Image

ഈ അമിത പ്രാധാന്യം എന്തിന്‌ ...? (മണ്ണിക്കരോട്ട്‌)

Published on 14 August, 2014
ഈ അമിത പ്രാധാന്യം എന്തിന്‌ ...? (മണ്ണിക്കരോട്ട്‌)
അമേരിക്കയിലെ മലയാളികളുടെ കണ്‍വന്‍ഷനുകളില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ സജീവ സാന്നിദ്ധ്യം അനുപേക്ഷണിയമായ ഒരു ഘടകമായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌. (സാഹിത്യ-സാംസ്‌ക്കാരിക നേതാക്കള്‍ക്ക്‌ അത്രയും പ്രാധാന്യം കാണുന്നില്ല). അത്തരക്കാരുടെ അഭാവത്തില്‍ പരിപാടി അപൂര്‍ണ്ണമാണെന്ന വൈകാരിക മനോഭാവമാണ്‌ നേതാക്കള്‍ക്ക്‌. നാട്ടില്‍നിന്ന്‌ എത്രയും കൂടുതല്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്താന്‍ കഴിയുന്നുവൊ അത്രയ്‌ക്കും പരിപാടി വിജയിച്ചെന്ന ഭാവത്തിലാണ്‌ വാര്‍ത്തകളും ചിത്രങ്ങളും പ്രസ്‌താവനകളും.

നാട്ടിലെ നേതാക്കളില്‍, എങ്ങനെയൊക്കെയൊ ഇവിടെ എത്തിപ്പറ്റുന്നവരും ക്ഷണിക്കപ്പെടുന്നവരുമുണ്ട്‌. അതില്‍ പഞ്ചായത്തു മെമ്പറില്‍ തുടങ്ങി മണ്ഡലം പ്രസിഡന്റു മുതല്‍ മന്ത്രിമാര്‍ വരെ പട്ടിക നീളും. തൊഴിലില്ലാവകുപ്പുമായി അലയുന്ന ?ഇമ്മിണി വല്ലിയ? രാഷ്ട്രീയ നേതാക്കളുമുണ്ടാകാം (അങ്ങനെ അലഞ്ഞുതിരിഞ്ഞ്‌ ലോകമെങ്ങും വട്ടംകറങ്ങി അവസാനം ഷെ്‌ഡിലായവര്‍ക്കുവേണ്ടി ആമ്മേന്‍ പാടാം. അത്രയുമെങ്കിലും ആശ്വാസം. ഇനിയും നാട്ടിലെ മുന്തിയ കസേര കൈയ്‌ക്കലാക്കാനുള്ള പാരയായിരിക്കും ഫലം?). പ്രഗത്ഭരായ, തിരക്കുള്ള നേതാക്കള്‍ ഈ പാഴ്‌പണിക്ക്‌ തുനിയുകയുമില്ല. എങ്ങനെയുള്ളവരൊ, എങ്ങനെ വന്നവരൊ ആകട്ടെ അവരെയുംകൊണ്ട്‌ ആഘോഷിക്കുന്നതു കാണുമ്പോഴാണ്‌ അമേരിക്കയിലെ മലയാളി നേതാക്കളുടെ പ്രതിഭാദാരിദ്ര്യത്തെക്കുറിച്ച്‌ ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നത്‌. ഇക്കൂട്ടര്‍ നാട്ടില്‍ ഒരു പരിപാടി സംഘടിപ്പിക്കുമ്പോഴും ഗതി ഇതുതന്നെ. അവിടെയും രണ്ട്‌ രാഷ്ട്രീയ നേതാക്കളെക്കൊണ്ട്‌ പ്രസംഗിപ്പിച്ചാല്‍, കൂടെനിന്ന്‌ പടമെടുത്താല്‍, അത്‌ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നാല്‍ എല്ലാം വിജയിച്ചു എന്നമട്ട്‌. കടലാസിലെ കരുത്ത്‌ സ്വന്തം കരുത്തായി കരുതി ആഹ്ലാദിക്കുന്ന വിവേകശൂന്യര്‍.

ഈ രാഷ്ട്രീയക്കാരെയൊക്കെ എന്തിനാണ്‌ നെറ്റിപ്പട്ടംകെട്ടി വാദ്യഘോഷങ്ങള്‍ മുഴക്കി എഴുന്നെള്ളിക്കുന്നത്‌? അങ്ങനെ എഴുന്നെള്ളിക്കുന്നവരില്‍ ഏറിയ പങ്കും ഇവിടുത്തെ പൗരത്വം സ്വീകരിച്ചവരായിരിക്കും. മലയാളികള്‍ക്ക്‌ ജന്മനാടായ കേരളം എന്നും സ്വന്തം നാടുതന്നെ. കേരളത്തെ പരിഗണിക്കേണ്ടതും സഹായിക്കേണ്ടതും ഒരളവുവരെ എല്ലാം മളയാളികളുടെയും കടമയും ധര്‍മ്മവുമാണ്‌. എന്നാല്‍ ഇവിടുത്തെ പൗരത്വം സ്വീകരിച്ച്‌, ഇവിടെ ജോലി ചെയ്‌ത്‌, ഇവിടെ നികുതി കൊടുത്ത്‌ ഇവിടെത്തന്നെ മരിച്ചു മണ്ണടിയേണ്ടവര്‍ കര്‍മ്മഭൂമിയായ അമേരിക്കയോടാണ്‌ അടുത്ത ബന്ധം പുലര്‍ത്തേണ്ടത്‌. അതുപോലെ അമേരിക്കയിലെ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നാം സജീവമാകേണ്ടതുണ്ട്‌. അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രത്യേകിച്ച്‌ മഹാസംഘടനകളില്‍ (കേന്ദ്രസംഘടനകള്‍) അമേരിക്കിയിലെ നേതാക്കളെയാണ്‌ കൂടുതലായി പങ്കെടുപ്പിക്കേണ്ടത്‌.

നമ്മുടെ സജീവ സാന്നിദ്ധ്യം അമേരിക്കന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉറപ്പുവരുത്തണം. നമ്മില്‍ രാഷ്ട്രീയ താല്‍പര്യമുള്ളവരെ പ്രത്യേകിച്ച്‌ യുവതലമുറയെ ആവിധത്തില്‍ പ്രേരിപ്പിക്കണം, പ്രോത്സാഹിപ്പിക്കണം. നമ്മുടെ ശബ്‌ദം അമേരിക്കന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും സിറ്റി ഹൗസിലൂടെ സ്റ്റേറ്റ്‌ ഹൗസിലൂടെ അമേരിക്കന്‍ ഭരണസിരാകേന്ദ്രങ്ങളില്‍ ഉയരണം. അപ്പോഴാണ്‌ നമ്മുടെ സാന്നിധ്യം ഇവിടെ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. അത്‌ സംഘടനകള്‍ക്ക്‌ ഉറപ്പും ശക്തിയും നല്‍കുന്നതിനും ജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രയോജനപ്പെടുന്നതിനും കാരണമാകും. അത്‌ നമ്മുടെ നാടിനും വളരെ ഗുണകരമായിരിക്കുമെന്നുള്ളതിന്‌ സംശയമില്ല. നാം ഇവിടെ അംഗീകരിക്കപ്പെടുന്നതിലൂടെ നമ്മുടെ ജന്മനാടും അംഗീകരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

ഇവിടെയാണ്‌ നാം വളരേണ്ടത്‌. വയസ്‌ മുന്നോട്ടും മനസ്‌ പിന്നോട്ടും വളരുന്ന പ്രക്രിയയാണ്‌ ഏറിയപങ്ക്‌ മലയാളി സാംസ്‌ക്കാരിക നേതാക്കളെന്നു പറയുന്നവരുടെ ബോധമണ്ഡലങ്ങളെ നയിക്കുന്നത്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട്‌ പല പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും കുടിയേറിയ ഗ്രാമത്തിലെ മാറ്റങ്ങള്‍പോലും മനസ്സിലാക്കാതെ ഏതാണ്ട്‌ അരനൂറ്റാണ്ടെങ്കിലും പിന്നിലേക്ക്‌ ചിന്തിയ്‌ക്കുന്നവര്‍. യുവതലമുറയ്‌ക്കുവേണ്ടിയാണ്‌ എല്ലാമെന്ന്‌ മുറവിളികൂട്ടുമ്പോഴും ആയുഷ്‌ക്കാലം മുഴുവന്‍ കളംമാറ്റി ചവിട്ടി, ഞണ്ടുവേലയുമായി, പാരവച്ച്‌ കസേര കയ്‌ക്കലാക്കുന്ന കൂട്ടര്‍. പിന്നെ എവിടെയാണ്‌ യുവജനങ്ങള്‍ക്കവസരം ലഭിക്കുന്നത്‌?

ഇവിടെ എന്തിനുവേണ്ടിയാണ്‌ നാട്ടില്‍നിന്ന്‌ രാഷ്ട്രീയക്കാരെ വരുത്തുന്നത്‌? അധികാരം കയ്യാളുന്നതല്ലാതെ അവരെക്കൊണ്ട്‌ ആര്‍ക്ക്‌ എന്തു പ്രയോജനം? നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും നാടിനെ സേവിക്കുന്നവരുമാണെന്നെങ്കിലും ചിന്തിച്ച്‌ ആശ്വസിക്കാന്‍ കഴിയുമോ? സ്വാര്‍ത്ഥതാല്‌പര്യങ്ങളും സ്ഥാപിതതാല്‍പര്യങ്ങളുമായി നാടു നശിക്കുന്നു. പാര്‍ട്ടികള്‍ പിളര്‍ത്തിപ്പിളര്‍ത്തി ഓരോ നേതാവിനും പാര്‍ട്ടിയായി. ഇയാംപാറ്റകളെപ്പോലുള്ള ഈര്‍ക്കില്‍ പാര്‍ട്ടികളുടെ തമ്മിലടിയില്‍ നാട്‌ നാനാവിധമാകുന്നു. ഒരു പാര്‍ട്ടിയും ഒരു എം.എല്‍.യുമുണ്ടെങ്കില്‍ സര്‍ക്കാരിനെ താഴെയിടാനും കോടികള്‍ കയ്യിലൊതുക്കാനുമുള്ള കരുവായെന്ന ധൈര്യം. അങ്ങനെ വിലപേശലിനു മാത്രമുള്ള പാര്‍ട്ടികള്‍. ഇനിയും ഒരു പാര്‍ട്ടിയില്‍തന്നെ വിവിധ വിഭാഗങ്ങളുടെ പകിടകളി. അങ്ങനെ അവിടെയും വെടിയും വെടിക്കെട്ടും കുത്തും വെട്ടുമായി അങ്കത്തട്ട്‌ സജീവം. ഒരു നേതാവ്‌ കേന്ദ്രത്തില്‍ പോയെന്നു കേട്ടാല്‍ മതി അടുത്തയാള്‍ പുറകെ പോകും, ഞണ്ടുകളെപ്പോലെ. ഇതൊക്കെ ഇത്തരക്കാരുടെ പകിടയിലെ ചുരുക്കം ചില കരുക്കള്‍ മാത്രം.

അവരൊക്കെ അമേരിക്കയിലെത്തിയാല്‍ വിമാനത്താവളം മുതല്‍ തുടങ്ങും സ്വീകരണം. പിന്നീടത്‌ ഒരു പരമ്പരപോലെ നീളും. അവരെ വേദിയില്‍ അവരോധിക്കാനും ആദരിക്കാനും സംഘാടകര്‍ മത്സരിക്കും. സ്വീകരണങ്ങള്‍ എത്രകഴിഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും കഴുത്തില്‍ പൂമാലയും കയ്യില്‍ പൂച്ചെണ്ടുമായി എതിരേല്‍ക്കും. പരിചയപ്പെടുത്തുക എന്നപേരില്‍ അവരുടെ അവദാനങ്ങള്‍ ആലപിക്കുന്നതായിരിക്കും മറ്റൊരു ചിത്രവധം. പണംകൊടുത്ത്‌ സമ്മേളനങ്ങളില്‍ സംബന്ധിക്കുന്നവര്‍ അവരുടെ ചര്‍വ്വിതചര്‍വ്വണം കേട്ടു തൃപ്‌തിപ്പെട്ടുകൊള്ളണം. അവരെ കൊണ്ടുനടക്കാനും ഇഷ്ടാനിഷ്ടങ്ങളും, വേണ്ടതും വേണ്ടാത്തതുമായ ആസ്വാദനമുത്തും മുത്തവും വാരിക്കോരിക്കൊടുക്കാനും നേതാക്കള്‍ മത്സരിക്കും. അതൊക്കെ പണ്ട്‌ അടിയാന്മാര്‍ ബ്രാഹ്മണശ്രേഷ്‌ഠരെ ആരാധിച്ചാദരിച്ച്‌ പാദസേവചെയ്‌തതുപോലെയാണ്‌.

ഇല്ലാത്ത സംരംഭങ്ങളുടെപോലും ഉദ്‌ഘാടനം ചെയ്യിക്കും. പ്രകാശനങ്ങളും പ്രദര്‍ശനങ്ങളും വേറെ. നാടമുറിക്കലും തിരികൊളുത്തലും തകൃതി. അമേരിക്കയെക്കുറിച്ചൊ, മലയാളി സംഘടനകളെക്കുറിച്ചൊ യാതൊന്നും അറിയാത്തവര്‍പോലും, അവയെക്കുറിച്ച്‌ ആധികാരികമായി പ്രസംഗിക്കും. പ്രസിദ്ധീകരണം എന്നപേരില്‍ എന്തെങ്കിലുമൊന്ന്‌ കയ്യില്‍ കൊടുത്താല്‍ അതാണ്‌ അമേരിക്കയിലെ മലയാളികളുടെ മുഖപത്രമെന്ന്‌ വിശേഷിപ്പിക്കും. നാട്ടില്‍ ചെന്നാലുടനെ പ്രവാസികളുടെ പ്രശ്‌നങ്ങളെല്ലാം അപ്പാടെ പരിഹരിക്കുമെന്ന ഉറപ്പായിരിക്കും അടുത്ത ഇനം.

അമേരിക്കയിലെ മലയാളി മഹാനേതാക്കളുടെ സംസ്‌ക്കാരപാപ്പരത്തവും വിവേക ജീര്‍ണ്ണതയും അപകര്‍ഷകാബോധവും ഡോളറിന്റെ കൊമ്പും മനസിലാക്കുന്ന ആഗതര്‍ അവരുടെ അഭിരുചിക്കൊത്ത്‌, മധുരം പൊഴിക്കും മംഗളം പാടും. പുച്ഛം ഉള്ളിലൊതുക്കി ഊറിച്ചിരിയോടെ പടപ്പിലടിച്ച്‌ പ്രശംസയുടെ പനിനീര്‍ വിതറുമ്പോള്‍, അതിന്റെ ഗന്ധം മിക്ക മഹാനേതാക്കളെയും മത്തുപിടിപ്പിക്കും. അത്തരം ?ഉയര്‍ന്ന? നേതാക്കളോടു സഹകരിക്കുമ്പോള്‍ അതൊരു വലിയ അംഗീകാരമായി ഇത്തരക്കാര്‍ കരുതുന്നു. പറയുന്നതിലെ പരിഹാസംപോലും മനസ്സിലാക്കാന്‍ ത്രാണിയില്ലാത്തവരാണ്‌ അമേരിക്കയിലെ ഇത്തരം നേതാക്കളെന്ന്‌ ആഗതര്‍ മനസിലാക്കുന്നു.

ഇവരെയൊക്കെക്കൊണ്ട്‌ അമേരിക്കയിലെ മലയാളികള്‍ക്ക്‌ ?നാലുകാശിന്റെ പ്രയോജനമുണ്ടോ?? നാട്ടില്‍നിന്നു വരുന്ന, വരുത്തുന്ന രാഷ്ട്രീയ നേതാക്കളെല്ലാം അമേരിക്കയിലെ മലയാളികള്‍ക്കുവേണ്ടി വാഗ്‌ദാനപ്പെരുമഴ ഒഴുക്കും. തുടര്‍ന്ന്‌ വായില്‍ മൈക്കു ഘടിപ്പിച്ച പടവുമായി വാര്‍ത്തകളില്‍ നിറയുന്ന, ?പോരാളി?കളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവരുടെ പത്രപ്പോരാട്ടമുണ്ട്‌. അവര്‍ അമേരിക്കയിലെ മലയാളികളുടെ ഉദ്ധാരണത്തിനുവേണ്ടി നിരന്തരം ?പോരാടു?കയാണെന്ന വാര്‍ത്ത വേറെയും. അങ്ങനെ എത്രനാളായി വാഗ്‌ദാനങ്ങളും പോരാട്ടവുമായി പത്രത്താളുകള്‍ നിറയുന്നു? ഫലമോ? മുമ്പ്‌ ഒരു സാധാരണ ഇന്‍ഡ്യന്‍ വിസാ കിട്ടുന്നതിന്‌ സഹിയന്‍ കയറേണ്ടിയിരുന്നെങ്കില്‍ ഇന്ന്‌ ഹിമാലയം കയറണം.

ഇനിയും അമേരിക്കയില്‍നിന്ന്‌ നാട്ടില്‍ ചെല്ലൂന്ന മലയാളികള്‍ക്ക്‌ എന്തെങ്കിലും സുരെക്ഷയുണ്ടോ? ചില ദിവസത്തേക്ക്‌ നാട്ടില്‍ പോകുന്നവര്‍ക്ക്‌ പല ദിവസം ഹര്‍ത്താല്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി. കഴിഞ്ഞ വര്‍ഷം (2013) കൊച്ചി വിമാനത്താവളത്തില്‍ കുടുംബസമേതം എത്തിയ ഒരു അമേരിക്കന്‍ മലയാളി അനുഭവിയ്‌ക്കേണ്ടിവന്ന ദുര്‍ഘടസമസ്യ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. അതും ഭാര്യസമേതം പുഞ്ചുകുഞ്ഞുങ്ങളുമായി യാത്രചെയ്‌ത ഒരു കുടുംബം. ചട്ടലഘനം നടത്തിയത്‌ ചോദ്യം ചെയ്‌തെന്ന കാരണത്താല്‍, സെല്‌ബ്രറ്റിയായി ചമയുന്ന ഏതോ ഒരു മൂന്നാംകിട അവതാരക അദ്ദേഹത്തെ പരസ്യമായി അസഭ്യങ്ങള്‍ പറഞ്ഞ്‌ അപമാനിച്ച സംഭവം. അതുമായി ബന്ധപ്പെട്ട്‌ ആ അമേരിക്കന്‍ മലയാളി കേസും കോടതിയുമായി കഴിഞ്ഞപ്പോള്‍ ഈ രാഷ്ട്രീയ നേതാക്കളും അമേരിക്കയിലെ നേതാക്കള്‍ക്ക്‌ പ്രിയപ്പെട്ട മന്ത്രിമാരുമൊക്കെ എവിടെയായിരുന്നു? ഇതൊരു ചെറിയ സംഭവം മാത്രം.

ഇതുപോലെയുള്ള അപമാനത്തിന്റെ മറ്റൊരു സംഭവമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. 2012 ഒക്ടോബര്‍ അവസാനം കേരളത്തില്‍ നടന്ന വിശ്വമലയാള സമ്മേളനം. അമേരിക്കയില്‍ മലയാളികളുള്ള ഏതൊരു നഗരത്തിലും നിരവധി മലയാളി സംഘടനകളുണ്ട്‌. കേന്ദ്രസംഘടകളുമുണ്ട്‌ പലത്‌. സാഹിത്യസംഘടനകളും അതിന്റെ കേന്ദ്രസംഘടനയുമുണ്ട്‌. വിശ്വമലയാള സമ്മേളനത്തിന്റെ അമരത്ത്‌ അമേരിക്കയിലെ ജനങ്ങളെ പുകഴ്‌ത്തിപ്പാടിയ രാഷ്ട്രീയനേതാക്കളും സാഹിത്യ-സാംസ്‌ക്കാരിക നേതാക്കളുമുണ്ടായിരുന്നു. എന്നിട്ടും അമേരിക്കയിലെ ഏതെങ്കിലുമൊരു സംഘടനയ്‌ക്കൊ വ്യക്തിയ്‌ക്കൊ മേല്‍പ്പറഞ്ഞ വിശ്വസമ്മേളനത്തെക്കുറിച്ച്‌ യാതൊരു വിവരവും നല്‍കിയില്ല. ഇതാണ്‌ അമേരിക്കയിലെത്തുമ്പോള്‍ ?ഗംഭീര? പലപ്പോഴും ?അതിഗംഭീര? സ്വീകരണങ്ങള്‍? ഏറ്റുവാങ്ങി, പച്ചച്ചിരിയും വാഗ്‌ദാനപ്പെരുമഴയും പുകഴ്‌ത്തലുമായി പിരിയുന്ന നേതാക്കള്‍ നാട്ടിലെത്തുമ്പോള്‍ കാട്ടുന്ന തനിഗുണം.

ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്‌ചയുമില്ലാതെ, സങ്കുചിതമായ ചിന്താഗതിയോടെ ഉപരിപ്ലവമായ അംഗീകാരത്തിനുവേണ്ടി; ലക്ഷ്യബോധമില്ലാതെ ഉണ്ടയില്ലാവെടിയുമായി, ചിലമ്പുന്ന ചെണ്ടപോലെ പുലമ്പി കാര്യങ്ങള്‍ കയ്യാളുന്നവരെ ചുമതലകളില്‍നിന്ന്‌ മാറ്റിനിര്‍ത്താന്‍ കഴിയുമോ? എങ്കില്‍ മാത്രമെ മാറ്റമുണ്ടാകു. അത്തരക്കാരുടെ പണത്തിന്റെ കിലുകിലാരവത്തില്‍ അമേരിക്കയിലെ മലയാളികളുടെ അഭിമാനം വില്‍ക്കപ്പെടരുത്‌. നാട്ടിലെ നേതാക്കളോടു കാണിക്കുന്ന അമിത പ്രതിപത്തിയും പ്രാധാന്യവും അവസാനിപ്പിച്ച്‌ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക. അതോടൊപ്പം അമേരിക്കയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധിക്കുക. അത്‌ നമ്മുടെ അമേരിക്കയിലെ ഉയര്‍ച്ചയ്‌ക്കും നിലനില്‍പ്പിനും അനിവാര്യമാണ്‌. എങ്കില്‍ മാത്രമെ നാം അമേരിക്കന്‍ മലയാളികളാകുകയുള്ളു.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ഈ അമിത പ്രാധാന്യം എന്തിന്‌ ...? (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക