തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 10 May, 2014
തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്
തമിഴ്‌നാടും കര്‍ണ്ണാടകയുമാണല്ലൊ കേരളത്തിന്റെ തൊട്ട അയല്‍ സംസ്ഥാനങ്ങള്‍. മുഖ്യമായി പശ്ചിമഘട്ട മലനിരകളാണ് ഈ അയല്‍ സംസ്ഥാനങ്ങളുടെ കേരളവുമായ അതിര്‍ത്തി പ്രദേശങ്ങള്‍. പച്ചക്കറികളും അരി തുടങ്ങിയ ധാന്യ വിഭവങ്ങളും വ്യാവസായിക ഉല്‍പ്പന്നങ്ങളും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വാങ്ങിയിട്ടുവേണം കേരളീയര്‍ക്കു ജീവിക്കാന്‍. അതെല്ലാം വാങ്ങാനുള്ള പണവും ധാരാളമായി വിദേശമലയാളികളില്‍ നിന്നെത്തണം. അതുപോലെ കേരളത്തില്‍ പണി എടുക്കാനും ബംഗാളികളും ബീഹാറികളും ഒഡീഷ്യക്കാരും വരണം. പിന്നെ കേരളത്തിലുള്ള കേരളീയര്‍ തിന്ന് മുടിക്കാനും, സമരം ചെയ്യാനും, രാഷ്ട്രീയം കളിക്കാനും തത്വവും നീതിയും പ്രസംഗിക്കാനും ആത്മാക്കളെ രക്ഷിക്കാനും തമ്മില്‍ തല്ലാനും മാത്രമുള്ള ഒരു സമൂഹമായി മാറിയിരിക്കുന്നുവെന്ന് കേരളത്തിലുള്ള ചില നേതാക്കന്മാര്‍ പറയുന്നത് കൂടുതലും ശരിയല്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും കേരളത്തിന്റെ ഉപഭോഗ മാര്‍ക്കറ്റ് തമിഴ്‌നാടിനെയും കര്‍ണ്ണാടകയേയുമൊക്കെ സഹായിക്കുന്നു. വടക്കെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കേരളം സ്വര്‍ണ്ണം വിളയുന്ന ഒരു ഗള്‍ഫായി മാറിയിട്ട് കുറച്ചു വര്‍ഷങ്ങളായി. കനകം വിളയുന്ന കേരളത്തിലെ ഈ ഗള്‍ഫു കാണാതെ കുതിര സ്വന്തം ഗുദത്തിലിരിക്കുന്ന കസ്തൂരി കാണാതെ അതു തേടി വിദേശങ്ങളിലേക്കൊക്കെ നെട്ടോട്ടമോടുന്നമാതിരിയാണ് കേരളത്തിലെ മലയാളി. എന്തു ചെയ്യാം കേരളത്തിലെ കേരളീയരുടെ ഒരു മനഃശാസ്ത്രം. കേരളത്തിനുള്ളില്‍ പണിയെടുക്കാന്‍ മടി എന്നാല്‍ കേരളത്തിന് വെളിയിലെത്തിയാല്‍ എന്തു തൊഴിലിനും തയ്യാര്‍. വിഷയത്തില്‍ നിന്ന് വ്യതിചലിക്കേണ്ട. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ജറ്റ് എയര്‍വേസ് വഴിയാണ് ഞാനും ഭാര്യയും തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ എത്തിയത്. അവിടെയും തഞ്ചാവൂരും ഓരോ ദിവസം വീതം തങ്ങിയ ശേഷം വേളാംകണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഉദ്ദേശം. തിരുച്ചിറപ്പിള്ളി, തൃശ്ശിനാപ്പിള്ളി എന്നൊക്കെ വിളിക്കുന്ന ഈ സിറ്റിയും പ്രാന്തപ്രദേശങ്ങളും എനിക്ക് ഏതാണ്ടൊക്കെ പരിചിതങ്ങളാണ്. ഞാന്‍ യുഎസിലേക്ക് കുടിയേറുന്നതിനു മുമ്പ് സതേണ്‍ റെയില്‍വെ ജീവനക്കാരന്‍ എന്ന നിലയില്‍ പല സന്ദര്‍ഭങ്ങളിലായി ഏതാണ്ട് 2 കൊല്ലത്തോളം തൃശിനാപ്പള്ളിയിലുണ്ടായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമായി മൊത്തം 9 കൊല്ലത്തെ റെയില്‍വെ തൊഴില്‍ സേവനത്തിനുശേഷമാണ് അമേരിക്കയിലേക്ക് എഴുപതുകളില്‍ കുടിയേറിയത്.

തമിഴ്‌നാട്ടില്‍ കാര്‍ഷിക രംഗത്തും, വ്യാവസായിക രംഗത്തും, രാഷ്ട്രീയ രംഗത്തും, സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലും മലയാളികളുടെ സാന്നിദ്ധ്യം സജീവമാണ്. കേരളത്തേക്കാള്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് ചൂടാണ് അവിടെ കണ്ടത്. തമിഴിലും ഇംഗ്ലീഷിലുമുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളുടെ ബാനറുകള്‍, ചുവരെഴുത്തുകള്‍, അവരവരുടെ ചിഹ്നങ്ങള്‍ പേറി സംഗീത പെരുമഴയും മുദ്രാവാക്യങ്ങളും വര്‍ഷിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള നെട്ടോട്ടങ്ങള്‍ എങ്ങും ദൃശ്യമായിരുന്നു. കേരളത്തില്‍ 20 ലോകസഭാ മണ്ഡലങ്ങളാണുള്ളതെങ്കില്‍ 39 ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തേക്കാള്‍ ഏറെ വിസ്തീര്‍ണ്ണമുള്ള തമിഴ്‌നാടിനുള്ളത്. നമ്മള്‍ വിചാരിക്കും കേരളത്തിലാണ് എണ്ണത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അതിപ്രസരമെന്ന് എന്നാല്‍ അതില്‍ വളരെ കൂടുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ പെറ്റുപെരുകിയും, അടര്‍ന്നും, പിളര്‍ന്നും പൊട്ടിമുളച്ചും തമിഴ്‌നാട്ടിലുണ്ട്. അവയില്‍ ചിലതാണ് ദ്രാവിഡമുന്നേറ്റ കഴകം, ഓള്‍ ഇന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം, പട്ടാളി മക്കള്‍ കക്ഷി, ദേശീയമുറപോക്കു ദ്രാവിഡ കഴകം, ഓള്‍ ഇന്ത്യാ ഏഴൈമക്കള്‍ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യാ മക്കള്‍ മുന്നേറ്റ കഴകം, അഖിലേന്ത്യാ തമിഴക മുന്നേറ്റ കഴകം, ദലിത് മക്കള്‍ മുന്നേറ്റ കഴകം, ദ്രാവിഡ കഴകം, ഹിന്ദുമക്കള്‍ കക്ഷി, മക്കള്‍ മാനാട്ട് കക്ഷി, കാമരാജര്‍ ദേശീയ കോണ്‍ഗ്രസ്, തമിഴ് മാനില കാമരാജ് കോണ്‍ഗ്രസ്, തമിഴ് മുസ്ലീം മുന്നേറ്റ കഴകം, ഉഴവര്‍ ഉഴിപ്പാളര്‍ കക്ഷി, വ്യവസായി അന്‍പു കക്ഷി, പെരും തലൈവര്‍ മക്കള്‍ കക്ഷി, എം.ജി.ആര്‍ കഴകം തുടങ്ങി ഇനിയും അനവധിയുണ്ട്. ദേശീയ കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതീയ ജനതാപാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവക്കെല്ലാം പുറമെയുള്ളവയാണിതെല്ലാം.
എന്നാല്‍ 4 പ്രബല പ്രാദേശിക കക്ഷികള്‍ ഇപ്പോഴത്തെ ഭരണകക്ഷിയായ ജയലളിത നേതൃത്വം കൊടുക്കുന്ന എ.ഐ.എ.ഡി.എം.കെയും, കരുണാനിധി നേതൃത്വം കൊടുക്കുന്ന ഡി.എം.കെയും, വിജയകാന്ത് നേതൃത്വം കൊടുക്കുന്ന ഡി.എം.ഡി.കെയും വൈക്കൊ എന്നറിയപ്പെടുന്ന വി. ഗോപാലസ്വാമി നേതൃത്വം കൊടുക്കുന്ന എം.ഡി.എം.കെയുമാണ്. മുല്ലപ്പെരിയാല്‍ വിഷയത്തിലായാലും ഏതിലായാലും എറ്റവും കൂടുതല്‍ അനാവശ്യമായ തമിഴ് പ്രാദേശിക വികാരം ഇളക്കി വിടുന്ന ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നത് നാലാമത് പരാമര്‍ശിച്ച വൈക്കൊയുടെ എം.ഡി.എം.കെ എന്ന ചുരുക്കപ്പേരിലുള്ള മറുമലര്‍ ദ്രാവിഡ മുന്നേറ്റ കഴകമാണ്. തമിഴ്‌നാട്ടിലെ മലയാളികള്‍ക്കും ഒരു വലിയ തലവേദനയാണീ പ്രാദേശിക കക്ഷി. കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് തുടങ്ങി പലഭാഗങ്ങളും തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നും മുല്ലപ്പെരിയാര്‍ തുടങ്ങിയ ഡാമുകള്‍ പൂര്‍ണ്ണമായി തമിഴ്‌നാടിന് വിട്ടുകിട്ടണമെന്നും അവര്‍ വാദിക്കുന്നു. ഏതായാലും സുപ്രീംകോടതി വിധിയോടെ  മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍തമിഴ്‌നാടിനു  മേല്‍ക്കോയ്മ കിട്ടിയിരിക്കുകയാണു കേരളത്തിനു വലിയ തലവേദനയും.  
          
എത്ര രാഷ്ട്രീയ കക്ഷികള്‍ അവിടുണ്ടായാല്‍ തന്നെയും തമിഴകത്തിന്റെ മുന്നേറ്റത്തിലും വളര്‍ച്ചയിലും അവര്‍ ഒറ്റക്കെട്ടാണ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിടെ സമരങ്ങളും, ഹര്‍ത്താലുകളും ബന്തുകളും വളരെ കുറവ്. സമയബന്ധിതമായി കുറച്ചൊക്കെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തമിഴര്‍ വിജയിക്കുന്നു. അവിടത്തെ റോഡുകള്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ കേരളത്തെക്കാള്‍ എത്രയോ മെച്ചമാണ്. കേരളീയരേക്കാള്‍ കൂടുതല്‍ താര ആരാധകരാണ് തമിഴ് മക്കള്‍. സിനിമയും രാഷ്ട്രീയവും അവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു. കേരളത്തേക്കാള്‍ അധികം വലിപ്പവും ജനസംഖ്യയുമുള്ള ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം സിനിമയില്‍ നിന്നു വന്ന ജയലളിത അനായാസം നയിക്കുന്നു, ഭരിക്കുന്നു. ഏന്നാല്‍ നമ്മുടെ ഉമ്മന്‍ ചാണ്ടിയൊ ഈ ചെറിയ കേരളം ഭരിക്കാന്‍ കിടന്ന് വെള്ളം കുടിക്കുന്നു. കൂടാതെ മറ്റ് പൊതുജനങ്ങളെയും വിഷമവൃത്തത്തിലാക്കി വെള്ളം കുടിപ്പിക്കുന്നു. എന്ന് വച്ച് നമ്മുടെ മലയാള സിനിമാക്കാരുടെ കൈയിലെങ്ങാനും ഭരണം ഏല്‍പിക്കാനല്ലാ പറയുന്നത്. അവരുടെ കൈയിലെങ്ങാനും ഏല്‍പ്പിച്ചാല്‍ നമ്മളെല്ലാം ഇപ്പോള്‍ കുടിക്കുന്നതിന്റെ ഇരട്ടി കലക്കവെള്ളം തന്നെ കുടിക്കേണ്ടിവരും. അഴിമതിക്കാരിയാണെങ്കിലും തന്റെ ഉരുക്കു മുഷ്്ടിയില്‍ പാര്‍ട്ടി ഡിസിപ്‌ളിനും അച്ചടക്കവും തന്റെ പാര്‍ട്ടിയിലെ അപ്രമാദിത്യവും സ്ഥാപിച്ചുകൊണ്ട് ജയലളിതയുടെ ഏ. ഐ. ഏ. ഡി. എം. കെ തന്നെ അവിടെ നിന്ന് ലോകസഭാ ഇലക്ഷനില്‍ മുന്‍ നിരയിലുണ്ട്. ജയലളിത പങ്കെടുക്കുന്ന രാഷ്ട്രീയ പ്രചരണ യോഗങ്ങളില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. കര്‍ണ്ണാടകയില്‍ ജനിച്ച് ചെന്നൈയിലെ കോടമ്പാക്കത്തെത്തിയ ജയലളിത തമിഴരുടെ മനം കവര്‍ന്ന വെള്ളിത്തിരയിലെ സിനിമാ താരറാണിയായി. കണ്‍മയക്കങ്ങളും കൊഞ്ചിക്കുഴയലും പൃഷ്ഠങ്ങളും വാമ ഭാഗങ്ങളും കുലുക്കി നൃത്തം ചെയ്യുന്ന രംഗങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ച് തമിഴരുടെ ഒരു ഹരവും രോമാഞ്ചവുമായി മാറിയ ജയലളിത എന്ന സ്വപ്നസുന്ദരി മലയാളിയും തമിഴരുടെ മക്കള്‍ തിലകവുമായ എം. ജി. ആര്‍ (എം. ജി. രാമചന്ദ്രന്‍) ജോടിയായി അഭിനയിക്കാന്‍ തുടങ്ങിയതോടെ താരമൂല്യം പത്തിരട്ടിയായി ഉയര്‍ന്നു. ജയലളിതയുമായി എം. ജി. ആറിന്റെ പ്രേമരംഗങ്ങളും കുളിസീനുകളും ദക്ഷിണേന്ത്യന്‍ യുവ സിനിമാസ്വാദകരെ ഇക്കിളിപ്പെടുത്തുകയും ഉറക്കം കെടുത്തുകയും ചെയ്തു. സിനിമയില്‍ നിന്നും വന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു എം.ജി.ആര്‍. ലക്ഷങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു ഏഴൈ തോഴന്‍ - വാദ്ധ്യാര്‍ - നടികര്‍ തിലകം എം.ജി.ആര്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിവിട്ട ജയലളിത തമിഴക രാഷ്ട്രീയവും കീഴടക്കി. രാഷ്ട്രീയ എതിരാളി കരുണാനിധി ഒന്നു രണ്ടു ദിവസം ജയലളിതയെ ജയിലില്‍ കിടത്തിയെങ്കിലും ധാരാളം അഴിമതി കേസുകള്‍ ജയലളിതക്കെതിരെ നിലവിലുണ്ടെങ്കിലും ഒരുപക്ഷെ അടുത്ത ലോകസഭാ ഇലക്ഷന്‍ ഫലത്തിനു ശേഷം രാഷ്ട്രീയ തിരിമറിയിലൂടെ ധ്രുവീകരണത്തിലൂടെ ജയലളിത ഇന്ത്യയിലെ പ്രധാനമന്ത്രിയായി ഉയരാനും സാധ്യതയുണ്ടെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു. എം.ജി.ആര്‍ സിനിമയിലെ ഒരു സിനിമാഗാനമായ നാന്‍ ആണയിട്ടാല്‍... അതു നടന്തുവിട്ടാല്‍... ഇങ്ക.... ഏഴൈകള്‍ വേദനൈപ്പടമാട്ടാര്‍... ഉയിര്‍... ഉള്ളവരൈ... ഒരു... തുമ്പമില്ലൈ...അവര്‍...കണ്ണീര്‍...കടലിലെ...വിഴൈമാറ്റാര്‍...ഒരു തവരു ചെയ്താല്‍...അതൈ തെരിഞ്ച് ചെയ്താല്‍...അവന്‍...ദേവന്‍...എന്‍താലും...വിടമാട്ടേന്‍... എന്ന ഗാനം ജയലളിതയുടെ മിക്ക പ്രചാരണ യോഗങ്ങളിലും മുഴങ്ങി കേള്‍ക്കാം. എം.ജി.ആര്‍ ഒരു ചാട്ടവാറുകൊണ്ട് അഴിമതിക്കാരേയും, കുംഭകോണക്കാരേയും, കരിഞ്ചന്തക്കാരേയും, അധര്‍മ്മികളേയും അടിയ്ക്കാനായി ഓങ്ങിനില്‍ക്കുന്ന ഒരു വലിയ വാള്‍പോസ്റ്റര്‍ എവിടെയും ദൃശ്യമാണ്.

സിനിമയില്‍ കഥകളും ഗാനങ്ങളുമെഴുതിക്കൊണ്ടാണ് മുത്തുവേല്‍ കരുണാനിധി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. പ്രായാധിക്യവും, രോഗിയുമായ കരുണാനിധി, പുത്രനായ എം.കെ. സ്റ്റാലിനെയാണ് തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചിരിക്കുന്നത്. കരുണാനിധിയുടെ മറ്റൊരു ഭാര്യയിലുണ്ടായ എം.കെ. അഴഗിരിക്ക് ആ സ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥനാണെന്നു മാത്രമല്ല ദ്രാവിഡമുന്നേറ്റ കഴകം പാര്‍ട്ടിയില്‍ നിന്നു തന്നെ സമീപകാലത്ത് പുറത്തായിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന യു.പി.എ ഗവണ്മെന്റിന്റെ ഘടകകക്ഷി അംഗമായിരുന്ന ഡി.എം.കെയിലെ എ. രാജയുടേയും കരുണാനിധിയുടെ മകളായ കനിമൊഴിയുടേയും ടൂജി സ്‌പെക്ട്രം തുടങ്ങിയ അഴിമതി ആരോപണങ്ങളും കേസുകളും യു.പി.എ. ഗവണ്മെന്റിന്റെ ഇമേജിന് വളരെയധികം കളങ്കം സൃഷ്ടിച്ചു. തുടര്‍ന്നുള്ള അവരുടെ അറസ്റ്റും ജയില്‍വാസവും ഡി. എം. കെയുടെ യു. പി. എ സഖ്യത്തില്‍ നിന്നുളള പിന്‍മാറ്റവും ഏവര്‍ക്കും അറിവുള്ളതാണല്ലോ. ഞാന്‍ തിരുച്ചിയില്‍ എത്തുമ്പോള്‍ തിരുച്ചിയിലെ ഫോര്‍ട്ട് മൈതാനിയില്‍ ഡി. എം. കെയുടെ ലക്ഷങ്ങള്‍ പങ്കെടുത്ത 'മാനാട്' മഹാസമ്മേളനം നടക്കുകയായിരുന്നു. എന്‌റെ സമീപം നിന്നിരുന്ന ഒരു മധ്യവയസ്‌കനായ തമിഴ് വോട്ടറുടെ കമന്റ് ഇങ്ങനെയായിരുന്നു. “യാരു വന്താലെന്നാ.. പോയാലെന്നാ....എല്ലാം ഒന്നു താന്‍.....നാ.. ഒഴച്ചാല്‍ കാശ് കിടയ്ക്കും... അവളവുതാന്‍...”

തിരുച്ചിയിലെ ശ്രീരംഗത്തു താമസിക്കുന്ന എന്റെ പഴയ റയില്‍വെ കൊ-വര്‍ക്കറും സുഹൃത്തുമായ വി. ഗോപാലസ്വാമിയോടൊപ്പം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഹൃസ്വമായ ഓട്ട പ്രദക്ഷിണം നടത്തി. പിറ്റേന്ന് ഉച്ചയോടെ തമിഴ് നാടിന്റെ ഒരു ക്ഷേത്ര നഗരവും നെല്ലറയുമായ തഞ്ചാവൂരിലേക്ക് ട്രെയിന്‍ കയറി. തഞ്ചാവൂരിലെത്തിയ അന്നുതന്നെ ടാക്‌സി പിടിച്ച് കുംഭകോണം, പാപനാശം തുടങ്ങിയിടങ്ങളിലും ഒന്നു കറങ്ങി വൈകുന്നേരമായപ്പോള്‍ തഞ്ചാവൂരില്‍ ബുക്കു ചെയ്തിരുന്ന താമസസ്ഥലമായ പ്‌ളാസാ ഹോട്ടലിലെത്തി. തഞ്ചാവൂര്‍ ഗാന്ധി സ്‌ക്വയറില്‍ സിനിമാതാരം ക്യാപ്റ്റന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി. എം. ഡി. കെ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു യോഗം കുറെ നേരം വീക്ഷിച്ചു.

(അടുത്ത ലക്കത്തില്‍ തെരഞ്ഞെടുപ്പ് : അയല്‍ സംസ്ഥാനങ്ങളിലൂടെ യാത്ര തുടരുന്നു)തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്തെരഞ്ഞെടുപ്പൂചൂട് അയല്‍ സംസ്ഥാനങ്ങളില്‍- 6-എ.സി. ജോര്‍ജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക