MediaAppUSA

കരകാണാക്കടല്‍- 13 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 17 April, 2014
കരകാണാക്കടല്‍- 13 (നോവല്‍: മുട്ടത്തുവര്‍ക്കി)
13 സൂര്യനെ മാത്രം നോക്കിനില്‍ക്കുന്ന സൂര്യകാന്തിപ്പൂവ്

തറതി പറഞ്ഞതു ശരിയായിരുന്നു.
മാത്തുക്കുട്ടി  പരമയോഗ്യനാണ്. മേരി ഒരു കണ്ണാലെ കണ്ടു. തളന്തന്‍ പീലിപ്പായിയുടെ പുരയുടെ മുറ്റത്തൊരു ബഞ്ചിന്മേല്‍ അവനിരിക്കുന്നു. കാല്‍ച്ചട്ടയും മിനുങ്ങുന്ന ഷര്‍ട്ടും ബൂട്‌സും കറുത്ത കണ്ണടയും. ആള്‍ ഇരുനിറമാണ്. എന്തൊരു ഗാംഭീര്യമാണ് ആ മുഖത്ത്! കണ്ടാല്‍ത്തന്നെ അറിയാം ധീരനാണെന്ന്. അവന്റെ ചുറ്റും നാലഞ്ചാളുകള്‍ കൂടി നില്‍പുണ്ടായിരുന്നു. അവര്‍ ആരൊക്കെയെന്നു മേരി സൂക്ഷിച്ചില്ല. ആ പുരയുടെ മുന്‍വശത്തുള്ള റോഡില്‍ക്കൂടി അവളും തറതിയും കടന്നുപോയപ്പോള്‍ അവന്‍ അവളെ കണ്ടു. അക്കച്ചേടിത്തിയാണ് അവളെ ചൂണ്ടിക്കാണിച്ചുകൊടുത്തത്. അവന്‍ കറുത്ത കണ്ണടയെത്തുമാറ്റിയിട്ട് അവളെ വീണ്ടും തിരിഞ്ഞുനോക്കി.
മേരിക്കു നാണം വന്നു. അവള്‍ ഓടി അവളുടെ പുരയ്ക്കകത്തേക്കു കയറിക്കളഞ്ഞു. തിണ്ണയെ മറയ്ക്കുന്ന ഓലച്ചെറ്റയുടെ പഴുതില്‍ക്കൂടി അവള്‍ ഒന്നുകൂടെ നോക്കി.
അവള്‍ക്കിഷ്ടമായി.
ആര്‍ക്കറിയാം, ദൈവം അവള്‍ക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന പുരുഷന്‍ അദ്ദേഹമായിരിക്കാം. ആണെങ്കില്‍ ദൈവത്തിന്റെ തിരുമനസ്സിനു കീഴ് വഴങ്ങുക. കുരുമുളകു കൊടിത്തല ആദ്യം ഏതെങ്കിലും ഒരു മരത്തോടു ചേര്‍ത്തു കെട്ടിവയ്ക്കുകയാണല്ലോ പതിവ്. പിന്നീട് അത് ആ മരത്തിന്മേല്‍ പിടിച്ചുപിടിച്ച് ആരുടെയും സഹായംകൂടാതെ മുകളിലേക്കു പടര്‍ന്നു കയറിക്കൊള്ളും. ഒടുവില്‍ ആ മരത്തെ മുഴുവന്‍ അതു ചുറ്റും. വേര്‍പെടുത്താനാവാത്തവിധം. ഒരു മരത്തിനുവേണ്ടി ആ കൊടിത്തല ആഗ്രഹിക്കുകയായിരുന്നു. ഉചിതമായ മരത്തില്‍ത്തന്നെ അവളുടെ അപ്പന്‍ അവളെ കെട്ടിക്കും എന്ന് അവള്‍ക്കുറപ്പുണ്ട്.
ജോയിയെ ആണ് അവള്‍ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്നത്. യൂക്കാലിപ്‌സ് കച്ചവടക്കാരനായ പണ്ടന്‍ കറിയാ എന്ന രണ്ടാംകെട്ടുകാരനെക്കൊണ്ട് അവളെ കെട്ടിക്കാനാണ് അപ്പന്‍ തീരുമാനിക്കുന്നതെങ്കില്‍ അവള്‍ അതിനും സമ്മതിക്കും. കറിയായെ സ്‌നേഹിക്കാന്‍ അവള്‍ക്ക് എന്തുകൊണ്ടോ മനസ്സുവരുന്നില്ല. ഉച്ഛിഷ്ടം എത്ര രുചിയുള്ളതാണെങ്കിലും അതു ഭക്ഷിക്കാന്‍ ഒരു മടിതോന്നുകയില്ലേ?
എന്നാല്‍ ഇതാ അവളെ കെട്ടാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു… പടയാളിയായ മാത്തുക്കുട്ടി.
അന്നു വൈകീട്ടു പണികഴിഞ്ഞു തോമ്മാ വന്നപ്പോള്‍ അക്കച്ചേടിത്തി അയാളെ അവരുടെ വീട്ടിലേക്കു വിളിച്ചു.
“കേട്ടോടാ തോമ്മായേ,” പീലിപ്പായി മുഖവുരയൊന്നും കൂടാതെതന്നെ കാര്യം വെട്ടിതുറന്നു പറഞ്ഞു: “അതായതു ചെറുക്കന് ഒരാഴ്ചത്തെ അവധിയേ ഉള്ളൂ. അടിയന്തിരം അതിനുള്ളില്‍ നടത്തണം. നീ എന്തു പറയുന്നു.”
“സ്്ത്രീധനത്തിന്റെ കാര്യം ഒന്നു തീര്‍ച്ചയാക്കീട്ടു മതിയല്ലോ ചേഷം കാര്യം.” എന്നായി അക്കച്ചേടിത്തി. അവര്‍ വാസ്തവത്തില്‍ പണത്തിന്റെ അത്യാര്‍ത്തികൊണ്ടു പറഞ്ഞതല്ല. അന്നന്നേപ്പത്തിനു വകയില്ലാത്തവനാണു തോമ്മാ. തന്റെ മകന്‍ ധര്‍മ്മക്കല്യാണം നടത്തി എന്നു നാലുപേര്‍ പഴിക്കരുത്; അതേയുള്ളൂ സംഗതി.
“നീ ഒന്നു ചുമ്മാതിരിക്കെടീ അക്കേ. മൂപ്പിലേ കയര്‍ത്തു: “ഞങ്ങള്‍ ആണുങ്ങളുതമ്മി പറഞ്ഞുകഴിഞ്ഞിട്ടാട്ടെ പെടക്കോഴി കൂവാന്‍.”
“എന്റെ കാര്യത്തില്‍ തടസ്സമൊന്നുമില്ല.” തോമ്മാ പറഞ്ഞു. “നിങ്ങളു ചോദിച്ച കാശു ഞാന്‍ തരുകേം ചെയ്യും. അക്കാര്യത്തില്‍ അക്കച്ചേടിത്തി ഒന്നും പേടിക്കണ്ട. പിന്നെന്താണു ചോദിച്ചാല്‍ ഇങ്ങനെ എടുവീടിന്നു കല്യാണം നടത്താവോ എന്നൊരു  ശങ്ക- കൂട്ടിച്ചോദ്യോം വിളിച്ചുചോല്ലും ഒക്കെ നടക്കണ്ടെ?”
“ഒന്നും വേണ്ടടാ തോമ്മാ. മെത്രാനച്ചനോട് അനുവാദം മേടിച്ചാമതി.” പള്ളിക്കാര്യങ്ങളില്‍ കുറെയൊക്കെ ജ്ഞാനമുള്ള ദേഹാമാണു പീലിപ്പായി. “ആഘോഷം ഒന്നും വേണ്ട.”
“എന്നു പറഞ്ഞാലൊക്കുമോ?” എന്നായി അക്കച്ചേടിത്തി. “ഒരേ ഒരു തന്തതി. നാലുപേരെ വിളിച്ചു നാഴിവെള്ളം കൊടുക്കാതെ അവന്‍ കെട്ടണ്ട.”
“എടീ, പൊറമ്പോക്കിക്കെടക്കുന്ന തെണ്ടിക്കേന്തെടീ സദ്യേം ഗോഷോം ഒക്കെ?” പീലിപ്പായി തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ഒടുവില്‍ അയാള്‍ തന്റെ കിഴവിയുടെ ആഗ്രഹത്തിനു വഴങ്ങി. ഒരു ചെറിയ സദ്യ. കെട്ടിക്കേറ്റം തോമ്മായുടെ വീട്ടില്‍ വീട്ടില്‍ എന്നു നിശ്ചയിച്ചു. ഒരു ചെറിയ പന്തലിടണം; കല്യാണത്തിന്റെ തലേന്നാളത്തെ സദ്യ അപ്പായിയുടെ വീട്ടിലെന്നു തീരുമാനിക്കപ്പെട്ടു.
ഇന്നു ബുധന്‍. അടുത്ത തിങ്കളാഴ്ച കല്യാണം. നാലേ നാലു ദിവസമേ ഉള്ളൂ ഇനി.
“പെണ്ണിനെ ചെറുക്കനൊന്നു കാണണ്ടേ അപ്പായീ.” തോമ്മാ ചോദിച്ചു.
“മേരിക്കുട്ടിയെ അവന്‍ കണ്ടു ഒരു മിന്നായംപോലേ കണ്ടുള്ളൂ.” അക്കച്ചേടിത്തി പറഞ്ഞു: “അവന്‍ കണ്ടില്ലേലും ഞങ്ങളു പറേന്നതിനപ്പുറം ഒന്നുമില്ല. അത്രയ്ക്കു അനുസരണേം കീഴ് വഴക്കോം ഉള്ളവനാ എന്റെ മാത്തുക്കുട്ടി. അറ്യാമോ? പ്രായം ഇത്രേം ആയല്ലോ…. വയസ്സ് ഇരുപത്താറായി; ഇതേവരെ അവനെപ്പറ്റി ഒരനാവശ്യോം ആരും പറഞ്ഞിട്ടില്ല.”
“ഒരു കാര്യം ചെയ്യട്ടെ.” ഒടുവില്‍ പീലിപ്പായി പറഞ്ഞു: “ചെറുക്കന വരുമ്പം അങ്ങോട്ടു ചെല്ലട്ടെ; അവന്‍ പെണ്ണിനെയും പെണ്ണ് അവനെയും ഒന്നു കണ്ടോട്ടെ എന്താ തോമ്മാ?”
“അങ്ങനെ ആയിക്കോട്ടെ.” തോമ്മാ സമ്മതിച്ചു: മാത്തുക്കുട്ടി എന്ത്യേ?”
“അവനാരാണ്ടു കൂട്ടുകാരെ കാണാന്‍ പൊറത്തോട്ടെങ്ങാണ്ടു പോയിരിക്യാ; ഇപ്പം വരും. നാളെ വ്യാഴാഴ്ച അവനങ്ങു പോകുകേം വേണം.” അപ്പായി പറഞ്ഞു.
“പണംകൊട എന്നാണു നിച്ചേച്ചു.” വാഴയ്ക്കാ ഉപ്പേരിയും കട്ടന്‍ കാപ്പിയും അവരുടെ മുമ്പില്‍ കൊണ്ടുവന്നു വച്ചിട്ട് അക്കച്ചേടിത്തി ചോദിച്ചു.
“എന്നു വേണമെന്നു പറഞ്ഞോ.” തോമ്മാ സമ്മതിച്ചു.
“ഞായറാഴ്ച ആയിക്കോട്ടെ തോമ്മാ.” പീലിപ്പായി പറഞ്ഞു.
“അഞ്ഞൂറില്‍ ഒരു കാശു കുറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുകേലാ. കാര്യം നേരത്തെ പറഞ്ഞേക്കാം.” അക്കച്ചേടിത്തി ആ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. “കാരണമെന്താന്നു ചോദിച്ച രണ്ടായിരം രൂപായും നടപടീം തരാന്‍ മറ്റിംഗ്ലീഷ്വരെ വായിച്ച പെമ്പിള്ളേരൊണ്ടു കേട്ടോ തോമ്മായെ. എന്നാല്‍ മനിഷേര് എന്തൊക്കെ അവക്യാതി പറഞ്ഞാലും മേരിക്കൊച്ചിനെ എനിക്കു ബോതിച്ചുപോയി.”
സ്വല്പം കൊള്ളിച്ചാണ് അക്കച്ചേടിത്തി പറഞ്ഞത്. പൂത്തേടത്തു തോമ്മായുടെ മകളെപ്പറ്റി അനാവശ്യം പറയാന്‍ ഇന്നുവരെ ആരും ജനിച്ചിട്ടില്ലെന്ന് അയാള്‍ വിശ്വസിക്കുന്നു. എങ്കിലും തോമ്മാ സ്വയം നിയന്ത്രിച്ചു. സന്ദര്‍ഭം നല്ലതല്ല. വല്ലവിധേനയും പെണ്ണിന്റെ കഴുത്തില്‍ ഒരു മിന്നുവീഴണം. അന്നു മാത്രമേ അയാള്‍ക്കു സമാധാനമായി കിടന്നൊറങ്ങാന്‍ സാധിക്കൂ.
അപ്പോള്‍ അതങ്ങനെ എന്നു തീരുമാനിക്കപ്പെട്ടു. തിങ്കളാഴ്ച, അതായത് ഇന്നേക്ക് ആറാപക്കം കല്യാണം.
തോമ്മാ എല്ലാവിവരവും തറതിയോടു പറഞ്ഞു.
“കറിയാച്ചനോടു നമ്മള്‍ എന്നാ പറയും?” തറതി ചോദിച്ചു. പാവം കറിയാ! അവന്‍ സ്വപ്നം കണ്ടുകൊണ്ടു നടക്കുകയാണ്. മേരിയുമൊന്നിച്ചു ഭാര്യയും ഭര്‍ത്താവുമായി പൊറുക്കുന്നതിന് അവന്‍ വീടും പുരയും വാങ്ങി; വീടു നന്നാക്കിക്കൊണ്ടിരിക്കുന്നു. അവനീ വിവരം അറിഞ്ഞാല്‍?
“കറിയായോടു പറേണം ഉണ്ടേച്ച് ഒറങ്ങിക്കൊള്ളാന്‍.” തോമ്മായ്ക്കു ദേഷ്യമാണുണ്ടായത്. “എന്റെ പെണ്ണിനെ അവനു കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചിട്ടില്ല. നീ സമ്മതിച്ചിട്ടുണ്ടെങ്കില്‍ നീ പൊയ്‌ക്കോ അവന്റെ കൂടെ.”
“തേ ഇത്തറി വര്‍ത്തമാനം പറഞ്ഞാലൊണ്ടല്ലോ.” തറതിയുടെ ശ്വാസവേഗത വര്‍ദ്ധിച്ചു: “നാണമില്ലാതെ അവന്റെ മരുന്നും രൂപായും ആഭരണോം പട്ടുടുപ്പും മുട്ടായീം… സാരീം…”
“എല്ലാം തിരിച്ചുകൊടുത്തേക്ക്. ഇവിടെ ഒരുത്തന്റേയും ഒന്നും വേണ്ട…പൂത്തേടത്തുതോമ്മാ ഇന്നോളം അന്യനെ  ആശ്രയിക്കാതെ ജീവിച്ചു…. ഇനി അങ്ങോട്ട് അങ്ങനെതന്നെ ജീവിച്ചോളം. കേട്ടോ… അവന്റെ മണ്ണാങ്കട്ട എന്താണുവച്ചാല്‍ എല്ലാം എടുത്തു കൊടുത്തേക്ക്..”
“അമ്മിണിയുടെ ജീവന്‍ രക്ഷിച്ചത് ആ ചേട്ടനാ.”  മേരി അകത്തുനിന്നു പറഞ്ഞു.
“അതിനു നിന്നെ അവനു കെട്ടിച്ചുകൊടുക്കണോ… എന്തെടീ….” തോമ്മാ തിണ്ണയില്‍നിന്ന് അകത്തേക്കു ചാടിക്കയറി.
“എടാ തോമ്മാച്ചെറുക്കാ…. എടാ ഇങ്ങോട്ടുവരാന്‍.” തിണ്ണയുടെ മൂലയ്ക്കിരുന്ന റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍  പാക്കും വെറ്റയും അമ്മിക്കലുകൊണ്ടു ചതയ്ക്കുന്ന അന്നത്തള്ള വിലക്കി. അവര്‍ക്കു മനസ്സിലായി കാര്യം പിശകാണെന്ന്.
“എന്നെ ആരെക്കൊണ്ടും കെട്ടിക്കണ്ട.”  മേരി കരഞ്ഞുംകൊണ്ടു പറഞ്ഞു.
എന്നെ ആരെക്കൊണ്ടും കെട്ടിക്കണ്ട. മേരി കരഞ്ഞുംകൊണ്ടു പറഞ്ഞു.
“അതു ഞാന്‍ നിശ്ചയിച്ചോളാം; മിണ്ടിപ്പോയാല്‍ കൊന്നുകളേം കേട്ടോ…. അല്ലാ അവളു വര്‍ത്തമാനം പറഞ്ഞുതൊടങ്ങിയിരിക്കുന്നു എന്നോട്!” തോമ്മാ ഏതായാലും തിരികെ തിണ്ണയിലേക്കുതന്നെ മടങ്ങി.
“ഞാനൊന്നും പറഞ്ഞില്ലല്ലോ.” മേരി പിന്നെയും അകത്തുനിന്നു പറഞ്ഞു.
“പെണ്ണേ മേരീ, നീ ശകലം കാപ്പി അനത്തിക്കേ.”  തറതി പറഞ്ഞു: “ഈ മനിഷേനോടാരാ വര്‍ത്തമാനം പറേന്നത്…. വെട്ടൊന്ന് തുണ്ടുരണ്ട്…. ആ കെളവനും കെളവീം ഏതാണ്ടു പറഞ്ഞു…. ഇതിയാന്‍  തേ പെണ്ണിനു കല്യാണം ഒറപ്പിച്ചോണ്ടു വന്നിരിക്കുന്നു…”
“എന്തോന്നാടാ തോമ്മാച്ചെറുക്കാ നീ ഇപ്പറേന്നത്… ഞാന്‍ കൂടൊന്നു കേക്കട്ടെ.”  അന്നത്തള്ള ചോദിച്ചു. “ഒക്കെയായാലും ഞാന്‍ നിന്നെ പത്തുമാതം ചൊമന്നതല്ലേടാ…..”
“ഓ, അവരു തുടങ്ങി പുരാണം പറയാന്‍.” തോമ്മായുടെ അരിശം കെട്ടടങ്ങിയിട്ടില്ല. “എന്നേയ് തള്ളേ, മേരിപെണ്ണിന് ഒരു കല്യാണാലോചന.”
“ആരാടാ ചെറുക്കന്‍? നമ്മുട കറിയാച്ചനാണോ? അവന്‍ നല്ല കൊച്ചനാ കേട്ടോ.”
“അവനല്ല, നമ്മുടെ പീലിപ്പായിയുടെ മോന്‍ മാത്തുക്കുട്ടി…. അവന്‍  ഇപ്പോ ഇങ്ങോട്ടുവരും പെണ്ണിനെക്കാണാന്‍.”
“രാത്രീലാണോടാ ചെറുക്കന്‍ പെണ്ണിനെക്കാണാന്‍ വരുന്നത്? എടാ തോമ്മാച്ചാ, നമ്മുടെ മേരിമ്മയെ ആ കറിയാച്ചനെക്കൊണ്ടു കെട്ടിച്ചാമതി.”
“ആ ചേട്ടന്‍ നല്ല ചേട്ടനാപ്പാ.”  അമ്മിണിയും ശുപാര്‍ശചെയ്തു. “ചേച്ചിയെ കറിയാച്ചേട്ടന്‍ കെട്ടിയാമതി.”
“അതാ ഞാനും പറഞ്ഞത്.” തറതിക്ക് ധൈര്യമുണ്ടായി.
“എന്നാല്‍ വരുന്ന തിങ്കളാഴ്ച മേരിയും മാത്തുക്കുട്ടിയും തമ്മിലുള്ള കല്യാണം പള്ളിയില്‍വച്ചു നടക്കും.”  തോമ്മാ  അന്തിമവിധിവാചകം ഉച്ചരിച്ചു. എന്നിട്ടു വഴിയിലേക്കിറങ്ങി.
എവിടെപ്പോകുന്നു എന്നു  ചോദിക്കാന്‍  ആ വീട്ടില്‍ അമ്മിണിക്കുപോലും ധൈര്യം ഉണ്ടായില്ല.
“രണ്ടാംകെട്ടുകാരന്‍ വരത്തനെക്കൊണ്ടു പൂത്തേടത്തു തോമ്മായുടെ മകളെ കെട്ടിക്കാന്‍ അമ്മയും മകളും അനിയത്തിയും വല്യമ്മയുംകൂടെ  അങ്ങു തീരുമാനിച്ചു.” തോമ്മാ പുച്ഛിച്ചു പറയുന്നതുകേട്ടു ആരും ഒന്നും മിണ്ടിയില്ല.
തന്നെ ആരു കെട്ടണമെന്നു തീരുമാനിക്കേണ്ടത് അപ്പന്‍തന്നെയാണെന്നു മേരിക്കറിയാം. ആരെ നിശ്ചയിച്ചാലും അവള്‍ എതിരുപറയുകയില്ല. പക്ഷേ, നല്ലവനായ  കറിയാച്ചേട്ടനെ  അപ്പന്‍ ആക്ഷേപിച്ചതില്‍ അവള്‍ക്കു സങ്കടമുണ്ട്. അയാള്‍ സ്‌നേഹമുള്ളവനാണ്. അമ്മിണിയുടെ ജീവനെ രക്ഷിച്ചതു വാസ്തവത്തില്‍ അവനാണ്.
ഏതാനും മിനിറ്റിനകം തോമ്മാ തിരിയെവന്നു. അയാള്‍ രണ്ടു ബണ്ണും നാലഞ്ചു പൂവന്‍പഴവും രണ്ടു താറാമുട്ടയും വാങ്ങിക്കൊണ്ടാണ് വന്നത്.
“പെണ്ണേ!” അയാള്‍ വിളിച്ചു. മേരി വാതില്‍ക്കലേക്കു വന്നു.
“ഇതാ ഈ മുട്ട വേഗം പുഴുങ്ങ്. കാപ്പി അനത്തിയോ?”
“അനത്തി.”
കുറെക്കഴിഞ്ഞു പട്ടാളക്കാരന്‍ മാത്തുക്കുട്ടി പെണ്ണുകാണാന്‍ വന്നു. തോമ്മാ അവനെ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. വല്യമ്മച്ചിയുടെ കട്ടിലിലെ തഴപ്പായുടെ  മുകളില്‍ അയാള്‍ തുണിവിരിച്ച് അവനു വേണ്ടി പീഠം ഒരുക്കി: “ഇരിക്കൂ മാത്തുക്കുട്ടീ.”
മാത്തുക്കുട്ടി ഇരുന്നു. അവന്‍ മുണ്ടും  ടെറിലിന്‍ഷര്‍ട്ടും ധരിച്ചിരുന്നു. എവിടെനിന്നോ നല്ല സുഗന്ധമടിക്കുന്നു. അവന്റെ  നോട്ടങ്ങള്‍ അടുക്കളയിലേക്കു പതറുന്നുണ്ടായിരുന്നു. മേരി ഒരു കണ്ണാലെ അവനെക്കണ്ടു. അകത്തെ മുറിയില്‍ വീഞ്ഞപ്പെട്ടിയുടെ മുകളില്‍കയറി എത്തിനോക്കിനിന്ന്. ഇടഭിത്തിയുടെ മുകളില്‍ക്കൂടെ അമ്മിണി അവനെ  കൃത്തിച്ചുനോക്കി. മങ്ങിയ ഇരുട്ടായിരുന്നതുകൊണ്ട് അവളെ ആര്‍ക്കും കാണാന്‍  സാധിക്കുകയില്ല. തറതിയും മേരിയും കാപ്പി ഒരുക്കുന്നതില്‍ വ്യാപൃതരായി.
ഒരു വള്ളിക്കുട്ട കമിഴ്ത്തിയിട്ട് അതിന്റെ മുകളില്‍ തോമ്മാ തകരവിളക്കു വച്ചു. അപ്പോള്‍ മാത്തുക്കുട്ടിയുടെ  മുഖം കുറേക്കൂടെ വ്യക്തമായി കാണാമെന്നായി. വല്യമ്മച്ചി പയ്യെ അടുത്തുനിന്ന് അവന്റെ മുഖത്തേക്കു നോക്കി.
“എന്താ വല്യമ്മച്ചി നോക്കുന്നത്?” മാത്തുക്കുട്ടി പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.
“എന്റെ അമ്മയാ മാത്തുക്കുട്ടി!” തോമ്മാ പറഞ്ഞു.
“കണ്ടപ്പോഴേ എനിക്കു മനസ്സിലായി.”
“കുഞ്ഞിനെവിടാ മോനെ ഉത്ത്യോകം?” അന്നത്തള്ള ചോദിച്ചു.
“അങ്ങു ദൂരെ വളരെ വടക്കാ.”
“അവടെ കറുപ്പു കിട്ടുമോ മോനേ?”
“ങേ? കറപ്പോ?”
 “അമ്മച്ചി അങ്ങു തിണ്ണേലോട്ടു പോയിരിക്ക്.”  തോമ്മാ അവരെ സാവാധാനത്തില്‍  പിടിച്ചു തിണ്ണയില്‍ എത്തിച്ചു.
എന്നിട്ടു തിരിയെച്ചന്ന് കട്ടിലിന്റെ ഒരറ്റത്ത്  അയാളും ഇരുന്നു.
“മാത്തുക്കുട്ടിക്ക് എന്നാ ശമ്പളം കിട്ടും?” തോമ്മാ ചോദിച്ചു.
“ചെലവും കഴിഞ്ഞ് ഇരുനൂറുരൂപയോളം കിട്ടും.”
“അപ്പഴെ. അവിടെ കുടുമ്മമായിട്ടു താമസിക്കാമോ?”
“താമസിക്കാം. ക്വാര്‍ട്ടേഴ്‌സുണ്ട്.”
“എന്തുവാ കോട്ടയോ?”
“വീട്.”
“കല്യാണം കഴിഞ്ഞ് അവളിവിടെ  ഒരൂ മാസമെങ്കിലും താമസിച്ചിട്ടു കൊണ്ടുപോയാല്‍ പോരായോ?”
“അതു മതി…”
“കാരണം എന്താന്നുവച്ചാല്‍ അവളെന്റെ ജീവന്റെ ജീവനാ… വഴക്കു പറേവേ ഒക്കെ ചെയ്യും അതു കാര്യം വേറെ.”
തോമ്മായ്‌ക്കേതായാലും  മാത്തുക്കുട്ടിയെ  വളരെ ഇഷ്ടപ്പെട്ടു. അവന്‍  അടുക്കളയിലേക്കു ചെന്നു. തറതിയുടെ മുഖത്തും ഒരു പ്രസാദം ഉണ്ട്. അവര്‍ മാപ്പിളയും പെമ്പിളയും തമ്മില്‍ എന്തോ കുശുകുശുത്തു.
“മേരീ, ആ മൊന്തേല്‍ ശകലം വെള്ളം കൊണ്ടുചെന്നു കൊടുത്തേ.”  തറതി നിര്‍ദ്ദേശിച്ചു.
“ഞാന്‍ കൊടുക്കാമ്മേ.” അമ്മിണി പറഞ്ഞു.
 “വേണ്ടടീ നീയിങ്ങുവാ.”  തോമ്മാ വളിച്ചു.
“ഈ മനുഷ്യനാണോമ്മേ ചേച്ചിയെ കെട്ടാന്‍ പോന്നെ?”
“ഹൊ!” അമ്മിണിയെ പിടിച്ചുകൊണ്ടു തോമ്മാ തിണ്ണയിലെത്തിച്ചു. “നീ, തേ അമ്മച്ചിയുടെ കൂടെ ഇരുന്നോ ചെലയ്ക്കാതെ.”
ചുളുങ്ങിയ ഒരു അലൂമിനിയം മൊന്തയില്‍ മേരി വെള്ളം എടുത്തു.
അപ്പോഴേക്കും കടുക്കാമറിയ പര്യമ്പ്രത്തുകൂടെ ഏതാനും പിഞ്ഞാണങ്ങളും ഒരു കോപ്പയും കൊണ്ടുവന്നു തറതിയെ ഏല്‍പ്പിച്ചു. ബണ്ണും  മറ്റും വാങ്ങിക്കാന്‍ പോയപ്പോള്‍  അവളോടു തോമ്മാ വിവരം പറഞ്ഞിരുന്നു. മറിയ ഒരു അരിയുണ്ടയും കൊണ്ടുവന്നിരുന്നു.
പെട്ടിയില്‍ വച്ചിരുന്ന കറിയായുടെ വളകളും മോതിരവും മേരിയെ അണിയിച്ചതു മറിയയാണ്.
മേരി തിണ്ണയില്‍കൊണ്ടുചെന്ന് വെള്ളംവച്ചിട്ടു വേഗം അടുക്കളയിലേക്കു മടങ്ങിപ്പോന്നു. അവള്‍ക്കു നാണമായിരുന്നു. പോകുമ്പഴോ വരുമ്പഴോ  അവള്‍ അദ്ദേഹത്തെ നോക്കിയില്ല.
എങ്കിലും മാത്തുക്കുട്ടി അവളെകണ്ടു. അവന്റെ കണ്ണുകള്‍  സമ്പൂര്‍ണ്ണമായ സംതൃപ്തിയുടെ ബ്‌ളൂപ്രിന്റുകളായിരുന്നു.
തറതി എണീറ്റു തോര്‍ത്തു കുറിയോണ്ടിന്റെ ഒരറ്റംകൊണ്ടു മേരിയുടെ മുഖം തുടച്ചു. ആ മുഖത്തു ചാരത്തിന്റെ അംശങ്ങളുണ്ടായിരുന്നു.
തോമ്മാ വീണ്ടും തെക്കേ മുറിയിലേക്കു ചെന്നു.
“കൈകഴുകിയാട്ടെ മാത്തുക്കുട്ടി.”
അാത്തുക്കുട്ടി കൈകഴുകിയിട്ടു വീണ്ടും കട്ടിലില്‍ തിരിച്ചെത്തി. കൈ തുടയ്ക്കാന്‍ അവന്റെ കൈയില്‍ ലോലമായ ഒരു കൈലേസുണ്ടായിരുന്നു.
തറതിയും കടുക്കാമറിയയുംകൂടെയാണ് പലഹാരങ്ങള്‍, അതായതു മുട്ട പുഴങ്ങിയതും പൂവന്‍ പഴവും ബണ്ണും അരിയുണ്ടയും ഹാജരാക്കിയത്. അവരതെല്ലാം കട്ടിലില്‍ത്തന്നെ നിരത്തി.
“ഞങ്ങളൊക്കെ പാവപ്പെട്ടവരാ മാത്തുക്കുട്ടീ.”  കടുക്കാമറിയ പറഞ്ഞു. “മേശേം കസേരേം ഒന്നുമില്ല.”
“ഇതുകേട്ടാല്‍തോന്നും ഞങ്ങളു കുബേരന്മാരാണെന്ന്.” മാത്തുക്കുട്ടി തിരിച്ചടിച്ചു: പക്ഷേ, ഞാനിപ്പം കാപ്പി കുടിച്ചതാണല്ലോ.”
“അതൊന്നു പറഞ്ഞാലൊക്കുകേലാ.” എന്നായി മറിയ.
അാത്തുക്കുട്ടി കൗതുകത്തോട അരിയുണ്ട കൈയിലെടുത്ത് അതിലേക്കു നോക്കി. “ഇത് ഒരുമാതിരി പീരങ്കിയുണ്ടപോലിരിക്കുന്നുല്ലോ ചേടിത്തീ!”
മാത്തുക്കുട്ടി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.
“ഞങ്ങടെ പെണ്ണിനെ വേണമെങ്കില്‍ ഇതു കടിച്ചു പൊട്ടിച്ചു തിന്നണം.” മറിയയുടെ തമാശ വീണ്ടും ചിരിക്കു കാരണമായി. മാത്തുക്കുട്ടി ഇരുമ്പുപോലത്തെ ആ അരിയുണ്ട ഒന്നു കടിച്ചുനോക്കി. അതു കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അകത്തുനിന്ന് ആ രംഗം കാണുന്ന മേരിപോലും.
“ഇങ്ങനെയിരിക്കും ഞങ്ങളോടും കളിച്ചാല്‍. ഇങ്ങോട്ടു തന്നാട്ടെ.” മറിയ ആ ഉണ്ട അവന്റെ കൈയില്‍നിന്നു വാങ്ങി. മേരീ, ആ വെട്ടരിവാളിങ്ങെടുത്തോ.”
“അയ്യോ! ഞാന്‍ പോയേക്കാം ചേടത്തീ” മാത്തുക്കുട്ടി പറഞ്ഞു. എല്ലാവരും കുറേക്കൂടെ ഉച്ചത്തില്‍ ചിരിച്ചു.
“പട്ടാളക്കാരന്‍ ഇങ്ങനെ പേടിച്ചു തൂറിയായാലോ?” മറിയ ആ അരിയുണ്ട വാതില്‍പ്പടിയിന്മേല്‍ വച്ചു പാറപൊട്ടിക്കുന്ന ചുറ്റികകൊണ്ടു തല്ലിപ്പൊട്ടിച്ച് പല കഷ്ണങ്ങളാക്കി പിഞ്ഞാണത്തില്‍ വച്ചു. ഇനി ശകലിച്ചെ തിന്നാം.”
“എനിക്കു കാപ്പിമാത്രം മതിയായിരുന്നു.” മാത്തുക്കുട്ടി ഒരു ക്ഷണം അരിയുണ്ട എടുത്തു കറുമുറെ ചവച്ചുംകൊണ്ടു പറഞ്ഞു.
“മേരിമ്മേ! ആ കാപ്പി ഇങ്ങോട്ടു കൊണ്ടുവാ” തറതിയാണു വിളിച്ചു പറഞ്ഞത്.
“മാത്തുക്കുട്ടി, ഞങ്ങളെ പെണ്ണ് പൊട്ടിയാണോ കൊഞ്ഞയാണോ മൊടന്തിയാണോ കോന്ത്രപ്പല്ലിയാണോ എന്നൊക്കെ ശരിക്കു നോക്കീട്ടു കല്യാണത്തിനു സമ്മതിച്ചാ മതി.” മറിയ പറഞ്ഞു. എന്നിട്ടു മാറിനിന്നു തറതിയുടെയും തോമ്മായുടെയും ചെവിയില്‍ അവര്‍ എന്തോ മന്ത്രിച്ചു.
“ഇന്നാ ചേടിത്തീ കാപ്പി.” മേരി വാതില്‍ക്കല്‍ വന്നു കാപ്പി നീട്ടിക്കൊണ്ടു പറഞ്ഞു.
“ഇങ്ങോട്ടു കൊണ്ടുവന്നു കൊടുക്കൂ മോളെ.” മറിയ പറഞ്ഞു: “ഇപ്പോഴത്തെ പെമ്പിള്ളാര്‍ക്കാ നാണം,” മറിയ ചുറുക്കെ തിണ്ണയിലേക്കിറങ്ങി. പുറകെതന്നെ തോമ്മായും തറതിയും.
“അയ്യോ! കടേല്‍ ആരുമില്ല, ഞാന്‍ പോണു തെര്‍ത്ത്യാമ്മേ.” മറിയ മുറ്റത്തേക്കിറങ്ങി: “സന്ധ്യയ്ക്കു നെറ്റിയേല്‍ കുരിശുപോലും  വരച്ചില്ല.”
കടുക്കാമറിയ പോയി.
നാണിച്ച് നാണിച്ച് മേരി കുടുവന്‍കോപ്പയിലെ കാപ്പിയുമായി തെക്കേ മുറിയിലേക്കു കയറി. നിലത്തേക്കു നോക്കിനിന്നുകൊണ്ട് അവള്‍ മാത്തുക്കുട്ടിയുടെ നേര്‍ക്കു കാപ്പി നീട്ടി. അവന്‍ കാപ്പി വാങ്ങി. അവരുടെ വിരലുകള്‍ തമ്മില്‍ സ്പര്‍ശിച്ചില്ല. എങ്കിലും ഹൃദയങ്ങള്‍ പതിവുവിട്ടു തുടിക്കുന്നുണ്ടായിരുന്നു.
അവിടെ നില്‍ക്കണോ പോകണമോ എങ്ങനെയാണു വേണ്ടതെന്ന് അവള്‍ക്ക് അറിഞ്ഞുകൂടാ. നില്‍ക്കണമായിരിക്കും. അവളോട് എന്തെങ്കിലും അദ്ദേഹത്തിനു ചോദിക്കാനുണ്ടായിരിക്കും. മറ്റാരും കേള്‍ക്കാതെ. അതുകൊണ്ടാവും അപ്പനും അമ്മയും മുന്‍വശത്തെ തിണ്ണയിലേക്കു മാറിക്കളഞ്ഞത്.
“പേരെന്താ?” മാത്തുക്കുട്ടി ബണ്ണിന്റെ ഒരു ശകലം അടര്‍ത്തിതിന്നുകൊണ്ട് ചോദിച്ചു. കമഴ്ത്തിവച്ചിരിക്കുന്ന വള്ളിക്കൊട്ടയുടെ പുറത്തിരിക്കുന്ന മണ്ണെണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ അവളുടെ മുഖത്തിന്റെ ഒരു വശമേ ശരിക്കു കാണാനാവൂ. ഹൊ! എന്തൊരഴകായിരിക്കുന്നു!
“മേരീന്ന്.” അവള്‍ കട്ടിലിന്റെ ചെതുക്കിയ ക്രാസിയില്‍ പിടിച്ചു കൊണ്ടു പറഞ്ഞു.
“എത്ര ക്ലാസ്സ് പഠിച്ചു?”
“അഞ്ചാംക്ലാസ്സ്.”
കുറെ നേരത്തെ മൗനം. ഒരു കിഴക്കന്‍കാറ്റ് അടിക്കുന്നുണ്ടായിരുന്നു. തിണ്ണയില്‍ക്കൂടെ അത് അകത്തേക്കു കടന്നുവന്നു. തകരവിളക്കിന്റെ തിരിനാളത്തെ കിക്കിളിയിട്ടു. അതനുസരിച്ച് പടിഞ്ഞാറെ മണ്‍ചുവരില്‍ പതിക്കുന്ന മാത്തുക്കുട്ടിയുടെയും മേരിയുടെയും നിഴലുകള്‍ അനങ്ങിക്കൊണ്ടിരുന്നു.
അവന്‍ അരിയുണ്ടയുടെ ഒരു കഷ്ണം എടുത്തുകൊണ്ട് എണീറ്റു. അവളുടെ അടുക്കലേക്ക്  അവന്‍ നീങ്ങിനിന്നു. അവളുടെ ശരീരം കോരിത്തരിക്കുകയായിരുന്നു.
“മേരീ!”
“ഉം.”
“മേരിക്ക് എന്നെ ഇഷ്ടമാണോ?”
മൗനം.
“എന്റെ മുഖത്തേക്കു നോക്കൂ.”
അവള്‍ നോക്കി. അവന്‍ കണ്ടു. അവളും കണ്ടു. അവള്‍ക്കിഷ്ടമായി. അവനും ഇഷ്ടമായി. അവളുടെ മുഖത്ത് ഒരു കന്യകയുടേതായ മനോഹരമായ ലജ്ജ തുളുമ്പിനിന്നു. അവള്‍ വീണ്ടും മുഖം കുനിച്ചു നിന്നു.
“മേരിക്കെന്നെ ഇഷ്ടമാണോ? പറയൂ.”
അവള്‍ കടമിഴിക്കോണുകൊണ്ട് അവനെ ഒന്നുനോക്കി. അവളുടെ അധരങ്ങളില്‍  അനിര്‍വചനീയമായ ഒരു ഓമല്‍പ്പുഞ്ചിരി ഉണ്ടായിരുന്നു.
“ഇതാ കൈ നീട്ടൂ.”
അവള്‍ മടിച്ചു മടിച്ച് നാണിച്ചു നാണിച്ച് കൈ നീട്ടി. അവന്‍ അരിയുണ്ടയുടെ അംശം അവളുടെ കൈപ്പത്തിക്കുള്ളില്‍ വച്ചു.
ആ കൈകള്‍ തമ്മില്‍ സ്പര്‍ശിച്ചില്ല. എങ്കിലും വിറച്ചു.
“അപ്പനെനിക്കെഴുതി, കേട്ടോ മേരീ?”
“ഉം.”
“അയലത്തൊരു സുന്ദരി വന്നിരിക്കുന്നെന്നും പെട്ടെന്നു വന്നു നിന്നെ കാണണമെന്നും കല്യാണം ഉറപ്പിച്ചിട്ടുപോകണമെന്നും. അല്ലെങ്കില്‍ ആരെങ്കിലും വന്നു നിന്നെ തട്ടിക്കൊണ്ടു പോയ്ക്കളയുമെന്ന്.”
കണ്‍കോണുകൊണ്ടു മേരി വീണ്ടും അവന്റെ മുഖത്തേക്കു നോക്കി.  അവളുടെ മുഖം പൂര്‍വ്വാധികം പ്രസന്നമായിരുന്നു.
“അതുകൊണ്ടു ഞാന്‍ ഓടിവന്നതാണ്. ഇന്നു സന്ധ്യയുടെ വെളിച്ചത്തില്‍ നിന്നെ ഞാന്‍ കണ്ടു.” അവന്‍ തുടര്‍ന്നു: “ആ അരിയുണ്ട എന്തേ തിന്നാത്തു?”
“തിന്നോളാം.”
“കല്യാണം ഉറപ്പിക്കുക മാത്രമല്ല, കല്യാണം കഴിച്ചിട്ടേ ഞാനിനി മടങ്ങിപ്പോകുന്നുള്ളൂ.”
മേരി ഒന്നും മിണ്ടിയില്ല. കരിന്തിരിയായ ആ മണ്ണെണ്ണ വിളക്കിനെ ഊതികെടുക്കാന്‍ ശുണ്ഠിയായ കിഴക്കന്‍ കാറ്റിനു ബുദ്ധിമുട്ടുണ്ടായില്ല.
തിണ്ണയില്‍നിന്നു തോമ്മാ ചുറുക്കെ റാന്തല്‍വിളക്കെടുത്തു. അയാളതു വള്ളിക്കുട്ടയുടെ മുകളില്‍വച്ചു. തോമ്മാ വിളക്ക് കൊണ്ടുവന്നപ്പോള്‍ മാത്തുക്കുട്ടി പെട്ടെന്ന് കട്ടിലില്‍ചെന്നിരുന്നു. മേരി അകത്തേക്കു പോകാന്‍ ഭാവിച്ചു.
“നിങ്ങളു വര്‍ത്തമാനം പറഞ്ഞോളിന്‍.” തോമ്മാ മണ്ണെണ്ണവിളക്കുമായി അടുക്കളയിലേക്കു പോയി.
“മാത്തുക്കുട്ടി കാപ്പി കുടിച്ചില്ലല്ലോ.” തിണ്ണയില്‍നിന്ന് എത്തിനോക്കിയ തറതി ഓര്‍മ്മിപ്പിച്ചു.
“കുടിക്കാം.” മാത്തുക്കുട്ടി വീണ്ടും കോപ്പയിലെ കാപ്പി കുടിച്ചു. തോമ്മാ മണ്ണെണ്ണവിളക്കില്‍ മണ്ണെണ്ണയൊഴിച്ചു. അടുപ്പിലെ തീയില്‍ നിന്നുതന്നെ കൊളുത്തി. എന്നിട്ടു തിണ്ണയിലേക്കു മടങ്ങിപ്പോന്നു.
പട്ടാളക്കാരനായാലും ഏതു ദേവേന്ദ്രനായാലും കല്യാണത്തിനു മുമ്പു തന്റെ മകളെ തൊടാന്‍ പാടില്ല. തൊട്ടാല്‍ കാച്ചിക്കളയും. ഇരുളിന്റെ മറവില്‍നിന്ന് അയാളും തറതിയും അകത്തെ രംഗം സൂക്ഷിക്കുന്നുണ്ടായരുന്നു. മാത്തുക്കുട്ടി മേരിയെ തൊട്ടില്ല. തോമ്മാ ഭയങ്കരനാണെന്ന് ഒരു പക്ഷേ, അവന്‍ ഇതിനിടയ്ക്ക് അറിഞ്ഞിരിക്കണം.
അവന്‍ കൊടുത്ത അരിയുണ്ടയുടെ അംശം മേരി തിന്നുന്നത് അവന്‍ കണ്ടു. അവനെ അവള്‍ക്കിഷ്ടമായി എന്നതിന്റെ സൂചനയാണ്.
അവളെ നോക്കുന്തോറും നോക്കുന്തോറും അവന്റെ ഹൃദയം പിടയ്ക്കുകയാണ്.
അവന്‍ ഒരു പൂമ്പഴം എടുത്തു. പകുതി തിന്നു പകുതിയുമായി അവന്‍ വീണ്ടും അവളെ സമീപിച്ചു.
“എന്റെ വല്യമ്മച്ചിയെന്ത്യേ… അമ്മിണീ, ഇതാ മിഠായി!” തിണ്ണയില്‍ ഒരു ശബ്ദം. യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയാ ആ മുറിയിലേക്ക് ഓടിക്കയറി.
അവന്‍ കണ്ട കാഴ്ച…..
“മേരീ!” അവനറിയാതെ അവന്റെ നാവു ശബ്ദിച്ചുപോയി. ഏതോ ഒരു പുരുഷന്റെ അടുത്തു മേരി നില്‍ക്കുന്നു. അവന്റെ മേരി…. അവള്‍ ആ ചെറുപ്പക്കാരനില്‍നിന്നു പഴം വാങ്ങുന്നു…. ഹൊ…. ഇണചേരുന്ന മൂര്‍ഖന്‍ പാമ്പിന്റെ മുമ്പിലേക്ക് ഓര്‍ക്കാപ്പുറത്തു കടന്നുചെന്നതുപോലെ കറിയാ ഞെട്ടിവിറച്ചു പുറകോട്ടു മാറിപ്പോയി. അവന്റെ ഭാര്യ അണിഞ്ഞുകൊണ്ടു നടന്നിരുന്ന സ്വര്‍ണ്ണമാല…സ്വസ്തികക്കണ്ണികളുള്ള ആ മാല… അവളുടെ കഴുത്തില്‍ കിടക്കുന്നത് അവന്‍ കണ്ടു. അവന്റെ ഭാര്യയുടെ സ്വര്‍ണ്ണവളകള്‍. അവള്‍ അണിഞ്ഞിരിക്കുന്നു….അവന്‍ കൊടുത്ത ചെമന്ന സില്ക്കുബ്ലൗസ്സാണ് അവള്‍ ധരിച്ചിരിക്കുന്നത്.
മേരിയുടെ കൈവിറച്ചു. പൂവന്‍പഴത്തിന്റെ പാതി നിലത്തുവീണു. അവള്‍ രണ്ടു കൈപ്പത്തികൊണ്ടും മുഖം പൊത്തിക്കളഞ്ഞു. കാല്‍ച്ചുവട്ടിലെ ഭൂമി രണ്ടായി പിളര്‍ന്നെങ്കില്‍…. ഇരുട്ടും പ്രളയവും വന്നു ഭൂമിയെ മുഴുവന്‍ വിഴുങ്ങിയിരുന്നെങ്കില്‍….
ശബ്ദത്തിന് അര്‍ത്ഥമില്ലാത്ത നിമിഷം! നിമിഷത്തില്‍ ആയിരത്തില്‍ ഒരംശം മാത്രം… ഭാവിഭൂതവര്‍ത്തമാനങ്ങള്‍ സ്തംഭിച്ചുനിന്ന മുഹൂര്‍ത്തം…. കറിയായും മാത്യൂസും… അവരുടെ കണ്ണുകള്‍തമ്മില്‍ ഇടഞ്ഞു… പ്രപഞ്ചകടാഹത്തെ മുഴുവന്‍ സംഹരിക്കാന്‍ പോരുന്ന തീയും ഗന്ധകവും ആ നോട്ടത്തില്‍ അടക്കംചെയ്തിരുന്നുവോ? കറിയായുടെയും മേരിയുടെയും മുഖങ്ങളിലേക്കു മാത്യൂസ് മാറി മാറി മിന്നലുകള്‍ പോലെ നോക്കി…. മാത്യൂസിന്റെയും മേരിയുടെയും മുഖത്തേക്ക് കറിയായും… മേരി…. അവന്റെ മേരി…. സൗന്ദര്യമുള്ള സര്‍പ്പം…. അഴകുള്ള രക്തയക്ഷി…. അവളുടെ കഴുത്തുപിടിച്ചു ഞെരിച്ചു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലണം…. കൊല്ലണം…. ഹൊ… ഭയങ്കരി!
ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം….
“കറിയാ!” തോമ്മാ അലറി.
തോമ്മാ പെട്ടെന്നു തിണ്ണയിലേക്കിറങ്ങി…. തറതി ഓടിച്ചെന്നു തോമ്മായുടെ വായ്‌പൊത്തി.
“ചേട്ടാ….” അമ്മിണി ഓടിവന്നു കറിയായെ കെട്ടിപ്പിടിച്ചു. അവന്റെ കൈയിലിരുന്ന ടോഫി ടിന്‍ അവള്‍ തട്ടിപ്പറിച്ചു. തോമ്മാ അവളുടെ കൈയില്‍നിന്ന് അതുവാങ്ങി മുറ്റത്തേക്കു വലിച്ചെറിഞ്ഞു. അമ്മിണി കരഞ്ഞു.
“മിണ്ടിപ്പോകരുത് കൊന്നുകളേം.” തോമ്മാ ശാസിച്ചു.
അമ്മിണി തന്നെത്താന്‍ വായ്‌പൊത്തി. ഏങ്ങലടിച്ചു.
കറിയാ ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങി. മുറ്റത്തു വാതിലിന്റെ ഭാഗത്തു മാത്രം നേരിയ വെളിച്ചമുണ്ട്. ബാക്കിയെല്ലായിടത്തും ഇരുട്ടാണ്.
തോമ്മായും കൂടെത്തന്നെ തറതിയും മുറ്റത്തേക്കിറങ്ങി. കറിയായെ തോമ്മാ തല്ലുമെന്നുതന്നെയായിരുന്നു അവരുടെ ഭീതി. കറിയായ്ക്കും ആ ഭീതി ഉണ്ടായിരുന്നു. അതുകൊണ്ട് അവന്‍ അവിടെനിന്നില്ല. അവന്‍ ഇരുട്ടിലൂടെ തെക്കോട്ടു നടന്നു.
“കറിയാച്ചാ!” തറതി വിളിച്ചു. കറിയാ വിളികേട്ടില്ല.
കൊലപാതകത്തിന്റെ മണമുണ്ടോ ആ ഇരുട്ടിന്?
ഭ്രാന്തുപിടിപ്പിക്കുന്ന നിമിഷങ്ങള്‍! ലോകം മുഴുവനും പമ്പരം പോലെ കറങ്ങുകയാണോ?
“അവനേതാണ്?” അകത്തെ മുറിയില്‍ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ഒടുവില്‍ മാത്യൂസ് ചോദിച്ചു. മേരി ഒന്നും പറഞ്ഞില്ല. അവള്‍ ജീവച്ഛവംപോലെ നിന്നതേയുള്ളൂ.
ആ പട്ടാളക്കാരന്റെ മുഖഭാവം മാറി. അവന്‍ പിന്നീടൊന്നും ചോദിച്ചില്ല. അവന്‍ മുറിയില്‍ നിന്നിറങ്ങി. വഴിയിലേക്കിറങ്ങി നടക്കുകയാണ്.
“മാത്തുക്കുട്ടീ!” തോമ്മാ വിളിച്ചു. മാത്തുക്കുട്ടി വിളികേട്ടില്ല. എല്ലാ മനക്കോട്ടകളും തകരുകയാണോ ദൈവമേ!
എന്താണിതിനൊരു പോംവഴി? എങ്ങനെ, എവിടെനിന്നു വന്നു ഈ കൊടുങ്കാറ്റ്? ശബ്ദവും ചലനവും ഇല്ലാത്ത കൊടുങ്കാറ്റ്!
ആര്‍ക്കും ഒന്നും മിണ്ടാന്‍ തോന്നുന്നില്ല. മിണ്ടാന്‍ എന്തിരിക്കുന്നു? എല്ലാം എല്ലാവര്‍ക്കും വ്യക്തമായിരിക്കുന്നു. ഒരുപക്ഷേ, അമ്മിണിക്കും അന്നത്തള്ളയ്ക്കും ഒഴികെ. അമ്മിണിയുടെ ഏങ്ങലടി നിന്നിട്ടില്ല. അകത്തു മറ്റൊരു തേങ്ങിക്കരച്ചില്‍ ആരംഭിച്ചിരിക്കുന്നു. പ്രതീക്ഷകള്‍ എരിഞ്ഞടങ്ങുന്നതുപോലെ. പാവം മേരി!.... തിണ്ണയിലെ മങ്ങിയ ഇരുട്ടത്തു. മുട്ടുകള്‍ മടക്കി കിഴക്കോടടു തിരിഞ്ഞിരുന്ന് അന്നത്തള്ള കൊന്തയുരുട്ടിക്കൊണ്ടു പ്രാര്‍ത്ഥിക്കുന്നു… “നിന്റെ തിരുവിഷ്ടം ആകാശത്തിലെപ്പോലെ ഭൂമിയിലും ആകണമോ…”
“നിറുത്തെന്നേ, നിങ്ങടെ ഒരു പ്രാര്‍ത്ഥന.” കലികൊണ്ടതുപോലെ തോമ്മാ തിണ്ണയിലേക്കു കേറിക്കൊണ്ട് ആക്രോശിച്ചു. “പ്രാര്‍ത്ഥിക്കുന്നു….. ആകാശത്തിലെപ്പോലെ ഭൂമീലും ആകാന്‍…. എത്രനാളായി അതുതന്നെ പ്രാര്‍ത്ഥിക്കുന്നു…. എന്നിട്ടു ഭൂമീലാകാത്തതെന്താ? എല്ലാം നശിച്ചു…. ഒടേതമ്പുരാനും കൈവിട്ടു…”
“എടാ ചെറുക്കാ, ദൈവദൂഷണം പറയാതെ, നീയും മുട്ടുകുത്തി പ്രാര്‍ത്തിക്കെടാ.” കിഴവി പറഞ്ഞു. അവര്‍ വീണ്ടും കൊന്തയുരുട്ടുകയും അതേ പ്രാര്‍ത്ഥനതന്നെ കുറെക്കൂടെ എരിവോടെ ഉരുവിടുകയും ചെയ്തു.
കാലു മണപ്പിച്ചു നന്ദിരേഖപ്പെടുത്താന്‍ വന്ന കൈസറാവട്ടെ തോമ്മായുടെ ഒരു തൊഴിയുടെ ഫലമായി വഴിക്കുചെന്നു വീണു നാലുകരണം മറിയുകയും ദയനീയമായി മോങ്ങിക്കൊണ്ടു പര്യമ്പ്രത്തുകൂടെ കറിയായുടെ ഭവനത്തെ ലക്ഷ്യമാക്കി ഓടുകയും ചെയ്തു. പട്ടിയുടെ മോങ്ങല്‍കേട്ട കോഴിക്കൂട്ടിലെ കോഴികള്‍ അപകടമുന്നറിയിപ്പു നല്‍കി.
“പൂത്തേടത്തുകാരുടെ മഹിമ…” ഒടുവില്‍ തറതിയുടെ നാവിനു ജീവനുണ്ടായി. അവര്‍ക്ക് വലിവ് ആരംഭിച്ചിരിക്കുന്നു.
“കൊന്നുകളേം, മിണ്ടിപ്പോകരുത്.” തോമ്മാ ഗര്‍ജ്ജിച്ചു.
“കൊല്ല്…. എന്തിനാ ഈ നരകത്തില്‍ ജീവിക്കുന്നെ… പെണ്ണിനെ കെട്ടിച്ചല്ലോ? ഒന്നാംകെട്ടുകാരന്‍ കെറീച്ചു വടക്കോട്ടും രണ്ടാംകെട്ടുകാരന്‍ കെട്ടിയെടുത്തു തെക്കോട്ടും പോയി… ആര്‍ക്കു ചേതം… പെണ്ണു പെരയ്ക്കാത്തിരുന്നു നരച്ചുകൊരയ്ക്കട്ടെ.”
“തറതീ! സത്യമായും നിന്നെ ഞാന്‍ കൊല്ലും.” തോമ്മായുടെ ശബ്ദത്തിനു വല്ലാത്ത ഭാരമുണ്ടായിരുന്നു.
“രാജകന്നികേ! മനോഗുണത്തിന്റെ അമ്മേ! നെനക്കു സൊസ്തി!” കിഴവിയുടെ പ്രാര്‍ത്ഥനയ്ക്കു ശബ്ദം കൂടുന്നു.
“കൊല്ലുന്നേനുമുമ്പ് ഒരു കാര്യം ചെയ്യ്…. മാനക്കാരന്റെ മോളിട്ടിരിക്കുന്ന മാലേം വളേം തുണീം ഒക്കെ തിരിയെക്കൊട്…. പണയംവച്ചിരിക്കുന്ന വളേം എടുത്തുകൊട്” … തറതി പുച്ഛിച്ചു.
തോമ്മാ ഒന്നും മിണ്ടിയില്ല വിറയ്ക്കുകയാണയാള്‍.
“എന്താ, ഒന്നും മിണ്ടാത്തെ? നാക്കെറങ്ങിപ്പയോ തൊണ്ടേല്?” തറതിയും നിരാശയുടെ പ്രതീകംപോലെ തിണ്ണയില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. “ചാകാന്‍ ആര്‍ക്കൊണ്ടു പേടിയാണെന്നു തോന്നും ഇതിയാന്റെ വര്‍ത്തമാനം കേട്ടാല്‍…. കൊല്ലുമെന്ന്…. കര്‍ത്താവേ! മനുഷ്യേരേക്കൊണ്ട് ഒന്നുമൊന്നും പറേപ്പിക്കാതെ ഈ കെട്ടാമങ്കേടെ കഴുത്തേലൊരു ചരടുവീണുകണ്ടിട്ട് അന്നു ചാകാന്‍ ഞാന്‍ ഒരുക്കമാ…”
പിന്നെയും നിശ്ശബ്ദത…
“കന്യാവൃതക്കാരുടെ കാവല്‍ക്കാരനായ വിശുദ്ധ ഔസേപ്പുപ്പിതാവേ…” അന്നത്തള്ള പ്രാര്‍ത്ഥന വച്ചുകീറുകയാണ്.
“എന്റെ തള്ളേ, ഒന്നു പതുക്കെ പ്രാര്‍ത്ഥിക്കാന്‍…” തോമ്മായുടെ അരിശംമൂത്ത  ചിന്തകള്‍ പതറുകയാണ്. ഏതായാലും അന്നത്തള്ള പ്രാര്‍ത്ഥനയുടെ സൗണ്ട് കുറച്ചുവച്ചു. എത്ര പതുക്കെ പ്രാര്‍ത്ഥിച്ചാലും ദൈവത്തിന്റെ ഊനമുള്ള ചെവികള്‍ കേള്‍ക്കും. പിന്നെ അവര്‍ക്കെന്താണ്?
തിണ്ണയിലേക്കു മേരി വന്നു അവള്‍ കറിയായുടെ സാരികളും ബ്ലൗസ്സുകളും ആഭരണങ്ങളും എല്ലാം ഒരു പായ്ക്കറ്റായി പൊതിഞ്ഞു തോമ്മായുടെ മുമ്പില്‍ കൊണ്ടുവന്നുവച്ചു. ചെമന്ന സില്‍ക്കു ബ്ലൗസിനുപകരം അവള്‍ കീറിത്തയ്ച്ച ആ പഴയ ചട്ടതന്നെ ഇട്ടിരിക്കുന്നു.
“എനിക്കുവേണ്ട, കൊണ്ടെക്കൊടുത്തേക്ക്.” അവള്‍എന്തോ ദൃഢനിശ്ചയം ചെയ്തിട്ടെന്നപോലെ പറഞ്ഞു. എന്നിട്ട് അകത്തേക്കു കേറിപ്പോയി.
“പെണ്ണു പറഞ്ഞതു ശരിയാ.” തറതിയും പിന്താങ്ങി. “അന്യന്റെ മൊതലു നമുക്കുവേണ്ട…. രൂപാ ഒണ്ടേല്‍ കൊടുത്തേച്ചു പണയംവച്ചിരിക്കുന്ന വളകൂടെ കൈയോടെ എടുത്തുകൊടുക്ക്… പൂത്തേടത്തെ മാനം ഇടിഞ്ഞുവീഴാതിരിക്കട്ടെ… എന്നാ അനങ്ങാംപാറപോലിരിക്കുന്നെ? കറിയാച്ചനവിടൊണ്ട്, കൊണ്ടുചെന്നുകൊടുക്കാന്‍…”
കുടുക്കില്‍ അകപ്പെട്ട പുലിയെപ്പോലെയായ തോമ്മാ…. ധീരനായ തോമ്മാ…. തറവാട്ടുകാരനായ തോമ്മാ…. അഭിമാനിയായ തോമ്മാ….
അമ്മയും മകളുകൂടെ അയാളെ വല്ലാത്തൊരു പതനത്തിലാക്കിയിരിക്കുന്നു….
ഒടുവില്‍ അയാള്‍ ആ പൊതിയുമായി എണീറ്റു. “വള ഒരാഴ്ചയ്ക്കകം എടുത്തുകൊടുക്കാം.” അയാള്‍ തന്നെത്താനെന്നപോലെ പറഞ്ഞു.
“അമ്മിണിയുടെ പട്ടുടുപ്പും വല്യമ്മച്ചിക്ക് അയാള്‍ മേടിച്ചുകൊടുത്ത കറുപ്പിന്റെയൊക്കെ വെലയുംകൂടെ കൊടുക്കണം.” മേരി പതിവില്ലാത്ത സ്വരത്തില്‍ പറഞ്ഞു. തോമ്മായോടു മേരി അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. അളമുറ്റിയാല്‍ പാമ്പും കടിക്കും.
“എന്റെ ഉടുപ്പു ഞാന്‍ തരത്തില്ല.” അമ്മിണി ഓടിച്ചെന്ന് അകത്തെ കാല്‍പ്പെട്ടിയുടെ പുറത്തു കയറിഇരുന്നു. “ഞാന്‍ തരത്തില്ല.”
അമ്മിണിക്കു നല്ല ചേര്‍ച്ചയുള്ള ഉടുപ്പാണത്. തോമ്മാ ഒരാഴ്ച വേലയെടുത്താല്‍ അത്തരം ഒരുടുപ്പു വാങ്ങിക്കാനുള്ള കാശുകിട്ടുകയില്ല. അത് തിരിച്ചുകൊടുക്കാന്‍ അയാള്‍ക്കൊരു മടി.
“എന്താണപ്പനൊന്നും മിണ്ടാത്തേ!” മേരി പരിഹസിച്ചു.  ആ ചോദ്യം തോമ്മായുടെ ചങ്കില്‍ കൊണ്ടു.
“മേരീ!” തോമ്മാ ഗര്‍ജ്ജിച്ചു. സിംഹത്തെപ്പോലെ, മേരി വിറച്ചു പോയി. അവളുടെ  ധൈര്യം മുഴുവനും പമ്പകടന്നു. അവള്‍ ഭയന്ന് അടുക്കളയിലേക്ക് ഓടിപ്പോയ്ക്കളഞ്ഞു.
പണ്ടന്‍ കറിയായുടെ വീട്ടില്‍ ആ ഭാണ്ഡവുമായി തോമ്മാ എത്തി. തറതി റാന്തല്‍വിളക്കു കാണിച്ചുകൊടുത്തു.
“ഏയ് കറിയാ….” അയാള്‍ വാതിലില്‍  മുട്ടിവിളിച്ചു. റാന്തല്‍വിളക്ക് ഉയര്‍ത്തിനോക്കി. കതകു പുറത്തുനിന്നു പൂട്ടിയിരിക്കുന്നു.
കറിയാ പോയ്ക്കഴിഞ്ഞിരിക്കുന്നു.
“കണക്കായിപ്പോയി…. കടിച്ചതുമില്ല, പിടിച്ചതുമില്ല.” തറതിയുടെ ആ പരിഹാസം സഹിക്കാതെ തോമ്മായ്ക്കു ഗത്യന്തരമില്ലായിരുന്നു.
അവന്‍ റാന്തല്‍വിളക്കുമായി തിരിച്ചെത്തി. വല്യമ്മച്ചിയുടെ പ്രാര്‍ത്ഥന. 'ആദിയും അറുതിയും ഇല്ലാത്തവിധം തുടരുകയാണ്.'
അകത്തെ മുറിയില്‍ വാതില്‍പ്പടിയുടെ അടുത്തു മേരി ഇരിക്കുന്നു. അമ്മിണി അവളുടെ മടിയില്‍ കിടക്കുന്നു. ഒരു പൂച്ച കട്ടിലില്‍ കയറി പിഞ്ഞാണത്തില്‍നിന്നു ബണ്ണിന്റെ ബാക്കി തിന്നുകയാണ്. മിക്കവാറും മേരിയുടെ കണ്‍മുമ്പിലാണ് ആ സംഭവം നടക്കുന്നത്. എന്നിട്ടും  അവളതു കാണുന്നില്ല. അവളുടെ ചിന്തകള്‍ ഗതികിട്ടാത്ത ആത്മാക്കളെക്കൂട്ട് എങ്ങാണ്ടെല്ലാമോ അലഞ്ഞുനടക്കുന്നു.
തോമ്മായും തറതിയും തിണ്ണയില്‍ അങ്ങിങ്ങായി കുത്തിയിരിക്കുന്നു. അവരുടെ മനസ്സുകള്‍ കലങ്ങിയിരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. വല്യമ്മച്ചിയുടെ പ്രാര്‍ത്ഥന കേവലം പൊറുപൊറുക്കലായി ക്ഷീണിച്ചു ലോപിച്ചിരിക്കുന്നു.
ഒരു കാര്‍ വന്നു നേരെ മുന്‍വശത്തുള്ള വഴിയില്‍നിന്നു. ശബ്ദം കേട്ട് എല്ലാവരും പെട്ടെന്ന് അങ്ങോട്ടുനോക്കി. പോലീസുകാരല്ല, അതു വലിയ വീട്ടിലെ ഇട്ടിച്ചന്‍ മുതലാളിയുടെ മകന്‍ ജോയി ആയിരുന്നു.
അവന്‍ തിണ്ണയിലേക്കു കയറിവന്നു.
അവന്‍ മേരിയെ കണ്ടു. അവള്‍ ജോയിയെയും കണ്ടു. അമ്മിണിയെ പയ്യെ നിലത്തു കിടത്തിയിട്ട് അവള്‍ എണീറ്റു. അപ്പോള്‍ കട്ടലില്‍ നിന്നു പൂച്ച വിരണ്ടു ചാടി. കുടുവന്‍ പിഞ്ഞാണം നിലത്തുവീണു വലിയ ശബ്ദത്തോടെ ഉടഞ്ഞു. മേരി പെട്ടെന്ന് ആ പിഞ്ഞാണത്തിന്റെ കഷ്ണങ്ങള്‍ പെറുക്കി.
“എന്താടീ മേരി അത്.” തറതി ചോദിച്ചു.
“പൂച്ചയാമ്മേ.” മേരി പറഞ്ഞു.
“കൊച്ചുമോള്‍ക്ക് എങ്ങനെയിരിക്കുന്നു തോമ്മാച്ചേട്ടാ?” ജോയി ചോദിച്ചു.
“അവള്‍ക്ക് സുഖമായി കുഞ്ഞേ.” തോമ്മാ ആദരപൂര്‍വ്വം അറിയിച്ചു.
“അതൊന്നറിയാവെന്നുവച്ചു കേറിയതാ.” ജോയി ഒഴികഴിവു പറഞ്ഞു. അതു തോമ്മായ്ക്കും തറതിക്കും വിശ്വാസമാവുകയും ചെയ്തു. മേരിക്കു മാത്രം അറിയാം കാര്യം അതൊന്നുമല്ലെന്ന്.
തോമ്മാച്ചേട്ടനിപ്പോഴെവിടാ വേലയ്ക്കു പോകുനന്നത്? അവന്‍ തിരയെ വഴിയിലേക്കു നടന്നുംകൊണ്ടു ചോദിച്ചു.
“പാറപൊട്ടിക്കലാ കുഞ്ഞേ.” തോമ്മാ കൂടെച്ചെന്നുകൊണ്ടു പറഞ്ഞു: “മൊതലാളി അവിടൊണ്ടോ?”
“എസ്റ്റേറ്റിലാ. വെള്ളിയാഴ്ചയേ വരൂ.” ജോയി പറഞ്ഞു. അവന്‍ കാറില്‍ കയറി. കാറിന്റെ ലൈറ്റുകള്‍ തെളിഞ്ഞു. ആ വെളിച്ചത്തില്‍ അല്പം അകലെ മാറി മാത്തുക്കുട്ടി നില്‍ക്കുന്നതു കണ്ടു. രാത്രി കാലത്ത് ആ മൊതലാളിപ്പയ്യന്‍ ആ ചെറ്റക്കുടിലില്‍ കയറിയതെന്തിന്?
കാറു കടന്നുപോയപ്പോള്‍ വീണ്ടും അവിടെയെല്ലാം അന്ധകാരമായി.
“മാത്തുക്കുട്ടി എന്താ അങ്ങനെ മിണ്ടാതെ എറങ്ങിപ്പോയതെന്നു ചോദിച്ചേച്ചുവന്നേ.” തറതി നിര്‍ബന്ധിച്ചു.
“അവന്‍ പിണങ്ങിപ്പോയതാ.”
“എന്നാലും കാരണം എന്താണെന്നറിയാമല്ലോ.”
“ഇനീം നാളെയാവട്ടെ… അതു നടക്കുകേലെടീ….”
“എന്റെ മോളിത്ര ഭാഗ്യം കെട്ടവളായിപ്പോയല്ലോ എന്റെ ദൈവമേ!” ആ പെറ്റമ്മ നെഞ്ചത്തടിച്ചു കരഞ്ഞു.
അവര്‍ അന്നു രാത്രിയില്‍ നിത്യസഹായമാതാവിന്റെ ചിത്രത്തിനു മുമ്പില്‍ മുട്ടുമുത്തിനിന്നു കൈകൂപ്പി കണ്ണുനീരോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “എന്റെ പൊന്നും കൊടുത്ത മാതാവേ! ഞാന്‍ പന്തണ്ടു മെഴുകുതിരി കത്തിച്ചേക്കാവേ!.... പട്ടാളക്കാരന്‍ മാത്തുക്കുട്ടിക്ക് എന്റെ പെണ്ണിനെ കെട്ടാന്‍ മനസ്സു തോന്നിക്കണേ…. അല്ലെങ്കില്‍ ലൂക്കാലി കറിയാച്ചന്‍ തിരിച്ചുവരണേ….. ഞാന്‍ ഏഴുപള്ളിയില്‍ അവളെക്കൊണ്ടു നേര്‍ച്ചയിടീക്കാമേ…. എന്റെ അമ്മേ! ഞങ്ങളെ കൈവെടിയല്ലേ…”


കരകാണാക്കടല്‍- 13 (നോവല്‍: മുട്ടത്തുവര്‍ക്കി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക