Image

മലയാള ഭാഷാസാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം (വാസുദേവ്‌ പുളിക്കല്‍)

Published on 02 August, 2014
മലയാള ഭാഷാസാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം (വാസുദേവ്‌ പുളിക്കല്‍)
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും വാല്‌മീകി രാമായണവും മലയാള ഭാഷാസാഹിത്യത്തിന്റെ വികാസപരിണാമത്തില്‍ ചെലുത്തിയുട്ടുള്ള സ്വാധീനത്തെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ്‌ സാഹിത്യം, എപ്പോഴാണ്‌ ഭാഷ സാഹിത്യമാകുന്നത്‌, എഴുത്തച്ഛന്റെ കാലത്ത്‌ മലയാള ഭാഷാസാഹിത്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നൊക്കെ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കുമെന്നു തോന്നുന്നു. സാഹിത്യത്തിന്‌ ഒരുനിര്‍വ്വചനം നല്‍കാന്‍ പല പണ്ഡിതന്മാരും ചിന്തകന്മാരും ശ്രമിച്ചിട്ടുണ്ട്‌. സാഹിത്യം ഭാഷയുടെ രൂപഭേദമാണ്‌ എന്ന്‌ നിര്‍വ്വചനത്തോട്‌ സാമാന്യമായി എല്ലാവരും യോജിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണവും സര്‍വ്വസമ്മതവുമായ ഒരു നിര്‍വ്വചനം ഇതുവരെ ഉണ്ടായിട്ടില്ല. എപ്പോഴാണ്‌ ഭാഷ സാഹിത്യമാകുന്നതെന്ന്‌ കൈനിക്കര കുമാരപിള്ളയെ പോലുള്ള പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്‌ത്‌ സോദാഹരണം സമര്‍ത്ഥിച്ചിട്ടുണ്ട്‌. അതിന്റെ വിശദാംശത്തിലേക്ക്‌ കടക്കാന്‍ ഇവിടെ പഴുതില്ലല്ലൊ. ഭാഷ മനുഷ്യന്റെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും ഭാവനയുടേയും അനുഭൂതിയുടേയും ലോകത്തേക്ക്‌ അവരെ ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ അത്‌ സാഹിത്യമാകുന്നത്‌ എന്ന അഭിപ്രായത്തോട്‌ ആര്‍ക്കും തന്നെ വിയോജിപ്പുണ്ടാകാന്‍ സാദ്ധ്യതയില്ല. ഈ മാനദണ്ഡം വച്ച്‌ നോക്കുമ്പോള്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യ കൃതിയാണെന്ന്‌ കാണാന്‍ കഴിയും.

പാട്ട്‌, മണിപ്രവാളം എന്നീ രണ്ടു ശാഖകളിലായി കവിത ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളത്തിന്റേയും സംസ്‌കൃതത്തിന്റേയും സങ്കരമായ മണിപ്രവാളം മലയാള ഭാഷയുടെ മേല്‍ പ്രാവണ്യം ചെലുത്തിയിരുന്ന കാലം. നമ്പുതിരിമാരുടെ അശ്ലീലത്തില്‍ പൊതിഞ്ഞ സംസ്‌കൃത ശീലുകള്‍ മലയാള ഭാഷയുടെ മൗലികത തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു എന്ന്‌ പറയാവുന്ന ഒരു കാലഘട്ടത്തിലാണ്‌ എഴുത്തച്ഛന്‍ പാട്ടു സാഹിത്യവും മണിപ്രവാള സാഹിത്യവും ഏകോപിപ്പിച്ചു കൊണ്ട്‌ തന്റെ പ്രൗഢവും മനോഹരവുമായ കാവ്യ ഭാഷയില്‍ അദ്ധ്യാത്മരാമായണം പരിഭാഷപ്പെടുത്തിയത്‌. തനി സംസ്‌കൃത ബാഹുല്യമില്ലാത്ത മണിപ്രവാള രീതിയാണ്‌ രാമായണത്തില്‍ കാണുന്നത്‌. കാവ്യ ഭാഷയില്‍ എഴുത്തച്ഛന്‍ വരുത്തിയ പരിവര്‍ത്തനം പിന്നീട്‌ വന്ന കവികള്‍ക്ക്‌ ആകര്‍ഷണീയമായി. രാമായണത്തിലെ വരികളിലൂടെ എഴുത്തച്ഛന്‍ പ്രകടമാക്കിയ ആശയ സമ്പുഷ്ടതയും ഭാവനാ വിശാലതയും വര്‍ണ്ണനാ പാടവവും ആദ്ധ്യാത്മചിന്തയും മനോഹരമായ അലങ്കാര പ്രയോഗങ്ങളും പിന്നീടു കവി മനുസ്സുകളെ സ്വാധീനിക്കുകയും എഴുത്തച്ഛനെ അനുകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്‌തു. തല്‍ഫലമായി രാമായണത്തിലെ ഭാഷാരീതിയുടേയും ആശയങ്ങളൂടേയും മറ്റും പ്രതിഫലനം മലയാള ഭാഷാസാഹിത്യത്തില്‍ കണാന്‍ തുടങ്ങി. എഴുത്തച്ഛന്‍ രാമായണത്തില്‍ വെട്ടിത്തുറന്ന നൂതന സരണിയില്‍ നിന്ന്‌ അത്രക്കൊയ്‌ക്കൊന്നും വ്യതിചലിക്കതെ എഴുത്തുകാര്‍ സഞ്ചരിച്ചിരുന്നു എന്നറിയുമ്പോഴാണ്‌ രാമായണം മലയാള ഭഷാസാഹിത്യത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ആഴവും വ്യാപ്‌തിയും മാഹാത്മ്യവും വ്യക്തമാക്കുന്നതും മലയാള ഭാഷയുടെ പിതാവ്‌ എന്ന്‌ എഴുത്തച്ഛനു നല്‍കിയ പദവിക്ക്‌ അദ്ദേഹം എത്രയോ അര്‍ഹനാണെന്നും? ചിന്തിച്ചു പോകുന്നത്‌.

സാഹിത്യ മൂല്യമുള്ള ഉല്‍കൃഷ്ട രചനകളാണ്‌ ഭാഷാസാഹിത്യത്തിന്റെ വികാസത്തിന്‌ പ്രധാന പങ്കുവഹിക്കുന്നത്‌. രാമായണത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ രാമായണത്തില്‍ നിന്ന്‌ ഇതിവൃത്തമെടുത്തു രചിച്ച കവിതകളും നോവലുകളും മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കിയിട്ടുണ്ട്‌. നമുക്ക്‌ അഭിമാനിക്കാവുന്ന ആദ്യകാല സാഹിത്യ രചനകളാണ്‌ ചമ്പുക്കള്‍. ഏതെങ്കിലും കഥാ വസ്‌തു എടുത്ത്‌ അതിനെ വിസ്‌തരിച്ച്‌ വര്‍ണ്ണിക്കുന്നതാണ്‌ ചമ്പുക്കളുടെ രീതി. രാമായണത്തില്‍ നിന്ന്‌ ഇതിവൃത്തമെടുത്ത്‌ പുനം നമ്പൂതിരിപ്പാട്‌ രചിച്ചിട്ടുള്ള ചമ്പുക്കള്‍ മലയാള ഭാഷാസാഹിത്യത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ രാമായണം ചമ്പു ഇതിന്‌ ഒരു ഉത്തമ ഉദാഹരണമാണ്‌. രാമായണം ചമ്പുവില്‍ ശൂര്‍പ്പണഖ, രാവണന്‍ മുതലായ കഥാപത്രങ്ങളെ വളരെ മിഴിവോടെ കേരളീയ പശ്ചാത്തലത്തില്‍ പുനം നമ്പൂതിരിപ്പാട്‌ അവതരിപ്പിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു തന്നെ രാമായണം മലയാള ഭാഷാസാഹിത്യത്തെ സ്വാധീനിച്ചിരുന്നു എന്നതിന്‌ ഉദാഹരണമാണ്‌ ചമ്പുക്കള്‍.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യത്തിന്റെ പ്രമേയത്തിനടിസ്ഥാനം രാമായണമാണ്‌. നിരവധി നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമായ ഒരു രചനയാണ്‌ സീതാകാവ്യം. മഹാകവി ഉള്ളൂര്‍, എന്‍. രാധാകൃഷ്‌ണന്‍ നായര്‍, സുകുമാര്‍ അഴിക്കോട്‌ തുടങ്ങിയ പണ്ഡിതന്മാര്‍ ഈ കൃതിയെ പറ്റി എഴുതിയ നിരൂപണങ്ങളും അഭിപ്രായങ്ങളും മലയാള ഭാഷക്ക്‌ സമ്പത്തു തന്നെയാണ്‌. ഏതു സമൂഹത്തിലും കാരുണ്യം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ക്ക്‌ സ്ഥാനമുണ്ട്‌. ഈ മൗലിക വികാരങ്ങള്‍ ശ്രേഷ്ടമായ ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രകളാണ്‌. എന്നാല്‍ സീതക്ക്‌ കാരുണ്യവും സഹാനുഭൂതിയും നിഷേധിക്കപ്പെട്ടു. സീതയുടെ ദുരന്തത്തെ പറ്റി ചിന്തച്ചപ്പോള്‍ നിര്‍ദ്ദയമായ സമൂഹത്തെയോര്‍ത്ത്‌ കവി അമര്‍ഷം കൊണ്ടു കാണും. തനിക്ക്‌ അനുഭവിക്കേണ്ടി വന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താതെ എല്ലാം സഹിച്ച രാമായണത്തിലെ സീതയില്‍ നിന്ന്‌ വ്യത്യസഥമായ ഒരു സീതയെ അവതരിപ്പിച്ചു കൊണ്ട്‌ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളണമെന്ന്‌ ആശാന്‍ ആധുനിക സ്‌ത്രീകള്‍ക്ക്‌ പ്രേരണ നല്‌കുന്നു. സ്‌ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്ന്‌ വെളിപ്പെടുത്താന്‍ ആശാന്‌ ഉത്തേജനം നല്‍കിയത്‌ രാമായണത്തിലെ സീത അനുഭവിച്ച യാതനകളാണെന്ന്‌ കരുതാം. സമകാലിക സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ സ്‌ത്രീകളുടെ പാരതന്ത്ര്യത്തിനെതിരെ? വാദിക്കാനും ഉല്‍കൃഷ്ടമായ ഒരു കാവ്യം രചിക്കാനും ആശാന്‌ പ്രചോദനമായത്‌ രാമായണമാണ്‌്‌.?

രാമായണത്തെ ആസ്‌പദമാക്കി വള്ളത്തോള്‍ പല കവിതകളും എഴുതിയിട്ടുണ്ട്‌. വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതയാണ്‌ `പുരാണങ്ങള്‍'. ഭാരതീയ സംസ്‌ക്കാരത്തിന്റെ മേന്മയും നമ്മുടെ ഋഷീശ്വരന്മാരുടെ മഹത്വവും വളരെ തന്മയത്വത്തോടെ ഈ കവിതയില്‍ അവതരിപ്പിച്ചിട്ടൂണ്ട്‌. രാമായണത്തിലെ കഥാവസ്‌തുവിനെ ആസ്‌പദമാക്കി വള്ളത്തോള്‍ എഴുതിയ `കിളിക്കൊഞ്ചല്‍' എന്ന കവിത മലയാള സാഹിത്യഭണ്ഡാരത്തിലെ ഒരു അമൂല്യ രത്‌നമാണ്‌. ത്രേതായുഗത്തിലെ മിഥിലയിലെ പൂന്തോട്ടത്തില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി സീതയുടെ അടുത്തേക്ക്‌ വാല്‌മീകി ആശ്രമത്തില്‍ നിന്ന്‌ പറന്നെത്തിയ പൈങ്കിളികള്‍ കൊച്ചു സീതക്ക്‌ രാമായണം പറഞ്ഞു കൊടുക്കുന്നു. സീതാസ്വയംവരത്തെ സംബന്ധിച്ച്‌ കുട്ടി അമ്മയോട്‌ ചില സംശയങ്ങള്‍ ചോദിക്കുന്നു. അത്രയെ കഥയുള്ളു. പിന്നെയെല്ലാം വള്ളത്തോളിന്റെ ഭാവനയാണ്‌. മിഥിലാപുരിയില്‍ നിന്ന്‌ ഭാവനയുടെ തേരിലേറ്റി അനുവാചകരെ കവി കൂട്ടിക്കൊണ്ടു പോകുന്നത്‌ മുഗ്‌ദസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ സീതയുടെ അടുത്തേക്കാണ്‌. സീതയുടെ അയോദ്ധ്യയിലെ കുറച്ചു കാലത്തെ ജീവിതം, വനവാസകാലം, രാജസഭയില്‍ രാമന്റെ മുമ്പില്‍ വച്ചുണ്ടായ അപമാനം എന്നിവയൊക്കെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിബിംബിക്കത്തക്കവണ്ണം ഭാവനയുടെ ലോകത്തു നിന്ന്‌ കവി ഹൃദ്യമായി വര്‍ണ്ണിച്ചിരിക്കുന്നു. ഇങ്ങനെ ഭാവനാ സമ്പന്നമായ ഒരു?കവിത രചിച്ച്‌ മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കാന്‍ രാമായണം വള്ളത്തോളിന്‌ പ്രചോദനമായി.

ഉള്ളൂരിന്റെ `കവിയും കീര്‍ത്തിയും' എന്ന കവിതയില്‍ രാമായണം കഥയുടെ പരാമര്‍ശമുണ്ട്‌. താന്‍ കാവ്യദേവതയാണെങ്കിലും രാവണന്റെ പിടിയില്‍ അകപ്പെട്ടു പോയ സീതയെ പോലെ അസ്വതന്ത്രയാണെന്ന്‌ കാവ്യദേവതയെക്കൊണ്ട്‌ കവി പറയിക്കുന്നു. കാവ്യാംഗനയുടെ അസ്വാതന്ത്ര്യം ചിത്രീകരിക്കാന്‍ ഉള്ളൂര്‍ കണ്ടെത്തിയത്‌ രാമായണത്തിലെ സീതയുടെ തടവുകാലമാണ്‌.

ആധുനിക കവികളും രാമായണത്തില്‍ നിന്ന്‌ ഇതിവൃത്തമെടുത്ത്‌ സാഹിത്യമൂല്യമുള്ള കവിതകള്‍ രചിച്ച്‌ മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്‌. സച്ചിദാനന്ദന്‍ രാമായണത്തില്‍ നിന്ന്‌ ഇതിവൃത്തമെടുത്ത്‌ എഴുതിയതാണ്‌ `എഴുത്തച്ഛന്‍ എഴുതുമ്പോള്‍' എന്ന കവിത. മഴ പോലെ വന്നു വീഴുന്ന രാമായണത്തിലെ വരികള്‍ ബാല്യകാലത്തു തന്നെ നിരന്തരമായി കേട്ടു വളര്‍ന്ന സംസ്‌കാരത്തിന്റെ സംഭാവനയാണ്‌ `എഴുത്തച്ഛന്‍ എഴുതുമ്പോള്‍' എന്ന കവിതയെന്ന്‌ കവി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ സവിശേഷതകളും കഥാ സന്ദര്‍ഭങ്ങളും മനോഹരവും ഹൃദ്യവുമായി അവതരിപ്പിച്ചിരിക്കുന്ന സച്ചിദാനന്ദന്റെ ഈ കവിത മലയാള ഭാഷാസാഹിത്യത്തിന്‌ ഒരു മുതല്‍കൂട്ടാണ്‌.

ഈടശ്ശേരി ഗോവിന്ദന്‍ നായരും രാമായണത്തിന്റെ ശീതളച്ഛായയില്‍ ഇരുന്ന്‌ `ഹനുമാത്‌ സേവ തുഞ്ചന്‍ പറമ്പില്‍` എന്ന മനോഹരമായ കവിത എഴുതി മലയാള ഭാഷാസാഹിത്യത്തിന്‌ സമ്മാനിച്ചിട്ടുണ്ട്‌. തുഞ്ചത്തെഴുത്തച്ഛനേയും ഹനുമാനേയും ഹൃദയത്തില്‍ ഒപ്പമിരുത്തി പൂജിച്ചതിന്റെ പരിണിതഫലമാണ്‌ `ഹനുമാത്‌ സേവ തുഞ്ചന്‍ പറമ്പില്‍' എന്ന കവിത എന്ന്‌ ഇടശ്ശേരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നിന്‍ കഴല്‍പ്പൊടിയൊന്നെന്‍ ശിരസ്സില്‍ പതിയു-
മന്നെന്‍ കണ്‌ഠം പക്ഷെ രണ്ടാം മേഘസന്ദേശം പാടും

എന്നാണ്‌ കവി ആഗ്രഹിക്കുന്നത്‌. രാമഭക്തനായ ഹനുമാന്റെ പാദത്തിലെ പൊടി തന്റെ ശിരസ്സില്‍ എന്നാണോ പതിയുന്നത്‌ അന്ന്‌ രണ്ടാം മേഘസന്ദേശം രചിക്കാന്‍ ഞാന്‍ കഴിവുള്ളവനായിത്തീരുമെന്ന്‌ പ്രത്യാശിക്കുന്നു.

തത്വചിന്തയില്‍ ചാലിച്ചെഴുതുമ്പോള്‍ കവിതക്ക്‌ ശാശ്വതമൂല്യമുണ്ടാകുമെന്ന്‌ എഴുത്തച്ഛന്‍ കാണിച്ചു കൊടുത്തിട്ടൂണ്ട്‌. അത്യന്തം വൈരുദ്ധ്യവും വൈചിത്ര്യവും നിറഞ്ഞതാണ്‌ പ്രപഞ്ചവും മനുഷ്യജീവിതവും. ജീവിതത്തിന്റെ അസ്ഥിരതയെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ആശാന്‍ എഴുതി

ഒരു നിശ്ചയവുമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരിയുന്ന മനുഷ്യനേതിനോ
തിരിയാലോക രഹസ്യമാര്‍ക്കുമേ

ആശാന്‍ ഈ വരികള്‍ എഴുതിയത്‌ രാമായണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന്‌ ചിന്തിക്കാന്‍ ന്യായം കാണുന്നുണ്ട്‌.

താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ്‌ കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്‌ഠങ്ങള്‍ പോലെയു-
മെത്രമചഞ്ചലമാലയ സംഗമം

എന്ന്‌ രാമായണത്തില്‍ കാണുന്നു. ജീവിതത്തിന്റെ അസ്ഥിരത ഈ ശ്ലോകത്തിലും പ്രതിഫലിക്കുന്നുണ്ട്‌.

അനുയോജ്യമായ അലങ്കാര പ്രയോഗത്തിലൂടെ കാവ്യത്തിന്റെ ചമല്‍ക്കാരം വര്‍ദ്ധിപ്പിക്കാമെന്നും എഴുത്തച്ഛന്‍ രാമായണത്തിലൂടെ കാണിച്ചു കൊടുത്തു. ദീപകം, ഉപമ, ഉല്‍പ്രേക്ഷ അപ്രസ്‌തുതം മുതലായ അലങ്കാരങ്ങള്‍ രാമായണത്തില്‍ ഔചിത്യത്തോടു കൂടി എഴുത്തച്ഛന്‍ പ്രയോഗിച്ചിട്ടുണ്ട്‌.

ചരമഗിരി സിരസി രവിയും പ്രവേശിച്ചിതു
ചാരു ലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും

അസ്‌തമയ പര്‍വ്വതത്തിന്‌ മുകളില്‍ സൂര്യനും മനോഹരമായ ലങ്കാഗോപുരത്തിന്‌ മുകളില്‍ വാനര ശ്രേഷ്‌ഠനായ ഹനുമാനും എത്തിച്ചേര്‍ന്നു. സൂര്യനസ്‌തമിച്ചപ്പോഴാണ്‌ ഹനുമാന്‍ ലങ്കയില്‍ പ്രവേശിച്ചതെന്ന്‌ സാരം. ഹനുമാന്റെ ലങ്കാപ്രവേശം രാവണന്റെ പ്രതാപമാകുന്ന സൂര്യന്റെ അസ്‌തമയമായിരുന്നു എന്ന ആശയം അനുയോജ്യമായ അലങ്കാരത്തിലൂടെ വ്യജ്ഞിപ്പിച്ചിരിക്കുന്നു. പിന്നീട്‌ വന്ന കവികളും എഴുത്തച്ഛനെ മാതൃകയാക്കി ആശയങ്ങളും ഭാവങ്ങളും ബന്ധപ്പെടുത്തി സന്ദര്‍ഭത്തോട്‌ പരമാവധി പൊരുത്തപ്പെട്ടു പോകത്തക്കവണ്ണം അലങ്കാരങ്ങള്‍ പ്രയോഗിച്ച്‌ കവിതയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

ഇങ്ങനെ മലയാള ഭാഷാസാഹിത്യത്തിലൂടെ കടന്നു പോകുമ്പോള്‍ രാമായണത്തിന്റെ സ്വാധീനം കൊണ്ട്‌ രചിക്കപ്പെട്ട നിരവധി കൃതികള്‍ മലയാള ഭാഷാസാഹിത്യത്തിന്റെ വികാസത്തിന്‌ അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി കാണാം. രാമായണത്തിന്റെ ആന്തരാത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ സാധിച്ചാല്‍ രാമായണത്തിന്റെ ശ്രേഷ്‌ഠതയിലും മാഹാത്മ്യത്തിലും നമ്മള്‍ അഭിമാനം കൊള്ളൂം.
മലയാള ഭാഷാസാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക