Image

ഓണം.. ഒരോര്‍മ്മയോ? ( കവിത: ഗീത രാജന്‍)

Published on 28 August, 2014
ഓണം.. ഒരോര്‍മ്മയോ? ( കവിത: ഗീത രാജന്‍)
പുത്തന്‍ ഉടുപ്പിന്റെ പുതുമണം നിറച്ചു
മഞ്ഞ കോടിയുടെ തുണ്ടുകള്‍ പുതച്ചു
കളഞ്ഞു പോയ ബാല്യത്തിന്‍ തൊടിയില്‍
സ്വയം ഒളിപ്പിച്ചു വയ്‌ക്കുന്ന ഓണം!

പ്രജകളെ കണ്ടു മടങ്ങാനെത്തിയ
മാവേലി മന്നനെ എതിരേല്‍ക്കുന്നു
കാലത്തിന്‍ തിരുമുറ്റത്തു തീര്‍ത്ത
പൂക്കളത്തില്‍ പറ്റി കിടക്കുന്ന
ചോര ചാലിച്ച കണ്ണീര്‍ പൂവുകള്‍!!

കണ്ടു നടുങ്ങും കേരള കാഴ്‌ചയില്‍
കാപാലികനൊരുവന്‍ രതിസുഖം
തേടുന്നു പിഞ്ചു ബാലികയില്‍
വാണിഭ ശൃംഖല നീളുന്നു പെണ്ണോളം
മുഴങ്ങുന്നു പീഡന പരന്‌പര ഗാഥകള്‍!!

ജനസേവന മുഖമൂടിയണിഞ്ഞു
മെനയുന്ന രാഷ്ട്രിയ തന്ത്രങ്ങളില്‍
കുരുങ്ങി പിടയുന്ന ജീവിതങ്ങള്‍!
ഹര്‍ത്താലും ബന്ദും അടക്കുന്ന
തെരുവുകള്‍, കൊന്‌പു കോര്‍ക്കുന്ന
അധികാര കോമരങ്ങള്‍!!

ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ആ ഓണമിന്നു തിരയുന്നു
നഷ്ടപെട്ടൊരു നന്മയുടെ കണ്ണിയെ!!
ഓണം.. ഒരോര്‍മ്മയോ? ( കവിത: ഗീത രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക