ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8- എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 13 May, 2014
ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്
അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മെയ് 12-ാംതീയതി കഴിഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം എന്ന ശീര്‍ഷകത്തിലെഴുതിയ ഈ ലേഖനപരമ്പരയുടെ തിരശ്ശീല താല്‍ക്കാലികമായി വീഴ്ത്താനുള്ള സമയം സമാഗതമായി.  ഏതെങ്കിലും തമ്മില്‍ ഭേദ തൊമ്മന്മാര്‍ ജയിച്ചു കേറി വരും. പാര്‍ലമെന്റില്‍ പോയി കുത്തിയിരിക്കും ചിലര്‍ ഉറക്കം തൂങ്ങും ചിലര്‍ പാര്‍ലമെന്റിന്റെ നടുകളത്തിലിറങ്ങി മുഷ്ടിചുരുട്ടി തൊള്ളതുറക്കും, മുക്രയിടും, പലതും അടിച്ചുമാറ്റി കീശയിലാക്കും. പാവം വോട്ടു ചെയ്ത യജമാനന്മാരായ കഴുതകളുടെ ചുമലില്‍ ഭാരവും അമിതഭാരവുമുള്ള മരക്കുരിശും വെക്കും. പീഡിപ്പിക്കും. അങ്ങനെ പീഡിപ്പിക്കപ്പെടുന്ന മഹത്തായ ഇന്ത്യന്‍ ജനാധിപത്യപ്രക്രിയ തുടരും. അതാണല്ലൊ ജനവിധി 2014. ജനാധിപത്യത്തിലെ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ട് വോട്ടര്‍മാരായ പൊതുജനം കുത്തിയിരിപ്പു തുടങ്ങിയിട്ടു കാലങ്ങളായി. ഏപ്രില്‍ 7ാം തിയ്യതി ആരംഭിച്ച് വോട്ടിംഗാണ്. ഇനി ഏതാനും മണിക്കൂറുകള്‍ക്കകം ഫലം വെളിയില്‍ വന്നു തുടങ്ങും. ഏപ്രില്‍ 7ാം തിയ്യതി മുതല്‍ അവരവരുടെ മണ്ഢലങ്ങളിലെ വോട്ടിംഗ് കഴിഞ്ഞ സ്ഥാനാര്‍ത്ഥികള്‍ വിജയപ്രതീക്ഷയോടെ മധുര സ്വപ്നങ്ങളും കണ്ട് തേരില്‍ പറക്കുകയാണ്. ഒന്ന് ജയിച്ച് പാര്‍ലമെന്റില്‍ പോയിട്ടുവേണം അവിടിരുന്ന് സുഖമായി ഒന്നുറങ്ങാന്‍ അല്ലെങ്കില്‍ ഒരു വെക്കേഷനെടുത്ത് എം. പി. ഫണ്ടില്‍നിന്ന് വന്‍തുക അടിച്ചുമാറ്റി ഭാര്യാ കുഞ്ഞുകുട്ടി പരിവാര സമേതം അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഒന്നു ചുറ്റിയടിച്ച് ഓവര്‍സീസ് അമേരിക്കന്‍ പ്രവാസി നേതാക്കളുടെ പൂച്ചെണ്ടും പൂമാലയും സ്വീകരിച്ച് ഫോട്ടോയുമെടുത്ത് പല വേദികളിലും പ്രത്യക്ഷപ്പെട്ട് ഓണം, ക്രിസ്മസ്, ഫോക്കാനാ-ഫോമാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനങ്ങളും നടത്തി ഒന്നു സുന്ദരമായി വിലസാന്‍.

 അഥവാ വിജയ സ്വപ്നങ്ങള്‍ പൂവണിയാതെ തോറ്റാല്‍ ജയിക്കുന്നവനെ വെള്ളം കുടിപ്പിക്കാനും അവര്‍ പ്രതിവിധി മനസ്സില്‍ കണ്ടിട്ടുണ്ട്. ഭരണകക്ഷിയെ നിലം തൊടീക്കാതെ ഹര്‍ത്താലും, ബന്തും, പ്രതിഷേധവും അനാശാസ്യ-പീഡന ആരോപണങ്ങളിലും കുടുക്കി മുല്ലപ്പെരിയാറിനേക്കാള്‍ വലിയ പെരിയാറ്റിലിറക്കി വെള്ളം കുടിപ്പിക്കാനും തന്ത്രവും കുതന്ത്രവും മിനഞ്ഞിട്ടുണ്ട്.

ഇലക്ഷന്‍ ഫലമറിയാന്‍ സമയം സമാഗതമായി - ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു, ബീഫ് ചെയ്യുന്നു. പാവപ്പെട്ട ഏഴെ കോരന്മാരുടെ-കോരികളുടെ വോട്ടുകള്‍ ഏപ്രില്‍ 7-ാം തീയതി മുതല്‍ പല ഘട്ടങ്ങളിലായി മേയ് 16-ാം തീയതി എണ്ണാനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവിധ ഫ്രീസറുകളില്‍ ഭദ്രമായി വെച്ചിരിക്കുകയാണ്. ഫ്രീസറിലിരുന്ന് ജനകോടികളുടെ പല വോട്ടുകളും ഫ്രീസായിട്ടുണ്ടാകണം. അതിനെയെല്ലാം ഡീഫ്രീസ് ചെയ്തിട്ട് 16-ാംതീയതിയിലെ തവസുപ്രഭാതം മുതല്‍ എണ്ണിത്തുടങ്ങണം. എത്ര രാഷ്ട്രീയ ചൂടോടെ ചെയ്ത വോട്ടാണവയെല്ലാം. ആ രാഷ്ട്രീയ ചൂടിനെ തണുപ്പിക്കാനാകും വോട്ടുപെട്ടി ഫ്രീസറില്‍ തള്ളിയത്. എന്നാല്‍ ആ പെട്ടിയിലെ വോട്ടുകള്‍ ഫ്രീസായെങ്കിലും കിടന്ന് ഞെരിപിരി കൊള്ളുകയാണ്. ഒന്നു വെളിയില്‍ വരാന്‍.. പെട്ടിയില്‍ കിടന്ന് ചില വോട്ടുകള്‍ ബീഫ്..ബീഫ്... എന്ന ്. ബീഫ് ചെയ്യാന്‍ തുടങ്ങി. സംഗതി കമ്പ്യൂട്ടര്‍ ഇലക്‌ട്രോണിക് വോട്ടല്ലെ എങ്ങനെ ബീഫ് ചെയ്യാതിരിക്കും? പറ! വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന്റെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പ്രസവിക്കാന്‍ സമയമായി... പ്രസവിക്കാന്‍ സമയമായി എന്നു പറഞ്ഞ് ബിജെപി എം.പി. കുഞ്ഞുങ്ങളും കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ആപ്പ്, കിപ്പ് തുടങ്ങിയ എല്ലാ ഊപ്പ കക്ഷി എം.പി. കുഞ്ഞുങ്ങളും വെളിയില്‍ വരാന്‍ തയ്യാറായി കിടന്ന് കാലിട്ടടിക്കുകയാണ്. ഈ എം.പി. മാലാഖ കുഞ്ഞുങ്ങള്‍ അല്ലെങ്കില്‍ സാത്താന്‍ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങാനും ഹാപ്പി ബെര്‍ത്ത് ഡെ പറയാനും വോട്ടറന്മാരും അവരെയെല്ലാം കീറിമുറിച്ച് അവലോകനം ചെയ്യാനും മറ്റുമായി ഒളിക്യാമറകളുമായി മീഡിയാകള്‍ സര്‍വ്വ സന്നാഹങ്ങളുമായി കാത്തിരിക്കുകയാണ്. ശ്വേതാ മേനോന്റെ വെള്ളിത്തിരയിലെ സുഖപ്രസവം ഒപ്പിയെടുത്തപോലെ ഇലക്ഷന്‍ കമ്മീഷന്റെ ഫല പ്രഖ്യാപന പ്രസവം ചിത്രീകരിക്കാന്‍ ഒളി ക്യാമറകണ്ണുമായി ചിലര്‍ അതിനെ ആങ്കര്‍ ചെയ്യാനും മറ്റു ചിലര്‍ കടലാസില്‍ പകര്‍ത്താനായി നീണ്ട തൂലികയുമായി ഉറക്കമിളച്ച് കട്ടനും മോന്തി കാത്തിരിക്കുകയാണ്. ഇപ്രാവശ്യത്തെ വോട്ടിംഗ് മെഷീനില്‍ നിഷേധവോട്ടു രേഖപ്പെടുത്താനുള്ള ബട്ടനുണ്ടല്ലോ. അതുവഴി ഈ നിഷേധക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടി നിഷേധക്കാര്‍ വെളിയില്‍ വന്നാല്‍ എന്തു ചെയ്യും? വല്ല ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമോ? ഇലക്ഷന്‍ കമ്മീഷന്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച്  ഭരണം തുടങ്ങുമോ?..

ഇനി അല്പം കാര്യത്തിലേക്കു കടക്കാം. ഒരു കാര്യ ഉറപ്പാണ്. ഈ ഇലക്ഷന്‍ പല പ്രമുഖരുടേയും പ്രവചനങ്ങള്‍ തെറ്റും. തെറ്റിക്കും?  പല വന്‍മരങ്ങളും കടപുഴകി നിലം പരിശാകും. പല സ്റ്റെയിറ്റ് ക്യാപിറ്റലുകളും പാര്‍ലമെന്റ് മന്ദിരങ്ങളും ഒന്നു വിറകൊള്ളും. പലരുടേയും മനക്കോട്ടകള്‍ തകരും. പല വോട്ടറന്മാരും സന്തോഷിക്കും, ദുഖിക്കും.  മൂക്കത്ത് വിരല്‍ വെക്കും. പണത്തിന്റെ മുഷ്‌ക് കാണിച്ചും പതിവുപോലെ കുറച്ചധികം ക്രിമിനല്‍സും ജയിക്കും. ഭൂരിഭാഗം മീഡിയാക്കാരും പ്രവചനക്കാരും ബിജെപിക്കും നരേന്ദ്ര ദാമോദരദാസ് മോഡിക്കും വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നു. അവര്‍ പറയുന്ന ആ വന്‍ വിജയം അക്ഷരാര്‍ത്ഥത്തില്‍ സാധ്യമാകുമോ? അവര്‍ക്ക് ഉദ്ദേശിക്കുന്നത്ര ഭൂരിപക്ഷം കിട്ടാതിരുന്നാല്‍, മോഡി തന്നെ പരാജയപ്പെട്ടാല്‍ മറ്റു ഘടകകക്ഷികളുടെ അഭീഷ്ടപ്രകാരം പ്രധാനമന്ത്രി പദം എല്‍.കെ. അദ്വാനിക്കോ സുഷമാ സ്വരാജിനോ ആയിക്കൂടേ? ഇനി ബിജെപിക്കും ഘടകകക്ഷികള്‍ക്കും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ പറ്റാതെ വന്നാല്‍ മൂന്നാം മുന്നണിയുടെ, ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ലേ? അതുമല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മൂന്നാം മുന്നണിയിലെ മുലായം സിംഗോ, മമതാ ബാനര്‍ജിയോ, ജയലളിതയോ, മായാവതിയോ പ്രധാനമന്ത്രിയായിക്കൂടെന്നില്ലല്ലോ? ഒരിക്കലും ഒരവസരവും കിട്ടാത്ത അറബിക്കടലിലെ തിരമാലപോലെ ഒരൊറ്റ വര്‍ഷം കൊണ്ട് ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്ലൗട്ടും, മസിലും പ്രകടിപ്പിച്ച അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി പല പ്രവചനങ്ങളും തെറ്റിക്കും. പല വമ്പന്‍ പാര്‍ട്ടി നേതാക്കളുടേയും ആസനത്തില്‍ ആപ്പടിക്കും. അഴിമതിക്കാര്‍ക്കും കുംഭകോണക്കാര്‍ക്കും ഉദ്യോഗസ്ഥ പരിഷകള്‍ക്കും കൈക്കൂലിക്കാര്‍ക്കും ഒരു പേടി സ്വപ്നമായി അദ്ദേഹത്തിന്റെ പാര്‍ട്ടി ആപ്പും കുറ്റിച്ചൂലുമായി കുറച്ചു പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരും. ഇപ്രവാശ്യം മതിയായ വിജയസംഖ്യ ആം ആദ്മിക്ക് കിട്ടിയില്ലെങ്കിലും മറ്റ് അഴിമതി പാര്‍ട്ടിക്കാര്‍ക്ക് ഒരു പേടിസ്വപ്നവും നേര്‍വഴിക്ക് ചിന്തിക്കാനുമുള്ള ഒരു വഴി ആപ്പ് പാര്‍ട്ടി തുറന്നിട്ടിട്ടുണ്ട്. ഭാരത രാഷ്ട്രീയത്തിലെ ഒരു സൂര്യോദയമായിരിക്കുമത്. ഏതാനും മിനിറ്റിനകം അവര്‍ പിടിച്ച വോട്ടുകളുടെ നമ്പരും വിജയിച്ച മണ്ഡലങ്ങളും നിങ്ങള്‍ക്കു വ്യക്തമാകും. പല വമ്പന്‍ അഴിമതി പാഴ്‌വൃക്ഷങ്ങളേയും ആപ്പ് വെച്ച് തകര്‍ക്കുന്നതില്‍ അവരാകും മുന്‍പന്തിയില്‍. അക്കാര്യം മാത്രം ഏഴാം കടലിന്നക്കരെ നിന്ന് വിനീത ലേഖകന് യുക്തിബോധത്തോടെ മാത്രം ഒരു സ്‌പോട്ട് പ്രവചനം നടത്താന്‍ പറ്റും. കേജരിവാളിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭ്യമായ വോട്ടുകള്‍ അധികവും അഭ്യസ്തവിദ്യരുടെയും ചെറുപ്പക്കാരുടേതുമാണ്. ആ വോട്ടുകളും ഫ്രീസറിലെ പെട്ടിയിലിരുന്ന് അഴിമതിക്കെതിരായി വീര്‍പ്പുമുട്ടി ബീഫ് ചെയ്തുകൊണ്ടിരിക്കുകയാണ്. വന്‍ മീഡിയാ തോക്കുകളുടെ പിന്‍തുണയില്ലെങ്കിലും ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പാവം - സാധാരണക്കാരുടെ മീഡിയായില്‍ വൈറലായി ആഘോഷനൃത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വോട്ടുപെട്ടിയില്‍ നിന്ന് ഫലമറിയുന്നതിനു മുമ്പു തന്നെ ഭാരതീയ ജനതാപാര്‍ട്ടിയിലെ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്ക പെട്ടപോലെയാണ് പെരുമാറ്റം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും, ശരീര ഭാഷയും ചലനങ്ങളും ഇലക്ഷന്‍ കമ്മീഷനോടും, മറ്റു വ്യവസ്ഥകളോടുമുള്ള വെല്ലുവിളികളും കണ്ടിട്ട് അങ്ങനെ ഒരു സാധാരണക്കാരന്‍ ചിന്തിച്ചു പോകും. മെയ് 16-ാം തീയതിയിലെ ഫലപ്രഖ്യാപനങ്ങള്‍ക്കു ശേഷം എന്തെല്ലാം മുന്നണി, രാഷ്ട്രീയകക്ഷി തകിടം മറിച്ചിലുകള്‍, വിലപേശല്‍ നമ്മള്‍ കാണാനിരിക്കുന്നു? പരസ്പരം മല്‍സരിച്ച് കടിച്ചുകീറിയ സ്ഥാനാര്‍ത്ഥികള്‍ കൂടുവിട്ട് ഇണചേരുന്നതു കാണാം. മധുവിധു ആഘോഷിക്കുന്നതു കാണാം. വോട്ടേഴ്‌സായ ജനം ഒരിക്കലും കാംക്ഷിക്കാത്ത ജാരബന്ധങ്ങള്‍ സംസര്‍ഗ്ഗങ്ങള്‍ ദര്‍ശിക്കാം. ചാക്കിട്ടു പിടുത്തവും ചാക്കില്‍ കേറലും, കേറ്റലും,  കോടികള്‍ അടങ്ങുന്ന സ്യൂട്ട്‌കേസ് കൈമാറലും കാണാം. അതിനാല്‍ ഫലം വെളിയില്‍ വന്നാലും ആര്‍ക്കും മതിയായ ഭൂരിപക്ഷമില്ലെങ്കില്‍ ഒരു രാഷ്ട്രീയഫല ധ്രുവീകരണത്തിന് ജനം അല്പം കൂടി കാത്തിരിക്കേണ്ടിവരും. ഇപ്രാവശ്യം മാത്രമല്ലാ മിക്കവാറും എക്കാലവും രാഷ്ട്രീയ കക്ഷി കാല്‍മാറലുകളും, രാഷ്ട്രീയ ഉന്തി ഇടലും,തള്ളലും, രാഷ്ട്രീയ ഞണ്ടുകളുടെ പരസ്പരമുള്ള കാലില്‍ പിടിച്ചുള്ള താഴോട്ട് വലിയും നടന്നിട്ടുണ്ട് നടക്കാറുണ്ട്. നമ്മുടെ ഇവിടുത്തെ പ്രവാസി രാഷ്ട്രീയ വീരന്മാരും ഈ പ്രക്രീയയില്‍ ബിരുദമെടുത്തവരാണ്. ഡോക്ടറേറ്റ് എടുത്തവരാണ്. അവരും പ്രവാസി പീഡനവിഷയത്തില്‍ ഒന്ന് പ്രസംഗിക്കും മറ്റൊന്നു പ്രവര്‍ത്തിക്കും. അവരുടെ പ്രാദേശിക സംഘടനകളുടെ ഇലക്ഷന്‍ പോലും സംഘടനയുടെ ഭരണഘടന അനുസരിച്ച് നടത്താന്‍ അവര്‍ക്കറിയില്ല. പിന്നെ എന്തിന് പ്രവാസികള്‍ ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷനെ കുറ്റം പറയുന്നു. എല്ലാം കൊള്ളാം. എവിടേയും ആപ്പും കുറ്റിച്ചൂലും ശുദ്ധീകരണത്തിന് ആവശ്യമാണ്. ഏതായാലും “സേവിക്കണം എനിക്കല്‍പം സേവിക്കണം എന്ന മുറവിളിയോടെ അവസരവും തക്കവും പാര്‍ത്തിരിക്കുന്ന നമ്മുടെ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രതിനിധി സേവകര്‍ ആരൊക്കെയാണ് എന്ന് അറിയാന്‍ കണ്ണു തുറന്നിരിക്കാം. ചെവി ഓര്‍ക്കാം. അല്പമെങ്കിലും നമ്മള്‍ക്കും നമ്മുടെ ജനതക്കും നല്ലതുവരട്ടെ എന്ന ആശംസയോടെ ഈ ലേഖന പരമ്പര അവസാനിപ്പിക്കുന്നു. കൈ തൊഴാം പ്രിയ വായനക്കാരെ.. ഇതെല്ലാം നല്ല കളര്‍ഫുള്‍ ആയി ഗ്രാഫിക്‌സ് അകമ്പടിയോടെ പ്രസിദ്ധീകരിച്ച എല്ലാ പ്രസാധകര്‍ക്കും നന്ദി.

ഈ ലേഖന പരമ്പരയുടെ തുടക്കം മുതല്‍ സകല അധ്യായങ്ങളും ലിങ്കുകളും ആവശ്യമുള്ളവര്‍ വിളിക്കുക.   ഫോണ്‍: 281-741-9465.  അല്ലെങ്കില്‍ AGEORGE5@AOL.COM. എന്ന ഇമെയില്‍ വിലാസത്തില്‍ ആവശ്യപ്പെടുക.ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്ഇലക്ഷന്‍ ഫലമറിയാന്‍ തിടുക്കമായി… ബാലറ്റുകള്‍ പെട്ടിയില്‍ വീര്‍പ്പുമുട്ടുന്നു … ബീഫ് ചെയ്യുന്നു ... -8-  എ.സി. ജോര്‍ജ്
Truth man 2014-05-14 14:46:52
Well written everything wonderful 
A.C.George 2014-05-14 16:42:09
Thank you Truth man, who ever it is for your positive comment.
vaayanakkaaran 2014-05-14 17:27:58
ഇതെന്തു കുന്തമാ ചേട്ടാ ഈ 'ബീഫ് ബീഫ്'? ഏതു പാർട്ടിയുടെ ചിഹ്നമായിരുന്നു കാള?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക