'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4- എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 01 May, 2014
'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്
ഇടുക്കി ലോകസഭാ മണ്ഡലമാണെന്റെ ജന്മതട്ടകമെന്നു സൂചിപ്പിച്ചല്ലൊ. ഒരു മാധ്യമ ലേഖകനായിട്ടൊ, എന്തെങ്കിലും ഒരു ചുമതലക്കാരനൊ ആയിട്ടല്ല ആ നാട്ടില്‍ ചുറ്റിക്കറങ്ങിയത്. അമേരിക്കയില്‍ 39 വര്‍ഷമായി വസിക്കുന്ന ഒരു സാധാരണ പ്രവാസി നാട്ടുകാരന്‍ എന്ന നിലയില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കാല്‍നടയായും, ഓട്ടോറിക്ഷയിലും, ലൈന്‍ബസ്സിലും, കാറിലും സഞ്ചരിച്ചു എന്നു മാത്രം. ഈ അവസരത്തില്‍ 16-ാം ലോകസഭാ തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവപരമ്പകരളെ ആധാരമാക്കിയുള്ള വിവരണങ്ങളും വീക്ഷണങ്ങളും നിഗമനങ്ങളുമാണിവിടെ സംക്ഷിപ്തമായി കുറിക്കുന്നതെ ന്നു സൂചിപ്പിരുന്നല്ലൊ. രണ്ടു മാസത്തിനിടയില്‍ ഈവ്യക്തി കേരളത്തിന് വെളിയില്‍ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൂടെ ഒരു ഹൃസ്വ യാത്ര നടത്തി. അതിനെപ്പറ്റി വരും അധ്യായങ്ങളില്‍ മുറപോലെ വിവരിച്ചു കൊള്ളാം.

ഇടുക്കി ജില്ലയുടെ ആസ്ഥാനം പൈനാവ് ആണെങ്കിലും ജില്ലയുടേയും നിയോജക മണ്ഡലത്തിന്റേയും സിരാകേന്ദ്രം തൊടുപുഴയാണെന്നു പറയാം. ഈ ലേഖകന്‍ തൊടുപുഴ, വാഴക്കുളം, കലൂര്‍, കല്ലൂര്‍ക്കാട്, നാഗപ്പുഴ, കോടിക്കുളം, കാളിയാര്‍, വണ്ണപ്പുറം, തൊമ്മന്‍കുത്ത്, കടവൂര്‍, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ആയവന, കാലാമ്പൂര്‍, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, തട്ടേക്കാട്ട്, തോക്കുപാറ, വണ്ടമറ്റം, വാരപ്പെട്ടി, കലയന്താനി, നെയ്യചേരി, അറക്കുളം, ആനിക്കാട്, മാലിപ്പാറ, മുള്ളരിങ്ങാട്, പൂയംകുട്ടി, കുട്ടമ്പുഴ, കരിമണ്ണൂര്‍, മയിലക്കൊമ്പ്, മുതലക്കൊടം, ഇടമറുക്, പാറത്തോട്, വഴിത്തല, ചാത്തമറ്റം, സൂര്യനെല്ലി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ തുടങ്ങിയ ഇടങ്ങളിലൂടെ യാത്രചെയ്യുകയുണ്ടായി. പണ്ടത്തെ ആളുകേറാ മലമൂടൊന്നുമല്ലാ ഇപ്പോള്‍ ഈ പ്രദേശം. പലയിടത്തും കോണ്‍ക്രീറ്റ് സൗധങ്ങള്‍, പള്ളികള്‍, പള്ളിക്കൂടങ്ങള്‍ ടാറിട്ട ഇടുങ്ങിയ റോഡുകള്‍, റബ്ബര്‍ മരങ്ങള്‍, കൃഷിത്തോപ്പുകള്‍. കുറച്ചൊക്കെ മരങ്ങളും കാടുകളും വെട്ടി നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലെ പല സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മുതിര്‍ന്ന മക്കള്‍ ജോലിക്കായി ഗള്‍ഫ് നാടുകളില്‍ - ഇംഗ്ലണ്ടില്‍, ആസ്‌ത്രേലിയായില്‍, അമേരിക്കയില്‍, കാനഡയില്‍ ഒക്കെയുണ്ടെന്നറിയാം. എന്റെ ജന്മഗ്രാമമായ പൈങ്ങോട്ടൂര്‍ ഇപ്പോള്‍ കോതമംഗലം താലൂക്കില്‍ ഉള്‍പ്പെടും. ഞാന്‍ കോതമംഗലത്തു നിന്ന് തട്ടേക്കാട്ട് വഴി പൂയംകുട്ടിയിലെത്തിയ സമയത്തായിരുന്നു മൂന്നുനാല് കാട്ടാനകള്‍ സര്‍ക്കാരിന്റെ സംരക്ഷിത മലമുകളില്‍ നിന്ന് ചിന്നംവിളിയുമായി ഇറങ്ങി വന്നത് എന്നില്‍ കൗതുകവും ഭയവും ഉളവാക്കി. കര്‍ഷകരുടെ കുറച്ചു വാഴകളും കമുകിന്‍ തൈകളും പ്ലാവുകളിലെ കുറച്ചു ചക്കകളും തുമ്പിക്കൈകൊണ്ട് വട്ടമൊടിക്കുകയും ഭക്ഷിക്കുകയും കുറച്ചു പിണ്ടമിടുകയും ചെയ്ത ശേഷം ആനകള്‍ മലമുകളിലേക്ക് കയറി കൊടിയ വനത്തിനുള്ളിലേക്കു മറഞ്ഞു. വനത്തിന്റെ മേല്‍ഭാഗത്തുനിന്ന് ആദിവാസികളുടെ ആനയെ ഓടിക്കാനുള്ള അലര്‍ച്ചയും തുടികൊട്ടുമാകണം ആനകളെ മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചത്. അടുത്തടുത്ത് ഒരു വന്‍മരത്തില്‍ പതിപ്പിച്ചിരുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വാള്‍പോസ്റ്റുകളില്‍ ആനകള്‍ ചന്തി ഉരച്ച് കടി തീര്‍ത്തിരുന്നു. അതുവഴി ഈ ആനകള്‍ നമ്മുടെ രണ്ടു മുന്നണികള്‍ക്കും കുറച്ച് നിഷേധ വോട്ടുകള്‍ രേഖപ്പെടുത്തിയതായി ഞാന്‍ അനുമാനിച്ചു. താഴ്‌വരയിലെ ഹോട്ടല്‍ ടീഷാപ്പില്‍ പുട്ടും കടലയുമടിച്ച് കൊണ്ടിരുന്ന ചില രസികരുടെ അഭിപ്രായത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കതില്‍ കാട്ടാനകളുടെ പ്രതിഷേധമറിയിക്കാന്‍ താഴോട്ടിറങ്ങിവന്നതാകാം ഈ കാട്ടാനക്കൂട്ടമെന്നായിരുന്നു.

അന്നു വൈകുന്നേരമായപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ഇലക്ഷന്‍ പ്രചാരണ ബ്ലോക്ക് തല ജാഥയും യോഗവും പൂയംകുട്ടി ജംഗ്ഷനിലുണ്ടായിരുന്നു. “കസ്തൂരി എന്‍ കസ്തൂരി അഴകിന്‍ ശിംഗാരി ” എന്നു തുടങ്ങുന്ന സിനിമാ പാരഡി രാഷ്ട്രീയ ഗാനത്തിന്റെ അകമ്പടിയോടെ കി ജയ് വിളികളോടെ സ്ഥാനാര്‍ത്ഥിയുടെ കട്ടൗട്ടും കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളും വെച്ച ജീപ്പില്‍ സ്ഥാനാര്‍ത്ഥി പൈങ്ങോട്ടൂര്‍കാരന്‍  ഡീന്‍ കുര്യാക്കോസും നേതാക്കളും എത്തിയപ്പോള്‍ മാലപടക്കങ്ങള്‍ പൊട്ടി, കതിനാവെടികള്‍ മുഴങ്ങി. പിന്നീട് തദ്ദേശവാസികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കഴുത്തില്‍ പൂമാലകള്‍ കൊണ്ട് പൊതിഞ്ഞു. ഏതാണ്ട് ഇതേ സമയത്തുതന്നെ പൂയം കുട്ടിയില്‍ നിന്ന് ഏതാണ്ട് 10 മൈല്‍ അകലെ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ ഗംഭീര തെരഞ്ഞെടുപ്പു പ്രചാരണയോഗവും റാലിയും നടക്കുന്നതായി ഈ ലേഖകനറിഞ്ഞു. അല്‍പം താമസിച്ചാണെങ്കിലും അവിടെ നടക്കുന്നതു കൂടി ഒന്നു കാണാം കേള്‍ക്കാം  എന്നു കരുതി ജോയ്‌സ് ജോര്‍ജിന്റെ പ്രചാരണ റാലി സ്ഥലത്തേക്ക് ഞാന്‍ വെച്ചടിച്ചു. അരിവാളും ചുറ്റിക ചിഹ്നവും പേറുന്ന ചെങ്കൊടിയുടെ കീഴെ നിന്ന് ജോയ്‌സ് ജോര്‍ജിനു വേണ്ടി ഒരു ളോഹയിട്ട  കത്തോലിക്ക വൈദികന്റെ വാഗ്‌ധോരണി കത്തിക്കയറുകയായിരുന്നു. കസ്തൂരിരംഗനേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേയും തന്റെ തീപ്പൊരി പ്രസംഗം കൊണ്ട് അദ്ദേഹം ഇടുക്കി മണ്ഡലത്തിലെ ഒരു മരത്തില്‍ കെട്ടിത്തൂക്കി കൊല്ലാക്കൊല ചെയ്തു. ഇടുക്കി പരിസ്ഥിതി ലോലമല്ല ദുര്‍ബലമല്ല. നല്ല ശക്തമാണ് പ്രത്യുത ശക്തരായ കര്‍ഷക മല്ലന്മാരുടെ കൈകളില്‍ ഇടുക്കി മണ്ഡലം സുശക്തമാണ്. ആവേശക്കാടിളക്കിയുള്ള അദ്ദേഹത്തിന്റെ തട്ടുപൊളിപ്പന്‍ പ്രസംഗം അണികളുടെ നീണ്ട ഹര്‍ഷാരവത്തോടെ നിലച്ചു. ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ഡാം ഇപ്പൊ പൊട്ടും ഓടിവായൊ... പെട്ടെന്നു പൊട്ടാതെ തള്ളിപ്പിടിച്ചൊ മാളോരെ ... അല്ലെങ്കില്‍ നമ്മളൊക്കെ ഒലിച്ചു പോകും എന്നു പറഞ്ഞു ഭയപ്പെടുത്തിയ രീതിയിലായിരുന്നു. ഓ... കസ്തൂരിരംഗന്‍ വരുന്നേ എന്നു പറഞ്ഞുള്ള ഭയപ്പാടോടെ ഓരോരുത്തരുടെ പ്രസംഗം. എന്റെ സമീപത്തായി പ്രസംഗം കേട്ടുനിന്ന ഒരമ്മൂമ്മ തള്ളയ്ക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഒരു പള്ളീലച്ചന്‍ പ്രസംഗിച്ചത് പുതിയ പുണ്യാളന്‍ കസ്തൂരിരംഗനെ പറ്റിയാണെന്ന് കരുതി എന്റെ കസ്തൂരിരംഗന്‍ പുണ്യാളച്ചൊ... എന്നെ രക്ഷിക്കണെ എന്നു പറഞ്ഞു കുരിശു വരച്ചുകൊണ്ട് പിറുപിറുത്തു.

ഈ ലേഖന പരമ്പരയിലെ  ശീര്‍ഷകം തന്നെ  ഒരുതരം രാഷ്ട്രീയ പീഡനത്തെപ്പറ്റിയാണല്ലൊ. സാന്ദര്‍ഭികമായി മറ്റൊരു പീഡനത്തെപ്പറ്റിയും ക്രിസ്തുവിന്റെ പീഡാനുഭവ കുരിശുമരണ അനുസ്മരണകാലത്ത് പരാമര്‍ശിക്കാതെ വയ്യ. ഇക്കഴിഞ്ഞ പീഡാനുഭവ ആഴ്ചയിലെ വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസവും ഈ വിശ്വാസി ഇവിടത്തെ, യുഎസ്സിലെ  മലയാളി ദേവാലയത്തില്‍ പോയി. ഓരോ ദിവസവും 4 മണിക്കൂര്‍ ദീര്‍ഘിക്കുന്ന പുണ്യതിരുക്കര്‍മ്മങ്ങള്‍ പ്രസംഗങ്ങള്‍. അതില്‍ ഏറ്റവും അസഹ്യമായത് വൈദികന്റെ അനവസരത്തിലുള്ള, മണിക്കൂറുകള്‍ നീണ്ട പ്രസംഗ പീഡന പരമ്പരകളായിരുന്നു. വൈദികന്‍ പറഞ്ഞതു തന്നെ തന്നേയും പിന്നേയും പറഞ്ഞ് കത്തിക്കയറി. പ്രാസംഗികനായ അദ്ദേഹത്തിന് അത് ആനന്ദവും ഭക്തിനിര്‍ഭരവുമായിരിക്കും. പക്ഷെ വിശ്വാസികള്‍ക്ക് അത് അരോചകവും പീഡനവുമായിരുന്നു. യഹൂദന്മാര്‍ ക്രിസ്തുവിനെ പീഡിപ്പിച്ച പോലെ നീണ്ട അറുബോറന്‍ പ്രസംഗം കൊണ്ട് വിശ്വാസികളെ പീഡിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ. എത്ര പ്രസംഗിച്ചാലും കൊതിതീരാത്ത ഇത്തരക്കാരെ ആരു പറഞ്ഞാലും തിരുത്താന്‍ സാധ്യമല്ല. എട്ടും, പന്ത്രണ്ടും മണിക്കൂര്‍ ജോലി കഴിഞ്ഞ് കുഞ്ഞുകുട്ടി പരാധീനമൊക്കെയായി എത്തിയ വിശ്വാസികളോടാണീ നീണ്ട പ്രസംഗ പരാക്രമ പീഡനം. ഇങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തില്‍ കൂടി ഇറങ്ങിയാല്‍ പിന്നെ പീഡനങ്ങളുടെ ആഘാതം കൂടുമെന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഷയവും ഇവിടെ ചര്‍ച്ചാ വിഷയമാക്കിയത്. അല്ലെങ്കിലും കുഞ്ഞാടുകള്‍ ഇടയന്മാരുടെ ഏതുതരത്തിലുള്ള പീഡനവും ഭയഭക്തിയോടെ സന്തോഷപുരസ്സരം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണല്ലൊ. പുരോഹിതരും ആള്‍ദൈവങ്ങളും രാഷ്ട്രീയത്തില്‍ കൈകടത്താതിരിക്കുന്നതാണ് ജനങ്ങള്‍ക്കും രാഷ്ട്രത്തിനും നല്ലതെന്നാണ് ചരിത്രം തെളിയിക്കുന്നതും പഠിപ്പിക്കുന്നതും ജനസംസാരവും. “ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന്”.

എന്റെ ബാല്യകൗമാരങ്ങളില്‍ കാരിക്കോട്ട്, തൊടുപുഴ, മൂവാറ്റുപുഴ അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ കുസുമം ജോസഫിനും, സി.എ. മാത്യുവിനും, കെ.എം. ജോര്‍ജിനും, ഈ.പി.പൗലോസിനും വേണ്ടി കോണ്‍ഗ്രസിന്റെ അന്നത്തെ ചിഹ്നമായിരുന്ന നുകം വെച്ച കാള പെട്ടിയിലോട്ടു ചെയ്യാന്‍ മുദ്രാവാക്യം വിളിച്ച ഓര്‍മ്മ തികട്ടി വന്നു. നസീറും ഷീലയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച “സ്ഥാനാര്‍ത്ഥി സാറാമ്മ” എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രത്തിലെ അടൂര്‍ഭാസിയുടെ സരസന്‍ ഗാനങ്ങളും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളും എന്നെ കൂടുതല്‍ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയി. കൂലംകുത്തിയൊഴുകുന്ന കാട്ടാറും മലനിരകളും സസ്യലതാദികളും പക്ഷികളുടെ നിര്‍ത്താത്ത കളകളനാദങ്ങളും ഇന്നും ഈ മധ്യകേരളത്തിലെ മലനാടിനെ അതീവമനോഹരവും സുന്ദരവുമാക്കുന്നു. ഈ നവോഢയെ ആരു വരണമാല്യം അണിയിക്കും. യുഡിഎഫൊ?  എല്‍ഡിഎഫൊ? ബിജെപിയൊ?
അതറിയാനായി മേയ് പകുതിവരെ കാത്തിരിക്കേണ്ടി വരും.

(തുടരും)


'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്'കസ്തൂരി എന്‍ കസ്തൂരി..' കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, രാഷ്ട്രീയവും-4-  എ.സി. ജോര്‍ജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക