ഇതെന്തു ന്യായം. അത്യാവശ്യ സൗകര്യങ്ങളില്ലാതെ മനുഷ്യന് എങ്ങിനെ ജിവിക്കും. ആദ്യ
കാലങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടായിരുന്നു, എങ്ങിനെയായിരുന്നുകാര്യങ്ങള്
എന്ന് ഒരു തിട്ടവും ഇല്ല. എങ്ങും ആരും എഴുതി വച്ചിട്ടുമില്ല.
പണ്ട്
ഇത്രയും ആവശ്യങ്ങളുണ്ടായിരുന്നോ. എന്നാല്‍ ഇന്ന് അതാണോ. എന്തൊക്കെ വേണം ഇന്ന്
മിനിമത്തില്‍ ഒന്നു ജീവിക്കാന്‍. അതിനനുസരിച്ചു സൗകര്യങ്ങളുണ്ടേ?
ഓരോ
കാര്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഇന്നു മനുഷ്യന് ശ്വാസം മുട്ടുന്നു.
ആരെയെല്ലാം, എവിടെയെല്ലാം പേടിച്ചും കണ്ണുവെട്ടിച്ചും വേണം കഴിഞ്ഞുകൂടാന്‍.
പോരാത്തതിന് മുടിഞ്ഞ ഓരോ നിയമങ്ങളും. അതു പാടില്ല, ഇതു പാടില്ല, ഇത് അവിടെയേ
വയ്ക്കാവൂ, അത് മറ്റേടത്തെ വയ്ക്കാവൂ.. എന്റെ പൊന്നേ ഇങ്ങനെയായാല്‍ എങ്ങനെ
ജീവിക്കാനാ.
ഇത്, ആദ്യമേ തന്നെ കൈപ്പിഴ സംഭവിച്ചതാണ്. മനുഷ്യനെ
സൃഷ്ടിക്കാന്‍ പേറ്റന്റ് എടുത്ത പടച്ചോന് ആദ്യംതൊട്ടേ പറ്റിയ കയ്യബദ്ധമാണ്.
മറ്റാരേയും വിശ്വാസമില്ലാതെ അങ്ങോര് ഒറ്റക്കു ചെയ്തതുകൊണ്ട് എവിടെയോ കൂട്ടു
പിഴച്ചുകാണും.
അന്നു പക്ഷെ ഇന്നു നാട്ടുനടപ്പുള്ളതുപോലെ മുന്നണി ഏര്‍പ്പാട്
കണ്ടുപിടിച്ചിട്ടുണ്ടാവില്ല. എല്ലാം കക്ഷി ഒറ്റയ്ക്കു തോന്ന്യാസം ചെയ്തതിന്റെ
ഫലമാണ്. ചില പാര്‍ട്ടികളില്‍ ഇപ്പൊ കാണുന്ന കുടുംബവാഴ്ചയുടെ തുടര്‍ച്ച
അവിടെനിന്നാവാം. അതുകൊണ്ട് എല്ലാം കുട്ടിച്ചോറായില്ലേ.
അതുതന്നെ സാധാരണ
മനുഷ്യന്റേയും ഗതി. അന്നു സൃഷ്ടിക്കു നാടമുറിച്ച കാലത്ത് നാട്ടിലുള്ള കൊള്ളാവുന്ന
നാലുപേരോടു അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ മനുഷ്യന് ഇന്ന് അന്തസ്സായി
ജീവിക്കാമായിരുന്നു. ഇന്നിപ്പോ പാത്തും പതുങ്ങിയും വേണം ഒരോന്നു ചെയ്താന്‍.
കണ്ടുപിടിച്ചാല്‍, പിന്നെ ഗോതമ്പുണ്ട!
ഇന്നലത്തെ പത്രംതന്നെ നോക്കിയാട്ടെ.
ഒരു പാവം മനുഷ്യന് ഇത്തിരി പൊന്നു കൊണ്ടുവന്നു. മക്കളുടെ കല്യാണത്തിന്,
അല്ലെങ്കില്‍ അതിനുമുമ്പ് വീടൊന്നു നന്നാക്കാന്‍, ലേശം കാശിനുവേണ്ടി
കൊണ്ടുവന്നതാവാം. അതുമല്ലെങ്കില്‍ മറിച്ചുവിറ്റാല്‍ രണ്ടു ചില്ലി കൂടുതല്‍
കിട്ടുമെന്നു വിശ്വസിച്ചാവാം. അതുമല്ലെങ്കില്‍ ചെറുകിട കയ്യബദ്ധമാകാം. ചില
പാര്‍ട്ടിനേതാക്കളുടെ ലഗേജില്‍ പണ്ടു വെടിയുണ്ട കണ്ടിട്ടില്ലേ. അവര്‍
വെടിവയ്പ്പുകാരാണോ. അല്ലല്ലോ. ക്വട്ടേഷന്‍ സുലഭമായ നാട്ടില്‍ എന്തിനളിയാ വെടിയുണ്ട
ചുമന്നു നടക്കണം.
ദുബായിലൊക്കെ പണിയെടുത്തു നാട്ടിലേയ്ക്കു മടങ്ങുമ്പോള്‍
വെറും കയ്യോടെ എങ്ങനെയാ മടങ്ങ്വാ? നെരെ വരാമെന്നു വച്ചാല്‍ മുടിഞ്ഞ നികുതി കുത്തും.
അപ്പൊപ്പിന്നെ നാട്ടുനടപ്പനുസരിച്ച് തന്ത്രത്തിലല്ലാതെ എങ്ങനെയാ
കൊണ്ടുവര്ക.
പത്രത്തില്‍ കസ്റ്റംസ്കാര് വിളിച്ചു പറഞ്ഞു വാര്‍ത്ത
കൊടുത്തതു കേട്ടാല്‍ ഇതേതാണ്ട് ഒരു തലച്ചുമടിനുള്ളു സ്വര്‍ണം ഉണ്ടായിരുന്നെന്നു
തോന്നും. എവിടന്ന്? ഒരിത്തിരി, വെറും 818 ഗ്രാം സ്വര്‍ണം. അതുതന്നെ മൂപ്പരു
കൊണ്ടുവരാന്‍ പെട്ട പാട് ഓനു മാത്രേ അറിയൂ.
പറയാന്‍ അല്പം ബുദ്ധിമുട്ടുള്ള
സാധനത്തില്‍ പൊതിഞ്ഞ്, അപ്പിയിടുന്ന എക്സിറ്റ് പോയന്റ് വഴിയാണ് ടിയാന്
പൊന്ന് ഇറക്കുമതി ചെയ്തതു പോലും. നിശ്ചയമായും കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമശ്രീ
അവാര്‍ഡിനെങ്കിലും അര്‍ഹതയുള്ള മാതൃകാപരമായ (തികച്ചും ഇന്നവേറ്റീവ്)
രാജ്യസേവനമാണിതെന്ന് ജനാധിപത്യ വിശ്വാസികളെല്ലാം വിരലേല്‍ മഷികുത്തി
സമ്മതിക്കും.
`ബോഡി കുറിയര്‍` ചെയ്യാനും മേല്‍പ്പറഞ്ഞ സാധനം ഉത്തമമെന്നു
കണ്ടുപിടിച്ചതിന് ജഡ്ജിമാരുടെ വക സ്പെഷ്യന്‍ മാര്‍ക്കിനും
അര്‍ഹതയുണ്ട്.
കൊണ്ടുവന്നത് രാഷ്ട്രീയ ബന്ധമുള്ള ആളാണെങ്കില്‍, മനസറിയാതെ
ശരീരത്തിലെ ഏതോ അധോദ്വാരത്തില് കയറിപ്പറ്റിയ ഒരു സ്വര്ണത്തരിയായി അതു മാറുകയും,
പിടിക്കപ്പെട്ടയാള്‍ ഉച്ചിവിളക്കുള്ള ഔദ്യോഗികവാഹനത്തില്‍ വീട്ടിലെത്തി ആ `തരി`
സസുഖം ഡൗണ്‍ലോഡു ചെയ്യപ്പെടുകയുമാവും ഫലം
ഈ അധോദ്വാരപ്പൊന്ന, വിദേശ
മലയാളികളില്‍ ചിലരുടെ അധോദ്വാരമുള്പ്പെടെയുള്ള രഹസ്യ അറകള്‍ കാലേകൂട്ടി വാടകക്കു
ബുക്കുചെയ്തു നാട്ടില്‍ വിലപ്പെട്ട സേവനം നടത്തുന്ന ഖദര്‍ധാരികളുടെ വകയാണെങ്കില്‍
കഥവേറെ. താരപ്രഭയില്‍ മുങ്ങിക്കുളിച്ചുതോര്ത്താതെ നില്ക്കുന്നവര്
അംബാസഡര്‍മാരായി വാഴുന്ന സ്വര്ണമാളികക്കാരുടെ ഇത്തരം അധോദ്വാരവ്യായാമങ്ങള്, അവര്‍
കോടികളുടെ പരസ്യംകൊടുത്തു ജനാധിപത്യത്തിന്റെ നാലാമത്തെ നെടുംതൂണുകള്‍ അഹോര3ത്രം
വീഴാതെ കാക്കുന്നതു, നമ്മുടെയെല്ലാം മഹാഭാഗ്യം.
കേരളത്തിലെ ഒരു
വിമാനത്താവളംവഴി, ശരീരത്തിലെ ഒരു ലൊവര് എക്സിറ്റുവഴി, പൊന്നു നാട്ടിലെത്തുന്നത്
ഇതാദ്യമാണെന്ന ചരിത്രവസ്തുതയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍
തുള്ളിച്ചാടുകയാണെന്നാണ് പുതിയ വിവരം.
സര്‍ക്കാരാണ് ഇപ്പോള്‍
ചമ്മിപ്പോയത്. ഇന്ത്യയില്‍ വോട്ടര്‍മാര്‍ പെരുകി ജനാധിപത്യം
കുട്ടിച്ചോറാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇന്ത്യയൊട്ടുക്കും ഹെല്‍ത്ത് സെന്ററുകള്‍
വഴി വിതരണം ചെയ്യുന്ന സാധനത്തിനകത്ത്, സര്‍ക്കാര്‍ ഉദ്ദേശ്യത്തിന് അതീതമായി
മറ്റൊരു വിലപ്പെട്ട വസ്തുകൂടി സ്റ്റോര്‍ ചെയ്യാമെന്ന് വെറും സാധാരണക്കാരന്
കണ്ടുപിടിച്ചപ്പോള്‍ സര്‍ക്കാര്‍ ബ്ളീച്ചടിച്ചു.
പക്ഷെ ഈ പാക്കിങ്
മെറ്റീരിയല്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നതില്‍ റബര്‍ കര്‍ഷകര്‍ ആഹ്ളാദിക്കും.
റബറിന്റെ ഭൂമിയോളം താണവില ഇങ്ങനെയെങ്കിലും ഉയര്‍ന്നു
കിട്ടിയിരുന്നെങ്കില്‍!
അതെന്തായാലും സര്‍ക്കാര്‍ പരസ്യങ്ങള്‍ ഇനി ഇങ്ങനെ
മാറ്റിയെഴുതേണ്ടി വരും - നാട്ടിലേക്കു പോകുന്നവര്‍ക്കു ബഹു സൗകര്യം,
നാട്ടിലെത്തിയാല്‍ അതിലും സുഖം. സ്ക്കൂട്ടറിനു പിന്നിലിരിക്കുന്ന
പെണ്‍കുട്ടിക്ക്, ഓടിക്കുന്നവന്റെ ചെവി ഇനി മുഴുവനായും കടിച്ചു തിന്നാം.
തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഇനി ഒരു ഷിഫ്റ്റുകൂടി
തുടങ്ങേണ്ടിവരും.
ഒരു വയര്‍ നിറയെ പൊന്നുമായി മംഗലാപുരത്തു പറന്നിറങ്ങിയ
ആള് കുറേനാള്‍ ആശുപത്രിയില്‍ കിടന്ന് അക്ഷരതൃതീയയുടെ പുണ്യലോകം പ്രാപിച്ചത്
അടുത്ത കാലത്താണ്. മറ്റൊരു സ്വയംസംരംഭകന്‍ 450 ഗ്രാം സ്വര്‍ണം 29 ഗുളികകളായി
വിഴുങ്ങി, നാട്ടിലെത്തി ആശുപത്രിയിലായി. പല പ്രാവശ്യം വയറിളക്കാന്‍ ശ്രമിച്ചിട്ടും
കുടലും പണ്ടവുംവരെ പുറത്തു ചാടിയിട്ടും, എന്റെ പൊന്നേ, പൊന്ന് വയറ്റിനകത്ത്
ഞണ്ടിനെപ്പോലെ വിടാതെ കടിച്ചു കിടന്നു.
സ്വര്‍ണം വിഴുങ്ങുന്നതു
സാധാരണയാണെങ്കിലും ഹൈട്ടെക്കിന്റെ ഇക്കാലത്ത് അതിലെന്തു പുതുമ. വിഴുങ്ങിയ സ്വര്‍ണം
കസ്റ്റംസ്കാര് പുറത്തെടുക്കുന്നത് പ്രതികള്‍ക്ക് പച്ചില ധാരാളം
തള്ളിക്കയറ്റിയാണ്. ദ്രാവകരൂപത്തില്‍ കൊണ്ടുവരുന്ന സര്‍ണം എക്റെയിലും
കണ്ടുപിടിക്കാനാവില്ലപോലും. ബാഗിന്റെ പിടി, തേയ്പ്പുപെട്ടി, ലാപ്ടോപ്പ്,
സോക്ല്, ഷൂ, ട്രോളിയുടെ ലൈനിങ് തുടങ്ങിയവയില്‍ ഒളിപ്പിക്കുകയാണ് പുതിയ
രീതികള്‍. എന്നാല്‍ അധോദ്വാരം ഇപ്പോഴും തുറന്നുതന്നെ.
സ്വര്‍ണം പൊടിയാക്കി
ചോക്കലേറ്റ് സോസില്‍ കലര്‍ത്തി ഫാക്റ്ററിയില്‍ നിര്മിച്ചിറക്കിയ രൂപത്തില്‍
പാക്കറ്റുകളിലാക്കി, സ്വര്ണസ്പ്രിങ്ങുകള് ഒളിപ്പിച്ച കസേരകളുടെ
രൂപത്തില്‍..ഇങ്ങനെ ഭാവനയനുസരിച്ച്. ഏതുവിധത്തിലും ഒളിപ്പിക്കാനുള്ള വിധം
ഒരുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളും ഗള്‍ഫില്‍ ഉണ്ടുപോലും.
തിരശ്ശീലക്കു
പിന്നിലെ കപടമാന്യന്മാര് കൂലിക്ക് ആളെവച്ച് ഇങ്ങനെ സ്വര്‍ണം നാട്ടില്‍
എത്തിക്കുമ്പോള്‍ ഒരുകിലോക്കു നികുതിയിനത്തില്‍ ലാഭം കിട്ടുന്നത് 15000 മുതല്‍
20000 വരെ രൂപ.
സ്വര്‍ണ ഇറക്കുമതിക്കു നിയന്ത്രണം വന്നതോടെയാണ്
കള്ളക്കടത്ത് കൂടിയതത്രെ. അതിന് രാഷ്ട്രീയ. ഫയാസ്, ഉദ്യോഗസ്ഥ, ഹവാല
ബന്ധമുള്ളതുകൊണ്ട് ഏറിയേറി വരുമെന്ന ആശ്വാസമുണ്ട്. സ്വര്‍ണക്കടകള്‍ ഏറിയേറി
ജനസേവനം സ്വര്‍ണമഴയായി പെയ്യുന്നത് മോശമായ കാഴ്ചയല്ലല്ലോ.
സ്വര്‍ണംകൊണ്ടുണ്ടാക്കിയ വിമാനംതന്നെ കരിപ്പൂരില്‍ ഇറങ്ങിയേക്കുമെന്നാണ്
കേള്‍വി.
മലയാളികള്‍ രാപ്പകല്‍ ഭേദമെന്യേ സ്വര്‍ണം ഭക്ഷിക്കുന്നവരാകയാല്
കച്ചവടക്കാര്‍ അക്ഷരതൃതീയയുടെ കൊളുത്തിട്ടാണ് ചാകര കൊയ്യുന്നത്. അക്ഷരതൃതീയ ഏതോ
സ്വര്ണക്കച്ചവടക്കാരനുവേണ്ടി എംബിഎ പഠിച്ചിറങ്ങിയ ഒരു പയ്യന്‍സ്
ഉപദേശിച്ചുകൊടുത്ത മന്ത്രമാണത്രെ. അന്ധവിസശ്വാസം പൊരിച്ചു ചൂടോടെ വിറ്റു കോടികള്‍
കൊയ്യുന്നതാണല്ലോ വിദ്യാഭ്യാസ കേരളത്തിന്റെ പുതിയ ബിസിനസ്.
പണ്ടുകാലത്ത്
ഒരു പണമിട പൊന്നുപോലും വാങ്ങാന്‍ ഗതിയില്ലാത്ത നാട്ടിലെ പട്ടിണി പ്പാവങ്ങള്‍ മക്കളെ
ആ പേരിട്ടുവിളിച്ച് സംതൃപ്തരായി. പൊന്നപ്പന്, തങ്കപ്പന്, കനകപ്പന്,
സര്ണപ്പന്, പൊന്നമ്മ, തങ്കമ്മ, സ്വര്‍ണമ്മ, കനകമ്മ, കാഞ്ചന,
എന്നിങ്ങനെ.
ഇന്നു പാദസരം വരെ സ്വര്‍ണം. നാട്ടില്‍ നിന്നുപോയ മൂക്കൂത്തിയും
തിരിച്ചെത്തി. ആണും ചെവിതുളക്കുന്നു. വടക്കേ ഇന്ത്യന്‍ സ്റ്റൈലില്‍ മൂക്കില്‍ വലിയ
വളയം (പഞ്ചവാദ്യക്കുഴല്പോലെ). പൊക്കിളിനു ചുറ്റും വേറെ. മറ്റു ചില സ്ഥലങ്ങളില്‍
ഞാന്‍ തൊടുന്നില്ല.
കല്യാണപ്പെണ്ണ് അഞ്ചുകിലോ സ്വര്ണഭാരത്തില്
തളര്‍ന്ന്, ഫേഷ്യലില്‍ വിയര്‍ത്തൊലിച്ച്, കല്യാണമ്ഡപത്തില്
ഒന്നെഴുന്നേല്ക്കാന് പാടുപെട്ടു കോലം കെടുന്നു.
അതെങ്ങനെയുമാകട്ടെ. പണ്ടു
നായനാര്‍ പറഞ്ഞതു രൂപാന്തരം വരുത്തി പറഞ്ഞാല്‍, എവിടെ സ്വര്‍ണത്തിനു പ്രിയമേറുന്നോ
അവിടെ അവിടെ കള്ളക്കടത്തു സ്വാഭാവികം. ആകെ ഒരു എതിര്‍പ്പു പടച്ചോനാടാണ്. ഇത്രയും
വലിയ ശരീരത്തില്‍ രണ്ടുകിലോ കൂടി കൊള്ളുന്ന അഞ്ചാറു ദ്വാരങ്ങള്‍ കൂടി
ഇടായിരുന്നില്ലെ. ഈ പഴഞ്ചന്‍ രീതിയിലുള്ള നവദ്വാരങ്ങള്‍ മാത്രംകൊണ്ട് ഞങ്ങള്‍
എങ്ങനെ മാന്യമായി ജീവിക്കും. പെമ്പിള്ളാരെ കെട്ടിച്ചയക്കണ്ടായോ, വീടു
നന്നാക്കണ്ടായോ, ഒരു പവന് സ്വര്‍ണം വാങ്ങി വീട്ടിലെത്തുമ്പോള്‍ 100 പവനായി
പൊലിക്കുന്ന അക്ഷയതൃതീയ നാട്ടിലോടിക്കണ്ടായോ. പൂപ്പല്‍ പിടിച്ചു തുടങ്ങിയ സൂപ്പര്‍
താരങ്ങളെ ഊന്നുവടികൊടുത്തു നിര്ത്തണ്ടായോ.