണ്ണിനൊരു മാല തീര്‍പ്പിക്കാന്‍.”
“തല്‍ക്കാലം ഞാന്‍ തന്ന മാലയും വളകളുമൊക്കെ മേരിക്കുപയോഗിക്കാമല്ലോ.” അവന്‍ കുറേക്കൂടെ അടുത്തുവന്നുകൊണ്ടു  പറഞ്ഞു.
 “വല്ലവരടേം ആബരമിട്ടോണ്ടു നടക്കുന്നതു കുറച്ചിലല്ലേ കറിയാച്ചാ?
“എന്നെ നിങ്ങള്‍ ഒരന്യനായി കണക്കാക്കണ്ട.” അവന്‍ പറഞ്ഞു. എനിക്കിനി ആ സ്വര്‍ണ്ണംകൊണ്ടു വലിയ ആവശള്യമൊന്നുമില്ല. ദൈവം സഹായിച്ചു പണത്തിനെനിക്കു ബുദ്ധിമുട്ടുമില്ല. നാളത്തെക്കാര്യം എനിക്കറിവില്ല.
കറിയാ പറഞ്ഞതിന്റെ ആന്താരര്‍ത്ഥം എന്തെന്നു തറതിക്കു മനസ്സിലായി.
“ദൈവം തമ്പുരാന്‍ എങ്ങനാ നിശ്ചയിച്ചിരിക്കുന്നതെന്നു ആര്‍ക്കറിയാം!” അവര്‍ പറഞ്ഞു: “ഏതായാലും നീ ഇനീം ചന്തക്കു പോകുമ്പം ഒന്നു തെരക്കണം കേട്ടോ. എന്റെ കുഞ്ഞിന് എന്റെ കൈകൊണ്ട് ഒരു മാല കൊടുക്കണമെന്നൊരാശ. ഇന്നും  ഇന്നലേം തൊടങ്ങിയതല്ല.”
“അന്വേഷിക്കാം ചേടത്തീ.” കറിയാ പറഞ്ഞു. ആ വീട്ടുകാരുടെ മനോഗതം എന്തെന്നറിയാന്‍ അവന് ഇതേവരെ സാധിച്ചിട്ടില്ല. മേരിയോടു തനിച്ചു ചില കാര്യങ്ങള്‍ അവനു പറയണമെന്നുണ്ട്. ഇതേവരെ അതിനുള്ള സൗകര്യം കിട്ടിയിട്ടില്ല, അവള്‍ അവന്റെ വലയില്‍ വീഴുമെന്ന കാര്യത്തില്‍ അവനു സംശയമില്ല. പക്ഷേ, അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുകിട്ടണമെന്നേയുള്ളൂ. ഏതായാലും അവന്‍ നേരത്തേ സങ്കല്പിച്ചിരുന്നതുപോലെ അവള്‍ വെറും ചന്തയല്ലാ എന്ന് അവനിപ്പോള്‍ തോന്നുന്നുണ്ട്. മേരിയുടെ അപ്പനും ഉഗ്രനാണ്. അതുകൊണ്ടു സമീപനം വളരെ കരുതലോടെ ആയിരിക്കണം.
പിറ്റേന്ന് ഉച്ചതിരിഞ്ഞ് ഒരു മൂന്നുമണിയായിക്കാണും. തറതിയും അമ്മിണിയും വള്ളിക്കൊട്ടയുമായി റബ്ബര്‍തോട്ടത്തില്‍ പോയിരിക്കുന്നു. മേരിയെ കരിയില പെറുക്കാന്‍ വിടുന്നത് അന്തസ്സുകുറവാണെന്ന് ആ തള്ള വിശ്വസിക്കുന്നു.
മൂട്ടയുടെ ശല്യം നിശ്ശേഷം ഒഴിഞ്ഞ കയറ്റുകട്ടിലില്‍ കിടന്ന് അന്നത്തള്ള ഉറങ്ങുന്നു. വെള്ളം കോരാന്‍ ചെന്നപ്പോള്‍ താടകഗൗരിയുടെ കൈയില്‍നിന്നു വാങ്ങിയ ഒരു സിനിമാപ്പാട്ടു പുസ്തകത്തില്‍ നോക്കി മൂളിപ്പാട്ടുംപാടിക്കൊണ്ടു തിണ്ണയുടെ ഓലച്ചെറ്റയുടെ മറവില്‍ ഇരിക്കുകയായിരുന്നു മേരി. വടക്കുനിന്നു വന്ന ഒരു കാര്‍  അവളുടെ കുടിലിന്റെ മുന്‍വശത്തു വന്നു സ്പീഡു കുറച്ചത് അവള്‍ ശബ്ദം കൊണ്ടു മനസ്സിലാക്കി. ചെറ്റയുടെ പഴുതില്‍ക്കൂടി അവള്‍ ഒളിഞ്ഞുനോക്കി. അത് വലിയവീട്ടിലെ ജോയിയുടെ കാറായിരുന്നു. ജോയിയാണു കാറോടിക്കുന്നത്. അവന്‍  ആ കുടിലേക്കു കയറിവന്നേക്കുമോ എന്ന് അവള്‍ക്കു തോന്നി. അദ്ദേഹം അവളെയാണ് അന്വേഷിക്കുന്നത്. അവളുടെ ഹൃദയം ശക്തിയായി തുടിച്ചു. അദ്ദേഹം കാര്‍ പയ്യെ ഓടിച്ചുകൊണ്ടുപോയി. ആ സുന്ദരന്റെ പുറകേ അവളുടെ ഹൃദയവും ഓടിപ്പോന്നതുപോലൊരു തോന്നല്‍. മറക്കാന്‍ ശ്രമിക്കുന്തോറും പുഞ്ചിരിക്കുന്ന ആ സുഭഗന്‍ അവളുടെ ചിന്തകളില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണല്ലോ. കിണറ്റിന്‍ കരയിലെ ആ അനുഭവം! അതിന്റെ ഓര്‍മ്മ അവളെ രോമഹര്‍ഷം കൊള്ളിക്കുന്നു. അതിന്റെ മധുരമി ഒരിക്കലും മായുകയില്ലായിരിക്കും. അദ്ദേഹത്തെ ഇനി എന്നാണു കാണാന്‍ ഒക്കുന്നത്.
“എന്നതാ ഈ ചിന്തിച്ചുംകൊണ്ടിരിക്കുന്നത്?”
അവള്‍ ഞെട്ടിപ്പോയി. കറിയാച്ചന്‍! അദ്ദേഹം തിണ്ണയിലേക്കു കയറി വന്നിരിക്കുന്നു. മേരി പെട്ടന്നെണീറ്റു.
“ചേടത്തിയും അമ്മിണിയും എന്ത്യേ?” അവന്‍ ചോദിച്ചു.
“കരിയിലെ പെറുക്കാന്‍ പോയിരിക്യാ.”
വാസ്തവത്തില്‍ തറതിച്ചേടത്തിയും അമ്മിണിയും പടിഞ്ഞാറെ റബ്ബര്‍ത്തോട്ടത്തില്‍ നില്‍ക്കുന്നത് അവന്‍ കണ്ടതാണ്.
“ഞാന്‍ കൊടുത്ത മരുന്ന് ഫലിച്ചെന്നു തോന്നുന്നു ചേടത്തിക്ക്.”
“അതു നല്ല മരുന്നായിരുന്നു.”
“തോമ്മാച്ചേട്ടനെങ്ങനെയിരിക്കുന്നു.”
“അപ്പന്റെ അസുഖമൊക്കെ നീങ്ങി.”
“അതും എന്റെ മരുന്നിന്റെ ശക്തികൊണ്ടാണ്. പക്ഷേങ്കില്‍….”
“എന്താ ചേട്ടാ?”
“പക്ഷേ, എന്നോട് അതിനുതക്ക സ്‌നേഹമില്ലല്ലോ നിങ്ങള്‍ക്കാര്‍ക്കും.”
“ചേട്ടനങ്ങനെ പറയരുത്. ചേട്ടനോട് ഞങ്ങള്‍ എന്നും കടപ്പെട്ടവരാണ്.” മേരി പറഞ്ഞു.
“മേരീ! അവന്‍ കുറെക്കൂടി അടുത്തുചെന്നുകൊണ്ടു പറഞ്ഞു: നിന്നോടെനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്നോടൊ?” പുറകോട്ടുമാറി. “അതാ വല്യമ്മച്ചി ഉണര്‍ന്നു കിടക്കുകയാണ്.”
“എന്റെ കരളേ…” അവന്‍ മന്ത്രിച്ചു.
മേരി പെട്ടന്ന് അടുക്കളയില്‍ കയറി പുറകുവശത്തെ വാതിലില്‍ക്കൂടെ വടക്കേ മുറ്റത്തിറങ്ങിപ്പൊയ്ക്കളഞ്ഞു. എന്നിട്ടു സിനിമാപ്പാട്ടു പുസ്തകത്തിന്റെ താളുകളിലേക്കു നോക്കിക്കൊണ്ടുനിന്നു.
“ആരാ അവിടെ വര്‍ത്തമാനം പറയുന്നത്?” അന്നത്തള്ള കട്ടിലില്‍ എണീറ്റിരുന്നു. “ആ കറിയാച്ചനോ?” എന്റെ കുഞ്ഞേ, കണ്ണിനിപ്പം നല്ല കാഴ്ചയില്ല. ഇങ്ങോട്ടിരുന്നാട്ടെ, മോനെന്തിനാ വന്നെ? എന്റെ കുഞ്ഞ് എനിക്കുകൊണ്ടുവന്ന കറപ്പാ എന്നെ രക്ഷിച്ചത്?
“കറപ്പു തീര്‍ന്നോ വല്യമ്മച്ചി?” അവന്‍ ഉദാസീനനായി ചോദിച്ചു.
“ശകലംകൂടൊണ്ട്.” കിഴവി പറഞ്ഞു. “എന്റെ ചെറുക്കന്‍ വരട്ടെ ഞാന്‍ കാശുതന്നയയ്ക്കാം, എനിക്കതേല്‍ ഇമ്മിണികൂടെ മേടിച്ചോണ്ടത്തരണം കേട്ടോ കുഞ്ഞേ.”
“തരാം വല്യമ്മച്ചീ!” അവന്‍ പറഞ്ഞു. ആ മുതുക്കിയോട് അവനുണ്ടായ ദേഷ്യം!
“മോന്‍ പോവാണോ, എന്തിനാ ഇപ്പം ഇങ്ങോട്ടു വന്നത്?.... ഇവിടത്തെ പെണ്ണുങ്ങളൊക്കെ എവിടെപ്പോയോ…”
“ഇവിടാരേം കണ്ടില്ല വല്യമ്മച്ചീ!”
“പിന്നെ നീയാരോടാ കുഞ്ഞേ വര്‍ത്ത്വാനം പറേന്നതു കേട്ടത്?”
“നേരം പോയി വല്യമ്മച്ചീ! ഞാന്‍ പോട്ടെ. തോമ്മാച്ചേട്ടന് ഇനീ ആ മരുന്നു വേണോന്നു ചോദിക്കാമെന്നു വച്ചു വന്നതാ.”
സംഭാഷണം നീട്ടാതെ അവന്‍ പെട്ടന്നിറങ്ങി. വേലിക്കലെ കടമ്പ കടന്ന് അവന്‍ അവന്റെ വീട്ടിലെത്തി. പോകുംവഴി കള്ളനെപ്പോലെ അവന്‍ തിക്കും പൊക്കും നോക്കുകയുണ്ടായി. ആരും  കണ്ടില്ലെന്നു തോന്നുന്നു, ഗുരുത്വം.
കറിയാ മടങ്ങിപ്പോയി എന്നറിഞ്ഞിട്ടും മേരി പെരയ്ക്കകത്തു കയറിയില്ല. അവള്‍ തളന്തന്‍ പീലിപ്പായിയുടെ വീട്ടില്‍ പോയി. അപ്പായി ഉറക്കമായിരുന്നു.
അക്കച്ചേടത്തി ചെറുനാരങ്ങാ അച്ചാറിടുന്നതിനു വട്ടം കൂട്ടുന്നു.
“ഇതെന്തിനാമ്മാമ്മേ ഇത്രേം നാരങ്ങാ അച്ചാറിടുന്നത്?”  മേരി ചോദിച്ചു. വെളുത്തുള്ളി ഒരുക്കുന്നതില്‍  അവള്‍ ആ തള്ളയെ  സഹായിച്ചു.
“എന്റെ മോന്‍ ഈയിടെ വന്നേക്കും.” അവര്‍ പറഞ്ഞു: അവനു നാരങ്ങാ അച്ചാറു വല്യ ഇഷ്ടമാ, മോക്കറിയാമോ അച്ചാറുണ്ടാക്കാന്‍.”
“കൊറേശ്ശേ അറിയാം അമ്മാമ്മെ.”
“എന്റെ മോനു നീയാരിക്കും ഇനി അച്ചാറുണ്ടാക്കിക്കൊടുക്കുന്നത്.” അവര്‍ ചിരിച്ചു.
മേരി മറുപടി ഒന്നും പറഞ്ഞില്ല.
ജോയിയുടെ കാര്‍ തിരിയെപ്പോകുന്നതുവെര അവള്‍ അപ്പായിയുടെ വീട്ടില്‍ തങ്ങി. തിരിയെപ്പോയപ്പോഴും അവന്റെ കണ്ണകള്‍ അവളെ തിരക്കുന്നത് അവള്‍ കണ്ടു.
പിറ്റേന്ന്, ശനിയാഴ്ച ഉച്ചതിരിഞ്ഞ് തറതി കടുക്കാമറിയയുടെ കടയിലേക്കു പോയിരിക്കുകയായിരുന്നു. അമ്മിണി കറിയാച്ചന്റെ വീട്ടിലേക്കു പോയത് എന്തിനെന്നറിഞ്ഞില്ല.
മേരി പച്ചക്കപ്പ കൊത്തിക്കൊണ്ടിരിക്കുകയായിരുന്നു, അടുക്കളയില്‍.
“ചേച്ചീ…” അമ്മിണി പുറകില്‍ എന്തോ ഒളിച്ചുപിടിച്ചുംകൊണ്ട് അവളുടെ മുമ്പില്‍ വന്നുനിന്നുകൊണ്ടു വിളിച്ചു: “ആരോടും പറയരുത്….ഇന്നാ…” അവള്‍ ഒരെഴുത്തു മേരിയെ ഏല്‍പിച്ചു.
“ഇതാരു തന്നതാ മോളെ?” മേരിക്ക് അത്ഭുതം തോന്നി.
“പതുക്കെപ്പറ ചേച്ചീ. മറ്റാരേം കാണിക്കരുത്, മറ്റാരോടും പറേരുതെന്ന് എന്നെക്കൊണ്ട് ആണയിടീച്ചിട്ടാ കറിയാച്ചേട്ടന്‍ ഇതെന്റെയില്‍ തന്നത്. ചേച്ചീടെയില്‍ മാത്രമേ തരാവൊള്ളെന്നു പറഞ്ഞു. മറുപടീം മേടിച്ചോണ്ടു ചെല്ലണമെന്നു പറഞ്ഞു. എനിക്കൊരു പട്ടുടുപ്പു മേടിച്ചുതരാമെന്നും അയാളു പറഞ്ഞു. എന്താ ചേച്ചീ എഴുത്തില്?”
“ആര്‍ക്കറിയാം നോക്കട്ടെ.” അവള്‍ എഴുത്തുപൊട്ടിച്ചുംകൊണ്ടു പറഞ്ഞു: “നീയാരോടും ഇക്കാര്യം പറേരുതു കേട്ടോ.”
“ഇല്ല ചേച്ചീ! സത്യമായിട്ടും പറേഞ്ഞില്ല.”

കരകാണാക്കടല്‍- 9 (നോവല്‍: മുട്ടത്തുവര്‍ക്കി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക