പലരും ചോദിക്കുന്നു, എന്തേ വണ്ടി ഡ്രൈവ് ചെയ്യാത്തതെന്ന്. രണ്ടു വര്‍ഷം മുന്‍പ്
എടുത്ത ലൈസന്‍സ് കയ്യില്‍ ഉണ്ട് എന്നു കൂടി കേള്‍ക്കുമ്പോള്‍ ചോദിക്കുന്നവരുടെ
പുരികം വളഞ്ഞു കുത്തി നില്‍ക്കും.
ആദ്യമൊക്കെ പറയുക, താല്‍പ്പ്‌പര്യമില്ല
എന്നായിരുന്നു. എന്നാലും അറിഞ്ഞിരിക്കാലോ എന്നു വച്ച് പഠിച്ചതാണ്. ഒരിക്കല്‍
മാരുതി 800 ആയിരുന്നപ്പോള്‍ എടുത്ത് ആറു കിലോമീറ്റര്‍ ഓടിക്കുകയും ചെയ്‌തു.
ഫസ്റ്റിലും സെക്കന്‍റിലും മാത്രമേ ഗിയര്‍ പോയുള്ളൂ എന്നത് തമാശ. സ്‌പീഡ്
എടുക്കാന്‍ ധൈര്യം വരുന്നില്ല. സ്ഥിരമായി ഓടിച്ചിരുന്നെങ്കില്‍ അത് ശരിയായേനേ.
ഇപ്പോള്‍ വണ്ടി മാറി കുറച്ചു കൂടി വലിയ വണ്ടിയില്‍ ഡ്രൈവിങ് സീറ്റില്‍ വെറുതേ കയറി
ഇരിക്കുമ്പോള്‍ ഇടയ്‌ക്ക് മോഹം വരും. പക്ഷേ മനപൂര്‍വ്വം തന്നെ അത് വേണ്ടാ എന്നു
വയ്‌ക്കുന്നു.
കാരണം എനിക്ക് അവന്റെ ഡ്രൈവ് ആസ്വദിക്കാനാണ്, ഇഷ്ടം.
യാത്രകള്‍ അതും കാര്‍ റൈഡ് ഏറെ ഇഷ്ടമാണു താനും. പ്രത്യേകിച്ച്, മഴ ഡ്രൈവ്,
നൈറ്റ് ഡ്രൈവ്... ഒപ്പമുള്ളത് ഏറ്റവും നന്നായി വണ്ടിയോടിക്കുന്ന നല്ലൊരു
ഡ്രൈവര്‍ അതും ഏറ്റവും ഇഷ്ടപ്പെടുന്നയാള്‍ ആണെങ്കില്‍ ആ അനുഭൂതിയാണ്,
എനിക്കേറ്റവും ഇഷ്ടം. അവനോട് ചേര്‍ന്ന് കോ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ഒച്ച
കുറച്ച് മെലഡി പാട്ടുകള്‍ കേട്ട് , ചിലപ്പോള്‍ ചില മരക്കൂട്ടങ്ങള്‍ കാണുമ്പോള്‍
സ്വപ്‌നം കണ്ട്, ഇടയ്‌ക്ക് മഴ പെയ്‌താല്‍ കൈ പുറത്തേയ്‌ക്കിട്ട് അവനെ നനയിച്ച്,
ചില തുള്ളികള്‍ മുഖത്തെ നനയിച്ച്... ചില രാത്രികളില്‍ അവന്‍റെ തോളില്‍ ചാരി
കിടന്ന്... എനിക്കിതു മതി.
നല്ലൊരു ഡ്രൈവര്‍ ആകാന്‍ ബുദ്ധിമുട്ടാണ്,
അതിലും വിഷമമാണ്, നല്ലൊരു യാത്രക്കാരിയാകാന്‍. എനിക്ക് നല്ലൊരു
സ്വപ്‌നജീവിയായാല്‍ മതി, നന്നായി യാത്ര ആസ്വദിക്കുന്ന ഡ്രൈവിങ് ഇഷ്ടപ്പെടുന്ന,
റൈഡുകള്‍ പ്രണയിക്കുന്ന ഒരുവള്‍ ആയാല്‍ മതി... ഏതു പാതിരാവിലും ഏതു മഴയത്തും പൊരി
വെയിലത്തും അവന്റെയൊപ്പമുള്ള ഓരോ യാത്രയും എന്നെ അത്ര കൊതിപ്പിക്കുന്നു...