Image

ഒരു പാവം ടീച്ചറുടെ കഥ ( കൃഷ്ണ )

കൃഷ്ണ Published on 20 March, 2014
ഒരു പാവം ടീച്ചറുടെ കഥ ( കൃഷ്ണ )
മകള്‍ക്ക് അദ്ധ്യാപികയായി ജോലികിട്ടി. അവളെ ആദ്യത്തെ ദിവസം സ്‌കൂളില്‍ വിട്ടിട്ടു വരുമ്പോഴാണ് ശശാങ്കന് ആ കഥ ഓര്‍മ്മ വന്നത്. നാല്‍പ്പത്തഞ്ചു വര്‍ഷത്തോളം മുന്‍പ് നടന്ന സംഭവം.

അന്ന് അയാള്‍ ഫോര്‍ത്തില്‍ പഠിക്കുയാണ്. ഇന്നത്തെ എട്ടാം സ്റ്റാന്‍ഡേര്‍ഡ് എന്ന് പറയാം.

അയാളുടെ ക്ലാസ്സിലെ മലയാളം ടീച്ചര്‍ ആറുമാസത്തെ അവധിയെടുത്തു. മെറ്റേര്‍ണിറ്റി ലീവായിരുന്നെന്നു തോന്നുന്നു. പകരം ഒരു പെണ്‍കുട്ടിയെ ആറുമാസത്തേക്ക് നിയമിച്ചു. പത്തിരുപത്തഞ്ചു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.

അന്നത്തെ നല്ല ഒരു വിഭാഗം വിദ്യാര്‍ത്ഥികളും നല്ല പ്രായവും തടിയും ഉള്ളവര്‍ ആയിരുന്നു. പൊടിമീശക്കാര്‍ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ആ ക്ലാസ് എങ്ങനെയുണ്ടാകും എന്ന് ഊഹിക്കാമല്ലോ? . ഒന്നാം ക്ലാസ്സ് മുതല്‍ ഓരോ ക്ലാസ്സിലും രണ്ടോ അതിലേറെയോ വര്‍ഷം പഠിച്ചവര്‍ പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ പ്രായവും ഊഹിക്കാമല്ലോ? അവരുടെ ഇടയിലേക്കാണ്, അവരെ പഠിപ്പിക്കാനായി ആ പാവം പെണ്‍കുട്ടി വന്നത്. ദേവയാനി എന്നായിരുന്നു പേര്. പക്ഷെ അവരെപ്പറ്റി പറയാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന പേര് ഇമ്പ്രിക്കാക്കുട്ടിടീച്ചര്‍. കൊച്ചുടീച്ചറല്ലേ? ക്ലാസ്സിലെ ചില കുട്ടികളെക്കാളെങ്കിലും ഇളയ ആള്‍.
പേരിട്ടത് മോഹനനാണ്. പ്രായം കൊണ്ടും വലിപ്പം കൊണ്ടും ക്ലാസ്സിലെ ഏറ്റവും മുതിര്‍ന്ന കുട്ടി. ഓരോ ക്ലാസ്സിലും മൂന്നും നാലും കൊല്ലം ചെലവഴിച്ച് അറിവുകള്‍ നേടുന്ന കുട്ടി. അവയൊന്നും പാഠപുസ്തകങ്ങളിലുള്ള അറിവുകളായിരുന്നില്ല എന്നത് മറ്റൊരു കാര്യം.

ക്ലാസ്സിലെ നേതാവും മോഹനന്‍ ആയിരുന്നു. മോണിട്ടര്‍ വേറെയുണ്ട്. പക്ഷെ നേതാവ് മോഹനന്‍ മാത്രം. ശശാങ്കനെപ്പോലെയുള്ള ചെറിയ കുട്ടികള്‍ക്ക് അവനെ ഭയം ആയിരുന്നു. മറ്റുള്ളവര്‍ക്ക് മോഹനന്‍ തന്റെ സ്‌നേഹിതനാണെന്ന് പറയുന്നതുതന്നെ ഒരു ഗമ.  

ക്ലാസ്സുകള്‍ തുടങ്ങി. ടീച്ചര്‍ വളരെ കാര്യമായി പഠിപ്പിക്കുന്നുണ്ട്. ശശാങ്കനെപ്പോലെ ഏതാനും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിച്ചു പഠിക്കുന്നും ഉണ്ട്. പക്ഷെ ഭൂരിപക്ഷംപേര്‍ക്കും ഇമ്പ്രിക്കാക്കുട്ടിയുടെ ക്ലാസ്സ് എന്നാല്‍ പരസ്പരം സംസാരിക്കാനും ഇമ്പ്രിക്കാക്കുട്ടിയെ കണ്ടുകൊണ്ടിരിക്കാനും ഒക്കുമ്പോഴെല്ലാം അവരെ കളിയാക്കാനുമായി മാറ്റിവച്ചിരിക്കുന്ന കുറെ സമയം. ഒരു ബെല്ലില്‍ നിന്നും മറ്റൊരു ബെല്ലിലേക്കുള്ള ദൂരം. അത് അവര്‍ ആസ്വദിച്ചു. അത്രമാത്രം.

സംശയങ്ങളിലൂടെയാണ് മോഹനന്റെ വിജ്ഞാനശേഖരണത്തിന്റെ തുടക്കത്തിന്റെ ആരംഭം. പാഠം എടുത്തു തുടങ്ങിയാലുടന്‍ എന്തെങ്കിലും സംശയവുമായി മോഹനന്‍ ടീച്ചറുടെ അടുത്തെത്തും. ഒരു കുട്ടിക്കെങ്കിലും പഠിക്കാന്‍ ആഗ്രഹമുണ്ടല്ലോ എന്ന സന്തോഷത്തോടെ ടീച്ചര്‍ കസേരയിലിരുന്നു പറഞ്ഞുകൊടുക്കും. മോഹനന്‍ ടീച്ചറുറെ വലത്തുവശത്തുനിന്നു കാര്യങ്ങള്‍ മനസ്സിലാക്കും.

ഒടുവില്‍ ടീച്ചറിനു രോഗം പിടികിട്ടി. മോഹനന്‍ കേട്ടുമനസ്സിലാക്കുകയല്ല,  കണ്ടുമനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. അവന്റെ കണ്ണുകള്‍ പുസ്തകത്തില്‍ പതിഞ്ഞിരിക്കുകയല്ല, ടീച്ചറുറെ കഴുത്തിലൂടെ താഴേക്കിറങ്ങുകയാണ്. പുതിയ പുതിയ അറിവുകള്‍ തേടി.
പിന്നീട് മോഹനന്‍ സംശയവുമായി എഴുനേല്‍ക്കുമ്പോഴെ ടീച്ചര്‍ പറയും:
'ഞാന്‍ ബോര്‍ഡില്‍ എഴുതാം.'
പാഠം വിശദീകരിച്ചുകൊണ്ട് ടീച്ചര്‍ ബോര്‍ഡില്‍ എഴുതും.
പിന്നീട് സംശയങ്ങള്‍ ചോദിക്കുമ്പോള്‍ ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയാല്‍ മതിയെന്ന് മോഹനന്‍ തന്നെ പറയും. അതോടെ ടീച്ചര്‍ ഒരു കാര്യം കൂടി മനസ്സിലാക്കി. താന്‍ തിരിഞ്ഞുനിന്നു ബോര്‍ഡില്‍ എഴുതുമ്പോള്‍ മോഹനന്റെ പഠനം രണ്ടാം ഘട്ടത്തിലാകുകയാണ്.  
അതോടെ ടീച്ചര്‍ ബോര്‍ഡില്‍ എഴുത്ത് നിര്‍ത്തി. അല്ലെങ്കില്‍ പിന്നെ മോഹനന്‍ ക്ലാസ്സില്‍ ഇല്ലാത്ത ദിവസമാകണം.

ഒരു ദിവസം പഠിപ്പിച്ചത് ഒരു പദ്യം ആയിരുന്നു. വെറും എട്ടുവരി മാത്രം. പഠിപ്പിച്ചുകഴിഞ്ഞ് അദ്ധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞു:
'ഈ പദ്യം നാളെ എല്ലാവരും കാണാതെ പഠിച്ചുകൊണ്ട് വരണം.'     
പറഞ്ഞിട്ട് അവര്‍ പോകുമ്പോള്‍ ക്ലാസ്സില്‍ കമന്റുകള്‍ ഉയര്‍ന്നു.
'ഉം. നടന്നത് തന്നെ.'
'ഇതീ വല്യ കൊടികെട്ടിയവര് പറഞ്ഞിട്ട് നടന്നിട്ടില്ല. പിന്നെയാ ഒരു ഇമ്പ്രിക്കാക്കുട്ടി.'
ഇമ്പ്രിക്കാക്കുട്ടി എന്നാണ് വിദ്യാര്‍ത്ഥികള്‍ തനിക്കിട്ടിരിക്കുന്ന ഇരട്ടപ്പേര് എന്ന് ദേവയാനിടീച്ചറിന് അറിയാമായിരുന്നു എന്നാണു ശശാങ്കന് അന്നെല്ലാം തോന്നിയിരുന്നത്. കാരണം അവര്‍ ക്ലാസ്സില്‍ വരുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ മുഴങ്ങിയിരുന്നത് ആ പദമാണ്. ചിലരെങ്കിലും എന്തെങ്കിലും ടീച്ചറോട് പറയുമ്പോള്‍ അതിനിടയില്‍ ഇമ്പ്രിക്കാക്കുട്ടിയേ കൊരുത്തുവയ്ക്കാന്‍ ശ്രമിക്കാറും ഉണ്ടായിരുന്നു. ആ വാക്ക് കേള്‍ക്കുമ്പോള്‍ ഒരു നേര്‍ത്ത പുഞ്ചിരി ടീച്ചറുടെ ചുണ്ടില്‍ വിടരുന്നുണ്ടെന്ന് അന്നെല്ലാം ശശാങ്കന് തോന്നിയിരുന്നു.

പിറ്റേ ദിവസം ടീച്ചര്‍ ഓരോരുത്തരോടായി പദ്യം കാണാതെ ചൊല്ലാന്‍ പറഞ്ഞു. പേരുവിളിച്ചപ്പോള്‍ ഓരോരുത്തരായി എഴുന്നേറ്റുനിന്നു. ശശാങ്കനുള്‍പ്പെടെ മൂന്നു പേര്‍ ശരിയായി ചൊല്ലി. ചിലര്‍ ആദ്യത്തെ ഒരു വരി ചൊല്ലിയിട്ട് ശ്രമം ഉപേക്ഷിച്ചു. ചിലര്‍ കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു. ചിലര്‍ ഇതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിരിച്ചുകൊണ്ടു നിന്നു. മോഹനന്‍ തന്റെ പേരുവിളിച്ചപ്പോള്‍ എഴുന്നേല്‍ക്കുകപോലും ചെയ്യാതെ വിളിച്ചുപറഞ്ഞു:
'പഠിച്ചില്ല.'
ടീച്ചറിനു ദേഷ്യവും സങ്കടവും തോന്നി. പഠിച്ചില്ലെന്നതോ പോകട്ടെ, അവരുടെ അവഗണനയാണ് ടീച്ചറിന് അസഹ്യമായത്.
ടീച്ചര്‍ പുറത്തേക്കു നടന്നു. അതോടെ ക്ലാസ്സില്‍ ബഹളമായി. സംസാരം, ഡസ്‌കിലടി, പാട്ടുപാടല്‍.
അങ്ങനെ പത്തുമിനിട്ട് കഴിഞ്ഞുകാണും. പെട്ടെന്ന്  ഹെഡ്മാസ്‌റര്‍ ക്ലാസ്സിലേക്ക് പ്രവേശിച്ചു. പിറകെ ദേവയാനി ടീച്ചറും.
ഹെഡ്മാസ്‌റര്‍ ഓരോരുത്തരോടായി കൈ നീട്ടാന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും കൈവെള്ളയില്‍ മുമ്മൂന്ന് അടിവീതം. പദ്യം കാണാതെ പറഞ്ഞവരെ ഒഴിവാക്കി.
അപ്പോഴേക്കും ബെല്‍ അടിച്ചുകഴിഞ്ഞിരുന്നു. ഹെഡ്മാസ്‌ററും ടീച്ചറും പുറത്തേക്കു നടന്നു.
 
പിന്നീടും ടീച്ചര്‍ ദിവസവും ക്ലാസ്സില്‍ വന്നുകൊണ്ടിരുന്നു. ഒന്നിലും താല്‍പ്പര്യമില്ലാത്ത മുഖഭാവത്തോടെ.
സിലബസ്സ് എല്ലാം അതിനകം തീര്‍ന്നിരുന്നു. റിവിഷന്‍ എന്ന പേരില്‍  ഒരു വഴിപാടുപോലെ എന്തൊക്കെയോ പഠിപ്പിക്കും. പോകും.
അങ്ങനെ രണ്ടാഴ്ച്ച കൂടി കഴിഞ്ഞു.
പക്ഷെ അന്ന് ടീച്ചറുടെ മുഖഭാവം വ്യത്യസ്തമായിരുന്നു. ഏതോ ഒരു ദുഃഖം പോലെ.
ആ ഭാവം കുട്ടികളെയും നിശ്ശബ്ദരാക്കി.
പത്തുമിനിട്ട് എന്തൊക്കെയോ പഠിപ്പിച്ചതിനുശേഷം ടീച്ചര്‍ പുസ്തകം മടക്കിവച്ചു.
'ഇന്നോടെ എന്റെ ഈ സ്‌കൂളിലെ ജോലി തീരുകയാണ്. ഒരാഴ്ച കഴിഞ്ഞാല്‍ പരീക്ഷയാണ്. എല്ലാവരും നന്നായി എഴുതണം. നല്ല മാര്‍ക്കോടെ ജയിക്കണം.'
പറഞ്ഞിട്ട് അവര്‍ എഴുന്നേറ്റു. ബാഗ് തുറന്ന് ഒരു പൊതി എടുത്തു. കുട്ടികളുടെ അടുത്തെത്തി ആ പൊതിയില്‍ നിന്നും ഓരോ മിഠായി എടുത്ത് ഓരോ കുട്ടിയുടെയും മുന്‍പില്‍ വച്ചു.
എന്നിട്ട് സ്വന്തം സീറ്റില്‍ പോയിരുന്ന് അവര്‍ കുട്ടികളുടെ നേരെ നോക്കി.
പിരിഞ്ഞുപോകുന്ന ഒരു അദ്ധ്യാപികയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. ഒരൊറ്റക്കുട്ടിപോലും ആ മിഠായി തൊടുന്നില്ല! ഒരാള്‍ പോലും! അന്ന് ഹെഡ്മാസ്‌ററുടെ കയ്യില്‍ നിന്ന് അടി കൊള്ളാത്ത കുട്ടികള്‍ പോലും!
എല്ലാവരും ടീച്ചറെ നോക്കിക്കൊണ്ട് നിശ്ശബ്ദരായിരിക്കുന്നു.
അത് തൊടാന്‍ പാടില്ലെന്ന് എല്ലാവരെയും ആരോ വിലക്കിയതുപോലെ.
ഇതിലേറെ സഹിക്കാന്‍ ആ പാവത്തിന് കഴിവില്ലായിരുന്നു. കര്‍ചീഫ് എടുത്ത് നിറഞ്ഞ കണ്ണുകള്‍ തുടച്ചിട്ട് അവര്‍ പുറത്തേക്കിറങ്ങി. എന്നിട്ട് എന്തോ ഓര്‍ത്തതുപോലെ ക്ലാസ്സിനുനേരേ തിരിഞ്ഞിട്ടു നനഞ്ഞ സ്വരത്തില്‍ പറഞ്ഞു.
'ഞാന്‍ പോകുന്നു. വിധിയുണ്ടെങ്കില്‍ ഇനി എവിടെയെങ്കിലും വച്ച് കാണാം.'
അവര്‍ നടന്നു.
ആ നിശ്ശബ്ദതയില്‍ മോഹനന്റെ സ്വരം കേട്ടു.
'പാവം. വേണ്ടായിരുന്നു.'
എന്നിട്ട് അവന്‍ ആ മിഠായി എടുത്തു വായിലിട്ടു. മറ്റുള്ളവരും അവനെ അനുകരിച്ചു. എല്ലാവരുടെയും മനസ്സില്‍ ആ സമയം നിറഞ്ഞുനിന്നത് ഇമ്പ്രിക്കാക്കുട്ടിയോടുള്ള വാത്സല്യമായിരുന്നു എന്ന് ഇന്നും ശശാങ്കന് തോന്നുന്നു.
പിന്നീട് ഒരിക്കല്‍ക്കൂടി അവരെ കണ്ടു. ഏതാണ്ട് പത്തുവര്‍ഷത്തിനുശേഷം.
ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞു ഇറങ്ങുകയായിരുന്നു ശശാങ്കന്‍. പെട്ടെന്ന് ഒരു സ്ത്രീയും പുരുഷനും ഒരു ചെറിയ കുട്ടിയേയും കൊണ്ട് അടുത്തെത്തി. നോക്കിയപ്പോള്‍ മോഹനന്‍!
'മോഹനന്‍ ഇവിടെ?'
പക്ഷെ അയാള്‍ അത് കേട്ടതായേ തോന്നിയില്ല.
'താന്‍ ഈ ആളിനെ അറിയുമോ?' കൂടെയുള്ള സ്ത്രീയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് അയാള്‍ ചോദിച്ചു.
ശശാങ്കന്‍ ആ സ്ത്രീയുടെ നേരെ നോക്കി. നല്ല മുഖപരിചയം. പക്ഷെ തിരിച്ചറിയാനാകുന്നില്ല.
'താന്‍ ആലോചിച്ചു ബുദ്ധിമുട്ടണ്ടാ. ഇത് നമ്മുടെ ഇമ്പ്രിക്കാക്കുട്ടി. ഇപ്പോള്‍ എന്റെ ഭാര്യ. മനസ്സിലായോ?' എന്നിട്ട് അയാള്‍ അവരോടു പറഞ്ഞു. 'ഇവനും അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ശശാങ്കന്‍.'
'എനിക്കറിയാം. അന്ന് ഹെഡ്മാസ്‌റരുടെ അടി കിട്ടാതിരുന്ന ഒരു കുട്ടി.' ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'അതേ. എനിക്ക് അടീം കിട്ടി. അടിപ്പിച്ച ആളെയും കിട്ടി.' മോഹനന്‍ പറഞ്ഞു.

അവര്‍ നടന്നു. അവരെത്തന്നെ നോക്കിക്കൊണ്ടുനിന്നപ്പോള്‍ ശശാങ്കന്‍ ആലോചിക്കുകയായിരുന്നു. അവര്‍ നടന്നു. അവരെത്തന്നെ നോക്കിക്കൊണ്ടുനിന്നപ്പോള്‍ ശശാങ്കന്‍ ആലോചിക്കുകയായിരുന്നു. മോഹനന്‍ അവരെ എന്താകും വിളിക്കുക? ദേവയാനിയെന്നോ ഇമ്പ്രിക്കാക്കുട്ടിയെന്നോ അതോ ടീച്ചറെന്നോ? ഒരു വേണ്ടാത്ത സംശയം. അല്ലെങ്കിലും ഇത്തരം വേണ്ടാത്ത സംശയങ്ങളിലൂടെയാണല്ലോ അസൂയ, ദുരാഗ്രഹം മുതലായവയുടെ ജനനം. 

                                     
കൃഷ്ണ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക