ഇന്നാണ് ആ യാത്ര
കൂടുതലൊന്നും എഴുതാന്‍ കഴിയാതെ ജെന്നിഫര്‍ ഡയറി അടച്ചു.
അപ്പോഴേയ്‌ക്കും അവള്‍ കരച്ചിലിന്റെ വക്കിലെത്തി. മുന്‍പിലെ കണ്ണാടിയില്‍
പ്രതിഫലിക്കാന്‍പോലും വിടാതെ നിറഞ്ഞ കണ്ണുതുടച്ച് യാത്രയ്‌ക്കുള്ള
ഒരുക്കങ്ങളിലേയ്‌ക്ക് ശ്രദ്ധതിരിക്കുമ്പോഴും മനസ്സ്
വിങ്ങിക്കൊണ്ടിരുന്നു.
ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ വസ്‌ത്രധാരണത്തിന്
പ്രത്യേക നിബന്ധനകളില്ലെങ്കിലും സ്ഥിരം വേഷമായ ജീന്‍സും കുര്‍ത്തയും കൂടാതെ ചുവന്ന
കാഞ്ചീപുരം പട്ടുസാരിയും ജെന്നി പെട്ടിയില്‍ കരുതി. പാതിയായ സ്വപ്‌നങ്ങളുടെ
ചുളിവുകള്‍ വീണ അതേ ചേലയെടുത്ത് ആ പടവുകള്‍ കയറണമെന്നത് വാശിയെക്കാളുപരി എന്നോ
മനസ്സില്‍ കടന്നുകൂടിയ ആഗ്രഹമാണ്.
ഇന്ത്യയെ അറിയാന്‍ എന്ന പരിപാടിയുടെ
അവതാരക എന്ന നിലയില്‍ പല കാണാപ്പുറങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഈ
യാത്രയില്‍ ചിലത് ഉറപ്പിച്ചിട്ടുണ്ടെന്ന് എത്ര ഒളിപ്പിച്ചിട്ടും, വിടര്‍ന്ന
കണ്ണുകള്‍ വിളിച്ചോതിക്കൊണ്ടേയിരുന്നു. റെയ്‌റ്റിംഗ് ചാര്‍ട്ടില്‍ മുന്‍നിരയില്‍
ഷോ പിടിച്ചുനിര്‍ത്താന്‍ ചാനലില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം പോലും ജെന്നിയെ
അസ്വസ്ഥയാക്കാറുള്ളതല്ല. ചുറുചുറുക്കോടെയെ യൂണിറ്റ് അംഗങ്ങള്‍ അവളെ കണ്ടിട്ടുള്ളൂ.
ആ നിറഞ്ഞ ചിരിയും പ്രസരിപ്പും ഒപ്പമുള്ളവരില്‍ അതിജീവിക്കുന്നതിലുള്ള അവളുടെ കഴിവ്
എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത
കേരളത്തിലെ പ്രസിദ്ധമായ അമ്പലത്തില്‍ ജെന്നി ജാനിയെന്ന പേരില്‍ കയറിയതിനെതിരെ
മുളപൊട്ടിയ വിവാദക്കുരുക്കുപോലും അവളെ തളര്‍ത്തിയില്ല. ചുരുങ്ങിയ സമയം കൊണ്ട്
ദൃശ്യമാധ്യമരംഗത്ത് തന്റേതായ ഒരിടം നേടിയെടുക്കാന്‍ ആ വിവാദം സഹായകമാവുകയും
ചെയ്‌തു.
ഉത്തരാഖണ്‌ഡാണ് ലക്ഷ്യസ്ഥനം. ദേവഭൂമിയെന്ന് അിറയപ്പെടുന്ന
ക്ഷേത്രങ്ങളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും ഹിമാലയസാനുക്കളുടെ
സൗന്ദര്യത്തിന്റെയും ഗംഗയും യമുനയും പോലുള്ള പുണ്യനദികളുടെ പ്രവാഹം കൊണ്ടും
ഭക്തിയുടെ പര്യായമായ സംസ്ഥാനം . മണ്ണിടിച്ചിലും ദുരന്തവും കഴിഞ്ഞ് ഒരു വര്‍ഷമേ
ആയിട്ടുള്ളൂ എന്തുകൊണ്ട് പ്രത്യേക സുരക്ഷ നിഷ്‌കര്‍ഷിച്ചാണ് പപ്പ യാത്രയ്‌ക്ക്
സമ്മതം മൂളിയത്. ജീവിതം വെറുതെ ജീവിച്ചുതീര്‍ക്കുന്ന തന്നെക്കുറിച്ച് എന്തിനാണ്
ആശങ്കയെന്ന് ചോദിക്കാന്‍ ധൈര്യം മുന്നില്‍ മറച്ചുപിടിക്കാനെ സഹായിക്കുന്ന ചിരി.
ഒരാഗ്രഹത്തിനും എതിരുനില്‍ക്കാത്ത ആ അച്ഛന്‍, അത് തെറ്റിച്ചില്ല.
ചാനല്‍
വാഹനത്തില്‍പ്പോലും ഭക്തിസാന്ദ്രമായ അന്തരീക്ഷം എല്ലാവരും അവരവരുടേതായ ഏതോ
ലോകത്തില്‍, ഏതൊക്കെയോ ചിന്തകളുടെ നീരാളിപ്പിടുത്തത്തില്‍, മതം തന്റെ ജീവിതത്തില്‍
ഏല്‌പിച്ച ഇനിയും ഉണങ്ങാത്ത മുറിപ്പാടുകളെക്കുറിച്ചാണ് ജെന്നി
ഓര്‍ത്തുകൊണ്ടിരിക്കുത്.
മിശ്രവിവാഹിതരുടെ മകളായി പിറന്നതുകൊണ്ട് അവളുടെ
ബാല്യത്തിന് ഒറ്റപ്പെടലിന്റെ മടുപ്പിക്കുന്ന ഗന്ധമായിരുന്നു. പപ്പയോടൊപ്പം
പള്ളിയിലും അമ്മയോടൊപ്പം അമ്പലത്തിലും പോകുമ്പോള്‍ എല്ലാ ദൈവങ്ങളും ഒന്നാണെന്ന്
മറ്റാരെക്കാളും വേഗത്തില്‍ ജെന്നി മനസ്സിലാക്കി.
പുസ്‌തകങ്ങള്‍ മാത്രം
കൂട്ടായിരുന്ന അവളുടെ ലോകത്തിലേയ്‌ക്ക് അപ്രതീക്ഷിതമായാണ് അഭിജിത്ത്
കടന്നുവന്നത്. പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകര്‍ തമ്മിലുണ്ടായ പരിചയം
സൗഹൃദമായും പിന്നീട് അവര്‍പോലുമറിയാതെ പ്രണയമായും വളര്‍ന്നു. പുരുഷസങ്കല്‌പമെന്ന
പേരില്‍ മനസ്സില്‍ കല്‌പിച്ചെടുത്ത ആറടി ഉയരവും സിക്‌സ് പായ്‌ക്കും
കട്ടിമീശയുമൊന്നുമില്ലാത്ത ആ ചെറുപ്പകാരനോട് എങ്ങനെയാണ് ഇത്ര തീവ്രമായ സ്‌നേഹം
തോന്നുതെ് ജെന്നി സ്വയം ചോദിച്ചിട്ടുണ്ട്. അഭി കൂടെയുള്ളപ്പോള്‍ തനിച്ചല്ലെന്ന
ഉറപ്പ്, ഒരു കൂട്ടുണ്ടെന്ന ധൈര്യം അത് മാത്രം മതി ജീവിതപങ്കാളിയ്‌ക്കെ് അവനുമായി
അടുക്കുംതോറും അവളറിഞ്ഞു.
പുരുഷന്റെ എല്ലാ ഭാവങ്ങളും അഭിയില്‍ ജെന്നി കണ്ടു.
ദേഷ്യപ്പെടുമ്പോള്‍ തുറിച്ചു വരുന്ന കണ്ണുകള്‍ ചിരിയ്‌ക്കുമ്പോള്‍ ചെറുതായി
പോകുന്നത് നോക്കി അവനെ കളിയാക്കി. ഒരു തരം അഭിനയവുമില്ലാതെ സ്വന്തം
പ്രതിബിംബത്തോടുള്ളതിലും സ്വാതന്ത്ര്യത്തോടെ തന്റെ അഭിയുമായി മനസ്സ്
പങ്കുവെയ്‌ക്കാന്‍ ജെന്നിയ്‌ക്ക് കഴിഞ്ഞു.
പത്രമാധ്യമം വിട്ട്
ദൃശ്യമാധ്യമരംഗത്തേയ്‌ക്ക് തിരിയാനുള്ള പ്രചോദനം പോലും അവനാണ്. ലോകം
തന്നിലേയ്‌ക്ക് ചുരുക്കാതെ എല്ലാവരുമായും ഇടപഴകാനുള്ള കരുത്ത് ജെന്നിയില്‍
വളര്‍ത്തിയത് അഭിയുടെ സ്‌നേഹശാസനയാണ്. ചുണ്ടിലെ കറുത്ത മറുകില്‍ അവനൊളിപ്പിച്ച
സ്വപ്‌നങ്ങള്‍ ജെന്നിയിലൂടെ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു അത്. യാത്രകളോടുള്ള
അഭിയുടെ ഭ്രമം, മുറിയില്‍ ഒതുങ്ങിക്കൂടാന്‍ ഇഷ്‌ടപ്പെട്ടിരുന്ന ജെിയില്‍
വ്യാപിപ്പിക്കാന്‍ അവരുടെ പ്രണയത്തിന് കഴിഞ്ഞു. പ്രണയം എന്നതുകൊണ്ട് അവര്‍
നടത്തിയത് സ്വപ്‌നങ്ങളുടെ കൈമാറ്റമാണ്. ഒരുമിച്ച് പോകാനാഗ്രഹിക്കുന്ന
സ്ഥലങ്ങളുടെ വിവരങ്ങള്‍ ഫോട്ടോയും വീഡിയോയും സഹിതം ജെന്നിയ്‌ക്ക് കൈമാറി അവളുടെ
കൗതുകം നിറഞ്ഞ മുഖം നോക്കിയിരിക്കുന്നത് അവനൊരുതരം ലഹരിയായിരുന്നു. പ്രണയത്തിനൊരു
നിയമാവലിയുണ്ടെങ്കില്‍ അതിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
സ്വന്തമായി നിര്‍മ്മിച്ച ആ വഴിയിലൂടെ പോകുമ്പോള്‍ രണ്ടുപേരും ഒരു പോലെ
സംതൃപ്‌തരായിരുന്നു.
ഏത് പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു
സ്‌ത്രീയുണ്ടെത് തിരിച്ചുമാകാമെന്ന് തെളിയിക്കു തരത്തില്‍ ഇന്നറിയുന്ന ജെീഫറിനെ
വാര്‍ത്തെടുത്തത് അവനിലെ പ്രണയത്തിന്റെ തീനാളമാണ്.
ഇത്രമാത്രം അന്യോന്യം
സ്‌നേഹിച്ചവര്‍ ഒന്നാകാതെ പോകണമെങ്കില്‍ അവിടെ തീര്‍ച്ചയായും വില്ലനായെത്തിയത്
ആരും ഊഹിക്കുംപോലെ മതം തന്നെയാണ്. അഭിയുടെ വീട്ടുകാരുടെ യാഥാസ്ഥിക
മനോഭാവത്തിനുമുന്‍പില്‍ നിസ്സഹായത എന്ന വന്‍മതില്‍ ഉയര്‍ന്നു. എന്നും
കൂടെക്കാണുമെന്നുറപ്പിച്ചയാള്‍ ജെിന്നയ്‌ക്കു മുന്നിലെ ഭാവിയുടെ വാതില്‍
ചൂണ്ടിക്കാണിച്ച് പ്രണയത്തെ നിസ്സാരവല്‍ക്കരിച്ചപ്പോഴും, ആ ഉള്ള്
പിടയുന്നതോര്‍ത്താണ് അവള്‍ കരഞ്ഞത്. അന്നെടുത്ത പിരിയാമെന്ന തീരുമാനവുമായി
പൊരുത്തപ്പെടാന്‍ മൂന്നു വര്‍ഷമായിട്ടും ജെന്നിയ്‌ക്ക് കഴിഞ്ഞിട്ടില്ല.
സ്‌ട്രോക്ക് വന്ന പപ്പയുടെ ഏക ആശ്രയമായതുകൊണ്ട് അവള്‍ക്ക് ജീവിക്കണമൊയിരുന്നു.
യാത്രകളിലും തിരക്കുകളിലും സ്വയം മറക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കണ്ണുകള്‍ തന്റെ
മറുപാതിയെ തേടിക്കൊണ്ടിരുന്നു.
യൂണിറ്റിന്റെ വാഹനം ഗോലു ദേവ്‌താ മന്ദിറില്‍
എത്തി. അല്‍മോറ സിറ്റിയില്‍ നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍. ഗോലു ദേവ്‌താ
ഉത്തരാഖണ്‌ഡുകാരുടെ കുലദൈവമാണ്. നീതിയ്‌ക്കുവേണ്ടി പോരാടിയ ഗോലു രാജാവ്,
ശുദ്ധമനസ്സോടെ എന്ത് ആഗ്രഹിച്ചാലും സാധിച്ചുതരുമെന്നും പരമശിവന്റെ
അവതാരമാണെന്നുമൊക്കെയാണ് വിശ്വാസം. സ്‌ക്രിപ്‌റ്റിനായി ഏറെ തല പുകയ്‌ക്കേണ്ടി
വന്നില്ല ജെന്നിയ്‌ക്ക്. കൂട്ടുകാരുമായി ഒരിക്കല്‍ ഗോലു ദേവ്‌താ മന്ദറില്‍ പോയ
അനുഭവം അത്ര ഭംഗിയായി അഭി ഒരിക്കല്‍ വിശദീകിച്ചതാണ്. ഒപ്പമൊരു സത്യവും ചെയ്‌തു.
ഇനി എെങ്കിലും നമ്മളിലൊരാള്‍ അവിടെ കാലുകുത്തിയാല്‍, ഒപ്പം മറ്റേയാളും ഉണ്ടാകും.
ഗോലു ദേവ്‌തയെ സാക്ഷി നിര്‍ത്തി അന്ന് സത്യം ചെയ്‌തപ്പോള്‍ തമാശമട്ടിലാണ് ജെന്നി
കേട്ടു രസിച്ചത്. ഇതൊരു പ്രതീക്ഷയാണ്. അഭി വാങ്ങിത്ത ചുവന്ന പുടവയെടുത്ത് ആ
പടവുകള്‍ കയറി മണി അടിക്കുമ്പോള്‍ അവന്‍ കൈ പിടിക്കുത് വെളുപ്പിന് സ്ഥിരമായി
സ്വപ്‌നം കണ്ടുണരുമ്പോള്‍ ഒരു ദിവസത്തേയ്‌ക്ക് വേണ്ട ഊര്‍ജ്ജം അവളില്‍
നിറയാറുണ്ട്. ഭ്രാന്തമായി തോന്നാവുന്ന അത്തരം ചിന്തകള്‍ ചിലര്‍ക്കെങ്കിലും
ആശ്വാസമാണ്.
മനസ്സില്‍ ഒന്നാഗ്രഹിച്ച് ഗോലു ദേവ്‌തയ്‌ക്ക് മണി
അര്‍പ്പിക്കുന്ന ആചാരത്തെക്കുറിച്ച് ടൂറിസ്റ്റ് ഗൈഡ് വിശദീകരിച്ചു. 150 രൂപ
കൊടുത്ത് ജെന്നിയും ഒരു മണി വാങ്ങി. ഇത്തരത്തില്‍ ഭക്തര്‍ കെട്ടിത്തൂക്കിയ
അനേകായിരം മണികള്‍ അവളുടെ വിശ്വാസം ഇരട്ടിപ്പിച്ചു.
ക്യാമറയും ക്രൂവും
ജെന്നിയെ ഷൂട്ടിനായി കാത്തുനില്‍ക്കുമ്പോള്‍ , അവള്‍ പൂക്കാരിയില്‍ നിന്ന്
മുല്ലപ്പൂവാങ്ങി മുടിയില്‍ ചൂടി കാഞ്ചീപുരം ചേല ചുറ്റി നവവധുവിനെപ്പോലെ
നടന്നടുത്തു. ചാനലും പ്രോഗ്രാമും ഒന്നും മനസ്സിലില്ലാതെ , ഭ്രാന്തമായ ആവേശത്തില്‍
ഗോലുദേവ്‌തയ്‌ക്ക് മണി അര്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ജെന്നി
ആദ്യചുവടുവച്ചു. കാലെടുത്തുവയ്‌ക്കുമ്പോള്‍ മുതല്‍ ഒരുതരം ഉള്‍വിളി അവള്‍
അറിയുന്നുണ്ടായിരുന്നു. ആഗ്രഹം ദേവ്‌തയോട് പറഞ്ഞ് പൂജിച്ച മണി
കെട്ടിത്തൂക്കുമ്പോള്‍ പിന്നില്‍ നിാരോ അവളുടെ കയ്യില്‍ പിടിച്ചു. അത്
അഭിയാണെന്നത് തോലായിരിക്കുമോ എന്ന് ജെന്നി ഭയന്നു. പിന്നിട്ട വര്‍ഷങ്ങള്‍
വരുത്തിയ മാറ്റങ്ങളൊന്നും തമ്മില്‍ തിരിച്ചറിയാതെ പോകുന്നത്ര വലുതായിരുന്നില്ല.
പടവുകള്‍ കയറുന്നതുമുതല്‍ അവളെ പിന്‍തുടര്‍ന്ന ക്യാമറക്കണ്ണുകള്‍ ആ
പ്രണയസാഫല്യത്തിന്റെ നേര്‍ക്കാഴ്‌ച ഒപ്പിയെടുത്തു. വിദഗ്‌ദ്ധ സംഘം പ്രത്യേകം
എഴുതിച്ചേര്‍ത്ത സ്‌ക്രിപ്‌റ്റ് , ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി.
പ്രോഗ്രാമിന്റെ റെയ്‌റ്റിങ്ങിനൊപ്പം ഗോലു ദേവ്‌താമന്ദിറിലേയ്‌ക്കുള്ള കേരളത്തില്‍
നിന്നുള്ള പ്രണയിതാക്കളുടെ എണ്ണവും ഒറ്റ എപ്പിസോഡിലൂടെ കുതിച്ചുയര്‍ന്നു. ഇതൊരു
പ്രത്യേക ദൈവത്തിന്റെ ശക്തിയല്ല, ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ ശക്തിയാണെന്ന്
പക്ഷേ ആരുമറിഞ്ഞില്ല.