Image

പ്രിയ ജോ, നിനക്കായ് ഈ വരികള്‍- സരോജാ വര്‍ഗ്ഗീസ് (ആസ്വദാനം: തൊടുപുഴ കെ.ശങ്കര്‍, മുംബൈ)

തൊടുപുഴ കെ.ശങ്കര്‍,മുംബൈ Published on 12 May, 2014
പ്രിയ ജോ, നിനക്കായ് ഈ വരികള്‍- സരോജാ വര്‍ഗ്ഗീസ് (ആസ്വദാനം: തൊടുപുഴ കെ.ശങ്കര്‍, മുംബൈ)
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നാണല്ലോ പറയുന്നത്. ജോയുടെ അവിചാരിതമായ വേര്‍പാട്, സരോജയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം, സാര്‍ത്ഥമായിത്തീര്‍ന്ന ഒരു ദുഃഖസത്യം മാത്രം. ഇവിടെയും മരണം തന്റെ കോളാമിത്തം കാട്ടിയെന്നു മനസ്സിലാക്കാം. അമ്പെയ്ത് തന്റെ ഇണയെ നിഷ്‌ക്കരുണം വേര്‍പ്പെടുത്തയ വേടനെ നോക്കിപക്ഷി തേങ്ങിയപ്പോള്‍ ആദികവിയായ വാത്മീകിയ്ക്കുവേടനോടുണ്ടായ അമര്‍ഷം ഒരു നാലുവരിക്കവിതയായി പുറത്തുവന്നത് പോലെ, ജോയുടെ വിരഹദുഃഖവും സരോജയുടെ തൂലികയില്‍നിന്നും നൂറ്റിമുപ്പത്തിയെട്ടു പേജുള്ള ഒരു വിലാപഗ്രന്ഥമായി ബഹിര്‍ഗ്ഗമിച്ചതാണ്.

“പ്രിയ ജോ നിനക്കായ് ഈ വരികള്‍” ദുഃഖത്തിന്റെ വ്യാപ്തി ഏതാനും നാളുകള്‍ക്ക് ഒരു വിധത്തിലും ഉള്‍ക്കൊള്ളാനാവില്ലെന്നതാണ് വാസ്തവം. സുഖമോ ദുഃഖമോ ഒരു പരിധിയും പരിമിതിയുമില്ലാതെ ഉള്‍ക്കൊള്ളുവാനുള്ള മനസ്സിന്റെ കഴിവ് അപാരമാണ്.

നാല്പത്തിയേഴുവര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം നിത്യതയിലേയ്ക്കു പ്രവേശിച്ച ജോയുടെ ഓര്‍മ്മയ്ക്കുവേണ്ടി ഒരു ഉപഹാരഗ്രന്ഥം കാഴ്ചവയ്ക്കുവാന്‍ ഇതിലുപരി ആര്‍ക്കും സാദ്ധ്യമല്ല. തന്റെ പ്രിയതമയായ മുംതാസിന്റെ അനശ്വരസ്മരണയ്ക്കായി(മുംതാസ് എന്നാല്‍ ഉറുദുവില്‍ മൈ ഡാര്‍ലിംഗ് എന്നാണര്‍ത്ഥമെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞത് ഓര്‍മ്മ വരുന്നു) ഷാജഹാന്‍ താജ്മഹല്‍ തീര്‍ത്ത് അത് നിത്യവും കണ്ടു കൊണ്ടിരുന്ന് ആത്മനിവൃതികൊണ്ടു. വിശ്വസാഹിത്യകാരനായ ഗേയഥേ, കാളിദാസന്റെ ശാകുന്തളത്തെപ്പറ്റി ഇപ്രകാരം പറഞ്ഞു:
ശാകുന്തളം! അതില്‍ എല്ലാം അടങ്ങിയിരിയ്ക്കുന്നു”!
അതുപോലെ സരോജയുടെ ഈ കൃതിയിലും വിരഹദുഃഖം ഇതിപുലരി നിര്‍വ്വചിയ്ക്കുവാനും പ്രതിപാദിയ്ക്കുവാനും ആര്‍ക്കും കഴിയുകയില്ല.

ഐക്യബോധത്തോടെ ഈശ്വരവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ, ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിച്ച്, ജീവിതം വിജയപ്രദമാക്കിയ മാതൃകാദമ്പതികളാണ് 'ജോ സരോജാ' ദമ്പതികളെന്ന് വിശേഷിപ്പിയ്ക്കാം. വിദേശവാസത്തില്‍പോലും ഭാരതീയവനിതയുടെ പാരമ്പര്യത്തിനു തെല്ലും കോട്ടം തട്ടാതെ ദാമ്പത്യജീവിതം നയിച്ച മാതൃകാവനിതയായി സരോജയെ കാണാന്‍ പറ്റും.

മരണത്തെപ്പറ്റിയോ മാനുഷ്യജീവിതത്തെപ്പറ്റിയോ അറിയാന്‍ വല്ലപ്പോഴൊക്കെ ആശുപത്രിയും ശ്മശാനവും മറ്റും ഒന്നും സന്ദര്‍ശിക്കുന്നതു നല്ലതാണെന്ന സരോജയുടെ നിഗമനം വളരെ അര്‍ത്ഥവത്താണ്. ശ്വാസോഛ്വാസം പോലും നമ്മുടെ നിയന്ത്രണത്തിലില്ല, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് നാം വെറും ദൃക്‌സാക്ഷികള്‍ മാത്രം. ജീവിതം എന്നാല്‍ എന്തെന്നു ചിന്തിയ്ക്കുമ്പോള്‍, ദാസേട്ടന്‍ പാടിയ ഒരു ഗാനം ഓര്‍മ്മയില്‍ വരുന്നു:
സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു
സുഖത്തില്‍ നിന്നും ദുഃഖത്തിലേയ്‌ക്കൊരു
പെന്റുലമാടുന്നു ജീവിതം അതുജീവിതം!
“നിന്നെപ്പോലെനിന്റെ അയല്‍ക്കാരനെയും സ്‌നേഹിയ്ക്കുക” എന്ന ക്രിസ്തുദേവസന്റെ കല്പന ജീവിതത്തിലുടനീളം പാലിച്ച ജോയ്ക്ക് അതിലുപരി, ചാരിതാര്‍ത്ഥ്യത്തിന് വേറെന്തുവേണം?
മരണം ഒരു ശാശ്വത സത്യമാണ്. അതു നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു സംഭവിയ്ക്കുമ്പോള്‍ അസ്വസ്ഥതയുളവാക്കുന്നു. മറ്റാരുണ്ടെങ്കിലും സ്വന്തം ജീവിത പങ്കാളിവിട്ടുപിരിയുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുകതന്നെ ചെയ്യും. ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ദൈവം ഒരു കാലാവധി കല്പിച്ചിട്ടുണ്ട്. അതിനു തെറ്റുപറ്റാതെ, മുന്നോട്ടു പോകുന്നതാണ് പ്രപഞ്ചസത്യം. ഭൂമിയുടെ ഉപരിതലത്തിലുള്ള വാസം കഴിയുമ്പോള്‍ ഭൂഗര്‍ഭത്തിലുള്ള വാസം, അസുഖങ്ങള്‍, അപകടങ്ങള്‍, വാര്‍ദ്ധക്യം. ഇവയെല്ലാം മരണത്തിനുള്ള വെറും കാരണങ്ങള്‍ മാത്രം. മരിയ്ക്കുമ്പോള്‍ ശരീരം ഭൂമിയിലും, ആത്മാവ് ദൈവത്തിലും ലയിച്ചുചേരുന്നു. മരമം ഭൗതിക ശരീരത്തെ മാത്രമേ ബാധിയ്ക്കുകയുള്ളെന്നാണല്ലോ വേദശാസ്ത്രങ്ങള്‍ പറയുന്നത്. മരിച്ചവര്‍ ജീവിച്ചിരിയ്ക്കുന്നവരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുന്നു. എല്ലാ ജീവജാലങ്ങളുടെയും കണ്‍പോളകളിലിരുന്നുകൊണ്ട് നേത്രചലനത്തിലൂടെ അവയെ വീക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന നിമിചക്രവര്‍ത്തിയെപ്പോലെ, സരോജയുടെയും മക്കളുടെയും എല്ലാ ബന്ധുമിത്രാദികളുടെയും നേത്രങ്ങളിലും വസിച്ചുകൊണ്ട് ജോ എല്ലാവരെയും മനംകുളിര്‍ക്കെക്കണ്ടുകൊണ്ട് നിത്യനിരന്തരനായിരിയ്ക്കുന്നു.
സരളമായ ഭാഷയിലൂടെയും സൂക്ഷ്മമായ വികാര വിശകലനത്തിലൂടെയും ജീവിതത്തിന്റെ ബഹുമുഖങ്ങള്‍ സരോജാ വളരെ ഭംഗിയായി ഈ പുസ്തകത്തിന്റെ താളുകളാകുന്ന ക്യാന്‍വാസില്‍ വരച്ചുകാണിച്ചിരിയ്ക്കുന്നു. ശരീര പ്രകൃതിയിലോ, നിറത്തിലോ, മറ്റു കാര്യങ്ങളിലോ ഉള്ള പൊരുത്തമല്ല, പ്രത്യുത, മനപ്പൊരുത്തമാണ് ദാമ്പത്യജീവിതത്തിന്റെ വിജയത്തിന്റെയ മൂല്യഘടകമെന്ന് ഈ ദമ്പതികള്‍ ജീവിച്ച് തെളിയിച്ചിരിക്കുന്നു.

സുമുഖന്‍, സൗന്ദര്യാരാധകന്‍, സഹൃദയന്‍, മനുഷ്യസ്‌നേഹി, കുടുംബസ്‌നേഹി, ഗായകന്‍, ശാന്തസ്വരൂപന്‍ എന്നീ സ്ഥാനമാനങ്ങള്‍ക്കുമുപരിയായി ഒരു നല്ല ഭര്‍ത്താവും പിതാവുമായിരുന്ന ജോയുടെ വേര്‍പാട് സരോജയെയും മക്കളെയും മറ്റ് ഉറ്റവരെയും തീവ്രമായ മനോവ്യഥയിലാഴ്ത്തിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. നല്ല മനുഷ്യര്‍ ഒരിയ്ക്കലും മരിയ്ക്കുന്നില്ല. മറ്റുള്ളവര്‍ അവരുടെ ഓര്‍മ്മകളെ തോളിലിട്ട് തട്ടിത്താലോലിച്ചുകൊണ്ടേയിരിയ്ക്കൂ.

ജോയുടെ കുഴിമാടത്തിലേയ്ക്കുള്ള ഇടയ്ക്കിടയ്ക്കുള്ള സന്ദര്‍ശനങ്ങളും ജോയ്ക്ക് തണുപ്പടിയ്ക്കാതിരിയ്ക്കാന്‍ ബ്ലാങ്കറ്റുവിരിയ്ക്കുന്നതുമെല്ലാം സരോജയ്ക്ക് സമാശ്വാസം പകരുന്നതായിക്കാണാം. മക്കളായ മജ്ഞുവും ജാക് ലിനും വളരെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ അഥവാ ഹൃദയത്തിന്റെ ഭാഷയില്‍ അവക്ക് ഡാഡിയോടുള്ള സ്‌നേഹവും ഡാഡിയുടെ അഭാവത്തിലുള്ള ദുഃഖവും വളരെ സ്പഷ്ടമായി വളരെ ലളിതമായ ഭാഷയില്‍ (ഇംഗ്ലീഷില്‍)പ്രകടിപ്പിച്ചിരിയ്ക്കുന്നു.

ജീവിതത്തെ തത്വചിന്തയോടെ വീക്ഷിച്ച് കഴിഞ്ഞ കാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി ഒട്ടും വ്യസനിയ്ക്കാതെ ചുറ്റുമുള്ള സ്വന്തബന്ധുമിത്രാദികള്‍ക്കു സ്‌നേഹം പകര്‍ന്നു കൊടുത്തും പ്രാര്‍ത്ഥനയിലും സാമൂഹ്യസേവനത്തിലും സാഹിത്യ സപര്യയിലും മുഴുകി ജോയുടെ അനുഗ്രവും സാന്നിദ്ധ്യവും നിത്യവും ഉപബോധ മനസ്സിലൂടെ പ്രതീക്ഷിച്ചുകൊണ്ടും ഇനിയുള്ള ജീവിതം നയിയ്ക്കുവാനുള്ള സരോജയുടെ തീരുമാനം ഉചിതമായി. അതിലൂടെ ഏകാന്തതയുടെ തടവറയില്‍ നിന്നു മോചനം ലഭിയ്ക്കുന്നതോടൊപ്പം ജോയുടെ സ്വപ്നങ്ങളും സാക്ഷാത്കരിയ്ക്കപ്പെടട്ടേ!
സരോജയ്ക്ക് ഈ സഹോദരന്റെ സ്‌നേഹാദരങ്ങളും ഭാവുകാശംസകളും!



പ്രിയ ജോ, നിനക്കായ് ഈ വരികള്‍- സരോജാ വര്‍ഗ്ഗീസ് (ആസ്വദാനം: തൊടുപുഴ കെ.ശങ്കര്‍, മുംബൈ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക