Image

ആകമാന സുറിയാനി സഭക്ക്‌ പുതിയ ഇടയന്‍ ( ചെറിയാന്‍ ജേക്കബ്‌)

Cherian Jacob Published on 31 March, 2014
ആകമാന സുറിയാനി സഭക്ക്‌ പുതിയ ഇടയന്‍ ( ചെറിയാന്‍ ജേക്കബ്‌)

ആകമാന സുറിയാനി സഭയുടെ നൂറ്റി ഇരുപത്തി മൂന്നാമത്തെ പാര്‍ത്രിയര്‍ക്കീസ്‌ ആയി അമേരിക്കയിലെ കിഴക്കന്‍ ഭദ്രാസനങ്ങളുടെ ചുമതലയുള്ള ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ സിറില്‍ അപ്രേം തിരഞ്ഞെടുക്കപ്പെട്ടു. നിയുക്ത പാര്‍ത്രിയര്‍ക്കീസ്‌ ബാവാ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതിയന്‍ എന്ന സ്ഥാനപ്പേരിലായിരിക്കും അറിയപ്പെടുക. സ്ഥാനാരോഹണ ചടങ്ങുകള്‍ ഈസ്‌റര്‍ കഴിഞ്ഞതിന്‌ ശേഷമായിരിക്കും നടക്കുക.

നിയുക്ത പാര്‍ത്രിയര്‍ക്കീസ്‌ ബാവാ എല്ലാം കൊണ്ടും പൊതു സ്വീകാര്യനായ പിതാവാണ്‌. പ്രത്യേകിച്ചും അമേരിക്കയിലെ ഒട്ടു മിക്ക പള്ളികളിലും പരിശുദ്ധ പിതാവ്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തികഞ്ഞ വാഗ്മിയും ശാന്ത ശീലനും ജീവിതത്തിലെ എളിമയും, പരിശുദ്ധ സഭയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സകല വെല്ലുവിളികളെയും അതിജീവിച്ച്‌ നയിക്കുവാന്‍ തിരഞ്ഞെടുത്തത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ തന്നെ എന്നതില്‍ സംശയം വേണ്ട.

പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാര്‍ത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്തിന്‌ ശേഷം, മലങ്കരയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവാ , അബൂന്‍ മോര്‍ തോമസ്‌ പ്രഥമന്‍ കാതോലിക്കായുടെ അദ്യക്ഷതയില്‍ ലബാനോനിലെ ബേറൂട്ടിലെ മാര്‍ അപ്രേം വലിയ പള്ളിയില്‍ ചേര്‍ന്ന സഭയുടെ പരിശുദ്ധ സുന്നഹദോസില്‍ വച്ചാണ്‌ പുതിയ പാര്‍ത്രിയര്‍ക്കീസ്‌ ബാവായെ തിരഞ്ഞെടുത്തത്‌. സുന്നഹദോസില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ നേടിയ പിതാവിനോട്‌ ശ്രേഷ്‌ഠ കാതോലിക്കാ ബാവാ സഭയെ നയിക്കുവാന്‍ സമ്മതം ചോദിക്കുകയും പരിശുദ്ധ പിതാവ്‌ സമ്മതം അറിയിക്കുകയും ചെയ്‌തതോടെയാണ്‌ മോര്‍ അപ്രേം കരിം തിരുമേനിയെ സഭയുടെ നൌകയുടെ പുതിയ അമരക്കാരനായി ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചത്‌.

സിറിയയിലെ  ഖമിശ്ലി  പ്രവിശ്യയിൽ ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച് മെയ്‌ മാസം മൂന്നിനാണ് പരിശുദ്ധ പിതാവ് ഭൂജാതനായത്‌.  ആയിരത്തി തൊള്ളായിരത്തി എഴുപത്തി എഴില്‍ കേവലം 12 വയസ്സുള്ളപ്പോള്‍ ലബാനോനിലെ മാര്‍ അപ്രേം സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ച പിതാവ്‌ പിന്നീട്‌ 1984- 1988 കാലഘട്ടത്തില്‍ ഈജിപ്‌റ്റിലെ കെയ്‌റോയിലെ കോപ്‌ടിക്ക്‌ വൈദിക സെമിനാരിയില്‍ നിന്നും ദൈവ ശാസ്‌ത്രത്തില്‍ ബിരുദം നേടി. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചില്‍ പിതാവ്‌ ദയറാ ജീവിതപാത തിരഞ്ഞെടുക്കുകയും, സഭയിലെ ആചാര്യ പദവിയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട്‌ എണ്‍പത്തി ഒന്‌പത്‌ കാലഘട്ടത്തില്‍. ഇപ്പോള്‍ കാലം ചെയ്‌ത പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍പാര്‍ത്രിയര്‍ക്കീസ്‌ ബാവായുടെ സെക്രട്ടറി ആയും പരിശുദ്ധ പിതാവ്‌ സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറ്‌ ജാനുവരി മാസം ഇരുപത്തി എട്ടിന്‌ കാലം ചെയ്‌ത രിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍പാര്‍ത്രിയര്‍ക്കീസ്‌ ബാവാ മെത്രാപ്പോലീത്താ ആയി വാഴിക്കുകയും അമേരിക്കയുടെ കിഴക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള പാത്രിയര്‍ക്കാ പ്രതിനിധിയായി നിയമിക്കുകയും ചെയ്‌തു.

സഭയുടെ പുതിയ അമരക്കാരനായി തിരഞ്ഞെടുത്ത ശേഷം നടത്തിയ അഭിമുഖത്തില്‍, മലങ്കര സഭയിലെ പ്രശ്‌നങ്ങള്‍ തീര്‍ച്ചായായും പരിഹരിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രത്യേകിച്ചും മദ്ധ്യപൂര്‍വ ദേശങ്ങളില്‍ ക്രിസ്‌തീയ സമൂഹം വലിയ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്‌തീയ വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിന്റെയും സഹകരണത്തിന്റെയും ആവശ്യകത നിയുക്ത പിതാവ്‌ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ അതിഭദ്രാസനത്തിന്‌ നിയുക്ത പിതാവുമായി വളരെ നല്ല ബന്ധമാണുള്ളത്‌. അതിഭദ്രാസനത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു മടിയും കൂടാതെ സഹകരിക്കുന്ന നിയുക്ത പിതാവ്‌, അമേരിക്കയുടെ കിഴക്കന്‍ സംസ്‌ടാനങ്ങളിലെ ഒട്ടു മിക്ക യാക്കോബായ പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്‌. മലങ്കര സഭയോട്‌ നിയുക്ത പിതാവിന്റെ ബന്ധം വളരെ ശക്തമാണ്‌. മലയാളത്തെയും മലയാളികളെയും വളരെ സ്‌നേഹിക്കുന്ന നിയുക്ത പിതാവ്‌ മലയാളത്തില്‍ അക്ഷരശുദ്ധിയോടെ വിശുദ്ധ കുര്‍ബാനയുടെ ചില ഭാഗങ്ങള്‍ ചൊല്ലുന്‌പോള്‍ ആ കരുതലും സ്‌നേഹവും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും.

സഭയുടെ നൌകയെ കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍, സമാധാനത്തോടെ നയിക്കുവാന്‍ പരിശുദ്ധ നിയുക്ത പിതാവിന്‌ ദൈവത്തിന്റെ പരിശുദ്ധറൂഹാ ശക്തി നല്‌കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്യുന്നു

ആകമാന സുറിയാനി സഭക്ക്‌ പുതിയ ഇടയന്‍ ( ചെറിയാന്‍ ജേക്കബ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക