“രണ്ട് നിപ്പനടിക്കാവുന്ന ബാറുകളെല്ലാം പൂട്ടി. ഇരുന്നടിക്കണേ തണുപ്പുള്ളിടത്തു കേറണം. അതിന് മുന്തിയ പണം വേണം. ബിവറേജിലാന്നെ ഒടുക്കത്തെ ക്യൂ.” ഒരു പതിവ് കള്ളുകുടിയന്റെ ജല്പ്പനമായി കാണേണ്ട ഒരു സത്യമാണിത്. ചാണ്ടിയും, ബാബുവും, സുധീരനുമൊക്കെ പലതട്ടിലാണെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ച ചോദ്യത്തില്‍ കഴമ്പുണ്ട്.
“മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ബിവറേജുകളൊക്കെ അടച്ചുപൂട്ടുമോ” എന്ന്. എറണാകുളത്ത് വച്ച് ഉമ്മന്‍ചാണ്ടിയാ പറഞ്ഞത് വേണ്ടിവന്നാ മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കുമെന്ന്….
പറായനെന്തെളുപ്പം!
ഇതു വല്ലോം നടക്കുമോ ബാലകൃഷ്ണ!
നിലവാരമില്ലാത്ത ബാറുകളെല്ലാം പൂട്ടി. ഇനിയെല്ലാം നക്ഷത്രബാറുകള്‍.
കുടിയന്‍മാര്‍ക്ക് എന്തുനിലവാരം?
കുടി കഴിഞ്ഞിട്ട് എണ്ണുന്ന നക്ഷത്രത്തെക്കുറിച്ചല്ലേ അവര്‍ക്ക് ചിന്തയുള്ളൂ.
രാവിലെ മുതല്‍ പണിയെടുത്ത് അന്തിക്ക് അല്പം മോന്തണമെങ്കില്‍ അവന് നിലവാരമുള്ള ബാറൊന്നും വേണ്ട. കാല്‍ക്കാശിനു കൊള്ളാത്ത മദ്യവും ഒരു പായ്ക്കറ്റ് കപ്പലണ്ടിയും ഉണ്ടെങ്കില്‍ അവന്‍ കിക്ക്.
ഇവിടെ അതൊന്നുമല്ല പ്രശ്‌നം. നമ്മുടെ സുധീരന്റെ സുധീരമായ നിലപാടുകളെ അവഗണിച്ച് പതിയെപതിയെ ഒറ്റപ്പെടുത്തി അവസാനം ഗതികിട്ടാതെ അയാളെക്കൊണ്ട് രാജിവെപ്പിക്കണം. അത്രേയുള്ളൂ. അല്ലാതെ കേരളത്തില്‍ കുടിയന്മാരെ വെറുപ്പിച്ചിട്ട് എന്തെങ്കിലും നടക്കുമോ?
തെരഞ്ഞെടുപ്പിന് പണം മുടക്കുന്നതാരാ?
മദ്യരാജാക്കന്മാര്‍. ശബരിമല മുഴുവന്‍ സ്വര്‍ണ്ണം പൂശിയതാരാ? വിജയ്മല്യ… അതും മദ്യരാജാവ്.
രാജ്യത്ത് “മാട്ടകുടിയന്മാര്‍” ഇല്ലെങ്കില്‍ ഇതു വല്ലതും നടക്കുമോ? സാധാരണക്കാരായ കുടിയന്മാര്‍ ഉള്ളതുകൊണ്ടാണ് സര്‍ക്കാരു തന്നെ ഇങ്ങനെ പോകുന്നത്. ഇതിപ്പോ ഒരു അഡ്ജസ്റ്റുമെന്റ് അത്രേയുള്ളൂ. ബാറുകള്‍ പലതും പൂട്ടിയപ്പോ എന്തായിരുന്നു കഥ? കുടിയന്മാരെല്ലാം കുടി നിര്‍ത്തിയോ?
നടന്നടിച്ചവരൊക്കെ പറന്നടിക്കാന്‍ തുടങ്ങി. പലരും വാറ്റ് തുടങ്ങി. വ്യാജമദ്യം സുലഭം. ചെക്ക് പോസ്റ്റില്‍ പോലീസുകാരുടെയും ടാക്‌സുകാരുടെയും കീശ വീര്‍ത്തു. അത്ര തന്നെ… ഏ.കെ. ആന്റണി ചാരായം നിര്‍ത്തിയ കഥ അറിയാമല്ലോ? എന്തായാലും കുടിയ്ന്മാര്‍ ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നില്ല. അവര്‍ക്ക് മൂക്കുമുട്ടെ അടിക്കണം അത്രതന്നെ! പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി ഡല്‍ഹീന്നും വരും എന്നല്ലേ പറയുന്നത്.