MediaAppUSA

കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)

Published on 19 April, 2014
കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)
`മലയാള മനോരമ' മുന്‍ അസിസ്റ്റന്റ്‌ എഡിറ്ററും പ്രശസ്‌ത എഴുത്തുകാരനുമായ വൈക്കം മധുവിന്റെ കാലികപ്രധാനമായ പുതിയ പംക്തി ആരംഭിക്കുന്നു-മധുരവിചാരം. ഇന്ത്യയിലും വിദേശത്തും ധാരാളം ട്രെയിന്‍ യാത്രകള്‍ നടത്തിയിട്ടുള്ള ലേഖകന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്തിടെയുണ്ടായ കൈയാങ്കളികളെ ആക്ഷേപഹാസ്യത്തിലൂടെ നോക്കിക്കാണുന്നു.

കഥയിലെ ഒരു നമ്പൂതിരിക്കു പറ്റിയ പറ്റു പ്രസിദ്ധമാണല്ലോ. നമ്പൂതിരി തൃശൂരില്‍നിന്ന്‌ കണ്ണൂര്‍ക്കു ടിക്കറ്റെടുത്ത്‌ തീവണ്ടിയില്‍ കയറിയതാണ്‌. ചെന്നിറങ്ങിയതോ, ഏതോ പാതിരായ്‌ക്ക്‌ തിരുവനന്തപുരത്ത്‌. പിന്നെ ഉണ്ടായിരിക്കാനിടയുള്ള പുകില്‍ നമ്പൂതിരിക്കഥയിലൂടെ നാട്ടാരെല്ലാം അറിഞ്ഞു; പേരറിയാത്ത കഥാപാത്രം പ്രസിദ്ധനാവുകയും ചെയ്‌തു.

നമ്പൂതിരിക്കു പക്ഷേ അത്‌ ആദ്യത്തെ തീവണ്ടിയാത്രയായിരുന്നു. മുറുക്കാന്‍ തീര്‍ന്നപ്പോള്‍ ഇടയ്‌ക്കൊരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയ തക്കംനോക്കി തിരുമേനി മുറുക്കാന്‍ചെല്ലം റീഫില്‍ ചെയ്യാന്‍ പ്ലാറ്റ്‌ഫോമിലെ കടയിലേക്കു `ശി' നേരത്തേക്കൊന്ന്‌ ഇറങ്ങിയതേയുള്ളൂ. പെട്ടെന്നായിരുന്നു വണ്ടിയുടെ ചൂളംവിളി. കേട്ടപാതി കേള്‍ക്കാത്ത പാതി അദ്ദേഹം തിരിച്ച്‌ തീവണ്ടിയിലേക്കു കുതിച്ചു. ഭാഗ്യം! കയറിപ്പറ്റി.

``എവിടേയ്‌ക്കാ...?'' നമ്പൂതിരി ഒരു യാത്രക്കാരനോടു കുശലം ചോദിച്ചു.

``തിരുവനന്തപുരത്തേക്ക്‌'' എന്നു യാത്രക്കാരന്‍.

ഹൗ! തിരുമേനിക്ക്‌ അദ്‌ഭുതം. ശാസ്‌ത്രത്തിന്റെ ഒരു പുരോഗതിയേ... ഒരു വണ്ടിയില്‍ ഒരാള്‍ക്ക്‌ കണ്ണൂര്‍ക്ക്‌, മറ്റൊരാള്‍ തിരുവനന്തപുരത്തേക്ക്‌!

കണ്ണൂര്‍ക്കു പോകേണ്ട താന്‍ തിടുക്കത്തില്‍ ചെന്നുകയറിയത്‌ എതിര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന തിരുവനന്തപുരം ട്രെയിനിലാണെന്നു മനസിലാക്കാന്‍ പിറ്റേന്ന്‌ തിരുവനന്തപുരം യാത്ര ചെയ്യേണ്ടി വന്നു കഥയിലെ നമ്പൂതിരിക്ക്‌.

ഇത്‌ നാട്ടിന്‍പുറത്തുകാരനായ നമ്പൂതിരിക്ക്‌ പഴയകാലത്തു പറ്റിയ ഒരബദ്ധമായിരുന്നെങ്കില്‍, ഇന്ത്യയുടെ അഭിമാനം ചന്ദ്രനിലേക്ക്‌ പാതിവഴി താണ്ടിക്കഴിഞ്ഞ ഇക്കാലത്ത്‌ കൊച്ചിയിലേക്കു വരേണ്ട ഒരു തീവണ്ടി പിറ്റേന്നു പുലര്‍ച്ച്‌ സോളാര്‍പ്പൂരില്‍ ചൂളംവിളിച്ചു നിന്നത്‌ ഇന്ത്യന്‍ റെയില്‍വേയുടെ ഏതു നമ്പൂതിരിയുടെ വിവരക്കേടാണെന്ന്‌ കേരളത്തില്‍ പല കാര്യങ്ങള്‍ക്കായി അത്യാവശ്യം എത്തേണ്ട പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ക്ക്‌ ഇതുവരെ മനസിലായിട്ടില്ല.

ഗുജറാത്തിലെ ഓഖയില്‍നിന്ന്‌ എറണാകുളത്തേക്കു പുറപ്പെട്ട തീവണ്ടിയാത്രക്കാര്‍ ഏപ്രില്‍ 15നു പുലര്‍ച്ചെ ഉണര്‍ന്ന്‌ ജനാലയിലൂടെ നോക്കിയപ്പോള്‍ അദ്‌ഭുതംകൊണ്ടു. കേരളത്തിന്റെ യാതൊരു ലാഞ്‌ഛനയുമില്ലാത്ത ഭൂപ്രകൃതി. ഇതേതു നാട്‌? യാത്രക്കാര്‍ അമ്പരന്നു. കംപാര്‍ട്ട്‌മെന്റില്‍ ബഹളം. അധികം താമസിയാതെ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ ചെന്നു നിന്നു. പ്ലാറ്റ്‌ഫോമിലേക്കു നോക്കിയ യാത്രക്കാര്‍ക്കു വിശ്വസിക്കാനായില്ല. സോളാപ്പൂര്‍!!

കൊങ്കണ്‍ റൂട്ടിലെ രത്‌നഗിരിക്കടുത്ത്‌ തീവണ്ടിയപകടം ഉണ്ടായതിനെത്തുടര്‍ന്ന്‌ ഈ ട്രെയിന്‍ രാത്രി പന്‍വാലെ സ്റ്റേഷനില്‍നിന്ന്‌ വഴിതിരിച്ചു വിട്ടതോ പൂണെ - വാഡ്‌ഗാവ്‌ റൂട്ടിനു പകരം സോളാപ്പൂര്‍ വഴി ഗുല്‍ബര്‍ഗയ്‌ക്കും... പോരേ പൂരം! റെയില്‍വേയുടെ പിടിപ്പുകേടിനിരയായ ഓഖ ട്രെയിന്‍ ചൊവ്വാഴ്‌ച രാവിലെ 10.30നു കൊച്ചിയിലെത്തേണ്ട സ്ഥാനത്ത്‌ എത്തിച്ചേര്‍ന്നതാകട്ടെ ബുധനാഴ്‌ച രാത്രിയിലും. വഴിവിട്ടോടിയ ദൂരം അറുനൂറ്‌ കിലോമീറ്ററോളം വരുമെന്നാണ്‌ ഒരു റിപ്പോര്‍ട്ട്‌.

സോളാപ്പൂരിലെത്തിയ ട്രെയിനിലെ യാത്രക്കാര്‍ക്ക്‌ ടിക്കറ്റുകൂലി തിരിച്ചുകൊടുക്കാമെന്ന്‌ സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിച്ചതുതന്നെ യാത്രക്കാര്‍ ക്ഷുഭിതരായതുകൊണ്ടു മാത്രം. പലര്‍ക്കും അവിടെനിന്നു ബസ്‌ പിടിച്ച്‌ ബാംഗളൂരിലെത്തി അവിടെനിന്ന്‌ സ്വന്തം സ്ഥലങ്ങളിലേക്കു പോകേണ്ടിവന്നു. കുടുംബസമേതം യാത്ര ചെയ്‌തവരുടെ ബുദ്ധിമുട്ട്‌ വിവരണാതീതമായിരുന്നു. ഇത്‌ ഇന്ത്യന്‍ റെയില്‍വേയാണോ അതോ ഇന്ത്യന്‍ `റയില്‍' വേ ആണോ എന്നു തോന്നിപ്പോകും പലപ്പോഴും ആ സ്ഥാപനം യാത്രക്കാരെ ഇട്ടു പന്താടുന്നതു കാണുമ്പോള്‍.

സമാനമോ അതിലും ക്രൂരമോ ആയ മറ്റൊരു റെയില്‍വേ നാടകം നടന്നത്‌ പലരും അറിഞ്ഞിരിക്കാനിടയില്ല. തിരുപ്പതിയില്‍നിന്നു നിറയെ യാത്രക്കാരുമായി പുറപ്പെട്ട ഒരു ട്രെയിന്‍ മൂന്നു റെയില്‍വേ ഡിവിഷന്‍ കടന്ന്‌ 980 കിലോമീറ്റര്‍ തെറ്റായ പാതയിലൂടെ സഞ്ചരിച്ച്‌ വാറംഗല്‍ സ്റ്റേഷനിലെത്തിയിട്ടും ഒരു കുഞ്ഞുപോലും അറിഞ്ഞില്ല; വാറംഗലിലെത്തിയപ്പോള്‍ സംഭ്രമിച്ചുപോയ ചില പതിവു യാത്രക്കാര്‍ ഒഴികെ. 2011 സെപ്‌റ്റംബര്‍ ആദ്യവാരമായിരുന്നു ആ സംഭവം. തിരുപ്പതിയില്‍നിന്ന്‌ ക്ഷേത്രനഗരമായ വാരാണസിയിലേക്കു പുറപ്പെട്ട വണ്ടി ആന്ധ്രയിലെതന്നെ മറ്റൊരു സ്റ്റേഷനായ വിജയവാഡയിലെത്തുന്നു. അധികൃതര്‍ ഈ ട്രെയിന്‍ അവിടെനിന്നു ഭുവനേശ്വറിലേക്കുള്ള തീരദേശ റൂട്ടിലൂടെ തിരിച്ചുവിടേണ്ടതിനു പകരം ആന്ധ്രയുടെ ഉള്‍നാടന്‍ റൂട്ടിലൂടെ 980 കിലോമീറ്റര്‍ അകലെയുള്ള വാറംഗലിലേക്ക്‌ പറഞ്ഞുവിടുന്നു. തീവണ്ടി വിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, അത്‌ എത്തേണ്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക്‌ തെറ്റായ കോഡ്‌ നല്‍കി തീവണ്ടിയുടെ ചുമതല ഏല്‌പിച്ചുകൊടുക്കുന്നതില്‍ വരുത്തിയ പിഴവായിരുന്നത്രേ ഈ സംഭവത്തിനു കാരണം. ഭുവനേശ്വര്‍ വഴി പോകേണ്ട ഈ തീവണ്ടിക്ക്‌ ബിബിഎസ്‌ എന്ന മൂന്നക്ഷരം കൊടുക്കേണ്ട സ്ഥാനത്ത്‌ ബിഎസ്‌പി എന്ന ബിലാസ്‌പൂര്‍ കോഡ്‌ കൊടുത്തുപോയതാണ്‌ തീവണ്ടി 980 കിലോമീറ്റര്‍ വഴിവിട്ടോടാന്‍ കാരണമായതെന്നാണു വിശദീകരണം. ഭുവനേശ്വറിലെത്തി അവിടെനിന്നു വാരാണസിക്കു പോകേണ്ടതായിരുന്നു ഈ ട്രെയിന്‍. 980 കിലോമീറ്റര്‍ വഴിവിട്ടോടിയിട്ടും എതിര്‍ദിശയില്‍നിന്ന്‌ ഒരു ട്രെയിനും വന്ന്‌ കൂട്ടിയിടിക്കാതിരുന്നത്‌ യാത്രക്കാരുടെ മഹാഭാഗ്യം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത്‌ ഒരുപക്ഷേ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റം വലിയ തീവണ്ടിയപകടമാകുമായിരുന്നു. നൂറുകണക്കിനാളുകള്‍ക്ക്‌ അത്‌ അവസാനയാത്രയും.

രാജസ്ഥാനിലെ ബാര്‍മറില്‍ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23ന്‌ രാത്രി യാത്രക്കാര്‍ കയറിക്കൊണ്ടിരുന്ന ഒരു തീവണ്ടിയുടെ ബോഗികള്‍ ഇരുപതു കിലോമീറ്റര്‍ എന്‍ജിനില്ലാതെ ഒറ്റയോട്ടം. ഏതോ ഭൂതത്തിന്റെ പണിയാണെന്നു ഭയന്ന്‌ ചില യാത്രക്കാര്‍ വണ്ടിയില്‍നിന്ന്‌ എടുത്തുചാടുക വരെ ചെയ്‌തത്രെ. (അടുത്ത്‌ `ഭൂത്‌' എന്നൊരു സ്റ്റേഷനുണ്ടെന്നത്‌ മറ്റൊരു കാര്യം). രാജസ്ഥാനിലെ അസമിലെ ഗുവാഹത്തിയിലേക്കുള്ള ദീര്‍ഘദൂര തീവണ്ടിയാണ്‌ ചങ്കിടിക്കുന്ന ഈ വികൃതി കാട്ടിയത്‌. ആ സമയം വണ്ടിയില്‍ 400 യാത്രക്കാരുണ്ടായിരുന്നു. പുതുതായി പലരും കയറിക്കൊണ്ടിരിക്കുകയുമായിരുന്നു. 13 ബോഗികളുണ്ടായിരുന്ന ട്രെയിന്‍ 20 കിലോമീറ്റര്‍ ഓടിയശേഷം യാത്രക്കാരോടു സഹതാപം തോന്നിയാവണം, `ജിപ്‌സം ഹാള്‍ട്ട്‌' എന്ന സ്ഥലത്തു നിന്നത്‌. ആ നിമിഷം വരെ ഓരോ യാത്രക്കാരന്റെയും ഉള്ളില്‍ തീയായിരുന്നു. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഷ
ണ്ടിഗിനിടെയാണ്‌ തീവണ്ടി ബോഗികള്‍ ഇടഞ്ഞ ആനയെപ്പോലെ ഓട്ടം തുടങ്ങിയത്‌.

യാത്രക്കാര്‍ പലവട്ടം ചങ്ങല വലിച്ചിട്ടും പേപിടിച്ച വണ്ടിയുണ്ടോ നില്‍ക്കുന്നു! റെയില്‍വേ സ്റ്റേഷനില്‍ യാത്രയയ്‌ക്കാനെത്തിയ ബന്ധുക്കള്‍ ആക്രാന്തത്തോടെ കംപാര്‍ട്ട്‌മെന്റുകളില്‍ പെട്ടുപോയ ബന്ധുക്കളെ തുരുതുരാ ഫോണ്‍ വിളിക്കുന്നതു കേള്‍ക്കാമായിരുന്നു. ആറു ലെവല്‍ക്രോസിംഗുകള്‍ കടന്ന്‌ 40 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരുന്ന ബോഗികള്‍ 18 കിലോമീറ്ററിനപ്പുറം വേഗം കുറഞ്ഞ്‌ തളര്‍ന്നുനിന്നതോടെയാണ്‌ യാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കും ശ്വാസം നേരേ വീണത്‌. തീവണ്ടി ബോഗികള്‍ ചരിഞ്ഞ സ്ഥലത്താണ്‌ നിന്നിരുന്നതെന്നും സംഭവിച്ച ഒരു തള്ളല്‍ ബോഗികളെ ഉരുട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നുമാണ്‌ റെയില്‍വേയുടെ വിശദീകരണം.

കാഷ്‌മീരിലെ ഖ്വസിഗുണ്ടില്‍ 2011 ഏപ്രിലില്‍ ഒരു തീവണ്ടി അനന്തനാഗ്‌ ലക്ഷ്യമാക്കി 20 കിലോമീറ്റര്‍ ഒറ്റയോട്ടം. ഒരു ഡ്രൈവറുമില്ലാതെ. ഓടിക്കഴിഞ്ഞ്‌ ഒരു കയറ്റത്തിനടുത്തെത്തിയപ്പോള്‍, കയറ്റം കണ്ടു ഭയന്നിട്ടാവാം ട്രെയിന്‍ താനെ നിലച്ചു. ഇത്രയും ദൂരം ഓടിയിട്ടും ഏതെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥനോ സെക്യൂരിറ്റി ജീവനക്കാരോ ശ്രദ്ധിച്ചതേയില്ലത്രേ.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ആണ്‌ 2008 ഒക്‌ടോബറില്‍ കാശ്‌മീര്‍ താഴ്‌വരയില്‍ തീവണ്ടി ഗതാഗതം ഉദ്‌ഘാടനം ചെയ്‌തത്‌.
കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)കൊച്ചി എന്നാല്‍ സോളാപ്പൂര്‍; ഭുവനേശ്വര്‍, വാറംഗലില്‍: സര്‍ക്കാര്‍ വക തീവണ്ടിക്കളി (മധുരവിചാരം: വൈക്കം മധു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക