MediaAppUSA

ജോയി ചെമ്മാച്ചേല്‍-അനിയന്‍ ജോര്‍ജ് ; പഴയ സുഹൃത്തുക്കള്‍ വീണ്ടും'അങ്കം' കുറിക്കുന്നു.

അനില്‍ പെണ്ണുക്കര Published on 23 June, 2014
ജോയി ചെമ്മാച്ചേല്‍-അനിയന്‍ ജോര്‍ജ് ; പഴയ സുഹൃത്തുക്കള്‍ വീണ്ടും'അങ്കം' കുറിക്കുന്നു.
ഫൊക്കാനായുടേയും ഫോമായുടേയും കണ്‍വന്‍ഷനുകള്‍ക്കിനി ദിവസങ്ങള്‍ മാത്രം.
പക്ഷെ പഴയ രണ്ട് സുഹൃത്തുക്കളുടെ അങ്കം കൂടിയാണ് ഈ രണ്ട് കണ്‍വന്‍ഷനും.
ഫൊക്കാനാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറാണ് ജോയി ചെമ്മാച്ചേലെങ്കില്‍ ഫോമാ കണ്‍വന്‍ഷന്റെ ചെയര്‍മാനാണ് അനിയന്‍ ജോര്‍ജ്.ഇരുവരും നല്ല സുഹൃത്തുക്കള്‍.

2006 ലെ ഫ്‌ളോറിഡ കണ്‍വന്‍ഷന്റെ പരിസമാപ്തിയില്‍ ഉണ്ടായ കലങ്ങി മറിയലുകള്‍ക്കിടയില്‍ അനിയന്‍ ജോര്‍ജ് ഫൊക്കാനാ സെക്രട്ടറിയും, ശശിധരന്‍ നായര്‍ പ്രസിഡന്റുമായി. തുടര്‍ന്ന് കേസുകളും, വഴക്കും പൊല്ലാപ്പും. അവസാനം ഫൊക്കാനയെ പിളര്‍ത്തി ഫോമാ വന്നു. ഫോമായുടെ അമരത്തും അനിയന്‍ ജോര്‍ജും, ശശിധരന്‍ നായരും വന്നു. അന്നു മുതല്‍ ഈ രണ്ട് സുഹൃത്തുക്കള്‍ രണ്ട് വഴിക്ക്. അനിയന്‍ ജോര്‍ജ് ഫോമയില്‍ സജീവമായെങ്കിലും ജോയി ചെമ്മാച്ചേല്‍ ഫൊക്കാനയില്‍ സജീവമായില്ല. ജന്മനാടായ നീണ്ടൂരില്‍ ഒരു പുതിയ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ടു…സ്വന്തമായി ഒരു ഫാം നാട്ടുകാര്‍ക്കായി തുറന്നിട്ടു. ദേശാടനകിളികള്‍ക്ക് ആ കൃഷിഭൂമി താവളമായി… പിന്നെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനവും. ഒന്നു രണ്ടു സിനിമികളിലും അഭിനയിച്ചു.

അനിയന്‍ ജോര്‍ജാകട്ടെ. ഫോമായുടെ നിര്‍ണ്ണായ ഘടകവുമായി. 2006 മുതല്‍ ഫോമായുടെ എല്ലാ കണ്‍വന്‍ഷനുകളുടേയും മുഖ്യസാരഥികളിരൊളായി. കേരളാ കണ്‍വന്‍ഷനുകളിലെ നിറസാന്നിദ്ധ്യമായി. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നും വാര്‍ത്ത വന്നു. അവസാനം കെജ്രിവാളിന്റെ തൊപ്പിയെടുത്ത്, തലയില്‍വച്ച് അമേരിക്കയിലെ ആം ആദ്മിയുമായി. അപ്പോഴും ആ പഴയ സുഹൃത്തുക്കള്‍ തങ്ങളുടെ ചങ്ങാത്തം അവസാനിപ്പിച്ചില്ല. മികച്ച സൗഹൃദം നല്ല മനസാണെന്ന് ഇരുവരും വിശ്വസിക്കുന്നു. വിശ്വസിച്ചു.

ഫോമയും, ഫൊക്കാനയും ഒന്നാകണമെന്നാണ് ഇരുവരുടേയും ആഗ്രഹം. പക്ഷെ അത് നടക്കുന്ന പ്രസ്ഥാനല്ലെന്ന് രണ്ട് പേര്‍ക്കറിയാം. ചില ഭിന്ദ്രന്‍വാലകള്‍ ഫോമയിലും ഫൊക്കാനയിലും ഇതിന് പാരയുമായി ഉണ്ടെന്ന് ഇരുവരും രഹസ്യമായി സമ്മതിക്കും. അഥവാ ഒന്നായാലും  ഈ രണ്ടുപേരെയും പുതിയസംഘടനയും ഹാരാര്‍ഷണം നടത്തും. കാരണം തങ്ങളുടെ പ്രവൃത്തികൊണ്ട് നല്ല സൗഹൃദവലയങ്ങള്‍ സൃഷ്ടിച്ചവരാണ് അനിയന്‍ ജോര്‍ജും ജോയി ചെമ്മാച്ചേലും.

ആം ആദ്മിയുടെ അവസ്ഥ പന്തിയല്ല എന്ന് അനിയന്‍ ജോര്‍ജിന് തോന്നിയോ എന്നറിയില്ല. ഇപ്പോ ആ തൊപ്പി കാണാനില്ല. എങ്കിലും ഫോമയ്ക്ക് കീഴില്‍ നിന്ന് കണ്‍വന്‍ഷന്‍ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പ്രായമേറും തോറും ചെറുപ്പമായി വരുന്ന അനിയന്‍ ജോര്‍ജിനെപ്പോലെയാണ് ഫോമയും. ആരൊക്കെ ഫോമയുടെ തലപ്പത്തുവന്നാലും മൈക്ക് അനിയന്‍ ജോര്‍ജിന്റെ കയ്യില്‍ കിട്ടിയാല്‍ ഫോമായുടെ എല്ലാമെല്ലാം അനിയനാണെന്ന് തോന്നും. അതില്‍ അസൂയപ്പെട്ട് മൈക്ക് തിരികെ വാങ്ങിച്ചവര്‍പോലും അവസാനം മൈക്ക് അനിയനെ തന്നെ ഏല്‍പ്പിക്കും. എതിരാളികള്‍ പോലും അംഗീകരിക്കുന്ന ഒരു സംഘാടകശക്തി  അനിയന്‍ ജോര്‍ജിലുണ്ട്. ഈ സംഘാടകബോധമാണ് ഫോമയെ വളര്‍ത്തിയതും. മകന് ജോലികിട്ടിയ ശേഷം ഫോമയില്‍ സജീവമായി ഫോമയുടെ എക്കാലത്തേയും മികച്ച ഒരു പ്രസിഡന്റാകണമെന്ന ഒരു മോഹം അനിയന്‍ ജോര്‍ജിനുണ്ടെന്ന് ചില ശത്രുക്കളല്ലാത്ത സുഹൃത്തുക്കള്‍ പറയാറുണ്ട്. നടക്കട്ടെ. അതിനും കൂടിയുള്ള തുടക്കമാകട്ടെ ഫിലഡല്‍ഫിയാ കണ്‍വന്‍ഷന്‍.

ജോയി ചെമ്മാച്ചേല്‍ എന്തുകൊണ്ട് ഫൊക്കാനയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ കണ്‍വീനറായി എന്നു ചോദിക്കുന്നവരോട് അദ്ദേഹം പറയും മറിയാമ്മ ചേച്ചിയുടെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കേണ്ടേ. “ചിക്കാഗോ കണ്‍വന്‍ഷന്‍ കണ്‍വന്‍ഷനുകളുടെ കണ്‍വന്‍ഷനായി അറിയപ്പെടണ്ടേ.” യാതൊരു പരിഭവത്തിനും ഇടം നല്‍കാതെ ഒരു ക്ലാസ്സിക് കണ്‍വന്‍ഷനാണ് ജോയിചെമ്മാച്ചേലിന്റെ മനസില്‍. ശത്രുക്കളുടെ മുന്നില്‍പ്പോലും നിറഞ്ഞ ചിരിയുമായാണ് ജോയി ചെമ്മാച്ചേല്‍ പ്രത്യക്ഷപ്പെടുക.

ഇപ്പോള്‍ വിധി ഈശ്വരാനുഗ്രഹം കൊണ്ട് അനുകൂലമായി വന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചപ്പോള്‍ സാംസ്‌കാരിക രംഗത്ത് പഴയതിനേക്കാള്‍ മെച്ചമായി സജീവമാകാമെന്നു കരുതാം. അത് ഗുണം ചെയ്തത് ഫൊക്കാനയ്ക്കും . ഫൊക്കാനാ കണ്‍വന്‍ഷന്‍ 2014 ന്റെ നെടുംതൂണ്‍ ജോയി ചെമ്മാച്ചേല്‍ തന്നെ. അതുകൊണ്ടുതന്നെ ഒരു ക്ലാസിക്  കണ്‍വന്‍ഷനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ചില സസ്‌പെന്‍സുകളും അദ്ദേഹം പുറത്തുവിടുന്നില്ല. എല്ലാം കാത്തിരുന്ന് കാണാനാണ് പറയുക. ഒപ്പം ഫൊക്കാനയുടേയും ഫോമായുടേയും കണ്‍വന്‍ഷനുകള്‍ കാണാന്‍ എല്ലാ മലയാളികളും പോകണം എന്ന നിര്‍ദ്ദേശവും. സാംസ്‌കാരിക പാരമ്പര്യത്തിന് അയിത്തമില്ല. ഇത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയാണ്. ചുരുക്കത്തില്‍ ഫോമയുടെ കണ്‍വന്‍ഷന് ഫൊക്കാനാ പ്രവര്‍ത്തകരും ഫൊക്കാന കണ്‍വന്‍ഷന് ഫോമാ പ്രവര്‍ത്തകരും കൂടണം. എങ്കിലേ മഞ്ഞുരുകൂ…

അനിയന്‍ ജോര്‍ജും, ജോയി ചെമ്മാച്ചേലും അങ്കം കുറിക്കുന്ന ഈ മാമാങ്കത്തിന് രണ്ട് സുഹൃത്തുക്കളുടെ ദീര്‍ഘകാല ബന്ധത്തിന്റെ ഊഷ്മളതയുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് കണ്‍വന്‍ഷനുകളും അമേരിക്കന്‍ മലയാളികള്‍ക്ക് സമ്മാനിക്കുക മികച്ച ഒരു വിരുന്നു തന്നെ ആയിരിക്കും എന്നത് ഉറപ്പ്…. അതിനു കാരണം മികച്ച സൗഹൃദമാണ് ഒരു സംഘടനയുടെ വളര്‍ച്ച എന്ന് ജോയിച്ചനും അനിയനും വിശ്വസിക്കുന്നതു കൊണ്ടാണ്. ഇരുവര്‍ക്കും വിജയാശംസകള്‍!
ജോയി ചെമ്മാച്ചേല്‍-അനിയന്‍ ജോര്‍ജ് ; പഴയ സുഹൃത്തുക്കള്‍ വീണ്ടും'അങ്കം' കുറിക്കുന്നു.
George Parnel (Paranilam) 2014-06-24 17:49:13
Super comparison article. Both are super leaders with good looks and ideas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക