Image

ഫെലിക്‌സ് സാര്‍ എന്ന അഴിമതി വിരുദ്ധന്‍- ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യുകെ

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യുകെ Published on 12 May, 2014
ഫെലിക്‌സ് സാര്‍ എന്ന അഴിമതി വിരുദ്ധന്‍- ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യുകെ
ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് സാമൂഹിക വിപ്ലവത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു മനുഷ്യന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ശവവും വഹിച്ചുകൊണ്ട് പോകുന്ന വിലാപയാത്രയില്‍ റോഡസൈഡില്‍ നിന്നും ഒരു സ്ത്രീ  വിളിച്ചുപറഞ്ഞു. ഇയാള്‍ ഇയാള്‍ക്ക് വേണ്ടി ഒരു ദിവസം പോലും ജീവിച്ചിട്ടില്ല ഇയാള്‍ ജീവിച്ചത് ഈ സമൂഹത്തിനു വേണ്ടി മാത്രം ആയിരുന്നു.
കണ്ണു കാണാന്‍ കഴിയാതെ കേള്‍വിയും നഷ്ടപ്പെട്ടു തപ്പി തടഞ്ഞു റോഡിലൂടെ നടന്നുപോകുന്ന സിഎഫെലിക്‌സ് എന്ന ഇലക്റ്റ്ട്‌റിസിറ്റി ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ കാണുമ്പോള്‍ മനസില്‍ ഓടി വരുന്നത് അയാള്‍ക്കുവേണ്ടി ജീവിക്കാതെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ജീവിച്ച മനുഷ്യന്‍ എന്നാണ്.

അഴിമതിക്ക് എതിരെ കേജരിവാളും അണ്ണാഹസാരെയും പ്രവര്‍ത്തിക്കുന്നതിനും എത്രയോ മുന്‍പ് ഫെലിക്‌സ് എന്ന ഈ എഞ്ചിനീയര്‍ ഈ പ്രവര്‍ത്തനം സ്വന്തം ജീവിതം കൊണ്ട് തുടങ്ങിയിരിക്കുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു മാസം ഒരു ലക്ഷംരൂപ കൈക്കൂലി മേടിക്കാവുന്ന ജോലി ചെയ്തിരുന്ന ഫെലിക്‌സ് സാര്‍ അത് മേടിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ കീഴില്‍ അത് മേടിക്കുന്നവരെ അത് മേടിക്കാന് സമ്മതിക്കാത്തത് കൊണ്ട് അദ്ദേഹത്തിനുണ്ടായ ശാരീരികവും മാനസികവും, സാമ്പത്തികവും, കുടുംബപരവും, ആയി ഉണ്ടായ നഷ്ടതതിന്റെ കണക്കെടുത്താല്‍ അതിന്റെ വലിപ്പം കണ്ടെത്താന്‍ കഴിയില്ല. പക്ഷെ അതുകൊണ്ട് ഒന്നു തകര്‍ക്കാന് കഴിയുന്നതായിരുന്നില്ല ആ കുറിയ മനുഷ്യന്റെ ഇച്ഛാശക്തി.

വിവാഹത്തിന് മുന്‍പ് തന്നെ ഭാര്യയും ആയി ഒരു കുട്ടിയെ ആകാന്‍ പാടുള്ളൂ എന്ന് ഒരു എഗ്രിമെന്റ് ഉണ്ടാക്കി അതിന്റെ കാരണം രാഷ്ട്രം നേരിടുന്ന ജനസംഖ്യ എന്ന വിപത്തിനെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. യാതൊരു യുക്തിബോധവുമില്ലാതെ കുട്ടികളെ സൃഷ്ടിക്കുന്നതിനു അവാര്‍ഡുകള്‍ വരെ നല്‍കി ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ക്രിസ്റ്റ്യന്‍, മുസ്ലീം മതസംഘടനങ്ങള്‍ക്ക് ഫെലിക്‌സ് സാറിന്റെ സാമൂഹ്യബോധം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

ഒരു മനുഷ്യന്‍ ഇങ്ങനെ മജ്ജയും മാംസവും ആയി ഭൂമിയിലൂടെ നടന്നിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വരും തലമുറ അത് വിശ്വസിക്കില്ല. ഈ വാക്കുകള്‍ ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ ഫെലിക്‌സിനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെ പറ്റിയും ഇതുപോലെ തന്നെ പറഞ്ഞേനെ.
ഒരു എഞ്ചിനീയറുടെ സമ്പന്നമായ ജീവിത ശൈലിയോട് ഒത്തുചേരാന്‍ മനസ് അനുവദിക്കാത്ത ഫെലിക്‌സ് സര്‍ സര്‍ക്കാര്‍ വണ്ടി പോലും വിക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ നടന്നു പോകുന്നത് വാഴത്തോപ്പിലെ ജനങ്ങള്‍ക്ക് സുപരിചിതം ആയിരുന്നു. ജീവിതത്തില്‍ തനിക്കുതോന്നുന്ന ശരികളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ആ ശരിയും ധര്‍മ്മവും സമൂഹത്തില്‍ നിന്നു നേടിയെടുക്കാനും സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാനും അതിനു ഏത് അളവുവരെ പോകുന്നതിനും അതിനു വരുന്ന നഷ്ടങ്ങളെ പരിഗണിക്കാതെയും ആയിരുന്നു ഫെലിക്‌സ് സര്‍ അദ്ദേഹത്തിന്റെ തേര്‍ സമൂഹത്തിന്റെ നടുവിലൂടെ നന്മയുടെ വെളിച്ചം പരത്തികൊണ്ട് തെളിച്ചിരുന്നത്.

ഇതിനിടയില്‍ ഭാര്യയും കുട്ടിയും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി, നിരന്തരം ഉണ്ടായ ട്രാന്‍സ്ഫറുകള്‍, കീഴ്ജീവനക്കാരില്‍ നിന്നും ഉണ്ടായ മര്‍ദ്ദനം, നാട്ടില്‍ ഉടനീലം അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞ ആപഖ്യാതികള്‍ ഇതിനെ എല്ലാം അദ്ദേഹം പുല്ലുപോലെ ആണ് നേരിട്ടത്. അനധികൃത ട്രാന്‍സ്ഫറുകളെ അദ്ദേഹം കോടതി വഴിയില്‍ നേരിട്ട് വിജയിച്ചു. ശമ്പളം കൊടുക്കാതെ വന്നപ്പോള്‍ ഒറ്റയാന്‍ സമരങ്ങളിലൂടെ അദ്ദേഹം നേരിട്ടു. അപ്പോഴെല്ലാം അദ്ദേഹത്തെ സഹായിക്കാന് ഗോപി ഇടപ്പറമ്പില്‍, രാജു സേവിയര്‍, രാജു സെബാസ്റ്റ്യന്‍, സോയി ജോര്‍ജ്, കെന്നഡി എബ്രഹാം എന്നീ സാമൂഹിക പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.

ഒരിക്കല്‍ രാജു സേവിയര്‍ എന്ന എന്റെ ചെറുപ്പം മുതല്‍ ഉള്ള സുഹൃത്ത് എന്നെ ഫെലിക്‌സ് സാറിനെ പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നാല്‍ അദ്ദേഹത്തിന്റെ നന്മ തിരിച്ചറിഞ്ഞത് മറ്റൊരു സംഭവത്തിലൂടെ ആണ്. ഒരു കാലത്ത് തടിയംപാട്ടെ ആളുകളുടെ ഒരു വലിയ സാംസ്‌കാരിക കേന്ദ്രം ആയിരുന്നു സഹിലായ ക്ലബ്. അന്ന് ക്ലബ്ബിനുവേണ്ടി കറണ്ട് കണക്ഷന്‍ എടുക്കാന്‍ ചെന്ന കൂനപറ സിബിയോടും കുത്തനപിള്ളില്‍ ജോസിനോടും അന്നിരുന്ന ഓവര്‍സീയര്‍ സിഡി അടക്കുന്നതിനു നൂറു രൂപ കൈക്കൂലി ചോദിച്ചു. അതുകൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് പണം അടയ്ക്കാതെ അവര്‍ തിരിച്ചു പോന്നു. ഈ വിവരം അിറഞ്ഞപ്പോള്‍ ഞാന് ഫെലിക്‌സ് സാറിനെ കരിമ്പനില്‍ വച്ച് കണ്ടപ്പോള്‍ അറിയിക്കുകയും തൊട്ടടുത്ത നിമിഷം അദ്ദേഹം തടിയംപാട് എത്തി സ്ഥലം പരിശോധിച്ചശേഷം നാളെ രാവിലെ നിങ്ങള്‍ എന്റെ ഓഫില്‍ വരിക എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹം പറഞ്ഞു. ക്ലബ് എന്ന് പറഞ്ഞാല്‍ നാനാ-ജാതി-മതസ്ഥര്‍ കൂടുന്ന സ്ഥലം അവിടെ അല്ലേ ആദ്യം കറണ്ട് നല്‍കേണ്ടത് എന്ന്. എന്താണെങ്കിലും ഒരു പൈസ കൈക്കൂലി കൊടുക്കാതെ ക്ലബ്ബില്‍ അടുത്തദിവസം തന്നെ കറണ്ട് കിട്ടി ഇത്ര ഏറെ നന്മകളുടെ നിറകുടം ആയിരുന്നു ഫെലിക്‌സ് എന്ന മനുഷ്യന്‍.

തന്റെ ആശയങ്ങള്‍ നടപ്പില്‍ ആക്കുന്നതിനു കമ്മ്യൂണിസം ആണ് ഉതകുന്നത് എന്ന് തോന്നി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇടതു യൂണിയനുകള്‍ നടത്തുന്ന അഴിമതി കണ്ടു മനസ് മടുത്തു കമ്മ്യൂണിസം ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കടുത്ത യുക്തിവാദി ആയിരുന്നത് കൊണ്ട് മതങ്ങളോടും അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രീകൃത വൈദ്യുതി വിതരണത്തിന് ഒപ്പം പ്രാദേശികതലത്തില്‍ വൈദ്യുതി ഉല്പാദിപ്പിച്ചു ആളുകളെ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി നാരകകനത്തു ഒരു മിനി പവര്‍ ഹൗസ് അദ്ദേഹത്തിന്റെ ശ്രമം കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പകുതി കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട ഫെലിക്‌സ് സാര്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റ് ശ്രമിച്ചപ്പോള്‍ മേലാളന്‍ മാര്‍ അതുകൊടുക്കാതെ അദ്ദേഹം ജോലിക്കിടയില്‍ കറന്റ് അടിച്ചു ചാകട്ടെ എന്നാണ് വച്ചത് അതിനെതിരെയും കോടതിയില്‍ പോയി വിധി മേടിച്ചു അദ്ദേഹം ജോലിയില്‍ നിന്നും റിറ്റെയര്‍ ചെയ്തു. അവിടെ നിന്നും ആണ് പിന്നീട് ദുരന്തങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത്.
കണ്ണിനു കാഴ്ചയും ചെവിയുടെ കേള്‍വിയും ഏകദേശം പൂര്‍ണ്ണമായി നഷ്ടപ്പെട്ട അദ്ദേഹം, അദ്ദേഹത്തിന്റെ ഒരു പുസ്തകം എഴുതുന്നതിനു എന്‍ജിനിയറിംഗ് രംഗത്തെ അദ്ദേഹത്തിന്റെ അറിവ് മറ്റു ആളുകള്‍ക്ക് പങ്കുവയ്ക്കുന്നതിനും അതൊടൊപ്പം വ്യക്തിപരമായി അദ്ദേഹത്തിനെ സഹായിക്കുന്നതിനു വേണ്ടി ഒരാളെ ജോലിക്ക് വയ്ക്കുന്നതിനും പത്രത്തില്‍ പരസ്യം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ വയനാടില്‍ നിന്നും ഒരു പെണ്‍കുട്ടി ജോലിക്ക് വരികയും അവരെ അദ്ദേഹം നിയമിക്കുകയും ചെയ്തു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടിയ്ക്ക് വേണ്ടത്ര കമ്പ്യൂട്ടര്‍ അറിവ് ഇല്ല. എന്ന് മനസിലാക്കുകയും മറ്റൊരാളെ ജോലിക്ക് എടുക്കുന്നതിനു പത്രത്തില്‍ പരസ്യം കൊടുക്കുകയും ചെയ്തു. എന്നാല്‍ ജോലി നഷ്ടപ്പെടും എന്ന് ബോധ്യം വന്ന പെണ്‍കുട്ടി ഫിലിക്‌സ് സാറിന്റെ വീട്ടില്‍ തന്നെ ആത്മഹത്യ ചെയ്യുകയുണ്ടായി. ആ പെണ്‍കുട്ടിയുടെ കുടുംബപശ്ചാത്തലം വളരെ ദാരിദ്ര്യത്തില്‍ ആയിരുന്നു എന്നത് ഫെലിക്‌സ് സാറിന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ ആ ദുരന്തം  സംഭവിക്കില്ലായിരുന്നു.

ഈ മരിച്ച പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു. ഫെലിക്‌സിന്റെ പീഢനം കൊണ്ടാണഅ പെണ്‍കുട്ടി മരിച്ചത് എന്നൊക്കെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞു പരത്തി. എന്നാല്‍ അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും അദ്ദേഹത്തോട് തല്‍ക്കാലം വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിനു മാറി നില്‍ക്കണം. അത് മാത്രം അല്ല ഇന്‍ക്വസ്റ്റ് തയ്യാറാക്കാന് വന്ന എസ്‌ഐയോട് അദ്ദേഹം പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ഈ കേസ് എഴുതുന്നതിനുവേണ്ടി ഒരു ഷീറ്റ് പേപ്പര്‍ വാങ്ങാന്‍ ഉള്ള പണം പോലും ഞാന്‍ തരികയില്ല നിങ്ങള്‍ നിയമപരമായി എല്ലാ നടപടികളും എന്റെ മുകളില്‍ സ്വീകരിച്ചുകൊള്ളുക. ഇതുപറയുമ്പോള്‍ ഈ ലേഖകന്‍ ആ സംഭവസ്ഥലത്തുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെലിക്‌സ് കുറ്റക്കാരന്‍ അല്ല എന്ന് കണ്ടെത്തി.

പെണ്‍കുട്ടിയുടെ ശവവുമായി വയനാടിനു പോകുന്ന വണ്ടിയില്‍ പോകരുത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കാരണം ബന്ധുക്കള്‍ ആക്രമിച്ചേക്കും എന്ന ഭയം കൊണ്ടായിരുന്നു സുഹൃത്തുക്കള്‍ ഇതു പറഞ്ഞത്. എന്നാല്‍ ഫെലിക്‌സ് സര്‍ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് അവര്‍ എന്നെ ആക്രമിക്കുക ആണെങ്കില്‍ ആക്രമിക്കട്ടെ. അദ്ദേഹത്തെ ആ ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഒരുപാടു പാടുപെടേണ്ടി വന്നു.

ഇച്ഛാശക്തിയുടെ കാര്യത്തില്‍ പ്രിമിത്തിയോസിനെ തോല്‍പ്പിക്കുന്ന, സത്യസന്ധതയുടെ കാര്യത്തില്‍ ഹരിചന്ദ്രനെ പോലെ, ലാളിത്യത്തില്‍ മഹാത്മാഗാന്ധിയുടെ ശിഷ്യന്‍, അഴിമതിയ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ പകരക്കാരന്‍ ഇല്ലാത്ത ഫെലിക്‌സ് സാര്‍ ധീരതയുടെ കാര്യത്തില്‍ സോളമനെ തോല്പിക്കുമായിരുന്നു. ഫെലിക്‌സിനെ പോലെയുള്ള മനുഷ്യരില്‍ ആണ് ഈ ലോകത്തിന്റെ സര്‍വ്വനന്മകളും നിലനില്‍ക്കുന്നത്.

"വിവേകികള്‍ ആയ മനുഷ്യര്‍ ഈ ലോകത്തോട് ഒത്തുചേര്‍ന്ന് പോകും. എന്നാല്‍ ചുരുക്കം ചില അവിവേകികള്‍ ആകട്ടെ ലോകത്തെ അവരോട് ഒപ്പം ചേര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്. നാട്ട്‌നടപ്പിനു യോജിക്കാത്ത വസ്ത്രധാരണവും ആയി നടക്കുന്ന ഇത്തരം ചില അവിവേകികളിലാണ് ഈ ലോകത്തിന്റെ സര്‍വ്വ നന്മയും നിലനില്‍ക്കുന്നത്." അബ്ദുള്‍ കലാമിന്റെ അഗ്നിചിറകുഖല്‍ എന്ന പുസ്തകത്തില്‍ നിന്ന്.




ഫെലിക്‌സ് സാര്‍ എന്ന അഴിമതി വിരുദ്ധന്‍- ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യുകെ
ഫെലിക്‌സ് സാര്‍ എന്ന അഴിമതി വിരുദ്ധന്‍- ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍, യുകെ

ഫെലിക്‌സ് സാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക