Image

പച്ചമാങ്ങ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങ (അടുക്കളത്തോട്ടം : സപ്ന അനു ബി.ജോര്‍ജ്)

സപ്ന അനു ബി.ജോര്‍ജ് Published on 12 May, 2014
 പച്ചമാങ്ങ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങ (അടുക്കളത്തോട്ടം : സപ്ന അനു ബി.ജോര്‍ജ്)

മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും ഫാസ്റ്റ്ഫുഡും സ്വദേശിയും വിദേശിയും ആയ മലയാളികളെ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം,കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടനവധി രോഗങങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവ നല്‍കാനും കഴിയുന്ന പോഷക കലവറയാണ് പച്ചക്കറികള്‍.

ഡോക്ടറിന്റെയും ,ഡയറ്റീഷ്യന്റെയും ഉപദേശങ്ങളുടെ നീണ്ട മണിക്കൂറുകള്‍ക്കു ശേഷം എത്തിച്ചേരുന്ന പച്ചക്കടിക്കടയിലെ വിലയും,വിഷദ്രാവകങ്ങള്‍ നിറഞ്ഞ പച്ചക്കറികളെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പോഷകാംശങ്ങള്‍ക്കു വേണ്ടി നാം തിരഞ്ഞുപിടിച്ചു കഴിക്കുന്ന ഭക്ഷണം അങ്ങനെ ശരീരത്തിന് കൂടുതല്‍ ദോഷകരമാക്കുന്നു. ഇനി രക്ഷ സ്വയംപര്യാപ്തത മാത്രമാണ്. പ്രകൃതിയോട് ഏറ്റവും അടുപ്പമുള്ള നിറമാണ്  പച്ച. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്ക് ആരോഗ്യവും ആശ്വാസവും നല്‍കുന്നതു മാത്രവുമല്ല മണ്ണിനോട് അടുപ്പമുള്ള നിറമായതു കൊണ്ട് മനസ്സിന് ആശ്വാസം നല്കുകയും ചെയ്യുന്നു.

മനുഷ്യസമൂഹത്തോളം തന്നെ ചരിത്രം അവകാശപ്പെടാവുന്ന ഒരു പ്രവൃത്തിയാണ് കൃഷി. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായിവര്‍ത്തിക്കുന്ന ഒന്നാണ് ഭക്ഷണം എന്നതിനാല്‍തന്നെ, കാര്‍ഷിക വൃത്തിയെ മാറ്റി നിര്‍ത്തി മനുഷ്യനു ജീവിതവുമില്ല. നമ്മുടെ പിന്‍തലമുറ ഉണ്ടായിരുന്ന മനശാന്തിക്കും ആരോഗ്യത്തിനും സൌമ്യതക്കും മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യമുണ്ടോ? കാര്‍ഷികപ്രവൃത്തിയില്‍ നിന്നും മാറി നില്‍ക്കുന്ന ഈ തലമുറ മാനസികവും ശാരീരികമായ സമ്മര്‍ദ്ദങ്ങളില്‍ വട്ടംകറങ്ങുബോള്‍ ഉഴറുമ്പൊള്‍ , ആശ്വാസം നല്‍കാന്‍ ഓണ്‍ലൈന്‍! ഗെയിമുകളായെങ്കിലും കൃഷി പുനരവതരിക്കുന്നത് ആശാവഹമാണ്, ഫേസ് ബുക്കിന്റെ ഫാം ടൌണ് ഉദാഹരണം.

ചികിത്സാരീതി എന്ന നിലയില്‍പ്പോലും ഇപ്പോള്‍ കൃഷിയും,പൂന്തോട്ടസംരക്ഷണവും, പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നുല്ല സംരംഭങ്ങള്‍  അത്യാവശ്യം എന്ന് പറയുന്നു. പച്ചക്കറി തോട്ടങ്ങള്‍ നട്ടു വളര്‍ത്തുന്നതും, നനക്കുന്നതും, മനസ്സിനു നല്ല സന്തോഷം തരും എന്നെത്  പലരും സ്വന്തം അനുഭവങ്ങളായി പറയുന്നു.

വീടിനുചുറ്റും അല്പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ,നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കു പോലും  സ്വന്തം ബാല്‍ക്കണികളിലും ജനപ്പടികളിലും മറ്റും  ചെറിയ ചെടിച്ചട്ടികളില്‍, മുളകും, പുതിനയും മല്ലിയിലയും , പലതരം  ഹെര്‍ബല്‍ ചെടികളും വളത്താം.  ഇതിനാണ് പഴമക്കാര്‍ പറയുന്നത്, ' വേണമെങ്കില്‍ ചക്ക വേരിലും കായിക്കും എന്ന്.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കില്‍ ജൈവപച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും, ഒഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ വെള്ളം കുപ്പികളിലും, പെപ്‌സി, 7 അപ്പ് എന്നിവയുടെ കാനുകളിലും കൃഷി ചെയ്യാവുന്നതാണ്. പദ്ധതികള്‍ക്കാവശ്യമായ പച്ചക്കറി വിത്തുകള്‍ നാട്ടില്‍ കൃഷിഭവനില്‍ നിന്നും, നേഴ്‌സറികളില്‍ നിന്നും കിട്ടുന്നതാണ്.  ഇന്ന് പ്രതീക്ഷക്ക് വിപരീതമായി പച്ചക്കറി കൃഷി, വീടുകളില്‍ നിന്നും മാറി സ്‌കൂളുകളിലും, ഓഫ്ഫീസ്സ് റ്റെറുസ്സുകളിലും, പോലീസ് സ്‌റ്റേഷനുകളില്‍ പോലും പച്ചക്കറി കൃഷി സുലഭമായ ഒരു  സംരംഭമായിത്തീര്‍ന്നിരിക്കുന്നു. ഇത്തരം ഒരു കൂട്ടായ്മയുടെ ഭാഗമായി, മുഹമ്മദ് കുട്ടിയും സുഹൃത്തുക്കളും , പരസ്പരം വിത്തുകള്‍ കൈമാറുകയും , സഹായസഹകരണങ്ങള്‍ നല്‍കുമയും ചെയ്തതിന്റെ ഭാഗമായി, അടുക്കളത്തോട്ടം എന്നൊരു ചെറിയ ഗ്രൂപ്പ് ഉടലെടുത്തു. കത്തുകളിലൂടെ വിത്തുകളും, ഫെയിസ് ബുക്കിലൂടെ  ആശയങ്ങളും വിവരങ്ങളും  പങ്കുവെക്കുകയും  ചെയ്ത ചെറിയ സംരഭം ഇന്ന്  കടല്‍കടന്ന് ഗല്‍ഫ് നഗരങ്ങളിലും മറ്റും ആയി പടന്നു  പന്തലിച്ചു. ഇവിടെ  മുഹമ്മദ് കുട്ടിയുടെ ആശയത്തിലൂടെ, താല്പര്യത്തിലൂടെ പ്രോത്സാഹനത്താല്‍ തുടങ്ങിയ ഈ സംരഭത്തെക്കുറിച്ച അദ്ദേഹം തന്നെ, നമ്മുടെ മനസ്സിലുള്ള സകലചോദ്യങ്ങള്‍ക്കും  ഉത്തരങ്ങളും ഉപദേശങ്ങളും നല്‍കുന്നു.....
ചോ: അടുക്കളക്കൂട്ടം എന്ന പേര് ,ആരുടെ ആശയം ആയിരുന്നു?
ഉ: ഈ ഗ്രൂപ്പു തുടങ്ങിയത്  കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തിലാണ്. അടുക്കളത്തോട്ടം എന്ന പേരു നിര്‍ദ്ദേശിച്ചത് എന്റെ സുഹൃത്തും ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിനിസ്റ്റര്‍ ആയ ശ്രീ നാരായണന്‍ കുട്ടി മാപാലയാണ്. അദ്ദേഹം അടുത്ത പ്രദേശമായ തിരൂര്‍ നിവാസിയാണ്.
ചോ: ചെടികളോടും പുഷ്പങ്ങളോടും ഉള്ള താല്പര്യം എല്ലാവര്‍ക്കും  ഉള്ള , എന്നാല്‍ എല്ലാവര്‍ക്കും നിലനിര്‍ത്തിക്കൊണ്ടു പോകാനാകാത്ത ഒന്നല്ലെ?
ഉ: പരിശ്രമിച്ചാല്‍ എല്ലാവര്‍ക്കും സാധിക്കും എന്നു പലരും, പല നാടുകളിലും, ചൂടിലും തണുപ്പിലു, ഗള്‍ഫിലും മറ്റും ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ചോ: സ്വന്തം  വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്നിവക്കപ്പുറമായി, സുഹൃത്തുക്കള്‍ക്കും മറ്റും  ഇതെക്കുറിച്ച അറിവ് പകര്‍ന്നുകൊടുക്കാനുള്ള  പ്രചോദനം ?
ഉ: സൌഹൃദം പങ്കുവെക്കലും , പച്ചക്കറിത്തോട്ടവും തമ്മില്‍ ബന്ധപ്പെടുത്തണം എന്ന മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. ഇന്റെര്‍നെറ്റൊക്കെ വരുന്നതിനു മുമ്പു തന്നെ തൂലികാ സൌഹൃദത്തില്‍ തല്പരനായിരുന്നു. അങ്ങിനെ ഒട്ടേറെ സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അന്നൊക്കെ  ചിലരില്‍ നിന്നു തപാലിലൂടെ വിത്തുകളും ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്റെര്‍നെറ്റുമായി പരിചയപ്പെട്ടപ്പോള്‍ ഈ ബന്ധങ്ങള്‍ക്ക് ആക്കം കൂടി. ഉപകാരപ്രദമായ കാര്യങ്ങള്‍ക്കു ഇന്റെര്‍നെറ്റ് മാധ്യമം എങ്ങിനെ ഉപയോഗിക്കാമെന്നും , നിത്യ ജീവിതത്തില്‍ അതെങ്ങനെ പ്രായോഗികമാക്കാമെന്നും തീരുമാനിക്കുകയായിരുന്നു.
ചോ: വിത്തുകള്‍ ശേഖരിക്കുക, മറ്റു തല്പരവ്യക്തികള്‍ക്കുവേണ്ടി അയച്ചുകൊടുക്കുക എന്ന ഭാഗവും, എല്ലാവരും താല്പര്യം അല്ലെ?
ഉ: നമ്മള്‍ നമ്മളില്‍ത്തന്നെ ഒതുങ്ങിക്കൂടാതെ കൊടുത്തും വാങ്ങിയും ശീലിച്ചാലേ സമൂഹത്തില്‍ പരസ്പര സ്‌നേഹം നില്‍നില്ക്കൂ. ഇന്നത്തെ കാലത്ത് പണ്ടുണ്ടായിരുന്ന ഒരു സ്‌നേഹതാല്പര്യത്തിനാരും മുതിരുന്നില്ല. എല്ലാവരും അവനവനിലേക്ക് ഉള്‍വലിയുകയാണ്.
ചോ: ഇന്നത്തെക്കാലത്ത്, എല്ലാവരുംതന്നെ, ചെടികളും പുഷ്പങ്ങളും  എല്ലാം മാറ്റിവെച്ച് നിത്യോപക പച്ചക്കറികള്‍ വളര്‍ത്താനായി സമയം കണ്ടെത്തണം. ഇതാണോ കുട്ടിയുടെ താല്പര്യം?
ഉ: അതെ, അതാ ഞാന്‍ പറഞ്ഞു വന്നത്. പണ്ടൊക്കെ അയല്‍ വാസികള്‍ തമ്മില്‍ എല്ലാം പങ്കു വെക്കുമായിരുന്നു. വീട്ടില്‍ പാചകം ചെയ്യുന്ന കറികള്‍വരെ അങ്ങോട്ടുമിങ്ങോട്ടും പങ്കു വെക്കുമായിരുന്നു. അതു കൊണ്ടു തന്നെ അന്ന് ജാതിമത ചിന്തളില്ലാതെ മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചിരുന്നു. കൊണ്ടു കൊടുത്തും ദുഖത്തിലും സന്തോഷത്തിലും പങ്കാളികളായിരുന്നു. ഇനിയും ശ്രമിച്ചാല്‍ നമുക്കതിനു കഴിയും.
ചോ: കേരളംവിട്ട് ഗള്‍ഫില്‍ ദുബായ്വരെ എത്തിനില്‍ക്കുന്ന ഈ സംരഭം ഇനി ഇവിടുന്നെങ്ങോട്ട്?
ഉ: ദുബായ് വരെയെന്നല്ല ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ ഇന്നതിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാട്ടില്‍ നിന്നകന്നു  നില്ക്കുമ്പോഴാണു മലയാളികള്‍ക്കത് കൂടുതല്‍ മനസ്സിലാകുന്നത്. അതു കൊണ്ടു തന്നെയാണു ഇത്തരം സംരംഭങ്ങള്‍ക്കു പ്രചാരം ഏറി വരുന്നതും.
ചോ: എല്ലാവര്‍ക്കും ചെടികളോടുള്ള താല്പര്യം നിലനിര്‍ത്തിക്കൊണ്ടുപോകും എന്നു തോന്നുന്നുണ്ടോ?
ഉ: തീര്‍ചയായും. ഒരു പയര്‍ മണിയെങ്കിലും മുളപ്പിച്ച് അതിന്റെ ഓരൊ ദിവസത്തെയും വളര്‍ച്ച നോക്കി നില്‍ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. കുട്ടികള്‍ക്കും ഏറെ താല്പര്യമുള്ള വിഷയമണിത്. അതിനുള്ള അവസരം നമ്മളൊരുക്കി കൊടുക്കണമെന്നു മാത്രം.
ചോ: സിനിമാതാരങ്ങള്‍വരെ കൃഷിയില്‍ താല്പര്യം കാണിക്കുന്നത്, സ്വാര്‍ത്ഥതയോ, സദുദ്ദേശമോ?
ഉ: സിനിമാതാരങ്ങള്‍ ഇറങ്ങിപ്പുറപെട്ടത് സ്വാര്‍ത്ഥതയാണെന്നു ഞന്‍ പറയില്ല. എന്നാല്‍ അതില്‍ പബ്ലിസിറ്റിയുടെ ഒരംശമില്ലേയെന്നു ശങ്കിച്ചു പോകാറുണ്ട്. എന്നിരുന്നാലും ജനങ്ങളില്‍ കൃഷിയോടുള്ള ഒരു താല്പര്യം ജനിപ്പിക്കാന്‍ ഇതു സഹായകരമാകുന്നുണ്ട്. അപ്പോ അതും സ്വാഗതാര്‍ഹം തന്നെ.
ചോ: 4 പേരടങ്ങുന്ന, ഫ്‌ലാറ്റില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്  സ്വന്തമായി അത്യാവശ്യ പച്ചക്കറികള്‍  വളര്‍ത്തിയെടുക്കാന്‍ ഒരു , സ്‌റ്റെപ്പ് ബൈ സ്‌റ്റെപ്പ് ഉപദേശം?
 ഉ: ഒരു കവറിലോ ബക്കറ്റിലോ അല്പം മണ്ണെടുത്തു അതിലൊരു വിത്തു പാകി ചെടികള്‍ നട്ടു നോക്കാവുന്നതാണ്. വരാന്തയിലൊ ജനാലക്കടുത്തോ സൂര്യപ്രകാശം ലഭിക്കുന്ന എവിടെയും ഒരു ചട്ടിയോ കവറോ ബക്കറ്റോ വെക്കാന്‍ സൌകര്യമുണ്ടെങ്കില്‍ പല സസ്യങ്ങളും വളര്‍ത്താന്‍ കഴിയും. കപ്പലിനുള്ളില്‍ സ്വന്തം  കാബിനില്‍ കൃതൃമമായി വെളിച്ചം കൊടുത്തു സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരാളുടെ അനുഭവം ഈയിടെ ഫേസ് ബുക്കിലെ നമ്മുടെ അടുക്കളത്തോട്ടം ഗ്രൂപ്പില്‍ ഒരു പോസ്റ്റ് കണ്ടിരുന്നു. തല്പര്യമുണ്ടായാല്‍ മിനറല്‍ വാട്ടര്‍ വരുന്ന കുപ്പികള്‍ വരെ മുറിച്ച് 2 ഭാഗമാക്കി അതില്‍ ചീരയും മറ്റും കൃഷി ചെയ്യാന്‍ കഴിയും. മണ്ണു പോലുമില്ലാതെ വെള്ളവും വളവും മാത്രംനല്കി കൃഷി ചെയ്യുന്ന പല രീതികളുമുണ്ട്. ഇന്നത്തെ ആധുനിക യുഗത്തില്‍ അതൊക്കെ  മനസ്സിലാക്കാന്‍ യൂട്യൂബിനെ ആശ്രയിച്ചാല്‍ തന്നെ ധാരാളം അറിവുള്‍ കിട്ടും .ഇന്നു നമ്മുടെ ചെറുപ്പക്കാര്‍ , ഇതില്‍ വീട്ടമ്മമാരും ,ധാരാളം സമയം നെറ്റില്‍ ചെലവഴിക്കുന്നു. എന്നാല്‍ അല്പം മെനക്കെട്ടാല്‍  ഇങ്ങനെ പലതും പഠിക്കാന്‍ കഴിയും.
ചോ: ഗല്‍ഫില്‍  താമസിക്കുന്ന പ്രവാസികള്‍ക്ക്  എല്ലാത്തരം കീടനാശിനികളും ലഭ്യമല്ല, എങ്ങിനെ നിത്യോപക സാധനങ്ങളാല്‍ കീടനാശിനികള്‍  സ്വയം ഉണ്ടാക്കാം?
ഉ: കീടനാശിനികള്‍ ഇപ്പോള്‍ സ്വയം നിര്‍മ്മിക്കാന്‍ കഴിയും. നമ്മുടെ വീട്ടില്‍ ലഭിക്കുന്ന വെള്ളുള്ളി, കാന്താരി മുളക് ,വേപ്പെണ്ണ ,പുകയില ,ബാര്‍ സോപ്പ് ഇതൊക്കെ ഉപയോഗിച്ചു ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കാവുന്നതാണ്. പപ്പായഇല കൊണ്ടും കീടനാശിനിയുണ്ടാക്കാം 100 മി.ലി വെള്ളത്തില്‍  50ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വെക്കുക  ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്നു നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇതു സഹായിക്കും.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇവ സമം ചേര്‍ത്തരച്ച്, എണ്ണയില്‍ കുതിര്‍ത്ത് വെക്കുക.  ഒരാഴ്ചക്കു ശേഷം,   ഏതെങ്കിലും സോപ്പുലായനിയില്‍ (പേള്‍,വിം,ഓമോ, ഏരിയല്‍)  ഈ കൂട്ടിന്റെ  2 , 3 സ്ലൂണ്‍ ചേര്‍ത്ത്  അലിയിച്ച്, ചെടികളില്‍ സ്‌പ്രേ ചെയ്യുക. ഇതും ഒരു ജൈവകീടനാശിനിയാണ്.
ചോ: സ്വയം പച്ചക്കറികള്‍ വീട്ടില്‍ വളര്‍ത്തി ഉപയോഗിക്കുന്നതിന്റെ  ത്രില്‍, പ്രയോജനം എന്താണ്?
ഉ: അതനുഭവിച്ചു തന്നെ അറിയണം. നമ്മുടെ വീട്ടില്‍ ഒരു കുഞ്ഞു ജനിക്കുമ്പോഴുണ്ടാകുന്ന അതേ ത്രില്‍ തന്നെയാണ് നമ്മള്‍ പാകിയ ഒരു വിത്ത് മുളച്ചു വരുമ്പോഴുമുണ്ടാകുന്നത്. പിന്നെ ഓരോ ദിവസവും അതിന്റെ വളര്‍ച്ച നോക്കിക്കാണുമ്പോള്‍ മനസ്സിനു തന്നെ ഒരു പ്രത്യേക ആഹ്‌ളാദം  ലഭിക്കുന്നു. ദിവസവും അതിനു നനക്കുമ്പോഴും പരിചരിക്കുമ്പോഴും നമ്മളറിയാതെ അതിനെ സ്‌നേഹിച്ചു പോകും. അതാണു കൃഷിയിലൂടെ നമുക്കു ലഭിക്കുന്ന ആനന്ദം.
കേവലം 5 മാസം കൊണ്ട്  ഇരുപതിനായിരത്തോളം അംഗങ്ങള്‍ ഈ ഗ്രൂപ്പിള്‍ വന്നെങ്കില്‍ അതു അടുക്കളത്തോട്ടത്തോടുള്ള  ജനങ്ങളുടെ ഇഷ്ടം കൊണ്ടു തന്നെയാണ്. ഇവിടെ ആരും ആരെയും നിര്‍ബന്ധിച്ചു കൊണ്ടു വന്നതല്ല മറിച്ചു സ്വയം കേട്ടറിഞ്ഞു വന്നവരാണ്. അതു തന്നെയാണു ഈ ഗ്രൂപ്പിന്റെ വിജയവും. ഇതിനു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ജോലിയില്‍ നിന്നു പിരിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന എന്നെപ്പോലുള്ളവര്‍ക്കു ജീവിത സായാഹ്നത്തില്‍ മാനാസികമായ പ്രി മുറുക്കങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു. ഇങ്ങിനെ ഒരു ഗ്രൂപ്പു തുടങ്ങിയ ശേഷം വിത്തുകളും കൃഷിയുമായി ബന്ധപ്പെട്ട് ധാരാളം പേരുമായി സൌഹൃദം പങ്കിടുവാനും അതു പോലെ കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തുവാനും ഇടവരുന്നു. പലരും  അതിഥികളായി  എന്റെയടുത്തും വരാറുണ്ട്. അങ്ങിനെ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ കിട്ടുന്ന അല്പ സമയം ഇത്തരം കാര്യങ്ങള്‍ക്കായി  ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്നു നമുക്കു നഷ്ടപ്പെട്ട ആ പഴയ സാമൂഹ്യ സാഹചര്യം  വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. അതാവട്ടെ നമ്മുടെ ലക്ഷ്യം.
അടുക്കളത്തോട്ടങ്ങള്‍ ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. മികച്ച ഫലവും സമയംപോകാന്‍ ഉത്തമമാര്‍ഗവും നല്‍കുന്നതിനാല്‍ വീട്ടമ്മമാരാണ് കൂടുതലും അടുക്കളത്തോട്ടങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധങ്ങളായ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇന്ന് പലരുടെയും അടുക്കളത്തോട്ടങ്ങളെ കീഴടക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളവാതിലിനു ചേര്‍ന്നു തന്നെയായിരിക്കണമെന്നില്ല അടുക്കളത്തോട്ടങ്ങള്‍. അടുക്കളയുടെ പിന്മുപറ്റത്തോ അടുക്കളഭിത്തിയോടു ചേര്‍ന്നുള്ള എവിടെയെങ്കിലോ ആയാല്‍ മതി. അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നവര്‍ക്ക് നിരവധി പൊടിക്കൈകള്‍ ഉണ്ട്. നിങ്ങള്‍ക്ക് കിഴങ്ങ്, മുളക്, ഉള്ളി, ഇലക്കറികള്‍, നാരങ്ങ എന്നു വേണ്ട എന്തും പരീക്ഷിക്കാം. കാലാവസ്ഥ, മണ്ണിനം, താല്പര്യ് എന്നിവയെ അടിസ്ഥാനമാക്കി അടുക്കളത്തോട്ടങ്ങളില്‍ പരീക്ഷിക്കാവുന്ന അനവധി സസ്യങ്ങളുണ്ട്. തുടക്കത്തിലേ നിങ്ങളുടെ സഹായത്തിനുതകുന്ന ചില പൊടിക്കൈകളാണ് താഴെ വിവരിക്കുന്നത്.
 തോട്ടം നിര്‍മ്മിക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും പരിപാലിക്കുന്നതിനും ഇവ നിങ്ങളെ സഹായിക്കും.
1.സൂര്യപ്രകാശത്തിന്റെു ലഭ്യത –ആവശ്യത്തനു സൂര്യപ്രകാശം ലഭ്യമാകുന്ന പ്രദേശം തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഊര്‍ജ്ജസ്രോതസ്സായ സൂര്യപ്രകാശം സസ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ദിവസവും അഞ്ചോ ആറോ മണിക്കൂറോളം നല്ലവണ്ണം സൂര്യപ്രകാശം കിട്ടത്തക്കവിധമായിരിക്കണം തോട്ടം. തണലുള്ള പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്ത്താ തിരിക്കാന്‍ അതിനാല്‍ ശ്രദ്ധിക്കുക.
2. ജലലഭ്യതനനവുള്ള മണ്ണുള്ളയിടങ്ങളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക. ദിവസവും ഉണങ്ങുന്ന രീതിയിലുള്ള മണ്ണായിരിക്കണം. ജലം വളരെ അധികമാവുന്നതും വളരെ ദുര്‍ലഭമാകുന്നതും സസ്യങ്ങള്‍ക്ക് ഒരുപോലെ ഹാനികരമാണ്.
3.മണ്ണ് തയ്യാറാക്കുക –പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തോട്ടം അതിനനുസരിച്ച് തയ്യാറാക്കേണ്ടതുണ്ട്. പരുക്കന്‍ കല്ലുകളും മറ്റും മണ്ണില്‍ നിന്ന് നീക്കം ചെയ്യണം. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ കമ്പോസ്റ്റുകള്‍ ചേര്‍ക്കുക.
4. ചെടികളുടെ തെരഞ്ഞെടുപ്പ് –ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന ചെടികള്‍ ഏതൊക്കെയെന്ന് തീരുമാനിക്കണം. മണ്ണിന്റെ തരം, മണ്ണിന് അനുയോജ്യമാണോയെന്ന് നോക്കുക, കാലാവസ്ഥ, ചെടിക്ക് നിത്യവും ആവശ്യംവേണ്ട പരിചരണം എന്നിവയൊക്കെ പഠിച്ചിട്ടുവേണം ഈ തെരഞ്ഞെടുപ്പ്.
 5.രൂപകല്പന –ഭംഗിയായ ഒരു രൂപകല്പന ഉണ്ടാക്കുക. ഏത് സസ്യം എവിടെ നടണമെന്ന് വ്യക്തമായി ഒരു രൂപരേഖ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ശരിയായ രീതിയില്‍ രൂപകല്പചെയ്താല്‍ നിങ്ങളുടെ തോട്ടത്തിന് ഒരു അടുക്കും ചിട്ടയും കൈവരുമെന്നു മാത്രമല്ല ഇവയുടെ പരിപാലനം എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
6.പരിപാലനംആദ്യഘട്ടത്തില്‍ നല്ല സംരക്ഷണം വേണ്ടതുണ്ട്. ഓരോ വിളക്കും വ്യത്യസ്തമായ ആവശ്യങ്ങളാണുണ്ടാവുക. അതിനനുസരിച്ച് പരിപാലിക്കുകയും ആവശ്യത്തിന് പോഷകങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുക.
7.നനയ്ക്കല്‍നിത്യവുമുള്ള നനയ്ക്കല്‍ അത്യാവശ്യമാണ്. വെള്ളം കുടിക്കാതെയുള്ള ഒരു ദിവസം നമുക്ക് എത്ര ബുദ്ധിമുട്ടാകുമോ അതുപോലെ തന്നെ സസ്യത്തെയും അത് ബാധിക്കും.
 8.മാറ്റുക –കൃഷികളില്‍ മാറ്റി മാറ്റിയുള്ള പരീക്ഷണങ്ങളും ഗുണം ചെയ്യും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സസ്യവും മാറ്റുക. ഇത് മണ്ണ ഫലഭൂയിഷ്ഠമായി നിലനില്ക്കാരനും വ്യത്യസ്തമായ പച്ചക്കറിയും പഴവര്‍ഗങ്ങളും പരീക്ഷിച്ചുനോക്കുന്നതിനും ഉപകാരപ്പെടും. മണ്ണിനടിയില് നിന്ന് വെള്ളം വലിച്ചെടുക്കാന് ശക്തിയില്ലാത്ത വേരുകളാണ് വാഴക്കന്നുകള്‍ക്കുള്ളതെന്നതിനാല് ഇത് നനയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
9.തോട്ടം പരിപാലനം –ഒരിക്കല്‍ നിങ്ങള്‍ വിളനട്ടാല്‍ അത് നല്ലരീതിയില്‍ പരിപാലിക്കാന്‍ ശ്രദ്ധിക്കുക. എല്ലാം വിളകള്‍ക്കും ഒരു പ്രത്യേക വിളവെടുപ്പുകാലമുണ്ടാവും. ഈ സമയത്ത് വിളക്ക് ദോഷം വരാതെ നല്ല ശ്രദ്ധ കൊടുക്കുക. ഇതാണ് ഏറ്റവും പ്രധാനമായു ശ്രദ്ധിക്കേണ്ട വസ്തുത. 10.തുടര്‍ച്ചയായ പരിപാലനംആഴ്ചയിലൊരിക്കല്‍ നടത്തേണ്ട ഒരു പ്രവൃത്തിയല്ല ഇതെന്ന മനസ്സിലാക്കുക. തുടങ്ങിക്കഴിഞ്ഞാല്‍ ഇടവേളയില്ലാതെ അതില്‍ ശ്രദ്ധിക്കുകയും ഒരു കുട്ടിയെ നോക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യുക.



 പച്ചമാങ്ങ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങ (അടുക്കളത്തോട്ടം : സപ്ന അനു ബി.ജോര്‍ജ്)
 പച്ചമാങ്ങ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങ (അടുക്കളത്തോട്ടം : സപ്ന അനു ബി.ജോര്‍ജ്)

 പച്ചമാങ്ങ പച്ചമാങ്ങാ, നാട്ടുമാവിലെ മാങ്ങ (അടുക്കളത്തോട്ടം : സപ്ന അനു ബി.ജോര്‍ജ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക