തൊഴിലാളിവര്‍ഗ്ഗം ഒരു രാജ്യത്തിന്റെ ശക്തിയാണ്. രാഷ്ട്രത്തിന്റെ നിലനില്‍പിലും തൊഴിലാളികള്‍ക്ക് പ്രഥമസ്ഥാനമാണ്. കാരണം, ഉത്പാദനം ഏതൊരു നാടിന്റെയും സാമ്പത്തിക സ്ഥിതിയെ നിര്‍ണ്ണയിക്കുന്ന ഘടകമാണല്ലോ.
സ്വന്തം വിയര്‍പ്പില്‍ നിന്ന് ഭക്ഷിക്കാനാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. അധ്വാനിക്കുന്നവന്റെ വിയര്‍പ്പ് വറ്റും മുന്‍പ് അവനുള്ള വേതനം ലഭിക്കണം എന്നാണ് നബിവചനം. ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടുംകൂടി അവനവന്റെ തൊഴിലില്‍ ഏര്‍പ്പെടുമ്പോഴുള്ള സംതൃപ്തി മറ്റൊന്നില്‍ നിന്നും ലഭിക്കില്ല. തൊഴിലാളികള്‍ തങ്ങളുടെ ജോലിയില്‍ തൃപ്തരും സന്തുഷ്ടരുമാകുന്നത് കൂടുതല്‍ ഉത്പാദനവും ലാഭവും ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ട തന്നെ, മാനവവിഭവശേഷി(HR) വിഭാഗത്തില്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണ നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
തമ്പുരാന്‍ തല്ലിയാലും കൂലി ശരിയായി കിട്ടിയില്ലെങ്കിലും പരാതിപ്പെടാനോ, ശബ്ദമുയര്‍ത്താനോ കഴിയാതെ നിസ്സായഹരായി, സ്വന്തം അവകാശങ്ങളെക്കുറിച്ചുപോലും ധാരണയില്ലാതിരുന്ന സാഹചര്യത്തിലാണഅ 'സര്‍വ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന ആഹ്വാനം ഉണ്ടാകുന്നത്. അത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. സംഘടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ മനസ്സിലാക്കിത്തുടങ്ങി. ചൂഷിതര്‍ ചൂഷകര്‍ക്കെതിരെ പൊരുതുന്ന കഥകളുമായി ചുവട്ടടികള്‍ ചവിട്ടി ഉതിര്‍ത്ത നെന്മണികള്‍ ഉണക്കി പതിരുപൊക്കി വെളിച്ചം കാണാത്ത അറകളില്‍ വീഴും വരെ തൊഴിലാളികള്‍യ്ക്ക് വിശ്രമമില്ല. എങ്കിലും ക്ഷീണമോ മടിയോ വിശപ്പോ ദാഹമോ കൂടാതെ അവര്‍ അധ്വാനിച്ചു നെല്ലും ചക്രവും ചെലവാക്കുന്ന തമ്പാക്കന്മാര്‍ക്കല്ലാതെ അടിയാന്മാര്‍ക്ക് തന്റെ വിയര്‍പ്പില്‍ വിളഞ്ഞത് എത്ര പറയാണെന്നറിയാനോ അര്‍ഹിക്കുന്ന വേതനം ആവശ്യപ്പെടാനോ കഴിഞ്ഞിരുന്നില്ല.
1886 ല്‍ ചിക്കാഗോയില്‍ നടന്ന ഹേയ്മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി കണക്കാക്കപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. 20 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ടി വന്നിരുന്ന അവരുടെ ശരാശരി ആയുസ്സ് 30 വയസ്സായി ചുരുങ്ങി. പ്രതിഷേധ സൂചകമായി എട്ടുലക്ഷം തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ യോഗത്തിനിടയില്‍ പോലീസ് വെടി ഉതിര്‍ത്തും നേതാക്കളെ തൂക്കിലേറ്റിയും തൊഴിലാളിവര്‍ഗ്ഗപോരാട്ടത്തെ അടിമച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, 'ഓരോ തുള്ളി, ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു' എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് പിന്നീടുണ്ടായത്. പ്രവര്‍ത്തനസമയം എട്ടുമണിക്കൂറായി ചുരുക്കിയതാണ് എടുത്ത് പറയേണ്ട നേട്ടം. മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേയ്ക്കും കമ്മ്യൂണിസത്തിലേയ്ക്കും വഴിവെട്ടാന്‍ അധികം സമയം വേണ്ടി വന്നില്ല. മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്‌സ് പറഞ്ഞതുപോലെ അതിനെ തകര്‍ക്കാനുള്ള ശക്തി അതിന്റെ ഉള്ളില്‍ തന്നെ വളര്‍ന്നുവരുന്നുണ്ടെന്നത് സത്യമാണെന്ന് കാലം തെളിയിച്ചു. അടിച്ചമര്‍ത്തലുകളില്‍, നിലകൊണ്ട നിശബ്ദതയ്ക്ക് അലമുറകളെക്കാള്‍ ശക്തിയുള്ള ദിവസം വരുമെന്ന പ്രത്യാശ അവിടെ കുറിക്കപ്പെട്ടു.
മുതലാളിത്തം വിതയ്ക്കുന്ന ദുരിതങ്ങള്‍ക്കെതിരായി തൊഴിലാളികള്‍ എല്ലാ ഭിന്നതകളും മറന്ന് പോരാടിയതിന്റെ ഫലമായാണ് അവന്റെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടത്. എന്നാല്‍, ഇന്ന് ട്രെയ്ഡ് യൂണിയനുകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.സി.ഐ.ടി.യു ഐഎന്‍ടിയുസി, എസ്ടിയു, എന്നിങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനകളായി അവ വിഭജിക്കപ്പെട്ടു. പാര്‍ട്ടി വളരുന്നുണ്ടെങ്കിലും നാടിന്റെ വികസനവും ഉത്പാദനവും ഉയരുന്നില്ല. പട്ടിണിയും ദാരിദ്ര്യവും മാറാനും അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടി നടത്തിയിരുന്ന സമരങ്ഹളുടെ വിശുദ്ധി പാര്‍ട്ടികളുടെ പേരില്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ക്കില്ല. രാഷ്ട്രത്തിന്റെ ഉന്നമനത്തെ ബാധിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ യഥാര്‍ത്ഥ തൊഴിലാളിയ്ക്ക് ആവില്ല. പാര്‍ട്ടികേന്ദ്രീകൃതമായി തൊഴിലാളി വര്‍ഗ്ഗം വിഭജിക്കപ്പെട്ടതാണ്. നമ്മുടെ നാട്ടില്‍ ഇത്രയധികം ഹര്‍ത്താലുകളും സമരങ്ങളും ഉണ്ടാകുന്നതിന് കാരണം. രാഷ്ട്രീയാതീതമായ ചിന്ത തൊഴിലാളികള്‍ക്ക് ഉണ്ടാകണം. അവരുടെ ഉരുക്കുമുഷ്ടികള്‍ അന്തരീക്ഷത്തില്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് മതങ്ങളുടെയോ കൊടിയുടെയോ കലര്‍പ്പില്ലാതെ നാം ഒന്നാണെന്ന ബോധ്യം ഉണ്ടായി രിക്കണം.