MediaAppUSA

വൈദികവിവാഹം വിവാദമാകുമ്പോള്‍ -മോണ്‍സി കൊടുമണ്‍

മോണ്‍സി കൊടുമണ്‍ Published on 26 May, 2014
വൈദികവിവാഹം വിവാദമാകുമ്പോള്‍ -മോണ്‍സി കൊടുമണ്‍
ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചുകൊണ്ടും ജീവിതകാലം ക്രിസ്തുവിനുവേണ്ടി ഉഴിഞ്ഞുവെച്ചുകൊണ്ടും മാനവലോകത്തെ സേവിക്കാമെന്നു വാഗ്ദാനം നടത്തിയതിനു ശേഷമാണ് ഒരു വ്യക്തി കാത്തോലിക്കാ വൈദികനാകുന്നത്. കത്തോലിക്കാ സഭയില്‍ ഏതാണ്ട് 12 വര്‍ഷത്തോളം സെമിനാരിയില്‍ പഠിച്ചതിനു ശേഷമാണ് പട്ടം കൊടുക്കുന്നത്. സ്വയം ഒരു തീരുമാനമെടുത്തുകൊണ്ടു വേണം ഒരു വ്യക്തി വൈദികപട്ടത്തിലേക്ക് കാലൂന്നുവാന്‍.
വിവാഹിതനാകാതെ, ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിതത്തിന്‌റെ മുഴുവന്‍ സമയവും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തികള്‍കൊണ്ട് ജനത്തേയും ദൈവത്തേയും സ്‌നേഹിക്കാം എന്നുള്ള തീരുമാനം.

 പലപ്പോഴും നമ്മുടെ  നാട്ടില്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കന്മാരുടെ കഠിനമായ പ്രേരണമൂലം വൈദികരോ കന്യാസ്ത്രീകളോ ആയി മാറ്റപ്പെടുന്നു. സാമ്പത്തികമായി പരാധീനത നില്‍ക്കുന്ന ചില വീടുകളില്‍ ഒരു വൈദികനായാല്‍ കുടുംബം രക്ഷപ്പെട്ടുപോകും എന്നുള്ള ചിന്ത ഉരിത്തിരിയുകയും, മാതാപിതാക്കള്‍ കുട്ടികളെ വൈദികരാക്കാമെന്നു നേര്‍ച്ച നേരുകയും ചെയ്യുന്നു. അമേരിക്കയിലും കാര്യങ്ങള്‍ മറിച്ചല്ല. അങ്ങനെ നേര്‍ച്ചയില്‍ക്കൂടി വൈദികനാകുന്ന വ്യക്തി സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യമാക്കിക്കൊണ്ട് കാക്കകണ്ണുകളുമായി വൈദികവൃത്തി തുടരുന്നു. അനുസ്യൂതം സഭയില്‍ നിന്നും എങ്ങനെ പണം പിടുങ്ങിയെടുക്കാമെന്നുള്ള ലക്ഷ്യംവെച്ചുക്കൊണ്ട് മാത്രം വൈദിക ജോലിചെയ്യുകയും, ഇത്തരുണത്തില്‍ അനധികൃതമായി പണം നേടിയെടുക്കുകയും, ദൈവത്തെ മറന്നുള്ള ജീവിതവുമായി സുഖലോലുപന്മാരായി യാത്ര തുടരുകയും ചെയ്യുന്നു.

ഈ യാത്രാവേളയില്‍ ഇക്കൂട്ടരും മനുഷ്യരാണ്. ഇവരുടെ ശരീരത്തിലും ചൂടുള്ള രക്തമൊഴുകുകയും ലൈംഗിക വികാരങ്ങള്‍ക്ക് അടിമയാവുകയം ചെയ്യുന്നു. പണം കുന്നുകൂടി കഴിയുമ്പോള്‍ എല്ലാ വികാരങ്ങളും അറിയാതെ മനുഷ്യനില്‍ കടന്നുകൂടുന്നു. ഈ അവസരത്തില്‍ അഭിവന്ദ്യ പോപ്പു പറഞ്ഞത് നമുക്ക് ഒന്നു ശ്രവിക്കാം. പണത്തിനു വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നത് സഭയില്‍ കണ്ടുവരുന്നു. ഇടവകയില്‍ നിന്നും രൂപതയില്‍ നിന്നും സാമ്പത്തികലാഭം ഉണ്ടാക്കുവാന്‍ പാവങ്ങളെ പിഴിയുന്നത് തെറ്റാണ്. സഭാസ്‌ക്കൂളുകളില്‍ നിന്നും ആശുപത്രികളില്‍നിന്നും നിയമനങ്ങള്‍ക്ക് അനധികൃതമായി പണം ഡോണേഷന്‍ ആയിട്ടു വാങ്ങുവാന്‍ പാടില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ പണം കൂടുന്നതാണ് അധമ വികാരങ്ങള്‍ക്കു കാരണം. ലൈംഗികവികാരങ്ങള്‍ക്ക് അടിമകളായിടടുള്ള പല വൈദികരേയും നമുക്ക് നേരിട്ടറിയാം. നാട്ടില്‍ നിന്നും ഇവിടെ വന്നിട്ട് കുപ്പായം ഉപേക്ഷിച്ചിട്ടു ഫാമിലിയായി സന്തോഷകരമായി കഴിയുന്ന ധാരാളം വൈദികരെ നമുക്ക് നേരിട്ടറിയാം. അതു നല്ലതാണെങ്കില്‍ നേരത്തെ ഈ വിവേകം തോന്നാഞ്ഞതിന്റെ കാരമം മനസ്സിലാകുന്നില്ല. ഇതിനു 12 വര്‍ഷം സമയമുണ്ടല്ലോ. ഏതാണ്ട് 850 ല്‍ പരം വൈദികരെ ഇതിനോടകം സഭയില്‍ നിന്നും പുറത്താക്കി കഴിഞ്ഞു. സംഖ്യകള്‍ ഇനിയും കൂടാനാണ് സാദ്ധ്യത, മറിച്ച് ഇതിനൊരു പരിഹാരം കാണുന്നില്ലെങ്കില്‍ ജീവിതത്തിന്റെ നൂറു ശതമാനവും ദൈവത്തിനും സമൂഹത്തിനും വേണ്ടി മാത്രം ജീവിക്കണം എന്നുള്ളവര്‍ മാത്രം വൈദികരാവുക.

അതുപോലെ മാതാപിതാക്കള്‍ മക്കളെ ശരിയായ രീതിയില്‍ പഠിച്ചതിനുശേഷമേ വൈദികരാകുവാന്‍ അനുദവിക്കാവൂ. അല്ലെങ്കില്‍ ഒരു സമൂഹം മുഴുവനും ചീത്തയാകുവാനും നാടിനും രാജ്യത്തിനും ദുഷ്‌പേരു വരുവാനും ഇടയാക്കും. ഇത് കൂലം കഷമായി ചിന്തിക്കേണ്ട ഒരു വിഷയമാണ്.
കഴിഞ്ഞ ദിവസം ഒരു ദേവാലയത്തില്‍ പറയുകയുണ്ടായി വൈദികനാകുവാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാരി ചിലവിനായി പൈസ എല്ലാ ഫാമിലിക്കാരും ഷെയര്‍കൊടുക്കണമെന്ന്. ഒരു കാര്യം ഇവിടെ പ്രസക്തമായതുണ്ട്. തന്റെ മക്കളെ ഡോക്ടര്‍ ആക്കാനും എഞ്ചിനീയര്‍ ആക്കുവാനും എത്ര മില്യണ്‍ ഡോളര്‍ വരെ മുടക്കുവാന്‍ മാതാപിതാക്കള്‍ക്ക് മടിയില്ല. പക്ഷെ വൈദികനാകുന്നതിനുള്ള ചിലവ് മുഴുവന്‍ സഭ മുടക്കേണം എന്നുള്ളം ചിന്താഗതിയിലേക്ക് വരുമ്പോള്‍ മാതാപിതാക്കളുടെ ലക്ഷ്യവും മറ്റൊന്നല്ല.
എന്തായാലും കത്തോലിക്ക വൈദികര്‍ക്കു വിവാഹം കഴിക്കാം എന്നുള്ള നിയമം വരുമ്പോള്‍ വിവാഹം കഴിച്ചവര്‍ക്ക് എന്തുകൊണ്ട് വൈദികനായിക്കൂടാ എന്നൊരു ചോദ്യവും വരുന്നുണ്ട്. അതും ദൈവവിരോധമല്ലല്ലോ. സന്തോഷമായി വിവാഹം ജീവിതം നയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ലക്ഷ്യം പണമാണെങ്കില്‍ ഇതും നടപ്പിലാവുകയില്ലേ.

ഈ സമയത്ത് അഭിവന്ദ്യ പോപ്പ് ബനഡിക്ട് പതിനാറാമന്‍ പറഞ്ഞ ഒരു പ്രധാന കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഹാട്ട് ഡോഗു കഴിക്കാനും ഹാംബര്‍ഗ് കഴിക്കാനും ഉള്ള ഒരു സ്ഥാപനമല്ല കത്തോലിക്ക സഭ. അങ്ങനെയുള്ളവര്‍ ഇങ്ങോട്ടുവരേണ്ട ആവശ്യവുമില്ല. അതു സത്യവുമാണ്. നിങ്ങളുടെ ആവശ്യാനുസരണം മാറ്റിയെഴുതാനുള്ളതല്ല സഭയുടെ നിയമങ്ങള്‍. അതിനോടു പൂര്‍ണ്ണമായും യോജിക്കേണ്ടതുണ്ട്. കാരണം പത്തു കല്‍പന നിയമങ്ങള്‍ പണം കൂടുന്നതിനനുസരിച്ച് കൂടെ കൂടെ മാറ്റുവാന്‍ പറ്റുമോ?
ഇനി മറ്റൊരു കാര്യത്തിലേക്കു കടക്കുകയാണെങ്കില്‍ മറ്റു സഭയിലെ വൈദികരും ലൈംഗിക അപവാദങ്ങള്‍ക്കു നല്ല പേരു കേട്ടിട്ടുണ്ട്. അസിസ്സ്‌ററന്റ് വികാരിയായിരുന്ന ഒരു വൈദികന്‍, സിനിമാനിര്‍മ്മാണവുമായി നാട്ടില്‍ നടന്ന് ലൈംഗിക അപവാദത്തില്‍ പേര്‍ എടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അമേരിക്കയിലായിരുന്നു എന്നുള്ളത് ഒരു എക്‌സ്‌ക്യൂസ് ആയി എടുക്കാമോ? അല്ലെങ്കില്‍ കയ്യില്‍ കുറെ ഡോളര്‍ വന്നതിന്റെ ന്യൂനതയായി എടുത്ത് സംഭവം ഇല്ലാതാക്കിത്തീര്‍ക്കാമോ? അപ്പോള്‍ ചുരുക്കത്തില്‍ പണ്ട് പൂനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞതുപോലെ 'A Man is not satisfied with not one woman'. ഇതു മാറേണ്ടിയിരിക്കുന്നു. നിരന്തരമായ പ്രാര്‍ത്ഥനയില്‍ കൂടിയും ഉപവാസത്താലുമല്ലാതെ ഈ ജാതി ഒഴിഞ്ഞുപോവുകയില്ല.

അതുകൊണ്ട് വൈദികരെ വിവാഹം കഴിപ്പിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. വിവാഹത്തോടുകൂടി ഫാമിലി ജീവിതത്തിലേക്കു കടന്നു വരികയും കൂടുതല്‍ ധനത്തിനായി  ദൈവികചിന്ത വിട്ടുപോവുകയും ചെയ്യുന്നു. വിദ്യാഭ്യാസവും തിയോളജിയില്‍ ഡോക്ടറേറ്റ് എടുത്തതുകൊണ്ടും മാത്രം വൈദികനാകുന്നില്ല, മെത്രാനു ആകുന്നില്ല. വൈദികന്‍ എന്നതിന്റെ അര്‍ത്ഥം വേദം അറിയാവുന്നവന്‍ എന്നാണെങ്കിലും വേദം അനുസരിക്കാന്‍ കൂടി ബാദ്ധ്യസ്ഥനാണ്.
അഭയക്കേസില്‍ പ്രതിയായിട്ടുള്ള പല വൈദികരും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. രവി അച്ചന്‍, ലാസര്‍ അച്ചന്‍, ഇപ്പോള്‍ വെറും ഒന്‍പതു വയസ്സുള്ള കുഞ്ഞിനെ നശിപ്പിച്ച വൈദികനും വരെ നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു. ഈ തെറ്റിനെതിരെ നാം ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. ഈ തെറ്റിനെതിരെ കവിതയെഴുതിയ ഒരു എഴുത്തുകാരിയെ കുറ്റപ്പെടുത്തുവാന്‍ പലരും ഇ മലയാളിയില്‍ പരിശ്രമിച്ചു. പക്ഷെ കവിതയുടെ മഹാത്മ്യമല്ല പലരും നോക്കിയത് മിറച്ച് തെറ്റ് ചെയ്ത പുരോഹിതന് സപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു നമ്മുടെ സഹോദരന്മാരും സഹോദരികളും അന്ധകാരത്തിലേക്കും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയാണോ? വെളിച്ചത്തിന്റെ മുട്ടുകള്‍ക്ക് സന്ധിവാതം പിടിപെട്ടോ?

മതം ഒരു വിഷമമായിത്തീരുവാന്‍ എന്തിന് നമ്മളും പിന്‍തുണ കൊടുക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു സുന്ദരമായ ആത്മീയ ജീവിതം കെട്ടിപ്പടുക്കണ്ടേ? നാടിനും രാജ്യത്തിനും മാതൃകയായി അവര്‍ വളരണ്ടേ? അതോ നമ്മുടെ കുഞ്ഞുങ്ങളെ ഇവര്‍ നശിപ്പിക്കുന്നതിന് ഇവരുടെ കൂടെ ഓശാന പാടികൊടുക്കണോ? വിദ്യാഭ്യാസമില്ലാത്ത ഒറ്റകൈയ്യന്‍ പൊന്നുചാമിയെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇവര്‍ ഇനിയും നശിപ്പിക്കാതിരിക്കണമെങ്കില്‍ നമ്മുടെ സമൂഹം ഒന്നായി ഉണരണം. നട്ടെല്ലോടു കൂടി ഇതിനെതിരെ സഭയില്‍ പൊരുതുവാന് നാം മുമ്പോട്ടിറങ്ങാന്‍ സമയമായിരിക്കുന്നു. സഭയില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ ലേഖനമെഴുതിയ ഒരു വ്യക്തി നാട്ടില്‍ മരിച്ചപ്പോള്‍ സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തില്ല എന്നുള്ള ഒരു ഭീതി പലരിലും ഉള്ളതുകൊണ്ടാണോ നമ്മുടെ നട്ടെല്ല് വളഞ്ഞു പോകുന്നത്?

ഒരു കാര്യം കൂടി പറഞ്ഞുനിര്‍ത്താം ലൈംഗിക അധിക്രമത്തിന്റെ പേരില്‍ വൈദികര്‍ ജയിലില്‍ പോയതുകാരണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെ അമേരിക്കയിലെയും യൂറോപ്പിലെയും പല ദേവാലയങ്ങല്‍ പൂട്ടിയിടുകയുണ്ടായി എന്ന് ഒരു ലേഖനത്തില്‍ വായിക്കാനിടയായി. പൂജ നടത്താന്‍ പൂജാരിതന്നെ വേണം എന്നുള്ള ഒരു നിയമം എടുത്ത് കളഞ്ഞ് ദൈവത്തിന്റെ മുന്‍പില്‍ എല്ലാവരും സമന്‍മാരാണെന്നുള്ള കാര്യം മനസ്സിലാക്കി. ദേവാലയങ്ങളില്‍ വൈദികര്‍ക്കും അല്‍മേയര്‍ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ട് നിയമങ്ങള്‍ നമുക്ക് മാറ്റിക്കുറിക്കേണ്ടതായിട്ടുണ്ട്. അല്ലാതെ കുറെ വൈദികരെ വിവാഹം കഴിപ്പിച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. ലൈംഗിക അരാജകത്വം മതങ്ങളില്‍ കൊടികുത്തി വാഴുമ്പോള്‍ മതങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരികയും മതം വിഷമായിത്തീരുകയും ചെയ്യും. സഭയില്‍ നല്ല വൈദികര്‍ ധാരാളമുണ്ട്. വൃക്ക നല്‍കി ജീവന്‍ രക്ഷിച്ചവരും, കുഷ്ടരേഗികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു നല്‍കിയ വൈദികരും ധാരാളം ഉണ്ട്. പക്ഷെ കുട്ടയിലിരിക്കുന്ന നല്ല മാങ്ങകളില്‍ ഒരെണ്ണം ചീഞ്ഞതാണെങ്കില്‍ ചീഞ്ഞതിനെ ഗാര്‍ബേജില്‍ നേരത്തേകളയേണ്ടിയിരിക്കുന്നു. അതിനു നാം മുമ്പോട്ടിറങ്ങുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.


വൈദികവിവാഹം വിവാദമാകുമ്പോള്‍ -മോണ്‍സി കൊടുമണ്‍
Truth man 2014-05-26 10:46:26
Hello, if you are a christian ,how you dare write like this.You still scare something . So what is the solution about to solve this problem.Anyboby can write like this. But still the problems are  continuing .4347
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക