യാത്രാമൊഴി ഓതാതൊരുനാള്‍
നിന്നില്‍ നിന്നകന്നതില്‍
ഇനിയും പരിഭവമാണോ കവിതേ
മിണ്ടാതെ തിരിഞ്ഞു നില്‍ക്കുന്ന നേരമീ
നെഞ്ചം പിടയുവതറിയുന്നില്ലയോ
എന്‍ ഹൃദയത്തിന്‍ താളമറിഞ്ഞു നീ മീട്ടിയ
തംബുരുവില്‍ പിറന്നൊരാവരികള്‍
ചായം തേച്ച ചുണ്ടുകളമര്‍ന്ന്!
കവിള്‍ത്തടം മഷിയൊപ്പും പോലായിരുന്നില്ല.
സ്‌നേഹത്തിനാര്‍ദ്ര ചുംബനത്തില്‍
അധരങ്ങള്‍ ചുവന്നുതുടുക്കയായിരുന്നു.
മനസ്സില്ലാമനസ്സോടെയെങ്കിലും ആ മൃദുമന്ത്രണത്തിനു
കാതോര്‍ക്കാതെ ഞാന്‍ വിരിയിച്ചതത്രയും
കഥയെന്നും ലേഖനമെന്നും പേരിട്ട
നിറമില്ലാത്ത മണമില്ലാത്ത വെറും കടലാസുപൂക്കള്‍
അവരോടൊത്തുള്ള ശയനം പോലും
ആത്മവഞ്ചനയായിരുന്നോ?
പോയനാളില്‍ നീ പകര്‍ന്നോരനുഭൂതിക്കായി
പൂമ്പാറ്റകണക്കെ തേടി,യൊടുക്കം
എത്തി ഞാന്‍ നിന്നരികില്‍ തന്നെ
ആവില്ല കവിത കുറിക്കുവാന്‍
പ്രണയത്തിന്‍ തീക്കനല്‍
ഉള്ളില്‍വീണെരിയാതെയെന്നറിഞ്ഞമാത്രയില്‍
ഞാനും പേറിയിരുന്നു പറയാതെപോയ
പ്രണയത്തിന്‍ വിങ്ങല്‍.
പ്രേമിച്ചിട്ടില്ലെന്നാവര്‍ത്തിച്ച നാവോ
നേരിനെ ഏറെനാള്‍ മൂടിപ്പിടിച്ചു
ഇനിയതു കഴിയില്ല
നീയറിയണമെന്നനുരാഗം
കവിതേ,നിന്നോടായിരുന്നെന്ന സത്യം.