രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുന്നതാണ്, ഒരു വിധം പണിയൊക്കെ തീര്‍ത്ത്
ഏഴരയാവുമ്പോള്‍ സ്‌കൂട്ടിയെടുത്ത് ഇറങ്ങും. ഓഫീസില്‍ കണക്കു പുസ്‌തകങ്ങളോടും
സഹപ്രവര്‍ത്തകരോടും മല്ലിട്ട് വൈകുന്നേരം 6 മണിക്ക് വീട്ടിലെത്തുമ്പോള്‍ ദേണ്ടെ,
കിടക്കുന്നു, മുറ്റത്ത് നിരത്തി ചെരുപ്പുകള്‍ . ചെരുപ്പിടാന്‍ 180 രൂപയ്‌ക്ക്
വാങ്ങി വച്ച സ്റ്റാന്‍ഡ് ശൂന്യമായി കിടപ്പുണ്ട്. അതു കണ്ടാലേ തുടങ്ങും
കലി!
ഇപ്പറഞ്ഞ ഡയലോഗുകള്‍ നമ്മുടെ നാട്ടിലേ ഒരു സാധാരണ കുടുംബിനിയുടേതാണ്.
ഓഫീസിലെ മല്ലു കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട്ടിലുള്ളവരുടെ അശ്രദ്ധ, പെരുമാറ്റം.
ചെയ്യുന്നതും പറയുന്നതും തെറ്റാണെന്ന് അറിഞ്ഞാലും അവര്‍ ഉറക്കെ സംസാരിക്കും.
മക്കളെ കുറ്റപ്പെടുത്തും, ഭര്‍ത്താവിനോട് പരിഭവം പറയും. ഇതു കേട്ട് ചില മക്കള്‍
പറയും, `ഈ അമ്മ വീടിനു പുറത്തിറങ്ങിയാല്‍ എന്തൊരു ചിരിയും കളിയുമാണ്.
വീട്ടിലേയ്‌ക്കു കയറിയാല്‍ മുഖം വീര്‍ത്തു വരും.'
അല്ലെങ്കില്‍ `ഞങ്ങള്‍
ചെയ്യുന്ന നല്ലതൊന്നും അമ്മ കാണുന്നില്ലേ?'.
എന്താണ്, നമ്മുടെ
വീട്ടമ്മമാര്‍ക്കു പറ്റുന്നത്? ഇത്രയ്‌ക്ക് സമ്മര്‍ദ്ദം തലയില്‍ വലിച്ചു
കയറ്റാനും അതിങ്ങനെ വീടുകളില്‍ കൊണ്ടു വന്ന് പൊട്ടിച്ച് ചിതറിക്കാനും? ഓഫീസ്
ജോലികളുടെ സമ്മര്‍ദ്ദം പുരുഷനും സ്‌ത്രീയ്‌ക്കും ഒരു പോലെ തന്നെയാണ്. ഒരു പരിധി
വരെ സ്‌ത്രീ അത് പ്രകടിപ്പിക്കാറില്ല എന്നതാണ്, സത്യം. താഴെയുള്ള
സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതു മുതല്‍ വരുന്ന കസ്റ്റമേഴ്‌സിനെ
കൈകാര്യം ചെയ്യുന്നതും കണക്കു കൂട്ടുന്നതും മാനസിക സമ്മര്‍ദ്ദം കൂട്ടുക തന്നെ
ചെയ്യും. എന്നാല്‍ അത് ഓഫീസില്‍ തന്നെ ഇട്ടിട്ടു പോരാന്‍ അവള്‍ക്ക് കഴിയും, പക്ഷേ
വീട്ടിലേയ്‌ക്കു കയറുമ്പോഴുള്ള ജോലി ഭാരം വീണ്ടും അവളെ മടുപ്പിക്കുന്നു.
സഹായിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവോ മക്കളോ സഹായിക്കുന്നില്ല എന്നതു
പോട്ടെ ഇരട്ടി പണിയും ഉണ്ടാക്കി വച്ചാല്‍!
നല്ലൊരു കറി വച്ചാല്‍, നന്നായി
ഒന്ന് ഉടുത്തൊരുങ്ങിയാല്‍ `ഇതു കൊള്ളാമല്ലോ' എന്നൊരു അഭിനന്ദനം മതി ഈ മുഖം
വീര്‍പ്പിക്കുന്ന നിങ്ങളുടെ ഭാര്യയെ , അമ്മയെ ഒന്നു മാറ്റി മറിയ്‌ക്കാന്‍.
വൈകുന്നേരം ഓഫീസ് ജോലി കഴിഞ്ഞു വരുന്ന അമ്മയ്‌ക്ക് ഒരു ഗ്ലാസ്സ് ചൂട് ചായ
കൊടുത്ത് ഒന്ന് തല മസാജ് ചെയ്‌തു കൊടുത്താല്‍ അവിടെ തീരും ആ സ്‌ത്രീയുടെ
സമ്മര്‍ദ്ദം. ശരീരത്തിനേക്കാള്‍ കൂടുതല്‍ അവള്‍ അലയുന്നത് മനസ്സു കൊണ്ടാണ്,
അതുകൊണ്ടു തന്നെ ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ കൊണ്ട് അവള്‍ പെട്ടെന്ന്
സന്തോഷത്തിലാകും.
പെണ്ണിന്‍റെ മനശാസ്‌ത്രം അറിയാന്‍ ഒരു പുസ്‌തകവും വായിച്ചു
മിനക്കെടണ്ട. വളരെ ചെറിയ ചില വാക്കുകളില്‍, ചെറിയ നോട്ടങ്ങളില്‍ അവള്‍
പരിഭവങ്ങളില്ലാത്ത, സ്‌നേഹമയിയായ അമ്മയും ഭാര്യയുമൊക്കെ ആയി മാറും. അവള്‍ക്ക്
കിട്ടാത്ത പരിഗണനകള്‍ അവള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതെങ്ങനെ? വീട്ടില്‍
നിത്യവും കാണുന്ന മുഖങ്ങളില്‍ അവളോട് തരിമ്പും കാരുണ്യമില്ലാത്ത മുഖങ്ങളാണെങ്കില്‍
അവള്‍ സന്തോഷിക്കുന്നതെങ്ങനെ?ഓഫീസിലും വീട്ടിലും വന്ന് പണിയെടുക്കാന്‍ ഒരു
വീട്ടമ്മയ്‌ക്ക് ഒരു മടിയുമില്ല, അതിനവള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ഒരു
കുടുംബത്തിന്‍റെ യോജിപ്പാണ്, ഒരുമയാണ്. മക്കളോടവള്‍ക്ക് സുഹൃത്തുക്കളേ പോലെ
പെരുമാറണമെന്നുണ്ട്, എന്നാല്‍ അമ്മയെ അവഗണിക്കുന്ന മകളുടെ മുന്നില്‍ അവളെങ്ങനെ
നല്ലൊരു സുഹൃത്താകും? ഭാര്യയെ കിടപ്പറയിലും, ഭക്ഷണ നിര്‍മ്മാണത്തിനും മാത്രം
ആവശ്യമുള്ള ഒരുവനെ എങ്ങനെ അവള്‍ പ്രണയിക്കും? അവള്‍ക്കും അംഗീകാരം ആവശ്യമാണ്,
പരിഗണന ആവശ്യമാണ്. അത് ആവശ്യത്തിനു കൊടുത്തു നോക്കൂ അവള്‍ക്ക് ഓരോ ജീവിതങ്ങളിലും
അദ്‌ഭുതം പ്രവര്‍ത്തിക്കാനാകും. ഓരോ പുരുഷനേയും ലോകത്തോളം ഉയര്‍ത്താനാകും. തന്‍റെ
മക്കളെ നേര്‍വഴിക്ക് നടത്താനുമാകും.
ആ പരിഗണന അവള്‍ അര്‍ഹിക്കുന്നത്
തന്നെയല്ലേ?