Image

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

Published on 14 May, 2014
ഓരോ വീട്ടിലും വിമാനം (വൈക്കം മധു)
തന്നെ തന്നെ, ഓരോ വീട്ടിലും വിമാനം. കുറ്റന്‍ ജറ്റ്‌, മിഗ്‌-15, 10-സീറ്റര്‍, ടു സീറ്റര്‍...

മതി, മതി. തെരഞ്ഞെടുപ്പുകാലത്തെ മറ്റൊരു വെടി?

``റോട്ടി, കപ്പ്‌ഡാ ഔര്‍ മകാന്‍`` എന്ന ഇന്ദിരാഗാന്ധിക്കാലത്തെ പൊട്ടാപ്പടക്കം ഓര്‍മയുണ്ടല്ലോ. അതുപോലെ, അതിനെത്തുടര്‍ന്നും, ഓരോ തെരഞ്ഞെടുപ്പുകാലത്തും എന്തെന്തു സ്വപ്‌ന വാഗ്‌ദാനങ്ങളാണ്‌ ജനങ്ങള്‍ക്ക്‌ എറിഞ്ഞുകൊടുത്തു രാഷ്‌ട്രീയ പാര്‍ട്ടികള്‍ പെട്ടിയില്‍ വോട്ടു നിറയ്‌ക്കുക.

എന്നാല്‍ ഓരോ വീട്ടിലും വിമാനം എന്നത്‌ പൊട്ടവാഗ്‌ദാനമേയല്ല. യഥാര്‍ഥത്തില്‍ അങ്ങനെയൊരു സ്വപ്‌നലോകം ഉണ്ടെന്ന്‌ വിദേശ മലയാളികളില്‍ കുറച്ചുപേര്‍ക്കെങ്കിലും അറിയുമോ ആവോ..

കേരളത്തില്‍പ്പോലും ഭൂരിഭാഗം ജനങ്ങള്‍ക്കും, ഒരു ചെറിയകാര്‍ ഇപ്പോഴും സ്വപ്‌നമായിരിക്കെ, അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഒരു പുതുപുത്തന്‍ ജനവാസകേന്ദ്രത്തില്‍ ഓരോ വീട്ടിനു മുന്നിലും ഒന്നോ അതില്‍ക്കൂടുതലോ വിമാനം നിരനിരയായിക്കിടക്കുന്നു.

വലിയ വീടുകള്‍ക്കു വിമാനം കയറ്റിയിടാന്‍ സ്വന്തം ഷെഡ്‌ (ഹാങ്ങര്‍). ചെറിയ വീട്ടുകാര്‍ അതു വീടിനു മുന്നിലെ റോഡിന്റെ ഇരുവശവും അടുക്കും ചിട്ടയുമായി പാര്‍ക്കു ചെയ്‌തിരിക്കുന്നു. വിമാനം ആ റോഡേ അല്‍പദൂരം ഓടിച്ചാല്‍ ചെന്നെത്തുന്നത്‌ വിമാനത്താവള റണ്‍വേയില്‍. അവിടെനിന്നു പറപ്പിച്ച്‌ പിന്നെ ആകാശത്തേയ്‌ക്ക്‌. വിമാനത്താവള റണ്‍വേയിലേക്കാണ്‌ വീടുകള്‍ക്കുമുന്നിലുള്ള റോഡുകള്‍ തുറക്കുന്നതെന്നു സാരം.

പല നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള നൂറു നൂറു ചെറുവിമാനങ്ങളാണ്‌ വൃത്തിയും വെടിപ്പുമുള്ള വഴിയോരങ്ങളില്‍ കാറുകള്‍ പാര്‍ക്കുചെയ്യുന്നതുപോലെ നിര്‍ത്തിയിട്ടിരിക്കുന്നത്‌.

അമേരിക്കയുടെ തെക്കുകിഴക്കന്‍ സ്റ്റേറ്റായ ഫ്‌ളോറിഡയുടെ വടക്കുകിഴക്കുഭാഗത്ത്‌ ഡേയ്‌റ്റോണ കടലോര കേന്ദ്രത്തില്‍നിന്ന്‌ ഏതാനും കിലോമീറ്റര്‍മാത്രം റോഡകലമുള്ള ``സ്‌പ്രൂസ്‌ ക്രീക്ക്‌ ഫ്‌ളൈ-ഇന്‍``, ഭാവനാപൂര്‍വം രൂപകല്‍പ്പന ചെയ്‌ത പാര്‍പ്പിട കേന്ദ്രമായതുകൊണ്ട്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുപോലും അവിടെ വീടു വാങ്ങി പാര്‍ക്കുന്നതു ഹരമായി മാറിയിരിക്കുന്നു. പരിഷ്‌കാരം, പ്രൗഢി, അന്തസ്‌, മാന്യത. വയോധികരുടെ ജനപദമായാണ്‌ അവിടം പൊതുവെ അറിയപ്പെടുന്നത്‌.

അവിടെ ഇല്ലാത്ത സൗകര്യങ്ങളില്ലെന്നു വേണം പറയാന്‍. തീര്‍ത്തും വാസസുരക്ഷിതമായ (ഗേറ്റഡ്‌) ഈ പാര്‍പ്പിട കേന്ദ്രത്തില്‍ പുറത്തുനിന്നുള്ള പ്രവേശനത്തിനു നിയന്ത്രണമുണ്ട്‌. ക്ഷണപത്രം കൂടിയേതീരൂ.

ഏതാണ്ട്‌ 1360 ഏക്കറിലായി പരന്നു കിടക്കുന്ന സ്‌പ്രൂസ്‌ ക്രീക്ക്‌ ഫ്‌ളൈ-ഇന്‍-ല്‍, 3250 വീടുകളിലായി 5000-ല്‍ ഏറെപ്പേര്‍ ഉല്ലാസജീവിതം എന്തെന്ന്‌ അറിഞ്ഞും ആസ്വദിച്ചും ജീവിക്കുന്നു.

അവിടെയില്ലാത്ത സൗകര്യങ്ങള്‍ ഭൂമിയിലെന്നല്ല, സ്വര്‍ഗത്തില്‍പ്പോലും കാണാനിടയില്ല. ലോകനിലവാരത്തിലുള്ള 18 ഹോള്‍ ഗോള്‍ഫ്‌ ക്‌ളബ്‌ ഉണ്ടെന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ വിസ്‌തരിക്കണോ. ഓരോ വീട്ടില്‍നിന്നും പുറത്തേയ്‌ക്കിറങ്ങുന്ന റോഡുകളെല്ലാം തിങ്ങി വിമാനങ്ങള്‍ ചിറകുവിരിച്ചു കിടക്കുന്നു. അടിച്ചുയര്‍ത്തുന്ന ഗോള്‍ഫ്‌ പന്തുകള്‍, പറന്നുയരുകയോ ഇറങ്ങാനൊരുങ്ങുകയോ ചെയ്യുന്ന വിമാനങ്ങളില്‍ ചെന്നു കൊള്ളാതെ സൂക്ഷിക്കുന്നതു നന്നേ ശ്രമകരം. എല്ലാ റോഡുകളിലും ദിശാസൂചകങ്ങള്‍ വൃത്തിയായി എഴുതി നാട്ടിയിരിക്കുന്നു. ഗോള്‍ഫ്‌ മൈതാനത്തിനു ചുറ്റും ധാരാളമായിട്ടും.

അവിടത്തെ ഇടവഴികള്‍ പോലും ലോകത്തെ പുതുപുത്തന്‍ ബൈക്കുകളുടേയും കാറുകളുടേയും വിശ്രമകേന്ദ്രങ്ങളാണ്‌.

രണ്ടാം ലോകയുദ്ധകാലത്ത്‌ അമേരിക്കന്‍ പട്ടാളം ഉപയോഗിച്ചിരുന്ന സാംസുല വിമാനത്താവളമാണ്‌ പല കൈകള്‍ മറിഞ്ഞ്‌ ഇപ്പോഴത്തെ പാര്‍പ്പിട സമുച്ചയമായി പരിണാമപ്പെട്ടത്‌. യുദ്ധവിമാനങ്ങളുടെ ലാന്‍ഡിങ്‌ പ്രാക്‌ടീസ്‌ പരിശീലിപ്പിക്കാന്‍ മാത്രമാണ്‌ പട്ടാളം ഈ താവളം ഉപയോഗിച്ചുപോന്നത്‌. യുദ്ധം കഴിഞ്ഞതോടെ സ്ഥലം അനാഥമായി. ഒരു ചെറു ഗ്രാമം മാത്രം അവശേഷിച്ചുകൊണ്ട്‌. വിമാനത്താവളം ഡേയ്‌റ്റോണ്‍ ബീച്ച്‌ നഗരസഭക്കു കൈമാറുകയും ചെയ്‌തു. 1800-കളുടെ ആദ്യം മുതല്‍ അവിടെ ഒരു ജനപദം നിലനിന്നിരുന്നുവെന്ന്‌, അങ്ങിങ്ങായി, വൃത്തിയോടെ സംരക്ഷിച്ചു പോരുന്ന, ഓര്‍മക്കല്ലുകള്‍ വിളിച്ചു കാണിക്കുന്നുണ്ട്‌. അവയില്‍ ചിലത്‌ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ച പോരാളികളുടേതാണെന്നും കല്ലെഴുത്തില്‍ തെളിയുന്നു.

സായുധസേന ഉപേക്ഷിച്ചുപോയ ഈ വിമാനത്താവളവും ചുറ്റുവട്ടവും ഫ്‌ളോറിഡ സ്റ്റേറ്റിനുവേണ്ടി യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കായി വിവിധ കൂട്ടര്‍ വാങ്ങാനിരുന്നതാണ്‌. എംബ്രി റിഡില്‍ ഏറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയും നോട്ടമിട്ടിരുന്നു. പക്ഷെ എന്തുകൊണ്ടോ ഓരോ കൂട്ടരും പിന്‍മാറി.

പിന്നീട്‌ പല കൈമാറ്റങ്ങളിലൂടെ ഡെല്‍ വെബ്‌ എന്ന ഡവലപ്പറുടെ കയ്യില്‍ എത്തിച്ചേര്‍ന്നു.

വീടുകള്‍ 3,250 ഉണ്ടെങ്കിലും ചിലതില്‍ വല്ലപ്പോഴുമെ താമസക്കാര്‍ കാണാറുള്ളൂ. ഇവിടത്തെ സുഖസൗകര്യങ്ങള്‍ കണ്ടാണ്‌ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്‌.14,000 ചതുരശ്ര അടിയിലാണ്‌ കായികവ്യായാമകേന്ദ്രം. നീന്തല്‍ക്കുളം, ഏയ്‌റോബിക്‌ നൃത്തശാല, സോഫ്‌റ്റ്‌ ബോള്‍, ബാസ്‌ക്കറ്റ്‌ ബോള്‍, ടെന്നിസ്‌ ബോള്‍, സാന്‍ഡ്‌സ്‌ വോളി ബോള്‍ കോര്‍ട്ടുകള്‍, റസ്റ്റൊറന്റുകള്‍, സമ്മേളനസ്ഥലങ്ങള്‍, ഉദ്യാനങ്ങള്‍, വിമാനത്താവളം, 24-മണിക്കൂറും കണ്ണിലെണ്ണയൊഴിച്ചു റോന്തു ചുറ്റുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ വരെയുള്ള വിമാനത്താവളം എന്നു വേണ്ട, സ്വര്‍ഗത്തില്‍ എന്തൊക്കെയുണ്ട്‌ അതിലും ഇമ്മിണി ഏറെ ഒരുക്കിയിട്ടുണ്ട്‌ ``റസിഡന്‍ഷ്യല്‍ എയര്‍-പാര്‍ക്ക്‌ ``എന്നു കൂടി അറിയപ്പെടുന്ന ഭൂമിയിലെ ഈ സ്വപ്‌ന തീരത്ത്‌.

ഇവിടെ എന്നും വിവിധ വിനോദ്‌, വിജ്ഞാന, സംഗീത, കായിക, കലാ പരിപാടികളുണ്ടാകും. ബുക്കു വായനാ സദസ്‌ അതിലൊന്നു മാത്രം. 14 കിലോമീറ്റര്‍ ജോഗിങ്‌, വള്ളംതുഴച്ചില്‍, നീന്തല്‍, മീന്‍പിടിത്തം, വിമാനം പറത്തല്‍ പരിശീലനം, എന്നുവേണ്ട നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതു വിനോദത്തിനും ഇവിടെ സൗകര്യം. മാനുകള്‍ കുറുക്കന്‍, കഴുകന്‍, ആമ തുടങ്ങി നൂറുകണക്കിനു ജന്തുക്കളുടെ ആവാസഗേഹം കൂടിയായായ ഇവിടത്തെ നീര്‍ത്തടങ്ങളും കുട്ടിവനവും കണ്ടുകണ്ട്‌ നടക്കാന്‍ കൊതിക്കാത്തവരില്ല.

ഓരോവീടിനോടും ചേര്‍ന്ന്‌ വിമാനം കയറ്റിയിടാവുന്ന 700 ഹാങ്ങറുകള്‍. രണ്ടു കുടുംബങ്ങള്‍ പങ്കിട്ടു പാര്‍ക്കുന്ന വീടുകള്‍ക്ക്‌ കൂട്ടായി ഹാങ്ങറുകള്‍ വേറെ.

പ്രശസ്‌ത സിനിമാതാരവും പൈലറ്റുമായ ജോണ്‍ ട്രവോള്‍ട്ട ഇവിടെ താമസിച്ചിരുന്നു. പക്ഷെ മറ്റുവീട്ടുകാര്‍ക്ക്‌ അയാളെക്കൊണ്ടുള്ള തൊന്തരവു സഹിക്കാന്‍ വയ്യാതായപ്പോള്‍ ഓടിച്ചുവിടുകയായിരുന്നു. ട്രവോള്‍ട്ടയുടെ ബോയിങ്‌-707 ജറ്റിന്റെ കൂടെക്കൂടെയുള്ള ചെകിടു തര്‍ക്കുന്ന ശബ്‌ദം മറ്റുതാമസക്കാര്‍ക്ക്‌ അസഹ്യമായതാണു കാരണം. നടന്‍ റിച്ചാര്‍ഡ്‌ ബര്‍ട്ടനില്‍നിന്ന്‌ ട്രവോള്‍ട്ട വാങ്ങിയതായിരുന്നു ഈ വിമാനം.

താമസക്കാര്‍ ഒത്തുകൂടി പല കൂട്ടായ്‌മകളും ക്‌ളബുകളും രൂപീകരിച്ചിട്ടുണ്ട്‌. പുതിയതായി വരുന്ന താമസക്കാര്‍ക്ക്‌ അവര്‍ക്കിണങ്ങിയ സംഘത്തില്‍ ചേരാം. ഇനി അതും പോരേ. എങ്കില്‍ അവര്‍ക്കു സ്വന്തമായി ഒരു കൂട്ടായ്‌മ തുടങ്ങുകയുമാവാം. നിങ്ങള്‍ക്ക്‌ ഈ സ്വര്‍ഗത്തില്‍ പങ്കാളികളാകാന്‍ സാധിച്ചില്ലല്ലോ എന്ന കുണ്‌ഠിതം ബാക്കിവയ്‌ക്കേണ്ടെ. ഈ സ്വകാര്യ നഗരത്തില്‍ ഇനിയുമുണ്ട്‌ ഏതാനും പ്‌ളോട്ടുകള്‍കൂടി വില്‍ക്കാന്‍. അതു വികസിപ്പിച്ചെടുക്കാവുന്നതേയുള്ളൂ. വില, രണ്ടുവീടുകള്‍ വയ്‌ക്കാവുന്ന ഒരു തുണ്ടു ഭൂമിക്ക്‌ 12 ലക്ഷം ഡോളര്‍മുതല്‍ മേലോട്ട്‌ 150 ലക്ഷം ഡോളര്‍വരെ.
ഓരോ വീട്ടിലും വിമാനം (വൈക്കം മധു)
ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

സ്‌പ്രൂസ്‌ ക്രീറ്റ്‌ വാസ കേന്ദ്രത്തിലേയ്‌ക്കുള്ള പ്രവേശന വഴിയും ദിശാസൂചകവും

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

ഒരു വിമാനം പറന്നുയരുന്നു

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

പാര്‍പ്പിട കേന്ദ്രത്തിലെ ഒരു വീടിനടുത്തു വിമാനം

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

ശ്രദ്‌ധിക്കുക- കുട്ടികള്‍ കളിക്കുന്നു, മുതിര്‍ന്നവരും.

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

വീടുകള്‍കള്‍ക്കു മുന്നിലെ റോഡില്‍ വിശ്രമിക്കുന്ന വിമാനറങ്ങള്‍

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

ഒരു വീടിനടുത്ത്‌ പറക്കാന്‍ വെമ്പി നല്‍ക്കുന്ന മഞ്ഞപ്പക്ഷി

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

വീടിനോടു ചേര്‍ന്നുള്ള ഹാങ്ങറില്‍ വിമാനങ്ങള്‍

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

മറ്റൊരു വീട്ടു ഹാങ്ങര്‍

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

ആവാസകേന്ദ്രത്തിന്റെ വാനക്കാഴ്‌ച

ഓരോ വീട്ടിലും വിമാനം (വൈക്കം മധു)

വിമാനം അരികെ, സൂക്ഷിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക