MediaAppUSA

കരകാണാക്കടല്‍- 14 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 25 April, 2014
കരകാണാക്കടല്‍- 14 (നോവല്‍: മുട്ടത്തുവര്‍ക്കി)
14. “ഒരുതരം, രണ്ടുതരം, മൂന്നു തരം”

നിത്യസഹായമാതാവാകട്ടെ ആ പാവപ്പെട്ട കുടുംബത്തെ കൈവെടിഞ്ഞില്ല. മാത്തുക്കുട്ടിക്കു മനസ്സുണ്ടായി. അക്കച്ചേടിത്തി ഒന്നു മുറുമുറുത്തതാണ്. എങ്കിലും മേരിക്കുവേണ്ടി പീലിപ്പായി വീറോടെ വാദിച്ചു. “കാണാന്‍ ചേലുള്ള റോസാപ്പൂവിനെക്കണ്ടാല്‍ ആരാടീ ഒന്നു നോക്കാത്തത്?” അപ്പായിയുടെ ഉള്ളിലെ സോക്രട്ടീസ് ഉണര്‍ന്നു. “ആ പെണ്ണിനെക്കണ്ടാല്‍ ആരും മോഹിച്ചു പോകും; അതവളുടെ കുറ്റമാണോ? ആണോടാ മാത്തുക്കുട്ടീ, നീ പറ.”

“അല്ല പക്ഷേ…. മാത്തുക്കുട്ടി അപ്പായിയുടെ പക്ഷത്തേക്കു ചായുകയായിരുന്നു. മേരിയുടെ സൗന്ദര്യം അവന്റെ ഹൃദയത്തെ കിക്കിളിക്കൊള്ളിക്കുകയായിരുന്നു. അവള്‍ തന്റെ മണവാട്ടിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ അവനായിരിക്കും. യൂക്കാലിപ്‌സ് കച്ചവടക്കാരനായ  കറിയാ അയല്‍ക്കാരനാണ്. മേരിയെ വിവാഹം കഴിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതു മേരിയുടെ തെറ്റാവുകയില്ല.

വലിയവീട്ടിലെ ജോയി എന്തിനു രാത്രിയില്‍ ആ വീട്ടില്‍ വന്നു? അമ്മിണിക്കു സുഖമായോ എന്നന്വേഷിക്കാന്‍. ജീവകാരുണ്യംപ്രവര്‍ത്തനങ്ങള്‍ക്കും പരോപകരാത്തിനും കേളികേട്ടവരാണ് വലിയവീട്ടുകാര്‍. വലിയ വീട്ടിലെ ഇട്ടിച്ചന്റെ സ്വാധീനംകൊണ്ടാണ് ആ പുറമ്പോക്കിലെ പരിഷകള്‍ അവിടെ ജീവിച്ചുപോരുന്നതുതന്നെ. അല്ലെങ്കില്‍ അവറ്റകളൊക്കെ ഇന്ന് എവിടെ ആയിരുന്നേനെ? കുഞ്ഞമ്മു എന്ന ചടമ്പി അവളെ ബലാല്‍ക്കാരത്തിനു മുതിര്‍ന്നതും അവളുടെ കുറ്റംകൊണ്ടല്ല. അപ്പായി പറഞ്ഞതുപോലെ  ആ പെണ്ണിനു സൗന്ദര്യം കുറെ കൂടിപ്പോയി. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ സൗന്ദര്യം നല്‍കുന്നത് അവര്‍ക്ക് അപകടമാണെന്നും സൃഷ്ടികര്‍ത്താവായ ദൈവം അറിഞ്ഞിരിക്കേണ്ടതാണ്. സൗന്ദര്യമുള്ള പെണ്ണിനെ സ്ത്രീധനമില്ലെങ്കിലും ആരും കെട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളും എന്നൊരു ഗുണവശവും ഉണ്ട്.

ആ പെണ്ണു പട്ടണത്തില്‍ ജീവിച്ചുവളര്‍ന്നവളാണ്. അവളുടെ കന്യാത്വത്തിനു ഭംഗം വന്നിട്ടില്ലെങ്കില്‍ അതൊരു അത്ഭുതമായിരിക്കും. പക്ഷേ, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അവന്‍ ആ മുഖം കണ്ടു. മാടപ്രാവിന്റെ നിര്‍മ്മലതയേ ആ മുഖത്ത് അവനു കാണാന്‍ കഴിഞ്ഞുള്ളൂ. അവളുടെ ചാരിത്ര്യത്തിനു കാവല്‍ക്കാരനായി ഭീകരനായ അല്‍സേഷ്യന്‍നായയെപ്പോലെ തോമ്മാ നില്‍ക്കുന്നു. ആരു ധൈര്യപ്പെടും അവളെ ഒന്നു തൊടുവാന്‍? ഒരാള്‍ മാത്രമേ അവളെ തൊട്ടുനോക്കാന്‍ ചങ്കൂറ്റം കാണിച്ചൂള്ളൂ. കുഞ്ഞമ്മു. അവനിന്നും ആശുപത്രിയിലാണ്. മറ്റൊരാളുണ്ട് ജോയി. അതാരും  അറിഞ്ഞിട്ടില്ല.

“നിന്റെ പക്ഷേ,” അപ്പായി അചഞ്ചലനായിരുന്നു. “ഇന്നു നിന്റെയും മേരിക്കുട്ടിയുടെയും മനസ്സുചോദ്യം…. തിങ്കളാഴ്ച കല്യാണം…. നിനക്കെന്നാ പോകേണ്ടത്?”
“അടുത്തയാഴ്ചയില്‍.”
“ഇനീം പിന്നെന്ന് അവധി കിട്ടും?”
“ആറുമാസം കഴിഞ്ഞ്, അത്യാവശ്യകാര്യമാണെങ്കില്‍ എന്നെങ്കിലും വരാം; അച്ഛനോ അമ്മയ്‌ക്കോ സുഖക്കേടു കൂടുതലാണെന്നും പറഞ്ഞ്…”
“അങ്ങു പട്ടാളത്തില്‍ ചെന്നാല്‍ കുടുംബമായിട്ടു താമസിക്കാമോടാ?”
“താമസിക്കാമപ്പാ.”
“എന്നാല്‍ നീ കല്യാണം കഴിഞ്ഞു പോയിട്ട് വീടും ഒക്കെ ശരിപ്പെടുത്തിയേച്ചു വന്നിട്ട് അവളെ കൂട്ടിക്കൊണ്ടുപൊയ്‌ക്കോ… എന്താടാ?”
“ഒന്നുമില്ല. അപ്പനും അമ്മയും പറയുന്നതില്‍ മറിച്ചൊന്നും പറയാന്‍ എനിക്കില്ല.”
“എന്തിനാടാ അമ്മേടെ കാര്യം പറേന്നത്?” അക്കാമ്മ ചൊടിച്ചു: “നിന്റെ അമ്മ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കിത്തിന് ഒഴുകിവന്നതല്ലേ?”
“പെടക്കോഴി കൂവാതെടീ.” അപ്പായി കയര്‍ത്തു.
“അമ്മയൊന്നു മിണ്ടാതിരിക്കമ്മേ.” മാത്തുക്കുട്ടി അഭ്യര്‍ത്ഥിച്ചു.
“ഞാന്‍ മിണ്ടുന്നില്ല. പക്ഷേങ്കി, സ്ത്രീതനം അഞ്ഞൂറ്റൊന്നു രൂഭായും ഈ തിണ്ണേല്‍ കൊണ്ട്വെന്നു തരാതെ ഞാനീ കല്യാണം നടത്വേലാ. അപ്പനും മോനുംകൂടെ എത്ര തട്ടിട്ടു തുള്ളിയാലും ശരി…”
“ഇവളെന്താ പിരാന്താ ഇപ്പറേന്നത്… എടീ രൂപാ തരാമെന്നല്ലേ തോമ്മാ പറഞ്ഞിരിക്കുന്നത്…. പൂത്തേടത്തു തോമ്മാ പാവപ്പെട്ടവനാണേലും എമ്പോക്കിയല്ലെടീ. അവന്‍ വാക്കിനു നെജമൊള്ളവനാ; നെനക്കറിയാമോ…. നെനക്കറിയാ ഉണ്ടേച്ചൊറങ്ങാന്‍…”
അപ്പോള്‍ അതങ്ങനെതന്നെ എന്നു തീരുമാനിക്കപ്പെട്ടു. മേരിയുടെ കാര്യത്തില്‍ അക്കച്ചേടത്തിക്കു യാതൊരു സംശയവുമില്ല. അവളെ അവര്‍ക്കു വലിയകാര്യമാണുതാനും. പണം കിട്ടണം. അത് അത്യാവശ്യം. അല്ലെങ്കില്‍ അതൊരു കുറച്ചിലാണ്. അത്രേയുള്ളൂ.
അമ്മിണിയാണ് മേരിയുടെ തലമുടി പിന്നിക്കെട്ടിയത്. കടുക്കാമറിയയാണ് അന്നു വലിയവീട്ടില്‍നിന്ന് അമ്മിണിക്കു പാലു വാങ്ങിക്കൊണ്ടു വന്ന കൊടുത്തത്. മറിയ വാസ്തവത്തില്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. പണ്ടന്‍ കറിയായുടെ വക സാരികളും ആഭരണങ്ങളും മേരി അണിഞ്ഞതു തോമ്മായ്ക്കത്ര ഇഷ്ടമായില്ല. എങ്കിലും ഒന്നും മിണ്ടിയില്ല. എല്ലാം അണിഞ്ഞൊരുങ്ങി സ്തുതിചൊല്ലാന്‍ തിണ്ണയിലേക്കു  ഇറങ്ങിവന്ന മകളെ കണ്ടപ്പോള്‍ സത്യമായും ആ പിതാവിന്റെ  കണ്ണുകളില്‍ ആനന്ദബാഷ്പം നിറഞ്ഞു.
“അപ്പാ! ചേച്ചിയെ കാണാന്‍ ഇപ്പം എന്തൊരു ചേല്!”  അമ്മിണി കണ്ണുവച്ചു. തറതി അവളെതല്ലി. “എന്റെ കുഞ്ഞിനെ കണ്ണുവയ്ക്കുന്നോടീ കരിനാക്കീ മൂശേട്ടെ?”
ഠമരിയെ ആരെങ്കിലും കണ്ണുവയ്ക്കുമെന്നും കണ്ണുദോഷം ഫലിക്കുമെന്നും ആ തള്ള സത്യമായും ഭയപ്പെട്ടിരുന്നു. അവര്‍ അന്തോനീസ്  പുണ്യാവാളന്റെ നടയില്‍ ഒരു കുടം മെഴുകുതിരി കത്തിച്ചേക്കാമെന്ന് ഉള്ളുകൊണ്ടു നേര്‍ന്നു. നേര്‍ച്ചക്കടംതന്നെ ഇപ്പോള്‍ ഒരുപാടായി. എല്ലാം വീട്ടണം. കല്യാണം ഒന്നു കഴിഞ്ഞോട്ടെ…. കര്‍ത്താവേ! എത്രയെത്ര നാള്‍ നോമ്പുനോറ്റിരുന്നു ഇങ്ങനെ ഒരുദിവസം വരാന്‍വേണ്ടി!
“എന്റെ പൊന്നുംകൊടുത്ത പൊന്നുമോളെ, ദൈവം തമ്പിരാന്‍ അനുഗ്രേക്കുമെടീ.” വല്യമ്മച്ചി തന്റെ പേരക്കിടാവിനെ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മകൊടുത്തുംകൊണ്ട് ആശീര്‍വദിച്ചു.
കടുക്കാമറിയയാണു മേരിയുടെകൂടെ പള്ളിയിലേക്കു പോയതും വഴിയില്‍വച്ചു മേരിക്കു കുട ചൂടിക്കൊടുത്തതും.
തന്റെ മകള്‍ക്കു താന്‍ വേലയെടുത്തുണ്ടാക്കിയ കാശുകൊണ്ടൊരു സാരി വാങ്ങിക്കൊടുക്കാന്‍ ഇതേവരെ കഴിഞ്ഞില്ലല്ലോ. അതോര്‍ത്തപ്പോള്‍ പാവം തോമ്മായുടെ ഹൃദയത്തില്‍ നൊമ്പരമുണ്ടായി. ദൈവമേ! അധികം ആശിക്കുന്നത് അങ്ങു ക്ഷമിക്കേണമേ! അവളുടെ കഴുത്തില്‍ ഒരു കന്യാദാനക്കാരന്‍ തറവാട്ടുകാരന് കൊച്ചന്‍ ചരടുകെട്ടുന്നതു കണ്ടേച്ചു മരിക്കാന്‍പോലും അയാള്‍ തയ്യാറാണ്.
തുലാമാസത്തിലെ ഒരു ഉച്ചതിരിഞ്ഞനേരം. വെയിലിനു നല്ല ചൂടുണ്ടായിരുന്നു. ആകാശത്തില്‍ കാര്‍മേഘങ്ങളുണ്ടായിരുന്നു. ഗ്രാമത്തിലെ ഇടവകപ്പള്ളീടെ അള്‍ത്താരയുടെ മുമ്പില്‍ തൂങ്ങുന്ന കെടാവിളക്കിന്റെ നാളം നിശ്ചലം പ്രകാശിച്ചുകൊണ്ടിരുന്നു. നമസ്‌കാരങ്ങളെല്ലാം മേരികിളിപോലെ പറഞ്ഞുകേള്‍പ്പിച്ചു. വൈദീകന്‍ സംപ്രീതനായി.
“മത്തായി, ഈ നില്‍ക്കുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്കു സമ്മതമാകുന്നുവോ?”
'അതെ.' മാത്യു ഉത്തരം നല്‍കി.
“മറിയം, ഈ നില്‍ക്കുന്ന മത്തായിയെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിനക്കം സമ്മതമാകുന്നുവോ?”
“ഉം.” അവള്‍ മൂളി. അവളുടെ കണ്ഠം ഇടറി. സൃഷ്ടികര്‍ത്താവായ പരംപൊരുളിന്റെ തിരുസന്നിധാനത്തിലാണു താന്‍ നില്‍ക്കുന്നതെന്ന് അവള്‍ക്കു തോന്നി. അവളുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടായിരിക്കുന്നു. രണ്ടു ദിവസംകൂടി കഴിയുമ്പോള്‍ അവളൊരു മണവാട്ടിയാകും. അവള്‍ക്കൊരു ഭര്‍ത്താവുണ്ടാകും. ഭാവിയിലേക്ക് അവളുടെ ചിന്തകള്‍ മിന്നല്‍പ്പിണറുകള്‍പ്പോലെ പാഞ്ഞു. അവള്‍ക്കു മക്കളുണ്ടാകും. ആ മക്കളെ അവള്‍ നല്ലവരായി വളര്‍ത്തും. പള്ളിമേടയിലെ മേല്‍ക്കൂരയിലിരുന്നു വെള്ളപ്രാവുകള്‍ കുറുകുന്നു.
ദൈവതിരുമുമ്പില്‍ അവള്‍ക്കു ധൈര്യമായി നില്‍ക്കാം. കാരണം അവള്‍ നിര്‍മ്മലയാകുന്നു. കാറ്റുകളിലും കൊടുങ്കാറ്റുകളിലും അവള്‍ അവളുടെ കന്യാവ്രതമാകുന്ന കൈത്തിരി കെട്ടുപോകാതെ ഇന്നോളം സൂക്ഷിച്ചു. രണ്ടേ രണ്ടു ദിവസം കഴിയുമ്പോള്‍ ആ ഭദ്രദീപത്തെ അവള്‍ തന്റെ ജീവിതേശ്വരനു പാദകാണിക്കയായി അര്‍പ്പിക്കും. ലോകത്തിലെ എല്ലാ നിധികളെയുംകാള്‍ ഒരു പുരുഷനു ലഭിക്കാവുന്ന മഹത്തായ  സമ്പത്താണല്ലോ തന്റെ ഭാര്യയുടെ ചാരിത്ര്യം. പട്ടാളക്കാരന്‍ മാത്തുക്കുട്ടി അക്കാര്യത്തില്‍ ഒരു ചക്രവര്‍ത്തിയാണ്.
എല്ലാവരും അറിഞ്ഞു. എല്ലാവരും സന്തോഷിച്ചു. മേരിയോടു താരതമ്യപ്പെടുത്തുമ്പോള്‍ മാത്തുക്കുട്ടി അത്ര സുന്ദരനല്ല. എങ്കിലും രണ്ടുപേരെയും കണ്ടാല്‍ ആരും പഴിക്കുകയില്ലതാനും.
ശത്രുക്കളില്‍നിന്നു ജന്മനാടിനെ രക്ഷിക്കുന്ന പടയാളി എന്നതിനേക്കാള്‍ മഹനീയമായ ഒരു പദവിയില്ല. ഈ സൂര്യനു കീഴില്‍ എല്ലാവരും പറഞ്ഞു. 'കൊള്ളാ'മെന്ന്. പപ്പടക്കാരി പാറു മാത്രം പറഞ്ഞു. “പക്ഷേങ്കി, ലൂക്കാലികറിയാച്ചന്റെ ശാപം നിന്നു ഫലിക്കും കേട്ടോ മേരിമ്മേ.”
“അവന്‍ പോയി തോടുതേകട്ടെടീ പാറൂ.” എന്നായി കടുക്കാമറിയ. “നല്ല പവന്‍ പോലിരിക്കുന്ന തറവാട്ടുകാരി കന്നിപ്പെണ്ണിനെ കെട്ടാമെന്ന് ആ രണ്ടാംകെട്ടുകാരന്‍ വരത്തന്‍ മോഹിച്ചുകളഞ്ഞല്ലോ… അതാണതിശം.”
സദ്യയൊന്നും വേണ്ടെന്നാണു തീരുമാനിച്ചിരിക്കുന്നത്. ചെറുക്കന്റെയും പെണ്ണിന്റയുംകൂടെ അന്ന്, തിങ്കളാഴ്ച രാവിലെ  പള്ളിയില്‍ പോകാന്‍ നാലഞ്ചാളുകള്‍ വേണം. അത്രതന്നെ. അതിനുള്ള സദ്യവട്ടങ്ങള്‍ ഒരുക്കാനാണു പരിപാടി. ഞായറാഴ്ച വൈകുന്നേരം മാത്തുക്കുട്ടിയുടെ  വീട്ടില്‍ ഒരു ടീപ്പാര്‍ട്ടി ഉണ്ടാകും. അവന്റെ ചുരുക്കം ചില കൂട്ടുകാരെ മാത്രമേ വിളിക്കുന്നുള്ളൂ. ദൈവം സഹായിച്ചാല്‍ മേരിയുടെ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മാമോദീസാക്കല്യാണം ഇത്തിരി മോടിയായി നടത്തണമെന്ന് തറതി മനസ്സില്‍ ഉദ്ദേശിച്ചിട്ടുണ്ട്.
നല്ലവനായ ഇട്ടിച്ചന്റെ വീട്ടില്‍ തോമ്മാ വെള്ളിയാഴ്ച രാവിലെ എത്തി. അദ്ദേഹം എസ്റ്റേറ്റില്‍ പോയിരിക്കുകയാണ്. രാത്രി വളരെ ഇരുട്ടിയിട്ടേ വരൂ. നാളെ ശനിയാഴ്ചയാണു പണം കൊടുക്കേണ്ടത്. അഞ്ഞൂറു രൂപാ ദാനമായിട്ടുതന്നാല്‍ത്തന്നെയും തിരിയെക്കൊടുക്കണം. ആരുടെയും ഔദാര്യം ഇതേവരെ പൂത്തേടത്തു തോമ്മാ പറ്റിയിട്ടില്ല. കുറേശ്ശെക്കുറേശ്ശെയായി വേലയെടുത്തു കടം വീട്ടാനാണു ഉദ്ദേശ്യം.
രാത്രി പത്തുമണിവരെ വലിയവീടിന്റെ പടിക്കല്‍ തോമ്മാ കാത്തുനിന്നു. അന്ന് അയാള്‍ ജോലിക്കേ പോയില്ല. ദൈവം  സഹായിച്ചു ഇട്ടിച്ചന്‍ വന്നു. അദ്ദേഹത്തിന്റെ കാര്‍ ഗേറ്റു കടന്നു വീട്ടുമുറ്റത്തു ചെന്നു നിന്നു. തോമ്മാ ഓടിച്ചെന്നു.
“ഞാന്‍ മൊതലാളിയെ കാത്തുനില്‍ക്കുകാരുന്നു.”  കാറില്‍നിന്നിറങ്ങിയ ഇട്ടിച്ചനെ തൊഴുതുകൊണ്ടു തോമ്മാ ഉണര്‍ത്തിച്ചു.
“എന്തോ തോമ്മാ വിശേഷം?” വരാന്തയിലേക്കു കയറുന്നവഴി മുതലാളി ചോദിച്ചു.
“മകളു പെണ്ണിന്റെ കല്യാണം എല്ലാം ഉറച്ചു; കൂട്ടിച്ചോദ്യം കഴിഞ്ഞു. കെട്ടു തിങ്കളാഴ്‌ചേന്നാ നിശ്ചയിച്ചിരിക്കുന്നത്.”
“കൊള്ളാം, തോമ്മാ. കല്യാണത്തിനു ക്ഷണിക്കാന്‍ വന്നതാണോ…. വരാം കേട്ടോ…” ഇട്ടിച്ചന്‍ അകത്തേക്കു കയറിപ്പോയി. പറയേണ്ട കാര്യമൊട്ടു പറഞ്ഞതുമില്ല. അദ്ദേഹം വരുമായിരിക്കും. അയാള്‍ മുറ്റത്തു വരാന്തയുടെ അരികുചേര്‍ന്നു പിന്നെയും കാത്തുനിന്നു. താന്‍ അവിടെ നില്‍പ്പുണ്ടെന്ന് അറിയിക്കാന്‍ തോമ്മാ ഇടയിക്കിടെ ചുമയ്ക്കുകയും മുരടനക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ അങ്ങനെ നിന്നുകാണും. ഒടുവില്‍ വേലക്കാരന്‍ വന്നറിയിച്ചു. 'നാളെ രാവിലെ വരാന്‍ മൊതലാളി പറഞ്ഞു' എന്ന്.
തോമ്മായ്ക്ക് അല്പം സമാധാനമായി. നാളെ രാവിലെ മതി. ദൈവമേ മതി. ഉച്ചയ്ക്കു മുമ്പു കിട്ടിയാല്‍ മതി.
അന്നു രാത്രി തോമ്മാ ഒരുപോള കണ്ണടച്ചില്ല. എത്ര ദിവസം ഉറക്കിളച്ചാലും അങ്ങനെയിങ്ങനെയൊന്നും ക്ഷീണിക്കുന്ന ശരീരമല്ല പൂത്തേടത്തു തോമ്മായുടേത്.
നേരം കിള്ളിവെളുത്തപ്പോള്‍ തോമ്മാ എണീറ്റു. ഇന്നു പണം കൊടുക്കുന്ന ദിവസമാണ്.
“തോമ്മായേ, പണവുംകൊണ്ടു നിങ്ങളെത്രപേരു വരും?”
അപ്പുറത്തുനിന്നു തളന്തന്‍ പീലിച്ചേട്ടന്‍ വടി ഊന്നിനിന്നുകൊണ്ട് ഇപ്പുറത്തേക്കു വിളിച്ചുചേദിച്ചു.
“എന്തിനാ പീലിപ്പായി, അധികം പേര്?” തോമ്മാ കുറെ നീങ്ങിനിന്നുകൊണ്ടു പറഞ്ഞു:  ഞാന്‍തന്നപോരായോ?”
“നിങ്ങളെത്രേപേരു വന്നാലു ഇവിടെ കുഴപ്പമൊന്നുമില്ല, അഞ്ചെട്ടുപേര്‍ക്കുള്ള ഊണും കാപ്പിയും ഒരുക്കുന്നുണ്ട്.”
ശരിയായിരുന്നു. സ്വല്പം കാര്യമായിട്ടുതന്നെയാണ് അപ്പുറത്തെ ഒരുക്കം. കുഞ്ഞന്‍പറയന്‍ പര്യമ്പ്രത്തിട്ട് ഒരു തടിയന്‍ പൂവന്‍ കോഴിയെ കൊല്ലുന്നു. മാത്തുക്കുട്ടി ഇന്നലെ ചന്തയില്‍നിന്ന് എന്തൊക്കെയോ ഒരു പാടു സാധനങ്ങള്‍ വലിച്ചുവാരി വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടത്രേ.
തോമ്മാ വലിയവീട്ടിലേക്കു പോകാനായി മുറ്റത്തേക്കിറങ്ങിയപ്പോള്‍ തറതി വാതില്‍ക്കല്‍ വന്നു ചെറ്റയില്‍ കൈപിടിച്ചുനിന്നുകൊണ്ടു പറഞ്ഞു: “പെണ്ണിന്റെ കല്യാണത്തിനെങ്കിലും എനിക്കൊരു നേര്യതു മേടിച്ചുതരണേ.”
“മേടിച്ചു തരാമെടീ; പെടയ്ക്കാതെ.”
“എത്ര കൊല്ലങ്ങളായി ഇങ്ങനെ പറേന്നു!”
“തോമ്മാചെറുക്കാ നീ ചന്തേപ്പോവാണേല്‍ എനിക്കു ശകലം കാലിപ്പോലെടെ ഞെട്ടും ശകലം കറുപ്പുംകൂടെ മേടിച്ചോണ്ടു പോരണോടാ.”
അന്നത്തള്ള അവരുടെ ഏറ്റവും വലിയ ആവശ്യം അറിയിച്ചു. നല്ലവനായ കറിയാകൊണ്ടുവന്നു കൊടുത്ത കറുപ്പുമുഴുവന്‍ തീര്‍ന്നെന്നുതന്നെ പറയാം. വാഴയിലയുടെ ചുളുക്കത്തില്‍ ഇനി ഒരു കടുകുനോളം വലുപ്പത്തില്‍ ശകലം കണ്ടെങ്കിലായി. വേറെ കറുപ്പു വാങ്ങിക്കൊണ്ടു വന്നിട്ടേ അവരതു തൊടുകയുള്ളൂ. അല്ലെങ്കില്‍ അതു മേരിപ്പെണ്ണിന്റെ കല്യാണത്തിന്റെ അന്ന് എടുക്കണം എന്നാണ് അവരുടെ പ്ലാന്‍.
“ഞാനിപ്പം ചന്തയ്ക്കു പോവല്ലമ്മച്ചീ.” തോമ്മാ പറഞ്ഞു. “മൊതലാളി ഇപ്പം എണീറ്റുകാണുമോ? ഞാനങ്ങോട്ടു ചെല്ലട്ടെ.” തോമ്മാ വഴിയിലേക്കിറങ്ങി.
ശവകോട്ടയിലെ കുഴിവെട്ടുകാരനാണെങ്കിലും അപ്പുറത്തെ മിഖായിലേല്‍ ചേട്ടന്‍ തറവാട്ടുകാരനാണ്. ഏതായാലും അയാള്‍ പോകുന്നതിനുമുമ്പു വിവരം ഒന്നറിയിച്ചേക്കാം. തോമ്മാ തെക്കോട്ടു നടന്നു. മിഖായേല്‍ ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു.
“പെണ്ണിന്റെ പണംകൊടയ്ക്ക് എണങ്ങനായി മിഖായേല്‍ചേട്ടന്‍കൂടെ വരണം. ഉച്ചതിരിഞ്ഞ് പീലിപ്പായിയുടെ വീട്ടില്‍.” തോമ്മാ അറിയിച്ചു.
ഇന്നു പള്ളീല്‍ ശവമടക്കൊന്നുമില്ലേല്‍ വരാം. എന്നാടാ തോമ്മാ കെട്ട്? പുറത്ത് ഒരു തേങ്ങാമുറിയോളം മുഴയുള്ള, കരിമ്പറയനെപ്പോലിരിക്കുന്ന അറുപത്തഞ്ചുകാരനായ മിഖായേല്‍ചേട്ടന്‍ ചോദിച്ചു.
“തിങ്കളാഴ്ച.”
“കെട്ടിക്കേറ്റമോ.?”
“എന്റെ വീട്ടില്‍.”
“സ്ത്രീധനമോടാ?”
“അഞ്ഞൂറ്റൊന്ന്.”
“നടപടി?”
“ഒള്ളതൊക്കെ.”
“നീ പൊയ്‌ക്കോ തോമ്മാ, ഞാന്‍ വന്നേക്കാം.”
മണി എത്രയായെന്നറിഞ്ഞില്ല. ആകാശം മുഴുവനും മഴക്കാറുകളാണ്. എന്നുതന്നെയല്ല, മഴ ചാറുന്നുണ്ട്. മഴ തോമ്മായ്‌ക്കൊരു പ്രശ്‌നമല്ല. മഴയും മഞ്ഞും വെയിലും പട്ടിണിയും ഒന്നും അയാളുടെ ഇരുമ്പുപോലെ ഉറച്ച ശരീരത്തിനു ബാധകങ്ങളല്ല.
ഇട്ടിച്ചന്‍ എണീറ്റില്ലായിരുന്നു തോമ്മാ ചെന്നപ്പോള്‍. അയാള്‍ മുറ്റത്തിന്റെ ഒരു അരികുചേര്‍ന്നു വളരെനേരം നിന്നു.
ജോയി വരാന്തയിലേക്കു വന്നു. അവന്‍ കൈയില്ലാത്ത ഒരു ബനിയനും സിംഗപ്പൂര്‍ കൈലിയും ആണ് ധരിച്ചിരിക്കുന്നത്. തോളത്ത് ഒരു തോര്‍ത്തുമുണ്ട്. ബ്രഷ്‌കൊണ്ട് അവന്‍ പല്ലുതേക്കുകയാണ്.
“എന്നാ തോമ്മാച്ചേട്ടാ? ഇങ്ങുവന്നേ.”
തോമ്മാ വരാന്തയുടെ അടുത്തെത്തി.
“മേരിയുടെ  കല്യാണം ഉറച്ചെന്നു കേട്ടു. ഉള്ളതാണോ?”
 തോമ്മാ എല്ലാം വിവരമായി പറഞ്ഞുകേള്‍പ്പിച്ചു.
“ആ യൂക്കാലിപ്‌സ് കറിയാ അവളെ കെട്ടാന്‍ പോണെന്നു കേട്ടിരുന്നല്ലോ.”
“മനുഷ്യേരു ചുമ്മാ പറഞ്ഞൊണ്ടാക്കിയതല്ലേ.”
“അതു ശരി…”
അപ്പോഴേക്കും ഇട്ടിച്ചന്‍ യാത്രക്കൊരുങ്ങിയ വേഷത്തില്‍ വരാന്തയിലെത്തി. ജോയി അകത്തേക്കു പൊയ്ക്കളഞ്ഞു.
“ഇന്നുച്ചയ്ക്കാ പണംകൊട.” തോമ്മാ തൊഴുകൈയോടെ അറിയിച്ചു.
“ഉം… അതിനെന്താ? കൊടുക്കണം. ഞാനിപ്പോള്‍ എസ്റ്റേറ്റിലേക്കു പോവുകയാണ്.”
കാര്‍ മുറ്റത്തുവന്നു നിന്നു.
“അഞ്ഞൂറ്റൊന്നു രൂപായാ…. മൊതലാളിയോടു നേരത്തേ ഞാന്‍ പറഞ്ഞിരുന്നു.”
“ഒവ്വ്! ഞാനോര്‍ക്കുന്നുണ്ട് തോമ്മാ…. ഞാനീയിടെ ഒരു പുതിയ എസ്റ്റേറ്റ് വാങ്ങിച്ചു… ഇനി ഒന്നരലക്ഷം രൂപാ കൂടെ കൊടുക്കാനുണ്ട്….അതിനിടയ്ക്കാണ് ആദായനികുതിക്കാരു വന്നിരിക്കുന്നത്… മുക്കാല്‍ ലക്ഷം രൂപാ കൊടുത്തില്ലെങ്കില്‍ വസ്തുക്കള്‍ ലേലം ചെയ്യുമെന്നു നോട്ടീസ്. എന്താ തരക്കടുണ്ടോ..? അവന്റെയൊക്കെ തന്തമാരുണ്ടാക്കിയിട്ടതാണെന്നു തോന്നും ഞാന്‍ മൊതലെല്ലാം.”
“എന്നാ മൊതലാളി പോകുന്നേനുമുമ്പ് ആ കാശിങ്ങു തന്നേച്ചാല്‍…. പലിശേംകൂട്ടി തിരിച്ചു തന്നോളാം. അല്ലെങ്കില്‍ ഞാന് ഇവിടെ വേലയെടുത്തെങ്കിലും കടം വീട്ടിക്കൊള്ളാം.”
“തോമ്മായെ എനിക്കു വിശ്വാസമാണ്… കേട്ടോ തോമ്മാ… ഒരു പുതിയ കാറു വാങ്ങിക്കാന്‍ ഞാന്‍ രണ്ടുകൊല്ലമായി ഉദ്ദേശിക്കുന്നു. പണം ഒത്തുകിട്ടണ്ടേ… ഉം..” ഇട്ടിച്ചന്‍ പോക്കറ്റില്‍നിന്നു പേഴ്‌സെടുത്തു. അതില്‍നിന്ന് ഒരു പത്തുരൂപായുടെ നോട്ടെടുത്തു തോമ്മായുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു. “ഇങ്ങനത്തെ വിവാഹസംഭാവനയ്ക്കു തന്നെ ആണ്ടില്‍ എത്ര രൂപവേണമെന്നോ…”
തോമ്മായുടെ കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ തോന്നി.
“മൊതലാളി!” അയാളുടെ കണ്ഠം ഇടറി.
“ഇന്നാ  ഇതു തിരികെത്തരികയൊന്നും വേണ്ട.”
“അയ്യോ…. അഞ്ഞൂറ്റൊന്നു രൂപാ വേണം. എന്റെ പൊന്നു മൊതലാളീ…”
“എങ്ങനെയെങ്കിലും ഉണ്ടാക്കി ആ പെണ്ണിനെ കെട്ടിച്ചുവിടൂ തോമ്മാ…. മനുഷ്യേരെക്കൊണ്ട് അതുമിതും പറയിപ്പിക്കാനിടവരുത്താതെ… ഇതാ,”
“അതുപോരാ മൊതലാളീ.”
മുതലാളി കാറില്‍ കയറി. കാര്‍ സ്റ്റാര്‍ട്ടുചെയ്തു. കാര്‍ അനങ്ങി. ഇട്ടിച്ചന്‍ ആ പത്തുരൂപാ നോട്ടു തോമ്മായുടെ മുമ്പിലേക്ക് ഇട്ടുകൊടുത്തു. “ദൈവത്തെയോര്‍ത്ത്…. മൊതലാളി എനിക്കു രൂപ തന്നേച്ചേ പോകാവൂ… എന്നെ എന്റെ പൊന്നു മൊതലാളി കൈവെടിയരുത്.”
“താന്‍ മാറിനില്‍ക്കൂ…. വണ്ടിവിടട്ടെ…. കിറുക്കു പറയാതെ.” ഇട്ടിച്ചന്റെ സ്വരം സ്വല്പം പരുഷമായി.
ഒടുവില്‍ ഡ്രൈവര്‍ ഇറങ്ങിച്ചെന്നു തോമ്മായെ പിടിച്ചുതള്ളി. തോമ്മാ മുറ്റത്തു വീണുപോയി. ഡ്രൈവര്‍ കാറില്‍ കയറി. കാറിന്റെ ചക്രങ്ങള്‍ ഉരുണ്ടു. കാറിന്റെ പുറകേ തോമ്മാ ഒരു ഭ്രാന്തനെപ്പോലെ ഓടി. പക്ഷേ, അതിന്റെ  ഒപ്പമെത്താന്‍ തോമ്മായ്ക്ക് സാധിച്ചില്ല. അയാള്‍ വഴിയരികില്‍ ഇരുന്നുപോയി. തല കറങ്ങുന്നതുപോലെയും ദേഹം തളരുന്നതുപോലെയും തോന്നി. ആ കാറിന്റെ മുമ്പില്‍ ചാടി അരഞ്ഞരഞ്ഞു മരിച്ചിരുന്നെങ്കില്‍… അഞ്ഞൂറ്റൊന്നുരൂപാ… ദൈവമേ… അഞ്ഞൂറ്റൊന്നുരൂപാ… അഞ്ഞൂറ്റൊന്നുരൂപാ.
മഴ ചാറുന്നുണ്ടായിരുന്നു. തോമ്മാ അത് അറിയുന്നതേയില്ല. മേഘങ്ങളായ മേഘങ്ങളെല്ലാം പെയ്യുന്ന മഴ നനഞ്ഞാലും അയാളുടെ ഉള്ളിലെ തീ കെടുകയില്ല.
രൂപ കിട്ടിയില്ലെന്നറിഞ്ഞപ്പോള്‍ തറതിക്ക് മോഹലാസ്യമുണ്ടായി. മേരിയും അമ്മിണിയും വല്യമ്മച്ചിയും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. കല്യാണത്തിനു മുമ്പു കുമ്പസാരിച്ചു കുര്‍ബ്ബാന കൈക്കൊള്ളേണ്ടതു പെണ്ണിന്റെ ആവശ്യമാണല്ലോ.
തറതിയുടെ മുഖത്തു തോമ്മാ വെള്ളം തളിച്ചു. അവരെ ഒരു പൂ പോലെ എടുത്തുകൊണ്ട് അയാള്‍ കട്ടിലില്‍ കിടത്തി. തറതി കണ്ണുതുറന്നു. “എന്റെ പുണ്യാളച്ചാ…. എന്റെ പാറേമാതാവേ….” അവള്‍ പതം പറഞ്ഞു. ബോധമില്ലാത്തവളെപ്പോലെ… വായുമുട്ടലും ആരംഭിച്ചിരിക്കുന്നു.
“തറതീ, നീ ഇങ്ങനെ വിഷമിച്ചതുകൊണ്ട് എന്തുപ്രയോജനം? എണീക്ക്….”
അക്കച്ചേടിത്തി വന്നു. തോമ്മാ അവരോടു വിവരം പറഞ്ഞു.
“എനിക്കന്നേ അറിയാമായിരുന്നു. ഇതു കളിപ്പീരാണെന്ന്.”  അക്കച്ചേടിത്തി ഉടനേതന്നെ അവരുടെ കുടിലിലേക്കു മടങ്ങി.
ഒരു ബോംബു പൊട്ടിത്തെറിച്ചതുപോലെയായിരുന്നു. തത്ത്വജ്ഞാനിയായ പീലിപ്പായിയുടെ ഭാവം മാറി. “മാത്തുക്കുട്ടി…. നീ ഇന്നുതന്നെ മടങ്ങിപ്പൊയ്‌ക്കോ…. ഞാന്‍ നിനക്കു വേറെ പെണ്ണിനെ അന്വേഷിച്ചു തരാം…. പൂത്തേടത്തു തോമ്മാ ഇത്തരക്കാരനാണെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ഞങ്ങളെ ആരും ഇങ്ങനെ അപമാനിച്ചിട്ടില്ല.”
തോമ്മായ്ക്കു മറുപടിയൊന്നും പറയാനില്ലാതെപോയി.
“കണ്ട ആണുങ്ങടെ പൊറകെ ഒക്കെ പോണ തേവിടിശ്ശിപ്പെണ്ണിനെ...”  അക്കത്തള്ളയ്ക്ക് ആ  വാചകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഇളംതിണ്ണയില്‍ മുഖം കുനിച്ചു കുത്തിയിരുന്ന തോമ്മാ ഒരു ചാട്ടമായിരുന്നു. അപ്പായിയുടെ വീട്ടിലേക്ക്…
“കിളവീ! അപ്പറഞ്ഞത് ഒന്നുകൂടെ പറഞ്ഞെ, കേള്‍ക്കട്ടെ…”  തോമ്മാ അലറി. കേട്ടു നിന്നവരെല്ലാം ഞടുങ്ങിപ്പോയി. “ഉം…. കേള്‍ക്കട്ടെ….”
അക്കച്ചേടിത്തിയെ പിടിച്ചുകൊണ്ടുപോയി അകത്തെ മുറിയിലാക്കിയിട്ടു മാത്തുക്കുട്ടി തിരിച്ചുവന്നു.
“ചേട്ടന്‍ അമ്മയെ എന്തുചെയ്യാനാണു ഭാവം?” ഒരു സംഘട്ടനത്തിന് തയ്യാറായിട്ടെന്നപോലെ മാത്തുക്കുട്ടി തോമ്മായുടെ നേരെ മുമ്പില്‍ വന്നു നിവര്‍ന്നുനിന്നു. തോമ്മാ കൈ ചുരുട്ടുന്നതുകണ്ടപ്പോള്‍ കുഞ്ഞപ്പന്‍ നായര്‍ തോമ്മായെ  പെട്ടെന്നു പുറകോട്ടു പിടിച്ചു മാറ്റിക്കളഞ്ഞു.
“നീയെന്നല്ല നിന്റെ പട്ടാളം മുഴുവനുംകൂടെ വാടാ പൂത്തേടത്തു തോമ്മാ ആരെന്നു കാണിച്ചു തരാം…. വിടെടാ കുഞ്ഞപ്പന്‍നായരെ എന്നെ.”
തോമ്മാ അകത്തേക്കു പായാന്‍ ശ്രമിച്ചു. ആളുകള്‍ കൂടി അയാളെ ഉറുമ്പടക്കം പിടിച്ചു…. കുഞ്ഞമ്മുവിന്റെ അനുഭവം മറന്നിട്ടില്ലാത്ത  ആ പുറമ്പോക്കുകാര്‍, അവിടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്നു സത്യമായും ഭയപ്പെട്ടു. പീലിപ്പായി ഇരുന്നു വിറച്ചു. അക്കച്ചേടിത്തി നിലവിളിച്ചു. മാത്തുക്കുട്ടി ട്രങ്കുപെട്ടി തുറന്ന് ഒരു കഠാരി എടുത്തു. പക്ഷേ, കുഞ്ഞപ്പന്‍നായര്‍ അത് അവന്റെ കൈയില്‍നിന്നു ബലമായി പിടിച്ചുവാങ്ങിച്ചു.
“ഞാന്‍ പാവപ്പെട്ടവനാണ്, പട്ടിണിക്കാരനാണ്….” തോമ്മാ എല്ലാവരോടുമായി പറഞ്ഞു: പക്ഷേ, എന്റെ മകളെപ്പറ്റി അനാവശ്യം പറയാന്‍ ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സമ്മതിക്കുകയില്ല… ഏതു ദേവേന്ദ്രനാണേലും. മരണം  എനിക്കു പുല്ലാണ്…. എന്റെ മകളെ ഈ പട്ടാളക്കാരന്റെ തള്ള തേവിടിശ്ശി എന്നു വിളിച്ചത് എന്തിനെന്നു നിങ്ങളൊന്നു ചോദിച്ചുനോക്കണം… അവളെന്തു തെറ്റു ചെയ്തു…. തെറ്റുകാരന്‍ ഞാനാണ്. എന്നെ ചീത്തവിളിച്ചുകൊള്ളണം. പറഞ്ഞൊത്ത പണം കൊടുക്കാന്‍ സാധിച്ചില്ല. പണം തരാമെന്ന് എനിക്കു വാക്കു തന്നിരുന്ന ആള്‍ പണം തന്നില്ല. ഇവര്‍ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ അപമാനം എനിക്കാണ് ഇക്കാര്യത്തില്‍…. ഈ കിളവിക്ക് എന്തവകാശം എന്റെ മകളെ  അനാവശ്യം പറയാന്‍? പണം തന്നിട്ടു കല്യാണം നടത്തിയാല്‍ മതി. അല്ലെങ്കില്‍ കല്യാണം വേണ്ട….അത്രേയുള്ളല്ലോ കാര്യം.”
“നിന്റെ  മകളെ ഇനി എന്റെ ചെറുക്കനുവേണ്ടടാ.”  അകത്തുനിന്നു അക്കച്ചേടിത്തി വിളിച്ചു പറഞ്ഞു.
“അമ്മ ഇനി അക്ഷരം മിണ്ടരുത്!” മാത്തുക്കുട്ടി ശാസിച്ചു.
“ഏതായാലും അക്കപ്പെമ്പിള ആ പെണ്‍കൊച്ചിനെപ്പറ്റി പറഞ്ഞതു കുറെ കടന്നുപോയി.” കുഞ്ഞപ്പന്‍നായര്‍ അഭിപ്രായപ്പെട്ടു.
“അമ്മ അങ്ങനെയൊരബദ്ധം പറഞ്ഞുപോയി എന്നു വച്ച് അമ്മയെ കൊന്നുകളയുമെന്നും പറഞ്ഞുവന്നാല്‍?” എന്നായി മാത്തുക്കുട്ടി.
“തോമ്മാമാപ്ലയ്ക്ക് അങ്ങനെയൊരു കുഴപ്പമുണ്ട് മേലുകീഴു നോട്ടമില്ല.”
“പട്ടാളക്കാരന്‍ പോണെങ്കില്‍ പോകട്ടെ തോമ്മാച്ചാ.”  ആ രംഗത്തു പ്രത്യക്ഷപ്പെട്ട കടുക്കാമറിയ പറഞ്ഞു: “മേരിക്കുട്ടിയെ ഇവനേക്കാള്‍ നല്ല ചെറുക്കനെക്കൊണ്ടു നാലു കാശു സ്ത്രീധനം കൊടുക്കാതെ ഞാന്‍ കെട്ടിച്ചുതരാം… അമ്പേ! ഈ കിളവിയുടെ പണത്തോടുള്ള അത്യാര്‍ത്തി!”
“മാത്തുക്കുട്ടി…. നീ കുറച്ചു പഠിത്തമൊള്ളവനാണല്ലോ…. നിസ്സാരമായ ഈ കാര്യത്തിനു കല്യാണം മുടക്കുന്നതു ശരിയല്ല.” മദ്ധ്യസ്ഥനായ കുഞ്ഞപ്പന്‍നായര്‍ പറഞ്ഞു: “പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങോട്ടുമിങ്ങോട്ടും ഏതാണ്ടൊക്കെ പറഞ്ഞിരിക്കു. മൂത്തപെമ്പിള പറഞ്ഞതു കണക്കാക്കണ്ടാ. നമ്മെളെല്ലാം വരാത്തരും ഗതികെട്ടവരുമാണ്. പക്ഷെ, നമ്മുടെ മനുഷ്യത്വം എങ്ങുംപോയിട്ടില്ല…”
“അപ്പാ… എന്താ ഇത്! അപ്പാ!” വഴിക്കുവച്ചു വിവരം അറിഞ്ഞ മേരി ഓടിക്കിതച്ചു വന്നു തോമ്മായെ കെട്ടിപ്പിടിച്ചു. “എന്തിനാപ്പാ വഴക്കുണ്ടാക്കിയത്?... എന്നെ കെട്ടിക്കണ്ടാ…. അപ്പന്‍ വാ…. ഇവിടെ നില്‍ക്കേണ്ട.”
“നീ അങ്ങു വീട്ടില്‍ പോ മോളെ.” തോമ്മാ പറഞ്ഞു.
“ഇല്ല, ഞാന്‍ പോകുവേലാ…. അപ്പനിവിടെ നില്‍ക്കണ്ട. ഓ….”  അവള്‍ അയാളുടെ കൈയ്ക്കു പിടിച്ചു വലിക്കുകയായി.
മേരീ!” തോമ്മായുടെ സ്വരം ഉയര്‍ന്നു. മേരി ഭയന്നു പിന്നോട്ടു മാറിക്കളഞ്ഞു.
“മേരിമ്മ അങ്ങു പൊയ്‌ക്കോ.”  കടുക്കാമറിയയും ഗുണദോഷിച്ചു.
മേരിയെ മാത്തുക്കുട്ടി നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. അഞ്ഞൂറുരൂപയേക്കാള്‍ വിലയില്ലേ അവള്‍ക്ക്? മാത്തുക്കുട്ടി ചിന്തിച്ചു. അമ്മയോട് അവന് വെറുപ്പുതോന്നി. എങ്കിലും അവനതു പ്രകടമാക്കിയില്ല.
മേരിയെ മറിയ വിളിച്ചുകൊണ്ടുപോയി.
“മാത്തുക്കുട്ടി എന്തു പറയുന്നു?” കുഞ്ഞപ്പന്‍നായര്‍ ചോദിച്ചു.
“ഞാനെന്തു പറയാനാണ്?” ഒടുവില്‍ അവന്‍ പറഞ്ഞു: “അപ്പനെയും അമ്മയെയും അനുസരിക്കേണ്ടത് എന്റെ കടമയാണ്. അവര്‍ നിശ്ചയിച്ച വിവാഹമാണിത്. ഞാന്‍ അതിനു സമ്മതിച്ചു…. പണത്തിന്റെ കാര്യവും നിശ്ചയിച്ചത് അവരാണ്…. ഇക്കാര്യത്തില്‍ ഞാന്‍ തെറ്റുകാരനല്ല. ഞാന്‍ എന്തുവേണമെന്നു നിങ്ങള്‍തന്നെ പറയൂ.”
“തോമ്മാ എന്തു പറയുന്നു?”
“ഞാന്‍ ഉദ്ദേശിച്ച പണം കിട്ടിയില്ല. പക്ഷേ, ഞാന്‍ പറഞ്ഞപണം ഞാന്‍ കൊടുക്കും…. എന്റെ മോക്ക്. എന്റെ കൊക്കിനു ജീവനുണ്ടെങ്കില്‍…. കുറെ കാലതാമസം വേണ്ടിവന്നേക്കും എന്നേയുള്ളൂ.”
“ഏതായാലും കൂട്ടിച്ചോദ്യം കഴിഞ്ഞസ്ഥിതിക്ക് കല്യാണം നടത്താതിരിക്കുന്നതു മോശമാണ്.” കുഴിവെട്ടുകാരന്‍ മിഖായേല്‍ ചേട്ടന്‍ അഭിപ്രായപ്പെട്ടു. “ഒരു കാര്യം ചെയ്യ്…. തോമ്മ, അഞ്ഞൂറ്റൊന്നുരൂപായ്ക്ക് ഒരു പ്രോമിസ്സറി നോട്ടെഴുതിക്കൊടുത്തിട്ടു പെണ്ണിന്റെ കല്യാണം നടത്ത്…”
“ഇതിനെല്ലാം കാരണം ആ ലൂക്കാലികറിയാച്ചന്റെ പിരാക്കാ.” പുറകില്‍ നിന്നിരുന്ന പപ്പടക്കാരി പാറു അഭിപ്രായപ്പെട്ടു. എല്ലാവരും അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കി.
“പാറൂ, നീ ചുമ്മാ വിടുവാ പറയാതെ.” തിരിച്ചെത്തിയ കടുക്കാമറിയ അവള്‍ക്കൊരു താക്കീതു നല്‍കി.
“എനിക്കു രൂപാ ഒരു പ്രശ്‌നമല്ല.” ഒടുവില്‍ മാത്തുക്കുട്ടി പറഞ്ഞു: “എന്നെ തോമ്മാച്ചേട്ടന്‍ തല്ലാന്‍ വന്നതിലും വിഷമമില്ല…. പണം ഇന്നു തരാമെന്നു തീര്‍ത്തു പറഞ്ഞ ആള്‍ ഈ അറ്റമുഹൂര്‍ത്തത്തില്‍ വന്നു പണമില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കാണു മനഃപ്രയാസം ഉണ്ടാകാത്തത്? അമ്മ പറഞ്ഞതിനെ ഞാന്‍ ന്യായീകരിക്കുകയല്ല…. രണ്ടു പക്ഷത്തും തെറ്റുണ്ട്…. എന്റെ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ സ്ത്രീധനസമ്പ്രാദായത്തെ ഞാന്‍ അനുകൂലിക്കുന്നില്ല.”
“എന്റെ വിയര്‍പ്പുതുള്ളികള്‍ എന്റെ മകള്‍ക്കുള്ളതാണ്.” തോമ്മാ പറഞ്ഞു. “അതു മാത്രമാണ് എന്റെ സ്വത്ത്…. അതിന്റെ ഈടിന്മേല്‍ ഈ കല്യാണം നടത്താന്‍ മനസ്സുണ്ടെങ്കില്‍ നടത്തുക…”
“എനിക്കതില്‍ എതിരിലെലന്നു പറഞ്ഞു കഴിഞ്ഞു.” മാത്തുക്കുട്ടിയും ഒടുവില്‍ സമ്മതിച്ചു.
“എന്നാല്‍ എനിക്കതിനു സമ്മതമില്ല…”  അക്കത്തള്ള വൈരാഗ്യത്തോടെ ഉറപ്പിച്ചു പറഞ്ഞു. അവര്‍ അകത്തുനിന്നും വീണ്ടും  തിണ്ണയിലെത്തി. “ഞാന്‍ പറഞ്ഞതൊക്കെ ഇങ്ങെടുത്തിരിക്കുന്നു. അഞ്ഞൂറ്റൊന്നു രൂപാ റൊക്കം തരാനൊണ്ടോ?... ഇവിടെ നോട്ടും ഒറ്റീം പ്രമാണോം ഒന്നും വേണ്ട.”
“ഇപ്പോള്‍ നിവൃത്തിയില്ല തള്ളേ.” തോമ്മാ പറഞ്ഞു.
“എന്നാ നീ നിന്റെ പാട്ടിനു പോ.”
“അങ്ങനെ ആയിക്കൊള്ളട്ടെ.” തോമ്മാ പിന്നീട് അവിടെ  നിന്നില്ല. അങ്ങനെ കല്യാണം അലസി.
തത്ത്വജ്ഞാനിയായ പീലിപ്പായിക്ക് ഒന്നും പറയാനില്ലാതെപോയി. അന്ന് ഉച്ചതിരിഞ്ഞു മാത്തുക്കുട്ടി അവന്റെ പെട്ടിയും കിടക്കയും കുഞ്ഞന്‍പറയന്റെ തലയില്‍ താങ്ങിക്കൊടുത്തു. രണ്ടുദിവസംകൂടെ താമസിച്ചിട്ടു പോയാല്‍ മതിയെന്നു പീലിപ്പായിയും അക്കത്തള്ളയും നിര്‍ബന്ധിച്ചതാണ്. പക്ഷേ, മാത്തുക്കുട്ടി കൂട്ടാക്കിയില്ല.
“അമ്മയ്ക്കും അപ്പനും പണമാണല്ലോ ആവശ്യം.” മാത്തുക്കുട്ടി മുറ്റത്തേക്ക് ഇറങ്ങിനിന്നിട്ടു പറഞ്ഞു: “നോക്കിക്കോ. ഇനി ഒരു ചില്ലിക്കാശ് ഇങ്ങോട്ടയച്ചുതരികയില്ല. ഞാനിനി ഈ നാട്ടിലോട്ടു തിരിച്ചുവരുമെന്നും വിചാരിക്കണ്ടാ.”
“അയ്യോ, മോനേ മാത്തുക്കുട്ടീ!” അക്കത്തള്ള വിളിച്ചു. മാത്തുക്കുട്ടി വിളികേട്ടില്ല. തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. അവന്‍ വേഗം നടന്നു.
മേരി അവരുടെ  വീടിന്റെ തെക്കേവശത്തു വാഴച്ചോട്ടില്‍ നില്‍ക്കുകയായിരുന്നു. മാത്തുക്കുട്ടി അവളെയും അവള്‍ മാത്തുക്കുട്ടിയെയും കണ്ടു. നോക്കി. കണ്ണുകള്‍കൊണ്ട് അവന്‍ യാത്ര ചോദിച്ചു.
ഭാഗ്യംകെട്ടവളാണെന്ന് താനെന്ന് മേരിക്കു തോന്നി. അവളുടെ ആ പുതിയ സ്വപ്നവും  തകര്‍ന്നു. മാത്തുക്കുട്ടി അവളുടെ ഭര്‍ത്താവായാല്‍ മതിയായിരുന്നു. മനസ്സമ്മതം കഴിഞ്ഞിട്ടു കല്യാണം നടക്കാതെവന്നാല്‍ അതെന്തൊരു മാനക്കേടാണ്! മനുഷ്യരുടെ വെട്ടത്ത് എങ്ങനെ നടക്കും? മനുഷ്യരുടെ മുഖത്തെങ്ങനെ നോക്കും? അവളെപ്പറ്റി  ആളുകള്‍ പല അപഖ്യാതികളും പറഞ്ഞു പരത്തിയിരിക്കുന്നു. വിവാഹത്തിനുള്ള സാദ്ധ്യത അവളില്‍നിന്ന് അകന്നകന്നു പോകുന്നതുപോലെ തോന്നി. ദൈവമേ! അവളെന്നും അവിവാഹിതയായിത്തന്നെ നില്‍ക്കേണ്ടി വരുമോ?
കറിയാ രണ്ടാംകെട്ടുകാരനായതുകൊണ്ട് എന്താണു തരക്കേട്? ആ നല്ല മനുഷ്യനെ അവള്‍ക്കു സ്‌നേഹിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അവള്‍ക്കുതന്നെ അറിഞ്ഞുകൂടാ.
യൂക്കാലിപ്‌സ് കച്ചവടക്കാരനുവേണ്ടി അവള്‍ക്കു കല്യാണം ആലോചിച്ചാല്‍  അവളെന്തു പറയും? ഒന്നും പറയുകയില്ല. ദൈവതിരുമനസ്സിനു കീഴ് വഴങ്ങും; അത്രതന്നെ.
എന്നാല്‍ അകത്ത് അക്കാര്യമാണു തറതിയും കടുക്കാമറിയയും ആലോചിക്കുന്നത്. തോമ്മാ ഒന്നും മിണ്ടുന്നില്ല. ഞാന്‍ അപമാനിതനും പരാജിതനും നിരാശനും ആയിരിക്കുന്നു.
“ഏതായാലും പെണ്ണിനെ അവന്‍ ആശിച്ചുപോയി.” തറതി പറഞ്ഞു. “ദൈവനിശ്ചയം അതായിരിക്കും. അതങ്ങു നടക്കട്ടെ. എന്റെ കുഞ്ഞിനെ അവന്‍ പൊന്നേലെ പൂപോലെ കൊണ്ടുനടക്കും.”
“അതിനങ്ങു സമ്മതിക്കു തോമ്മാച്ചാ.” കടുക്കാമറിയ അഭ്യര്‍ത്ഥിച്ചു. “അതുകൊണ്ട് പൂത്തേടത്തുകാരുടെ മാനം ഒന്നും ഇടിഞ്ഞുവീഴാന്‍ പോണില്ല; എന്റെ അഭിപ്രായം ഉടനെതന്നെ ആ കല്യാണം നടത്തണമെന്നാണ്, നിങ്ങള്‍ക്കു വാശിയില്ലെങ്കിലും എനിക്കാര്യത്തില്‍ ശകലം വാശിയുണ്ടു കോട്ടോ…. ആ കെളവിയുടെ വര്‍ത്തമാനം…”
“നിങ്ങളുചെന്ന് കറിയാച്ചനെവിടാന്നുവച്ചാല്‍ വിളിച്ചോണ്ടുവാ.” തോമ്മായുടെ മൗനം തറതിക്കു ധൈര്യം നല്‍കി.
“അതുതന്നെ അങ്ങു നടക്കട്ടെ, എന്താ മറിയേ?”
“അതുതന്നെയാ ചേടത്തീ ഞാനു പറേന്നത്. മുങ്ങിത്തപ്പിക്കൊണ്ടു വലവീശാനൊക്കുമോ? മൂക്കോളം മുങ്ങ്യാപ്പിന്നെ മൂവാളെന്നോ നാലാളെന്നോ നോക്കാനൊണ്ടോ?”
“മൂക്കോളം ഇവിടാരും മുങ്ങില്ല മറിയേ. തോമ്മാ അങ്ങു കിഴക്കേ ആകാശത്തിലേക്കു നോക്കിക്കൊണ്ടു പിറുപിറുത്തു. മൂക്കോളം മുങ്ങീട്ടില്ല.”
“തോമ്മാച്ചനെന്നാ പറേന്നു കറിയാച്ചന്റെ കാര്യം?” മറിയ ചോദിച്ചു. “അതു നടക്കട്ടെ തോമ്മാച്ചാ, ഞങ്ങള്‍ക്കെല്ലാം ഇഷ്ടമാ. മേരിക്കുട്ടിക്കും ഇഷ്ടമാ. ഇനി തോമ്മാച്ചനൊന്നു മൂളിയാല്‍ മതി….”
തോമ്മാ മൂളിയില്ല. എന്നാല്‍ എതിരു പറഞ്ഞതുമില്ല. പകുതി മനസ്സായി എന്നതാണ് ആ മൗനത്തിന്റെ അര്‍ത്ഥം.
“മറിയ ഒരു കാര്യം ചെയ്യ്, കറിയാച്ചനെ കാണുകാണേല്‍ ഇത്രടം വരാന്‍ പറ. ഇതിയാനു പറയാന്‍ മാനക്കേടാണെങ്കില്‍ ഞാന്‍ പറഞ്ഞോളാം.” കൂടുതല്‍ ധൈര്യത്തോടെ തറതി പറഞ്ഞു.
“കറിയാച്ചനെ ഞാന്‍ വിളിച്ചോണ്ടു വരാമല്ലോ.” മറിയ ഏറ്റു: “ഏതു ഭൂലോകത്തിലാണേലും. എന്താ തോമ്മാച്ചാ, എതിരുവല്ലതും ഒണ്ടെങ്കില്‍ ഇപ്പം പറഞ്ഞോണം…”
തോമ്മാ എന്നിട്ടും മിണ്ടിയില്ല. സ്വല്പം മാനക്കേടുണ്ട്. കുറച്ചു താഴണം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കില്‍ അതു നടക്കട്ടെ.
“ഉം.” ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരമെന്നപോലെ പൂത്തേടത്തു തോമ്മാ ഒരു ദീര്‍ഘനിശ്വാസത്തോടെ മൂളി. അതൊരു സമ്മതം മൂളലായിരുന്നു.
“നിച്ചയിച്ചെങ്കില്‍ ഉടനെതന്നെ നടത്തണം.” തറതി അഭിപ്രായപ്പെട്ടു. വേണ്ട, ഒട്ടും ദിറുതിവയ്ക്കണ്ടാ. സാവകാശം മതി. എടുപിടീന്നു പെണ്ണിനെ പിടിച്ചു കെട്ടിക്കേണ്ട ആവശ്യമൊന്നുമില്ല…” ബുദ്ധിമതിയായ കടുക്കാമറിയ പറഞ്ഞു: “കറിയ പട്ടാളത്തിലെങ്ങും പോണില്ലല്ലോ. കടുക്കാമറിയ പറഞ്ഞു: “കറിയാ പട്ടാളത്തിലെങ്ങും പോണില്ലല്ലോ. പെട്ടെന്നു കല്യാണം നടന്നാല്‍ മനുഷ്യരു പറേം, പെണ്ണിനു വയറ്റിലൊണ്ടായിട്ടാ ഇട്ടോ ഈറോന്ന് രണടാംകെട്ടുകാരനെക്കൊണ്ട് രായ്ക്കുരായ്മാനം പെണ്ണിനെ പിടിച്ചു കെട്ടിച്ചതെന്ന്. ഞാന്‍  പറഞ്ഞതു ശരിയല്ലേ തോമ്മാച്ചാ?”
“ശരിയാ മറിയേ.”
“കണ്ടോ, അതാ ഞാന്‍ പറഞ്ഞത്. കേട്ടോ തെര്‍ത്ത്യാമ്മേ.”
“ഉം.”
“പതുക്കെ മതി. കൂട്ടിച്ചോദ്യം കഴിഞ്ഞു മുറപോലെ മൂന്നു ഞായറാഴ്ച വിളിച്ചുചൊല്ലും കഴിഞ്ഞ് കല്യാണം നടത്തിയാല്‍ മതി. ഒന്നോ രണ്ടോ മാസം കഴിഞ്ഞായാലും മതി. എന്താ ലൂക്കാലിക്കറിയാ മാറിപ്പോയ്ക്കളേമെന്നോ മറ്റോ തെര്‍ത്ത്യാമ്മയ്ക്ക് തോന്നുന്നുണ്ടോ?”
“അയ്യോ അവന്‍ അവക്കുവേണ്ടി എത്ര കൊല്ലം വേണമെങ്കിലും കാത്തിരിക്കാന്‍ ഒരുക്കമൊള്ളവനാ….പാവം!” തറതി പറഞ്ഞു.
“തളന്തന്‍ അപ്പായീം കെളവീം പോയി വിട്ട്‌ളൂപിടിക്കട്ടെ.” മറിയ മുറ്റത്തേക്കിറങ്ങി അവര്‍ കേള്‍ക്കത്തക്ക വിധത്തില്‍ ഉറക്കെ പറഞ്ഞു:  “ഇനി പട്ടാളക്കാരന്‍ പന്തീരായിരം പവന്‍ ഇങ്ങോട്ടു തരാമെന്നു പറഞ്ഞാല്‍തന്നെ മേരിക്കുട്ടിയുടെ ഒരു രോമം കിട്ടുകേലാ.”
മറിയയുടെ ആ വെല്ലുവിളി തോമ്മായ്ക്കിഷ്ടമായി. നഷ്ടപ്പെട്ട തന്റെ അഭിമാനം തിരിച്ചുവരുന്നതുപോലെ അയാള്‍ക്കു തോന്നി.
മറിയ വീണ്ടും അയാളെ കര്‍ത്തവ്യനിരതനാക്കി. പാറ തല്ലുന്ന ചുറ്റികയുമായി തോമ്മാ പണിസ്ഥലത്തേക്കുപോയി.
ശനിയാഴ്ച ഉച്ചതിരിഞ്ഞ നേരമായിരുന്നു. ആകാശത്തില്‍ ഒരുപാടു കാര്‍മേഘങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്കു വെളിച്ചം ഭൂമിയിലേക്ക് ഒളിഞ്ഞുനോക്കാതെയുമിരുന്നില്ല.
“അമ്മിണീ, കറിയാച്ചന്‍ വരുന്നൊണ്ടോന്നേ തെക്കോട്ടു നോക്കിക്കോണം.” തറതി ചട്ടംകെട്ടി. കറിയാച്ചേട്ടനെ വലിയ ഇഷ്ടമാണ് അമ്മിണിക്ക്. അവള്‍ക്കു ചേട്ടന്‍ ഒത്തിരി മിഠായിയും പട്ടുടുപ്പും ഉമ്മയും കൊടുത്തിട്ടുണ്ട്. അതെല്ലാം അവള്‍ക്കിഷ്ടമാണ്.
“ഞാന്‍ നോക്കാമമ്മേ.” അമ്മിണി പറഞ്ഞു: “ചേച്ചിയെ കറിയാച്ചേട്ടന്‍ കെട്ടിയാമതി…. പട്ടാളക്കാരന്‍ കെട്ടണ്ട…  മീശ കണ്ടാല്‍തന്നെ പേടിതോന്നും.”
മേരി എല്ലാം കേട്ടു. അതായിരിക്കും ദൈവനിശ്ചയം…. അവള്‍ക്കതില്‍ എതിരില്ല…. നടക്കട്ടെ….
എങ്കിലും ജോയിയെ അവസാനമായി ഒന്നുകൂടെ കാണണം. കാര്യങ്ങള്‍ പറയണം. കറിയാ അവളെ കല്യാണം കഴിച്ചാലും ജോയിയുടെ സുന്ദരമായ രൂപം അവളുടെ ഹൃദയത്തില്‍ ഒത്തിരികാലം നില്‍ക്കും. നിഗൂഢമായ ഒരു മധുരസ്വപ്നമായി അത് അവശേഷിച്ചുകൊള്ളട്ടെ…. എങ്കിലും അദ്ദേഹത്തെ ഒന്നു കാണണം… വിവരങ്ങള്‍ പറയണം…. പരിഭവിക്കരുതെന്ന് അദ്ദേഹത്തോടപേക്ഷിക്കണം…. ഒന്നൊന്നരമാസത്തിനുള്ളില്‍ അവള്‍ യൂക്കാലിപ്‌സ് കച്ചവടക്കാരനായ പണ്ടന്‍കറിയായുടെ ഭാര്യയാകും…
പാലുവാങ്ങാനുള്ള അലൂമിനിയം മൊന്തയുമായി മേര ഇറങ്ങി. ആകാശത്തില്‍ മേഘങ്ങള്‍ കുറേക്കൂടി ഇരുണ്ടു. ആകാശമധ്യത്തില്‍ ഒരു മഴവില്ലു തെളിഞ്ഞുനിന്നു; സ്വര്‍ഗ്ഗകവാടത്തിന്റെ കമാനംമാതിരി. എവിടെയോ ഇടി മുഴങ്ങുന്നുണ്ട്.
കിണറിന്റെ അരികിലുള്ള വട്ടമരത്തിന്റെ മറവില്‍ അവള്‍ നിന്നു. ഒരു വനദേവതയെപ്പോലെ അവനെ കാത്തുനിന്നു. ഭൂമിയിലെ പുല്‍ക്കൊടി അകാശത്തിലെ ഭാസുരസന്ധ്യാതാരത്തിന്റെ ആഗമനത്തിനുവേണ്ടി കാത്തുനില്‍ക്കുന്നതുപോലെ. അവന്‍ അവളെ സ്‌നേഹിക്കുന്നില്ലെന്നു പറഞ്ഞാല്‍ത്തന്നെയും അവള്‍ പരിഭവിക്കുകയില്ല. ദുഃഖിക്കുകയില്ല. അവള്‍ വിവാഹിതയായിക്കഴിഞ്ഞാലും അവള്‍ അവനെ ഓര്‍ക്കും. അവനെപ്പറ്റിയുള്ള ഓര്‍മ്മ അവളുടെ ആത്മാവിനെ ലഹരിപിടിപ്പിക്കും.
അവന്‍ വന്നു.
ജോയി!
അവളുടെ നിഗൂഢപൂജാവിഗ്രഹം. അവളുടെ സ്വപ്നത്തിലെ കഥാനായകന്‍.
മനോഹരനായ ജോയി.
അവന്‍ അടുത്തുവന്നപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“മേരി!”
“എന്തോ!”  അവള്‍ താഴോട്ടു നോക്കിക്കൊണ്ടു വിളികേട്ടു.
“എന്താ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്?”
“അപ്പനെന്താ രൂപാ കൊടുക്കാഞ്ഞത്?”
“രൂപാ കൊടുത്തിരുന്നെങ്കില്‍ ആ പട്ടാളക്കാരന്‍ നിന്നെ കെട്ടിക്കൊണ്ടു പോവുകയില്ലായിരുന്നോ?”
“എങ്കിലും, എന്റെ മേരി, നീ എന്നെ വിശ്വസിച്ചില്ലല്ലോ…”
“എങ്ങനെയാണു വിശ്വസിക്കേണ്ടത്? വിവരങ്ങളെല്ലാം ജോയിച്ചന്‍ അറിഞ്ഞുകൊണ്ടാണല്ലോ ഇരുന്നത്… അപ്പനോട് ഒരു വാക്കു പറഞ്ഞാല്‍ പോരായിരുന്നോ?”
“എന്റെ നിലയെന്തെന്നു നിനക്കറിഞ്ഞുകൂടാ…. എന്റെ അപ്പനെയും അമ്മയെയും പതുക്കെ വഴക്കിക്കൊണ്ടുവന്നതിനുശേഷമല്ലാതെ  ഉറപ്പായി എന്തെങ്കിലും തോമ്മാച്ചേട്ടനോടു പറയാനൊക്കുമോ? അവര്‍ പതുക്കെ അനുകൂലിച്ചുവരുന്നുണ്ട്.”
“എങ്ങനെ?”
“എനിക്കിഷ്ടമുള്ള പെണ്ണിനെ തിരഞ്ഞെടുത്തുകൊള്ളാന്‍.”
“നേരാണോ ജോയിച്ചാ?”
“നിനക്കെന്നെ വിശ്വസിക്കാന്‍ വിഷമം തോന്നും…. കാരണം, ഞാനൊരു പ്രഭുകുമാരന്‍…. മുതലാളിമാരൊക്കെ വഞ്ചകരും ദുഷ്‌കരും ആണെന്നാണല്ലോ പൊതുവെയുള്ള ധാരണ…. നിനക്കും തോന്നിയിട്ടുണ്ടാവും…. മധുരവാഗ്ദാനങ്ങള്‍ തന്നു നിന്നെ കബളിപ്പിച്ചു നിന്റെ ചാരിത്ര്യത്തെ അപഹരിക്കാനാണു ഞാന്‍ ലോക്കുനോക്കുന്നതെന്ന്.”
“എന്നു ഞാന്‍ വിചാരിച്ചിട്ടില്ല.”
“പിന്നെ?”
“ആ യൂക്കാലിപ്‌സ് കച്ചവടക്കാരനുമായി എനിക്കു കല്യാണെ നിശ്ചയിച്ചിരിക്കുകയാണ്.”
“ആ കല്യാണം നടക്കില്ല.”
“അതെന്താ?”
“മേരി നോക്കിക്കോ…. നിന്റെ കഴുത്തില്‍ മിന്നു കെട്ടുന്നതു ഞാനായിരിക്കും…. ഇതാ മഴ ചാറുന്നു….വരൂ, എന്റെ മുറിയിലേക്കു പോകാം… നമുക്കവിടിരുന്ന് എല്ലാം പറയാം.”
മേരി അല്പനേരം മടിച്ചുനിന്നു.
പോകണോ വേണ്ടയോ?
ദൈവമേ! എന്തൊരു പരീക്ഷയാണിത്?
ജോയി നടക്കുകയാണ്… മേരി ചുറ്റും നോക്കി…. ഒന്നുരണ്ടടി അവള്‍ അവന്റെ പുറകേ നടന്നു…. അവള്‍ക്കു പേടി തോന്നി.
“എന്താ മേരീ?” ജോയി തിരിഞ്ഞുനോക്കിക്കൊണ്ടു ചോദിച്ചു
“എനിക്കു പേടിയാകുന്നു.”
“എന്തിന്?”
“പിന്നൊരിക്കലാകട്ടെ…”
“നാളെ… ഈ സമയത്ത് ങേ?”
അവള്‍ അതിനു മറുപടി പറഞ്ഞില്ല.
വേഗം ഓടിപ്പോയ്ക്കളഞ്ഞു. തിരിഞ്ഞുനോക്കിയില്ല.
പിറ്റേന്ന് സായാഹ്നം, അലൂമിനിയം മൊന്തയില്‍ പാലും വാങ്ങിക്കൊണ്ടു മേരി കിണറ്റിന്റെ ഭാഗത്ത് എത്തുന്നതിനുമുമ്പുതന്നെ മഴ വീണു. കുട എടുക്കേണ്ടതായിരുന്നു. മഴയോടൊപ്പം കാറ്റുംവന്നു. ശക്തിയായ കാറ്റായിരുന്നു.
അവള്‍ ജോയിയുടെ കൊച്ചു കെട്ടിടത്തിലേക്കോടി. വരാന്തയില്‍ എത്തുന്നതിനുമുമ്പുതന്നെ അവളുടെ ചട്ടയും മുണ്ടും നനഞ്ഞിരുന്നു.
“മേരീ!” ജോയി വരാന്തയിലേക്കു വന്നു.
“എന്തോ!”
“ഹോ! എന്തൊരു കാറ്റ്…”
ഒരാന്തയിലേക്കു മഴത്തുള്ളികളെ വാരിയെറിയുകയാണ് പിശറന്‍കാറ്റ്. വകതിരിവില്ലാത്ത തെമ്മാടിക്കാറ്റ്.
“വരൂ, മേരി അകത്തേക്കു കയറിനില്‍ക്ക്.”
അവള്‍ അവന്റെ മുറിയിലേക്കു കയറി.
ഉഗ്രമായ കാറ്റത്ത് ജനല്‍പാളികള്‍ പടപടാന്നു അടിക്കുന്നു.
ജോയി ജനലുകളും കതകുകളും എല്ലാം ഭദ്രമായി അടച്ചു.

കരകാണാക്കടല്‍- 14 (നോവല്‍: മുട്ടത്തുവര്‍ക്കി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക