Image

വാക്കൗട്ട്‌ (കഥ: കൃഷ്‌ണ)

Published on 16 July, 2014
വാക്കൗട്ട്‌ (കഥ: കൃഷ്‌ണ)
ഇത്‌ ഈ രാജ്യത്ത്‌ നടന്ന കഥയല്ല. അതിപുരാതനമായ സംസ്‌കാരമുള്ള, അനേകം മഹാന്മാര്‍ പിറന്ന ഈ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കില്ലല്ലോ?

`മകളുടെ കുട്ടിയുടെ ചോറൂണ്‌ ഏഴാം തീയതി ആണ്‌. സാര്‍ വരണം.' നേതാവിനോട്‌ ആയിരുന്നു ആ തടിമുതലാളിയുടെ അഭ്യര്‍ത്ഥന.

`പക്ഷെ അന്ന്‌ സഭാ സമ്മേളനം ഉണ്ടല്ലോ?'

`സാര്‍ വിചാരിച്ചാല്‍ എല്ലാം നടക്കും. മറ്റു മെമ്പര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്‌. എല്ലാവരും വരാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.'

അയാള്‍ പോയി. തീയതി നേതാവ്‌ കലണ്ടറില്‍ കുറിച്ചുവച്ചു.

ഏഴാം തീയതിയായി. സമ്മേളനം തുടങ്ങി.

നേതാവ്‌ എഴുന്നേറ്റു.

`എല്ലാ ജീവികളെയും സംരക്ഷിക്കുക എന്നതാണ്‌ നമ്മുടെ നയം. പക്ഷെ ആ നയത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു. ഉദാഹരണത്തിന്‌ ഒരുദിവസം മനുഷ്യന്റെ ചവിട്ടുകൊണ്ട്‌ എത്ര ഉറുമ്പുകള്‍ ആണ്‌ ചതഞ്ഞരയുന്നത്‌! അവയെ രക്ഷിക്കാന്‍ ഒരു നടപടിയും ഇന്നുവരെ എടുത്തിട്ടില്ല. അതും പോകട്ടെ. എത്ര ഉറുമ്പുകള്‍ ആണ്‌ ചതഞ്ഞരയുന്നത്‌ എന്നറിയാന്‍ ഒരു സംവിധാനം പോലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ഉണ്ടെങ്കില്‍ ഉത്തരവാദപ്പെട്ട മന്ത്രി പറയട്ടെ.'

ഉറുമ്പുമന്ത്രി: അതിനായി ഒരു കമ്മറ്റിയെ നിയമിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ആ കമ്മറ്റിയില്‍ ആരെയെല്ലാം നിയമിക്കണം എന്ന്‌ തീര്‍ച്ചയാക്കാന്‍ ഒരു സബ്‌കമ്മറ്റി ഒരു മാസത്തിനകം രൂപീകരിക്കപ്പെടും.`
`അപ്പോള്‍ ഫലത്തില്‍ കാര്യങ്ങള്‍ ഒന്നും ആയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചു ഞങ്ങള്‍ സഭയില്‍ നിന്നും വാക്കൌട്ട്‌ നടത്തുകയാണ്‌.'

അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരും ഗ്രൂപ്പുകാരും പുറത്തിറങ്ങിനടന്നു.

`അവതരിപ്പിക്കുന്ന ബില്ലുകളെ എതിര്‍ക്കാന്‍ ഇനി ആരും സഭയില്‍ ഇല്ലാത്തതിനാല്‍ എല്ലാ ബില്ലുകളും പാസ്സായതായി കണക്കാക്കാമല്ലോ?` മന്ത്രിപ്രധാനി അവശേഷിച്ച എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും കയ്യുയര്‍ത്തി.

സഭ പിരിഞ്ഞു.

പിന്നീട്‌ എല്ലാ അംഗങ്ങളും തമ്മില്‍ കണ്ടത്‌ തടിമുതലാളിയുടെ വീട്ടില്‍ വച്ച്‌.
വാക്കൗട്ട്‌ (കഥ: കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക