Image

ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (കവിത: ജോസ്‌ ചെരിപുറം)

Published on 19 April, 2014
ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (കവിത: ജോസ്‌ ചെരിപുറം)
(വിശ്വാസികള്‍ നോമ്പ്‌ അനുഷ്‌ഠിക്കുന്ന ഈ പുണ്യ മാസത്തില്‍ അവരുടെ ചിന്തകള്‍ക്കായി)

ആരാണ്‌ ഞാനെന്നറിയാതെയെന്നെ
ത്തിരയുന്ന മാനവലോകമേ, കേള്‍ക്കുക
എന്റെ വചനങ്ങള്‍ നിത്യവ്രുത്തിക്കായ്‌
തെറ്റിവ്യാഖ്യാനിച്ചു പാപികളാകല്ലേ.

അഞ്ചു മുറിവുകളേല്‍പ്പിച്ചു നിര്‍ദ്ദയം
എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ പൂര്‍വ്വികര്‍
നിങ്ങളോ നിത്യവും വെട്ടിനുറുക്കുന്നു
എന്റെ മനസ്സും തനുവും കഠിനമായ്‌

ഞാനൊരു ജാതിയെ സൃഷ്‌ടിച്ചിടാനായി
ജന്മമെടുത്തില്ല, കേള്‍ക്കുക മര്‍ത്ത്യരേ,
ദൈവം നിനച്ച്‌, ഞാന്‍ കന്യാമറിയത്തില്‍
ഉണ്ണിയായീഭൂവില്‍ വന്നു പിറന്നുപോയ്‌

പാപവിമോചനം തേടുന്ന മാനവ-
രാശിക്ക്‌ നന്മയും ശാന്തിയും നല്‍കുവാന്‍
മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്ത്‌ ഞാനേവരേം
ദൈവ വഴിയിലേക്കാനയിച്ചീടുവാന്‍.

അവിടെയവര്‍ക്കായി നന്മതന്‍ തോരണം
തൂക്കിയ വീഥികള്‍ കാട്ടിക്കൊടുക്കുവാന്‍
ഇല്ല, ഞാനില്ല പറഞ്ഞില്ലൊരിക്കലും
പ്രത്യേകമായൊരു ജാതിയുണ്ടാക്കുവാന്‍

ഏതോ കുബുദ്ധികള്‍, സാത്താന്റെ ശക്‌തിയാല്‍
എന്നില്‍നിന്നെന്നുമകന്നുപോകുന്നവര്‍
ഇല്ലാവചനങ്ങള്‍ കല്‍പിച്ചുകൂട്ടുന്നു
അല്ലേല്‍ വിധിക്കുന്നു സ്‌ത്രീക്ക്‌ നിയമങ്ങള്‍

തെറ്റിപ്പിരിച്ചിട്ടീയാട്ടിന്‍ കിടാങ്ങളെ
എങ്ങോട്ടു നിങ്ങള്‍ നയിക്കുന്നിടയരേ?
വേഷങ്ങള്‍ കെട്ടേണ്ട കാര്യമില്ല-ന്യരെ
കുറ്റപ്പെടുത്തേണ്ട, ദൈവം പ്രസാദിക്കാന്‍

വായിക്കുക, നിങ്ങള്‍ പാലിക്കുക , എന്റെ
വാക്കുകള്‍, തെറ്റുകള്‍ കൂടാതെ, മുട്ടാതെ
മുക്കിനും മൂലയ്‌ക്കും കാണുന്നനേകമാം
ഇടയരേ, നിങ്ങളിക്കാര്യം ശ്രവിക്കുവിന്‍

അത്യുന്നതങ്ങളില്‍ വാണീടുമീശ്വരന്‍
നോക്കുന്നു മര്‍ത്ത്യനെ, ഉല്‍ക്രുഷ്‌ടസ്രുഷ്‌ടിയെ
അവനോ നിരന്തരം പണിയുന്നു പള്ളികള്‍,
കൂണു മുളച്ചപോലേറുന്നു ഭൂമിയില്‍

ഞാനോ പറയുന്നു, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
നല്ലവരാകുക, നന്മ ലഭിക്കുവാന്‍
ഞാന്‍ തന്നെ ആദിയുമന്തവുമാകയാല്‍ രക്ഷ നേടും
വിശ്വാസമെന്നില്‍ പുലര്‍ത്തുന്ന മാനവന്‍.

**** **** ****

ജോസ്‌ ചെരിപുറം
josecheripuram@gmail.com
ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (കവിത: ജോസ്‌ ചെരിപുറം)
ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (കവിത: ജോസ്‌ ചെരിപുറം)

Join WhatsApp News
vaayanakkaaran 2014-04-19 08:54:24
നന്നായിരിക്കുന്നു, ജോസ്. അവസാന വരികൾ ഇങ്ങിനെയാകാമായിരുന്നു: 
ഞാൻ‌തന്നെ ആദിയുമന്ത്യവും  മർത്യരെ,  
വിശ്വസിക്കുകെന്നിൽ, രക്ഷപ്രാപിക്കുവിൻ.
josecheripuram 2014-04-19 21:13:09
If you believe in god you have endless hope,if you don't believe you have a hopless end.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക