Image

ഈദുല്‍ ഫിത്‌ര്‍ (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 28 July, 2014
ഈദുല്‍ ഫിത്‌ര്‍ (മീട്ടു റഹ്‌മത്ത്‌ കലാം)
ഒരു മാസത്തെ വ്രതാനുഷ്‌ഠാനവും ഭക്തിസാന്ദ്രതയും മനസ്സിന്‌ പകര്‍ന്ന പുത്തനുണര്‍വ്വുമായി നന്മയുടെ നറുനിലാവ്‌ തെളിയുമ്പോള്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയായി.സൃഷ്ടാവിനായി സഹിച്ച ത്യാഗം നല്‌കുന്ന സന്തോഷം ഈദുല്‍ ഫിത്‌ര്‍ ദിനത്തില്‍ ഓരോ മുഖത്തും സ്‌ഫുരിക്കും.എല്ലാ പാപങ്ങളും അല്ലാഹുവിനോട്‌ ഏറ്റുപറഞ്ഞ്‌ സ്‌ഫുടം ചെയ്‌തെടുത്ത ശുദ്ധമായ ഹൃദയം ഇതിനോടകം നന്മയുടെ തുടര്‍ച്ച പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതിന്റെ പ്രകീര്‍ത്തനമാണ്‌ പിറ കാണുന്നതോടെ മുഴങ്ങുന്ന തഖ്‌ബീര്‍ ധ്വനി.`അല്ലാഹു അക്‌ബര്‍' എന്ന വാക്ക്‌ സൃഷ്ടാവിന്റെ വലിപ്പത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവന്റെ മൃദുമന്ത്രണമാണ്‌.

ചെറുപ്പം മുതലല്‍ക്കേ നോമ്പ്‌ പിടിക്കാന്‍ എനിക്ക്‌ വലിയ ഉത്സാഹമായിരുന്നു.എന്നാല്‍ അതിനു തക്ക ആരോഗ്യമില്ലാത്തതുകൊണ്ട്‌ വീട്ടുകാര്‍ എന്റെ ആഗ്രഹത്തിനു പോറലേല്‍ക്കാത്ത ഒരു സൂത്രം പ്രയോഗിച്ചു.ഉച്ചയ്‌ക്ക്‌ പന്ത്രണ്ട്‌ മണി വരെ അന്നപാനീയങ്ങള്‍വെടിഞ്ഞാല്‍ പകുതി നോമ്പായി കണക്കാക്കപ്പെടുമെന്നും അങ്ങനെ മുപ്പതു ദിവസം കൊണ്ട്‌ പതിനഞ്ച്‌ നോമ്പാകുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.സ്‌കൂളില്‍ പോയി ഈ വീരവാദം അടിച്ചപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌.തലനോമ്പ്‌ എന്ന്‌ പറയപ്പെടുന്ന ആദ്യ മൂന്നെണ്ണവും പതിനേഴാം രാവ്‌ ഇരുപത്തിയേഴാം രാവ്‌ എന്നീ പ്രധാന നോമ്പുകളും പിടിച്ചായിരുന്നു എന്റെ തുടക്കം.സാവധാനം എണ്ണം കൂട്ടി,ഇപ്പോള്‍ നിഷ്‌കര്‍ശിക്കും പോലെ വ്രതാനുഷ്‌ഠാനം നടത്താന്‍ കഴിയുന്നുണ്ട്‌.ഇട അത്താഴം (വെളുപ്പിനു സുബ്‌ഹി ബാങ്കിനു മുന്‌പുള്ള ഭക്ഷണം)കഴിച്ച്‌ ബാങ്ക്‌ വിളി കേള്‍ക്കുമ്പോള്‍ നിസ്‌കരിച്ച്‌ മനസ്സില്‍ ഭക്തി കോരി നിറച്ച്‌ സന്ധ്യയ്‌ക്കുള്ള ബാങ്ക്‌ വിളിയ്‌ക്കായി കാത്തിരിക്കുന്ന നേരമത്രയും സാധാരണ ദിനങ്ങളിലെപ്പോലെ വിശപ്പോ ദാഹമോ അനുഭവപ്പെടാത്തത്‌ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.എല്ലാം സൃഷ്ടാവിന്‌ അര്‍പ്പിക്കുമ്പോള്‍ മനസ്സ്‌ കൈവരിക്കുന്ന പാകതയാകാം അത്‌.രുചിയുടെ ഏറ്റക്കുറച്ചിലുകള്‍ നോക്കി ഉപ്പും എരിവുമൊന്നും ശരിയാക്കാതെ ഒരൂഹത്തിനു പാകം ചെയ്യുന്ന ഇഫ്‌താര്‍ വിഭവങ്ങള്‍ തീന്മേശയില്‍ എത്തുമ്പോള്‍ എങ്ങനെ ഇത്ര സ്വാദിഷ്ടമാകുന്നു എന്നും ചിന്തിക്കാറുണ്ട്‌.

അണുകുടുംബങ്ങളായി ചുരുങ്ങുമ്പോഴും ബന്ധുമിത്രാദികള്‍ക്കൊപ്പമിരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള അവസരം എന്ന നിലയിലും ഇഫ്‌താര്‍ സംഗമങ്ങള്‍ക്ക്‌ പ്രിയമേറെയാണ്‌.മുന്‍തലമുറകളുടെ പോലും പാപങ്ങള്‍പൊറുത്ത്‌ നരകാഗ്‌നിയില്‍ നിന്ന്‌ രക്ഷനേടാനും സ്വയം നവീകരിക്കാനും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും റമദാന്റെ പുണ്യം ഇരട്ടിപ്പിക്കുന്നു.അന്യന്റെ വിശപ്പറി യുകയും അറിയുകയും അകറ്റുകയും ചെയ്യുന്നതിലൂടെ വിശപ്പ്‌ മാത്രമല്ല,ഏതു തരത്തിലെ ദു:ഖവും വിവേചനബുദ്ധിയില്ലാതെ മാറ്റണമെന്ന ഉദ്ദേശമുണ്ട്‌.

പെരുന്നാള്‍ എന്ന്‌ പറയുമ്പോള്‍ അത്തറിന്റെ മണം മൂക്കിലും മൈലാഞ്ചി ചുവപ്പ്‌ കണ്ണിലും ഇരച്ച്‌ കയറും.പെരുന്നാള്‍ നിസ്‌കാരത്തിനു മുന്‌പ്‌ ഫിത്‌ര്‍ സക്കാത്ത്‌ എന്ന പേരില്‍ ദാനധര്‍മ്മം ചെയ്‌തുതീര്‍ക്കാനുള്ള തിരക്കിട്ട ഓട്ടമാണ്‌ .ലഘു ഭക്ഷണം കഴിച്ച്‌ ഈദ്‌ ഗാഹുകളില്‍ നിസ്‌കരിച്ച്‌ വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന ബന്ധുമിത്രാദികളെ കാത്ത്‌ കുട്ടിപ്പട്ടാളം കണ്ണ്‌ ചിമ്മാതെ നില്‌ക്കും.മുതിര്‍ന്നവര്‍ ഇളയവര്‍ക്ക്‌ പെരുന്നാള്‍പ്പൊടി(വിഷുക്കൈനീട്ടം പോലെ) കൊടുക്കുന്ന ഒരു സമ്പ്രദായമുണ്ട്‌.അല്‌പന്‌ അര്‍ത്ഥം കിട്ടിയതുപോലെ ഒരു ജാടയായിരിക്കും കുഞ്ഞുങ്ങളുടെ മുഖത്ത്‌.കൂടുതല്‍ കിട്ടിയതാര്‍ക്കാണെന്ന കണക്കെടുപ്പും ചെലവാക്കേണ്ടത്തിനുള്ള പദ്ധതി ആസൂത്രണങ്ങളുമായി നീങ്ങുമ്പോള്‍ ഇറച്ചിക്കറിയുടെയും നെയ്‌ചോറിന്‍റെയും ബിരിയാണിയുടെയും ദം പൊട്ടിക്കുന്ന മണം വിശപ്പിന്റെ വിളിയായി പരിണമിക്കും.തലേ ദിവസം തന്നെ സവാളയും മറ്റും അരിഞ്ഞു റെഡിയാക്കിവച്ചിട്ടുണ്ടാകും. പെരുന്നാള്‍ കോടിയണിഞ്ഞ്‌ ഒരുങ്ങുന്നതിനിടയില്‍ സമയം തികയാതെ വരരുതല്ലോ.അയല്‍വീടുകളിലും പെരുന്നാളിന്റെ പങ്ക്‌ കുട്ടികളുടെ കയ്യില്‍ കൊടുത്തു വിടുക പതിവാണ്‌.മതസൌഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാണിത്‌.

മാനുഷിക മൂല്യങ്ങളുടെ വേരുറപ്പിക്കുകയും മതം അനുശാസിക്കുന്ന അച്ചടക്കവും സ്വഭാവമഹിമയും സ്വന്തം ജീവിതത്തില്‍ പകരര്‍ത്താനുള്ള അവസരമാണ്‌ ഈദ്‌.മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനും ധര്‍മാധര്‍മ വിവേചനത്തിനുമുള്ള നിര്‍ദ്ദേശങ്ങളുമായി വിശുദ്ധ ഗ്രന്ഥം അവതരിച്ച മാസത്തില്‍ ഗാസയിലും ഇറാഖിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നതിനൊപ്പം കണ്ണ്‌ തുറപ്പിക്കുകയും ചെയ്യണം.ലോകസമാധാനത്തി നുള്ള ആഹ്വാനമായിരിക്കണം ശുദ്ധീകരിക്കപ്പെട്ട മനസിന്റെ കൈമുതല്‍.
ഈദുല്‍ ഫിത്‌ര്‍ (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
aiza 2014-08-02 19:54:19
തലയില തട്ടമില്ലതെ നോമ്പിനെ കുറിച്ച് വീര വാദം മുഴകിയിട്ടു വലിയ കാര്യമൊന്നുമില്ല ...

ആ നോമ്പോന്നും അല്ൽഹൌവിന്ന്റെ മുന്നില് സ്വീകാര്യമല്ല .. നോമ്പിലെ കുറിച്ച് എഴുതുമ്പോൾ തട്ടം ഇട്ട ഫോട്ടോ അല്ലെങ്കിൽ സ്കാര്ഫ്  കെട്ടിയ ഫോട്ടോ എങ്കിലും കൊടുക്കാൻ ശ്രദ്ധിക്കുക ... സ്ത്രീകളുടെ ഫോട്ടോ കൊടുക്കാനെ പാടില്ലെന്ന് അറിയുക ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക